ബസ്വറ പള്ളിയിലെ തൂണിനു പിറകിൽ ഇബാദത്തുകൾ ചെയ്ത് ഏകനായി ഇരിക്കുന്ന ഒരു സ്വൂഫി. വിശ്രുതനായ ഹസനുൽ ബസ്വരി(റ) അദ്ദേഹത്തോട് ചോദിച്ചു: നിങ്ങളെന്താണ് മജ്‌ലിസുകളിൽ പങ്കെടുക്കാത്തത്?
യുവാവ് പറഞ്ഞു: പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങൾ ജനങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ എന്നെ നിർബന്ധിതനാക്കുന്നു.
കാര്യമെന്തെന്നന്വേഷിച്ചപ്പോൾ സ്വൂഫിയുടെ മറുപടി: എല്ലാ ദിവസവും എനിക്ക് റബ്ബിന്റെ അനുഗ്രഹങ്ങൾ ലഭിക്കുന്നുണ്ട്. എന്നിട്ടും അല്ലാഹുവിനോടുള്ള കടമകളിൽ ഞാൻ വീഴ്ചവരുത്തുന്നു. അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാനും വീഴ്ചകളിൽ നിന്നു മോചനം തേടാനും സമയം തികയുന്നില്ല.
ഇതു കേട്ട് വിസ്മയിച്ച ഹസൻ(റ) പറയുകയുണ്ടായി: നിങ്ങളാണ് ഹസൻ ബസ്വരിയേക്കാൾ ഉന്നതനായ ആത്മീയ പണ്ഡിതൻ?
സർവനാശത്തിൽ നിന്നും നമ്മെ രക്ഷപ്പെടുത്തുന്ന അത്യുന്നത ആത്മീയ വഴിയാണ് ശുക്ർ, അഥവാ അല്ലാഹുവിന് നന്ദി ചെയ്യൽ. അല്ലാഹുവിനെയാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യണമെന്ന് ഖുർആൻ കൽപിക്കുന്നു. ‘നിങ്ങളുടെ രക്ഷിതാവിന്റെ വിഭവങ്ങൾ ഭക്ഷിക്കുകയും അവനോട് നന്ദിയുള്ളവരാവുകയും ചെയ്യണ’മെന്ന് അല്ലാഹു അരുളിയിട്ടുണ്ട്.
ഹൃദയത്തിൽ ശുക്ർ നിറയുകയും വാക്കിലും പ്രവൃത്തികളിലും അതിന്റെ വെളിച്ചം പ്രകടമാവുകയും ചെയ്യുന്നത് പരലോക വിജയത്തിന്റെ അടയാളമാണ്. നന്ദിയുള്ളവർക്ക് മതിവരുവോളം പ്രതിഫലം നൽകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുകയും ദുരിതങ്ങളിൽ ക്ഷമിക്കുകയും അക്രമികൾക്ക് മാപ്പുനൽകുകയും പാപങ്ങളോർത്ത് പശ്ചാത്തപിച്ച് വിലപിക്കുകയും ചെയ്യുന്നവരാണ് സന്മാർഗികൾ, അവർക്ക് രക്ഷയും ശാന്തിയുമുണ്ട്.
അല്ലാഹുവിനെ വാഴ്ത്തിപ്പറയുന്ന നാക്കും നന്ദി നിറഞ്ഞ ഹൃദയവുമാണ് നമുക്കുണ്ടാവേണ്ടതെന്ന് തിരുഹദീസുകളിൽ കാണാം. എല്ലാ സമയത്തും നാഥനോടുള്ള നന്ദി വാക്കിലും കർമങ്ങളിലും ചിന്തയിലും നിറഞ്ഞു നിൽക്കുന്നവരായിരിക്കും സ്വർഗത്തിലേക്ക് ആദ്യം ആനയിക്കപ്പെടുക.
തനിക്കുള്ളതെല്ലാം അല്ലാഹുവിൽ നിന്നു മാത്രമാണെന്ന് ഒരാൾ തിരിച്ചറിയുന്നതാണ് ശുക്‌റിന്റെ ആദ്യഘട്ടം. ആ അനുഗ്രഹങ്ങളെല്ലാം റബ്ബിലേക്ക് ആത്മീയമായി അടുക്കാനുള്ള മാർഗങ്ങളാണെന്ന് മനസ്സിലാക്കി, തിന്മകളൊന്നും ചെയ്യാതെ ജീവിക്കലാണ് അടുത്ത ഘട്ടം. അനുഗ്രഹദാതാവായ രക്ഷിതാവിനെ മാത്രം ദർശിച്ച്, ഖൽബിൽ ആത്മീയാനുരാഗം വിരിയുന്ന അതുല്യമായ അനുഭവമാണ് ശുക്‌റിന്റെ ഉന്നതതലം.
പ്രവാചകർ(സ്വ) പറയുന്നു: ഒരു പ്രാവശ്യം അല്ലാഹുവിനെ സ്തുതിക്കൽ ഭൗതിക ലോകം മുഴുവൻ ഒരാൾക്ക് നൽകപ്പെടുന്നതിനെക്കാൾ ഉത്തമമാണ്.’ അൽഹംദുലില്ലാഹ് എന്ന വചനം ഏറെ പുണ്യമേറിയതാണ്. നന്മകളുടെ മീസാനിനെ അതു നിറക്കുമെന്നും ഹദീസുകളിൽ കാണാം.
ഹദ്ദാദ്(റ) പറഞ്ഞു: അല്ലാഹുവിനെ ആരാധിക്കൽ അനുഗ്രഹങ്ങൾക്കുള്ള നന്ദിയാണ്. അവ തിന്മകൾക്ക് ഉപയോഗിക്കരുത്. അഹങ്കരിക്കരുത്. മറ്റുള്ളവരെ നിസ്സാരപ്പെടുത്തരുത്. ഇവക്കെതിരു ചെയ്യുന്നവർ നന്ദികെട്ടവരാണ്. നന്ദിയില്ലാത്തവരുടെ അനുഗ്രഹങ്ങൾ നഷ്ടപ്പെടും. നന്ദിയുള്ളവർക്ക് അനുഗ്രഹങ്ങൾ ഇരട്ടിയാവും.
ബൽആം എന്ന പണ്ഡിതൻ വഴിപിഴച്ചതും അനുഗ്രഹങ്ങൾ നഷ്ടപ്പെട്ടതും ശുക്ർ ചെയ്യാത്തതു കൊണ്ടാണെന്ന് ചരിത്രത്തിൽ കാണാം. മനുഷ്യർ നന്ദികേട് ചെയ്യുമ്പോഴാണ് അല്ലാഹു അനുഗ്രഹങ്ങൾ ഒഴിവാക്കുന്നതെന്ന് ഖുർആൻ ഓർമിപ്പിക്കുന്നുണ്ട്. ചെറിയ അനുഗ്രഹത്തെ പോലും വലിയതായി മനസ്സിലാക്കി നന്ദി പ്രകടിപ്പിക്കണം. പ്രത്യക്ഷ ഭൗതികാനുഗ്രഹങ്ങൾ ധാരാളമായി നൽകപ്പെട്ടവരിലേക്ക് നോക്കി, തനിക്ക് ലഭിച്ച നിഅ്മത്തുകളെ ചെറുതായി കാണുന്നവന്റെ ഈമാൻ പൂർണമല്ല.
ഹിദായത്താണ് ഏറ്റവും വലിയ അനുഗ്രഹം. ഈമാൻ നഷ്ടപ്പെടുമോ എന്ന ഭയം എപ്പോഴും വിശ്വാസി നിലനിർത്തണം. ഹിദായത്ത് അല്ലാഹുവിന്റെ ഉദാര ദാനമാണെന്നും അതു നിലനിർത്താൻ റബ്ബിന്റെ കാരുണ്യം ലഭിക്കണമെന്നും തിരിച്ചറിയുമ്പോൾ മാത്രമേ നാം നന്ദിയുള്ളവരാവുകയുള്ളൂ.
സഹ്‌ലുബ്‌നു അബ്ദില്ലാഹിത്തുസ്തരി(റ)യോട് ഒരാൾ പറഞ്ഞു: എന്റെ വീട്ടിൽ ഇന്നലെ കള്ളൻ കയറി, സമ്പാദ്യങ്ങളെല്ലാം മോഷ്ടിച്ചു. ഉടൻ സഹ്ൽ(റ) പ്രതികരിച്ചു: നിങ്ങൾ അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കണം. കാരണം, കള്ളൻ കൊണ്ടുപോയത് ഭൗതിക വിഭവങ്ങളല്ലേ, പെരുങ്കള്ളനായ പിശാച് വന്ന് ഹൃദയത്തിലെ ഈമാൻ മോഷ്ടിച്ചിരുന്നെങ്കിൽ എന്തു ചെയ്യും?! അതിനാൽ അല്ലാഹുവിന് നന്ദി ചെയ്യൂ…
ദാവൂദ് നബി(അ) പ്രാർഥിച്ചു: നാഥാ, നിന്റെ അനുഗ്രഹങ്ങൾക്ക് ഞാനെങ്ങനെ നന്ദി ചെയ്യും?! നന്ദിപ്രകടനങ്ങളെല്ലാം നിന്റെ അനുഗ്രഹങ്ങളാണല്ലോ!!
അല്ലാഹു വഹ്‌യിലൂടെ അറിയിച്ചതിങ്ങനെ: ഇതുതന്നെയാണ് യഥാർഥ നന്ദി പ്രകാശനം.
അല്ലാഹു നൽകിയ അനുഗ്രഹങ്ങളൊന്നു പോലും അവനിഷ്ടപ്പെടാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കലാണ് യഥാർഥ ശുക്‌റെന്ന് ജുനൈദുൽ ബഗ്ദാദി(റ). അവയവങ്ങൾ കൊണ്ട് ഇബാദത്തുകൾ വർധിപ്പിച്ചും ദാനധർമങ്ങൾ അധികരിപ്പിച്ചും നന്ദി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നാവുകൊണ്ടെങ്കിലും ധാരാളമായി റബ്ബിനെ പുകഴ്ത്തണമെന്ന് സ്വൂഫീ പണ്ഡിതർ ഉപദേശിച്ചിട്ടുണ്ട്. നന്ദിയില്ലാത്തവർക്ക് രണ്ടു ലോകവും ഇരുട്ടിലാവും.
അല്ലാഹുവിനെ അറിഞ്ഞവർക്ക് ഒരുനിമിഷം പോലും അവനെ വാഴ്ത്താതെ ജീവിക്കാൻ കഴിയില്ല. അവരുടെ സകല കർമങ്ങളിലും ശുക്ർ നിറഞ്ഞു നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും.
നബിമാരിലൊരാൾ ചെറിയൊരു പാറയിൽ നിന്നു ജലമൊഴുകുന്നതു കണ്ട് വിസ്മയിച്ചു. അപ്പോൾ പാറ സംസാരിക്കാനാരംഭിച്ചു: ‘നരകത്തിൽ കത്തിക്കപ്പെടുന്നത് മനുഷ്യരും കല്ലുകളുമാണെന്ന ഖുർആൻ വചനം കേട്ട് കരഞ്ഞതാണ്.
ഉടനെ, ആ പാറക്കല്ലിനെ നരകത്തെ തൊട്ട് കാക്കണേ എന്ന് ആ നബി പ്രാർഥിച്ചു. ഉത്തരം ലഭിച്ചെന്ന് വഹ്‌യ് ഇറങ്ങുകയും ചെയ്തു. പിന്നീടും ആ പാറ കരച്ചിൽ തുടർന്നപ്പോൾ നബി കാര്യം തിരക്കി: പാറക്കല്ലിന്റെ മറുപടി: നേരത്തെ കരഞ്ഞത് ഭയം കൊണ്ടാണ്. ഇപ്പോൾ കരയുന്നത് നന്ദികൊണ്ടും ആനന്ദംകൊണ്ടുമാണ്!
പുണ്യ നബി(സ്വ)യുടെ ജീവിതം മുഴുവൻ അല്ലാഹുവിനോടുള്ള ശുക്ർ നിറഞ്ഞതായിരുന്നു. നന്ദിയുള്ള അടിമയാവാൻ ക്ഷീണിക്കുന്നതു വരെ നിസ്‌കരിച്ചു. രാത്രികളിൽ റബ്ബിനെ ഓർത്തു കരഞ്ഞു. കണ്ണീർ തുള്ളികൾ തിരുനെഞ്ചിലേക്ക് അടർന്നുവീണു. സദാ സമയവും അല്ലാഹുവിനോടുള്ള നന്ദിയിലായി ജീവിക്കുന്നവർക്ക് ഉന്നതമായ പ്രതിഫലമുണ്ട്. തിരുനബി(സ്വ) അരുളി: അന്ത്യനാളിൽ ‘ഹമ്മാദീങ്ങൾ’ക്ക് സവിശേഷമായ പതാക നൽകപ്പെടും. ശേഷം അവർ സ്വർഗത്തിൽ പ്രവേശിക്കും. ആരാണവരെന്ന് ചോദിച്ചപ്പോൾ റസൂൽ(സ്വ) പറഞ്ഞു: എല്ലാ സമയവും അല്ലാഹുവിന് ശുക്ർ ചെയ്യുന്നവർ. സന്തോഷ ഘട്ടങ്ങളിലും ദുഃഖവേളകളിലും നാഥനെ നന്ദിയോടെ മാത്രം ഓർക്കുന്നവരാണവർ.
ഓരോ അവയവത്തിനും സവിശേഷമായ ശുക്‌റുകളുണ്ട്. നാവുകൊണ്ട് നന്ദിവാക്കുകളും സ്തുതിവചനങ്ങളും ഖുർആൻ പാരായണ മടക്കമുള്ള ദിക്‌റുകളും നിത്യമാക്കണം. നിഷിദ്ധമായ ഒന്നും പറയരുത്. കണ്ണുകൊണ്ട് ഹറാമുകളോ അല്ലാഹുവിൽ നിന്ന് ശ്രദ്ധതെറ്റിക്കുന്ന അലങ്കാരങ്ങളോ നോക്കരുത്. പുണ്യമുള്ളവ മാത്രം കാണാൻ ശ്രമിക്കണം. കാതുകൾകൊണ്ട് നന്മ മാത്രം കേൾക്കണം. കൈകൾ നന്മ ചെയ്യാൻ വേണ്ടി മാത്രം ഉപയോഗിക്കുക. ഏതു ഘട്ടത്തിലും ഖൽബിൽ സ്രഷ്ടാവിനോടുള്ള നന്ദി നിറഞ്ഞു കവിയണം. ഒരവയവം കൊണ്ടും തിന്മകൾ ചെയ്യാതിരിക്കണം. ഇതെല്ലാം റബ്ബിനോടുള്ള ശുക്‌റിന്റെ രീതികളാണ്. ഇങ്ങനെ നന്ദിയോടെ ജീവിക്കുന്നവർക്ക് ഇരുലോകവും വാഴാം. അവർക്ക് അല്ലാഹുവിന്റെ ഇഷ്ടക്കാരാവാം. സ്വർഗത്തിന്റെ പതാകവാഹകരാവാം.

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ