എത്രയും വേഗം നാട്ടിലെത്തണം. കടം വാങ്ങിയ ആയിരം ദീനാർ തിരികെ നൽകണം. ആ ബനൂഇസ്‌റാഈലുകാരൻ കടൽതീരത്ത് കപ്പലും കാത്ത് വെപ്രാളത്തോടെ നിൽക്കുകയാണ്. തന്റെ കടത്തിന്റെ സാക്ഷിത്വവും ജാമ്യവും അല്ലാഹുവിൽ ഏൽപിച്ചാണ് അയാൾ നാടുവിട്ടത്. സമയത്തിന് കടം വീട്ടാൻ കഴിയാതിരുന്നാലോ എന്നായിരുന്നു ആശങ്ക. കപ്പൽ കാണാഞ്ഞ് അവസാനം, അയാളൊരു മരപ്പലക തുരന്നെടുത്ത് കൊടുക്കേണ്ട ദീനാറുകളും ചെറിയൊരു കുറിപ്പും അതിൽ തിരുകി സ്രഷ്ടാവിൽ ഭരമേൽപിച്ച് കടലിൽ ഒഴുക്കി.
ദിവസങ്ങൾ അതൊഴുകി നടന്നു. മറുകരയിൽ തന്റെ പണവുമായി ആരെങ്കിലും വരുന്നതും പ്രതീക്ഷിച്ച് കടം കൊടുത്തയാളും നിൽപുണ്ടായിരുന്നു. കടലിലൂടെ ഒഴുകിവരുന്ന മരപ്പലക വിറകാവശ്യത്തിന് അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോയി. മരം വെട്ടിപ്പൊളിച്ചപ്പോഴാണ് കടം കൊടുത്ത ആയിരം ദീനാറും തനിക്കുള്ള കത്തും കാണുന്നത്. ആശ്ചര്യത്തോടെ അയാൾ നാഥന്റെ മഹത്ത്വത്തെ വാഴ്ത്തി (സ്വഹീഹുൽ ബുഖാരി). തവക്കുൽ അത്രമേൽ നിർഭയത്വം നൽകുന്നതിന്റെ ഹൃദയസ്പർശിയായ ഒരു ചരിത്ര സന്ദർഭമാണിത്.
‘വുകൂൽ’ എന്ന ക്രിയാധാതുവിൽ നിന്നും നിഷ്പന്നമായ പദമാണ് തവക്കുൽ. ഏതെങ്കിലും കാര്യത്തിൽ മറ്റൊരാളെ/ മറ്റൊന്നിനെ അവലംബിച്ചു എന്നാണ് ‘വക്കല’ എന്ന പദത്തിനർത്ഥം. ഉത്തരവാദിത്വം വഹിക്കുന്നവൻ, കൈകാര്യാധികാരി, മേൽനോട്ടക്കാരൻ തുടങ്ങിയ അർത്ഥങ്ങളുൾകൊള്ളുന്ന പദമാണ് ‘വകീൽ’. അല്ലാഹുവിലുള്ള പരിപൂർണ സമർപണം/ അവലംബം എന്നതാണ് തവക്കുലിന്റെ അകംപൊരുൾ.
അല്ലാഹു ഇഹജീവിതത്തിൽ ഓരോന്നിനും നിശ്ചയിച്ച കാരണങ്ങളെ സമീപിച്ചാവണം തവക്കുൽ. ഭക്ഷിക്കുന്നത് വിശപ്പ് മാറാനാണ് എന്നത് പോലെ സകല കാര്യത്തിനും സ്രഷ്ടാവ് കാരണങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹുവിൽ മുറപ്രകാരം തവക്കുൽ ചെയ്താൽ ഒട്ടിയ വയറുമായി നേരം പുലരുമ്പോൾ കൂട് വീട്ടിറങ്ങുകയും സന്ധ്യാനേരം നിറഞ്ഞ വയറുമായി കൂടണയുകയും ചെയ്യുന്ന പക്ഷിയെ പോലെയാണവരെന്നാണ് തിരുവരുൾ. ആ പക്ഷികൾക്ക് അല്ലാഹു അന്നം നൽകും പോലെ അവർക്കും അന്നപാനീയങ്ങൾ നൽകുന്നതാണ്.
നന്മതിന്മകൾ അല്ലാഹുവിൽ നിന്നാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഏതൊരാളും നന്മ കൈവരുമ്പോൾ അല്ലാഹുവിനോട് നന്ദി പറയും. തിന്മ നേരിടുമ്പോൾ ക്ഷമിക്കുകയും രക്ഷക്കായി നാഥനോട് പ്രാർത്ഥിക്കുകയും ചെയ്യും. ഇഹത്തിൽ സാധ്യമായ പ്രവർത്തനങ്ങളിൽ നിരതരായി അതിനപ്പുറമുള്ള കാര്യങ്ങളിൽ അല്ലാഹുവിന്റെ സഹായത്തിലും ഔദാര്യത്തിലും പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്നവർക്ക് അല്ലാഹു സന്തോഷങ്ങൾ പ്രദാനിക്കാതിരിക്കില്ല.
ഹൃദയാവസ്ഥ പൂർണമായും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അത്യുന്നതമായ അവസ്ഥയിലാകുമ്പോൾ മാത്രമേ തവക്കുൽ യഥാർത്ഥമാകുന്നുള്ളൂ. പ്രസ്തുത അവസ്ഥയെ തസ്വവ്വുഫ് ഗ്രന്ഥങ്ങൾ ‘യഖീൻ’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സംശയത്തിന്റെ യാതൊരംശവുമില്ലാത്ത സന്ദേഹരഹിതമായ ഈമാനാണത്.
ഇലാഹീ വിശ്വാസമാണ് തവക്കുലിന്റെ അടിത്തറ. തവക്കുലിന്റെ പാരമ്യതയിൽ വിശ്വാസം പ്രോജ്വലിക്കുന്നു. ഇതിലൂടെ അടിമ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്നതിനു പുറമെ അവന്റെ സർവ ഗുണങ്ങളെയും (സ്വിഫാത്) സർവാത്മനാ അംഗീകരിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല. റബ്ബ് എന്ന പദത്തിന്റെ സാരം പടിപടിയായി വളർത്തുന്നവൻ എന്നാണ്. വർണശബളവും വൈജാത്യങ്ങൾ നിറഞ്ഞതുമായ ഈ പ്രപഞ്ചവും അതിലെ സകല വസ്തുക്കളും നമ്മളെ തന്നെയും അവൻ സൃഷ്ടിച്ചിട്ടുള്ളതാണ്. ഈ ഏകത്വദർശനത്തെ ഉൾകൊണ്ടവരിൽ പ്രകടമാകുന്നതാണ് തവക്കുലെന്ന ഗുണവിശേഷം.
തവക്കുലിന് ഇരുവശമുണ്ട്. ഒന്ന്, ഉപകാരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയുള്ള സഹായതേട്ടം. രണ്ട്, ഉപദ്രവങ്ങൾ തടയുന്നതിനുള്ള തേട്ടം. ഇബ്‌നു അബ്ബാസ്(റ) കുട്ടിയായിരിക്കെ നബി(സ്വ) അദ്ദേഹത്തെ ഉപദേശിക്കുന്ന ദീർഘമായൊരു ഹദീസ് കാണാം. അബ്ബാസ്(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ്വ)യുടെ പിറകിൽ (വാഹനപ്പുറത്ത്) യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അവിടന്ന് ഇങ്ങനെ അരുളി: മോനേ, ഞാൻ നിന്നെ ചില വചനങ്ങൾ പഠിപ്പിക്കാം. ‘നീ അല്ലാഹുവിനെ സൂക്ഷിക്കുക. എങ്കിൽ അവൻ നിന്നെ സംരക്ഷിക്കും. നീ അവനെ സൂക്ഷിക്കുന്നുവെങ്കിൽ നിനക്കവനെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ വല്ല സഹായവും തേടുകയാണെങ്കിൽ അവനോട് തേടുക. അറിയുക; ജനങ്ങൾ മുഴുവനും നിനക്ക് വല്ല ഉപകാരവും ചെയ്യാൻ ഒത്തൊരുമിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒരു ഉപകാരവും ചെയ്യാൻ അവർക്ക് സാധ്യമല്ല. ഇനി അവൻ നിനക്ക് വിധിച്ചതല്ലാതെ ഒരു ഉപദ്രവം ചെയ്യാനും അവർക്ക് സാധ്യമല്ല. പേനകൾ ഉയർത്തപ്പെടുകയും ഏടുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു’ (തിർമുദി).
ഇതാണ് ഒരു മുതവക്കിലിന്റെ അവസ്ഥ. ആരൊക്കെ ശ്രമിച്ചാലും അല്ലാഹുവിന്റെ ഉദ്ദേശ്യമില്ലാതെ ഒന്നും സാധ്യമല്ലെന്ന നിശ്ചയം നിർഭയത്വമാണ്. അത് ഉൾകൊണ്ട് യഥാർത്ഥ തവക്കുലുള്ളവരാവുകയും അല്ലാഹുവിനെ കുറിച്ചുള്ള സുരക്ഷിതത്വബോധം നമ്മുടെ മക്കളിൽ ഊട്ടിഉറപ്പിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം ഒരു അരക്ഷിതാവസ്ഥ നമ്മെ വലയം ചെയ്യുന്നതായി അനുഭവപ്പെടും. അല്ലാഹുവല്ലാത്ത ഏതൊരു ആരാധ്യരുടെ പിറകെ പോയാലും യാതൊരു നിർഭയത്വവും സാധ്യമല്ല. മാത്രമല്ല, ഭയചകിതരായി ജീവിതം തള്ളിനീക്കേണ്ടി വരികയും ചെയ്യും.
എന്നാൽ, കാരണങ്ങളെ അവലംബിക്കാതെയുള്ള ഭരമേൽപന ഇലാഹീ വിശ്വാസത്തിന്റെ പാരമ്യതയിലെത്തി നിൽക്കുന്ന മഹാന്മാരിലേ ദൃശ്യമാവൂ. ഇബ്‌നു അതാഇല്ലാഹ്(റ) കിതാബുൽ ഹികമിൽ വിശദീകരിച്ചു: ‘അല്ലാഹു നിന്നെ കാരണങ്ങളിൽ നിറുത്തിയിരിക്കെ, കാരണങ്ങളിൽ നിന്നു മുക്തമാവാൻ നീ ഉദ്ദേശിക്കുന്നുവെങ്കിൽ നിന്നിൽ മറഞ്ഞുകിടക്കുന്ന തൃഷ്ണയെയാണ് അറിയിക്കുന്നത്. കാരണങ്ങളിൽ നിന്നു മുക്തമായ ഒരു പദവിയിൽ അല്ലാഹു നിങ്ങളെ നിറുത്തിയിരിക്കെ കാരണങ്ങളെ തേടി പോകുന്നത് ഉന്നതമായ മനക്കരുത്തിൽ നിന്നുള്ള പതനവുമാണ്.’
എന്നാൽ ഭാര്യ, മക്കൾ തുടങ്ങി തന്റെ ആശ്രിതരായ വല്ലവരുമുണ്ടെങ്കിൽ ഇത്തരം തവക്കുൽ അയാൾക്ക് നിഷിദ്ധമാണെന്ന് പണ്ഡിതർ. തിരുനബി(സ്വ)യുടെ സ്ഥിതിവിശേഷങ്ങൾ ഈ തവക്കുലിന് അനുയോജ്യമായിരുന്നെങ്കിലും അവിടത്തെ ചര്യയായി നിർദേശിക്കപ്പെട്ടത്, കാരണം അവലംബിച്ചുള്ള ഭരമേൽപനമാണ്.

തവക്കുലിന്റെ ആഖ്യാനങ്ങൾ

സാങ്കേതികാർത്ഥത്തിൽ തവക്കുലിനെ വിഭിന്ന രീതികളിൽ ജ്ഞാനികൾ നിർവചിച്ചത് കാണാം. അല്ലാഹുവാണ് എന്റെ ത്രാണി എന്ന് അടിമ മനസ്സിലാക്കലാണ് തവക്കുലെന്നാണ് ഇമാം ഹസനുൽ ബസ്വരി(റ) ലളിതമായി നിർവചിച്ചത് (ജാമിഉൽ ഉലൂമി വൽ ഹികം). താജുൽ അറൂസ് എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിൽ ഇമാം അസ്സുബൈദീ(റ) വ്യാഖ്യാനിക്കുന്നത് അല്ലാഹുവിന്റടുക്കലുള്ളതിനെ കുറിച്ചുള്ള ഉറപ്പും മനുഷ്യരുടെ പക്കൽ നിന്നുള്ളതിനെ ചൊല്ലിയുള്ള ആശാ വിച്ഛേദവുമാണ് തവക്കുലെന്നാണ്. അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) പറഞ്ഞത് ഇങ്ങനെ: തവക്കുൽ യാഥാർത്ഥ്യമായവൻ സ്വാഭാവികമായും ഐഹിക ഉപാധികളിൽ നിന്ന് അകലുന്നതാണ് (രിസാലതുശ്ശൈഖ് 178).
എന്താണ് ഈമാൻ എന്ന ചോദ്യത്തിന് ‘തവക്കുൽ’ എന്നുത്തരം പറഞ്ഞ പണ്ഡിതന്മാരുണ്ട്. ഇമാം ഗസാലി(റ)യുടെ അഭിപ്രായത്തിൽ ദൈവപ്രീതി ലഭിച്ചവരുടെ ഉയർന്ന പദവിയാണ് തവക്കുൽ. വിശ്വാസ കാര്യങ്ങളോട് അത്രയും ചേർന്നുനിൽക്കുന്ന ഗുണമാണത്. അതോടൊപ്പം അത് ജീവഗന്ധിയുമാണ്. ബിശ്‌റുൽ ഹാഫി(റ) പറയുന്നു: ഞാൻ അല്ലാഹുവിൽ തവക്കുൽ ചെയ്തിരിക്കുന്നുവെന്ന് പറയുന്ന ചിലരുണ്ട്. യഥാർത്ഥത്തിൽ അവർ പറയുന്നത് കള്ളമാണ്. കാരണം, അവർ തവക്കുലാക്കിയിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെ വിധിയിൽ സംപ്രീതരാകുമായിരുന്നു.

ധർമപാതി

വിശുദ്ധ ഖുർആൻ വ്യാഖ്യാതാവായ സഈദുബ്‌നു ജുബൈർ(റ) പറയുന്നു: ‘ഒരു മനുഷ്യൻ ഈമാനുള്ളവനാണെന്ന് തീർച്ചപ്പെടുത്തണമെങ്കിൽ അയാളിൽ തവക്കുലുണ്ടായിരിക്കണം.’ അബ്ബാസ് ഇബ്‌നു അബ്ദുൽ മുത്വലിബ്(റ)വിൽ നിന്ന് നിവേദനം, നബി(സ്വ) അരുളി: അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ദീനായും മുഹമ്മദ്(സ്വ)യെ റസൂലായും തൃപ്തിപ്പെട്ടവൻ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു (മുസ്‌ലിം 34). ഇതിലൊന്നാമത്തെ കാര്യം ഭരമേൽപനമാണ്. യഥാർത്ഥ തവക്കുൽ പരീക്ഷണങ്ങളിലെല്ലാം വല്ലാത്തൊരാസ്വാദനം കണ്ടെത്താൻ അടിമയെ പ്രാപ്തനാക്കുന്നു; അതുപോലെ റബ്ബ് നൽകുന്ന അനുഗ്രഹങ്ങളിൽ സന്തോഷം കണ്ടെത്താനും. ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനിൽ നീ ഭരമേൽപിക്കുക. അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിക്കുകയും ചെയ്യുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായി അവൻ തന്നെ മതി (ഖുർആൻ 25/58).
തവക്കുൽ ചെയ്താലും ജീവിതോപാധി (രിസ്ഖ്)യിൽ ചിലർക്ക് ആശങ്കയാണ്. എന്നാൽ അതിൽ ഒട്ടും ആശങ്ക വേണ്ടതില്ല. കാരണം ജനനത്തിന് മുമ്പേ നിശ്ചയിക്കപ്പെട്ട നാല് കാര്യങ്ങളിൽ ഒന്നാണത്. നാം അല്ലാഹുവിൽ തവക്കുൽ ചെയ്താൽ അതിൽനിന്ന് ഒരു മണി ധാന്യം പോലും അന്യമായിപ്പോവുകയില്ല, പിന്നെന്തിനാണ് ഹറാമിന് പിന്നിൽ ഓടുന്നത്? ‘ഓരോരുത്തർക്കും ലഭിക്കേണ്ട രിസ്ഖ് അല്ലാഹു നിശ്ചയിച്ചതാണ്. ഓരോ ധാന്യമണിയിലും അത് ഭക്ഷിക്കേണ്ടതാരെന്ന് വിധിച്ചിട്ടുണ്ട്’ എന്ന് തഫ്‌സീറുൽ ഖുർത്വുബി രേഖപ്പെടുത്തിയത് കാണാം.

തവക്കുൽ

ഭരമേൽപിക്കുന്നതായുള്ള നാട്യമാണ് തവാക്കുൽ. അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ തീരെ അവലംബിക്കാതെ അവനിൽ ഏൽപിക്കുന്നതിനെയാണ് തവാക്കുൽ എന്ന് വിശേഷിപ്പിക്കുന്നത്. ഉദാഹരണമായി, ജീവിക്കാനുള്ള അന്നപാനീയങ്ങളിലേക്കുള്ള സാധ്യതകൾ പോലും കൊട്ടിയടച്ച്, നാം ചെയ്യേണ്ടതൊന്നും നിർവഹിക്കാതെ അല്ലാഹുവിലേക്ക് കൈ ഉയർത്തുക. ഉമർ(റ) പറയുന്നു: ആകാശം സ്വർണവും വെള്ളിയും വർഷിപ്പിക്കുമെന്ന് കരുതി നിങ്ങളിലൊരാളും ഉപജീവനം തേടാതെ മടിച്ചിരിക്കരുത്. ചെയ്യേണ്ടത് നാം ചെയ്യണം, ഒപ്പം അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും വേണം.
യമനിൽ നിന്ന് ഹജ്ജിന് വരുന്നവർ തങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് യാത്രാസാമഗ്രികളൊന്നും കൂടാതെ വരാറുണ്ടായിരുന്നു. എന്നിട്ട് അവർ മക്കയിലെത്തിയാൽ ആളുകളോട് യാചിക്കും. അതിനെത്തുടർന്നാണ് അല്ലാഹു അൽബഖറ സൂറത്തിലെ 197ാം സൂക്തം അവതരിപ്പിച്ചതെന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ബുഖാരിയും മറ്റും രേഖപ്പെടുത്തുന്നു.
അസാധ്യമായ കാരണങ്ങളെ തേടിപ്പിടിക്കണമെന്നല്ല. നിസ്സാരമെന്ന് തോന്നുന്ന കാരണങ്ങൾ പോലും ചിലപ്പോൾ പരിഗണിക്കേണ്ടിവരും. ഇസ്തിഗാസാ നിഷേധികൾക്ക് പിഴച്ചതും ഇവിടെയാണ്. മതചൈതന്യങ്ങളായ ഇസ്തിഗാസയും തവസ്സുലും തവക്കുലിനെ കളങ്കപ്പെടുത്തുന്നു എന്ന വാദം തീർത്തും അടിസ്ഥാന രഹിതമാണ്. ഇലാഹീ ആദരവിനു പാത്രമായതിനെയും ബഹുമാനിക്കുകയെന്നതാണ് അതിലൂടെ നിറവേറുന്നത്. അത് നാഥന്റെ കൽപനയെ അംഗീകരിക്കലാണ്.
‘ഈ ഈന്തപ്പനമരം പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്’ (മർയം 25). ഒരു ആരോഗ്യവാന് പോലും വലിയൊരു മരം കുലുക്കി പഴം വീഴ്ത്താൻ സാധിക്കണമെന്നില്ല. എങ്കിലും അല്ലാഹു മറിയം ബീവിയോട് കുലുക്കാൻ കൽപിച്ചു. കുലുക്കിയില്ലെങ്കിലും പഴം വീഴ്ത്തിക്കൊടുക്കാൻ അല്ലാഹുവിന് കഴിവുണ്ടെങ്കിലും ആ നിസ്സാരമായ കാരണത്തെ അവലംബിക്കാൻ കൽപിച്ചു നാഥൻ. റസൂൽ(സ്വ)യോട് ഒരു സ്വഹാബി ചോദിച്ചു: ‘നബിയേ, ഞാനെന്റെ ഒട്ടകത്തെ കെട്ടിയിട്ട് സ്രഷ്ടാവിൽ ഭരമേൽപിക്കണോ, അതോ അഴിച്ചുവിട്ടാണോ ഭരമേൽപിക്കേണ്ടത്?’
‘കെട്ടിയിട്ട് തവക്കുൽ ചെയ്‌തോളൂ’ എന്നായിരുന്നു മറുപടി.
ഒരു കാര്യത്തിൽ നമുക്ക് കാരണങ്ങളൊന്നും അവലംബിക്കാനില്ലെങ്കിൽ ഏറ്റവും ശക്തമായ കാരണത്തെ സമീപിക്കുക. അതാണ് അല്ലാഹുവിനോടുള്ള മര്യാദ.

തവക്കുലിന്റെ മതവിധി

അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിനെ സംബന്ധിച്ച് ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അവയുടെ ശൈലികൾ പലയിടത്തും വ്യത്യസ്തം. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അല്ലാഹുവിന്റെ മേൽ ഭരമേൽപിക്കുവീൻ (അൽമാഇദ 23). പൂർണ വിശ്വസിയാവാൻ തവക്കുൽ നിർബന്ധമാണെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം. ‘അങ്ങൊരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കിൽ അവർ താങ്കളുടെ ചുറ്റുപാടിൽ നിന്ന് വേറിട്ടു പോകുമായിരുന്നു. ആകയാൽ, താങ്കൾ അവർക്ക് മാപ്പ് നൽകുകയും അവർക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക. എന്നിട്ട്, വല്ലതും ഉറപ്പിച്ചാൽ താങ്കൾ അല്ലാഹുവിന്റെ മേൽ ഭരമേൽപിക്കുക. നിശ്ചയമായും അല്ലാഹു ഭരമേൽപിക്കുന്നവരെ സ്‌നേഹിക്കുന്നു (3/159). ‘അവർ (ജനങ്ങൾ) തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ) അങ്ങ് പറയുക; എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധ്യനേ ഇല്ല. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവൻ മഹത്തായ അർശിന്റെ നാഥനാകുന്നു’ (9/129).
അല്ലാഹുവിലുള്ള ഭരമേൽപിക്കൽ വഴി ആത്മീയവും ഐഹികവുമായ നിരവധി ഗുണങ്ങൾ നമ്മിലേക്ക് വന്നുചേരും. അതിൽ പെട്ടതാണ് ഇലാഹീ പ്രീതി ലഭിക്കൽ. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ പദവിയാണത്. മുറപ്രകാരം തവക്കുൽ ചെയ്യുന്നവരെ അല്ലാഹുവിന് വലിയ ഇഷ്ടമാണ്. കാരണം അവന്റെ കൽപനകളെ അടിമ അനുസരിക്കുകയും തന്റെ നിസ്സഹായത തുറന്നു പറയുകയും വിനയാന്വിതനാവുകയുമാണിവിടെ.
തവക്കുലിന്റെ മറ്റൊരു നേട്ടം ശത്രുക്കളുടെ മേലുള്ള വിജയമാണ്. ഒട്ടനവധി ചരിത്ര സന്ദർഭങ്ങൾ ഈ വിഷയത്തിൽ കാണാം. ‘അചഞ്ചലമായ വിശ്വാസത്തോടെ യുദ്ധക്കളത്തിലെത്തിയ സത്യവിശ്വാസികൾ (സഖ്യ) കക്ഷികളെ കണ്ടപ്പോൾ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും നമ്മോടു വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ഇത്. അല്ലാഹുവും റസൂലും പറഞ്ഞത് സത്യമത്രെ. അവരിൽ ഈമാനികാവേശത്തെയും അനുസരണയെയുമല്ലാതെ അതു വർധിപ്പിച്ചതില്ല’ (33/22).
സത്യവിശ്വാസികൾ പല പരീക്ഷണങ്ങൾക്കും വിധേയരായേകുമെങ്കിലും ഒടുവിൽ വിജയം അവരെ തേടിയെത്തും. ശത്രുക്കൾ അതിശക്തിയോടെ വന്നു വലയം ചെയ്യുന്നതു കണ്ടപ്പോൾ വിശ്വാസികൾക്ക് പ്രസ്തുത വാഗ്ദാനം ഓർമയാവുകയും അതവരുടെ വിശ്വാസവും അനുസരണസന്നദ്ധതയും വർധിപ്പിക്കുകയും ചെയ്തു. പൂർവാധികം ധീരതയും ആവേശവും അതവരിലുളവാക്കി. ഇവിടെയും തവക്കുലാണ് അവർക്ക് അവലംബമായത്. തിരുനബി(സ്വ)യും മഹാത്മാക്കളും നിത്യജീവിതത്തിൽ പതിവാക്കാൻ നിർദേശിച്ച അനേകം ദിക്‌റുകളിൽ ഇലാഹീസമർപണം അടങ്ങിയത് കാണാം. ഹദ്ദാദ് ഉദാഹരണം. അവയൊക്കെ പതിവാക്കുമ്പോൾ തവക്കുലിന്റെ ദൃഢതയേറും.

 

മുഹമ്മദ് പാറക്കടവ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ