മന:ശാസ്ത്രജ്ഞരാണ് ആ ദമ്പതികൾ. രണ്ട് പേരും കേരളത്തിലെ പ്രശസ്തമായ സർക്കാർ മന:ശാസ്ത്ര ഹോസ്പിറ്റലിലെ പ്രധാന തസ്തിക വഹിക്കുന്നു. മാനസിക പ്രശ്‌നങ്ങളുടെ പരിഹാരമന്വേഷിച്ച് ദിവസവും അവരെ കാണാനെത്തുന്നവർ നിരവധിയാണ്. വളരെ സന്തോഷത്തോടെ തങ്ങളുടെ രോഗികൾക്കെല്ലാം പരിഹാരം നിർദേശിക്കുകയും അവരിലെ മാറ്റങ്ങൾ കണ്ട് സന്തോഷിക്കുകയും ചെയ്യുന്ന മനസ്സുള്ളവർ. അങ്ങനെ വിവാഹം കഴിഞ്ഞ് ആദ്യവർഷം തന്നെ ഭാര്യ ഗർഭിണിയായി. അവരുടെ സന്തോഷ ജീവിതത്തിന് ഇരട്ടി മധുരമായി. എന്നാൽ ഒരു മാസത്തെ കലാവധിയേ ആ സന്തോഷത്തിനുണ്ടായിരുന്നുള്ളൂ. ഗർഭം അലസിപ്പോയി. അതോടെ അവരുടെ ജീവിതം താറുമാറായി. ആ വീട് സങ്കടക്കടലായി. ഇരുവരും നാലു ചുവരുകൾക്ക് പുറത്തിറങ്ങാതായി. ഇനിയെന്തിന് നമ്മൾ ജീവിക്കണമെന്ന ചിന്ത അവരെ അലട്ടി. അകാരണമായി ജോലിക്ക് വരാതായതോടെ സസ്‌പെൻഷനുമായി.
ഒരു വർഷത്തിന് ശേഷം സ്വയം നശിക്കുന്ന ഈ ദമ്പതികളെ പറ്റിയുള്ള ആവലാതിയുമായി ബന്ധുക്കൾ എന്നെ സമീപിച്ചു. പരാതി കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടിവന്നത് ഖാളി ശുറൈഖ്(റ)യുടെ ജീവിതത്തിലുണ്ടായ സംഭവമാണ്. അദ്ദേഹത്തിന്റെ ചെറുപ്പക്കാരനായ മകൻ പെട്ടെന്ന് മരണപ്പെട്ടു. സംഭവമറിഞ്ഞ ഖാളിയിൽ വലിയ ഭാവപ്പകർച്ചയൊന്നും കണ്ടില്ല. ഇതിന്റെ കാരണമന്വേഷിച്ചവരോട് മഹാനവർകൾ പറഞ്ഞത് ഇത് വായിക്കുന്ന ഓരോരുത്തരും മനസ്സിൽ അടിവരയിട്ട് സൂക്ഷിച്ചുവെക്കേണ്ടതാണ്: നാലു കാര്യങ്ങൾ കൊണ്ട് ഞാൻ സന്തുഷ്ടനാണ്. ഒന്ന്, എന്റെ മുസ്വീബത്ത് സംഭവിച്ചത് ദുനിയാവിലല്ലേ, അതെനിക്ക് സഹിക്കാവുന്നതാണ്. ഇതെങ്ങാനും ആഖിറത്തിലായിരുന്നുവെങ്കിൽ അതെനിക്ക് സഹിക്കുവാൻ സാധിക്കുമായിരുന്നില്ലല്ലോ. രണ്ട്, എന്റെ മക്കളിൽ ഒരാളല്ലേ മരിച്ചിട്ടുള്ളൂ. മറ്റുള്ളവരെ അല്ലാഹു തിരിച്ചു വിളിച്ചില്ലല്ലോ. മൂന്ന്, ഇത്രയെല്ലാം സംഭവിച്ചിട്ടും എന്റെ നാഥനെനിക്ക് ക്ഷമിക്കാനുള്ള കഴിവ് നൽകിയില്ലേ. നാല്, ഈ സംഭവമുണ്ടായപ്പോൾ ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്ന ദിക്‌റ് ചൊല്ലാൻ എനിക്ക് എന്റെ റബ്ബ് അവസരം നൽകിയല്ലോ.
മുകളിൽ പറഞ്ഞ രണ്ട് സംഭവങ്ങളും താരതമ്യം ചെയ്തു നോക്കൂ. ചെറുപ്പക്കാരും മന:ശാസ്ത്ര മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരുമായ ദമ്പതികൾക്ക് ജീവിതത്തിൽ ഒരു നഷ്ടം സംഭവിച്ചപ്പോൾ താങ്ങാൻ സാധിക്കുന്നില്ല. അത് അവരുടെ അന്ത്യമാണെന്നു സ്വയം ധരിച്ചിരിക്കുന്നു. എന്നാൽ അല്ലാഹുവിന്റെ ഖദ്‌റ് ഖളാഇൽ അടിയുറച്ച് വിശ്വസിക്കുന്ന ഖാളി ശുറൈഖിന് തന്റെ ഏറ്റവും പ്രിയപ്പെട്ട അനുഗ്രഹങ്ങളിലൊന്ന് നഷ്ടപ്പെട്ടപ്പോൾ മഹാൻ വളരെ ധീരമായി അതിനെ സമീപിക്കുകയും അല്ലാഹുവിന്റെ വിധിയെ ക്ഷമാപൂർവം അംഗീകരിക്കുകയും ചെയ്തു. ഇതല്ലേ നമുക്കും മാതൃക.
അല്ലാഹുവിന്റെ പരീക്ഷണങ്ങൾ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കും. വിശ്വാസികൾ ക്ഷമാപൂർവം അതിനെ നേരിടാൻ തയ്യാറാകണം. അല്ലെങ്കിൽ ഇരു ജീവിതവും അമ്പേ പരാജയപ്പെടും. വിധിയിലുള്ള വിശ്വാസം ഈമാൻ കാര്യത്തിൽ പെട്ടതാണല്ലോ. വിശ്വാസിയുടെ കാരാഗൃഹമാണ് ദുനിയാവെന്ന് തിരുനബി(സ്വ) പഠിപ്പിച്ചു. പട്ടുപാതയിൽ മാത്രം ജീവിക്കാൻ സാധിക്കണമെന്നത് അതിമോഹമാണ്. വിശ്വാസത്തെ അതിന്റെ പൂർണാർത്ഥത്തിൽ ഉൾക്കൊണ്ടാൽ മറ്റു മന:ശാസ്ത്രത്തിന്റെയോ മെഡിസിനുകളുടെയോ സഹായമില്ലാതെ തന്നെ നമുക്ക് മാനസികാരോഗ്യം നേടാനാവും. അതുവഴി ഇരുലോക ജീവിതത്തിലും വിജയിക്കാനുമാകും.
****
ഉമർ(റ)ന്റെ ഭരണകാലം. സഹചാരിയായ അസ്‌ലം ബ്‌നു ഫുറാത്വ്(റ)വിനോടൊപ്പം പ്രജാക്ഷേമമറിയാനുള്ള നിരീക്ഷണത്തിലാണ് മഹാനവർകൾ. ദീർഘ നടത്തം കാരണം ഇരുവരും നന്നേ തളർന്നിട്ടുണ്ട്.
‘ഇനിയൽപ്പം വിശ്രമിച്ചിട്ടാവാം യാത്ര’
ഉമർ(റ) ഒരിടത്ത് ചാരിയിരുന്നു പറഞ്ഞു. അൽപ്പ സമയത്തിനു ശേഷം തൊട്ടടുത്ത കൂരയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിലുള്ള സംസാരം ഇരുവരുടെയും ശ്രദ്ധ ക്ഷണിച്ചു. അവർ കാതുകൾ കൂർപ്പിച്ചു.
‘മോളേ, പാലിൽ അൽപ്പം വെള്ളം ചേർക്കൂ…’
ഉമ്മ മകളോട് കൽപ്പിക്കുന്നു.
‘ഉമ്മാ, ഞാനത് ചെയ്യുകയില്ല. അമീറുൽ മുഅ്മിനീൻ ഉമർ(റ) അത് വിലക്കിയിട്ടുണ്ട്’- ഉടൻ മകളുടെ മറുപടി.
‘ഈ പാതിരാത്രിയിൽ നമ്മൾ വെള്ളം ചേർക്കുന്നത് അമീറുൽ മുഅ്മിനീൻ എങ്ങനെ അറിയാനാണ്! നീ വെള്ളം ചേർക്ക്…’ ഉമ്മ വീണ്ടും പ്രേരിപ്പിച്ചു.
‘ഒരുപക്ഷേ അമീറുൽ മുഅ്മിനീൻ നമ്മളീ ചെയ്യുന്നത് കാണുകയില്ലായിരിക്കാം. എന്നാൽ അല്ലാഹു കാണുകയില്ലേ…’
മകളുടെ ചോദ്യത്തിലെ തീക്ഷണത ഖലീഫ പുറത്തിരുന്നു കൊണ്ട് മനസ്സിലാക്കി. മഹാൻ സഹചാരിയോട് പറഞ്ഞു.
‘ഈ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അന്വേഷിക്കുക. ആ കുട്ടി വിവാഹിതയാണോ എന്നെല്ലാം എനിക്ക് കൃത്യമായി വിവരം തരണം.’
അസ്‌ലം(റ)ന്റെ അന്വേഷണത്തിൽ കുട്ടിക്ക് ഭർത്താവില്ലെന്ന് കണ്ടെത്തി. ഉടനെ ഉമർ(റ) തന്റെ മക്കളായ അബ്ദുല്ല, അബ്ദുറഹ്‌മാൻ, ആസ്വിം(റ) എന്നിവരെ അടുത്തു വിളിച്ചു കൊണ്ട് പറഞ്ഞു.
‘നിങ്ങളിലാർക്കാണ് അല്ലാഹുവിനെ ഭയപ്പെടുന്ന ഒരു പെൺകുട്ടിയെ വേണ്ടത്? നിങ്ങളാരെങ്കിലും സന്നദ്ധരാണെങ്കിൽ അവളെ വിവാഹം കഴിക്കണം.’
അബ്ദുല്ലയും അബ്ദുറഹ്‌മാനും വിവാഹിതരായിരുന്നതിനാൽ തടസ്സമറിയിച്ചു. ആസ്വിം(റ) അവളെ വിവാഹം കഴിക്കാൻ തയ്യാറായി. ആ സന്താന പരമ്പരയിൽ നിന്നാണ് ഇസ്‌ലാമിക് റിപബ്ലിക്കിന്റെ അഞ്ചാം ഖലീഫയെന്ന പേരിൽ വിശ്രുതനായ ഉമറുബ്‌നു അബ്ദുൽ അസീസ്(റ) ജന്മമെടുക്കുന്നത്.
ഇവിടെ ഞാനീ ചരിത്രം പറയാനുണ്ടായ കാരണം, പുതിയ കാലത്ത് മക്കൾക്ക് ഇണകളെ തേടുന്ന രക്ഷിതാക്കൾ സൗന്ദര്യവും പണവും പത്രാസും മാത്രം നോക്കി വിവാഹം ചെയ്തു കൊടുക്കുന്നത് അബദ്ധമായിരിക്കുമെന്ന് ഉണർത്താനാണ്. നിങ്ങൾ നോക്കൂ, ഇസ്‌ലാമിക ലോകത്ത് തുല്യതയില്ലാത്ത ഭരണാധികാരിയാണ് ഉമർ(റ). കിസ്‌റ, കൈസർ കയ്യടക്കിയ അറേബ്യൻ അധിപൻ. ഒന്നു മനസ്സ് വെച്ചിരുന്നുവെങ്കിൽ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും മഹാനവർകളോട് കുടുംബ ബന്ധം ചേർക്കാൻ പ്രമുഖർ കാത്തുകിടക്കുമായിരുന്നു. പക്ഷേ, മഹാൻ തന്റെ മക്കൾക്ക് ഇണയെ തേടിയതിന്റെ നേർരൂപമാണ് പ്രസ്തുത ചരിത്രം നമ്മോട് പറയുന്നത്.
അതുകൊണ്ട് പുറമേക്കുള്ള പ്രൗഢി മാത്രം നോക്കി മക്കളുടെ ജീവിതം ബലികഴിക്കരുത്. ഏറ്റവും ഫലഭൂയിഷ്ഠമായ വിളനിലങ്ങളിൽ നിന്നേ ഏറ്റവും മുന്തിയ ഫലം ലഭിക്കൂ.
സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി