ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഒരു സംഭവമുണ്ട്. ഉമർ(റ) ഒരിക്കൽ തിരുനബി(സ്വ)യെ സന്ദർശിച്ചു. ഉറങ്ങിയെഴുന്നേറ്റ് വരികയായിരുന്ന നബി(സ്വ)യുടെ പുണ്യശരീരത്തിൽ പായയുടെ പാടുകൾ കണ്ടപ്പോൾ ഉമർ(റ) പൊട്ടിക്കരഞ്ഞു. നബി(സ്വ) ചോദിച്ചു: എന്തിനാണ് കരഞ്ഞത്? ഉമർ(റ) മറുപടി പറഞ്ഞു: നബിയേ, കിസ്‌റ-കൈസർ ചക്രവർത്തിമാർ എത്ര സുഖത്തിലാണ് ജീവിക്കുന്നത്. അങ്ങയുടെ ശരീരത്തിലാണെങ്കിൽ പാടുകളാണല്ലോ ഉള്ളത് എന്നോർത്ത് കരഞ്ഞതാണ് ഞാൻ. റസൂൽ(സ്വ)യുടെ പ്രതികരണം: അവർക്ക് ദുൻയാവിലെ സുഖം നൽകിയെങ്കിൽ നമുക്ക് പരലോകത്തെ വിജയം അല്ലാഹു നൽകും.
അലി(റ)വിന്റെ വിഖ്യാതമായ ഒരു വാക്കുണ്ട്: ‘രണ്ട് കാര്യങ്ങളെ നിങ്ങളുടെ മേൽ ഞാൻ ഭയക്കുന്നു. അത്യാഗ്രഹവും ദേഹേച്ഛയുമാണവ. അത്യാഗ്രഹം പരലോകബോധം ഇല്ലാതാക്കുകയും ദേഹേച്ഛകൾ സത്യത്തെ മൂടിവെക്കുകയും ചെയ്യും. അറിയുക, പരലോകം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ പരലോക ചിന്തയുള്ളവരാവുക. ദുൻയാവിന്റെ ആളുകളാവരുത്. കാരണം, ഇത് കർമങ്ങളുടെ ലോകമാണ്, വിചാരണയുടേതല്ല. പരലോകം വിചാരണയുടേതാണ്, കർമങ്ങളുടേതല്ല.
ദുൻയാവ് ചീഞ്ഞ് നാറുന്ന ശവമാണെന്നും ഭൗതിക സുഖങ്ങൾ തേടി അലയുന്നവർ കഴുതകളുമാണെന്നാണ് ചില മഹാത്മാക്കളുടെ വീക്ഷണം. അല്ലാഹുവിനെ ഭയന്ന,് മരണചിന്തയിലും പരലോകബോധത്തിലും ജീവിച്ച് ഹൃദയത്തിൽ ആത്മീയ വെളിച്ചം നിറഞ്ഞ സൂഫികൾ ഭൗതിക ലോകത്തിന്റെ ഈ ദുർഗന്ധം തിരിച്ചറിഞ്ഞവരാണ്. കുഫ്‌റ് സർവ നന്മകളെയും തുടച്ചുകളയുന്നത് പോലെ, ഈമാൻ സകല തിന്മകളെയും മായ്ച്ചു കളയണം. അതാണ് യഥാർഥ വിശ്വാസം. ഭൗതികചിന്ത ഖൽബിലുണ്ടെങ്കിൽ വിശ്വാസം സമ്പൂർണമല്ല.
അല്ലാഹുവിലേക്കടുക്കുന്നതിന് നമ്മുടെ മുമ്പിൽ തടസ്സമായി നിൽക്കുന്ന നാല് കടമ്പകളുണ്ടെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട്: ദുൻയാവ്, പിശാച്, ദേഹേച്ഛ, സൃഷ്ടികൾ എന്നിവയാണവ. ദുൻയാവിനോടുള്ള ആർത്തി ഉപേക്ഷിച്ചാൽ മാത്രമേ നമ്മുടെ ഇബാദത്തുകൾ പൂർണമാവുകയുള്ളൂ.
അബുദ്ദർദാഅ്(റ) പറയുന്നു: ‘ഇബാദത്തും ബിസിനസും ഒരുമിച്ച് കൊണ്ടുനടക്കാൻ തീരുമാനിച്ചു. എന്നാൽ, അത് നടന്നില്ല. അപ്പോൾ ഞാൻ ഇബാദത്ത് മാത്രം തിരഞ്ഞടുത്ത് ദുൻയാവിനെ വലിച്ചെറിയാൻ തീരുമാനിച്ചു.
പിശാചിന്റെ ഗേഹമായ ദുൻയാവിന്റെ ഉപമ, പട്ടിൽ പൊതിഞ്ഞ മാലിന്യം പോലെയാണ്. പുറംകാഴ്ച ഏതൊരാളെയും ആകർഷിക്കും. അകത്തെ മാലിന്യത്തിന്റെ ദുർഗന്ധം തിരിച്ചറിഞ്ഞവർ അത് ദൂരേക്ക് വലിച്ചെറിയും.
അതുപോലെ, ആത്മീയജ്ഞാനമില്ലാത്തവർ ഭൗതിക ലോകത്തിന്റെ അലങ്കാരങ്ങളിൽ ആകൃഷ്ടരാവും. എന്നാൽഹൃദയത്തിൽ ആധ്യാത്മിക ജ്ഞാനപ്രകാശം നിറഞ്ഞ മഹാന്മാർ ഭൗതികാഡംബരങ്ങളെ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കും. ദുൻയാവിലെ സുഖങ്ങൾ നമ്മെ നശിപ്പിക്കുന്ന കഠിന ശത്രുക്കളാണെന്നും ഭൗതിക ജീവിതം നിരർഥകമാണെന്നും സൂഫീ കവികൾ പാടിയിട്ടുണ്ട്.
ദുൻയാവ് കടുത്ത വഞ്ചകിയാണ്. ബാഹ്യാലങ്കാരങ്ങൾ കാണിച്ച് ഏതൊരാളെയും വീഴ്ത്തും. ചില പണ്ഡിതർ പോലും അടിപതറും. നിങ്ങൾ വഞ്ചകിയായ ദുൻയാവിനെ സൂക്ഷിക്കുക. അത് ജ്ഞാനിയെപ്പോലും ചതിക്കുമെന്ന് മാലിക് ബ്‌നു ദീനാർ(റ) പറയാറുണ്ട്.
ലോകം അടക്കി ഭരിച്ച സുലൈമാൻ നബി(അ)യോട് ഒരാൾ ചോദിച്ചു: അല്ലാഹു താങ്കൾക്ക് ഉന്നതമായ രാജാധികാരം നൽകിയില്ലേ? അപ്പോൾ സുലൈമാൻ നബി(അ)യുടെ പ്രത്യുത്തരം: ഒരു തസ്ബീഹിന് മാത്രം എനിക്ക് നൽകപ്പെട്ട അധികാരത്തെക്കാൾ മഹത്ത്വമുണ്ട്. കാരണം ദുൻയാവിലെ അധികാരം നശിക്കും. പരലോകത്തേക്കുള്ള തസ്ബീഹ് ബാക്കിയാവും.
പ്രസിദ്ധമായ ഒരുസൂഫി വചനം:
ദുൻയാവ് രോഗമാണ്,
അതിനെ ഉപേക്ഷിക്കലാണ് അതിനുള്ള മരുന്ന്.
കാണാൻ ചന്തമുള്ള കഠോര വിഷമാണ്,
ഒറ്റതുള്ളി കൊണ്ട് സകലതും ചാമ്പലാകും.
ദുൻയാവിനെ ആദരിച്ചവൻ പരലോകത്ത് നിന്ദിക്കപ്പെടും. ദുൻയാവിനെ നിന്ദിച്ചവൻ പരലോകത്ത് ആദരിക്കപ്പെടും. ദുൻയാവിലെ ദരിദ്രൻ പരലോകത്ത് സമ്പന്നനായിരിക്കും. ദുൻയാവിലെ സമ്പന്നൻ പരലോകത്ത് ഒന്നുമില്ലാത്തവനായി തുലയും. ഇഹലോക ജീവിതം ചിരിച്ചും കൂത്താടിയും ആഘോഷിച്ചവർ പരലോകത്ത് ആർത്തട്ടഹസിക്കേണ്ടിവരും. ഇവിടെ കരഞ്ഞവർ പരലോകത്ത് ചിരിക്കും.
ഓർക്കുക, ദുൻയാവ് മുഴുവൻ വഞ്ചനയുടെ ചരക്കുകളാണ്. വിശ്വാസികളേ, നിങ്ങളെ ദുൻയാവ് ചതിയിൽ പെടുത്താതിരിക്കട്ടെ എന്ന് വിശുദ്ധ ഖുർആൻ ഓർമപ്പെടുത്തി.
ഒരാളുടെ ഹൃദയത്തിൽ ഒരൽപം ഭൗതികചിന്ത വന്നാൽ കൊതിയുടെ വാൾ അവനെ അരിഞ്ഞുവീഴ്ത്തും. അതോടെ അവൻ നശിച്ചുപോകും.
ദുൻയാവ് ശവമാണെന്നും അതിന് പിറകെ ഓടുന്നവർ വൃത്തികെട്ട നായകളെ പോലെയാണെന്നുമാണ് ചില സൂഫീ പണ്ഡിതർ ഉണർത്തിയത്. ദുൻയാവും അതിലെ മുഴുവൻ സുഖങ്ങളും ശപിക്കപ്പെട്ടവയാണ്. ഈമാനുള്ളവന്റെ ഹൃദയത്തിൽ ഭൗതിക മോഹത്തിന്റെ ചെറുകണികപോലുമുണ്ടാകില്ല.
സ്രഷ്ടാവായ അല്ലാഹുവിലേക്കുള്ള വഴിയിൽ നിന്നും നമ്മെ തെറിപ്പിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നു രക്ഷപ്പെടണമെങ്കിൽ ദുൻയാവിനെ വലിച്ചെറിഞ്ഞേ തീരൂ. തിരുനബി(സ്വ) പ്രവാചകനായി നിയോഗിക്കപ്പെട്ടപ്പോൾ പിശാച് കൂട്ടാളികളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു: മുഹമ്മദിന്റെ സമുദായത്തിന് ദുൻയാവിനോട് താൽപര്യമുണ്ടോ? അവർ പറഞ്ഞു: അതേ. അപ്പോൾ ഇബ്‌ലീസ്: അത് മതി അവരെ വഴിപിഴപ്പിക്കാൻ. അന്യരുടെ സമ്പത്ത് അപഹരിക്കാനും പണം ദുരുപയോഗം ചെയ്യാനും നന്മകൾക്ക് ചെലവഴിക്കാതെ പിശുക്കിവെക്കാനും ഞാനവരെ പ്രേരിപ്പിക്കും. സർവ തിന്മകളും ഇതിലൂടെ അവർ ചെയ്യും.
ദുൻയാവ് തേടിനടക്കുന്നവന്റെ ദുൻയാവും പരലോകവും പരാജയത്തിലാകും. പരലോക ചിന്തയുമായി നടക്കുന്നവന്റെ ഇരുലോകവും സന്തോഷത്തിലാകുമെന്ന് ലുഖ്മാനുൽ ഹകീം(റ) മകനെ ഉപദേശിക്കാറുണ്ടായിരുന്നു.
പരലോകത്ത് വീടും സമ്പത്തുമില്ലാത്തവന്റെ വീടും സമ്പത്തുമാണ് ദുൻയാവ്. ബുദ്ധിയില്ലാത്തവർ മാത്രമേ അതിന്റെ പിറകെ പോവുകയുള്ളൂവെന്ന് ഇബ്‌നു മസ്ഊദ്(റ) ഉപദേശിക്കാറുണ്ട്.
മുഴുവൻ തിന്മകളുടെയും വേര് കിടക്കുന്നത് ഭൗതിക മോഹത്തിലാണ്. പരലോക വിജയം സാധ്യമാകണമെങ്കിൽ ദുൻയാവിനെ വലിച്ചെറിയുകതന്നെ വേണം. ഈസാ നബി(അ) ശിഷ്യരോട് പറയുകയുണ്ടായി: ‘നിങ്ങൾ ദുൻയാവിനെ ഇഷ്ടപ്പെടരുത്. കാരണം ദുൻയാവിനെ ഉപേക്ഷിച്ചാലല്ലാതെ ആഖിറം വിജയിക്കില്ല. അത് മുഴുവൻ പാപങ്ങളിലേക്കുമുള്ള വഴിയാണ്.’
ഭൗതിക പ്രമത്തതയും ആർത്തിയും ഹൃദയ കാഠിന്യവും പരാജയത്തിന്റെ അടയാളങ്ങളാണെന്ന് ഇമാം ഹസനുൽ ബസ്വരി(റ).
ഭൗതിക ലോകത്തിന് ഒരു കൊതുകിന്റെ ചിറകിന്റെ നിലവാരം പോലുമില്ല. അതിനെ മോഹിക്കുന്നവൻ തരംതാഴ്ന്നവൻ തന്നെ. ഒരു കവിതയിതാ:
ഈ ഭൗതിക ലോകം
ഏറ്റവും തരം താഴ്ന്നത്.
ഇതിനെ കാമിക്കുന്നവൻ
നീചരിൽ നീചൻ.
മാലിന്യക്കൂമ്പാരത്തിലേക്ക് ചൂണ്ടി ഇതാണ് ദുൻയാവെന്ന് തിരുനബി(സ്വ) ആലങ്കാരികമായി നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ. ബുദ്ധിയുള്ളവൻ മാലിന്യത്തെ ഇഷ്ടപ്പെടുമോ? നാറുന്ന ശവത്തെ വാരിപ്പുണരുമോ?!
ഹൃദയം പ്രകാശിക്കണമെങ്കിൽ ഭൗതിക മാലിന്യങ്ങൾ തുടച്ചു വൃത്തിയാക്കണം. ഖൽബ് തിളങ്ങണമെങ്കിൽ ആഖിറം നിറയണം.
ഭൗതികമോഹം ഹൃദയത്തിൽ വേരു പിടിച്ചാൽ പറിച്ചെറിയാൻ പ്രയാസമാവും. ഖൽബിൽ ദുൻയാവ് കയറിയാൽ ആഖിറം മറക്കും. തഖ്‌വ നഷ്ടപ്പെടും. ഈമാൻ തന്നെ അപകടത്തിലാകും. ദുൻയാവും ഇവിടെയുള്ള സൗകര്യങ്ങളും തീരെ പാടില്ലെന്നല്ല ഇതിന്റെയൊന്നും പൊരുൾ. പ്രത്യുത, അത് നിയത രീതിയിലാകണമെന്നും ആഖിറത്തിന് തടസ്സമാകരുതെന്നും മാത്രം!
അബ്ദുൽ ബാരി സ്വിദ്ദീഖി കടുങ്ങപുരം