അസ്വസ്ഥത, അരോചകം എന്നീ അർഥങ്ങളുള്ള നൗസീസ് (nauseas) എന്ന ലത്തീൻ പദത്തിൽ നിന്നാണ് നോയിസ് അഥവാ ഒച്ച എന്ന വാക്കുണ്ടാകുന്നത്. ആശയ സംവേദനത്തിന്റെ പ്രധാന ഉപാധിയാണ് ശബ്ദമെങ്കിലും അത് വ്യക്തമായിരിക്കണം, മിതവുമായിരിക്കണം.
ശബ്ദത്തെ Decibel എന്ന യൂണിറ്റിലാണ് അളക്കുന്നത്. മോട്ടോർ സൈക്കിൾ 100 Dbയും ഇടിവെട്ട് 120 Db യും കരിമരുന്ന് പ്രയോഗം 150 Db യും ആയി കണക്കാക്കാവുന്നതാണ്. 120 Db ശബ്ദം ഒറ്റത്തവണ കേൾക്കുന്നതുകൊണ്ടും 70 Db ക്കു മുകളിലുള്ള ശബ്ദം സ്ഥിരമായി കേൾക്കുന്നതുകൊണ്ടും നാഡി-ഞരമ്പുകൾ ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് ക്ഷതമേൽക്കുന്നതിനും മാനസിക പിരിമുറുക്കത്തിനും കേൾവിശേഷി നഷ്ടപ്പെടാനും ശബ്ദമലിനീകരണത്തിനും വഴിവെക്കും.

ശബ്ദതീവ്രത മൂലമുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് ഉടമ ഉത്തരവാദിയാകുന്ന സാഹചര്യങ്ങൾ പലതും ഇസ്‌ലാമിക കർമശാസ്ത്രം വിശകലനം ചെയ്തിട്ടുണ്ട്. ഉയർന്ന പ്രതലത്തിൽ കളിച്ചുകൊണ്ടിരിക്കുന്നൊരു കുട്ടി ഒരാളുടെ ശബ്ദം കാരണം ഞെട്ടിവീണു പരിക്കു പറ്റിയാലും ഒച്ചവെച്ചു തുരത്തുന്നതിനിടയിൽ പരിഭ്രാന്തി മൂലം ഓടിയ അന്യന്റെ വളർത്തു മൃഗം കിണറ്റിലോ മറ്റോ വീണു പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്താലും ശബ്ദത്തിന്റെ ഉടമ ഉത്തരവാദിയാവുകയും നിർണിത നഷ്ടപരിഹാരം നൽകേണ്ടിവരികയും ചെയ്യും (തുഹ്ഫ 9/4).

ശബ്ദം എത്ര ഉയർത്തണം?

തക്ബീറത്തുൽ ഇഹ്‌റാം, ഫാത്തിഹ, തശഹ്ഹുദ്, സലാം അടക്കമുള്ള നിസ്‌കാരത്തിലെ വാചിക ഘടകങ്ങൾ പരിഗണിക്കപ്പെടുന്നതിനും നിസ്‌കാരത്തിലെ സുന്നത്തായ ഖുർആൻ പാരായണം, ദിക്‌റുകൾ പ്രതിഫലാർഹമാകുന്നതിനും സ്വന്തമായി കേൾക്കും വിധം ശബ്ദത്തിൽ നിർവഹിച്ചിരിക്കണമെന്നാണ് കർമശാസ്ത്ര നിയമം (ശർഹുൽ മുഹദ്ദബ് 3/295, അൽമിൻഹാജുൽ ഖവീം പേ. 88). മിതമായ ശ്രവണശേഷിയുണ്ടാവുന്നതോടൊപ്പം പരിസരങ്ങൾ അസാധാരണമായ ശബ്ദമയമാവാതിരിക്കുകയും ചെയ്യുന്നിടങ്ങളിൽ നിസ്‌കാരത്തിൽ ഖുർആനും ദിക്‌റും മൊഴിയുന്നവർ സ്വന്തത്തെ കേൾപ്പിക്കും വിധം ഉച്ചരിക്കണമെന്നാണ് മതനിയമം. അപ്പോൾ ഉച്ചഭാഷിണിയുടെയോ മറ്റു ശബ്ദശല്യങ്ങളോ തന്നിലുള്ള ശ്രാവ്യശേഷിയുടെ കുറവോ കാരണം മൊഴിയുന്ന ആൾക്കു കേൾക്കാൻ സാധിച്ചില്ലെങ്കിലും നിസ്‌കാരത്തിന്റെ സാധുതക്ക് യാതൊരു പ്രശ്‌നവുമില്ല (ശർഹു ബാഫള്ൽ തർമസി സഹിതം 2/613 കാണുക).

‘മൊഴി പ്രധാനമായ ത്വലാഖ്, നേർച്ച തുടങ്ങിയ വ്യവഹാരങ്ങളിൽ മിതമായ കേൾവിശേഷിയുള്ളയാൾ മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ വ്യക്തമായി കേൾക്കും വിധത്തിൽ പറഞ്ഞാലേ പരിഗണിക്കപ്പെടുകയുള്ളൂ (തുഹ്ഫ 8/6, 8/63).

ജനാബത്ത്, ആർത്തവം, പ്രസവാനന്തര രക്തസ്രാവം എന്നിവ ഉള്ളവർ ഖുർആൻ പാരായണം നടത്തുമ്പോളും ശുചിമുറിയിൽ വെച്ച് ദിക്‌റുകൾ ഉരുവിടുന്നത് കറാഹത്താകുന്നതിനുമുള്ള മാനദണ്ഡം മേൽ പറഞ്ഞ വിധത്തിൽ ഉച്ചത്തിലാവുക എന്നുതന്നെയാണ് (തുഹ്ഫ 1/271, 1/170). അതിനാൽ താൻ പോലും കേൾക്കാതെയുള്ള മൂളലും കേവല ചുണ്ടനക്കവും മനസ്സിലൊതുക്കിയുള്ള ‘ഓത്തും’ കുറ്റകരമല്ല (നിഹായ 1/221, മുഗ്‌നീ 1/158-59).

ഹൃദയദിക്‌റും ശൗചാലയവും

ശുചിമുറിയിൽ കടക്കുന്നതിനു മുമ്പ് ചൊല്ലേണ്ട ദിക്ർ അശ്രദ്ധ മൂലം വിട്ടുപോയവർക്ക് അകത്തുവെച്ച് മനസ്സിൽ മന്ത്രണം നടത്താം (തുഹ്ഫ 1/172). സാധാരണ രീതിയിൽ ദിക്‌റുകളുടെ പുണ്യം ലഭിക്കാൻ സ്വന്തമായി കേൾക്കും വിധം നാവുകൊണ്ട് തന്നെ നിർവഹിക്കണം. എന്നാൽ മനസ്സിൽ മാത്രമായി പതിപ്പിക്കാൻ പ്രത്യേകം നിർദേശമുള്ളിടത്ത് ഹൃദയമന്ത്രണവും പ്രതിഫലാർഹമാണെന്ന് ശബ്‌റാമല്ലിസി (ഹാശിയതുന്നിഹായ 1/141) രേഖപ്പെടുത്തിയിട്ടുണ്ട്. ശുചിമുറിക്കകത്തു വെച്ചു തുമ്മിയാൽ ‘അൽഹംദു ലില്ലാഹ്’ എന്നു മനസ്സിൽ പറയുന്നത് ഈ ഗണത്തിലാണ് പെടുക (ഹാശിയതു തർമസി 1/784).
ഹൃദയദിക്‌റുകൾ തീർത്തും നിരർഥകമാണെന്നല്ല പറഞ്ഞുവന്നത്. പ്രത്യുത, നാവുകൊണ്ട് മൊഴിയുന്നതിനാണ് സവിശേഷമായ പുണ്യമുള്ളത്. ഹൃദയമാത്ര ദിക്‌റുകൾക്ക് ഹൃത്തിൽ മനനം ചെയ്യുന്നതിന്റെ പുണ്യം ലഭിക്കുമെന്ന് ഇബ്‌നു ഹജർ(ഫതാവൽ ഹദീസിയ്യ പേ. 48) സമർഥിച്ചിട്ടുണ്ട്.

ശൗചാലയത്തിൽ പ്രവേശിക്കുന്നതിനു മുമ്പും ശേഷവും ദിക്ർ ചൊല്ലാൻ നിർദേശമുണ്ട്. അവിടെ ക്രമമാറ്റം നടത്തി ചൊല്ലിയാൽ പ്രതിഫലം നഷ്ടപ്പെടും (ശർഹുൽ മുഹദ്ദബ് 2/99). അതു പോലെ ‘ബിസ്മി’ വിപുലീകരിച്ച് എന്ന് ചേർക്കുകയും അരുത് (ഹാശിയതുൽ അസ്‌നാ 1/49 കാണുക).

മറ്റൊരാളെ പിന്തുടർന്നു നിസ്‌കരിക്കുന്ന മഅ്മൂം തനിക്ക് മാത്രം കേൾക്കത്തക്ക വിധത്തിലാണ് നിസ്‌കാരത്തിലെ ഖുർആൻ പാരായണവും ദിക്‌റും തസ്ബീഹുമടക്കമുള്ള വാചിക കാര്യങ്ങൾ നിർവഹിക്കേണ്ടത്. എന്നാൽ ഇതിനപവാദമായി ചില കാര്യങ്ങളുണ്ട്. ഉറക്കെ ഓതേണ്ട നിസ്‌കാരങ്ങളിൽ ഇമാമിന്റെ ഫാത്തിഹ കേട്ടാൽ ഒടുവിൽ ആമീൻ പറയുക, സ്വുബ്ഹ്, റമളാൻ രണ്ടാം പാതിയിലെ വിത്ർ, സന്നിഗ്ധ ഘട്ടങ്ങളിൽ നിർബന്ധ നിസ്‌കാരങ്ങൾ എന്നിവയിൽ നിർവഹിക്കുന്ന ഖുനൂത്തിലെ ആമീൻ, ഓത്ത് നിലച്ച ഇമാമിനെ ഓർമപ്പെടുത്തുക, അബദ്ധം പിണഞ്ഞ ഇമാമിനെ തിരുത്തുന്നതിന്റെ ഭാഗമായുള്ള ‘സുബ്ഹാനല്ലാഹ്’ ചൊല്ലൽ, പെരുന്നാൾ നിസ്‌കാരങ്ങളിലെ പ്രത്യേക തക്ബീറുകൾ, ഇമാമിന്റെ ഓത്തിനിടയിലെ ഖുർആനിക വചനങ്ങളിലെ അപായകരമായ പരാമർശങ്ങളിലെ കാവൽതേട്ടം, പ്രതീക്ഷാ വചനങ്ങളിൽ കാരുണ്യ പ്രാർഥന എന്നിവയാണവ. ഇവകൾ ഇമാമിനെ പോലെ തന്നെ മഅ്മൂമും ശബ്ദമുയർത്തിയാണു നിർവഹിക്കേണ്ടത് (നിഹായ 1/491, മുഗ്‌നീ 1/248, തുഹ്ഫ ഹായിയതു ഇബ്‌നി ഖാസിം സഹിതം 3/42-43, ബൈജൂരി 1/333, ശർഹുൽ മുഹദ്ദബ് 4/74, ശർഹു ബാഫള്ൽ തർമസി സഹിതം 2/843-844 കാണുക).

മറ്റാരെയും കേൾപ്പിക്കാതെ ഓതേണ്ട ളുഹ്ർ, അസ്വർ തുടങ്ങിയ നിസ്‌കാരങ്ങളിലടക്കം അനവസരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്ന പ്രവണത ചില ഇമാമുകളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. അങ്ങനെ മതക്രമം തെറ്റി ഇമാമിന്റെ ഫാത്തിഹ കേട്ട മഅ്മൂം അതിന് ആമീൻ പറയാതെ അവഗണിക്കുകയാണു വേണ്ടത് (അത്തജ്‌രീദ് 1/200, ഹാശിയതു ശർവാനി 2/51 കാണുക).

സ്ത്രീയും ശബ്ദവും

അടിസ്ഥാനപരമായി സ്ത്രീശബ്ദം അന്യപുരുഷൻ കേൾക്കുന്നതിനു വിരോധമില്ല. എന്നാൽ ആസ്വാദ്യമായി തോന്നുകയോ എതിർ ലിംഗത്തോടുള്ള വൈകാരിക ചോദന ഉണ്ടാക്കുകയോ ചെയ്താൽ കുറ്റകരമാണ് (തുഹ്ഫ 7/192, നിഹായ 6/187, ഫുതൂഹാതുൽ വഹ്ഹാബ് 4/121). അതുപോലെ അന്യപുരുഷന്മാർ വാതിലിൽ മുട്ടുകയോ കോളിംഗ് ബെൽ അടിക്കുകയോ ചെയ്താൽ കൈപ്പത്തി വായക്കു നേരെ വെച്ചോ മറ്റോ ശബ്ദം കനപ്പിച്ചു പ്രതികരിക്കുന്നത് പുണ്യകരമാണ് (റൗളതുത്ത്വാലിബീൻ 7/21, അസ്‌നൽ മത്വാലിബ് 3/110, മുഗ്‌നിൽ മുഹ്താജ് 4/210 കാണുക).

അന്യപുരുഷന്മാരുടെ സാന്നിധ്യത്തിൽ സ്ത്രീ നിസ്‌കരിക്കുമ്പോൾ ഫാത്തിഹയും സൂറത്തും ആമീനുമെല്ലാം തനിക്ക് കേൾക്കാവുന്ന വിധം നിർവഹിക്കുന്നതാണു സുന്നത്ത്. അന്യർ കേൾക്കും വിധം ശബ്ദമുയർത്തുന്നത് കറാഹത്താണ്. എന്നാൽ ഭർത്താവോ വിവാഹബന്ധം പാടില്ലാത്തവരോ ആയവരുടെ മുമ്പിലോ വിജനമായ സ്ഥലത്തോ ആകുമ്പോൾ ശബ്ദം ഉയർത്തൽ സുന്നത്തായ കാര്യങ്ങൾ ഉച്ചത്തിൽ തന്നെ കൊണ്ടുവരുന്നതാണ് പുണ്യകരം. അപ്പോഴും പുരുഷ ശബ്ദത്തിനേക്കാൾ അൽപ്പം താഴ്ന്ന ശബ്ദമാണു കരണീയം (നിഹായ 1/408, 1/493, തുഹ്ഫ 2/57, മുഗ്‌നീ 1/248, ശർഹുബാഫള്ൽ തർമസി സഹിതം 2/798, 2/818820).

നിസ്‌കാരത്തിന് അകത്തും പുറത്തും അന്യപുരുഷന്മാർ കേൾക്കും വിധം സ്ത്രീ ഖുർആൻ പാരായണം ചെയ്യുന്നത് ഹറാമാണെന്ന് ഇമാം ഖത്വീബു ശിർബീനി (മുഗ്‌നിൽ മുഹ്താജ് 1/320) അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ അതും കറാഹത്തേ ആകൂവെന്നാണ് മറ്റു മഹാഭൂരിപക്ഷം പണ്ഡിതരുടെയും നിലപാട് (ഹാശിയതു ശർവാനി 1/320 കാണുക).

സ്ത്രീ സംഗീതം

പ്രത്യേകം വിലക്കുള്ള വാദ്യോപകരങ്ങൾ ഉപയോഗിക്കാതെയുള്ള സംഗീതം കുറ്റകരമല്ല. എന്നാൽ സ്ത്രീകളുടെ സംഗീതം അന്യപുരുഷന്മാർ ശ്രവിക്കുന്നതു കറാഹത്താണ്. ആസ്വാദനമോ ലൈംഗിക വികാരമോ ഉണ്ടാക്കുന്നപക്ഷം ഹറാമുമാണ് (തുഹ്ഫ 1/466, അൽമിൻഹാജുൽ ഖവീം 1/78).

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ