മനുഷ്യ പ്രകൃതി ഇഷ്ടപ്പെടുന്ന സവിശേഷ ഗുണമാണ് ശുചിത്വം. മനുഷ്യന്റെ സംസ്കാരത്തിനും ജീവിത സൗന്ദര്യത്തിനും ഒഴിവാക്കാനാവാത്തതാണിത്. മാലിന്യത്തെ ആരും ഇഷ്ടപ്പെടുകയില്ല, ശുദ്ധവായുവും വെളിച്ചവും വെള്ളവും ലഭിക്കുമ്പോഴാണ് മാനസിക ശാരീരിക ആരോഗ്യം ഉണ്ടാവുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും രോഗാണുക്കളുടെ ആക്രമണം തടയുന്നതിനും നമ്മുടെ ജൈവികവും സാമൂഹികവുമായ ചുറ്റുപാടുകള്‍ ശുചിത്വപൂര്ണമാക്കേണ്ടതുണ്ട്.
മലിനീകരണം ഒരു മഹാ വിപത്തായിരിക്കുകയാണിന്ന്. നിത്യവും വിവിധ തരത്തില്‍ നടക്കുന്ന മലിനീകരണം ഭൂമിയുടെ ഓരോ ഭാഗവും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ബൗദ്ധിക പരാജയം തന്നെയാണ് മണ്ണിലും വിണ്ണിലും ജലത്തിലുമെല്ലാം ഇത്രയധികം മാലിന്യങ്ങള്‍ കുന്നുകൂടാന്‍ കാരണം.
ലോകത്തിലെ പത്തിലൊന്ന് രോഗങ്ങള്‍ക്കും കാരണം ശുചിത്വമില്ലായ്മയാണ്. ജലജന്യ രോഗങ്ങളാല്‍ ലോകത്ത് ദിനേന 7000 പേര് മരണമടയുന്നു. മലിന ജലം കുടിച്ച് 3.3ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിച്ചു വീഴുന്നു. വികസ്വര രാഷ്ട്രങ്ങളിലെ കുട്ടികളെ ഏയ്ഡ്സ്, ക്ഷയം, മലമ്പനി എന്നീ രോഗങ്ങളെക്കാള്‍ അപായപ്പെടുത്തുന്നത് അതിസാരമാണെന്നും 30 ലക്ഷം കുട്ടികള്‍ ഇതുമൂലം വര്‍ഷം തോറും മരിക്കാനിടയാവുന്നുണ്ടെന്നും യൂണിസെഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ശുചിത്വമില്ലായ്മയാണ് ഇതിനെല്ലാം പ്രധാന ഹേതു.
വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാടും ആരോഗ്യകരമായ സാമൂഹിക ജീവിതവുമാണ് നമുക്കാവശ്യം. അതില്‍ ശുചിത്വത്തിന്റെ സ്വാധീനം വിവരണാതീതമാണ്. ശുചിത്വം ഇഷ്ടപ്പെടാത്തവരും അശുദ്ധി വെറുക്കാത്തവരും സമൂഹത്തില്‍ അംഗുലീപരിമിതമായിരിക്കും. സദാ അശുചിത്വത്തില് കഴിഞ്ഞ് കൂടിയിരുന്ന പ്രാകൃത സമൂഹങ്ങള്വരെ വൃത്തിയുള്ളവരെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.
ശുചിത്വത്തെ കുറിച്ച് പൂര്‍വകാല യൂറോപ്പ് വച്ചുപുലര്‍ത്തിയിരുന്ന അബദ്ധങ്ങളും അന്ധ വിശ്വാസങ്ങളും വായിക്കുമ്പോള്‍ വര്‍ത്തമാന സമൂഹത്തിന് ആശ്ചര്യവും ഹാസ്യവുമായിത് അനുഭവപ്പെടും. കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിശ്വസിച്ച് ശരീരത്തിലെ അഴുക്ക് നീക്കാന്‍ പരസ്പരം ചൊറിയലായിരുന്നു പഴയകാല യൂറോപ്യരുടെ പതിവത്രെ. ദിനേന കുളിക്കുക എന്നത് യൂറോപ്യര്‍ക്കിടയില്‍ അടുത്ത കാലത്തുണ്ടായ ഒരു ശീലമാണെന്ന് ജോര്‍ജ് ഓര്വെല്ല് രേഖപ്പെടുത്തിയത് കാണാം.
ക്രിസ്തുവര്‍ഷം 1601-ല്‍ ജനിച്ച ലൂയി പതിമൂന്നാമന്‍ ജനിച്ച് ഏതാണ്ട് ഏഴ് വയസ്സായപ്പോഴാണ് ആദ്യമായി കുളിച്ചതത്രേ. ലൂയി പതിനാലാമന്‍ വിശാലമായ കുളിപ്പുര ഉണ്ടായിരുന്നെങ്കിലും അത് കുളിക്കാനുള്ളതായിരുന്നില്ല. ആല്കഹോളുപയോഗിച്ച് ശരീരം തുടക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. ഫ്രാന്‍സിലെ ഹെന്‍ട്രി നാലാമന് നടക്കുമ്പോള്‍ അഴുക്കും വിയര്‍പ്പും മൂലം നാറുമായിരുന്നുവത്രെ. ഇംഗ്ലണ്ടില്‍ ഒന്നാം എലിസബത്ത് രാജ്ഞി മാസത്തില്‍ ഒരു തവണ മാത്രമേ കുളിച്ചിരുന്നുള്ളൂ. കുളി ആരോഗ്യത്തിന് ഹാനികരമാണെന്ന് പ്രഖ്യപിച്ച് 1538-ല്‍ ഫ്രാന്‍സിലെ രാജാവ് ഫ്രാങ്കോ ഒന്നാമന് എല്ലാ പൊതു കുളിസ്ഥലങ്ങളും അടച്ചിടുകയുണ്ടായി.
യഥാര്‍ത്ഥത്തില്‍ ശുചീകരണ പ്രക്രിയയില്‍ യൂറോപ്യര്‍ ഇന്നും ഏറെ പിറകിലാണ്. മല വിസര്‍ജനത്തിന് ശേഷം വെള്ളമുപയോഗിക്കുന്നവര്‍ അവരില്‍ വളരെ കുറവാണ്. ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് പൃഷ്ട ഭാഗം തുടക്കുന്ന ശൈലിയാണ് അനുവര്‍ത്തിക്കുന്നത്. കോട്ടും സ്യൂട്ടുമണിഞ്ഞ് ശീതീകരിച്ച റൂമിലിരിക്കുന്ന സായിപ്പ് മലാവശിഷ്ടമുള്ള വസ്ത്രം ധരിച്ചാണ് ഇരിക്കുന്നതെന്ന കാര്യം അധികമാരും അറിയാത്ത വസ്തുതയാണ്.
സ്വാതന്ത്ര്യം നേടി ആറര പതിറ്റാണ്ട് പിന്നിട്ടെങ്കിലും ശുചിത്വത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യം ഇനിയും ഏറെ മുന്നേറാനുണ്ട്. സ്വന്തം ശരീരവും വസ്ത്രവും വീടും വൃത്തിയായി സൂക്ഷിക്കുമ്പോഴും പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കുവാന്‍ പലരും താല്പര്യം കാണിക്കാറില്ല. വീടിന്റെ പരിസരം വൃത്തിയാക്കി ചപ്പും ചവറും അഴുക്കും റോഡിന്റെ ഓരത്ത് തള്ളുന്ന കാഴ്ച വ്യാപകമാണ്. ബസ് സ്റ്റാന്റ് പരിസരങ്ങളിലും റെയില്‍വേ ട്രാക്കിലും റോഡരികിലും മലമൂത്ര വിസര്‍ജനം നടത്താന്‍ നമുക്കൊരു മടിയുമില്ല.
ചീഞ്ഞ് നാറുന്ന നഗരങ്ങള്‍, അഴുക്കു നിറഞ്ഞ ജലാശയങ്ങള്‍, വിഷമയമായ അന്തരീക്ഷം, കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇന്ത്യയുടെ തനതു സവിശേഷതകള്‍ നിലനില്‍ക്കുമ്പോഴും മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാം തല കുനിച്ച് നില്‍ക്കേണ്ടി വരുന്നത് പ്രധാനമായും ശുചിത്വത്തിന്റെ കാര്യത്തിലാണ്.
ശുചിത്വ ഇന്ത്യ എന്ന ലക്ഷ്യത്തോടെ മാറി മാറി വന്ന സര്‍ക്കാറുകള്‍ വ്യത്യസ്ത പരിപാടികള്‍ നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രായോഗിക തലത്തില്‍ അവയൊന്നും വിജയമായില്ല. 1986-ലെ കേന്ദ്ര ഗ്രാമീണ്‍ ശുചിത്വ പരിപാടി, 1999-ലെ ടോട്ടല്‍ സാനിറ്റേഷന്‍ കാമ്പയിന്, 2012-ലെ നിര്‍മല്‍ ഭാരത് അഭിയാന് പോലുള്ളവയെല്ലാം പാളി. 2014 ഒക്ടോബര്‍ 2-ന് ആരംഭിച്ച സ്വച്ച് ഭാരത് അഭിയാന് ആണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള ഏറ്റവും പുതിയ പദ്ധതി. ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന 2019 ആകുമ്പോഴേക്ക് രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും സുരക്ഷിതമായ കുടിവെള്ളവും കക്കൂസുകളും ഖര ദ്രവ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സൗകര്യങ്ങളും ലഭ്യമാക്കുക എന്നതാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം.
ഒരു നാട് ശുചിത്വത്തിന്റെ കാര്യത്തില്‍ നിഷ്ഠ പാലിക്കുന്നില്ലെങ്കില്‍ കര്‍ശന നിയമ നിര്‍മാണത്തിലൂടെ അത് നടപ്പാക്കാന്‍ ശ്രമിക്കണം. സ്വന്തം നാട്ടില്‍ ചപ്പ് ചവറുകളെടുത്ത് റോട്ടില് ഇടുന്നവര്‍ ഗള്‍ഫ് നാടുകളില്‍ ചെന്നാല്‍ ചവറുകള്‍ നിക്ഷേപിക്കേണ്ടിടത്ത് തന്നെ നിക്ഷേപിക്കും. നിയമത്തോടുള്ള ഭയമാണ് കാരണം. അത്തരം ശക്തമായ ഒരു നിയമത്തിന്റെ അപര്യാപ്തത നമ്മുടെ നാട്ടിലുണ്ടെന്നര്ത്ഥം.
ഇതിലെല്ലാം ഉപരിയായി ശുചിത്വത്തോടും മാലിന്യ നിര്മാര്ജനത്തോടുമുള്ള ഇന്ത്യന്‍ ജനതയുടെ കാഴ്ചപ്പാടുകളും മാറണം. വൃത്തിയും വെടിപ്പും മറ്റുള്ളവരെ കാണിക്കുവാനുള്ള വസ്തുവല്ല. സ്വയം ചെയ്യേണ്ടതും ഇച്ഛാശക്തിയോടെ ചെയ്തു തീര്‍ക്കേണ്ടതുമായ ബാധ്യതയാണെന്ന അവബോധം നമുക്കുണ്ടാവണം. യൂസ് ആന്റ് ത്രോ (ഉപയോഗിക്കുക വലിച്ചെറിയുക) എന്ന പുതിയ കാലത്തെ ജീവിത ശൈലി നാം മാറ്റണം. അതിന് മനുഷ്യനെ നന്മയിലേക്കും ധര്‍മത്തിലേക്കും നയിക്കുന്ന സന്ദേശങ്ങളും പാഠങ്ങളും ഉള്‍കൊള്ളണം.
ഇസ്ലാമിക സന്ദേശങ്ങള്‍ പ്രസക്തമാകുന്നതിവിടെയാണ്. ശുചിത്വത്തിന് മതം ഏറെ പ്രാധാന്യം കല്പിക്കുന്നു. ഇസ്ലാമിനോളം ശുദ്ധിയെ ആദരിക്കുന്ന ഒരു മതവും പ്രസ്ഥാനവും ലോകത്തില്ല. സ്വശരീരത്തിന്റെയും വസ്ത്രത്തിന്റെയും ഭവനത്തിന്റെയും മാത്രം ശുചിത്വമല്ല, മനുഷ്യന് ഇഷ്ടപ്പെടുന്ന സര്‍വമേഖലയിലെയും ജീവിക്കുന്ന പരിസരത്തെയും ശുചിത്വമാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്.
ഇസ്ലാമിലെ അനുഷ്ഠാന കര്‍മങ്ങളില്‍ മിക്കതും ശുദ്ധിയെ ആശ്രയിച്ചുള്ളതാണ്. അവയില്‍ ചിലതിന്റെ സാധൂകരണ വ്യവസ്ഥകൂടിയാണ് ശുദ്ധി. മലിനീകരണം തീരെയില്ലാത്ത ജീവിത വ്യവസ്ഥിതിയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. സമൂഹത്തിലെ ഓരോ വ്യക്തിയും കുളിക്കണം, ദേഹത്തിലെ അഴുക്കുകള്‍ കളയണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, ഇടക്കിടെ ദന്ത ശുദ്ധീകരണം നടത്തണം എന്നിങ്ങനെ സര്‍വതല ശുചീകരണത്തിനും മുഖ്യ പരിഗണന നല്കുന്ന നിര്‍ബന്ധ നിര്‍ദേശങ്ങള്‍ ഇസ്ലാമിക സുവിശേഷങ്ങളില്‍ കാണാം.
ശുചിത്വം വിശ്വാസത്തിന്റെ പാതിയാണ്, മതം വൃത്തിയുടെ മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ശുദ്ധി പാലിക്കുക; ഇസ്ലാം ശുദ്ധമാണ്, വൃത്തി വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നു-ഇത്യാദി തിരുവചനങ്ങള്‍ ഇസ്ലാം ശുചിത്വത്തിന് നല്കിയ മഹത്ത്വം വിളിച്ചോതുന്നവയാണ്.
അസ്ത്രമേറ്റ കാവലാള്‍
ടിടിഎ ഫൈസി പൊഴുതന
മദീനയിലെ അസ്അദിന്റെ ഭവനം. ഖസ്റജ് കുലത്തിലെ ബിശ്റിന്റെ പുത്രന് അബ്ബാദ് അവിടേക്കു കയറിച്ചെന്നു. മുസ്അബുബ്നു ഉമൈര്‍(റ)ന്റെ മതപഠന ക്ലാസ് നടക്കുകയായിരുന്നു അപ്പോഴവിടെ. ഋജുമനസ്കനായ അബ്ബാദ് സദസ്സില്‍ ചെന്നിരുന്നു. അധ്യാപകന്റെ വിവരണങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടു. ക്ലാസ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ മനം ഇസ്ലാമിനു പാകപ്പെട്ടിരുന്നു. വൈകാതെ ഇസ്ലാമിന്റെ വെളിച്ചം അദ്ദേഹത്തെ അനുഗ്രഹിച്ചു.
ഇസ്ലാമിന്റെ വളര്‍ച്ചക്കും ഉന്നതിക്കും വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ബൈഅത്ത് ചെയ്തതു മുതല്‍ അബ്ബാദ്ബ്നു ബിശ്ര്(റ) അന്‍സ്വാരികളില്‍ പ്രമുഖനായി.
തിരുദൂതരും അനുചരവൃന്ദവും മദീനയിലെത്തിയതോടെ തൗഹീദും ശിര്‍ക്കും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇരുട്ടും വെളിച്ചവും സംഘട്ടനത്തിലേര്‍പ്പെട്ടു. എല്ലാ സമരമുഖത്തും അബ്ബാദ് മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചു. ആ മധ്യവയസ്കന് പ്രകടിപ്പിച്ച ധൈര്യവും മുന്നേറ്റവും നിസ്തുലമായ ചരിത്ര വായനയായി.
അബ്ബാദ്(റ)ന്റെ സത്യവിശ്വാസം അതിശക്തമായിരുന്നു. ദാതുര്റുഖാഅ് യുദ്ധാനന്തരം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു തിരുനബി(സ്വ)യും അനുയായികളും. സന്ധ്യമയങ്ങാന്‍ ഒരിടത്തിറങ്ങി. തിരുദൂതര്‍(സ്വ) അബ്ബാദുബ്നു ബിശ്ര്(റ)നെയും അമ്മാറുബ്നു യാസര്‍(റ)നെയും പാറാവ് ഏല്‍പ്പിച്ചു. ക്ഷീണാധിക്യം നിമിത്തം അനിയന്ത്രിതമായി ഉറക്കം വന്നുകൊണ്ടിരുന്ന അവര്‍ ഏറെ പണിപ്പെട്ടാണ് രാത്രി കഴിച്ചുകൂട്ടിയത്.
രാത്രിയുടെ തമസ്സില് ലോകം മൂടിപ്പുതച്ചുറങ്ങുകയാണ്. അര്‍ധരാത്രി പിന്നിട്ട സമയം.
‘അമ്മാര്‍, താങ്കള്‍ അല്പനേരം ഉറങ്ങുക, ഞാന്‍ നോക്കിക്കോളാം.’ അബ്ബാദുബ്നു ബിശ്ര്(റ കൂട്ടുകാരന് സൗകര്യം ചെയ്തുകൊടുത്തു.
അമ്മാര്‍(റ) പെട്ടെന്നുറങ്ങിപ്പോയി. ശാന്തമായ അന്തരീക്ഷം. സൈനികരെല്ലാം സുഖനിദ്രയില്‍. വളരെ നിര്‍ഭയമായിരുന്നു പരിസരം. അബ്ബാദ്(റ) പതിയെ എഴുന്നേറ്റ് അംഗശുദ്ധി വരുത്തി ഉറങ്ങുന്ന അമ്മാറിനടുത്ത് വെച്ചു നിസ്കരിച്ചു തുടങ്ങി. ഫാതിഹക്കു ശേഷം സൂറത്ത് ഓതാനാരംഭിച്ചതേയുള്ളൂ, അബ്ബാദ്(റ)ന്റെ കൈത്തണ്ടയില്‍ ഒരമ്പ് വന്നുതറച്ചു.
അത് കര്യമാക്കാതെ അമ്പ് പറിച്ചെടുത്ത് നിസ്കാരം തുടര്‍ന്നു. ഉടനെ മറ്റൊന്നു കൂടി തറച്ചു. അതും പറിച്ചെടുത്തു. റുകൂഇലേക്ക് കുനിയും മുമ്പ് മൂന്നാമത്തെ അസ്ത്രവും വന്നു പതിച്ചു. അബ്ബാദ്(റ) നിസ്കാരം അവസാനിപ്പിച്ചു.
ഏറെ ക്ഷീണിതനായ അദ്ദേഹം അമ്മാര്‍(റ)നെ കുലുക്കിയുണര്‍ത്തി. ഉറക്കച്ചടവോടെ അമ്മാര്‍(റ) എഴുന്നേറ്റിരുന്നു. അബ്ബാദ്(റ) അപകടം പിണഞ്ഞത് കൂട്ടുകാരനെ അറിയിച്ചു.
അമ്മാര്‍ ചോദിച്ചു: ആദ്യ അസ്ത്രമേറ്റപ്പോള്‍ തന്നെ എന്നെ വിളിച്ചുണര്ത്തിക്കൂടായിരുന്നോ?
‘സുഹൃത്തേ, എന്നെ വല്ലാതെ ആകര്‍ഷിച്ച ചില സൂക്തകങ്ങളായിരുന്നു ഞാനപ്പോള്‍ ഓതിക്കൊണ്ടിരുന്നത്. അതിന് വിരാമമിടാന്‍ മനസ്സ് വന്നില്ല. മാത്രമല്ല, തിരുദൂതര്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്ത്വത്തിന് ഭംഗം വന്നാലോ എന്ന ഭീതി എനിക്കില്ലായിരുന്നെങ്കില്‍ ഖുര്‍ആന്‍ പാരായണവുമായി മുന്നോട്ടുപോയി ഞാന്‍ മരണം വരിക്കുമായിരുന്നു.’
സ്ഥൈര്യം, വിശ്വാസം, ആരാധന തുടങ്ങി സത്യസാക്ഷ്യത്തിന്റെ ആള്‍രൂപമായിരുന്നു അബ്ബാദുബ്നു ബിശ്ര്(റ)ന്റെ ജീവിതം. രണാങ്കണമടക്കം നന്മ വാരിക്കൂട്ടുന്നതിലെല്ലാം മുന്‍നിരയിലെത്തുന്ന മഹാന് ഐഹിക വിഭവങ്ങള്‍ സ്വായത്തമാക്കുന്നതില്‍ പിന്‍നിരയിലായിരുന്നു.
അന്‍സ്വാരികളിലെ മൂന്നു പ്രധാനികളിലൊരാളായിരുന്ന അബ്ബാദ്(റ)നെ കുറിച്ച് തിരുപത്നി ബീവി ആഇശ(റ) സ്മരിക്കുന്നു: അന്‍സ്വാരികളില്‍ മൂന്നു പേരുണ്ട്. ശ്രേഷ്ഠതയില്‍ അവരെ വെല്ലാന്‍ മറ്റാരുമില്ല. സഅദുബ്നു മുആദ്, ഉസൈദുബ്നു ഹുളൈര്‍, അബ്ബാദുബ്നു ബിശ്ര്(റ) എന്നിവരാണവര്‍.
തിരുനബി(സ്വ) വിടപറഞ്ഞപ്പോള്‍ മതപരിത്യാഗികളായി ശത്രുപക്ഷം ചേര്‍ന്നവര്‍ക്കെതിരെ യമാമയില്‍ നടന്ന സമരത്തില്‍ അബ്ബാദ്(റ) തന്റെ കടമ ശരിക്കും നിറവേറ്റി. കള്ളപ്രവാചകന് മുസൈലിമ അണിനിരത്തിയ അതിശക്തമായ ശത്രുനിരക്കെതിരെ അദ്ദേഹം അടരാടി. പുണ്യാത്മാക്കളായ ഒട്ടനവധി സ്വഹാബിമാരുടെ ചുടുചോര കൊണ്ട് വീരഗാഥ രചിച്ച യമാമയില്‍ ഉപരോധത്തിനിടെ പരിക്ഷീണിതനായി ഉറങ്ങവെ അദ്ദേഹം ഒരു സ്വപ്നം കണ്ടു:
ആകാശം ഭൂപരപ്പിലേക്കിറങ്ങി വരുന്നു. അതിനു ചെറിയൊരു വിള്ളല്‍ ദൃശ്യമായി. ആ പിളര്പ്പിലൂടെ ആകാശം തന്നെ മുകളിലേക്ക് വലിച്ചെടുത്തു.
അബ്ബാദ്(റ) സ്വപ്നത്തിന് വ്യാഖ്യാനം തേടി ആരെയം സമീപിച്ചില്ല. അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു: ദയാപരന്‍ അനുഗ്രഹിച്ചാല്‍, ഇന്‍ശാ അല്ലാഹ് നാളെ ഞാന്‍ രക്തസാക്ഷിത്വം വരിക്കുകതന്നെ ചെയ്യും.
പിറ്റേന്ന് അതിശക്തമായ പോരാട്ടം തന്നെയായിരുന്നു. അബൂസഈദില്‍ ഖുദ്രി(റ)ന്റെ ദൃക്സാക്ഷി വിവരണം ഇങ്ങനെ:
‘നാനൂറ് അന്‍സ്വാരീ യോദ്ധാക്കള്‍ ശത്രുക്കള്‍ താവളമടിച്ച ഉദ്യാനത്തിന്റെ കവാടത്തിലേക്ക് ഇരച്ചുകയറി. അതിശക്തമായ പോരാട്ടം കാഴ്ചവെച്ച അബ്ബാദ്(റ) അവിടെവെച്ചു തന്നെ രക്തസാക്ഷിയായി. തിരിച്ചറിയാന്‍ കഴിയാത്ത വിധം മാരകമായ മുറിവുകള്‍ കൊണ്ട് വികൃതമായിരുന്നു ആ പുണ്യവദനം. ശരീരത്തിലെ ചില അടയാളങ്ങള്‍ കണ്ടാണ് ഞാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.’
യമാമയില്‍ ആ ധന്യജീവിതം പൊലിയുമ്പോള്‍ നാല്പത്തഞ്ച് വയസ്സായിരുന്നു പ്രായം.
(മിര്‍ഖാത്ത്, സുവറുന്‍ മിന് ഹയാതിസ്വഹാബ)
മുസ്തഫ സഖാഫി കാടാമ്പുഴ