അബൂത്വൽഹ(റ) ഒരു യാത്രക്കൊരുങ്ങുകയാണ്. രോഗിയായ മകനെ തനിച്ചാക്കി പോകുന്നതിൽ ആധിയുണ്ടെങ്കിലും പോകാതെ പറ്റില്ല. ഭാര്യ ഉമ്മുസുലൈം(റ)യോട് യാത്ര പറഞ്ഞ് അദ്ദേഹം ഇറങ്ങി. അധികം വൈകാതെ രോഗം മൂർച്ചിച്ച് മകൻ മരണത്തിന് കീഴടങ്ങി. ആത്മനിയന്ത്രണം പാലിച്ച് ഉമ്മു സുലൈം മരണാനന്തര കർമങ്ങളെല്ലാം ചെയ്തു. യാത്ര കഴിഞ്ഞ് അബൂത്വൽഹ(റ) തിരിച്ചുവരുമ്പോൾ മരണ വിവരം ആരും പറയരുത്, താൻ തന്നെ തരംപോലെ പറഞ്ഞുകൊള്ളാം എന്ന് അവിടെ കൂടിയവരോട് മഹതി നിർദേശിച്ചു.
മടങ്ങിയെത്തിയ ഉടനെ അബൂത്വൽഹ(റ) മകനെ കുറിച്ച് അന്വേഷിച്ചു. കുഞ്ഞ് നേരത്തെയുണ്ടായിരുന്നതിനേക്കാൾ ശാന്തനാണ് എന്നാണ് ബീവി മറുപടി നൽകിയത്. മുഖത്ത് ദു:ഖഭാവങ്ങളൊന്നും നിഴലിക്കാതിരിക്കാൻ ഉമ്മു സുലൈം നന്നായി ശ്രദ്ധിച്ചിരുന്നു. അബൂത്വൽഹ(റ) കുളിച്ച് വസ്ത്രം മാറി രാത്രിഭക്ഷണം കഴിച്ചു. ഇരുവരും യാത്രാവിശേഷങ്ങൾ സംസാരിച്ചിരുന്നു. സന്തോഷങ്ങൾ പങ്കുവെച്ചു. ഭർത്താവ് ശാരീരികമായും മാനസികമായും ശാന്തനാണെന്ന് ബോധ്യപ്പെട്ടപ്പോൾ സൗമ്യമായി ബീവി ചോദിച്ചു: ഒരു സമൂഹം തങ്ങളുടെ ഒരു സാധനം സൂക്ഷിക്കാനായി മറ്റൊരു കുടുംബത്തെ ഏൽപ്പിച്ചു. അവർ തിരിച്ചുചോദിക്കുന്ന സമയത്ത് ആ വസ്തു മടക്കിക്കൊടുക്കാതിരിക്കുന്നത് ശരിയാണോ? രണ്ടാമതൊന്നാലോചിക്കാതെ അബൂത്വൽഹ(റ) പറഞ്ഞു: ഒരിക്കലും ശരിയല്ല, അത് മടക്കികൊടുക്കണം.
‘എങ്കിൽ നിങ്ങളുടെ മകന്റെ കാര്യത്തിൽ നിങ്ങൾ ക്ഷമിച്ച് അല്ലാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കുക.’ ബുദ്ധിമതിയായ ഭാര്യ പറഞ്ഞത് അദ്ദേഹത്തിന് മനസ്സിലായി. തങ്ങളെ സൂക്ഷിക്കാനേൽപ്പിച്ച മകനെ അല്ലാഹു തിരിച്ചുവാങ്ങിയിരിക്കുന്നു. അല്ലാഹുവിന്റെ അലംഘനീയമായ വിധി അബൂത്വൽഹ(റ) ക്ഷമയോടെ ഉൾകൊണ്ടു.
നേരം പുലർന്നയുടൻ അദ്ദേഹം തിരുനബി(സ)യുടെ സന്നിധിയിലെത്തി കാര്യങ്ങളെല്ലാം പറഞ്ഞു. നഷ്ടപ്പെട്ടതിനേക്കാൾ മഹത്ത്വമുള്ള മകനെ കിട്ടാൻ നബി(സ്വ) പ്രാർഥിച്ചു. ക്ഷമ കൈകൊള്ളാൻ ഉപദേശിച്ചു. യാത്ര കഴിഞ്ഞ് ക്ഷീണിതനായി വന്ന അബൂത്വൽഹയോട് ദു:ഖവാർത്ത കൈമാറിയ രീതിയറിഞ്ഞ് ഉമ്മുസുലൈമിന് ഐശ്വര്യമുണ്ടാവാൻ അവിടന്ന് പ്രാർഥിച്ചു.
പ്രാർഥന ഫലിച്ചു. അധികം വൈകാതെ മഹതി ഗർഭിണിയായി. ആൺകുട്ടിയെ പ്രസവിച്ചു. തന്റെ മൂത്തമകൻ അനസ്(റ)വിന്റെ കൈയിൽ കുഞ്ഞിനെ വെച്ചുകൊടുത്ത് തിരുനബി(സ്വ)യുടെ അടുത്തേക്ക് പറഞ്ഞയച്ചു. വരുന്നത് കണ്ടപ്പോൾ തന്നെ റസൂലിന് കാര്യം മനസ്സിലായി. ഉമ്മുസുലൈമായിരിക്കും പ്രസവിച്ചതെന്ന് തിരുനബി ആത്മഗതം ചെയ്തു. അനസ്(റ) തിരുദൂതരുടെ മടിയിൽ കുഞ്ഞിനെ പതിയെ വെച്ചു. അപ്പോൾ അവിടന്ന് ഈത്തപ്പഴം ചവച്ച് കുഞ്ഞിന് മധുരം നൽകി. അബ്ദുല്ലാഹ് എന്ന് പേരിടുകയും ചെയ്തു. ഈ കുഞ്ഞിന്റെ തലമുറയിൽ പ്രഗത്ഭരായ പത്തോളം പണ്ഡിതന്മാരുണ്ടായെന്ന് ചരിത്രം.
സുഖ-ദു:ഖങ്ങൾ സമ്മിശ്രമായ ജീവിതത്തിൽ ക്ഷമ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു ഗുണമായി പ്രവാചകർ(സ്വ) ക്ഷമയെ എണ്ണിയിട്ടുണ്ട്. ഒരു ഹദീസിൽ ഇങ്ങനെ കാണാം: ‘വിശ്വാസിയുടെ കാര്യം വളരെ അത്ഭുതം! എന്തു സംഭവിച്ചാലും അവന് ഗുണം മാത്രം. ഈ മേന്മ സത്യവിശ്വാസികൾക്ക് മാത്രമേയുള്ളൂ. വല്ല സന്തോഷവുമുണ്ടായാൽ അവൻ അല്ലാഹുവിനെ സ്തുതിക്കും. വല്ല വിപത്തും സംഭവിച്ചാലോ അവൻ ക്ഷമിക്കും. രണ്ടും പ്രതിഫലാർഹം (മുസ്‌ലിം).
വിപത്തുകൾ സംഭവിക്കുന്ന ഘട്ടത്തിൽ തന്നെ ക്ഷമ വേണം. എല്ലാ മന:പ്രയാസങ്ങളും പരമാവധി പ്രകടിപ്പിച്ചതിന് ശേഷം ശാന്തനാവുന്നതോടെ ക്ഷമിച്ചാൽ മതിയാകില്ല. ക്ഷമ ആദ്യ ഘട്ടത്തിൽ തന്നെ വേണമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധരായ പ്രവാചകന്മാരുടെ സ്വഭാവ സവിശേഷതയായാണ് ഖുർആൻ ക്ഷമയെ പരിചയപ്പെടുത്തിയിട്ടുള്ളത്. യൂസുഫ് നബി(അ)മിനെ നഷ്ടപ്പെട്ട വിഷമസന്ധിയിൽ പിതാവ് യഅ്ഖൂബ് നബി(അ)മിനോട് അല്ലാഹു നിർദേശിച്ചത് നന്നായി ക്ഷമിച്ചു കഴിയാനായിരുന്നു. ആ ക്ഷമക്ക് സന്തോഷകരമായ പരിസമാപ്തിയുണ്ടാവുകയും ചെയ്തു. അയ്യൂബ് നബി(അ)യുടെ ജീവിതത്തിൽ കണ്ടതും ഇതുതന്നെ. ധിക്കാരികളായ ജനതയെ നേരിട്ട എല്ലാ നബിമാരും ഇപ്രകാരം ക്ഷമ ജീവിതചര്യയാക്കിയവരാകുന്നു.
ബീവി ഉമ്മുസുലൈം(റ)യുടെ ഈ ജീവിതാനുഭവത്തിൽ ധാരാളം പാഠങ്ങളുണ്ട്. ആപത്തു സംഭവിച്ചാൽ അല്ലാഹുവിന്റെ വിധിയിൽ സമാധാനിച്ച് ക്ഷമിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഭർത്താവിന്റെ സാഹചര്യം മനസ്സിലാക്കി ഇത്തരം സന്ദർഭങ്ങളിൽ ഉണർന്നു പ്രവർത്തിക്കുക എന്നതാണ് മറ്റൊന്ന്. ക്ഷമിക്കുന്നവരെ നാഥൻ വെറുതെയാക്കില്ല. ചിലപ്പോൾ ഇഹലോകത്തുവെച്ച് തന്നെ കാരുണ്യം ലഭിക്കും. പരലോകത്ത് ഉറപ്പായും പ്രതിഫലം ലഭിക്കും.
ഖുമൈസാഅ് ബിൻത് മിൽഹാൻ എന്നായിരുന്നു മഹതിയുടെ പേര്. മാലിക് ബിൻ നള്‌റുമായി മദീനയിൽ ദാമ്പത്യജീവിതം നയിച്ചുവരുന്ന സമയത്താണ് സത്യസന്ദേശവുമായി മുസ്അബ് ബിൻ ഉമൈർ(റ) മദീനയിലെത്തുന്നത്. വിശുദ്ധ ഇസ്‌ലാമിനെയും മക്കയിലെ പ്രവാചകരെയും കുറിച്ചറിഞ്ഞപ്പോൾ ഉമ്മുസുലൈമിന് മാറിനിൽക്കാനായില്ല. വൈകാതെ സത്യസന്ദേശം ഉൾകൊണ്ടു. ഭർത്താവ് മാലികിനെ സത്യമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. വല്ല വിധേനെയും ഭാര്യയെ പ്രപിതാക്കളുടെ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായിരുന്നു മാലികിന്റെ ശ്രമം. അതിബുദ്ധിമതിയായിരുന്നല്ലോ ബീവി. കല്ലും മരവും ഉൾപ്പെടെയുള്ള വസ്തുക്കളെ ദൈവമായി കണ്ട് ആരാധിക്കുന്നതിലുള്ള യുക്തിരാഹിത്യം മഹതി ചൂണ്ടിക്കാട്ടി. മദീനയിലെ നീഗ്രോ അടിമകൾ ഉണ്ടാക്കുന്ന ശിലാരൂപങ്ങളെയാണോ നിങ്ങൾ ആരാധിക്കുന്നതെന്നു ചോദിച്ചു. അഴുക്കുകളും മാലിന്യങ്ങളും നിറഞ്ഞ തെരുവിൽ വളരുന്ന മരങ്ങളാണോ നിങ്ങളുടെ ദൈവങ്ങൾ. സ്വന്തം ആവശ്യങ്ങൾ പോലും നിർവഹിക്കാൻ ഇവകൾക്ക് സാധിക്കുമോ? ഉമ്മുസുലൈമിന്റെ ചോദ്യശരങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ മാലിക് സിറിയയിലേക്ക് നാടുവിട്ടു. അവിടെ വെച്ച് മരണപ്പെട്ടു.
ഉമ്മുസുലൈം വിധവയായതറിഞ്ഞ് പലരും വിവാഹാഭ്യർഥനകളുമായി വന്നു. തന്റെ ഗോത്രക്കാരൻ കൂടിയായ അബൂത്വൽഹയും കൂട്ടത്തിലുണ്ടായിരുന്നു. അന്ന് അദ്ദേഹം മുസ്‌ലിമായിട്ടില്ല. മുസ്‌ലിമാകാതെ വിവാഹത്തിന് തയ്യാറല്ലെന്ന് ഉമ്മുസുലൈം അറിയിച്ചു. പിന്നീട് വിശുദ്ധ മതത്തെക്കുറിച്ച് മനസ്സിലാക്കി അദ്ദേഹം ബീവിയുടെ മുന്നിൽ വന്ന് സത്യസാക്ഷ്യവചനങ്ങൾ മൊഴിഞ്ഞ് മുസ്‌ലിമായി. അബൂത്വൽഹയുടെ ഇസ്‌ലാമാശ്ലേഷം മഹ്‌റായി സ്വീകരിച്ചുകൊണ്ടാണ് വിവാഹം നടന്നത്. മറ്റൊന്നും തനിക്കു മഹ്‌റായി വേണ്ടെന്ന് ബീവി പ്രഖ്യാപിച്ചു. ഉമ്മു സുലൈമിനേക്കാൾ നല്ല മഹ്ർ സ്വീകരിച്ച് ഒരാളും കല്യാണം കഴിച്ചിട്ടില്ലെന്ന് വിശ്വാസികൾ പറയുമായിരുന്നു. സൈദു ബിൻ സഹൽ(റ) എന്നാണ് അബൂത്വൽഹ(റ)യുടെ യഥാർഥ പേര്.
ക്ഷമയും വിശ്വാസദൃഢതയും കൈമുതലാക്കിയതോടൊപ്പം തിരുദൂതരെ അതിരറ്റു സ്‌നേഹിച്ചു ജീവിച്ചവരായിരുന്നു മഹതി. പ്രവാചകർ(സ്വ) മദീനയിലെത്തിയ സമയത്ത് മകൻ അനസ് ചെറിയ കുട്ടിയാണ്. അന്ന് മുതൽ അനസ് ബിൻ മാലിക്(റ)വിനെ തിരുനബിക്ക് സേവകനായി സമർപ്പിച്ചു. നീണ്ട പത്ത് വർഷം റസൂലിന്റെ സേവകനാകാൻ ഉമ്മുസുലൈമിന്റെ മകന് ഭാഗ്യമുണ്ടായി. തിരുശരീരത്തിൽ നിന്ന് ഉതിർന്ന വിയർപ്പ് സുഗന്ധാവശ്യങ്ങൾക്കും മരുന്നിനും ബീവി ഉപയോഗിച്ചത് ചരിത്ര പ്രസിദ്ധം. യുദ്ധ രംഗങ്ങളിലും മഹതിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ അടിയന്തര ഘട്ടങ്ങളിൽ ആയുധപ്രയോഗം നടത്താൻ വരെ മഹതി ധീരത കാണിച്ചു. ഉഹുദ് യുദ്ധവേളയിൽ തിരുനബി(സ്വ)ക്ക് നേരെ അക്രമമുണ്ടായപ്പോൾ ചിതറിയോടാതെ ശരീരം പരിചയാക്കി നബിക്ക് സംരക്ഷണമൊരുക്കിയവരിലും ഈ സ്ത്രീരത്‌നമുണ്ട്.
ഒരിക്കൽ മഹതിയെ കുറിച്ച് തിരുനബി(സ്വ) സുവിശേഷം നൽകി: ഞാൻ സ്വർഗത്തിലൂടെ കടന്നുപോയപ്പോൾ ഒരാൾ നടന്നുപോകുന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ അത് അനസ് ബിൻ മാലികിന്റെ മാതാവും മിൽഹാന്റെ പുത്രിയുമായ ഉമ്മുസുലൈമായിരുന്നു.

നിശാദ് സിദ്ദീഖി രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ