ആരാധനാ കര്‍മങ്ങളില്‍ ആനന്ദം കണ്ടെത്തുന്നതില്‍ ആത്മാവ് വീഴ്ച വരുത്താതിരിക്കുമ്പോള്‍ തന്നെ സ്വശരീരത്തെ അവഗണിക്കരുതെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അതിനെ അനീതിയായി പട്ടിണിക്കിടുകയോ അസഹ്യമായി കഷ്ടപ്പെടുത്തുകയോ ചെയ്യരുത്. ശരീരത്തിന് ഹാനി സംഭവിക്കാതിരിക്കാനാവശ്യമായ ഭക്ഷണം, വിശ്രമം, ഉറക്കം തുടങ്ങിയവ അനിവാര്യമാണ്. നിയമാനുസൃതമായി ഇടക്ക് ആനന്ദങ്ങളില്‍ ഏര്‍പ്പെടുകയും വേണം. ഭാര്യയുമായുള്ള സല്ലാപവും ശാരീരിക ലൈംഗിക ബന്ധങ്ങളും പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളുമൊക്കെ നമുക്ക് ആശ്വാസം പകരാനുള്ള ഇടവേളകളായിട്ടാണ് ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നത്. അണിഞ്ഞൊരുങ്ങിയും രുചികരമായ ഭക്ഷണം കഴിച്ചും ഭാര്യാഭര്‍തൃ ബന്ധങ്ങളിലൂടെയും ലഭിക്കുന്ന ആനന്ദം ശേഷമുള്ള സമയങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടും ഉന്മേഷത്തോടും ആരാധനകളില്‍ മുഴുകാന്‍ പ്രചോദനമാകണമെന്നാണ് ഇമാം ഗസ്സാലി(റ)വും മറ്റും രേഖപ്പെടുത്തിയത്.

ഇമാം ഖുശൈരി(റ) പറഞ്ഞു: “ശരീരം ആത്മാവിന്റെ വാഹനമാണ്. അല്ലാഹുവിലേക്കുള്ള ആത്മാവിന്റെ യാത്ര ശരീരത്തെ കൂടാതെ സാധ്യമല്ല. ശരീരം ആത്മാവിന്റെ സഹായിയാണ്. അതിനാല്‍ ചിലപ്പോഴൊക്കെ ശരീരത്തോടു വിട്ടുവീഴ്ച ചെയ്യേണ്ടതും അതിനെ അനുനയിപ്പിക്കേണ്ടതും ആത്മാവിന് അനിവാര്യമാണ്. എങ്കില്‍ ആത്മാവിന്റെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ശരീരം ഇഷ്ടപ്പെടും. മറിച്ചാണെങ്കില്‍ ആത്മാവിനോട് യോജിക്കാന്‍ കഴിയാതെ ശരീരം ക്ഷീണിക്കും. അല്ലാഹുവിലേക്കുള്ള ആത്മാവിന്റെ യാത്ര അവതാളത്തിലാവുകയും ചെയ്യും”.

തിരുനബി(സ്വ) അബ്ദുല്ലാഹിബ്നു അംറ്(റ)വിന്റെ ഉമ്മയായ നബീഹ്(റ)യെ സന്ദര്‍ശിക്കാന്‍ വന്നു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ പുണ്യറസൂല്‍(സ്വ)യോട് മാതാവ് മകനെക്കുറിച്ച് പറഞ്ഞു: “അബ്ദുല്ല ഭൗതികജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്”. “അതെങ്ങനെ!?” തിരുനബി(സ)ചോദിച്ചു. “ഉറക്കം ഹറാമാക്കിയിരിക്കുകയാണ്. തീരെ ഉറങ്ങാറില്ല. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കാറുമില്ല”. “എവിടെ അബ്ദുല്ല?”. കടന്നുവന്ന അദ്ദേഹത്തോട് തിരുനബി(സ്വ) ചോദിച്ചു: “നീ എല്ലാ ദിവസവും നോമ്പ് അനുഷ്ഠിക്കാറുണ്ടെന്നും രാത്രി മുഴുവന്‍ നിസ്കരിക്കാറുണ്ടെന്നും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ശരിയാണോ?”. “ശരിയാണ് റസൂലേ”. “എങ്കില്‍ ഇനി അങ്ങനെ ചെയ്യരുത്. ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസം നോമ്പനുഷ്ഠിക്കരുത്. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സുന്നത്ത് നോമ്പനുഷ്ഠിക്കുക. രാത്രിയില്‍ കുറച്ചു സമയം ഉറങ്ങണം. ബാക്കി സമയം സുന്നത്ത് നിസ്കരിച്ചാല്‍ മതി. നിന്റെ ആത്മാവിനോട് നിനക്ക് കടപ്പാടുണ്ടെന്നത് പോലെതന്നെ നിന്റെ ശരീരത്തിനോടുമുണ്ട് കടപ്പാട്. ഓരോ നന്മയ്ക്കും ചുരുങ്ങിയത് പത്തിരട്ടി പ്രതിഫലമുള്ളതിനാല്‍ മാസം തോറും മൂന്ന് നോമ്പനുഷ്ഠിച്ചാല്‍ എന്നും നോമ്പനുഷ്ഠിച്ച പ്രതിഫലം ലഭിക്കും. അതിനേക്കാള്‍ കൂടുതല്‍ ആഗ്രഹമുണ്ടെങ്കില്‍ ദാവൂദ് നബി(അ)നെപ്പോലെ ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുക. എല്ലാ ദിവസവും നോമ്പനുഷ്ഠിക്കരുത്”.

ആഇശ(റ)യെ സന്ദര്‍ശിക്കാന്‍ വന്ന ഖുവൈലത്തിന്റെ ദയനീയാവസ്ഥ ആഇശ(റ) നബി(സ്വ)ക്ക് വിശദീകരിച്ചു കൊടുത്തു: “ഭര്‍ത്താവില്ലാത്ത പെണ്ണിനെപ്പോലെയാണവള്‍. കാരണം ഭര്‍ത്താവ് എല്ലാ ദിവസവും നോമ്പുകാരനാണ്. രാത്രി മുഴുവന്‍ നിസ്കരിക്കുകയും ചെയ്യും. സ്വശരീരത്തെ ഗൗനിക്കാറില്ല. മെലിഞ്ഞൊട്ടി ക്ഷീണിക്കുകയും ചെയ്തു”. ഭര്‍ത്താവ് ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ)നെ നബി(സ്വ) വിളിച്ചുവരുത്തി ചോദിച്ചു: “ഉസ്മാന്‍, എന്റെ ചര്യ നീ ഉപേക്ഷിക്കുകയാണോ?”. “ഒരിക്കലുമില്ല റസൂലേ; അങ്ങയുടെ ചര്യയാണെനിക്കിഷ്ടം”. “എന്നാല്‍ ഞാന്‍ രാത്രി കുറച്ചു സമയം ഉറങ്ങാറുണ്ട്. ബാക്കി സമയം നിസ്കരിക്കുകയും ചെയ്യും. ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയും ചില ദിവസങ്ങളില്‍ നോമ്പ് ഒഴിവാക്കുകയും ചെയ്യും. ഞാന്‍ ഭാര്യയുമായി ബന്ധപ്പെടാറുണ്ട്. അതിനാല്‍ നീ അല്ലാഹുവിനെ ഭയക്കുക. തീര്‍ച്ച, നിന്റെ ഭാര്യയോടും നിന്റെ ശരീരത്തോടും നിനക്ക് കടപ്പാടുണ്ട്. ഒന്നിടവിട്ട് നോമ്പനുഷ്ഠിക്കുകയും കുറച്ച് ഉറങ്ങിയ ശേഷം ബാക്കി സമയം നിസ്കരിക്കുകയും ചെയ്യുക”. അവിടുന്ന് ഉപദേശിച്ചു.

കൂഫക്കാരനായ താബിഉകളില്‍പ്പെട്ട ഒരു യുവാവിന്റെ കഥയുണ്ട്. ശരീരം നന്നേ ശോഷിച്ചു. പ്രായാധിക്യമില്ലാഞ്ഞിട്ടും മുതുകിനു കൂനു ബാധിച്ചു. സൂജൂദിന്റെ ഫലമായി നെറ്റിയില്‍ മുറിവുണ്ട്. കണ്ണുനീര്‍ കവിള്‍ത്തടത്തില്‍ ആഴത്തിലുള്ള ചാലുണ്ടാക്കിയിട്ടുണ്ട്. ഒരു രാത്രിയില്‍ മാതാവ് അദ്ദേഹത്തോട് പറഞ്ഞു: “മകനേ, മടുപ്പു തോന്നാത്ത കുറഞ്ഞ ഇബാദത്ത് മുഷിപ്പനുഭവപ്പെടുന്ന ദീര്‍ഘമായ ഇബാദത്തിനേക്കാള്‍ ഉത്തമമാണ്. ഈ രീതിയില്‍ കഠിനാധ്വാനത്തോടെ ഇബാദത്ത് ചെയ്തിട്ട് അവസാനം മടുപ്പു തോന്നി ഇബാദത്ത് ഒഴിവാക്കിയാല്‍ അല്ലാഹു നിന്നെ ശിക്ഷിക്കുമോ എന്നാണ് ഞാന്‍ ഭയക്കുന്നത്. മകനേ, ജനങ്ങള്‍ ഇടക്കൊക്കെ സന്തോഷിക്കുന്നുണ്ടല്ലോ. നീ നിരന്തര ദുഃഖിതനാണ്. അവര്‍ ശാന്തരായി ഉറങ്ങുന്നുണ്ട്. ഭക്ഷണവും കഴിക്കുന്നു. നീ എക്കാലത്തും നോമ്പനുഷ്ഠിക്കുന്നു”. അദ്ദേഹം പറഞ്ഞു: “ഉമ്മാ.. അല്ലാഹു നിങ്ങള്‍ക്ക് അത്യുത്തമ പ്രതിഫലം നല്‍കട്ടെ. ഞാന്‍ മരണത്തെക്കുറിച്ചാലോചിച്ചു. മരണം മുതിര്‍ന്നവരെ ഉപേക്ഷിക്കുകയോ ചെറിയവരോട് കരുണ കാണിക്കുകയോ ഇല്ല. നിങ്ങളുടെ ഈ മകന് നാളെ ഖബറില്‍ ദീര്‍ഘമായ ഒരുറക്കമുണ്ട്. ദീര്‍ഘമായ തടവുമുണ്ട്. ശരീരം നശിച്ച് നിസ്സാരമാവുന്ന ഒരവസ്ഥവയുണ്ട്. ഓട്ടമത്സരം നടത്താനാണ് കല്‍പനയുള്ളത്. സ്വര്‍ഗത്തിലേക്കാണ് ഓടി മത്സരിക്കുന്നത്. ലക്ഷ്യം നേടിയാല്‍ ഞാന്‍ വിജയിച്ചു. ഓടി ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ പരാജിതനാണ്. ഞാന്‍ ഒരു ഭവനത്തിനു വേണ്ടിയാണ് അധ്വാനിക്കുന്നത്. ആ ഭവനം എനിക്കും നിങ്ങള്‍ക്കും ഉപകരിക്കും. തീര്‍ച്ച!”. ഇത്രയുമായപ്പോള്‍ മാതാവ് നിരാശയോടെ തന്റെ കിടപ്പറയിലേക്ക് മടങ്ങി ഉറങ്ങാന്‍ കിടന്നു. നേരം പുലര്‍ന്നപ്പോള്‍ അവര്‍ പ്രമുഖ സ്വഹാബി അബ്ദുല്ലാഹി ബ്നു മസ്ഊദ്(റ)നെ സമീപിച്ച് പറഞ്ഞു: “അങ്ങ് ഞങ്ങള്‍ പഠിക്കാത്ത കാര്യങ്ങള്‍ തിരുനബി(സ്വ)യില്‍ നിന്നും പഠിച്ച ആളാണല്ലോ! അതിനാല്‍ എന്റെ വീട്ടില്‍ വന്ന് മകനെ ഉപദേശിക്കണം. ക്ഷണമനുസരിച്ച് വീട്ടിലെത്തിയ ഇബ്നു മസ്ഊദ്(റ) ഇബാദത്ത് കാരണമായിട്ടുള്ള വെട്ടിത്തിളങ്ങുന്ന പ്രഭയാണ് യുവാവിന്റെ മുഖത്ത് കണ്ടത്. “സ്വര്‍ഗീയ സുന്ദരികള്‍ വിവാഹാലോചന നടത്തുന്ന യുവാവേ, സ്വര്‍ഗം ലക്ഷ്യം വെച്ചവനേ.. തിരുനബി(സ്വ)യേയും സ്വഹാബികളെയും അതിരറ്റ് സ്നേഹിക്കുന്നവനേ”. ഇബ്നു മസ്ഊദ്(റ)ന്റെ ഈ സംബോധന കേട്ട യുവാവ് വിശേഷങ്ങള്‍ പറയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇബ്നു മസ്ഊദ്(റ): “സ്നേഹിതാ, ശരീരത്തില്‍ മുറിവുമായി നരകത്തില്‍ പ്രവേശിക്കുന്നവന്റെ മുറിവ് ഒരിക്കലും ഉണങ്ങുകയില്ല. എല്ല് പൊട്ടിയ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നവന്റെ എല്ല് പൊട്ടിയ നിലയില്‍ തന്നെ അവശേഷിക്കും. നരകവാസികളുടെ ഭക്ഷണവും പാനീയവും അഗ്നിയാണ്. നരകത്തിന്റെ അടിത്തട്ടിലേക്ക് അവര്‍ ആഴ്ന്ന് കൊണ്ടിരിക്കും. ഇരുമ്പുദണ്ഡ് കൊണ്ട് അവരെ അടിച്ച് നരകത്തിന്റെ നടുക്കളത്തിലേക്ക് തള്ളിയിടും”.

ഇത്രയും കേട്ട യുവാവ് ബോധരഹിതനായി നിലം പതിച്ചു. ഇതു കണ്ട മാതാവ് ഓടിയെത്തി. മകന്റെ തലയില്‍ കൈ വെച്ച് ഇബ്നുമസ്ഊദ്(റ)വിനോടു പറഞ്ഞു: “അങ്ങയെ ഞാന്‍ വിളിച്ചു കൊണ്ടു വന്നത് എന്റെ മകനെ വധിക്കാനായിരുന്നില്ല. ഉപദേശിക്കാനായിരുന്നു”. ഇബ്നു മസ്ഊദ്(റ) യുവാവിന്റെ മുഖത്ത് വെള്ളം കുടഞ്ഞു. അദ്ദേഹത്തിന് ബോധം തിരിച്ചു കിട്ടി. അദ്ദേഹത്തെ ഉദ്ദേശിച്ചു കൊണ്ട് ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “നിനക്ക് നിന്റെ ആത്മാവിനോട് കടപ്പാടുണ്ട്. നിന്റെ ശരീരത്തോടും കടപ്പാടുണ്ട്. അതിനാല്‍ ഓരോന്നിന്റെയും കടപ്പാടുകള്‍ നീ വീഴ്ച വരുത്താതെ നിര്‍വഹിക്കണം”. ഉടന്‍ യുവാവ് തിരിച്ചു ചോദിച്ചു: “താങ്കള്‍ കുതിരയോട്ടത്തില്‍ മത്സരിക്കുന്ന കുതിരയെ കണ്ടിട്ടില്ലേ”.

“അതേ, കണ്ടിട്ടുണ്ട്”

ഏത് ഇനം കുതിരയാണ് ഒന്നാമതെത്തുക

“ശരീരം മെലിഞ്ഞ് ഭാരം കുറഞ്ഞ കുതിര”

“സജ്ജനങ്ങളുടെ ലക്ഷ്യത്തിലേക്ക് അല്ലാഹു എന്നെ എത്തിക്കുമെന്നതിനാല്‍ എന്റെയും ശരീരം മെലിയാനാണ് ഞാനിഷ്ടപ്പെടുന്നത്”

“അല്ലാഹു താങ്കള്‍ക്ക് തൗഫീഖ് നല്‍കുകയും സന്മാര്‍ഗത്തില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ” (അബൂ നുഐം/ഹില്‍യത്തുല്‍ ഔലിയ). ഈയൊരു രീതി പൊതുവെ ജനങ്ങള്‍ക്കു സാധിക്കില്ല. മതം കല്‍പ്പിക്കുന്നുമില്ല.

ആഹാരം കഴിക്കുക, വിശ്രമിക്കുക, ഉറങ്ങുക, ലളിതമായെങ്കിലും ഇസ്‌ലാം അനുവദിച്ച ആനന്ദങ്ങളില്‍ ഏര്‍പ്പെടുക എന്നതൊക്കെ ശരീരത്തോട് പുലര്‍ത്തേണ്ട കടമകളാണ്. മരണം വരെ ഇബാദത്ത് നിലനിര്‍ത്താനുള്ള ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമാണിത്. അതിനാല്‍ ആരോഗ്യത്തിന് ഹാനിയാവുന്ന അമിതഭക്ഷണം പോലുള്ളവ വര്‍ജ്ജിക്കേണ്ടതനിവാര്യമാണ്.

“നിരന്തര ആരാധനാ കര്‍മങ്ങള്‍ക്ക് പകരം ഇടവേള നല്‍കിയും നിസ്കാരം, ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത് തുടങ്ങിയവയില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് മാറിയും വിശ്രമമെടുക്കാം. രാത്രി നേരം പുലരുന്നത് വരെ അല്‍പം പോലും ഉറങ്ങാതെ ഇബാദത്ത് ചെയ്യുന്നതിന് പകരം കുറച്ച് സമയം ഉറങ്ങി ബാക്കി നിസ്കാരവും മറ്റുമായ ആരാധനാ കര്‍മങ്ങളില്‍ ഏര്‍പ്പെടണം. ഭാര്യാഭര്‍ത്താക്കന്മാര്‍ ഇബാദത്തിന് തടസ്സമാകാത്ത രീതിയിലാണ് ആനന്ദങ്ങള്‍ പങ്ക് വെക്കേണ്ടത്. ശുചിത്വം ശരീരത്തോടുള്ള കടമയാണ്. നാല്‍പത് ദിവസങ്ങളില്‍ ഒരിക്കലെങ്കിലും ഗുഹ്യരോമങ്ങള്‍ നീക്കുക, പ്രത്യക്ഷപ്പെടുന്ന ഉടനെ തന്നെ കക്ഷരോമങ്ങള്‍ നീക്കുക, ചുണ്ടിന്റെ ചുവപ്പിലേക്ക് ഇറങ്ങിക്കിടക്കാന്‍ അനുവദിക്കാതെ മീശ വെട്ടുക, എല്ലാ വെള്ളിയാഴ്ചയും നഖം മുറിക്കുക, വുളൂഅ് ചെയ്യുമ്പോഴൊക്കെ വിരലിന്റെയും മറ്റും സന്ധികള്‍ സൂക്ഷിച്ചു കഴുകി വൃത്തിയാക്കുക, മിസ്വാക്ക് ചെയ്യുക, എണ്ണ പുരട്ടുക, കുളിക്കുക, സുഗന്ധം പൂശുക തുടങ്ങിയ കാര്യങ്ങള്‍ ശുചിത്വത്തിന് വേണ്ടി നിര്‍വഹിക്കുക.

ഹദീസ്പാഠം/എഎ ഹകീം സഅദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ