മക്ക, ആത്മീയ ചൈതന്യത്തിന്റെ അണയാത്ത വിളക്കുമാടം. മഹത്ത്വത്തിന്റെ ഗരിമയുള്ള നാട്, സൗന്ദര്യത്തിന്റെയും സൗരഭ്യത്തിന്റെയും ചാരുതയാര്‍ന്ന മണല്‍പ്പരപ്പ്. ദജ്ജാലിന്റെ നിരോധിത മേഖല. വിശ്വാസികളുടെ അഭയകേന്ദ്രമാണ് മക്ക. അവര്‍ സദാസമയവും ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും മക്കാ സന്ദര്‍ശനത്തിനാണ്. നാടുകളുടെ ഉമ്മയാണത്. മഹത്ത്വത്തില്‍ മുന്നില്‍ നില്‍ക്കുന്നതുമാണ് തിരുനബി(സ്വ)യുടെ ഈ നാട്. ആ പേരുതന്നെ വിശ്വാസികളുടെ ഹൃദയത്തിന് കുളിരും തണലും നല്‍കുന്നു. മക്കയുടെ പവിത്രതകള്‍ വര്‍ണനകള്‍ക്കതീതം. ധാരാളം നാമങ്ങളില്‍ മക്ക അറിയപ്പെടുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
മക്ക
നാമങ്ങളില്‍ ഏറെ പ്രസിദ്ധമായത് ഇതാണ്. അവിശ്വാസികളടക്കം ഈ പേരറിയും. ജനങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുന്ന സ്ഥലമായതിനാലാണ് ഇതിന് മക്കയെന്ന പേര് വന്നത് (രിസാലതുന്‍ ഫീ അസ്മാഇ മക്ക/15). മക്കയില്‍ നിന്ന് പൊറുപ്പിക്കപ്പെടാത്ത പാപങ്ങളില്ല. വിശ്വാസികള്‍ അവരുടെ ത്വവാഫിലും സഅയിലുംലും മറ്റു സല്‍കര്‍മങ്ങളിലും പാപമോചനം തേടുകയാണ്. തന്നിമിത്തം ഉമ്മ പ്രസവിച്ചപ്പോഴുള്ള പരിശുദ്ധിയുമായി അവന്‍ തിരിച്ചുവരുന്നു. തിരുനബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും ഈ ഗേഹത്തിന്റെ ചാരത്ത് വന്നു മടങ്ങിയാല്‍ അവന്‍ ഉമ്മ പ്രസവിക്കപ്പെട്ട ദിവസം പോലെ ശുദ്ധീകരിക്കപ്പെട്ടവനാണ് ‘ (ബുഖാരി).
മറ്റൊരഭിപ്രായ പ്രകാരം ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും ജനങ്ങളെ ആകര്‍ഷിക്കാനുള്ള കഴിവ് ഈ നാടിനുള്ളതിനാലാണ് മക്കയെന്ന പേര്‍ വന്നത്. മക്ക എന്ന പദത്തിന് ആകര്‍ഷിക്കുന്നത് എന്നര്‍ത്ഥം കൊടുത്ത ഭാഷാ പണ്ഡിതന്മാരുണ്ട് (മുഅ്ജമുല്‍ ബുല്‍ദാന്‍ 5/181182). വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് ആളുകള്‍ ഹജ്ജ് കര്‍മത്തിന് മാത്രം മക്കയിലെത്തുന്നു. ഇത് മക്കയുടെ ആകര്‍ഷണമാണ്. മറ്റു വിശ്വാസികള്‍ മക്കയിലെത്താന്‍ നിത്യമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയുമാണ്.
ബക്ക
ബക്കയെന്നത് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വിളിച്ച ഒരു നാമമാണ്. ഈ പേരുവരാന്‍ ധാരാളം കാരണങ്ങളുണ്ട്. ബക്കയുടെ ഭാഷാര്‍ത്ഥം തടഞ്ഞുവെന്നാണ്. കഅ്ബാലയത്തിന്റെ മുറ്റം നിത്യമായി ത്വവാഫ് നടന്നുകൊണ്ടിരിക്കും. തിക്കിലും തിരക്കിലും അകപ്പെടും. ജനങ്ങള്‍ മറ്റൊരാളെ തടയുന്നു. അതിനാലാണ് ഈ പേര്‍ വന്നത്.
മറ്റൊരഭിപ്രായം ഇതാണ്: അല്ലാഹു അഹങ്കാരികളെയോ ധിക്കാരികളെയോ മക്കയിലേക്ക് പ്രവേശിപ്പിക്കുകയില്ല. ദജ്ജാലിന് പ്രവേശനമില്ലാത്ത നാടാണല്ലോ മക്ക. ഈ അര്‍ത്ഥത്തിലാണ് പ്രസ്തുത നാമകരണം’ (രിസാലതുന്‍ ഫീ അസ്മാഇ മക്ക/17).
മക്കയും ബക്കയും മക്കയിലെ പ്രത്യേകമായ സ്ഥലങ്ങള്‍ക്കുള്ള നാമമാണെന്ന് ഇമാം നവവി(റ) ഉദ്ധരിക്കുന്നുമുണ്ട്. ഇതില്‍ ചരിത്രകാരന്മാര്‍ക്ക് വീക്ഷണ വ്യത്യാസമുണ്ട്.
1. ബക്ക, മക്ക രണ്ടും ഹറം അതിര്‍ത്തിയിലുള്ള എല്ലാ സ്ഥലങ്ങള്‍ക്കും ഒന്നിച്ചു പറയാം.
2. മക്കയെന്നത് ഹറമിന് പൂര്‍ണമായും ബക്കയെന്നത് മസ്ജിദുല്‍ ഹറാമിന് മാത്രമായും പറയപ്പെടുന്നു.
3. മക്ക ഹറമിനും ബക്ക കഅ്ബക്കും മത്വാഫിനും മാത്രമായും പറയപ്പെടുന്നു (ശറഹുല്‍ മുഹദ്ദബ് 8/4).
ബൈതുല്‍ അതീഖ്
മോചിപ്പിക്കപ്പെട്ട ഗേഹം എന്നാണ് ഈ പദത്തിനര്‍ത്ഥം. മക്കക്ക് പൂര്‍വകാലങ്ങളില്‍ പല കുഴപ്പങ്ങളില്‍ നിന്നും മോചനം ലഭിച്ചിട്ടുണ്ട്. അവയില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന ഒരു സംഭവം:
നൂഹ് നബി(അ)ന്റെ സമുദായം വഴിവിട്ട ജീവിതം നയിച്ചപ്പോള്‍ അതിശക്തമായ വെള്ളപ്പൊക്കമുണ്ടായി. ഈ അവസരത്തില്‍ അല്ലാഹു വിശുദ്ധ കഅ്ബാലയത്തെ തല്‍സ്ഥാനത്ത് നിന്നും മുകള്‍ ഭാഗത്തേക്ക് ഉയര്‍ത്തി. ആകാശത്തുവെച്ച് മലക്കുകള്‍ കഅ്ബക്കു ചുറ്റും ത്വവാഫ് ചെയ്യുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുമ്പോള്‍ ഭൂമിയില്‍ കഅ്ബയുണ്ടായിരുന്ന സ്ഥാനത്തുചെന്ന് ജനങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനാഫലമായി ഇബ്റാഹിം(അ)നെ കഅ്ബ പുനര്‍നിര്‍മാണത്തിന് അല്ലാഹു ഏല്‍പ്പിച്ചു. നിര്‍മാണം നടക്കുമ്പോള്‍ കഅ്ബയുടെ സ്ഥാനത്തിന് മുകളില്‍ ഒരു മേഘം വട്ടമിട്ടു. അതോടൊപ്പം ഒരു വിളിയാളവും കേട്ടു. ഈ തണലിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്യാതെ കഅ്ബാലയം പുനര്‍നിര്‍മിക്കുക (അഖ്ബാറുമക്കഅസ്റഖി 1/60,61).
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ നിന്നും കഅ്ബാലയം പൂര്‍ണമായും മോചിപ്പിക്കപ്പെട്ടതിനാലാണ് കഅ്ബയടങ്ങുന്ന മക്കക്ക് ബൈതുല്‍ അതീഖ് എന്ന പേര്‍ വന്നത് എന്ന് മറ്റൊരഭിപ്രായം. ഇതുപോലെ, നേരത്തെ പരാമര്‍ശിച്ച മുഴുവന്‍ അഹങ്കാരികളില്‍ നിന്നും മക്കക്ക് മോചനം നല്‍കപ്പെട്ടിട്ടുണ്ട്. ഈ അര്‍ത്ഥത്തിലും മോചിപ്പിക്കപ്പെട്ട നാടാണിത്.
ഹറം
ഹറമിലെ ചെടികള്‍ പറിക്കലും മൃഗത്തെ വേട്ടയാടലുമെല്ലാം നിഷിദ്ധമാണ്. ആ മണ്ണിന്റെ പവിത്രതയാണ് ഇതറിയിക്കുന്നത്. അതിനാലാണ് ഇതിന് ഹറം എന്ന പേര്‍ വന്നത്.
ഹറം പരിധി: ഇബ്റാഹിം(അ)യും മകനായ ഇസ്മാഈല്‍(അ)യും കഅ്ബാലയം പുനര്‍ നിര്‍മിച്ച് പരിശുദ്ധ ഹജറുല്‍ അസ്വദിന്റെ സ്ഥാനത്തെത്തിയപ്പോള്‍ ജിബ്രീല്‍(അ) ഹജറുല്‍ അസ്വദുമായി വന്നു. ഇബ്റാഹിം(അ) ഹജറുല്‍ അസ്വദ് വാങ്ങി യഥാസ്ഥാനത്തു വെച്ചു. അപ്പോള്‍ ചുറ്റുഭാഗവും പ്രകാശപൂരിതമായി. ആ പ്രകാശം എത്തിയ സ്ഥലങ്ങളെല്ലാം ഹറമായി പ്രഖ്യാപിക്കപ്പെട്ടു (രിസാലതുന്‍ ഫീ അസ്മാഇ മക്ക/2223).
ആദ്യമായി ഹറം പരിധി അടയാളപ്പെടുത്തിയത് ഇബ്റാഹിം(അ) ആണ്. ജിബ്രീല്‍(അ) ആണ് സ്ഥാനം നിര്‍ണയിച്ചുകൊടുത്തത്. ശേഷം ആ അടയാളങ്ങള്‍ പുതുക്കിപ്പണിതത് ഖുസ്വയ്യ് ആണ്. അതിനുശേഷം തിരുനബി(സ്വ)യുടെ കല്‍പ്പന പ്രകാരം മക്കാ ഫത്ഹ് ദിവസത്തില്‍ തമീമുബ്നു ഉസൈദ്(റ) അടയാളമിട്ടു. പിന്നീട് ഉമര്‍(റ)ന്റെ ഭരണകാലത്ത് അദ്ദേഹവും ഉസ്മാന്‍(റ)ന്റെ ഭരണകാലത്ത് അദ്ദേഹവും പുനര്‍ നിര്‍മാണം നടത്തി. പിന്നെ അബ്ദുല്‍ മലിക്ബ്നു മര്‍വാനും തന്റെ കാലശേഷം മഹ്ദിയും ഹറമിന്റെ അതിരടയാളങ്ങള്‍ പുനര്‍ നിര്‍മിച്ചു. ഇവരൊന്നും അതിര്‍ത്തികള്‍ക്ക് മാറ്റം വരുത്തിയതല്ല; അടയാളങ്ങള്‍ പുതുക്കിപ്പണിയുക മാത്രമായിരുന്നു (അഖ്ബാറു മക്ക ഫാകിഹീ 2/276).
ഇബ്നു സുബൈര്‍(റ) ഉദ്ധരിക്കുന്നു: ബനൂ ഇസ്റാഈലില്‍ നിന്ന് ഏഴുലക്ഷം ആളുകള്‍ കഅ്ബലയത്തില്‍ വന്ന് ഹജ്ജ് നിര്‍വഹിച്ചു. അവര്‍ തന്‍ഈം എന്ന സ്ഥലത്ത് ചെരുപ്പ് അഴിച്ചുവെച്ചായിരുന്നു ഹറമില്ലേക്ക് കയറിയിരുന്നത് (അഖ്ബാറു മക്ക; ഫാകിഹീ/1436). ഹറമിന്റെ പവിത്രത നമ്മള്‍ക്ക് ബോധ്യപ്പെടുത്തിത്തരുന്നതാണ് ഈ സംഭവം.
ബൈതുല്‍ ഹറാം
ജാബിര്‍(റ) തിരുനബിയില്‍ നിന്ന് ഉദ്ധരിക്കുന്നു: ആയുധധാരിയായി മക്കയില്‍ പ്രവേശിക്കല്‍ തിരുനബി(സ്വ) നിരോധിച്ചിരിക്കുന്നു (മുസ്‌ലിം).
നബി(സ്വ) പറഞ്ഞു: ഈ നാട് ആകാശ ഭൂമികളെ സൃഷ്ടിച്ച ദിവസം അല്ലാഹു ഹറാമാക്കിയിരിക്കുന്നു. അന്ത്യനാള്‍ വരെ ഈ നാട് ഹറാമാണ് (ബുഖാരി).
നബി(സ്വ) മക്കാ വിജയദിവസം തന്റെ അനുചരരോട് പ്രഭാഷണം നടത്തി: നാഥന് സ്തുതി, അവനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. ഇവിടെ നിന്ന് വേട്ട മൃഗങ്ങളെ വിരട്ടിയോടിക്കരുത്, പുല്ലുകള്‍ പറിക്കരുത് (ബുഖാരി, മുസ്‌ലിം).
അവിടുന്ന് പ്രഖ്യാപിച്ചു: മക്കയും മദീനയുമല്ലാത്ത സര്‍വനാട്ടിലും ദജ്ജാല്‍ കാല്കുത്തുന്നതാണ്. എന്നാല്‍ മക്കക്കും മദീനക്കും മാലാഖമാര്‍ കാവല്‍ നില്‍ക്കും (ബുഖാരി).
മക്ക മുഴുവന്‍ ധിക്കാരികള്‍ക്കും മറ്റു പ്രകൃതി വിപത്തുകള്‍ക്കും നിഷിദ്ധമാണ് (ഖുര്‍തുബി 2/177).
ഇങ്ങനെ മറ്റു നാടുകളില്‍ അനുവദനീയമായ പലതും മക്കയില്‍ നിഷിദ്ധമായതിനാലാണ് മക്കക്ക് ബൈതുല്‍ ഹറാം എന്ന പേര്‍ വന്നത്.
ഉമ്മുല്‍ഖുറാ
‘നബിയേ, ഈ അറബി ഭാഷയിലുള്ള ഗ്രന്ഥം ഉമ്മുല്‍ഖുറാ നാട്ടുകാര്‍ക്കും അതിന്റെ ചുറ്റു ഭാഗക്കാര്‍ക്കും താക്കീത് ചെയ്യാന്‍ വേണ്ടി നാം അങ്ങേക്ക് അവതരിപ്പിക്കുന്നു’ (അന്‍ആം/92).
ഇവിടെ ഉമ്മുല്‍ഖുറാ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് മക്കയാണെന്നാണ് ഇബ്നു അബ്ബാസ്(റ)യും ഖതാദ(റ)യും പറയുന്നത്.
ഒരാള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും മറ്റുള്ളവരേക്കാള്‍ മുന്തിക്കേണ്ടതും സ്വന്തം ഉമ്മയെയാണ്. അതിനാലാണല്ലോ ഞാന്‍ ആരോടാണ് ഏറ്റവും ബന്ധപ്പെട്ടതെന്ന് ചോദിച്ച ആളോട് നബി(സ്വ) മൂന്നു തവണ ഉമ്മയോടെന്ന് മറുപടി പറഞ്ഞത്. ഇതുപോലെ എല്ലാ നാടുകളേക്കാളും മുന്തിക്കേണ്ടതും ബഹുമാനിക്കേണ്ടതും മക്കയെയാണ്. തന്നെയുമല്ല, മക്കയെയും അതിലെ ദൃഷ്ടാന്തങ്ങളെയും ആരെങ്കിലും ഇകഴ്ത്തിയാല്‍ അവന്റെ ജീവിതം പരാജയപ്പെട്ടതു തന്നെ. ഉമ്മയോട് ഈ പ്രവണത കാണിച്ചാലും പരിണതി ഇതു തന്നെയായിരിക്കും. ഇക്കാരണത്താലാണ് മക്കക്ക് നാടുകളുടെ ഉമ്മ അഥവാ ഉമ്മുല്‍ഖുറാ എന്ന പേര് ലഭിച്ചത് (രിസാലതുന്‍ ഫീ അസ്മാഇ മക്ക/26).
ബര്‍റ
നന്മകള്‍ വിളയുന്ന സ്ഥലമായതിനാലാണ് മക്കക്ക് ബര്‍റ എന്ന് നാമകരണം ചെയ്യപ്പെട്ടത്. വിശ്വാസികള്‍ നന്മകളുടെ വിളവെടുപ്പിന് മാത്രമാണ് മക്ക ലക്ഷ്യമാക്കി പോകുന്നത്. അതിനുള്ള അവസരങ്ങളും മക്കയില്‍ നിരവധിയാണ്.
നബി(സ്വ) പറഞ്ഞു: എന്റെ ഈ പള്ളിയിലെ നിസ്കാരം മറ്റു പള്ളികളിലെ ആയിരം നിസ്കാരങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്. മസ്ജിദുല്‍ ഹറാം ഒഴികെ, മസ്ജിദുല്‍ ഹറാമിലെ ഒരു നിസ്കാരം മറ്റു പള്ളികളിലെ ഒരു ലക്ഷം നിസ്കാരത്തേക്കാള്‍ പവിത്രമാണ് (അഹ്മദ്).
മറ്റൊരു ഹദീസ്: ‘നബി(സ്വ) പറഞ്ഞു: മക്കയില്‍ ഒരാള്‍ റമളാന്‍ മാസത്തെ സ്വാഗതം ചെയ്യുകയും റമളാന്‍ പൂര്‍ണമായി നോമ്പനുഷ്ഠിക്കുകയും കഴിവിന്റെ പരമാവധി തഹജ്ജുദ് നിസ്കരിക്കുകയും ചെയ്താല്‍, മക്കയല്ലാത്ത നാട്ടില്‍ നിന്ന് ഒരു ലക്ഷം മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് എഴുതപ്പെടുന്നതാണ്’ (അഖ്ബാറു മക്ക, ഫാകിഹി).
ചെറിയ സല്‍കര്‍മങ്ങള്‍ കൊണ്ട് വലിയ പ്രതിഫലം കരസ്ഥമാക്കാന്‍ മക്കയിലൂടെ കഴിയുന്നു. അതിനാല്‍ തന്നെ മക്ക നന്മയുടെ വിളവെടുപ്പ് കേന്ദ്രമാണ്. സഈദുബ്നു ജുബൈര്‍(റ) ഉദ്ധരിക്കുന്നു: ഒരാള്‍ മക്കയില്‍വെച്ച് രോഗിയായാല്‍ അല്ലാഹു അവന് ഏഴു വര്‍ഷം സല്‍കര്‍മങ്ങള്‍ ചെയ്ത പ്രതിഫലം രേഖപ്പെടുത്തുന്നതാണ്’. മക്കയില്‍ രോഗിയായിരുന്നിട്ടും അസ്വസ്ഥത കാണിക്കാതിരുന്നാല്‍ അല്ലാഹു പ്രതിഫലത്തിന്റെ വിരുന്നൂട്ടുകയാണ് അവനെ. മാത്രമല്ല, മക്കയില്‍ മിക്കപ്പോഴും ശക്തമായ ചൂടാണ്; അവിടെയും ക്ഷമ കൈക്കൊള്ളാന്‍ തയ്യാറാണെങ്കില്‍ നന്മകള്‍ വാരിക്കൂട്ടാം.
സഈദുബ്നുല്‍ മുസയ്യബ്(റ) പറയുന്നു: ‘അബൂഹുറൈറ(റ) തിരുനബിയില്‍ നിന്ന് ഉദ്ധരിക്കുന്നതായി ഞാന്‍ കേട്ടു: ഒരാള്‍ അല്‍പസമയം മക്കയുടെ ഉഷ്ണം സഹിച്ചാല്‍ നരകത്തെ അവനെതൊട്ട് വിദൂരത്താക്കുന്നതാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: നരകത്തെ തൊട്ട് നൂറ് വര്‍ഷത്തെ വഴിദൂരം അവനെ അകറ്റുന്നതാണ് (അഖ്ബാറു മക്ക).
നമ്മുടെ മുന്‍ഗാമികള്‍ ഈ പ്രതിഫലങ്ങളെല്ലാം വാരിക്കൂട്ടാന്‍ അധ്വാനിച്ചവരാണ്. ഇബ്നു ഉമര്‍(റ) മക്കയില്‍ ശക്തമായ ചൂടുള്ളപ്പോള്‍ മുഹര്‍റം മാസത്തില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു (അഖ്ബാറു മക്ക). ചുരുക്കത്തില്‍ ബര്‍റ എന്ന പേര്‍ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ നന്മകള്‍ വാരിക്കൂട്ടാന്‍ മക്കയില്‍ അവസരങ്ങള്‍ ഏറെയാണ്.
ഉര്‍ശ്
ഉര്‍ശ് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം പന്തല്‍ എന്നാണ്. മക്കയില്‍ രണ്ടു മരക്കൊമ്പുകള്‍ നാട്ടിവെച്ച് അതിന് മുകളില്‍ ഈത്തപ്പനയോല ചാരിവെച്ച് തണല്‍ കൊള്ളുകയും താമസിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അതിനാലാണ് മക്കക്ക് പന്തലുകളുടെ നാട് എന്ന പേര്‍വന്നത്. പഴയ മക്കക്കാരുടെ ദാരിദ്ര്യം കൊണ്ടും അതോടൊപ്പം അവരുടെ ത്യാഗബോധം കൊണ്ടുമാണ് അവര്‍ ഇങ്ങനെ ചെയ്തിരുന്നത്.
മക്കയില്‍ മുസ്‌ലിംകള്‍ക്ക് വിജയം ലഭിച്ചപ്പോള്‍ നബി(സ്വ) അനുചരന്മാരെ ഒരുമിച്ചുകൂട്ടി ഒരു പ്രഭാഷണം നടത്തി. നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഇനി മുതല്‍ മക്കയിലെ മരങ്ങളും പുല്ലുകളും പറിക്കരുത്. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: നബിയേ, ഇദ്ഹിറ് പുല്ല് പറിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദം നല്‍കണം. കാരണം ഇദ്ഹിര്‍ ഞങ്ങള്‍ ഖബ്റുകളിലും വീട്മേയാനും ഉപയോഗിക്കാറുണ്ട് (ബുഖാരി, മുസ്‌ലിം).
ഖാദിസിയ്യ
ശുദ്ധീകരിക്കുന്നത് എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. മനുഷ്യനെ സര്‍വ പാപങ്ങളില്‍ നിന്നും കഴുകിവൃത്തിയാക്കി ആത്മീയതയുടെ തെളിച്ചം നല്‍കാന്‍ മക്കക്ക് കഴിയുന്നു എന്ന കാരണത്താലാണ് ഈ പേര് വന്നത് (രിസാലത്തുന്‍ ഫീ അസ്മാഇ മക്ക/34). മനുഷ്യന് ആത്മീയത നല്‍കാന്‍ പ്രത്യേകമായി അനവധി സ്ഥലങ്ങള്‍ മക്കയില്‍ അല്ലാഹു തയ്യാറാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന പതിനഞ്ച് സ്ഥലങ്ങള്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1. മത്വാഫ്
2. മുല്‍ത്തസം. ഹജറുല്‍ അസ്വദിനും കഅ്ബയുടെ വാതിലിനുമിടയിലുള്ള സ്ഥലമാണിത്.
3. മീസാബ്. കഅ്ബക്ക് മുകളില്‍ വീഴുന്ന വെള്ളം പുറത്തേക്ക് പോകാന്‍ സൗകര്യപ്പെടുത്തിയ പാത്തിയാണ് മീസാബ്.
4. കഅ്ബ
5. സംസം കിണര്‍
6. സ്വഫാ
7. മര്‍വാ
8. മസ്അ
9. അറഫ
10. മുസ്ദലിഫ
11. മഖാമു ഇബ്റാഹീമിന്റെ അടുക്കല്‍. കഅ്ബ നിര്‍മാണത്തില്‍ ഇബ്റാഹിം(അ)ന് കയറി നില്‍ക്കാന്‍ മകനായ ഇസ്മാഈല്‍(അ) കൊണ്ടുവന്ന ഒരു കല്ലാണിത്. ഇന്നും ആ കല്ല് കഅ്ബയുടെ മുറ്റത്ത് അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്നതു കാണാം.
12. മിനാ. ജനങ്ങള്‍ ഇവിടെവെച്ച് അറവ് നടത്തുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര്‍ വന്നത്. മക്കയുടെയും മുസ്ദലിഫയുടെയും ഇടയില്‍ മസ്ജിദുല്‍ ഹറമിന്റെ വടക്കുകിഴക്ക് ഏഴുകിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്.
13. ജംറതുല്‍ ഊലാ
14. ജംറതുല്‍ വുസ്ത്വാ
15. ജംറതുല്‍ അഖബ (ശര്‍വാനി 4/143).
ഇവയെല്ലാം വിശ്വാസികള്‍ക്ക് അവരുടെ ഹൃദയം കഴുകി വൃത്തിയാക്കാന്‍ വേണ്ടി അല്ലാഹു മക്കയില്‍ പ്രത്യേകമായി ഒരുക്കിയ സ്ഥലങ്ങളാണ്. ഇവയിലൂടെയെല്ലാം തെറ്റുചെയ്തവരെ സ്ഫുടം ചെയ്തെടുക്കാന്‍ മക്കക്ക് സാധിക്കുന്നു.
ഖിബ്ലതുല്‍ ഇസ്ലാം
പേര് അറിയിക്കുന്നതുപോലെ ലോക മുസ്‌ലിംകളുടെ ഖിബ്ല മക്കയിലാണല്ലോ. ഒരു വിശ്വാസി അവന്റെ സല്‍പ്രവര്‍ത്തനങ്ങളെല്ലാം മക്കയിലേക്ക് തിരിഞ്ഞാവണമെന്ന് കൊതിക്കുന്നു. 17 മാസം ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്കരിച്ച തിരുനബി(സ്വ)യുടെ ആഗ്രഹപ്രകാരം കഅ്ബയെ ഖിബ്ലയാക്കിക്കൊടുക്കുകയായിരുന്നു. ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ‘അങ്ങയുടെ മുഖം മേല്‍പോട്ട് തിരിക്കുന്നത് നാം കാണുന്നുണ്ട്. ആയതിനാല്‍ അങ്ങയെ അങ്ങ് ഇഷ്ടപ്പെടുന്ന ഖിബ്ലയിലേക്ക് നാം തിരിക്കുന്നതാണ്. അതുകൊണ്ട് അങ്ങ് മസ്ജിദുല്‍ ഹറമിന്റെ ഭാഗത്തേക്ക് മുഖം തിരിക്കൂ’ (ബഖറ/144).
ഈ ആയത്ത് ഇറങ്ങിയത് മുതല്‍ മുസ്‌ലിംകളുടെ ഖിബ്ല മക്കയിലെ കഅ്ബയായിത്തീര്‍ന്നു. അതിനാലാണ് മക്കക്ക് ഖിബ്ലതുല്‍ ഇസ്ലാം എന്ന പേര് നല്‍കപ്പെട്ടത്.
മആദ്
മടക്കസ്ഥാനം എന്നാണ് ഈ പദത്തിന്റെ ഭാഷാര്‍ത്ഥം. മക്കയില്‍ ചെന്ന് ആത്മീയ സായൂജ്യമണിഞ്ഞ് നാട്ടിലെത്തിയ വിശ്വാസി വീണ്ടും മക്കയിലെത്താന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെ എല്ലാവരുടെയും മടക്കസ്ഥാനം മക്കയാണ്. തിരുനബി(സ്വ) പറഞ്ഞു: ഓരോ വര്‍ഷവും ചുരുങ്ങിയത് ആറു ലക്ഷം ആളുകളെ ഹജ്ജ് ചെയ്യിപ്പിക്കാമെന്ന് അല്ലാഹു കഅ്ബാലയത്തോട് വാഗ്ദത്തം നടത്തി. ആറുലക്ഷത്തില്‍ കുറഞ്ഞാല്‍ മലക്കുകളെ കൊണ്ട് പ്രസ്തുത കണക്ക് പൂര്‍ത്തീകരിക്കാമെന്നും’ (രിസാലത്തുന്‍ ഫീ അസ്മാഇ മക്ക/33,34).
മലാദുര്‍റുസുല്‍
പ്രവാചകന്മാരുടെ അഭയകേന്ദ്രം എന്നാണ് അര്‍ത്ഥം. ലോകത്തുള്ള സാധാരണ ജനങ്ങള്‍ മാത്രമല്ല, ഉത്തമരായ പ്രവാചകന്മാരും ആഗ്രഹിച്ചത് മക്കയിലെത്തലും അവിടെ വഫാത്താവലുമായിരുന്നു. പല പ്രവാചകന്മാരുടെയും ഖബര്‍ നിലകൊള്ളുന്നത് മക്കയിലാണ്. നബി(സ്വ) പറഞ്ഞു: നൂഹ് നബി(അ), ശുഐബ്(അ), സ്വാലിഹ്(അ) എന്നീ പ്രവാചകന്മാരുടെ ഖബറുകള്‍ മഖാമു ഇബ്റാഹീമിനും സംസമിനുമിടയിലാണ് (രിസാലത്തുന്‍ ഫീ അസ്മാഇ മക്ക/35). പ്രവാചകന്മാര്‍ അവരുടെ സങ്കേതമായി കണ്ടിരുന്നത് മക്കയാണെന്നു സാരം.
അല്‍ബലദ്
ഖുര്‍ആനില്‍ അല്‍ബലദ് എന്ന പ്രയോഗം മക്കയെക്കുറിച്ച് നടത്തിയിട്ടുണ്ട്. ഉദാഹരണം ‘ഞാന്‍ ഈ നാടിനെ സത്യം ചെയ്യുന്നു’ (അല്‍ബലദ്/1), ‘നിര്‍ഭയത്വമുള്ള ഈ നാട് സാക്ഷി’ (അത്തീന്‍/4). ഈ ആയത്തുകളിലെല്ലാം നാട് എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മക്കയാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നതു കാണാം. ഈ പറഞ്ഞതല്ലാത്ത ഒട്ടനവധി നാമങ്ങള്‍ മക്കക്കുണ്ട്. മക്കയുടെ നാമങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി മാത്രം നിരവധി ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. മക്കതുല്‍ മുകര്‍റമ അസ്മാഉഹാ വ താരീഖുഹാ, രിസാലത്തുന്‍ ഫീ അസ്മാഇ മക്ക, ഖസീദത്തുന്‍ ഫീ അസ്മാഇ മക്ക, അസ്മാഉ മക്ക വല്‍ മദീന ഫീ ലിസാനില്‍ അറബി ഇങ്ങനെ ഒട്ടനവധി ഗ്രന്ഥങ്ങള്‍.
മറ്റു ചില നാമങ്ങള്‍ ഇവയാണ്: ഖര്‍യഃ, നസ്സാസ, ബാസ്സ, നാസ്സ, സനിയ്യ, അല്‍ബല്‍ദത്ത്, ഉമ്മുറുഹ്മ്, മുഖദ്ദസ, ഉമ്മു സുഹ്മ്, മഖാം, ത്വീബ, മുഹ്ബിത് വഹ്യ്, റഅ്സു ഫള്ല്‍, ഹാത്വിമ, തിഹാമ, ഉമ്മു സുബ്ഹ്, ഉമ്മു റൗഹ്, ബര്‍ദ്, അറൂള്, സലാം, സൈല്‍, ഖര്‍യത്തുന്നംല്, സബൂഹത്ത്, മഅ്മൂന്‍, ഫാറാന്‍, അല്‍വാദി ഇവയെല്ലാം വിശുദ്ധ നാടിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചറിയിക്കുന്നു.

മുസ്തഫല്‍ ഫാളിലി കരീറ്റിപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ