ഇസ്‌ലാമിക പ്രമാണങ്ങളിൽ ദ്വിതീയമായ ഹദീസിനെ കുറിച്ചുള്ള പഠനശാഖ ഉലൂമുൽ ഹദീസ് എന്നറിയപ്പെടുന്നു. ഖിലാഫത്തു റാശിദയുടെ അവസാന ഘട്ടങ്ങളിൽ രൂപപ്പെട്ട പ്രശ്‌നങ്ങളെ ചരിത്രപരമായി വിലയിരുത്തുന്നതിലൂടെ ഹദീസ് വിജ്ഞാന ശാഖയുടെ പ്രാധാന്യവും അതിനു വേണ്ടി യത്‌നിച്ച സച്ചരിതരായ സ്വഹാബത്തിന്റെയും താബിഉകളുടെയും അധ്വാനത്തെ അടുത്തറിയാനും സാധിക്കും. മതവിരുദ്ധർക്ക് പുറമെ മുസ്‌ലിം സമൂഹത്തിനുള്ളിൽ നിലകൊണ്ട് സ്വതാൽപര്യങ്ങൾക്ക് വേണ്ടി പ്രവാചകരിലേക്ക് ചേർത്തി കള്ളം പ്രചരിപ്പിക്കുന്നവർ ഉദയം ചെയ്തപ്പോൾ അത്തരം വ്യാജങ്ങളിൽ നിന്ന് ഹദീസിനെ സംസ്‌കരിച്ചെടുക്കുകയാണ് ഉലൂമുൽ ഹദീസിന്റെ ദൗത്യം.

ഹദീസുകളുടെ ക്രോഡീകരണമായിരുന്നു അവർക്ക് മുന്നിലെ പ്രഥമ ദൗത്യം. സ്വഹാബീ പ്രമുഖർക്ക് ഹദീസ് ക്രോഡീകരിച്ച ചില സുഹുഫകളു(ഏടുകൾ)ണ്ടായിരുന്നുവെങ്കിലും പ്രവാചകരിൽ നിന്ന് ഉദ്ധരിക്കപ്പെട്ട എല്ലാ ഹദീസുകളെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ഔദ്യോഗികമായ ഒരു ക്രോഡീകരണ നീക്കം സാധ്യമാകുന്നത് ഉമവി ഖലീഫയായ ഉമറുബ്‌നു അബ്ദുൽ അസീസി(റ)ന്റെ കൽപന പ്രകാരം ഇബ്‌നു ശിഹാബ് അൽസുഹ്‌രി(റ)യിലൂടെയാണ്. ആ കാലഘട്ടത്തിൽ സർവരും അംഗീകരിക്കുന്ന പണ്ഡിതനും നിരവധി ഹദീസുകൾ ഉദ്ധരിച്ച മുഹദ്ദിസുമാണ് ഇമാം സുഹ്‌രി(റ). മദ്ഹബിന്റെ ഇമാമായ ഇമാം മാലിക്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതു പോലെ ഹദീസുകൾ ഉദ്ധരിക്കുന്നിടത്ത് സനദിന് (കൈമാറ്റ പരമ്പര) പ്രാധാന്യം കൊടുക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചതും അദ്ദേഹമാണ്.

വളരെ രസകരമായൊരു കാര്യം, ഇസ്‌ലാമിക വിമർശകർ ഹദീസിനെയും സീറയെയും എതിർക്കുന്നിടത്ത് വലിയ ശതമാനം ഊർജവും ചെലവാക്കിയത് ഇമാം സുഹ്‌രി(റ)യെ വിമർശിക്കുന്നതിനായിരുന്നു എന്നതാണ്. ഹദീസ് സ്വീകാര്യത നിഷേധിക്കപ്പെടും വിധം അദ്ദേഹത്തെ ദുർബലനാക്കുകയും അങ്ങനെ അദ്ദേഹത്തിൽ നിന്ന് ഉദ്ധരിക്കപ്പെട്ട എല്ലാ ഹദീസുകളെയും തള്ളുകയും ചെയ്യുന്നതിലേക്ക് ഇതിലൂടെ അവർ എത്തിച്ചേരുന്നു. ഇതേ വിമർശന രീതി പ്രമുഖ സ്വഹാബിയായ അബൂഹുറൈറ(റ)വിലും പ്രയോഗിച്ചതായി കാണാം.

ഹിജ്‌റ 51ൽ ജനിച്ച സുഹ്‌രി(റ) സാധ്യമായത്ര സ്വഹാബിമാരെ ചെന്നു കാണുകയും അവരിൽ നിന്ന് ഹദീസുകൾ സ്വീകരിക്കുകയും ചെയ്തു. അനസ്(റ), ഇബ്‌നു ഉമർ(റ), ജാബിർ(റ) എന്നിവർ അവരിൽ ചിലരാണ്. സഈദ് ബ്‌നു മുസയ്യബ്(റ), ഉർവതു ബ്‌നു സുബൈർ(റ) തുടങ്ങി നിരവധി പ്രമുഖ താബിഉകളിൽ നിന്നും അദ്ദേഹം ജ്ഞാനം കരസ്ഥമാക്കി. സഈദ് ബ്‌നു മുസയ്യബി(റ)ന്റെ അടുക്കൽ എട്ട് വർഷത്തോളം ചെലവഴിച്ചു. 2200ലധികം ഹദീസുകൾ റിപ്പോർട്ട് ചെയ്ത ഇമാം സുഹ്‌രി(റ) തന്റെ ജീവിതത്തിന്റെ സിംഹഭാഗവും അറിവന്വേഷണത്തിനായുള്ള യാത്രകളിലായിരുന്നു. അതിനായി അദ്ദേഹം ഹിജാസിൽ (ഇന്നത്തെ അറേബ്യ) നിന്നും ശാമിലേക്ക് (ഇന്നത്തെ സിറിയ ഉൾപ്പെടുന്ന ഭാഗം) 36 വർഷക്കാലം നിരന്തരമായി യാത്ര ചെയ്തു. വിദ്യാർഥി ജീവിതത്തിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി ഗുരുവിൽ നിന്നു കേൾക്കുന്നതെല്ലാം എഴുതിവെക്കുന്ന ശീലക്കാരനായിരുന്നു അദ്ദേഹം.
അസാമാന്യ ബുദ്ധിയും ഓർമശക്തിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. കുട്ടിക്കാലത്ത് 80 ദിവസം കൊണ്ടാണ് ഖുർആൻ മനഃപാഠമാക്കിയത്. ഇമാമിന്റെ ബുദ്ധിശക്തി തെളിയിക്കുന്ന നിരവധി സംഭവങ്ങൾ പലരും ഉദ്ധരിച്ചിട്ടുണ്ട്. ഉമവീ ഖലീഫ ഹിശാമുബ്‌നു അബ്ദുൽ മലിക് അദ്ദേഹത്തിന്റെ ബുദ്ധി പരീക്ഷിച്ചത് പ്രസിദ്ധം. മദ്ഹബിന്റെ ഇമാമുമാരായ ഇമാം മാലിക്(റ), ഇമാം അബൂ ഹനീഫ(റ) തുടങ്ങിയവരിൽ നിന്നും അദ്ദേഹം ഹദീസുകൾ സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നുള്ള ഹദീസുകൾ ബുഖാരി, മുസ്‌ലിം അടക്കം സിഹാഹുസ്സിത്തയിലും ഉദ്ധരിച്ചിട്ടുണ്ട്. ഇമാം നസാഈ(റ) പരിചയപ്പെടുത്തുന്ന നാല് അസ്വഹ്ഹായ സനദുകളിൽ രണ്ടെണ്ണം ഇമാം സുഹ്‌രി(റ) ഉൾപ്പെടുന്നതാണ്.
ഇമാമിനെ പറ്റിയുള്ള പണ്ഡിതാഭിപ്രായങ്ങൾ നിരവധി. ഇമാം മാലിക്(റ), അംറുബ്‌നു ദീനാർ(റ), സുഫ്‌യാനുബ്‌നു ഉയയ്‌ന(റ), ഇമാം മുസ്‌ലിം(റ) തുടങ്ങി നിരവധി പണ്ഡിതർ ഇമാം സുഹ്‌രി(റ)യുടെ അറിവിലും അന്വേഷണ പാടവത്തിലും അത്ഭുതം കൂറിയിട്ടുണ്ട്.

വിമർശനങ്ങളുടെ തുടക്കം

ഇമാം സുഹ്‌രി(റ)ക്കെതിരെയുള്ള വിമർശനങ്ങൾ പ്രധാനമായും ഉയർത്തിക്കൊണ്ടുവന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രംഗത്തുവന്ന ഹങ്കേറിയൻ ഓറിയന്റലിസ്റ്റ് ഇഗ്‌നാസ് ഗോൾഡ്‌സിഹ്‌റാണ്. പക്ഷേ, ഇത്തരമൊരു വിമർശനം ആദ്യമായി ഉന്നയിക്കുന്നത് അദ്ദേഹമല്ല. നൂറ്റാണ്ടുകൾക്ക് മുമ്പേ ചിലർ ഇമാമിനെതിരെ വിമർശനം ഉയർത്തിയിട്ടുണ്ട്. ഇസ്‌ലാമിക ലോകം പുത്തൻവാദികളായി മുദ്രകുത്തിയ ശീഇകളായിരുന്നു ഇതിൽ മുമ്പിൽ.

അബ്ബാസിയ ഭരണകാലത്ത് ജീവിച്ചിരുന്ന ശീഈ പണ്ഡിതർക്കിടയിലെ പ്രധാന ആലോചന സുഹ്‌രി(റ) ഹദീസുദ്ധരിക്കുന്നതിൽ സ്വീകാര്യനാണോ എന്നായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വിശ്വാസധാരയെ ചൂഴ്ന്നന്വേഷിക്കുന്നതിലേക്ക് വരെ ആ ചർച്ചകൾ വികസിച്ചു. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഇതിന്റെ മുൻപന്തിയിലുണ്ടായിരുന്നത്. നസീറുദ്ദീൻ തൂസിയുടെയും മുഹമ്മദ് ബാഖിർ അൽമജ്‌ലിസിയുടെയും പക്ഷങ്ങൾ. അവർ പ്രചരിപ്പിച്ചിരുന്നത് സുഹ്‌രി(റ) ഉമവി ഭരണാധികാരികളോട് അടുപ്പം നിലനിർത്തിയയാളായതിനാൽ അഹ്‌ലു ബൈത്തിന്റെ ശത്രുവാണെന്നാണ്. ഇതേ സമീപനം സ്വീകരിച്ചയാളാണ് ജമാലുദ്ദീൻ അൽഹില്ലിയും. രണ്ടാമത്തെ വിഭാഗം സുഹ്‌രിയെ നിവേദന പരമ്പരയിൽ സ്വീകരിക്കുകയുണ്ടായി. അവരതിന് നിരത്തിയ കാരണങ്ങളിലൊന്ന് 12 ഇമാമുമാരെ അംഗീകരിക്കുന്ന ഹദീസ് അലിയ്യുബ്‌നു ഹുസൈൻ(റ)വിൽ നിന്നും ഇമാം സുഹ്‌രി(റ) റിപ്പോർട്ട് ചെയ്തുവെന്നതാണ്. അലിയ്യുബ്‌നു ഹുസൈൻ(റ)വുമായി ഇമാം നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നതാണ് മറ്റൊരു കാരണം. ഈ കാരണങ്ങൾ കൊണ്ട് ചിലർ ഇമാമിനെ ശീഇയ്യായി പരിചയപ്പെടുത്തിയിട്ടുമുണ്ട്. അതവരുടെ തെറ്റിദ്ധാരണയാണെന്നാണ് പണ്ഡിതർ സമർഥിച്ചത്.
അബാസിയ്യ ഭരണകാലത്തെ പ്രസിദ്ധ ചരിത്രകാരൻ അൽയാഖൂബി രൂക്ഷമായൊരു വിമർശനം ഇമാം സുഹ്‌രിക്കെതിരെ ഉന്നയിക്കുകയുണ്ടായി. ഉമവി ഖലീഫ അബ്ദുൽ മലികിന്റെ കാലത്ത് കഅ്ബയെ ഉപേക്ഷിച്ച് മസ്ജിദുൽ അഖ്‌സ്വയിലേക്ക് ജനങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ഖലീഫയുടെ നിർദേശപ്രകാരം അദ്ദേഹം ഹദീസ് കെട്ടിച്ചമച്ചു എന്നായിരുന്നു ആരോപണം. ഇത് നൂറ്റാണ്ടുകൾക്കിപ്പുറം ഗോൾഡ്‌സിഹ്‌റും ഉയർത്തുന്നത് കാണാം. മറ്റൊന്ന്, ഹിജ്‌റ 700കളിൽ ജീവിച്ച അബ്ദുൽ ഹമീദ് ഇബ്‌നു ഹിബത്തുല്ല നഹ്ജുൽ ബലാഗക്ക് എഴുതിയ വ്യാഖ്യാനത്തിൽ കൊണ്ടുവന്നതാണ്. അതിലദ്ദേഹം പറയുന്നത് പ്രമുഖ താബിഈ പണ്ഡിതൻ ഉർവതുബ്‌നു സുബൈറി(റ)നൊപ്പം ചേർന്ന് സുഹ്‌രി അലി(റ)നെതിരെ ശാപവാക്കുകൾ പ്രയോഗിച്ചുവെന്നാണ്.

ഈ രണ്ട് വാദങ്ങളും അടിസ്ഥാന രഹിതമാണെന്ന് സുഹ്‌രി(റ)യെ പറ്റിയുള്ള ചെറിയ വായനയിൽ നിന്ന് തന്നെ വ്യക്തമാകും. ഉമവീ ഖലീഫമാരിൽ വലിയൊരു വിഭാഗത്തിന്റെ കൂടെ പ്രവർത്തിച്ചപ്പോഴും തിരുത്തേണ്ടിടത്ത് തിരുത്തിക്കാനുള്ള പണ്ഡിത ധർമം അദ്ദേഹം നിറവേറ്റിയിട്ടുണ്ട്. ആഇശ(റ)ക്കെതിരെ ആക്ഷേപമുയർത്തിയത് അലി(റ)വാണെന്ന് ഉമവീ ഖലീഫ ഹിശാമിബ്‌നി അബ്ദുൽ മലിക് വാദിച്ചപ്പോൾ സുഹ്‌രി(റ) അത് തിരുത്തി. അവിടെയുള്ള പരാമർശം മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ പറ്റിയാണെന്ന് വിശദീകരിച്ചു കൊടുത്തു. അപ്പോഴും, സുഹ്‌രിക്ക് പിഴച്ചു എന്ന് പറഞ്ഞ ഖലീഫക്ക് കടുത്ത ഭാഷയിൽ ഇമാം നൽകുന്ന മറുപടി ഇമാം ശാഫിഈ(റ) ഉൾപ്പെടുന്ന സനദിലൂടെ ഇബ്‌നു അസാകിർ(റ) വിശദീകരിക്കുന്നുണ്ട്. സത്യം പറയുന്നതിൽ നിന്ന് ഇമാമിനെ പിന്തിരിപ്പിക്കാൻ ആർക്കും സാധിച്ചിരുന്നില്ലെന്ന് ചുരുക്കം. പണച്ചാക്കുകൾക്കോ ഭീഷണികൾക്കോ അദ്ദേഹം ഒരു വിലയും കൽപിച്ചില്ല.

ഓറിയന്റലിസ്റ്റ് സമീപനങ്ങൾ

നൂറ്റാണ്ടുകൾക്ക് ശേഷം ഇമാം സുഹ്‌രി(റ)യെ കേന്ദ്രീകരിച്ചുള്ള വിമർശനങ്ങൾക്ക് അക്കാദമിക സ്വഭാവം നൽകി അവതരിപ്പിക്കുന്നത് നേരത്തെ പരാമർശിച്ചത് പോലെ ഹങ്കേറിയൻ ചരിത്രകാരനായ ഗോൾഡ്‌സിഹ്‌റാണ്. എന്നാൽ, ജൂത വംശജനായ അദ്ദേഹം ഉന്നയിച്ച ഓരോ വിമർശനവും ഹദീസ് വിജ്ഞാനത്തിൽ തന്റെ അറിവില്ലായ്മ പ്രകടമാക്കുന്നതാണ്. മാത്രമല്ല, ചില സന്ദർഭങ്ങളിൽ ചരിത്രകാരനെന്ന പദവി ദുരുപയോഗം ചെയ്യുന്ന തരത്തിൽ കൈകടത്തുന്നതും കാണാം.
അടിസ്ഥാനപരമായി അദ്ദേഹം പ്രശ്‌നവൽകരിക്കുന്നത് ഇമാമിന് ഉമവീ ഖലീഫമാരോടുള്ള ബന്ധമാണ്. ഇത് വെച്ചാണ്, യാഖൂബി ഉന്നയിച്ചതു പോലെ മസ്ജിദുൽ അഖ്‌സയുടെ മഹിമ ജനങ്ങളിൽ വളർത്താൻ ഖലീഫ അബ്ദുൽ മലിക് ഖുബ്ബത്തുസ്സഖ്‌റ നിർമിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം സുഹ്‌രി(റ) ഇതിന് പ്രവാചകരിലേക്ക് ചേർത്തി പവിത്രത ചാർത്തിക്കൊടുക്കാൻ ഹദീസ് കെട്ടിച്ചമച്ചു എന്ന ആരോപണമുയർത്തുകയും ചെയ്യുന്നത്. എന്നാൽ ആരാണ് ഖുബ്ബത്തുസ്സഖ്‌റ നിർമിച്ചത് എന്ന പരിശോധനയാണ് പ്രാഥമികമായി വേണ്ടത്. ഇബ്‌നുഅസാകീർ, തബ്‌രി, ഇബ്‌നുഖൽദൂൻ തുടങ്ങി നിരവധി ചരിത്രകാരന്മാരുടെ ഏകോപന പ്രകാരം നിർമാതാവ് വലീദുബ്‌നു അബ്ദുൽ മലികാണ്. ഇവിടെ തന്നെ ഗോൾഡ്‌സിഹ്‌റിന്റെ ചരിത്രപരമായ വളച്ചൊടിക്കൽ തിരിച്ചറിയാൻ സാധിക്കുന്നു. മാത്രമല്ല, ഇമാം സുഹ്‌രി അബ്ദുൽ മലികിനെ ആദ്യം കാണുന്നത് ഹിജ്‌റ 82ലാണ്. അന്ന് വിദ്യാർഥിയായിരുന്ന സുഹ്‌രിയോട് അൻസ്വാറുകളിൽ നിന്നും അറിവ് നേടാൻ ഉപദേശിക്കുകയാണ് ഖലീഫയായ അദ്ദേഹം ചെയ്തത്. ഇവിടെ സുഹ്‌രിയുടെ പ്രായം പരിഗണിക്കേണ്ടതുണ്ട്. അന്ന് ഇസ്‌ലാമിക ലോകത്ത് അറിയപ്പെട്ടിട്ടില്ലാത്ത ആ വിദ്യാർഥിയെ എങ്ങനെയാണ് ഖലീഫ ഹദീസ് നിർമിച്ചെടുക്കാൻ ഏൽപ്പിക്കുക എന്ന മറുചോദ്യം ഡോ. മുസ്തഫ അസ്സിബാഈ ഉന്നയിക്കുന്നുണ്ട്. അതിനു പുറമെ, മസ്ജിദുൽ അഖ്‌സ്വയുടെ മഹത്ത്വം വിളംബരം ചെയ്യുന്ന പ്രസ്തുത ഹദീസ് ഇമാം സുഹ്‌രി(റ)യിൽ നിന്നല്ലാതെ സ്വഹീഹായ വേറെയും നിവേദകരിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നത് തന്നെ വിമർശക വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ്.
ഇബ്‌റാഹീമുബ്‌നു വലീദിന് ഒരു കടലാസിൽ കൊണ്ടുവന്ന എഴുത്ത് ഹദീസായി ഉദ്ധരിക്കാൻ സുഹ്‌രി സമ്മതം കൊടുത്തു എന്നതിനെ പർവതീകരിച്ച് അദ്ദേഹം ഉമവികൾക്ക് ആവശ്യമുള്ള രീതിയിൽ ഹദീസുകളുണ്ടാക്കാൻ അനുമതി കൊടുത്തിരുന്നുവെന്ന ഗുരുതരമായ വിമർശനവും ഗോൾഡ് സിഹ്ർ ഉന്നയിക്കുന്നുണ്ട്. ഹദീസ് വിജ്ഞാനശാസ്ത്രത്തിൽ വിമർശകന്റെ അറിവില്ലായ്മ ഒന്നുകൂടി പ്രകടമാക്കുന്നതാണ് പ്രസ്തുത വാദം. കാരണം ഉലൂമുൽ ഹദീസിന്റെ എല്ലാ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്ന, ഹദീസുകൾ സ്വീകരിക്കാനുള്ള മാർഗങ്ങളിലൊന്നായ ‘മുനാവലത്തിനെ’ അടിസ്ഥാനമാക്കിയുള്ള ഹദീസ് നിവേദനമാണ് ഈ സംഭവത്തിലുള്ളത്. മുനാവലത്ത് എന്ന നിവേദന രീതിയുടെ രണ്ട് രൂപങ്ങൾ ഉലൂമുൽ ഹദീസിലെ പ്രമുഖ പണ്ഡിതനായ ഇബ്‌നു സ്വലാഹ്(റ) മുഖദ്ദിമയിൽ വിശദീകരിക്കുന്നുണ്ട്. ഗുരു ശിഷ്യന് ഹദീസിന്റെ ഒരു എഴുത്ത് നൽകിക്കൊണ്ട് അത് തന്നിലേക്ക് സനദ് ചേർത്തി ഉദ്ധരിക്കാൻ നിർദേശിക്കുന്നതാണ് ഒരു രീതി. മറ്റൊന്ന്, ഗുരുവിൽ നിന്നു കേട്ട ഹദീസുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാർഥി കൊണ്ടുവരുന്ന എഴുത്തിനെ സനദ് ചേർത്ത് റിപ്പോർട്ട് ചെയ്യാൻ ഗുരു അംഗീകാരം നൽകുന്നതാണ്. ഇതിൽ രണ്ടാമത്തെ രീതിയാണ് പ്രസ്തുത സംഭവത്തിലേത്. നിരവധി ആലിമീങ്ങൾ ഈ രീതിയിൽ ഹദീസുദ്ധരിക്കാനുള്ള സമ്മതം കൊടുത്തതായി മുഖദ്ദിമയിൽ തന്നെ പറയുന്നുണ്ട്. ഇമാം സുഹ്‌രി(റ)യിൽ നിന്ന് തന്നെ ഉബൈദുല്ലാഹിബ്‌നു അംറിനെ പോലുള്ള പല ശിഷ്യരും ഇത്തരത്തിൽ ഹദീസ് സ്വീകരിച്ചിട്ടുണ്ട്. ഗോൾഡ്‌സിഹ്ർ ഉന്നയിച്ച സംഭവം ഇബ്‌നു അസാകിർ ഉദ്ധരിച്ചതിൽ നിന്ന് ഇബ്‌റാഹീമുബ്‌നു വലീദ് എന്നയാൾ സുഹ്‌രി(റ)യുടെ ശിഷ്യനാണെന്നു വ്യക്തമാകുന്നുണ്ട്. അതിനാൽ തന്നെ ഹദീസ് വിജ്ഞാനശാസ്ത്രത്തിൽ സ്വീകാര്യമായ മാർഗത്തിലൂടെയുള്ള നിവേദനമാണ് പ്രസ്തുത സംഭവമെന്ന് സ്പഷ്ടം.

ഗോൾഡ് സിഹ്‌റ് ഉന്നയിക്കുന്ന മറ്റൊരു വിമർശനം ‘ഉമവീ ഖലീഫമാർ ഹദീസുകൾ എഴുതാൻ തന്നെ നിർബന്ധിപ്പിക്കുന്നു’ എന്ന സുഹ്‌രിയുടെ പരാമർശത്തെ, ഹദീസുകൾ കെട്ടിച്ചമക്കാൻ ഇമാമിനെ ഉമവികൾ പ്രേരിപ്പിച്ചിരുന്നുവെന്ന് ദുർവ്യാഖ്യാനിച്ചതാണ്. സത്യസന്ധതയും നിഷ്പക്ഷതയുമല്ല, തന്റെ ആവശ്യാനുസരണം വെട്ടിയും ചുരുക്കിയും പരാമർശങ്ങളിൽ കൃത്രിമത്വം നിറക്കാൻ ശ്രമിക്കുന്ന ഗോൾഡ്‌സിഹ്‌റിനെയാണ് ഇവിടെ കാണാൻ സാധിക്കുക. സുഹ്‌രി(റ) ഹദീസുകൾ എഴുതുന്നതിനെ വിലക്കിയ ആളായിരുന്നു എന്നതിന്റെ ഉദ്ദേശ്യം, അദ്ദേഹത്തിന്റെ പഠന ശൈലി പോലെ തന്നെ ഹദീസുകൾ ‘മന:പാഠമാക്കാനാണ്’ തന്റെ ശിഷ്യർക്കും അദ്ദേഹം പ്രോത്സാഹനം നൽകിയത് എന്നാണ്. ഇമാമിന്റെ പഠനരീതിയെ അഭിനന്ദിക്കുന്ന പണ്ഡിതോദ്ധരണങ്ങളിൽ നിന്നും ഇക്കാര്യം ബോധ്യപ്പെടും. എന്നാൽ, വിമർശനമായി ഉദ്ധരിച്ച സംഭവത്തിൽ നിന്ന്, തന്റെ പതിവ് രീതിയിൽ നിന്നു വ്യത്യസ്തമായി ഖലീഫ ഹിശാം അദ്ദേഹത്തോട് എഴുതാൻ ആവശ്യപ്പെടുകയും നിർബന്ധിതനായി അദ്ദേഹം എഴുതിക്കൊടുക്കുകയുമാണുണ്ടായതെന്ന് മനസ്സിലാകുന്നുവെന്നാണ് വാദം. വിശാലമായൊരു റിപ്പോർട്ടിന്റെ ചെറിയ ഭാഗം മാത്രം ഉദ്ധരിച്ചുകൊണ്ട് തന്റെ ആവശ്യത്തിനൊത്ത വിധം വ്യാഖ്യാനിക്കുകയാണ് ഗോൾഡ്‌സിഹ്ർ. അതിനായി, ഹദീസുകളെഴുതാൻ നിർബന്ധിപ്പിച്ചു എന്നതിനെ ഹദീസുകൾ കെട്ടിച്ചമക്കാൻ പ്രേരിപ്പിച്ചു എന്ന രീതിയിൽ ആശയമാറ്റവും വരുത്തി!
ഗോൾഡ് സിഹ്ർ മുന്നോട്ടുവെച്ച ഈ വിമർശനങ്ങൾക്ക് പാശ്ചാത്യൻ ബൗദ്ധിക ലോകത്തെന്ന പോലെ പൗരസ്ത്യ സർവകലാശാലകളിലും ആശയങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചുവെന്നത് വസ്തുതയാണ്. ‘ആധുനികത’ ഇസ്‌ലാമിക വൈജ്ഞാനിക അടിത്തറയിൽ വരുത്തിയ വികലതകൾക്ക് വളമാകും വിധം പ്രവർത്തിച്ചതും സിഹ്‌റിന്റെ ആശയങ്ങളും വിമർശനങ്ങളുമത്രെ. മധ്യേഷ്യൻ ഇസ്‌ലാമിക രാഷ്ട്രങ്ങളിലും മലേഷ്യയിലും മാത്രമല്ല, ഇന്ത്യയിൽ പോലും പ്രചരിച്ച ഇസ്‌ലാം വിരുദ്ധ മുന്നേറ്റങ്ങളുടെ ഊർജവും ഗോൾഡ് സിഹ്‌റിന്റെ ആശയങ്ങളാണെന്ന് ഗണിക്കാം. പക്ഷേ, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഹദീസിലെ വലിയൊരു ഭാഗത്തെ അസാധുവാക്കുവാനുള്ള പരിശ്രമത്തിന് ലോകോത്തര ജ്ഞാനികൾ തക്കതായ മറുപടി നൽകിയിട്ടുണ്ട്. ഓറിയന്റലിസ്റ്റ് വിമർശകർ ഇസ്‌ലാമിക ഭത്സനത്തിന് ഇത്രയും തരംതാഴ്ന്നു പരിശ്രമിച്ചെങ്കിൽ അഹ്‌ലുസ്സുന്നയുടെ പ്രമാണ സൂക്ഷിപ്പുകാരായി നിലകൊണ്ട മുൻകാല സ്വഹാബത്തും താബിഉകളും ശ്രേഷ്ഠ പണ്ഡിതരും യത്‌നിച്ചത് നമ്മുടെ അളവുകോലുകൾക്കപ്പുറമാണെന്ന് തിരിച്ചറിയുകയേ നിർവാഹമുള്ളൂ. അവരുടെ ജ്ഞാന സേവനമാണ് എക്കാലത്തെയും മതവിമർശകരുടെ വായടപ്പിച്ചതും.

ഉനൈസ് മുസ്തഫ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ