adima-history-malayalam

ഇന്ത്യ കുറേ കാലം മുസ്‌ലിംകൾ ഭരിച്ചുവെങ്കിലും പൂർണാർത്ഥത്തിലൊരു ഇസ്‌ലാമിക ഭരണമുണ്ടായിരുന്നില്ല. ശരീഅത്തടിസ്ഥാനത്തിലുള്ള ഭരണമാണല്ലോ ഇസ്‌ലാമിക ഭരണം. അത്തരത്തിലൊന്ന് ഇവിടെയുണ്ടായിട്ടില്ല. ഭരണകർത്താക്കളിൽ തന്നെ ഇസ്‌ലാമിനെ സ്‌നേഹിച്ചവരും അല്ലാത്തവരുമുണ്ട്.  ചിലർ ഇസ്‌ലാമിനേക്കാൾ കൂടുതൽ സ്‌നേഹിച്ചത് പേർഷ്യൻ രാജ സിദ്ധാന്തത്തെയാണ്. ചിലർ സാമ്രാജ്യത്വ മോഹങ്ങൾക്കായി ഇസ്‌ലാമിനെ വേണ്ടുവോളം ചൂഷണം ചെയ്തു. അധീശത്വ മോഹങ്ങൾക്കായി നിലയുറപ്പിക്കുമ്പോഴും മുസ്‌ലിം സുൽതാൻമാർ കുറേ നല്ല കാര്യങ്ങൾ കൂടി ചെയ്തിട്ടുണ്ട്. ചിലരുടെ ഭരണം മതത്തിന് അപമാനമുണ്ടാക്കിയപ്പോൾ ഏതാനും പേരുടേത് ഇസ്‌ലാമിന് ഗുണകരമായി. ഇസ്‌ലാമിന് സാമ്രാജ്യത്വ മുഖമുണ്ടാക്കാൻ പാടുപെടുകയായിരുന്നു സുൽതാൻമാരധികവും. അവരുടെ സേവനങ്ങളെ അത്തരത്തിലേ വിലയിരുത്തേണ്ടതുള്ളൂ. സുൽതാൻമാരെ ദൈവമിത്രങ്ങളുടെ പദവിയിലേക്കുയർത്തുന്നത് യഥാർത്ഥ ദൈവമിത്രങ്ങളെ അവഗണിക്കുന്നതിന് കാരണമാകുമെന്ന് മാത്രമല്ല; ഇസ്‌ലാം മതത്തോടും ചരിത്രത്തോട് തന്നെയും ചെയ്യുന്ന അനീതി കൂടിയായിരിക്കുമത്.

ഗോറികൾ അവരുടെ ഭരണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ  കാലുകുത്തിയത്. ഇതിനർത്ഥം ഇന്ത്യയെ കറവപ്പശുവാക്കുക എന്നതല്ല; മറിച്ച് ഇന്ത്യയെ ഗോറി സാമ്രാജ്യത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു. ഇവിടത്തെ വിഭവങ്ങൾ ഇവിടെത്തന്നെ ഉപയോഗപ്പെടുത്താനാണവർ ശ്രമിച്ചത്. തുടർന്ന് വന്ന സുൽതാൻമാരും ഇതേ പാത സ്വീകരിച്ചു. പൗരാണിക ഇന്ത്യയുടെ മുഖച്ഛായ മാറ്റും വിധമുള്ള കമാനങ്ങളും പള്ളികളും രമ്യഹർമങ്ങളും ഇന്ത്യയുടെ ശോഭക്ക് മാറ്റു കൂട്ടി. മുഹമ്മദ് ഗോറി തഴക്കം വന്ന  ഭരണാധികാരിയാണ്. അദ്ദേഹത്തിന്റെ മരണത്തോടെ ഗോർ ഒന്നുമല്ലാതായി. പുത്രൻ സാം തീരെ ദുർബലൻ. 1211-ൽ ഖ്വാരിസം ഷാ തലസ്ഥാനം പിടിച്ചു. അടിമകളായിരുന്നു സുൽതാന്റെ അഭിമാനം. ആയിരക്കണക്കിന് അടിമകളെ അദ്ദേഹം തീറ്റിപ്പോറ്റിയിരുന്നു. അവരെ മക്കളെപ്പോലെ വളർത്തി. അവരെക്കുറിച്ച് അഭിമാനത്തോടെ പറയും: ‘അവരാണ് തന്റെ  യഥാർത്ഥ മക്കളെന്ന്’. അടിമകളിൽ മുഖ്യൻ ഖുതുബുദ്ദീൻ അയ്ബകാണ്. അദ്ദേഹം ഇന്ത്യൻ പ്രദേശത്ത് സ്വതന്ത്ര ഭരണം തുടങ്ങി. മറ്റൊരാൾ യൽദൂസ് ഗസ്‌ന സ്വന്തമാക്കി. ഖുബാച്ച എന്നയാൾ ബാക്കി പ്രദേശങ്ങളും.

അയ്ബകും പിൻഗാമികളും

1206-ൽ ഗോറിൽ നിന്ന് വേർപ്പെട്ട് സ്വാതന്ത്ര്യം പ്രാപിച്ചതോടെ ഇന്ത്യ ഖുതുബുദ്ദീൻ അയ്ബകിന്റെ കീഴിൽ ഒരു സ്വതന്ത്ര  രാജ്യമായി മാറി. അയ്ബകിന്റെ രാജവംശം തുർക്കി, പത്താനി, ഇൽബറി, മംലൂക്ക് എന്നിങ്ങനെ പല പേരുകളിലറിയപ്പെടുന്നു. അയ്ബക്  മുഹമ്മദ് ഗോറിയുടെ അടിമയായതിനാൽ മംലൂക് (അടിമ) വംശം എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എൺപത്തിനാലു വർഷം നീണ്ട ഈ രാജവംശത്തിൽ പതിനൊന്ന് സുൽതാൻമാരുണ്ടായി. പേർഷ്യനിൽ സൽതനത്ത് ഗിൽമാൻ (അടിമ അധികാരം) എന്നാണിവരുടെ ഭരണകാലം അറിയപ്പെടുന്നത്.

സുൽതാൻമാർ

 1. ഖുതുബുദ്ദീൻ അയ്ബക് (1206-1210)
 2. ആരം ഷാ (1210-1211)
 3. ശംസുദ്ദീൻ ഇൽതുത്മിഷ് (1211-1260). അയ്ബകിന്റെ മരുമകനാണിദ്ദേഹം.
 4. ഇൽതുത്മിഷിന്റെ മകൻ റുക്‌നുദ്ദീൻ ഫിറോസ് (1236)
 5. സുൽതാന റസിയതുദ്ദീൻ (1236-40). ഇൽതുത്മിഷിന്റെ മകൾ
 6. മുഇസ്സുദ്ദീൻ ബഹ്‌റം (1240-42). ഇൽതുത്മിഷിന്റെ മകൻ.
 7. അലാഉദ്ദീൻ മസൂദ് (1242-46). റുക്‌നുദ്ദീന്റെ മകൻ.
 8. നാസിറുദ്ദീൻ മഹ്മൂദ്(1246-66). ഇൽതുത്മിഷിന്റെ പൗത്രൻ.
 9. ഗിയാസുദ്ദീൻ ബാൽബൻ (1266-86). ഇൽതുത്മിഷിന്റെ മരുമകൻ.
 10. മുഇസ്സുദ്ദീൻ ഖായ്ഖുബാദ് (1286-90) ബാൽബന്റെ പൗത്രൻ.
 11. ഖായ്കുമാർസ് (1290). ഖായ്ഖുബാദിന്റെ പുത്രൻ.

ഇന്ത്യയുടെ ഉത്തര ഭാഗത്തിന്റെ വലിയൊരു ഭാഗം അയ്ബകിന്റെ കൈയിലായിരുന്നെങ്കിലും അവിടെ ആധിപത്യം സ്ഥാപിക്കാൻ മുഹമ്മദ് ഗോറിയുടെ മറ്റു അടിമകളായ യൽദൂസും ഖുബാച്ചയും ശ്രമിച്ചു കൊണ്ടിരുന്നു. യൽദൂസ്  ബാമിയാനിലെ ഗോർ സുൽതാൻ ഗിയാസുദ്ദീന്റെ സമ്മതവുമായി പഞ്ചാബ് അധീനപ്പെടുത്താൻ ശ്രമിച്ചപ്പോൾ സൈന്യവുമായി ചെന്ന് അയ്ബക് അദ്ദേഹത്തെ തോൽപിച്ച് ഗസ്‌ന വരെ ജയിച്ചടക്കി. യൽദൂസിന്റെ ഭീഷണിയെ ചെറുക്കാനാവണം അയ്ബക് ലാഹോർ തലസ്ഥാനമാക്കി നിശ്ചയിച്ചു. ലാഹോറിൽ വെച്ചാണ് സുൽതാൻ പട്ടമണിഞ്ഞത്.  കിഴക്കേ ഇന്ത്യയിൽ ബക്തിയാർ ഖൽജിയെ കൊന്ന് അലിമർദാൻ അധികാരം സ്ഥാപിച്ചിരുന്നല്ലോ. അവിടെ അലി മർദാനെ തുരത്തി മുഹമ്മദ് ഷിറാൻ  അധിപതിയായി. അലി മർദാൻ രക്ഷപ്പെട്ട് അയ്ബകിന്റെ അടുത്തെത്തി. അയ്ബക് അലി മർദാനെ ലക്‌നൗതിയിലെ ഗവർണറാക്കി നിശ്ചയിച്ചതോടെ കിഴക്കേ ഇന്ത്യയിലെ പ്രശ്‌നം പരിഹരിച്ചു.

ഇന്ത്യയിൽ പുതിയ സ്ഥലങ്ങൾ കീഴടക്കാനല്ല അയ്ബക് ശ്രമിച്ചത്. ഇവിടെ മുഖ്യശത്രുക്കൾ അദ്ദേഹത്തിന്റെ തന്നെ സ്‌നേഹിതൻമാരായിരുന്നു. ഗോറിയുടെ അടിമകളും അമീറുമാരും ഇന്ത്യയിൽ കണ്ണ് വെച്ചിരുന്നു. അവരെ ഒതുക്കുകയായിരുന്നു ലക്ഷ്യം. അതിനിടെ 1210-ൽ പോളോ കളിക്കുമ്പോൾ അയ്ബക് കുതിരപ്പുറത്ത് നിന്ന് വീണു. പെട്ടെന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. കേവലം നാലു വർഷമാണ് അയ്ബക് സുൽതാൻ പദം അലങ്കരിച്ചത്.

തുർകിസ്താനിലെ അടിമച്ചന്തയിൽ നിന്ന് പണ്ഡിതനായ ഖാസി അബ്ദുൽ അസീസ് കൂഫിയാണ് ആദ്യം അയ്ബകിനെ വാങ്ങിയത്. ഖാസി മകനെപ്പോലെ തന്നെ അയ്ബകിനെ വളർത്തി. ഖുർആൻ പാരായണം പഠിപ്പിച്ചു. അങ്ങനെ ഖുർആൻ പാരായണക്കാരൻ (ഖുർആൻ ഖാൻ) എന്ന പേര് കൂടി അയ്ബകിനു കിട്ടി. പിന്നീട് കച്ചവടക്കാർ അയ്ബകിനെ വാങ്ങി ഗസ്‌നയിൽ കൊണ്ടുവന്നു. അവിടെ വെച്ച് മുഹമ്മദ് ഗോറി വാങ്ങി. ഗോറിക്ക് അയ്ബകിനെ നന്നേ ഇഷ്ടപ്പെട്ടു. സൈനിക പരിശീലനവും നൽകി. തറൈൻ യുദ്ധത്തിൽ അയ്ബക് തന്റെ സാമർത്ഥ്യം ശരിക്കും ബോധ്യപ്പെടുത്തി. അയ്ബകിന് നൽകിയ സമ്മാനങ്ങൾ കൊട്ടാരത്തിലുള്ള തന്റെ സ്‌നേഹിതർക്ക് വിതരണം ചെയ്തുവെന്നറിഞ്ഞപ്പോൾ ഗോറിയുടെ സ്‌നേഹം ഇരട്ടിയായി. സാമ്രാജ്യം വികസിപ്പിക്കുന്നതിൽ ഗോറിയെ ഏറ്റവും കൂടുതൽ സഹായിച്ചത് അയ്ബക് തന്നെയാണ്.

നല്ലൊരു സേനാപതിയായിത്തീർന്ന അയ്ബകാണ് ഇന്ത്യയിൽ മുഹമ്മദ് ഗോറിയുടെ പടയോട്ടങ്ങൾ നടത്തിയത്. ധർമിഷ്ഠനായ അയ്ബക് ലക്ഷങ്ങളുടെ ധർമിഷ്ഠൻ (ലാക് ബക്ഷ്) എന്നും അറിയപ്പെട്ടു. ലാഹോറിലാണ് അദ്ദേഹത്തെ ഖബറടക്കിയത്. പിന്നീട് ഭരണത്തിലേറിയ അരംഷാ ദുർബലനായിരുന്നതിനാൽ ഒരു വർഷം പോലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ പുറന്തള്ളി ശംസുദ്ദീൻ ഇൽതുത്മിഷ് സിംഹാസനത്തിലേറി.

ഇൽതുത്മിഷ്

ഇൽതുത്മിഷ് എന്ന പദത്തിനർത്ഥം രാജവംശം നിലനിറുത്തുന്നവൻ എന്നാണ്. ഗോത്ര മേധാവിയായ ഇലംഖാന്റെ പുത്രനാണിദ്ദേഹം. ഇൽബരി എന്ന തുർക്കി ഗോത്രക്കാരനായതിനാൽ അടിമ രാജവംശത്തിന് ഇൽബരി വംശം എന്ന പേരു കൂടി വന്നു. അസൂയാലുക്കളായ അദ്ദേഹത്തിന്റെ അർധ സഹോദരൻമാർ ഇൽതുത്മിഷിനെ ഒരു അടിമക്കച്ചവടക്കാരന് വിറ്റു. അയാൾ ബുഖാറയിലെ ചന്തയിൽ കൊണ്ടുവന്ന് അവനെ ഒരു പ്രഭുവിന് വിറ്റു. പ്രഭുവിന്റെ വീട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടി കഴിഞ്ഞു. പ്രഭുവിൽ നിന്ന് ജമാലുദ്ദീൻ മുഹമ്മദ് എന്ന വ്യാപാരി ഇൽതുത്മിഷിനെ വാങ്ങി ഗസ്‌നയിൽ കൊണ്ടുവന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ സ്വൂഫികളുമായി ബന്ധം പുലർത്തിയിരുന്നു. ശൈഖ് ശിഹാബുദ്ദീൻ സുഹ്‌റവർദിയുടെ അനുഗ്രഹം വാങ്ങിയെന്ന് ഫുതൂഹുസ്സലാതീൻ എന്ന കൃതിയിൽ ഇസാമി എഴുതുന്നു. ഡൽഹി മാർക്കറ്റിൽ നിന്നാണ് അയ്ബക് ഇൽതുത്മിഷിനെ വാങ്ങുന്നത്. വളരെ പെട്ടെന്ന് ഇൽതുത്മിഷ് മുഹമ്മദ് ഗോറിയുടെയും അയ്ബകിന്റെയും ഇഷ്ടപ്പെട്ടവനായി. ഗ്വാളിയർ യുദ്ധത്തിൽ ഇൽതുത്മിഷിന്റെ സാമർത്ഥ്യം നേരിട്ടറിഞ്ഞ ഗോറി സമ്മാനമായി ഒരു പുറംകുപ്പായം നൽകി. താമസിയാതെ അയ്ബക് അദ്ദേഹത്തിന് മോചനപത്രം നൽകുകയുണ്ടായി. അയ്ബകിന് പോലും അന്ന് ഗോറിയിൽ നിന്ന് മോചനപത്രം ലഭിച്ചിരുന്നില്ല. അയ്ബകിന്റെ മരണശേഷം സുൽതാൻ പദവിക്ക് ഏറ്റവും അർഹൻ ഇൽതുത്മിഷ് തന്നെ. പക്ഷേ അരംഷായെ പുറന്തള്ളേണ്ടിവന്നു ഭരണത്തിലേറാൻ.

ഇൽതുത്മിഷ് ഏറെ പ്രയാസങ്ങൾ നേരിട്ടു. ഒരുഭാഗത്ത് യൽദൂസ് ഇന്ത്യക്ക്‌മേൽ അവകാശമുന്നയിച്ചു.  കുറേയേറെ ഗവർണർമാർ കലാപത്തിനൊരുങ്ങി. അക്രമികളായ മംഗോളിയരും ഇന്ത്യക്ക്‌മേൽ ഭീഷണിയുയർത്തി. യൽദൂസിനെ തറൈനിൽ വെച്ച് തോൽപിച്ച് ബന്ദിയാക്കി. കുറച്ചു ദിവസം ബദയൂനിലെ ഒരു കോട്ടയിൽ പാർപ്പിച്ച ശേഷം വധിച്ചു. ലാഹോർ ഗവർണർ ഖുബാച്ച ഗോറിയുടെ വിശ്വസ്തനായ അടിമയായിരുന്നു. അദ്ദേഹം പിന്നീട് അയ്ബകിന്റെ അധീശത്വം അംഗീകരിച്ചു. പക്ഷേ ഇൽതുത്മിഷ് വന്നപ്പോൾ കലാപമുണ്ടാക്കി. ഇൽതുത്മിഷ് ഖുബാച്ചയെ പിന്തുടർന്ന് സിന്ധ് വരെയെത്തി. നദി മുറിച്ച് കടക്കവേ ഖുബാച്ച നദിയിൽ മുങ്ങി മരിച്ചു. ആ പ്രദേശങ്ങളൊക്കെ ഇൽതുത്മിഷിന് കിട്ടി.

ബംഗാൾ ഗവർണർ അലി മർദാനും കലാപമുണ്ടാക്കി. എന്നാൽ ഇൽതുത്മിഷിന് അങ്ങോട്ട് ശ്രദ്ധിക്കാൻ നേരമുണ്ടായില്ല. അപ്പോഴേക്ക് അലി മർദാൻ മരിച്ച്(1212) മകൻ ഗിയാസുദ്ദീൻ ഭരണമേറ്റെടുത്തിരുന്നു.  ഗിയാസുദ്ദീനെ തോൽപിച്ച് ഇൽതുത്മിഷ് ഭരണം പുനഃസ്ഥാപിച്ചു. രജപുത്രൻമാരായ ചണ്ഡേല, പ്രതിഹാര, ഭട്ടീസ്, ചോഹാൻസ് തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ കലാപമഴിച്ചുവിട്ടു. എല്ലാവരെയും കീഴടക്കി. കലാപങ്ങൾ അടിച്ചമർത്തി. അപ്പോഴാണ് മംഗോളിയരുടെ വരവ്. ഖ്വാരിസം ചക്രവർത്തി ജലാലുദ്ദീൻ മങ്ബറാനിയെ പിന്തുടർന്ന് കൊണ്ട് ചെങ്കിസ് ഖാൻ സിന്ധ് വരെയെത്തി. സിന്ധ് കടന്ന ജലാലുദ്ദീൻ, ഇൽതുത്മിഷിനോട് അഭയം തേടി. ഇൽതുത്മിഷ് അപേക്ഷ ദയാപൂർവം നിരസിച്ചു. കാരണം ജലാലുദ്ദീൻ അബ്ബാസീ ഖലീഫയുമായി സ്വരച്ചേർച്ചയിലല്ലായിരുന്നു. അതേസമയം ഇൽതുത്മിഷാകട്ടെ, ഖലീഫയുടെ പ്രതിനിധിയുമാണ്. ഖലീഫ ഇൽതുത്മിഷിന് നാസിറുദ്ദീൻ എന്ന പട്ടം നൽകി അംഗീകാരം നൽകിയതാണ്. രണ്ടാമത്, ജലാലുദ്ദീന് അഭയം കൊടുത്ത് മംഗോളിയരുടെ അനിഷ്ടം സമ്പാദിക്കാൻ ഇൽതുത്മിഷ് തയ്യാറായതുമില്ല. ഭാഗ്യത്തിന് ചെങ്കിസ് ഖാൻ ഇന്ത്യയിലേക്ക് കടക്കാതെ തിരിച്ചുപോയി.

അബ്ബാസീ ഖലീഫയിൽ നിന്നുള്ള അധികാര ദാനമാണ് ഇൽതുത്മിഷിന്റെ ഭരണത്തിലെ പ്രധാന സംഭവം. ഇൽതുതുത്മിഷ് അബ്ബാസീ ഖലീഫയോട് തന്റെ ഭരണത്തിന് അംഗീകരാം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 1229 ഫെബ്രുവരി 18-ന് ബഗ്ദാദിൽ നിന്ന് ഖലീഫയുടെ ദൂതൻമാർ ഡൽഹിയിലെത്തി. ഇതോടനുബന്ധിച്ച് നഗരം ദീപാലംകൃതമാക്കി. ഉത്‌സവ പ്രതീതിയിലാണ് ചടങ്ങ് നടന്നത്. ഇതോടെ സുൽതാൻ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയായി. രണ്ട് മാസം കഴിഞ്ഞപ്പോൾ തന്റെ ഇഷ്ടപുത്രൻ നാസിറുദ്ദീൻ മഹ്മൂദിന്റെ മരണം സുൽതാനെ അതീവ ദുഃഖത്തിലാഴ്ത്തി. ആത്മധൈര്യം തന്നെ ചോർന്നു പോയി. അതോടെ പ്രഭുക്കളിൽ അസ്വസ്ഥത പടർന്നു. പലേടത്തും കലാപങ്ങൾ. ഗ്വാളിയർ, ജഹാർ, മാൾവ എന്നിവിടങ്ങളിലെ രജപുത്രൻമാരുടെ കലാപങ്ങൾ പണിപ്പെട്ടാണ് ഒതുക്കിയത്.

ഡൽഹി തലസ്ഥാനമാക്കാൻ കുത്ത്ബുദ്ദീൻ അയ്ബക് ആഗ്രഹിക്കുകയും അതിന്റെ ഭാഗമായി കുത്തബ് മിനാറിന്റെയും ഖുവ്വതുൽ ഇസ്‌ലാം പള്ളിയുടെയും നിർമാണം തുടങ്ങുകയും ചെയ്തതാണ്. എന്നാൽ കലാപങ്ങൾ കാരണവും അദ്ദേഹത്തിന്റെ ആകസ്മിക മരണം മൂലവും അതിന് സാധിച്ചില്ല. ആ ദൗത്യം പൂർത്തിയാക്കിയത് ഇൽതുത്മിഷാണ്. ഈ പട്ടണത്തെ മധ്യകാലത്തെ മനോഹരമായ പട്ടണമാക്കി അദ്ദേഹം മാറ്റി. കുത്തബ് മിനാറും ഖുവ്വതുൽ ഇസ്‌ലാം പള്ളിയും  പൂർത്തിയാക്കി. പള്ളിയെ അദ്ദേഹം ഒരു വിദ്യാ സമുച്ചയമാക്കി മാറ്റുക കൂടി ചെയ്തു.  ഇന്ത്യയിലെ ആദ്യത്തെ പള്ളിയായാണ്  ഖുവ്വതുൽ ഇസ്‌ലാം അറിയപ്പെടുന്നത്. ലോകപണ്ഡിതൻമാരെയും സ്വൂഫികളെയും സഞ്ചാരികളെയും വ്യാപാരികളെയും ഡൽഹിയിലേക്ക് ആകർഷിക്കുകയും ചെയ്തു. അന്ന് തൊട്ടിന്നോളം ഡൽഹി ഇന്ത്യാ രാജ്യത്തിന്റെ തലസ്ഥാനമായി തന്നെ തുടരുന്നു.

പിടിച്ചടക്കിയ സ്ഥലങ്ങൾ തന്റെ സേനാനായകർക്ക് നൽകിക്കൊണ്ട് ഇൽതുത്മിഷ് ഇഖ്താ സംവിധാനം വ്യവസ്ഥാപിതമാക്കി. ഇഖ്താ എന്നാൽ പേർഷ്യനിൽ കഷ്ണം എന്നാണർത്ഥം. പിടിച്ചടക്കിയ പ്രദേശങ്ങളെ കഷ്ണങ്ങളാക്കി വിഭജിച്ച് കൊടുക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്. നാട്ടിൽ നിലനിന്നിരുന്ന ഫ്യൂഡൽ സംവിധാനത്തെ തകർക്കാൻ ഇതുവഴി സാധിച്ചു. പുതിയ വ്യവസ്ഥ പ്രകാരം ഓരോ ഇഖ്തയിലും പരമാധികാരം അതേൽപിച്ചു കൊടുക്കുന്ന ഉദ്യോഗസ്ഥനാണ്. ഇയാൾക്ക് മുഖ്തി എന്നോ ഇഖ്തിദാർ എന്നോ വിളിച്ചുപോന്നു. തനിക്ക് ലഭിക്കുന്ന ഇഖ്തയിൽ കാര്യങ്ങൾ നോക്കുക, നികുതി പിരിക്കുക, സുരക്ഷ ഉറപ്പാക്കുക, സുൽതാൻ ആവശ്യപ്പെടുമ്പോൾ സൈന്യത്തെ നൽകുക എന്നതൊക്കെയാണ് ഇഖ്തിദാറുടെ ഉത്തരവാദിത്വം. അവർ സുൽതാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഇടക്കിടക്ക് ഇവരെ സ്ഥലം മാറ്റും. കുടുംബത്തിൽ തന്നെ ഈ പദവി നിക്ഷിപ്തമാക്കിയില്ല. അതിനാൽ ഈ സംവിധാനം ശക്തമായി നിലനിൽക്കുകയും രാജ്യം ഭദ്രമാവുകയും ചെയ്തു. രണ്ട് വിധം നാണയങ്ങൾ സുൽതാൻ നടപ്പാക്കി. വെള്ളി തങ്കയും ചെമ്പിന്റെ ജീതലും.

ഇൽതുത്മിഷ് ഭക്തനായിരുന്നു. രാത്രിയിൽ ഏറെ നേരം പ്രാർത്ഥനാ നിരതനായിരിക്കും. സ്വൂഫികളെ അളവറ്റ് ആദരിച്ചു. ബക്തിയാർ കാകി, ഹമീദുദ്ദീൻ നഗൗറി, ബഹാഉദ്ദീൻ സകരിയ്യ, ജലാലുദ്ദീൻ തബ്‌രീസി, നജീബുദ്ദീൻ നഖ്ഷാബി എന്നിവരെയൊക്കെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ബക്തിയാർ കാകിയോട് ഏറ്റവും ഉന്നത പദവിയായ സദറുസ്സുദൂർ അലങ്കരിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. കാകി ഡൽഹി വിടാൻ തീരുമാനിച്ചപ്പോൾ പോകരുതെന്ന് സുൽതാൻ കേണപേക്ഷിച്ചു. അങ്ങനെ കാകി പോകേണ്ടെന്ന് വെച്ചു.    മതപണ്ഡിതൻമാർക്കും കൊട്ടാരത്തിൽ സ്ഥാനം നൽകി. എന്നാൽ ഭരണത്തിൽ അവരുടെ ഉപദേശങ്ങൾ കാര്യമാക്കിയില്ല. മുഖ്യ പണ്ഡിതൻ നൂറുദ്ദീൻ മുബാറക് ഗസ്‌നവിയുടെ  നിർദേശങ്ങൾ പലപ്പോഴും അവഗണിക്കുകയും സ്വൂഫികളുടെ സൗഹൃദ സമീപനങ്ങളെ സ്വീകരിക്കുകയും ചെയ്തു. തന്റെ പിൻഗാമിയായി മകൾ റസിയയെ നിർദേശിക്കുമ്പോൾ പണ്ഡിതൻമാരുടെ ഉപദേശത്തിനൊന്നും അദ്ദേഹം കാത്തുനിന്നില്ല. മുൾട്ടാൻ പിടിക്കാൻ ബഹാഉദ്ദീൻ സകരിയ്യയും ഡൽഹിയിലെ കുളം (ഹൗസേ ഷംസി) നിർമിക്കാൻ ബക്തിയാർ കാകിയും സുൽതാന് പ്രചോദനമായി.

ഇരുപത്തൊന്ന് വർഷത്തെ സംഭവ ബഹുലമായ ഭരണത്തിന് ശേഷം ഇൽതുത്മിഷ് മരിച്ചു. സ്വൂഫീ പുണ്യവാളൻ ഖുതുബുദ്ദീൻ ബക്തിയാർ കാകിയുടെ സ്മരണാർത്ഥം അയ്ബക് നിർമാണം തുടങ്ങിയ ഖുത്തബ് മീനാറിന്റെ പണി പൂർത്തീകരിച്ചത് ഇൽതുത്മിഷാണ്. ലാഹോറിലെ അയ്ബകിന്റെ ഖബറിടവും അദ്ദേഹം വികസിപ്പിച്ചു. പുത്രൻ നാസിറുദ്ദീൻ മഹ്മൂദിനെയാണ് ഇൽതുത്മിഷ് പിൻഗാമിയാക്കാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ മകൻ നേരത്തെ മരിച്ചത് അദ്ദേഹത്തെ ദുഃഖാകുലനാക്കി. മകളെ പിൻഗാമിയാക്കാനുള്ള ആഗ്രഹം അറിഞ്ഞപ്പോൾ ആൺമക്കളുണ്ടായിട്ടും എന്തിനാണ് റസിയയെ പിൻഗാമിയാക്കുന്നതെന്ന് അമീറുമാർ ചോദിച്ചിരുന്നു. ആൺമക്കളൊക്കെ സുഖലോലുപരും ഭരണത്തിൽ താൽപര്യമില്ലാത്തവരുമാണെന്ന കാര്യം അദ്ദേഹം ഓർമപ്പെടുത്തി. എന്നാൽ ഇൽതുത്മിഷ് മരിച്ചപ്പോൾ പ്രഭുക്കൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ റുക്‌നുദ്ദീൻ ഫിറോസിനെ സുൽതാനാക്കി. ഇത് കൊട്ടാരത്തിൽ അസ്വാസ്ഥ്യങ്ങളുണ്ടാക്കി. റുക്‌നുദ്ദീൻ ദുർബലനായിരുന്നു. മാതാവ് ഷാ തുർകാനാണ് ഭരണം നിർവഹിച്ചത്. ഇവരാണെങ്കിൽ അസൂയാലുവും ക്രുദ്ധയുമായിരുന്നു. അതിനാൽ പ്രഭുക്കൾ അവരെ വെറുത്തു. ഇൽതുത്മിഷിന്റെ മറ്റൊരു ഭാര്യക്ക് ജനിച്ചവളാണ് റസിയ. റസിയ ഭരണത്തിലേറുമെന്ന് കരുതി അവരെ കൊല്ലാൻ ഷാ തുർകാൻ കരുക്കൾ നീക്കി. ഇളയുമ്മയുടെ ഗൂഢാലോചനയിൽ നിന്നു തന്നെ രക്ഷിക്കണമെന്നഭ്യർത്ഥിച്ച് റസിയ പള്ളിയിലെത്തി. ജനം റസിയക്ക് വേണ്ടി കലാപമുണ്ടാക്കി റുക്‌നുദ്ദീനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹത്തെയും ഉമ്മയെയും വധിക്കുകയും ചെയ്തു. ഒരു വർഷമേ ഇവർ ഭരിച്ചുള്ളൂ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരിയാണ് റസിയ. റസിയ ഏറെ കർമധീരയായിരുന്നു. അവർ സ്ത്രീ വേഷം മാറ്റി പുറംകുപ്പായവും (ഖാബാ) തൊപ്പിയും (കുലാഹ്) ധരിച്ച് ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ആനപ്പുറത്ത് എഴുന്നള്ളുകയും ക്ഷേമകാര്യങ്ങൾ നടപ്പാക്കുകയും ചെയ്തു. യുദ്ധങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. സ്ത്രീ വേഷം ഭരണാധികാരിക്ക് യോജിച്ചതല്ലെന്നാണ് അവർ ചിന്തിച്ചത്. പക്ഷേ, ഒരാഫ്രിക്കനുമായുള്ള അനുരാഗമാണ് അവരെ വഴികേടിലാക്കിയത്. ഇത് ചില പ്രഭുക്കൻമാർ കെട്ടിച്ചമച്ചതാണെന്ന് പറയുന്നവരുമുണ്ട്. റസിയയുടെ അമിതത്വങ്ങളൊന്നും പ്രഭുക്കൾ സഹിച്ചില്ല. അവർക്ക് റസിയ ശത്രുവായി. ശത്രുക്കളുടെ ഗൂഢനീക്കം പണിപ്പെട്ട് അടിച്ചമർത്തിയെങ്കിലും  പിടിച്ച് നിൽക്കാൻ റസിയക്ക് വിഷമമായി. പ്രധാനമന്ത്രി ജുനൈദ് പോലും ശത്രു പാളയത്തിലെത്തി. പലയിടത്തും കലാപം പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ ഭാട്ടിൻഡയിലെ ഗവർണർ അൽതൂനിയ റസിയയെ തോൽപിച്ചു. സമർത്ഥയായ റസിയ അൽതൂനിയയെ കല്യാണം കഴിച്ചു. പിന്നെ രണ്ടു പേരും കൂടി ശത്രുക്കളെ നേരിട്ടു. അപ്പോഴേക്കും രണ്ടാനമ്മയുടെ മകൻ ബഹ്‌റം ദൽഹി പിടിച്ചു. അൽതൂനിയയും റസിയയും കൂടി രജപുത്രൻമാരുടെ സഹായത്തോടെ ശക്തമായ സൈന്യത്തെ സജ്ജമാക്കി. കൈതാലിൽ വെച്ച് ബഹ്‌റമിനെ നേരിട്ടെങ്കിലും ഫലിച്ചില്ല. രണ്ട് പേരെയും ബഹ്‌റം ബന്ദികളാക്കി, പിന്നീട് കൊന്നു (1240 ഒക്‌ടോബർ 14). അങ്ങനെ നാലു വർഷം മാത്രം നീണ്ട റസിയ ഭരണം അവസാനിച്ചു. പിന്നീട് രണ്ട് കൊല്ലം ബഹ്‌റം ഭരിച്ചു.

ബഹ്‌റമിന്റെ പ്രശ്‌നം മുഖ്യമായും മംഗോളിയരായിരുന്നു. മംഗോളിയനായ തൈർ ലാഹോറിൽ അക്രമം വിതച്ചു. ദുർബലനായ ഗവർണർ മാലിക് ഖറാകഷ് ലാഹോർ വിട്ടോടി. ബഹ്‌റമിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മംഗോളിയർ നൂറുകണക്കിന് പേരെ നിർദയം കൊന്നു. കുപിതരായ ജനം ബഹ്‌റമിനെയും സ്ഥാനഭ്രഷ്ടനാക്കി വധിച്ചു (മേയ് 1242). റുക്‌നുദ്ദീന്റെ പുത്രൻ അലാഉദ്ദീൻ മസൂദ് ഷായാണ് പിന്നെ സുൽതാനായത്. അദ്ദേഹവും ദുർബലനായിരുന്നു. പ്രഭുക്കളാണ് ഭരണം നിയന്ത്രിച്ചത്. ആകെ അരാജകത്വമായി. പലേടത്തും കലാപങ്ങൾ. ബംഗാൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പിന്നാലെ മുൾട്ടാനും. മംഗോളിയർ ഈ അവസരം മുതലെടുത്തു. മസൂദ് എങ്ങനെയൊക്കെയോ നാല് വർഷം ഒപ്പിച്ചു. താമസിയാതെ സ്ഥാനഭ്രഷ്ടനായി. പിന്നീടു വന്നത് ഇൽതുത്മിഷിന്റെ പൗത്രൻ നാസിറുദ്ദീൻ ഷാ. ഇപ്പേരിൽ ഒരു പുത്രൻ ഇൽതുത്മിഷിനുണ്ടായിരുന്നു. പിതാവിന്റെ ജീവിത കാലത്ത് തന്നെ അവൻ മരിച്ചതിനാൽ അവനോടുള്ള വാത്സല്യാർത്ഥം പേരക്കുട്ടിക്ക് അതേ പേരിട്ടു. ആ പേരക്കുട്ടിയാണ് ഈ നാസിറുദ്ദീൻ. പല ചരിത്രകാരൻമാരും ഇദ്ദേഹം മകനാണെന്ന് തെറ്റിദ്ധരിച്ചിച്ചിട്ടുണ്ട്.

നാസിറുദ്ദീൻ മഹ്മൂദ് ഇരുപത് വർഷം ഭരിച്ചെങ്കിലും കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. പഞ്ചാബിൽ മംഗോളിയരുടെ താണ്ഡവം, അതിനുമപ്പുറം അതിശക്തരായ കോക്കാർ ഗോത്രക്കാർ, ദുവാബിൽ രജപുത്രർ, മേവാതിൽ മേയോകൾ, കലഹ പ്രിയരായ പ്രഭുക്കൾ, എല്ലാവരും കൂടി പ്രശ്‌നങ്ങളുണ്ടാക്കി. ദുർബലനായ സുൽതാൻ എല്ലാകാര്യവും തന്റെ പ്രധാനമന്ത്രിയും ഭാര്യാ പിതാവുമായ ഉലുഗ് ഖാനെ (ഗിയാസുദ്ദീൻ ബാൽബൻ) ഏൽപിച്ചു. ഇൽതുത്മിഷിന്റെ കാലത്ത്  അംഗരക്ഷകരായി നാൽപത് അടിമകളുണ്ടായിരുന്നു (തുർകാനേ ചഹൽഗാനി). ഇവരെ ഇൽതുത്മിഷിന്റെ പേരിനോട് ചേർത്ത് ഷംസി അടിമകൾ എന്നാണ് പറഞ്ഞിരുന്നത്. ഇവരുടെ നേതാവായിരുന്നു ഉലുഗ് ഖാൻ. ഉലുഗ് ഖാന് ഈ അടിമ സുഹൃത്തുക്കളെക്കൊണ്ട് മടുത്തു. കാരണം ഇവരെപ്പോഴും ഭരണത്തിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാനം ഉലുഗ് ഖാനെ കൊണ്ട് സുൽതാനും മതിയായി. അദ്ദേഹം ബാൽബനെ മാറ്റി പകരം ഇമാമുദ്ദീൻ റയ്ഹാനെ പ്രധാനമന്ത്രിയാക്കി. റയ്ഹാനാകട്ടെ ഉലുഗ് ഖാന്റെ കൊടുംശത്രുവും. റയ്ഹാൻ സുൽതാനെ മറികടന്ന് കരുക്കൾ നീക്കി. ഉലുഗ് ഖാനും വിട്ടില്ല. അദ്ദേഹം വീണ്ടും ശക്തി പ്രാപിച്ചു. റയ്ഹാനെ പുറത്താക്കി ഉലുഗ് ഖാൻ പ്രധാനമന്ത്രിയായി.

ഉലുഗ് ഖാൻ ചുരുങ്ങിയ കാലം കൊണ്ട് കലാപങ്ങൾ ഒതുക്കി. മംഗോളിയരുമായി കരാറുണ്ടാക്കി. വേണ്ടപ്പെട്ടവരെയൊക്കെ ഭരണത്തിലേറ്റി. ഭക്തനായ സുൽതാൻ മരിച്ചപ്പോൾ ഉലുഗ് ഖാൻ ഗിയാസുദ്ദീൻ ബാൽബൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച് സുൽതാനായി (1267). തന്നോടൊപ്പം നിന്നിരുന്ന പ്രഭുക്കളെ ഒതുക്കാനായിരുന്നു ആദ്യ ശ്രമം. ഒപ്പം ഡൽഹിയെ നിരന്തരം കൊള്ളചെയ്തിരുന്ന മിയോസ് എന്ന കൊള്ളക്കാരെ ഇല്ലാതാക്കാൻ ഡൽഹിക്ക് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ചു. മിലിറ്ററി പോസ്റ്റുകൾ (താന)സ്ഥാപിച്ചു. പ്രഭുക്കളിൽ നിന്ന് ദൂരത്താകുന്നതിന് വേണ്ടി താൻ പൗരാണിക പേർഷ്യൻ രാജാവ് അഫ്‌റാസിയാബിന്റെ പിൻഗാമിയാണെന്നവകാശപ്പെട്ടു. അതിന് വേണ്ടി ഒരു കൃത്രിമ വംശാവലിയും പടച്ചു. പേർഷ്യൻ രാജാക്കൻമാരെപ്പോലെ താനും ഭൂമിയിലെ ദൈവത്തിന്റെ നിഴലാണെന്ന് പ്രഖ്യാപിച്ചു. രാജകീയ വസ്ത്രങ്ങളോടെയല്ലാതെ ഭാര്യയുടെ മുന്നിൽ പോലും പ്രത്യക്ഷപ്പെടാതായി. സാധാരണക്കാർക്ക് സുൽതാനെ കാണാൻ പറ്റാതായി. പേർഷ്യക്കാരും തുർക്കുമാനികളുമല്ലാത്തവരെയൊക്കെ കുലീന രക്തമില്ലാത്തവരെന്ന് പറഞ്ഞ് ജോലികളിൽ നിന്ന് പുറത്താക്കി. മതം മാറിയ ഇന്ത്യക്കാരെയും ഹിന്ദുക്കളെയും താണ വർഗക്കാരാക്കി. അവരെ കാണുമ്പോൾ തന്റെ രക്തം തിളക്കുകയാണെന്ന് ഒരിക്കൽ പറഞ്ഞു. പേരക്കുട്ടികൾക്ക് പേർഷ്യൻ പേരുകൾ നൽകി (മക്കൾ താൻ സുൽതാനാവുന്നതിന് മുമ്പേ ജനിച്ചത് കൊണ്ട് മുസ്‌ലിം പേരുകൾ തന്നെ തുടർന്നു). രാജാവിന്റെ മുന്നിൽ വെച്ച് ചിരിക്കുന്നത് പോലും നിരോധിച്ചു. പ്രഭുക്കളെയൊക്കെ വരച്ച വരയിൽ നിറുത്തി. പ്രഭുക്കൾ സുൽതാന്റെ മുമ്പിൽ സാഷ്ടാംഗം (സജദ) ചെയ്യുകയും പാദങ്ങളിൽ ചുംബനമർപ്പിക്കുകയും (പൈബോസ്) വേണം. സുൽതാന്റെ മുമ്പിൽ ആരും തമാശ പറയരുത്. ഉത്‌സവ വേളകളിൽ  കൊട്ടാരവും പരിസരവും അലങ്കരിക്കാൻ കണക്കറ്റ പണം ചെലവഴിച്ചു. സുൽതാന്റെ എഴുന്നള്ളത്തിനെ കുറിച്ച് ചരിത്രകാരൻമാർ വാചാലരാകുന്നുണ്ട്.

അതേസമയം നീതി നടപ്പാക്കുന്ന കാര്യത്തിൽ അദ്ദേഹം ഏറെക്കുറെ ശുഷ്‌കാന്തി കാണിച്ചു. നീതി ന്യായ വ്യവസ്ഥ പരിഷ്‌കരിച്ചു. ശക്തമായ രഹസ്യാന്വേഷണ വിഭാഗം (ബരീദ്) പ്രവർത്തിച്ചു. ഇവർ എപ്പോഴും നാട്ടിന്റെ നാനാഭാഗത്തുമുള്ള വിവരങ്ങൾ സുൽതാനെ അറിയിച്ചുകൊണ്ടിരിക്കണം. ഉപേക്ഷവരുത്തുന്നവർക്ക് കനത്ത ശിക്ഷ നൽകി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ബദയൂനിലെ ഒരു ബരീദിന്റെ (ഇന്റലിജൻസ് ഓഫീസർ) തലവെട്ടി പ്രദർശിപ്പിച്ചു. നല്ലൊരു നയതന്ത്രജ്ഞനായിരുന്നു ബാൽബൻ. കവികളെയും കലാകാരൻമാരെയും പ്രോത്‌സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരത്തിലാണ് പ്രസിദ്ധ കവി അമീർ ഖുസ്രു ജീവിച്ചത്. മംഗോളിയർ ബഗ്ദാദ് തകർത്തപ്പോൾ അവിടെ നിന്ന് അഭയം തേടി വന്ന പണ്ഡിതരെയും സ്വൂഫികളെയും അദ്ദേഹം ഭക്തി പൂർവം സ്വീകരിച്ചു.

ബാൽബന്റെ മരണശേഷം മകൻ മുഹമ്മദാണ് സുൽതാനാകേണ്ടിയിരുന്നത്. പക്ഷേ അദ്ദേഹം മംഗോളിയരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു (ഖാനേ ഷഹീദ്). പിന്നെ മറ്റൊരു മകൻ ബുഗ്‌റാ ഖാനെ നിയമിച്ചുവെങ്കിലും അദ്ദേഹം ബംഗാളിലെ (ലക്‌നൗതി) ഗവർണരായി തന്നെ തുടരാനാണ് കൊതിച്ചത്.  അവസാനം തന്റെ മരണശയ്യയിൽ വെച്ച് ബാൽബൻ പൗത്രനായ കായ് ഖുസ്രുവിനെ സുൽതാനായി നിർദേശിച്ചു. പ്രഭുക്കൾക്ക് ഇതിഷ്ടപ്പെട്ടില്ല. അവർ ബുഗ്‌റാഖാന്റെ പുത്രൻ ഖായ് ഖുബാദിനെ സുൽതാനാക്കി. ഇദ്ദേഹം താന്തോന്നിയായതിനാൽ ഭരണം നടത്തിയത് അക്രമിയായ പ്രധാനമന്ത്രി നിസാമുദ്ദീനാണ്. മകനെ ഉപദേശിച്ച് നന്നാക്കാൻ പിതാവ് ബുഗ്‌റാ പണിപ്പെട്ടു. അവസാനം ഖുബാദ് തോന്നിവാസം നിറുത്തി. പക്ഷേ നിസാമുദ്ദീനെ ഒതുക്കാൻ പറ്റിയില്ല. അവസാനം നിസാമുദ്ദീനെ സൂത്രത്തിൽ വിഷം കൊടുത്ത് കൊന്ന് ഭരണം നിയന്ത്രണത്തിലാക്കി. അപ്പോഴേക്കും ഖുബാദിന് തളർവാതം പിടിച്ചു. ദർബാറിൽ വരാൻ കഴിയാതായി. പ്രഭുക്കൾ ഖുബാദിന്റെ കൊച്ചുമകൻ കായ് മുർസിനെ സുൽതാനാക്കി. പക്ഷേ, ഒന്നും ശരിയായില്ല. രാജ്യത്താകെ അരാജകത്വമായി. പ്രഭുക്കൻമാർ രാജ്യം രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. അവർ പഞ്ചാബ് ഗവർണർ ജലാലുദ്ദീൻ ഖൽജിയെ വിളിച്ച് അദ്ദേഹത്തെ സുൽതാനാക്കി (1290). അതോടെ എൺപത്തിനാല് വർഷം നീണ്ട അടിമ രാജവംശത്തിന് തിരശ്ശീലയായി.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ