ഇണകളായി ജീവിതം നയിക്കുന്നതിനുള്ള പ്രചോദനം മനുഷ്യ സൃഷ്ടിപ്പിൽ തന്നെയുള്ളതാണ്. ഇണകളാകാനും ഇണചേരാനും സന്താനോൽപാദനം നടത്താനുമുള്ള പ്രകൃതിപരമായ പ്രചോദനവും മനുഷ്യനിലുണ്ട്. ആദിമ മനുഷ്യൻ ആദം(അ)നെ സൃഷ്ടിച്ച ശേഷം ആ ശരീരത്തിൽ നിന്നു തന്നെ ഒരംശമെടുത്ത് ഇണയെ സൃഷ്ടിച്ചു. ആദം(അ) ഉറങ്ങിക്കിടക്കുമ്പോഴാണത് നടന്നത്. ഉണർന്നപ്പോൾ സമീപത്ത് ഒരു സ്ത്രീയെ കാണുകയും തന്റെ വിജ്ഞാനമനുസരിച്ച് ആളെ മനസ്സിലാക്കുകയും ചെയ്തു. എന്നാൽ മലക്കുകൾ ആദം(അ)ന്റെ അറിവ് പരിശോധിക്കാനായി ഹവ്വാ(റ)യെ എന്തിനു സൃഷ്ടിച്ചെന്ന് നബിയോടാരാഞ്ഞു. അദ്ദേഹം മറുപടി നൽകി: അവൾ എന്നിലേക്കും ഞാൻ അവളിലേക്കും സമാധാനപൂർവം ഒത്തുചേരാൻ വേണ്ടി (അൽഅറാഇസ്).

ഇണയും തുണയും
സമാധാനപൂർവം ഒന്നിച്ച് ഇണതുണകളായിക്കഴിയുന്ന വിധമാണ് മനുഷ്യസൃഷ്ടിപ്പ്. ശാരീരിക വളർച്ചക്കനുസൃതമായി ലൈംഗികത സജീവമാകും. ഓരോ വ്യക്തിയുടെയും ജീവിത പരിസ്ഥിതി, ഭക്ഷണക്രമം, സാമൂഹിക സാഹചര്യം, ഹോർമോണുകളുടെ വളർച്ചയും ഏറ്റവ്യത്യാസങ്ങളും, മാനസിക വളർച്ച, ലൈംഗികാവയവങ്ങളുടെ വളർച്ച തുടങ്ങി പല ഘടകങ്ങളും ലൈംഗിക താൽപര്യത്തിലും ശക്തിയിലും സ്വാധീനം ചെലുത്താം. അടിസ്ഥാനപരമായി പരസ്പരാകർഷണം പ്രകൃതിയുടെ ഭാഗമാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പ്രചോദനമാകുന്നതും പ്രകൃതിപരമായ സവിശേഷതയുടെ ഭാഗമാണ്. പരസ്പരമുള്ള ഇണക്കത്തിന്റെ ഉദാത്തമായ സാധ്യതയാണ് ഇണകൾ എന്ന തലത്തിലേക്കുയരാൻ കാരണമാകുന്നത്.
ഖുർആൻ പറയുന്നു: അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ വർഗത്തിൽ നിന്ന് തന്നെ ഇണകളെ സംവിധാനിച്ചിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും പൗത്രന്മാരെയും അവൻ നൽകുകയും ചെയ്തു. വിശിഷ്ട വസ്തുക്കൾ നിങ്ങൾക്കവൻ ആഹാരമായി തരികയും ചെയ്തിരിക്കുന്നു (അന്നഹ്ൽ 72).
‘നിങ്ങൾ സമാധാനത്തോടെ വിലയിക്കുന്നതിനായി നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നുവെന്നതും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും നിശ്ചയിച്ചുവെന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. നിശ്ചയം ചിന്തിക്കുന്ന ജനങ്ങൾക്ക് ഇതിൽ നിരവധി ദൃഷ്ടാന്തങ്ങളുണ്ട് (അർറൂം 21).
ഇണകൾ എന്ന് ഖുർആൻ വിശേഷിപ്പിച്ചത് വെറുമൊരു അലങ്കാരത്തിനല്ല. പരസ്പരം സമാധാനം സമ്മാനിക്കാനുതകുന്ന വിധം വൈവാഹിക ജീവിതം ഇരുവർക്കും ഉപയുക്തമാകണമെന്ന സന്ദേശം അതിലുണ്ട്. സൗജ് എന്ന അറബി പദത്തെ ഇണ എന്ന് പരിഭാഷപ്പെടുത്താമെങ്കിലും അത് പൂർണമായ ആശയ പ്രകാശനം നൽകുന്നില്ല. ദ്വയേകത്വം എന്ന് മൊഴിമാറ്റുന്നതായിരിക്കും ഉചിതം. വേർതിരിഞ്ഞു കാണാനാവാത്ത വിധത്തിലുള്ള ഒരുമയാണ് വിവാഹം വഴി ഇസ്‌ലാം ലക്ഷ്യമിടുന്നത്. അത് ഉറപ്പ് വരുത്താനാണ് മവദ്ദതും റഹ്‌മതും പരസ്പര ബന്ധത്തിന്റെ ചൈതന്യമാക്കിയത്. തന്റെ നിയോഗപൂർത്തിക്ക് വേണ്ടിയുള്ള പാകപ്പെടുത്തലാണത്. വിവാഹമെന്ന പവിത്രമായ ചടങ്ങിനെ മതവും സമൂഹവും അംഗീകരിച്ചിരിക്കുന്നത് ഈ നിയോഗ പൂർത്തീകരണത്തിന് സാഹചര്യമൊരുക്കാനാണ്.

പുണ്യകർമമാണത്
വിശുദ്ധ ഇസ്‌ലാം വിവാഹത്തെ മഹത്തായ പുണ്യകർമമായാണ് കാണുന്നത്. ഇമാം ഗസ്സാലി(റ) വിവാഹത്തിന്റെ നേട്ടങ്ങളായി അഞ്ച് കാര്യങ്ങൾ വിവരിച്ചു: സന്താനോൽപാദനം, ലൈംഗിക വികാരശമനം, വീടു പരിചരണം, കുടുംബ വർധന, അവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചു നടത്തുന്ന സമർപ്പണം എന്നീ നേട്ടങ്ങൾ നികാഹിനുണ്ട് (ഇഹ്‌യാ ഉലൂമിദ്ദീൻ).
മനുഷ്യ പ്രകൃതിയുടെ ചോദന പൂർത്തീകരിക്കൽ മാത്രമല്ല, ധാർമികവും ആത്മീയവും സാമൂഹികവും ഭൗതികവുമായ നേട്ടങ്ങൾ വിവാഹത്തിലൂടെയും ദാമ്പത്യ ബന്ധത്തിലൂടെയും സാധിക്കും. മതകീയമായിട്ടല്ലാതെ ചിന്തിക്കുന്നവർക്കും ഈ നേട്ടങ്ങളെ നിരാകരിക്കാനാവില്ല.
വിവാഹത്തിനും സംതൃപ്ത ദാമ്പത്യജീവിതം നയിക്കാനും ഇസ്‌ലാം നിർദേശിക്കുന്നു. വിവാഹം ചെയ്യാനുള്ള കൽപനകൾ ഖുർആനിലും ഹദീസിലും വന്നിട്ടുണ്ട്. തിരുനബി(സ്വ) പറയുന്നു: യുവസമൂഹമേ, നിങ്ങളിൽ ശേഷിയുള്ളവർ വിവാഹം കഴിച്ചുകൊള്ളുക. അതിനു സാധിക്കാത്തവർ നോമ്പനുഷ്ഠിക്കുക. അതവനൊരു കാവലാണ് (ബുഖാരി). ഒരാൾ വിവാഹിതനായാൽ തന്റെ മതത്തിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളും അയാൾ സുരക്ഷിതമാക്കിയിരിക്കുന്നു. ശേഷിക്കുന്ന ഒരു ഭാഗത്തിന്റെ കാര്യത്തിൽ അവൻ അല്ലാഹുവിന് തഖ്‌വ ചെയ്തു ജീവിക്കട്ടെ (നിഹായതുൽ മത്വ്‌ലബ്).
ആത്മീയതയുടെ അപകടത്തിന് കാരണമായേക്കാവുന്ന ലൈംഗികതയെ വ്യവസ്ഥാപിതമാക്കുന്നുവെന്നത് വിവാഹത്തിന്റെ പ്രാധാന്യത്തിന് വലിയൊരു കാരണമാണ് എന്ന് ഹദീസുകളിൽ നിന്നു വ്യക്തം. വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് നല്ലൊരു പരിച കൂടിയാണ്. സന്താന വർധനവിനും ഉത്തരവാദിത്വ നിർവഹണത്തിനുമെല്ലാം വിവാഹവും ദാമ്പത്യവും ഉപകരിക്കുമെന്ന നിലയിലും ഇസ്‌ലാം വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു.
വിവാഹം മനുഷ്യൻ പ്രാപിക്കുന്ന ഒരു മഹത്ത്വത്തിനും കുറവ് വരുത്തുന്നില്ല. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ നബിമാരടക്കം വിവാഹിതരായിട്ടുണ്ട്. മനുഷ്യ ജീവിതത്തിൽ നിർവഹിക്കപ്പെടേണ്ട പ്രകൃതിപരമായ ഒരു ദൗത്യം പൂർത്തീകരിക്കാനുള്ള ഉപാധി കൂടിയാണത്. ഖുർആൻ പറഞ്ഞു: അങ്ങേക്ക് മുമ്പ് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവർക്കു നാം ഇണകളെയും സന്തതികളെയും നൽകിയിട്ടുമുണ്ട് (റഅ്ദ്: 38). അമ്പിയാക്കളാണ് അല്ലാഹുവിന്റെ ഏറ്റവും അടുത്തവരും വലിയ ഉത്തരവാദിത്വമുള്ളവരുമായ ദാസന്മാർ. വിവാഹവും സന്താനോൽപാദനവും അവർക്കൊരു ന്യൂനതയായിരുന്നില്ലെന്നു മാത്രമല്ല, പ്രബോധനത്തുടർച്ചക്ക് അത് സഹായകമാവുകയായിരുന്നു. ഇസ്‌റാഈലികളുടെ പിതാവായ യഅ്ഖൂബ്(അ)ന്റെ സന്തതികളിൽ നിന്ന് ധാരാളം പ്രവാചകന്മാർ പിറവിയെടുത്തു. ബനൂഇസ്‌റാഈലിലേക്ക് മാത്രം നാലായിരം നബിമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഹദീസിൽ കാണാം (തഫ്‌സീറു അദ്ദുർറുൽ മൻസൂർ).
പിതാക്കന്മാരും പുത്രൻമാരും പ്രവാചകന്മാരായവരും ചരിത്ര പ്രസിദ്ധർ. ഇബ്‌റാഹീം നബി(അ)ന്റെ പുത്രന്മാരാണ് ഇസ്ഹാഖ്(അ)യും ഇസ്മാഈൽ(അ)യും. സകരിയ്യാ നബി(അ)യുടെ പുത്രനാണ് യഹ്‌യാ നബി(അ). ദാവൂദ് നബി(അ)ന്റെ പുത്രനാണ് സുലൈമാൻ(അ). ഇങ്ങനെ പ്രവാചകന്മാരായ പിതാക്കളും പുത്രൻമാരും അടുത്ത തലമുറകൾക്ക് ജന്മം നൽകി. ഖുർആൻ സൂക്തം വ്യക്തമാക്കുന്നതു പോലെ അല്ലാഹു അവർക്ക് ഇണകളെയും സന്തതികളെയും സമ്മാനിച്ചു. ചരിത്രപരമായ നിയോഗം പൂർത്തിയാക്കിയവരായിരുന്നു അവരെല്ലാമെന്ന് കാലം തെളിയിക്കുകയുണ്ടായി. റസൂൽ(സ്വ) പറഞ്ഞു: നാലു കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യകളിൽ പെട്ടതാണ്. ലജ്ജ, സുഗന്ധം ഉപയോഗിക്കൽ, മിസ്‌വാക്ക് ചെയ്യൽ, നികാഹ് (തുർമുദി). മറ്റൊരു നിവേദനത്തിൽ ‘ചേലാകർമം, മിസ്‌വാക്ക്, അത്തർ ഉപയോഗിക്കൽ, നികാഹ് ചെയ്യൽ എന്നിവ എന്റെ ചര്യയിൽപെട്ടതാണ് (മുസ്വന്നഫ് അബ്ദുർറസാഖ്) എന്നു വന്നിട്ടുണ്ട്.
അമ്പിയാക്കൾക്ക് അനുവദിക്കപ്പെടുകയും അവരുടെ ചര്യയായി ഉത്‌ബോധിപ്പിക്കുകയും ചെയ്ത ഒരു കാര്യം സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം മാതൃകയായി തന്നെ സ്വീകരിക്കാനാവുന്നു എന്നതാണ് വിവാഹത്തിന്റെ പ്രത്യേകത.

ബ്രഹ്‌മചര്യം ഇസ്‌ലാമല്ല
വിവാഹത്തിന് വേണ്ട പ്രകൃതിപരമായ പ്രചോദനമാണ് ലൈംഗിക ശേഷി യോഗ്യതകൾ. അത് തച്ചുടക്കുകയല്ല വേണ്ടത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ലൈംഗികശേഷി നശിപ്പിക്കാനോ ഇണയൊന്നിച്ച് ജീവിതവിരക്തിയോ ആഗ്രഹിച്ചവരെയും തീരുമാനിച്ചവരെയും തിരുത്തിയതും ശാസിച്ചതുമായ രംഗങ്ങൾ ഹദീസിലും ചരിത്രത്തിലും കാണാം. അകാഫ്ബ്‌നു വദാഅ(റ)നോട് നബി(സ്വ) ചോദിച്ചു: നീ വിവാഹം കഴിച്ചുവോ? ഇല്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ തിരുനബി(സ്വ)യുടെ പ്രതികരണം ഇതായിരുന്നു: എങ്കിൽ നീ പിശാചിന്റെ കൂട്ടാളിയോ ക്രൈസ്തവ സന്യാസിമാരിലോ പെട്ടവനായിരിക്കും. അങ്ങനെയെങ്കിൽ നീ അവരോടൊപ്പം പോവുക. അതല്ല, നീ നമ്മുടെ കൂട്ടത്തിൽ പെട്ടവനാണെങ്കിൽ നികാഹ് നമ്മുടെ ചര്യയിൽ പെട്ടതാണ് (മുസ്‌നദുശ്ശാമിയ്യീൻ).
സഅ്ദ്ബ്‌നു ഹിശാം(റ) ആഇശ(റ)യോട് പറയുകയുണ്ടായി: ഞാൻ ബ്രഹ്‌മചര്യം അനുഷ്ഠിക്കാനുദ്ദേശിക്കുന്നു. അദ്ദേഹത്തെ തടഞ്ഞുകൊണ്ട് ബീവി പറഞ്ഞു: നീ അങ്ങനെ ചെയ്യരുത്. കാരണം ‘അങ്ങേക്കു നാം ദൂതന്മാരെ നിയോഗിച്ചു. അവർക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നൽകി’ എന്ന് അല്ലാഹു പറഞ്ഞത് നീ കേട്ടിട്ടില്ലേ’ (തഫ്‌സീർ അദ്ദുർറുൽ മൻസൂർ). സൂറത്തുർറഅ്ദിന്റെ 35-ാം സൂക്തം വിശദീകരിച്ച് ഇമാം ഖുർത്വുബി(റ) രേഖപ്പെടുത്തി: വിവാഹം ഒഴിവാക്കിയുള്ള ബ്രഹ്‌മചര്യത്തെ ഈ സൂക്തം നിരോധിക്കുന്നു (തഫ്‌സീർ ഖുർത്വുബി).
മൂന്ന് യുവാക്കൾ റസൂൽ(സ്വ)യുടെ വീട്ടിൽ ചെന്ന് പ്രവാചക ജീവിതത്തെ കുറിച്ചു പഠിക്കാൻ ഉദ്യമിച്ചു. ശേഷം അവർ ചില തീരുമാനങ്ങളെടുത്തു. അതിലൊന്ന് വിവാഹം കഴിക്കില്ലെന്നായിരുന്നു. വിവരമറിഞ്ഞ തിരുനബി(സ്വ) മൂവരെയും വിളിച്ചുവരുത്തി തീരുമാനങ്ങൾ തിരുത്തിച്ചു. ‘ഞാൻ വിവാഹം ചെയ്ത് ഇണകളോടൊപ്പം കഴിയുന്നുണ്ട്. എന്റെ ചര്യയുപേക്ഷിച്ച് മറ്റൊന്നിനെ ഒരാൾ വരിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല (മുസ്‌ലിം).
പ്രമുഖ സ്വഹാബിവര്യൻ അബുദ്ദർദാഅ്(റ) ഭാര്യയിൽ നിന്നും അകന്ന് ഇബാദത്തിൽ മുഴുകി ജീവിക്കാൻ തുടങ്ങി. ഇക്കാര്യമറിഞ്ഞ സൽമാൻ(റ) ഇങ്ങനെ ഉപദേശിച്ചു: നിന്റെ രക്ഷിതാവിനും നിന്റെ ശരീരത്തിനും നിന്റെ ഭാര്യക്കും നിന്റെ മേൽ ചില അവകാശങ്ങളുണ്ട്. അത് നീ വകവെച്ചുകൊടുക്കണം. അബുദ്ദർദാഅ്(റ) ഇത് നബി(സ്വ)യോട് പങ്കുവെച്ചപ്പോൾ അവിടുന്ന് പറഞ്ഞു: സൽമാൻ പറഞ്ഞത് സത്യമാണ് (ബുഖാരി).

രണ്ടിനെ ഒന്നാക്കുന്ന അത്ഭുതം
വ്യത്യസ്ത നാട്ടിൽ, കുടുംബത്തിൽ അകന്നു കഴിഞ്ഞിരുന്ന രണ്ടുപേരെ ദമ്പതികളാക്കി അടുപ്പിച്ച് ഒന്നാക്കുന്ന സുകൃതമാണ് വിവാഹം. ദമ്പതികൾ മാത്രമല്ല, ഇരുവരുടെയും കുടുംബങ്ങൾ അടുക്കാനും വിവാഹം നിമിത്തമാകുന്നു. വിവാഹം മതത്തിന്റെ പകുതിയാണ്. മനുഷ്യന്റെ മഹത്ത്വം പരിരക്ഷിക്കുന്നതിനും കുടുംബ പാരമ്പര്യം നിലനിർത്തുന്നതിനും അതുവഴി സാധിക്കുന്നു. നബി(സ്വ) പറയുകയുണ്ടായി: വിവാഹം ചെയ്യുന്നവൻ മതത്തിന്റെ അർധഭാഗം പൂർത്തീകരിച്ചു. ബാക്കി അർധഭാഗത്തിൽ അവൻ അല്ലാഹുവിനെ സൂക്ഷിച്ച് പ്രവർത്തിക്കട്ടെ (ത്വബ്‌റാനി).
എല്ലാ ജീവികളിലും അല്ലാഹു നിക്ഷേപിച്ചിട്ടുള്ള പ്രകൃതി സവിശേഷതകളുടെ ഭാഗമായി അവയെല്ലാം ഇണകളെ പ്രാപിക്കുന്നു. മനുഷ്യനും തന്റെ പ്രകൃതിക്കനുസരിച്ച് സ്വന്തമായി പരിഹാരം തേടാൻ ശ്രമിക്കുകയാണെങ്കിൽ അവനും ഇതര ജീവികളും തമ്മിൽ യാതൊരന്തരവും ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ മനുഷ്യന്റെ ഇണതേട്ടത്തിന് മാന്യതയും നിയമപ്രാബല്യവും നൽകുകയാണ് വിവാഹത്തിലൂടെ ഇസ്‌ലാം. മതദൃഷ്ട്യാ വിവാഹമെന്നത് യഥാർത്ഥമായ ആത്മീയാനുഷ്ഠാനമാണ്. പുണ്യവും പാരത്രിക വിജയവും നേടിത്തരുന്ന സുകൃതവും അന്തസ്സാർന്ന ജീവിതത്തിലേക്കുള്ള ചവിട്ടുപടിയുമാണത്. ആ നിലക്ക് തന്നെ അതിനെ കാണാൻ ശ്രമിക്കണം. അതുവഴി ലക്ഷ്യമാക്കുന്ന ആത്മീയ ഗുണങ്ങൾ ലഭിക്കാനുപകരിക്കുന്ന വിധം ജീവിക്കുകയും വേണം. പരസ്പരം സ്‌നേഹിച്ചും പകർന്നും നുകർന്നും കഴിയേണ്ടവരാണ് ദമ്പതിമാർ.

ശവ്വാൽ നികാഹിന്റെ മാസം
വിശുദ്ധ റമളാൻ അവസാനിച്ച് ശവ്വാൽ മാസം പിറക്കുന്നതോടെ വിശ്വാസികൾക്കിടയിൽ നികാഹുകളും അനുബന്ധ ചടങ്ങുകളും നടക്കുകയായി. ശവ്വാൽ മാസത്തിൽ നികാഹ് നടത്തുന്നത് സുന്നത്താണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. ശവ്വാലിൽ വിവാഹം നടത്തലും വീട്ടിൽകൂടലും നികാഹ് പള്ളിയിൽ വെച്ച് നടത്തലും ഒരു സംഘത്തിന്റെ സാന്നിധ്യത്തിലാകലും പകലിന്റെ ആദ്യത്തിലാകലും സുന്നത്താണ് (മുഗ്‌നിൽ മുഹ്താജ്, നിഹായതുൽ മുഹ്താജ്).
റസൂൽ(സ്വ) ആഇശ ബീവി(റ)യെ നികാഹ് ചെയ്തതും വീട് കൂടിയതും ശവ്വാലിലായിരുന്നു. മഹതി പറയുന്നു: നബി(സ്വ) എന്നെ ശവ്വാൽ മാസത്തിലാണ് നികാഹ് ചെയ്തത്. ശവ്വാലിലാണ് ഞങ്ങൾ വീട്ടിൽ കൂടിയതും. നബി(സ്വ)യുടെ അടുത്ത് എന്നെക്കാൾ ഭാഗ്യവതികളായി മറ്റു ഭാര്യ മാരാരാണുള്ളത്? നിവേദകൻ തുടർന്ന് പറയുന്നു: ആഇശ(റ) തന്റെ കുടുംബത്തിലെ സ്ത്രീകളുടെ വിവാഹം നടന്നാൽ ശവ്വാലിൽ വീട്ടിൽ കൂടുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു (ഇബ്‌നുമാജ). ആഇശ(റ) അങ്ങനെ ചെയ്തത്, ആ മാസത്തിൽ നികാഹും വീട്ടിൽ കൂടലും മൂലം തനിക്ക് നബി(സ്വ)യെക്കൊണ്ട് കിട്ടിയ ഗുണങ്ങളുടെ ബറകത്ത് അവർക്കും ലഭിക്കാനും അവർ ഭാഗ്യവതികളാകാനുമായിരുന്നു (ദഖീറതുൽ ഉഖ്ബാ ശറഹ് സുനനിന്നസാഈ).
ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇമാം നവവി(റ) എഴുതി: വിവാഹം ചെയ്യലും ചെയ്തുകൊടുക്കലും ദമ്പതികൾ വീട്ടിൽ കൂടലും ശവ്വാൽ മാസത്തിലാവൽ സുന്നത്താണെന്ന പാഠം ഇതിലുണ്ട്. നമ്മുടെ പണ്ഡിതൻമാർ അത് സുന്നത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനമാണ് അതിനവർ പ്രമാണമാക്കിയത്. ശവ്വാലിൽ വിവാഹവും വീട്ടിൽ കൂടലും ഗുണമല്ല എന്ന ജാഹിലീധാരണയും നിലപാടും തിരുത്തുക കൂടിയാണ് ഈ വചനത്തിലൂടെ ആഇശ(റ) ചെയ്തത് (ശറഹ് മുസ്‌ലിം). കാര്യബോധമുള്ള മുസ്‌ലിംകൾ ശവ്വാലിൽ നികാഹ് ആകാൻ ഉദ്യമിക്കുന്നത് അടിസ്ഥാനപരമാണെന്ന് ചുരുക്കം.

അലവിക്കുട്ടി ഫൈസി എടക്കര

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ