ഹിജ്റ 606 റബീഉല്‍ അവ്വല്‍ ആറിന് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഭാഗമായ ബല്‍ഖില്‍ ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ സ്വൂഫിയും ദാര്‍ശനികനും പണ്ഡിതനുമായ ജലാലുദ്ദീന്‍ റൂമി (ഖ.സി) ജനിച്ചത്. പ്രദേശത്തെ മഹാ പണ്ഡിതനും ആത്മീയ നായകനുമായിരുന്ന മുഹമ്മദ് ബഹാഉദ്ദീനാ(റ)ണ് അദ്ദേഹത്തിന്റെ പിതാവ്. സുല്‍ത്വാനുല്‍ ഉലമ എന്നാണ് പിതാവ് അറിയപ്പെട്ടിരുന്നത്. സുല്‍ത്വാനുല്‍ ആരിഫീന്‍ എന്നും ആത്മജ്ഞാനികള്‍ അദ്ദേഹത്തെ വാഴ്ത്തി. ഇസ്‌ലാമിക ശരീഅത്തിന്റെ സര്‍വതല സ്പര്‍ശിയായ ജ്ഞാനത്തിന്റെ പേരിലാണിങ്ങനെയെല്ലാം അഭിസംബോധന ചെയ്യപ്പെട്ടത്. ബഹാഉദ്ദീന്‍(റ)യെ അന്നത്തെ ഭരണാധികാരികള്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. അലാഉദ്ദീന്‍ മുഹമ്മദ് ഖവാരിസിം ഷാഹ് തന്റെ മകള്‍ മുഅ്മിന ഖാത്തൂനിനെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കുകയുണ്ടായി. ഈ ദമ്പതികളുടെ പുത്രനാണ് ജലാലുദ്ദീന്‍ റൂമി(റ).
അബൂബകര്‍ സിദ്ദീഖ്(റ)ന്റെ കുടുംബ പരമ്പരയില്‍ പെട്ടവരാണ് ബഹാഉദ്ദീന്‍(റ). അതിനാല്‍ തന്നെ ആത്മീയ പാരമ്പര്യമുള്ള പിതൃകുടുംബവും പണ്ഡിത സ്നേഹമുള്ള മാതൃകുടുംബവും ജലാലുദ്ദീന്‍ റൂമിക്ക് ധന്യവും മഹിതവുമായ ജീവിത പശ്ചാത്തലമൊരുക്കി. തന്റെ ചെറുപ്പകാലം പലായനങ്ങളുടേതായിരുന്നു. പിതാവിന്റെ പൊതു സ്വീകാര്യതയിലും ആദരണീയതയിലും അസൂയ പൂണ്ട സമകാലികരായ ചിലയാളുകള്‍ നടത്തിയ ഗൂഢാലോചനയുടെയും കരുനീക്കങ്ങളുടെയും ഫലമായി അധികാരികള്‍ അദ്ദേഹത്തെ സംശയിച്ചു തുടങ്ങിയപ്പോഴാണ് നാടുവിടാന്‍ തീരുമാനമെടുത്തത്. താര്‍ത്താരികളുടെ ആക്രമണവും മറ്റൊരു കാരണമായി. റൂമിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ആദ്യയാത്ര. നൈസാബൂരിലേക്കായിരുന്നു അത്.
നൈസാബൂരില്‍ വെച്ച് പേര്‍ഷ്യന്‍ കവിയും സാത്വികനുമായ ഫരീദുദ്ദീനുല്‍ അത്ത്വാറുമായി കണ്ടുമുട്ടി. ജലാലുദ്ദീനെ കണ്ട അദ്ദേഹം കുട്ടിയുടെ ശോഭനമായ ഭാവി ദീര്‍ഘദര്‍ശനം ചെയ്തു. തന്റെ പ്രസിദ്ധമായ കവിതാ ഗ്രന്ഥം ജലാലുദ്ദീന് സമ്മാനിക്കുകയും ചെയ്തു. ഇത് റൂമിയെ നന്നായി സ്വാധീനിച്ചു എന്നതിന് അദ്ദേഹത്തിന്റെ ജീവിതാന്ത്യകാലം തെളിവാണ്. നൈസാബൂരില്‍ നിന്നും കുടുംബം ബഗ്ദാദിലേക്ക് പോയി. പ്രഗത്ഭരായ ധാരാളം പണ്ഡിത പ്രമുഖരുമായി ബന്ധപ്പെടാന്‍ ഇത് അവസരമുണ്ടാക്കി. ബഗ്ദാദിന്റെ സവിശേഷ സാഹചര്യം അദ്ദേഹത്തില്‍ ഏറെ പുരോഗതി വരുത്തി.
ബഗ്ദാദില്‍ നിന്നും ഡമസ്കസിലേക്കും അവിടെനിന്ന് ഹജ്ജ്കര്‍മത്തിനായി മക്കയിലേക്കും യാത്രയായി. ശേഷം റോമിന്റെ ഭാഗമായ ഖറമാന്‍ എന്ന സ്ഥലത്ത് എത്തി വര്‍ഷങ്ങളോളം താമസിച്ചു. ‘റൂമി’ അഥവാ റോമക്കാരന്‍ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത് ഈ റോം വാസം മൂലമാണ്. സല്‍ജൂഖീ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു ആ പ്രദേശം. ഇവിടെ താമസിക്കുന്ന കാലത്താണു ശൈഖിന്റെ മാതാവ് മുഅ്മിന ഖാത്തൂന്‍ മരണപ്പെട്ടത്. അവിടെ മഹതിയോടുള്ള ആദര സൂചകമായി മഖ്ബറയും പള്ളിയും നിര്‍മിക്കപ്പെട്ടുവെന്ന് ആന്‍മേരി ഷിമ്മല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വെച്ചു തന്നെയായിരുന്നു റൂമി വിവാഹിതനായതും. സമര്‍ഖന്ദില്‍ നിന്നുള്ള ജൗഹര്‍ ഖാത്തൂനായിരുന്നു വധു. ഇതില്‍ രണ്ട് ആണ്‍കുട്ടികള്‍ പിറന്നു. ജൗഹറിന്റെ മരണശേഷം മറ്റൊരു വിവാഹം കൂടി നടത്തി. അതിലും സന്തതികളുണ്ട്.
റോമന്‍ സല്‍ജൂഖികളുടെ ഭരണസിരാകേന്ദ്രമായ കോനിയയുടെ അടുത്ത പ്രദേശമാണ് റൂമി കുടുംബം കഴിഞ്ഞിരുന്ന ഖറമാന്‍. കോനിയ പണ്ഡിതന്മാരുടെയും സാത്വിക ശ്രേഷ്ഠരുടെയും സങ്കേതം കൂടിയായിരുന്നു. കുരിശു യോദ്ധാക്കളില്‍ നിന്നും മോചിതമായി ആ നാടിന്റെ പ്രതാപകാലം ആരംഭിച്ച ഘട്ടം. സുല്‍ത്വാന്‍ അലാഉദ്ദീന്‍ കേഖബാദ് താര്‍ത്താരികളില്‍ നിന്നും അഭയാര്‍ത്ഥികളായെത്തിയവരെ ആദരപൂര്‍വം സ്വീകരിച്ച് താമസിപ്പിച്ചിരുന്ന ഒരു നല്ല ഭരണാധികാരിയായിരുന്നു. അയല്‍പ്രദേശത്ത് താമസിക്കുന്ന പണ്ഡിത സാത്വിക കുടുംബത്തെ തന്റെ ചാരത്തെത്തിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയും റൂമി കുടുംബത്തെ കോനിയയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതോടെ സ്വസ്ഥമായൊരിടം എന്ന നിലയില്‍ രണ്ടു ദശാബ്ദത്തോളം റൂമി കുടുംബം കോനിയയില്‍ കഴിഞ്ഞു.
കോനിയയില്‍ റൂമിയുടെ പിതാവ് ബഹാഉദ്ദീന്‍ സര്‍വാദരണീയനും സ്വീകാര്യനുമായി. വൈജ്ഞാനിക-ആത്മീയ പ്രവര്‍ത്തനങ്ങളുമായി ജീവിച്ചു. സുല്‍ത്വാന്‍ അലാഉദ്ദീന്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ ആത്മീയ ശിക്ഷണം സ്വീകരിച്ചിരുന്നു. പ്രബോധനവിജ്ഞാന പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടന്നുവന്നു. കോനിയയിലെ അന്തരീക്ഷവും സാമൂഹിക സാഹചര്യവും അന്നതിനനുകൂലമായിരുന്നു. പക്ഷേ, അത് അധിക കാലം നീണ്ട് നിന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം ഹിജ്റ 628 റബീഉല്‍ ആഖിറില്‍ മഹാന്‍ വഫാത്തായി.
പഠനം, ശിക്ഷണം
പിതാവിന്റെ മരണം റൂമിയെയും കുടുംബത്തെയും ഉലച്ചെങ്കിലും ജീവിതം കൂടുതല്‍ ചിട്ടപ്പെടുത്താന്‍ സഹായകമായ ഒരു ഗുരുവിനെ തേടിപ്പിടിച്ച് അതിനെ മറികടന്നു. പിതാവിന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ബുര്‍ഹാനുദ്ദീന്‍ മുഹഖിഖ് എന്ന സാത്വികനായിരുന്നു പുതിയ ഗുരു. പിതാവിനു ശേഷം കോനിയയിലെ മതനേതൃപദവി റൂമിക്ക് ലഭിച്ചിരുന്നുവെങ്കിലും പുതിയ ഗുരുവിന്റെ സവിധത്തിലും ശിക്ഷണത്തിലും കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. താര്‍ത്താരികളുടെ ഉപദ്രവം കാരണം ബല്‍ഖില്‍ നിന്നും തിര്‍മുദിലേക്ക് പലായനം ചെയ്തെത്തിയതായിരുന്നു മുഹഖിഖ്(റ). അതിനാല്‍ അദ്ദേഹം തിര്‍മുദി എന്നാണറിയപ്പെട്ടത്. ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണെന്നു കണ്ടാണ് കോനിയയിലേക്ക് താമസം മാറ്റിയത്. തന്റെ ഗുരുവായ ബഹാഉദ്ദീനും കോനിയയിലാണുള്ളതെന്നായിരുന്നു പ്രചോദനം. ബുര്‍ഹാനുദ്ദീന്‍, ബഹാഉദ്ദീന്‍ സംഗമം കോനിയയില്‍ നടന്നില്ലെന്നും ബഹാഉദ്ദീന്‍(റ)യുടെ മരണശേഷമാണ് ബുര്‍ഹാനുദ്ദീന്‍ കോനിയയിലെത്തിയതെന്നുമാണ് ചില ചരിത്രഗവേഷകര്‍ രേഖപ്പെടുത്തിക്കാണുന്നത്.
പിതാവില്‍ നിന്നും നേടിയ ആധ്യാത്മിക പരിചരണവും വിജ്ഞാനവും സഞ്ചാര സന്ദര്‍ഭങ്ങളില്‍ മഹാന്മാരുമായി സമ്പര്‍ക്കപ്പെടാനായതിന്റെ ഗുണവും മേളിച്ച ജലാലുദ്ദീനില്‍ ആത്മീയതയും വിജ്ഞാനതൃഷ്ണയും സജീവമായി നിലനിന്നിരുന്നു. ഇരുപത്തിയഞ്ച് വയസ്സിനു ശേഷമാണ് ശൈഖ് ബുര്‍ഹാനുദ്ദീന്‍ അവര്‍കളില്‍ നിന്ന് റൂമി വിജ്ഞാനം നുകരുന്നത്. റൂമിയെ നല്ലൊരു പണ്ഡിത സാത്വികനാക്കി മാറ്റാന്‍ ഈ ശിഷ്യത്വം കാരണമായി. ഒമ്പതു വര്‍ഷം പിന്നിട്ടപ്പോള്‍ ശൈഖ് ബുര്‍ഹാനുദ്ദീനും വിടപറഞ്ഞു.
ശൈഖ് ബുര്‍ഹാനുദ്ദീന്‍(റ) തന്റെ ശിഷ്യനെ നന്നായി പരിചരിക്കുക തന്നെ ചെയ്തു. ആത്മീയ ശുദ്ധീകരണത്തിന്റെ കടുത്ത സാധനകളും അനുഷ്ഠാനങ്ങളും പരിശീലിപ്പിച്ചു. അങ്ങനെ ആത്മീയമായി അത്യുന്നതി പ്രാപിക്കാനാവശ്യമായതെല്ലാം നല്‍കി. കൂടുതല്‍ അനുഭവ സമ്പത്തും മഹാന്മാരുമായുള്ള സമ്പര്‍ക്കവും അധികപഠനവും ആര്‍ജിക്കാനായി മറ്റു നാടുകളില്‍ പോവാന്‍ ഗുരു നിര്‍ദേശിക്കുകയുമുണ്ടായി.
ഗുരുവിന്റെ കാലശേഷം കോനിയയിലെ മതനേതൃത്വം പൂര്‍ണമായും റൂമി ഏറ്റെടുക്കേണ്ടിവന്നു. മദ്റസതു ഖുദാവന്‍ദ്കാര്‍ എന്ന പേരില്‍ സല്‍ജൂഖി ഗവര്‍ണര്‍ ഒരു മദ്റസ സ്ഥാപിച്ചിരുന്നു. ധാരാളം വഖ്ഫ് സ്വത്തുക്കള്‍ അതിന്റെ ഗുണത്തിനായി നിശ്ചയിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ മേധാവിയായി ജലാലുദ്ദീന്‍ റൂമി നിശ്ചയിക്കപ്പെട്ടു. തന്റെ പിതാവിന്റെ രീതി അവലംബിച്ച് മതപ്രബോധനവും വിജ്ഞാനവിതരണവും ആത്മീയ ഉപദേശങ്ങളുമായി അദ്ദേഹം അവിടെ സേവനം നടത്തി. ധാരാളം വിദ്യാര്‍ത്ഥികളും വിജ്ഞാന കുതുകികളും അവിടെയെത്തി. ഭരണകൂടത്തിന്റെ അംഗീകാരവും സൗകര്യവും കാര്യങ്ങള്‍ സുഗമമാക്കി. വൈജ്ഞാനിക സേവനവും പ്രവിശ്യയുടെ മതപരമായ നേതൃത്വവുമൊന്നും തന്റെ ആത്മീയമായ ഉന്നതിക്ക് യാതൊരു തടസ്സവും സൃഷ്ടിച്ചില്ല. എങ്കിലും വിജ്ഞാനദാഹവും മഹാത്മാക്കളില്‍ നിന്ന് തുടര്‍ന്നും പരിചരണം നേടാനുള്ള മോഹവും നിമിത്തം റൂമി ഗുരുവിന്റെ നിര്‍ദേശം പോലെ യാത്രക്കൊരുങ്ങി.
സിറിയയിലേക്ക്
റൂമി സിറിയയിലേക്കാണാദ്യം പുറപ്പെട്ടത്. (ഈ യാത്ര ശൈഖ് ബുര്‍ഹാനുദ്ദീന്റെ ജീവിതകാലത്താണെന്നാണ് ചില ചരിത്രകാരന്മാരുടെ പക്ഷം). സിറിയയില്‍ അന്ന് പണ്ഡിതന്മാരും സ്വൂഫികളും ധാരാളമുണ്ടായിരുന്നു. അലപ്പോയിലും ഡമസ്കസിലും പ്രസിദ്ധരായ സ്വൂഫി പണ്ഡിതര്‍ ആത്മീയ സേവനങ്ങള്‍ നടത്തുന്നു. റൂമി ആദ്യം ഡമസ്കസിലേക്കും അവിടെ നിന്ന് അലപ്പോയിലേക്കും പോയി. അവിടെ മദ്റസതുല്‍ ഹലാവിയ്യയില്‍ താമസിച്ച് പഠിച്ചു. അലപ്പോയുടെ വിശദമായ ചരിത്രമെഴുതിയ കമാലുദ്ദീനുബ്നുല്‍ അദീം അദ്ദേഹത്തിന്റെ ഗുരുനാഥനായത് ഇവിടെ വെച്ചായിരുന്നു. മറ്റു ധാരാളം പണ്ഡിതരില്‍ നിന്നും കുറഞ്ഞ കാലത്തിനിടക്ക് അറിവുനുകര്‍ന്നു. റൂമിയുമായി ബന്ധപ്പെട്ടവരെല്ലാം അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യവും തീക്ഷ്ണമായ ഓര്‍മശക്തിയും വാഴ്ത്തിപ്പറയുകയുണ്ടായി.
അലപ്പോയില്‍ നിന്നു വീണ്ടും ഡമസ്കസിലേക്ക് തന്നെ തിരിച്ചു. അവിടെ മദ്റസതുല്‍ മഖ്ദിസിയ്യയില്‍ താമസിച്ചു. ഇക്കാലത്ത് പ്രസിദ്ധ ആത്മീയ താരങ്ങളായ ശൈഖ് സഅ്ദുദ്ദീനില്‍ ഹമവീ, ശൈഖ് ഉസ്മാന്‍ അര്‍റൂമി, ശൈഖ് ഔഹദുദ്ദീന്‍ കിര്‍മാനി, ശൈഖ് സ്വദ്റുദ്ദീനില്‍ ഖൂനവി (റ.ഹും) തുടങ്ങിയവരുമായി സന്ധിക്കാനും അവരില്‍ നിന്നു ജ്ഞാനവും ആത്മീയ വെളിച്ചവും സ്വീകരിക്കാനും സാധിച്ചു. വ്യത്യസ്ത നാടുകളില്‍ നിന്നുള്ളവരും തദ്ദേശീയരുമായ ഈ മഹാമനീഷികളുടെയും സാത്വികരുടെയും സംഗമ കാലത്താണ് റൂമി ഡമസ്കസിലെത്തിയത് എന്നത് യാദൃച്ഛികമായിരിക്കില്ല.
വീണ്ടും കോനിയയില്‍
പുതിയ അനുഭവങ്ങളും വെളിച്ചവുമായി റൂമി കോനിയയില്‍ തിരിച്ചെത്തി. കോനിയ അപ്പോഴേക്കും ഒരു പണ്ഡിത നഗരമായി മാറിയിരുന്നു. മംഗോളിയരുടെ അക്രമം കാരണം നാടുവിട്ട ധാരാളം പണ്ഡിതന്മാര്‍ അവിടെ വന്നു താമസിച്ചിരുന്നതാണിതിനു കാരണം. ഇബ്നു അറബി(റ)യുടെ ശിഷ്യന്മാര്‍ ഗുരുവിന്റെ മരണാനന്തരം കേന്ദ്രീകരിച്ചതുമിവിടെയായിരുന്നു. ഡമസ്കസില്‍ നിന്നും റൂമി സന്ധിച്ചിരുന്ന ആത്മീയ താരം സ്വദ്റുദ്ദീനില്‍ ഖുനവീയും വൈകാതെ അവിടെയെത്തി. ധാരാളം സ്വൂഫി രചനകളും വൈജ്ഞാനിക കൃതികളും സംഭാവന ചെയ്തവരാണ് ഉപര്യുക്ത പണ്ഡിത പ്രതിഭകളെല്ലാം.
കോനിയയില്‍ തിരിച്ചെത്തിയ ശേഷം ജലാലുദ്ദീന്‍(റ) വൈജ്ഞാനിക സേവനം തുടര്‍ന്നു. കൂടുതല്‍ സമയവും ദര്‍സിനായി വിനിയോഗിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ആ മഹാജ്ഞാനിയെത്തേടിയെത്തി. ഒരേ സമയം നാനൂറ് വിദ്യാര്‍ത്ഥികള്‍ വരെ ദര്‍സിലുണ്ടായിരുന്നു. മതപരമായ അന്വേഷണങ്ങള്‍ക്കും തീര്‍പ്പുകള്‍ക്കും അദ്ദേഹമായിരുന്നു അവലംബം. കൃത്യമായും കണിശമായും പ്രഖ്യാപിച്ചിരുന്ന മതവിധികള്‍ സ്വീകാര്യവുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അന്വേഷികള്‍ക്കും സംതൃപ്തികരമായ അധ്യാപന രീതിയായിരുന്നു മഹാന്‍റേത്. ക്രമേണ ജീവിതം തിരക്ക് പിടിച്ചതായിത്തീര്‍ന്നു. ഇതിനിടയിലും അമൂല്യമായനിധി അന്വേഷിക്കുന്നവനെ പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
വഴിത്തിരിവ്
കോനിയയില്‍ മതപരവും വൈജ്ഞാനികവുമായ നേതൃപദവി നിലനില്‍ക്കെ തന്നെ കൂടുതല്‍ ഉയരങ്ങളിലേക്കുള്ള വാതായനങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ തുറക്കപ്പെടുകയുണ്ടായി. ശൈഖ് ബുര്‍ഹാനുദ്ദീന്‍ ഇത്തരമൊരു സൗഭാഗ്യത്തെക്കുറിച്ച് മുമ്പു സൂചന നല്‍കിയിരുന്നു. റൂമിയുടെ ജീവിതത്തിലെ സുപ്രധാനമായ ഈ വഴിത്തിരിവിനെ കുറിച്ച് ഇബ്നുബത്തൂത്ത രിഹ്ലയില്‍ എഴുതുന്നുണ്ട്. അതൊരു ആലങ്കാരിക അവതരണമാണ്. ആധ്യാത്മികതയുടെ ഉന്നതങ്ങളിലേക്ക് ശിഷ്യര്‍ക്കിടയില്‍ നിന്നും റൂമിയെ സ്വീകരിച്ചെടുക്കുന്നതിന്റെ മനോഹരമായ വര്‍ണന ഇങ്ങനെ: ‘കോനിയയിലെ മദ്റസയില്‍ അധ്യാപനത്തിനിടെ ഒരു മധുര പലഹാര വില്‍പനക്കാരന്‍ കടന്നുവന്നു. കഷ്ണങ്ങളായി മുറിച്ച ഹല്‍വ പ്പാത്രം അദ്ദേഹത്തിന്റെ തലയിലുണ്ടായിരുന്നു. ഹല്‍വക്കാരനെ കണ്ടപ്പോള്‍ റൂമി പാത്രം കൊണ്ടുവരാനാവശ്യപ്പെട്ടു. അയാള്‍ പാത്രത്തില്‍ നിന്നും ഒന്നെടുത്ത് ശൈഖ് റൂമിക്ക് നല്‍കി. റൂമി അത് വാങ്ങി ഭക്ഷിച്ചു. ഹല്‍വക്കാരന്‍ മറ്റാര്‍ക്കും അതില്‍ നിന്നൊന്നും നല്‍കിയില്ല. അയാള്‍ തിരിച്ചു നടന്നപ്പോള്‍ റൂമി പിന്തുടര്‍ന്നു.’ ഇബ്നു ബത്തൂത്തയുടെ വിവരണത്തില്‍ കാണുന്ന ഈ സംഭവം ഒരു പ്രതീകാത്മക ഗുരുശിഷ്യ ബന്ധത്തിന്റെ ചിത്രീകരണമാണ്. പക്ഷേ, ഇങ്ങനെ ഒരു സാഹചര്യം ദര്‍സിന്റെ കാര്യത്തില്‍ അനുഭവപ്പെടുക തന്നെ ചെയ്തു. ഇതിനാലാണ് റൂമിയുടെ വിദ്യാര്‍ത്ഥികള്‍ ഉസ്താദിന് സിഹ്റ് ബാധിച്ചുവോ എന്നു സംശയിച്ചത്. പൊടുന്നനെയുണ്ടായ മാറ്റത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല. ആത്മീയതയുടെ ലോകത്ത് ഉയര്‍ച്ചയുടെ മുഹൂര്‍ത്തങ്ങള്‍ അദ്ഭുതകരമായാണ് പലപ്പോഴും നടക്കാറുള്ളത്.
ശംസു തിബ്രീസ് എന്നും ശംസുദ്ദീന്‍ അത്തിബ്രീസ് എന്നുമൊക്കെ അറിയപ്പെടുന്ന ഇറാന്‍കാരനായ മുഹമ്മദ് ബ്നു അലി എന്ന മഹദ്വ്യക്തിത്വമായിരുന്നു റൂമിയുടെ ജീവിതത്തെ ഉടച്ചുവാര്‍ത്ത ഗുരുവര്യന്‍. ശിഷ്യന്മാരോടൊന്നിച്ചിരിക്കുന്ന ജലാലുദ്ദീന്‍ റൂമിയുമായി സംസാരിച്ച ശംസുദ്ദീനിത്തിബ്രീസ് ജീവിതത്തിന്റെ ആന്തരാര്‍ത്ഥങ്ങളിലേക്കും തസ്വവ്വുഫിന്റെ വിശാല തലങ്ങളിലേക്കും മഹാന്റെ ശ്രദ്ധ ക്ഷണിച്ചു. വളക്കൂറുള്ള മണ്ണില്‍ വിത്തെറിഞ്ഞപോലെ ജലാലുദ്ദീന്‍ റൂമിയുടെ മനസ്സതിനെ പെട്ടെന്നാവാഹിച്ചു. താനെന്താണോ അന്വേഷിക്കുന്നത്, അല്ലെങ്കില്‍ അന്വേഷിക്കേണ്ടത് അത് പ്രാപിക്കാന്‍ സമയമായിരിക്കുന്നു എന്നു റൂമിക്ക് ബോധ്യമായി. ശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ ലോകത്ത് നിന്ന് സ്വന്തത്തെ മോചിപ്പിക്കാത്ത ജ്ഞാനത്തേക്കാള്‍ നല്ലത് അജ്ഞാനമാണെന്ന പ്രമുഖ സ്വൂഫി കവി, സുനാഈയുടെ വരികള്‍ റൂമിയുടെ മനസ്സില്‍ ഉടക്കി. അതോടെ മഹാന്‍ ആത്മ ജ്ഞാനത്തിന്റെയും ആത്മ സാഫല്യത്തിന്റെയും പൂര്‍ണത വരിക്കാന്‍ തയ്യാറെടുത്തു.
ഒരു വിദ്യാര്‍ത്ഥിയെ പോലെ പുതിയ ഗുരുവര്യന്റെ അരുമ ശിഷ്യനായി മാറിയ റൂമി കടുത്ത സാധനകളുടെയും അനുഷ്ഠാനങ്ങളുടെയും ലോകത്തേക്കു നീങ്ങി. അധ്യാപനവും പ്രബോധനവും മനുഷ്യ സേവനവുമായി കഴിയുന്നതില്‍ നിന്നുള്ള അവസ്ഥാന്തരം പ്രത്യക്ഷത്തില്‍ ശിഷ്യന്മാര്‍ക്ക് സ്വീകാര്യമല്ലായിരുന്നെങ്കിലും റൂമിയെ സംബന്ധിച്ചിടത്തോളം താന്‍ തിരക്കി നടന്നിരുന്നതാണിത്. പ്രലോഭനങ്ങള്‍ക്കു വഴങ്ങി ആ പരമാര്‍ത്ഥം എങ്ങനെ ഉപേക്ഷിക്കും? കണ്ടുമുട്ടിയ ആദ്യഘട്ടത്തില്‍ തന്നെ 40 – ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവൊന്നിച്ചുള്ള വാസമാണ് അദ്ദേഹം നിര്‍ദേശിച്ചത്. അതോടെ റൂമി അപ്രത്യക്ഷനായോ എന്നുപോലും തോന്നി ചിലര്‍ക്ക്. പിന്നീട് ആറു മാസക്കാലം ഇതേയവസ്ഥയില്‍ തന്റെ സഹപാഠിയും ശൈഖ് ബഹാഉദ്ദീന്റെ പ്രമുഖ ശിഷ്യരിലൊരാളുമായ ശൈഖ് സ്വലാഹുദ്ദീന്‍ അദ്ദുഖാഖിന്റെ പരിധിയില്‍, പുറമെ നിന്നാര്‍ക്കും പ്രവേശനമില്ലാത്ത വിധം ഏകാന്തത പ്രാപിച്ചു. സ്വലാഹുദ്ദീന്‍ അല്ലാതെ മറ്റാരും അക്കാലത്ത് റൂമിയെ കാണുമായിരുന്നില്ല.
അല്‍പകാലത്തിനു ശേഷം ശിഷ്യര്‍ക്ക് ഗുരുവിനെ കാണാനനുമതി കിട്ടി. എങ്കിലും ഉസ്താദിന്റെ അവസ്ഥ വളരെ മാറിയിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് റൂമിയുടെ പുതിയ ഗുരുവിനെക്കുറിച്ച് ആശങ്കയുയര്‍ന്നു. മഹത്ത്വത്തിന്റെ നെറുകയിലെത്തിയ ശിഷ്യവത്സലനായ ‘പഴയ ഗുരുനാഥനെ’ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി ശിഷ്യന്മാര്‍ ഗണിച്ചു. അതവര്‍ക്കുള്‍ക്കൊള്ളാനാവുമായിരുന്നില്ല. ഈ മാറ്റം ഗുണപരമാണോ അതോ നാശകരമോ എന്ന ചിന്ത അവരെ അസ്വസ്ഥരാക്കി.
ദര്‍സുകളും പ്രഭാഷണങ്ങളും ഉപദേശങ്ങളും ഫത്‌വ നല്‍കലും നിലച്ചു. ഇതിനു പിന്നില്‍ ആരായിരിക്കുമെന്നതില്‍ കൃത്യമായ ഒരു തീരുമാനത്തിലെത്താനവര്‍ക്കായില്ല. ഒരു മഹാപണ്ഡിതനെ ഒരു ‘പാട്ടുകാരന്റെ’ മുമ്പിലെ വിനീതവിധേയനെപ്പോലെ കാണപ്പെടുന്നത് സിഹ്ര്‍ കാരണമാണെന്നാണവര്‍ ശങ്കിച്ചത്. അവര്‍ ശംസ്ത്തിബ്രീസിയെ നാട്ടില്‍ നിന്നും ആട്ടിയോടിക്കാന്‍ തീരുമാനിച്ചു. എങ്കില്‍ മാത്രമേ തങ്ങള്‍ക്ക് ഗുരുവിനെ തിരിച്ചുലഭിക്കൂ. ശംസുത്തിബ്രീസിനെതിരെ കടുത്ത നിലപാട് തന്നെ അവര്‍ സ്വീകരിച്ചു. ആദ്യമൊക്കെ അതവഗണിച്ചെങ്കിലും കുഴപ്പത്തിന് താന്‍ കാരണമാകേണ്ടെന്നു കരുതി ശംസ് കോനിയ വിട്ടു. 16 മാസക്കാലം മാത്രമാണ് ഇത്തവണ അദ്ദേഹം കോനിയയില്‍ താമസിച്ചിരുന്നത്.
ഉസ്താദിന്റെ അസാന്നിധ്യം ജലാലുദ്ദീന്‍ റൂമി(റ)യെ ദുഃഖിതനാക്കി. ശിഷ്യരെ പൂര്‍ണമായും വെടിയുന്നതിലേക്കിതു നയിച്ചു. ശിഷ്യന്മാര്‍ക്കിത് വലിയ നഷ്ടമാണ് വരുത്തിയത്. ശംസിനെ നാട്ടില്‍ നിന്നകറ്റിയാല്‍ ലഭിക്കുമെന്നവര്‍ കരുതിയതൊന്നും നടന്നില്ലെന്നു മാത്രമല്ല, റൂമിയെ അപൂര്‍വമായെങ്കിലും കാണാന്‍ സാധിച്ചിരുന്നത് കൂടി ഇല്ലാതായി. ഗുരുവിനെ നഷ്ടമായതില്‍ ദുഃഖിതനായി ഒറ്റപ്പെട്ട് കഴിഞ്ഞ റൂമിക്ക് അപ്രതീക്ഷിതമായി ശംസിന്റെ ഒരു കത്ത് കിട്ടി. അതോടെ അദ്ദേഹം വിട്ടുപോയതിലെ ആശങ്കയൊഴിഞ്ഞു. റൂമി ചില ശിഷ്യരുമായി അടുത്തിടപഴകാന്‍ തുടങ്ങി. അവര്‍ ശംസുത്തിബ്രീസിയെ ഉപദ്രവിക്കാത്തവരായിരുന്നു.
റൂമി തിബ്രീസിക്ക് തന്റെ മനോഗതവും ആഗ്രഹവും അറിയിച്ച് സന്ദേശങ്ങളയച്ചുകൊണ്ടിരുന്നു. ക്രമേണ കോനിയയില്‍ ശംസ് വിരുദ്ധവികാരം തണുത്തു. ഇനിയൊരിക്കല്‍ ശംസ് അവിടേക്ക് വന്നാല്‍പോലും പ്രശ്നങ്ങളുണ്ടാവില്ലെന്ന് റൂമിക്ക് ബോധ്യമായി. തന്റെ മകന്‍ സുല്‍ത്വാന്‍ വലദിനെ വിലയേറിയ സമ്മാനങ്ങളുമായി ഡമസ്കസില്‍ തിബ്രീസിയുടെ അടുത്തേക്കയച്ചു. വിഷമിപ്പിച്ചവര്‍ക്കു മാപ്പ് നല്‍കാനും വീണ്ടും കോനിയയിലേക്ക് വരാനും അഭ്യര്‍ത്ഥിക്കുന്ന കത്തുമുണ്ടായിരുന്നു. അതു സ്വീകരിച്ച് ശംസ്ത്തിബ്രീസി വീണ്ടും കോനിയയിലെത്തി. ജലാലുദ്ദീന്‍ റൂമി ഗുരുനാഥന്റെ ആഗമനത്തില്‍ അതീവസന്തുഷ്ടനായി. ഗുരുശിഷ്യ സമ്പര്‍ക്കവും സദസ്സുകളും അതോടെ സജീവമായി. റൂമി ഗുരുവിനെ വളരെയേറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തു. പക്ഷേ, അധിക കാലം കഴിയുംമുമ്പെ ചിലര്‍ കുഴപ്പമുണ്ടാക്കിയതിനാല്‍ തിബ്രീസി വീണ്ടും കോനിയ വിട്ടു.
റൂമി മുമ്പത്തെപ്പോലെ ദുഃഖിതനായി കഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി അതിനെ കരുതി. സഹിക്കാവുന്നതിലധികമായിരുന്നു ആ വേര്‍പാട്. അതിന്റെ ഭാവ പ്രകടനങ്ങള്‍ റൂമിയില്‍ ദൃശ്യമായി. ശംസിനെ ഉപദ്രവിക്കുന്നതില്‍ പങ്കാളികളായ എല്ലാവരെയും അദ്ദേഹം അകറ്റി. ഗുരുവിനെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ആ വിചാരത്തിലായുള്ള ജീവിതമായിരുന്നു പിന്നീട്. ഗുരുവിനെക്കുറിച്ച് കേള്‍ക്കുന്നത് ഏറെ സന്തോഷകരം. എവിടെയെങ്കിലും വെച്ച് കണ്ടുവെന്ന് അറിയിക്കുന്നവര്‍ക്ക് സമ്മാനം നല്‍കി.
ഇഷ്ടശിഷ്യരുമൊന്നിച്ച് ഗുരുവിനെ അന്വേഷിച്ചൊരിക്കല്‍ ഡമസ്കസിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ഡമസ്കസുകാര്‍ക്ക് റൂമിയുടെ ആഗമനം അനുഗ്രഹമായി. അവരദ്ദേഹത്തെ ആത്മീയ ഗുരുവായിക്കണ്ടു. ജ്ഞാനത്തിന്റെ പ്രഭാകിരണങ്ങള്‍ കൊണ്ട് അദ്ദേഹമവരെ അനുഗ്രഹീതരാക്കി. ഡമസ്കസിലെങ്ങും ശംസിനായുള്ള തിരച്ചില്‍ തുടരുന്നതിനിടയില്‍ ഒരുള്‍വിളി പോലെ ചിന്തിച്ചതിങ്ങനെ: താനും ശംസും തമ്മിലെന്തു വ്യത്യാസം? അദ്ദേഹം ശംസെങ്കില്‍ ഞാനൊരു അണുവാണ്. അദ്ദേഹം ഒരു സമുദ്രമെങ്കില്‍ താനതിലെ ഒരു തുള്ളിയും. ഒരു തുള്ളിയുടെ ചൈതന്യം സമുദ്രത്തില്‍ നിന്ന് ലഭിച്ചതല്ലേ? അതിനാല്‍ ഈ അംശബന്ധമാണ് താനും ശംസും തമ്മില്‍. എങ്കില്‍ അത് അന്യതയുടേതല്ല. ആ തുള്ളിയെ കടലാക്കാനാവുമോ എന്നു തിരക്കുക. പ്രകാശരശ്മിയെ സൂര്യതേജസ്സാക്കാനും പരിശ്രമിക്കുക.’ അങ്ങനെ തിരച്ചില്‍ മതിയാക്കി കോനിയയിലേക്ക് മടങ്ങി.
നാട്ടിലെത്തി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ശംസിനെ കാണണമെന്ന മോഹമുദിച്ചു. പ്രധാന അനുയായികളുമൊന്നിച്ച് വീണ്ടും ഡമസ്കസിലേക്ക്. അലച്ചിലിനിടയില്‍ പഴയ അതേ വിചാരം ഉയര്‍ന്നുവന്നു. ഉള്ളത്തിലുയിരെടുത്തതും വേരുറച്ചതുമായ സ്വത്വബോധം നാട്ടിലേക്കു മടങ്ങാന്‍ പ്രേരണയായി. ഇനി ഞാനെന്തിന് ശംസുദ്ദീനെ തിരയണം? ഞാന്‍ എന്നെത്തന്നെയല്ലേ തിരയുന്നത്. ശംസിലെന്തുണ്ടോ അതൊക്കെയും എന്നിലുമുണ്ടല്ലോ. അങ്ങനെ ശംസുദ്ദീനിലുള്ളതെല്ലാം സ്വന്തത്തിലും കാണുന്ന ഒരവസ്ഥയിലേക്ക് റൂമി ഉയര്‍ന്നു. ഒരു ജീവിതയാത്രയുടെ ലക്ഷ്യപ്രാപ്തിയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിച്ചത്. മറ്റൊരാളെയും ഒരിടവും തേടി അലയേണ്ടതില്ലാത്ത വിധം പരിചരണവും സാഫല്യവും മൂര്‍ത്തമായ അനുഷ്ഠാനങ്ങളുമായി ശേഷകാലം ജീവിക്കാനുള്ള അറിയിപ്പ് പോലെയായി ആ തീരുമാനം.
ശിഷ്യനും സതീര്‍ത്ഥ്യനുമായ സ്വലാഹുദ്ദീനെ തന്റെ ഖലീഫയായി റൂമി നിശ്ചയിച്ചു. പത്തു വര്‍ഷത്തിനു ശേഷം സ്വലാഹുദ്ദീന്‍ മരണപ്പെട്ടു. തുടര്‍ന്ന് ഹുസാമുദ്ദീന്‍ ചലബി ഖലീഫയായി. ചിലര്‍ക്കിഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഖലീഫമാര്‍ ദൗത്യം നിര്‍വഹിച്ചു പോന്നു. റൂമിയുടെ മസ്നവിയുടെ രചനക്ക് പ്രേരകമായത് ഹുസാമുദ്ദീന്റെ അഭ്യര്‍ത്ഥനയായിരുന്നു. ഗുരുപരമ്പരയില്‍ പിതാവ് ബുര്‍ഹാനുദ്ദീനും ഉസ്താദ് ബഹാഉദ്ദീനും ശംസിത്തിബ്രീസിയും അനന്തരം ശിഷ്യന്മാരായ സ്വലാഹുദ്ദീനും ഹുസാമുദ്ദീനുമാണ് പ്രധാനമായും റൂമിയുടെ ജീവിതത്തില്‍ മുന്നിലും പിന്നിലുമായി മാര്‍ഗദര്‍ശനവും ദൗത്യപൂരണവും നിര്‍വഹിച്ചത്.
ചില ധാരണകള്‍
റൂമിയുടെ ലോകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. റൂമിയെ ലോകം വായിച്ചതും റൂമി ലോകത്തെ വീക്ഷിച്ചതും ഈ പ്രത്യേകതകള്‍ സഹിതമാണ്. പഞ്ചേന്ദ്രിയ പരിമിത സംവേദനാനുഭവങ്ങളുടെ പരിധിയില്‍ അതിനെ ഒതുക്കാന്‍ സാധിക്കണമെന്നില്ല. അന്യവും വന്യവുമായ ഒന്നായിരുന്നു റൂമിയും പ്രപഞ്ചവും എന്നല്ല ഇതിനര്‍ത്ഥം. റൂമിയെ തിരിച്ചറിയാന്‍ റൂമിയെ പഠിക്കുകയാണ് വേണ്ടത്; വിമര്‍ശിക്കാനിറങ്ങിയവരെയോ വൃഥാ പുകഴ്ത്തിയ ഓറിയന്‍റലിസ്റ്റുകളെയോ അല്ല. റൂമിയുടെ രൂപീകരണം നടന്ന ഒരു പശ്ചാത്തലവും അവിടെ ചില മഹാമനീഷികളുമുണ്ട്. അവര്‍ വളര്‍ത്തിയെടുത്ത മഹാപുരുഷനാണദ്ദേഹം. അതിന്റെ ഗുണഫലങ്ങള്‍ റൂമിയില്‍ പ്രകടമായിരുന്നു താനും. തസ്വവ്വുഫിന്റെ ലോകത്ത് പ്രചാരത്തിലുണ്ടായിരുന്നതും സ്വീകാര്യമായിരുന്നതുമായ കാര്യങ്ങളെ കേവല ഭാവനാ വിലാസത്തില്‍ നിന്നു മാത്രം ഗ്രഹിച്ചെടുക്കേണ്ടതല്ല. ആവിഷ്കാരമായും കലാകാരന്റെ മനോഗതിക്കനുസൃതമായുമെല്ലാം ആ നദിയൊഴുകി.
റൂമി നിര്‍വഹിച്ച അധ്യാത്മ സേവനങ്ങളുടെയും നയിച്ച ജീവിതത്തിന്റെയും അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കൃതികളിലെ പരാമര്‍ശങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഡമസ്കസിലെ താമസക്കാലത്ത് മുഹ്യിദ്ദീനുബ്നു അറബി(റ)യുടെ ശിഷ്യഗണങ്ങളുമായി കണ്ടുമുട്ടി എന്നതും അവരുമായി തസ്വവ്വുഫിന്റെ വിചാരവും അനുഭവങ്ങളും പങ്കുവെച്ചു എന്നതും ശരിയാണ്. ഇബ്നു അറബിയുമായി നേരിട്ടുതന്നെ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നുമഭിപ്രായമുണ്ട്. ഇക്കാരണത്താല്‍ റൂമിയുടെ മേല്‍ ഇബ്നു അറബിക്കു നേരെയുണ്ടായ ആരോപണങ്ങള്‍ കെട്ടിവെക്കാന്‍ ശ്രമം നടത്തുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ റൂമി വേറിട്ടുതന്നെ നില്‍ക്കുന്നു; തന്റെ നിലപാടുകള്‍ മറ്റുള്ളവരുമായി ഒത്തുവന്നാലും ഇല്ലെങ്കിലും. പൂര്‍വികരെക്കുറിച്ച വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ക്ക് സമൂഹം കല്‍പിച്ച അവഗണന മാത്രമേ റൂമിക്കെതിരെയുള്ളതിലും വേണ്ടതുള്ളൂ.
റൂമിയെ പോലെയുള്ള ഒരു വലിയ്യ് പൊതുസമൂഹത്തില്‍ ഈ അത്യാധുനിക കാലത്തും സ്വീകാര്യത നേടുന്നത് മനുഷ്യ സ്നേഹപരമായ നിലപാടുകളുടെ പേരിലായിരിക്കാം. എല്ലാ വിഭാഗം ജനങ്ങളുടെയും മുന്നില്‍ ദിവ്യാനുരാഗത്തിന്റെ പ്രേരണയാല്‍ ഒരു മനുഷ്യസ്നേഹിയായി, പ്രപഞ്ച സ്നേഹിയായി, പരിത്യാഗിയായി പ്രത്യക്ഷപ്പെടുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയാണത്. ഓരോരുത്തരും റൂമിയോടുള്ള സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കാന്‍ തങ്ങളുടെ വീക്ഷണത്തില്‍നിന്ന് അവസരങ്ങള്‍ കണ്ടെത്തുന്നുവെന്നേയുള്ളൂ. അവ റൂമി ദര്‍ശനങ്ങളോട് നീതി പുലര്‍ത്തുന്നതായിരിക്കണമെന്നു മാത്രം. ശൈഖ് ജീലാനി(റ) പ്രബോധനത്തിലും ശൈഖ് രിഫാഈ മാനവസേവനത്തിലും ശ്രദ്ധിച്ചതു പോലെ റൂമി ദിവ്യാനുരാഗത്തിന്റെ വക്താവായി. അതാണ് അദ്ദേഹത്തിന്റെ മരണാനന്തരം വ്യത്യസ്ത ഭാഷ്യങ്ങളോടെ കൃതികള്‍ വായിക്കപ്പെടാന്‍ കാരണം. ഓരോ മതാനുയായികള്‍, താല്‍പര്യക്കാര്‍ അതിനെ തങ്ങളുടെ ഇച്ഛക്കൊത്ത് അവതരിപ്പിച്ചതിന് റൂമി ഉത്തരവാദിയല്ല.
ഇപ്രകാരം തന്നെ, റൂമിയുടെ ത്വരീഖത്തിന്റെ പേരിലും അനുയായികളായി ചമഞ്ഞും സ്വീകരിച്ചും വരുന്നതെന്തും കൃത്യമായ റൂമി പാഠനമാകണമെന്നില്ല. ത്വരീഖത്തിന്റെ ലോകത്ത് വ്യാജമായി പലതും കടന്നുകൂടിയിട്ടുണ്ടാവാം. പണ്ഡിതന്മാര്‍ യഥാസമയം അതിലെ ശരിതെറ്റുകള്‍ വേര്‍തിരിച്ചതുമാണ്.
ചിലര്‍ റൂമിയെ പലതും പാടി മദിച്ചു നടന്നൊരു ആസ്വാദകനായാണവതരിപ്പിക്കുന്നത്. റൂമീ ജീവിതത്തിന്റെ ശരിയായ ചിത്രം മനസ്സിലാക്കാതെ, കവിയായിരുന്നു, പാടിയിരുന്നു, ആസ്വദിച്ചിരുന്നു എന്നതിനാല്‍ ഒരു ആട്ടക്കാരനായി മാത്രം കാണുന്ന രീതി ഭൂഷണമല്ല. മൗലാനാ ശിബ്ലി നുഅ്മാനി റൂമിയെ കുറിച്ചെഴുതിയ ഒരു കൃതിയെ അവലംബിച്ച് അബുല്‍ ഹസന്‍ അലി നദ്വി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്: ‘റൂമി വലിയ ഇബാദത്തുകാരനായിരുന്നു. വിരിപ്പും തലയിണയും ഉറങ്ങാനായി കരുതിയില്ല. ഉറക്കം വന്നാല്‍ ഇരുന്നാണുറങ്ങുക എന്നു സമകാലക്കാരനും സഹവാസിയുമായിരുന്ന സബഹ് സലാര്‍ പറയുന്നു. നിസ്കാര സമയമായാല്‍ ഖിബ്ലക്കഭിമുഖമായി ഇരിക്കും. നിറത്തിന് വരെ മാറ്റമുണ്ടാവും. കൂടുതല്‍ നിസ്കരിക്കും. രാത്രിയില്‍ പുലരുവോളം ഒരു റക്അത്ത് തന്നെ നിസ്കരിക്കുന്ന രംഗങ്ങളുണ്ടായിട്ടുണ്ട്. തണുപ്പേറിയ രാത്രികളില്‍ കരഞ്ഞ് കണ്ണീരൊലിക്കുന്നത് കവിള്‍തടത്തില്‍ കട്ടപിടിക്കുമായിരുന്നു. തനിക്ക് ലഭിക്കുന്നതൊന്നും സൂക്ഷിച്ചുവെക്കാതെ ദാനം ചെയ്തു. വിശപ്പ് ഇലാഹീ സാമീപ്യത്തിന്റെ മധുവായി ആസ്വദിച്ചു. അധ്വാനിച്ചാണ് ആഹരിച്ചിരുന്നത്. വസ്ത്രമഴിച്ച് പോലും ദാനം ചെയ്തു. മാറിപ്പോവാന്‍ ഇടമില്ലാത്ത ഇടുങ്ങിയ വഴിയില്‍ കിടന്നുറങ്ങിയ നായയെ ഉണര്‍ത്താന്‍ മടിച്ച് അത് ഉണരുവോളം കാത്തുനിന്നു. സര്‍ക്കാരില്‍ നിന്നും നല്‍കുന്ന വേതനത്തിന് പകരം എഴുത്തുജോലി നിര്‍വഹിച്ചു. ഉറ്റ ബന്ധമുണ്ടായിട്ടും രാജകൊട്ടാരത്തില്‍ കയറിയിറങ്ങിയില്ല. അങ്ങനെ നന്മ നിറഞ്ഞ ആ മഹല്‍ജീവിതത്തെ പാട്ടിലും ആട്ടത്തിലും ഒതുക്കുന്നതു തസ്വവ്വുഫിന്റെ വിരോധികളാണ്. അത് മുഖവിലക്കെടുക്കേണ്ടതില്ല.
ഹിജ്റ 672 ജമാദുല്‍ ആഖിര്‍ 5 ഞായറാഴ്ച (1273 ഡിസംബര്‍ 17) റൂമി(റ) വഫാത്തായി. അന്ത്യസമയത്തും അനന്തരവും ശ്രദ്ധേയമായ പല സംഭവങ്ങളുമുണ്ടായി. ആ മഹാമനീഷിയെ അശ്രുപൊഴിച്ച് ദുഃഖ ഭാരത്തോടെ നാടും ജനതയും അന്ത്യയാത്രയാക്കി. വന്‍ജനസാഗരം തന്നെ ഒഴുകിയെത്തി. അദ്ദേഹത്തിന്റെ ഖബ്റിങ്കല്‍ സിയാറത്ത് നടന്നുവരുന്നു. വിശാലമായ മഖാം സമുച്ചയം തന്നെ അവിടെ ഉയര്‍ത്തപ്പെട്ടു. ഖുബ്ബതുല്‍ ഖള്റാഅ് എന്ന പേരിലതറിയപ്പെടുന്നു. അര്‍ത്ഥഗര്‍ഭങ്ങളായ കവിതകള്‍ അവിടെ കൊത്തിവെച്ചതു കാണാം. സ്നേഹം കൊണ്ട് സ്രഷ്ടാവിലേക്കടുക്കാനുള്ള മാനവമൈത്രിയുടെ പാഠങ്ങളാണ് ആ മഹാമനീഷി ലോകത്തിന് പകര്‍ന്നത്.
അലവിക്കുട്ടി ഫൈസി എടക്കര