ഒഴുകാതെ കെട്ടിക്കിടക്കുന്ന ജലത്തിൽ നിന്നു കുളിയും വുളൂഉം നിർവഹിക്കുന്നതിൽ ഇമാമുകൾക്കിടയിൽ അഭിപ്രായാന്തരമുണ്ട്. ഏകദേശം ഇരുന്നൂറു ലിറ്ററിൽ കുറയാത്ത വിധം കെട്ടിക്കിടക്കുന്ന ശുദ്ധജലം ശുദ്ധീകരണ പ്രക്രിയകൾക്കു കറാഹത്താണെങ്കിലും പര്യാപ്തമാണെന്നാണ് മാലികീ, ശാഫിഈ, ഹമ്പലീ പക്ഷം (ബുൽഗതുസ്സാലിക് 1/40, തുഹ്ഫ 1/167, കശ്ശാഫ് 1/35). എന്നാൽ ഒഴുകാത്ത ജലം ഏറെ സമൃദ്ധമായാലേ ശുദ്ധീകരണ യോഗ്യത കൈവരിക്കുകയുള്ളൂ എന്ന നിലപാടാണ് ഹനഫീ മദ്ഹബിൽ. ‘സമൃദ്ധം’ എന്നതു കൊണ്ടുള്ള വിവക്ഷയുടെ കാര്യത്തിൽ അവരുടെ മദ്ഹബിൽ അഭിപ്രായ സമവായമില്ല. ചിലർ വെച്ച അളവുകോൽ, ആ ജലാശയത്തിൽ എവിടെയെങ്കിലും മാലിന്യമുണ്ടെങ്കിൽ അതിന്റെ അലയൊലികൾ മറ്റിടങ്ങളിൽ തീരെ ഇല്ലെന്ന് ശുദ്ധീകരണം നടത്തുന്നയാൾക്ക് മികച്ച ധാരണയുണ്ടാവുക എന്നതാണ്. എന്നാൽ മറ്റു ചിലർ, ചതുരാകൃതിയിലുള്ള വെള്ളക്കെട്ടാണെങ്കിൽ പത്തു വീതം ആകെ നാൽപതും, വൃത്താകൃതിയിലാണെങ്കിൽ മുപ്പത്തിയാറും, കോണാകൃതിയിലുള്ളതിൽ ഓരോ ഭാഗവും 15.1/5 മുഴം വീതവും വ്യാപ്തിയിലുള്ള ജലസമൃദ്ധിയാണു പരിഗണിച്ചത്. ഇതിൽ ഒടുവിൽ പറഞ്ഞത് കൂടുതൽ കൃത്യവും വ്യക്തവും സുതാര്യവുമാണെന്നും അതു തന്നെയാണ് മദ്ഹബിൽ പ്രബലമെന്നും ഉന്നത പണ്ഡിതരെ ഉദ്ധരിച്ച് ഇമാം ഇബ്‌നു ആബിദീൻ(റ) സ്ഥാപിച്ചിട്ടുണ്ട് (റദ്ദുൽ മുഹ്താർ 1/191-193 കാണുക).
നമ്മുടെ മദ്ഹബിൽ കുളി, അംഗസ്‌നാനം, വിസർജനം എന്നീ കാര്യങ്ങളിൽ സമുദ്ര സമൃദ്ധിയില്ലാത്ത വെള്ളക്കെട്ടുകളിൽ കറാഹത്താണ്. ഈ ‘സമുദ്ര സമാന സമൃദ്ധി’ (ഇസ്തിബ്ഹാർ) എന്താണെന്ന കാര്യത്തിൽ പലർക്കും വ്യക്തതക്കുറവുണ്ട്. സാർവത്രിക കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ ഇതു സംബന്ധിയായ പരാമർശങ്ങളിൽ കൂടുതൽ വിശദീകരണം കാണുന്നില്ല. വിസർജം കറാഹത്താകുന്ന വെള്ളക്കെട്ടും കുളി-അംഗസ്‌നാന കർമങ്ങൾ കറാഹത്താകുന്ന വെള്ളക്കെട്ടും ഒന്നല്ല.
വിസർജനം കറാഹത്തായ വെള്ളക്കെട്ടിന്റെ അളവുകോൽ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. വിസർജന കാര്യം അറിഞ്ഞാൽ സാധാരണ മനുഷ്യ പ്രകൃതിയുള്ള ആളുകൾക്ക് ഉപയോഗിക്കുന്നതിൽ അറപ്പുണ്ടാക്കും വിധം കുറഞ്ഞ വെള്ളമാണ് വിവക്ഷ (തുഹ്ഫ 1/167). അപ്പോൾ കുളം, ചെറിയ ജലാശയങ്ങൾ എന്നിവ പോലും ഇതിൽ പെടും. കുളിയും അംഗസ്‌നാനവും കറാഹത്താകുന്ന വെള്ളക്കെട്ടിന്റെ മാപനി മനസ്സിലാക്കുന്നതിനു മുമ്പ് ഇവ രണ്ടും അഭിലഷണീയമായതിന്റെ കാരണങ്ങൾ അന്വേഷിക്കണം. അടിസ്ഥാന കാരണം ഇമാം മുസ്‌ലിം (ഹദീസ് നമ്പർ 283) നിവേദനം ചെയ്ത ഹദീസാണ്. ഒഴുകാത്ത വെള്ളത്തിൽ കുളിക്കുന്നത് തിരുനബി(സ്വ) വിലക്കിയിരിക്കുന്നുവെന്നാണ് നിവേദിത വചനത്തിന്റെ സംക്ഷിപ്തം.
ഈ വിലക്കിന്റെ അന്തസ്സാരമായി ഇമാമുകൾ ഗ്രഹിച്ചത് കെട്ടിക്കിടക്കുന്ന ചെറിയ ജലസ്രോതസ്സുകളിൽ ശുദ്ധീകരണ പ്രക്രിയകൾ നടത്തുമ്പോൾ ശരീരത്തിലുള്ള വിയർപ്പും ചേറും വെള്ളത്തിലലിഞ്ഞ് അഴുക്കാകാൻ ഇടയാകുമെന്നാണ് (അസ്‌നൽ മത്വാലിബ് 1/7).
എന്നാൽ ഹനഫികൾ അടക്കമുള്ള പലരും ഉദ്ധൃത ഹദീസിന്റെ അടിസ്ഥാനത്തിൽ, നടേ വിശദീകരിച്ച രീതിയിലുള്ള ചെറിയ വെള്ളക്കെട്ടുകളിലെ സ്‌നാനവും ഇതര ശുദ്ധീകരണ നടപടികളും അസാധുവാണെന്ന നിലപാടുകാരാണ്. അതിനാലാണ് കറാഹത്താണെന്ന നമ്മുടെ മദ്ഹബിന്റെ നിലപാടിന്റെ കാരണങ്ങളിൽ അവരുടെ അഭിപ്രായ ഭിന്നത കൂടി ഉൾപ്പെട്ടത് (മുഗ്‌നിൽ മുഹ്താജ് 2/221 കാണുക).
എങ്കിൽ കറാഹത്തു വരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ മാനദണ്ഡം ഹനഫികൾ അടക്കമുള്ള പ്രതിപക്ഷത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കും. അതുകൊണ്ടാണ് അല്ലാമ അബ്ദുല്ലാഹി ബാ മഖ്‌റുമ(മരണം ഹിജ്‌റ 907)യെ ഉദ്ധരിച്ച് ഇബ്‌നു ഹാമിദ് (ഹി. 1338) ഹനഫീ മദ്ഹബിൽ പ്രബലമായ അതേ മാനദണ്ഡം (10ണ്മ4) തന്റെ ഫതാവ(പേ. 102-103)യിൽ രേഖപ്പെടുത്തിയത്.
ഇമാം ഇബ്‌നു ഹജർ(റ) ശർഹു ബാഫളിൽ സൂചിപ്പിക്കുന്നത് സമുദ്ര സമാന സമൃദ്ധിയുടെ മാപനി രണ്ടു കാര്യങ്ങൾ ഒരുമിക്കുമ്പോളാണെന്നാണ്. അതിലൊന്ന് കുളിയോ വുളൂവോ നിമിത്തമായി വെള്ളത്തിൽ ശരീരത്തിലുള്ള അഴുക്ക് അടിഞ്ഞ് ആ വെള്ളം മറ്റുള്ളവർക്ക് ഉപയോഗിക്കാൻ വെറുപ്പുള്ളതായി മാറാനിടയാക്കാത്ത വിധം സമൃദ്ധമായതെന്നും രണ്ടാമത്തേത്, അംഗീകൃത അഇമ്മതുകളിൽ ആരുടെയും വീക്ഷണ പ്രകാരം ജലം ശുദ്ധീകരണ പ്രക്രിയക്കു പര്യാപ്തമാകാത്ത വിധം ചുരുങ്ങാതിരിക്കുക എന്നുമാണ് (അൽമിൻഹാജുൽ ഖവീം, പേ. 51 കാണുക). അല്ലാമതു തർമസി(റ) ‘മുസ്തബ്ഹറി’നെ നിർവചിച്ചത് ഓളമുള്ളത് എന്നാണ് (മൗഹിബ: 2/69 കാണുക). ഇത് ഇബ്‌നു ഹജർ(റ) സൂചിപ്പിച്ച ആദ്യ ഭാഗം മാത്രം പരിഗണിച്ചുകൊണ്ടുള്ള വ്യാഖ്യാനമാകാം. ഓളം (കാറ്റു കാരണം മുകൾപരപ്പിൽ വെള്ളത്തിനു സ്ഥാനചലനമുണ്ടാകുന്ന അവസ്ഥ) ഉണ്ടാകും വിധം കൂടിയ വെള്ളം മറുപക്ഷത്തിന്റെ ഭിന്നത ഒഴിവാകുന്ന തരത്തിൽ വിപുലമായിരിക്കുമെന്ന് തെളിഞ്ഞാൽ തർമസിയുടെ മേൽ നിർവചനം മികച്ച ഒന്നായി കണക്കാക്കാം.
വെള്ളക്കെട്ടുകളിൽ വിസർജിക്കുന്നത് കറാഹത്താണെന്നു പറഞ്ഞത് സ്വന്തം അധീനതയിലുള്ളതോ ആരുടെയും ഉടമസ്ഥാവകാശത്തിൽ പെടാത്തതോ ആയ ജലശേഖരത്തെ കുറിച്ചാണ്. മറ്റുള്ളവരുടെ അധീനതയിലുള്ളതോ അവർക്കു കൂടി അവകാശപ്പെട്ടതോ ആയ ജലസ്രോതസുകളിൽ വിസർജിക്കുന്നത് കടുത്ത തെറ്റാണ്. പള്ളികൾ അടക്കമുള്ള പൊതു ആവശ്യത്തിനു നീക്കിവെച്ച കുളങ്ങൾ, മറ്റു ജലസേചന കേന്ദ്രങ്ങൾ എന്നിവ ഈ ഗണത്തിലാണു പെടുക (തുഹ്ഫ 1/167, അർറശീദി അലന്നിഹായ 1/138-139).
സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള കിണർ, കുളം തുടങ്ങിയവ പോലും വിസർജിച്ച് ഉപയോഗശൂന്യമാക്കുന്നത് കുറ്റകരമാണ്. ശുദ്ധീകരണ പ്രക്രിയക്കോ മറ്റു കാര്യങ്ങൾക്കോ ആവശ്യമാകുന്ന ഘട്ടങ്ങളിൽ താമസംവിനാ ഉപയോഗപ്പെടുത്താൻ പറ്റും വിധം പെട്ടെന്നു വൃത്തിയാക്കിയെടുക്കാമെന്നു പ്രതീക്ഷയുള്ള സാഹചര്യങ്ങളെ ഉദ്ദേശിച്ചാണ് ഇമാമുകൾ കറാഹത്ത് എന്നു വിധി പറഞ്ഞതെന്ന് ഇബ്‌നു ഹജർ(റ) വിസ്തരിച്ചെഴുതിയിട്ടുണ്ട് (ഹാശിയതു ഫത്ഹിൽ ജവാദ് 1/32 കാണുക).
ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ