hajj prayer-malayalam

മനസ്സും ശരീരവും ഒരു പോലെ കർമനിരതമാവുന്ന മഹിതമായ ആരാധനയാണ് ഹജ്ജ്. മനുഷ്യന്റെ ആത്മീയമായ പുരോഗതിക്കു വേണ്ട എല്ലാ ആരാധനകളുടെയും അകക്കാമ്പ് ഹജ്ജിലുണ്ട്. അതു കൊണ്ടു തന്നെയാണ് ഹജ്ജിന്റെ മഹത്ത്വവും പവിത്രതയും വിവരണാതീതമായത്. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസിൽ നബി(സ്വ) പറയുന്നു: വല്ലവനും അനാവശ്യവും പാപവും കലരാത്ത ഹജ്ജ് ചെയ്താൽ ഉമ്മ പ്രസവിച്ച ദിനത്തിലേതു പോലെ അവൻ പാപമുക്തനായി വരുന്നതാണ് (ബുഖാരി, മുസ്‌ലിം).

മനുഷ്യൻ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങളും അല്ലാഹു നിറവേറ്റി നൽകുന്ന പുണ്യ കർമമാണെന്ന പ്രത്യേകതയും ഹജ്ജിനുണ്ട്. പ്രാർത്ഥനക്കുത്തരം കിട്ടുമെന്നു പണ്ഡിതന്മാർ എണ്ണിപ്പറഞ്ഞ ഹജ്ജുമായി ബന്ധപ്പെട്ട ധാരാളം സ്ഥലങ്ങളിൽ ചിലതാണു താഴെ വിവരിക്കുന്നത്.

മത്വാഫ്

ഏതു പള്ളിയിൽ പ്രവേശിച്ചാലും തഹിയ്യത്ത് നിസ്‌കാരമാണ് സുന്നത്തുള്ളതെങ്കിൽ മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാൽ ത്വവാഫാണ് സുന്നത്ത്. കഅ്ബയുടെ കിഴക്കു തെക്കെ മൂലയിൽ നിന്നു തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന നിലയിൽ ഏഴു പ്രാവശ്യം കഅ്ബയെ പ്രദക്ഷിണം ചെയ്യലാണ് ത്വവാഫ്. ത്വവാഫിന്റെ തുടക്കത്തിൽ ഹൃദയം ഹജറുൽ അസ്‌വദിന് അഭിമുഖമാവണം. തിരുനബി(സ്വ) പറയുന്നു: നിങ്ങൾക്കനുകൂലമായി ഹജറുൽ അസ്‌വദിനെക്കൊണ്ട് നിങ്ങൾ സാക്ഷി പറയിപ്പിക്കുക.  അതിനെ ചുംബിക്കുന്നവർക്ക് നാളെ അതു ശഫാഅത്ത് ചെയ്യും. അപ്പോൾ അതിന് രണ്ടു നാവുകളും രണ്ടു ചുണ്ടുകളുമുണ്ടാകും (ത്വബ്‌റാനി). ത്വവാഫ് ചെയ്യുന്ന കഅ്ബക്കു ചുറ്റുമുള്ള സ്ഥലം (മത്വാഫ്) പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഇടങ്ങളിൽ പെടുന്നു.

മുൽതസം

കഅ്ബയുടെ തെക്കു കിഴക്ക് മൂല മുതൽ കിഴക്കു ഭാഗത്തെ വാതിലിനിടിയിലുള്ള സ്ഥലമാണ് മുൽതസം. ജനങ്ങൾ സദാസമയവും തിങ്ങിനിറഞ്ഞു ദുആ ചെയ്യുന്ന സ്ഥലമായതു കൊണ്ടാണ് മുൽതസമിന് ആ പേർ ലഭിച്ചത്. മുജാഹിദ്(റ) പറയുന്നു: ‘ഹജറുൽ അസ്‌വദുള്ള മൂലയുടെയും വാതിലിന്റെയും ഇടക്കുള്ള സ്ഥലമാണ് മുൽതസം എന്നറിയപ്പെടുന്നത്. അവിടെ നിന്നു കൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന ഏതൊരു അടിമക്കും ഉത്തരം ലഭിക്കാതിരിക്കുകയില്ല’ (അഖ്ബാറു മക്ക). നെഞ്ചും മുഖവും മുൽതസമിനോട് ചേർത്തുവെച്ച് പ്രവാചകർ(സ്വ) പ്രാർത്ഥിച്ചിരുന്നു (അബൂദാവൂദ്).

മീസാബ്

കഅ്ബാ ശരീഫിന്റെ മേൽക്കൂരയിൽ നിന്നു വെള്ളം താഴോട്ട് ഒഴുകുന്നതിനായി സ്ഥാപിച്ച പാത്തിയാണ് മീസാബ്. പടിഞ്ഞാറെ ഭിത്തിക്കു മുകളിൽ ഹിജ്‌റ് ഇസ്മാഈലിലേക്ക് വെള്ളം പതിക്കുന്ന രൂപത്തിലാണു മീസാബുള്ളത്. ഹി. 1276-ൽ സുൽത്താൻ അബ്ദുൽ മജീദാണ് സ്വർണം കൊണ്ടുള്ള മീസാബ് പണിതത്. ആദ്യമായി കഅ്ബാ ശരീഫിനു പാത്തി നിർമിച്ചതു ഖുറൈശികളായിരുന്നു. പിന്നീട് അബ്ദുല്ലാഹിബിൻ സുബൈറും(റ) ഹജ്ജാജ്ബിൻ യൂസുഫും അതു മാറ്റി സ്ഥാപിച്ചു. ശേഷം പല ഭരണാധികാരികളും പാത്തി മാറ്റിവെക്കുകയും അതിന്റെ  കേടുപാടുകൾ തീർക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബിൻ അബ്ബാസിൽ(റ) നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: പുണ്യവാന്മാരുടെ മുസ്വല്ലയിൽ നിങ്ങൾ നിസ്‌കരിക്കുകയും ഉത്തമന്മാരുടെ പാനീയത്തിൽ നിന്നു നിങ്ങൾ കുടിക്കുകയും ചെയ്യുക. അപ്പോൾ ചോദിക്കപ്പെട്ടു: അവ ഏതെല്ലാമാണ്? അദ്ദേഹം പറഞ്ഞു: പുണ്യവാന്മാരുടെ മുസ്വല്ല സ്വർണപ്പാത്തിക്കു താഴെയും ഉത്തമന്മാരുടെ പാനീയം സംസം വെള്ളവുമാണ് (അസ്‌റഖി/അഖ്ബാറു മക്ക). മീസാബിനു ചുവട്ടിലുള്ള പ്രാർത്ഥനയും ഉത്തരം ലഭിക്കുന്നതാണ്.

മഖാമു ഇബ്‌റാഹീം

കഅ്ബാ ശരീഫിന്റെ നിർമാണ സമയത്ത് ഇബ്‌റാഹീം നബി(അ) കയറി നിന്ന ഒരു കല്ലാണത്.

‘അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീം നിന്ന സ്ഥലം! അതിൽ ആര് കടന്നുവോ അവൻ നിർഭയനായി'(3/97). പ്രമുഖ പണ്ഡിതൻ അബുസ്സുഊദ്(റ) എഴുതുന്നു: ‘കഅ്ബാലയം  പടുത്തുയർത്തുന്ന വേളയിൽ ചുമർ ഉയരത്തിലെത്തിയപ്പോൾ ഇബ്‌റാഹീം നബി(അ) കയറി നിന്ന കല്ലിൽ മഹാന്റെ ഇരുപാദങ്ങളും പതിഞ്ഞിരുന്നു. അതാണു മഖാമു ഇബ്‌റാഹീം. അല്ലെങ്കിൽ ഇബ്‌റാഹീം നബി(അ)യുടെ തല കഴുകിക്കൊടുക്കുന്ന സമയത്ത് അദ്ദേഹം ചവിട്ടി നിന്ന കല്ലാണത്. ഇബ്‌റാഹീം(അ) ശാമിൽ നിന്ന് മക്ക സന്ദർശിക്കാൻ വേണ്ടി വന്നപ്പോൾ ഇസ്മാഈൽ നബി(അ)യുടെ ഭാര്യ പറഞ്ഞു: ‘വാഹനപ്പുറത്തുനിന്നിറങ്ങൂ, ഞാൻ തല കഴുകിത്തരാം.’ അദ്ദേഹം ഇറങ്ങാതിരുന്നപ്പോൾ മഹതി ഈ കല്ലു കൊണ്ടു വന്ന് അദ്ദേഹത്തിന്റെ വലതു ഭാഗത്തു വെച്ചു കൊടുത്തു.  അതിൽ ചവിട്ടി നിന്നപ്പോൾ തലയുടെ വലതു ഭാഗം കഴുകി കൊടുത്തു. ശേഷം ആ കല്ല് ഇടതു ഭാഗത്ത് കൊണ്ടു വെച്ചു. അതിൽ ചവിട്ടി നിന്നപ്പോൾ മഹതി തലയുടെ ഇടതു ഭാഗവും കഴുകിക്കൊടുത്തു. അങ്ങനെ നബിയുടെ ഇരുകാൽപാദങ്ങളും അതിൽ പതിഞ്ഞു’ (അബുസ്സുഊദ്). മഖാമു ഇബ്‌റാഹീമിനെ സംബന്ധിച്ച് മറ്റു പല അഭിപ്രായങ്ങളും പണ്ഡിതന്മാർക്കുണ്ട്. ഇതിനു പിറകിൽ വെച്ച് ത്വവാഫാനന്തരം നിസ്‌കരിക്കൽ സുന്നത്തുണ്ട്. പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന പുണ്യസ്ഥലമാണത്.

അറഫ

പ്രാർത്ഥന സ്വീകരിക്കുന്ന മറ്റൊരു സ്ഥലമാണ് അറഫ. കഅ്ബാ ശരീഫിന്റെ കിഴക്കു ഭാഗത്ത് മിനായുടെയും മുസ്ദലിഫയുടെയും വാദി നമിറയുടെയും അപ്പുറം ഹറമിനു പുറത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്. മക്കയിൽ നിന്ന് 25 കിലോമീറ്ററാണ് അറഫയിലേക്കുള്ള ദൂരം. മൂന്നു വശങ്ങളും പർവതങ്ങളാൽ ചുറ്റപ്പെട്ട മൈതാനമാണ് അറഫ. സ്വർഗത്തിൽ നിന്നു പുറത്തിറങ്ങിയ ശേഷം ആദം നബി(അ)യും ഹവ്വാഅ് ബീവിയും കണ്ടുമുട്ടിയ സ്ഥലമായതു കൊണ്ടാണ് ഇതിന് അറഫ എന്ന പേരു ലഭിച്ചത്. തിരുനബി(സ്വ) വിടവാങ്ങൽ പ്രസംഗം നടത്തിയത് അറഫയിൽ വെച്ചായിരുന്നു. അറഫാ സംഗമം ഹജ്ജിന്റെ മുഖ്യഘടകമാണ്.

മുസ്ദലിഫ  

അറഫയുടെയും മിനായുടെയും ഇടയിലുള്ള സ്ഥലമാണ് മുസ്ദലിഫ. മിനായിൽ നിന്ന് മൂന്ന് കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു. ദുൽഹിജ്ജ പത്താം രാവിന്റെ അർധരാത്രിക്കു ശേഷം അൽപ സമയമെങ്കിലും മുസ്ദലിഫ അതിർത്തിക്കുള്ളിൽ താമസിക്കൽ ഹജ്ജിന്റെ വാജിബാത്തിൽ പെട്ടതാണ്. ഒരു മണിക്കൂറിൽ ചുരുങ്ങാതിരിക്കലാണ് ഉത്തമം. പെരുന്നാൾ ദിവസം ജംറതുൽ അഖബയെ എറിയാനുള്ള കല്ലുകൾ ഇവിടെ നിന്നു ശേഖരിക്കൽ സുന്നത്തുണ്ട്.

മിന

കഅ്ബാ ശരീഫിന്റെ കിഴക്ക് ഭാഗത്താണ് മിനാ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഏകദേശം ആറു കിലോമീറ്റർ ദൂരത്താണിത്. ഇബ്‌റാഹീം നബി(അ) തന്റെ പുത്രനായ ഇസ്മാഈൽ നബി(അ)യെ ബലിയറുക്കാൻ കൊണ്ടുപോയത് മിനായിലേക്കാണ്. മഹാരഥന്മാരായ പ്രവാചകന്മാർ ത്യാഗ ചരിതങ്ങളെഴുതിയ പുണ്യ ഭൂമിയാണത്. ഇവിടെ വെച്ചുള്ള ദുആയും ഫലപ്രദമാകുന്നു.

ജംറത്തുൽ ഊലായും വുസ്ത്വായും

മിനയിലെ മസ്ജിദുൽ ഖൈഫിന്റെ തൊട്ടടുത്തുള്ള ജംറയാണ് ജംറതുൽ ഊല. അയ്യാമുത്തശ്‌രീഖിന്റെ മൂന്ന് ദിവസങ്ങളിലും ആദ്യം കല്ലെറിയുന്നത് ഇവിടെയാണ്. ഏറു കഴിഞ്ഞയുടനെ ഇവിടെ വെച്ചു ദുആ ചെയ്യണം.  അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങളിൽ രണ്ടാമതു കല്ലെറിയുന്ന സ്ഥലമാണ് ജംറതുൽ വുസ്ത്വാ.  ഇവിടെ വെച്ചും ദുആ ചെയ്യേണ്ടതാണ്. എന്നാൽ മൂന്നാമതു കല്ലെറിയുന്ന ജംറതുൽ അഖബയിൽ വെച്ചു ദുആ ചെയ്യൽ സുന്നത്തില്ല.

സ്വഫാ മർവ

വിശുദ്ധ കഅ്ബയുടെ കിഴക്കു ഭാഗത്ത് മസ്ജിദുൽ ഹറാം അവസാനിക്കുന്നിടത്തുള്ള രണ്ട് ചെറിയ കുന്നുകളാണ് ഇവ. സ്വഫയിൽ നിന്ന് കിഴക്കു വടക്ക് 395 മീറ്റർ അകലെയാണ് മർവ. ഹജ്ജും ഉംറയും നിർവഹിക്കുമ്പോൾ ഈ രണ്ട് കുന്നുകൾക്കിടയിൽ ഏഴു തവണ നടക്കണം. മഹതി ഹാജറ(റ) തന്റെ കുഞ്ഞിനു ജലമന്വേഷിച്ച് ഈ രണ്ടു കുന്നുകളും ഏഴ് പ്രാവശ്യം കയറിയിറങ്ങിയിരുന്നു. ഈ ചരിത്ര സംഭവത്തെ അനുസ്മരിച്ചു കൊണ്ടുള്ളതാണ് ഹജ്ജ് കർമങ്ങളിൽ പെട്ട സ്വഫാ മർവക്കിടയിലെ സഅ്‌യ്. അല്ലാഹു പറയുന്നു: ‘നിശ്ചയം സ്വഫയും മർവയും അല്ലാഹുവിന്റെ അടയാളങ്ങളിൽ പെട്ടവയാണ്. അതു കൊണ്ട് (കഅ്ബാ)മന്ദിരത്തിൽ വന്ന് ഹജ്ജോ ഉംറയോ നടത്തുന്നവർക്ക് അവയെ പ്രദക്ഷിണം ചെയ്യുന്നതിൽ തെറ്റില്ല.  സ്വമേധയാ ആരെങ്കിലും  നന്മ ചെയ്താൽ (അത് വെറുതെയാവില്ല).  കാരണം തീർച്ചയായും അല്ലാഹു പ്രതിഫലം നൽകുന്നവനും സർവജ്ഞനുമാകുന്നു.’ (അൽ ബഖറ 158). ഈ രണ്ടു കുന്നുകളിലെയും പ്രാർത്ഥന സ്വീകരിക്കപ്പെടും.

സംസം കിണർ

മത്വാഫിൽ തന്നെയാണ് സംസം കിണർ സ്ഥിതി ചെയ്യുന്നത്. ഹാജർ ബീവിയുടെ പ്രയാസം മാറ്റാനും ഇസ്മാഈൽ നബി(അ)ക്ക് ജീവിച്ചു വളരാനും വേണ്ടി ജിബ്‌രീൽ(അ) രൂപപ്പെടുത്തി ക്കൊടുത്തതാണ് ഇത്. 30 മീറ്റർ ആഴവും 11 .08 മീറ്റർ വീതിയുമുള്ള സംസം കിണർ ഒരു സെക്കന്റിൽ 8000 ലിറ്റർ വെള്ളവും മണിക്കൂറിൽ 2,88,00000 ലിറ്റർ വെള്ളവുമാണ് പമ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ന് പക്ഷേ, അതു കാണാനോ അവിടെവെച്ച് പ്രാർത്ഥിക്കാനോ സൗകര്യം ലഭിക്കുകയില്ല.

മശ്അറുൽ ഹറാം

മുസ്ദലിഫയിൽ നിന്ന് മിനയിലേക്ക് പോകുന്ന വഴിയിലുള്ള ഒരു കുന്നാണ്  മശ്അറുൽ ഹറാം എന്ന സ്ഥലം. ആ കുന്നിന് മുകളിൽ കയറി കഅ്ബയിലേക്ക് തിരിഞ്ഞു നിന്നാണ് പ്രാർത്ഥിക്കേണ്ടത്. അവിടെ വെച്ച് ദിക്‌റുകളും തസ്ബീഹുകളും ധാരാളം ചൊല്ലി ദുആ ചെയ്യണം.

മസ്ആ    

സ്വഫാ കുന്നിന്റെയും മർവാ മലയുടെയും ഇടയിലുള്ള സ്ഥലമാണ് മസ്ആ. സ്വഫയിൽ നിന്നു തുടങ്ങി മർവയിൽ അവസാനിക്കുന്ന വിധത്തിൽ ഏഴ് പ്രാവശ്യം നടക്കുന്നതാണ് സഅ്‌യ.് മസ്ആക്കു മുകളിൽ മേൽക്കൂര പണിതത് ഹി.1339-ൽ ശരീഫ് ഹുസൈൻ എന്ന ഭരണാധികാരിയാണ്. ഇതും പ്രാർത്ഥനാ സ്ഥാനമാണ്.

ഹിജ്‌റ് ഇസ്മാഈൽ

കഅ്ബയുടെ വടക്കു ഭാഗത്ത് ചുറ്റുമതിൽ കെട്ടിയ സ്ഥലമാണ് ഹിജ്‌റ് ഇസ്മാഈൽ. ഇബ്രാഹീം നബി(അ)യുടെ കാലം മുതൽ ഖുറൈശികളുടെ പുനർനിർമാണ കാലം വരെയും ഇതു കഅ്ബക്കുള്ളിലായിരുന്നു. അബ്ദുല്ലാഹി ബ്‌നു സുബൈർ(റ) ഈ സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് കഅ്ബയുടെ പുനർനിർമാണം നടത്തിയത്. എന്നാൽ ഹജ്ജാജു ബ്‌നു യൂസുഫ് അത് പൊളിച്ചു മാറ്റുകയും ഇപ്പോഴുള്ള ചുറ്റുമതിൽ നിർമിക്കുകയുമായിരുന്നു. ഇസ്മാഈൽ നബി(അ)യുടെയും ഹാജർ ബീവി(റ)യുടെയും ഖബ്ർ അവിടെയാണുള്ളത്.

റുക്‌നുൽ യമാനി

കഅ്ബയുടെ തെക്കു പടിഞ്ഞാറ് മൂലയാണ് റുക്‌നുൽ യമാനി എന്നറിയപ്പെടുന്നത്.  കഅ്ബയുടെ യമൻ ഭാഗത്തേക്കുള്ള  ഈ മൂലയെ തൊട്ടു മുത്തൽ സുന്നത്താണ്. അതിനു സാധ്യമല്ലെങ്കിൽ കൈകൊണ്ടൊ മറ്റോ അതിലേക്കു ചൂണ്ടി അതു ചുംബിക്കണം.

ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസിൽ തിരുനബി(സ്വ) പറയുന്നു: ‘നിശ്ചയം റുക്‌നുൽ യമാനിയേയും റുക്‌നുൽ അസ്‌വദിനേയും സ്പർശിക്കുന്നത് പാപങ്ങളെ മുഴുവൻ മായ്ച്ചു കളയുന്നതാണ്’ (മുസ്‌നദു അഹ്മദ്).

ഉസ്മാനുബ്‌നുൽ അസ്‌വദ്(റ)ൽ നിന്നു നിവേദനം. മുജാഹിദ്(റ) ഒരാളോട് ഇങ്ങനെ പറഞ്ഞു:  ‘റുക്‌നുൽ യമാനിയുടെ മുകളിൽ കൈ വെച്ച് പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കാതിരിക്കുകയില്ല. അതിനാൽ വരൂ നമുക്ക് അതിന്മേൽ കൈ വെച്ച് പ്രാർത്ഥിക്കാം’ (മുസ്വന്നഫു അബ്ദി റസാഖ്). മുജാഹിദ്(റ)വിൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: ‘റുക്‌നുൽ യമാനിയുടെ മേൽ കൈവെച്ചു പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം ലഭിക്കാതിരിക്കുകയില്ല. റുക്‌നുൽ യമാനിയുടെയും റുക്‌നുൽ അസ്‌വദിന്റെയും ഇടയിൽ എഴുപതിനായിരം മലക്കുകളുണ്ട്. കഅ്ബാലയം സൃഷ്ടിച്ചതു മുതൽ അവർ അവിടെ സ്ഥിരമായി ഉള്ളവരാണ്’ (ഇആനതുത്വാലിബീൻ).

മറ്റു സ്ഥലങ്ങൾ

കഅ്ബാ ശരീഫിന്റെ ഉൾഭാഗം, മുസ്തജാർ എന്ന സ്ഥലം, നബി(സ്വ)ക്ക് ആദ്യമായി വഹ്‌യ് ലഭിച്ച ജബലുന്നൂറിലെ ഹിറാ ഗുഹ, മിനായിലെ മസ്ജിദുൽ കബ്ശ്, മസ്ജിദുൽ ഖൈഫ്, മസ്ജിദുന്നഹ്‌റ്, മസ്ജിദുൽ ബൈഅത്ത് എന്നീ നാലു പള്ളികൾ, മിനായിലെ സ്വഖ്‌റത്ത് ആഇശ എന്ന ഗുഹ, മസ്ജിദുൽ ഹറാമിലെ ബാബു ബനീശൈബ, ഖദീജാ ബീവി(റ)യുടെ വീട് നിന്നിരുന്ന സ്ഥലം, നബി(സ്വ) പ്രസവിക്കപ്പെട്ട സ്ഥലം തുടങ്ങിയവയെല്ലാം പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഇടങ്ങളാണെന്ന്  പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇപ്രകാരം തന്നെ കഅ്ബയെ ആദ്യം കാണുന്ന സന്ദർഭത്തിലുള്ള പ്രാർത്ഥനയും ഏറെ സ്വീകാര്യ പ്രതീക്ഷയുള്ളതാണ്. ഹജ്ജ് കേവലമൊരുയാത്രയല്ല. കായികാധ്വാനവുമല്ല. ദുൻയാവിലെയും ആഖിറത്തിലെയും സർവ പുണ്യങ്ങളും നേടിയെടുക്കാനുള്ള അസുലഭാവസരമാണ്. അതിനു പ്രാർത്ഥനയാണ് പ്രധാനായുധം. ഉപരിസൂചിത സ്ഥലങ്ങൾ പ്രാർത്ഥനകൊണ്ട് ധന്യമാക്കേണ്ടത് നമ്മുടെ ബാധ്യതയാകുന്നു.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ