സ്‌ലാമിക അധ്യാത്മിക ദർശനത്തിന്റെ പ്രഭ പരത്തിയ അതുല്യ ജ്യോതിസ്സായിരുന്നു ഖുതുബുൽ അഖ്താബ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ). പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബഗ്ദാദിൽ ജീവിച്ച മഹാത്മാവിനെ കുറിച്ചുള്ള ഓർമകളും ശൈഖിന്റെ പേരിൽ അറിയപ്പെട്ട ആധ്യാത്മിക ശൃംഖലയായ ഖാദിരിയ്യ ത്വരീഖത്തും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ജ്വലിച്ചു നിൽക്കുന്നു എന്നതു തന്നെ ആ പ്രബോധക ജീവിതത്തിന്റെ ആഴവും വലിപ്പവും മനസ്സിലാക്കിത്തരുന്നുണ്ട്.

ജനനം

ഇറാനിൽ കാസ്പിയൻ കടൽക്കരയോട് ചേർന്നുള്ള ജീലാനിലെ നീഫിൽ ഹിജ്‌റ 470 (ക്രി.വ. 1077)ലാണ് ശൈഖിന്റെ ജനനം. ജന്മനാട്ടിലേക്ക് ചേർത്തിയാണ് ജീലാനി എന്നു വിശ്രുതനായത്. അനറബി ഭാഷകളിൽ കൈലാൻ എന്നും ഈ സ്ഥലം വിളിക്കപ്പെടുന്നു. വളരെ മാതൃകാ ജീവിതം നയിച്ചിരുന്ന മാതാപിതാക്കളുടെ മകനായി ശ്രേഷ്ഠമായ ഒരു പരമ്പരയിലാണ് ശൈഖ് ജനിക്കുന്നത്. പിതാവ് അബൂ സ്വാലിഹ് മൂസാ ജൻകി ദോസ്ത് ജീവിതത്തിൽ അതീവ സൂക്ഷ്മയും ഭക്തിയും പുലർത്തിയിരുന്ന സാത്വികനായിരുന്നു. അക്കാലത്തെ അറിയപ്പെട്ട ആത്മീയ പുരുഷനായിരുന്ന ശൈഖ് അബൂ അബ്ദില്ലാ സൗമഈ(റ)യുടെ മകൾ ഉമ്മുൽഖൈർ ഫാത്വിമയാണ് മാതാവ്. തിരുനബി(സ്വ)യുടെ പേരമകനായ ഹസൻ ബിൻ അലി(റ) പിതാവിന്റെ പത്താമത്തെ വല്യുപ്പയും ഹുസൈൻ ബിൻ അലി(റ) മാതാവിന്റെ പന്ത്രണ്ടാമത്തെ വല്യുപ്പയുമാണ്.
അബൂഅബ്ദില്ലാ സൗമഈ(റ) തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുന്നതിന് മുമ്പ് അബൂ സ്വാലിഹി(റ)ന്റെ കുടുംബവും വ്യക്തിജീവിതവും പരിശോധിച്ചുറപ്പാക്കിയിരുന്നു. ഈ അനുഗൃഹീത ദമ്പതികളുടെ മകനായി ജനിച്ച ശൈഖിന് അധികം വൈകാതെ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് മാതാമഹൻ അബൂഅബ്ദില്ലാ സൗമഈ(റ)യുടെ സംരക്ഷണത്തിലാണ് കുട്ടി വളർന്നത്. മകന്റെ മതചിട്ടയിലും പഠനത്തിലും മാതാവും അതീവ ശ്രദ്ധ പുലർത്തി. അബൂഅബ്ദില്ലാ സൗമഈ(റ)യുടെ കുട്ടി എന്ന പേരിലാണ് ജീലാനിൽ അന്ന് വിളിക്കപ്പെട്ടിരുന്നത്. മുലകുടി പ്രായത്തിൽ തന്നെ അസാധാരണ പ്രവൃത്തികൾ അനുഭവപ്പെട്ടതായി മാതാവിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ റമളാനിൽ പകൽ മുലപ്പാൽ കുടിക്കാറുണ്ടായിരുന്നില്ല. അക്കാര്യം നാട്ടിൽ പരക്കുകയും മാസപ്പിറവിയെ കുറിച്ച് സംശയം നിലനിന്ന സമയത്ത് കുഞ്ഞ് പാൽ കുടിക്കുന്നുണ്ടോ എന്നന്വേഷിച്ച് റമളാനായെന്ന് നാട്ടുകാർ സ്ഥിരീകരിച്ചതായും ചരിത്രത്തിൽ കാണുന്നു.
ബാല്യത്തിൽ സമപ്രായക്കാരോടൊത്ത് അനാവശ്യമായ വിനോദങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നില്ല. വല്ല തിന്മകളിലേക്കും ക്ഷണിക്കപ്പെട്ടാൽ അങ്ങോട്ടു പോകാതിരിക്കാനുള്ള ഒരു ഉൾവിളി ഉണ്ടായിരുന്നത്രെ. അത്തരം സമയങ്ങളിൽ കൂട്ടുകാരിൽ നിന്ന് അകന്ന് ഉമ്മയുടെ അടുക്കൽ ചെന്നിരിക്കുകയായിരുന്നു പതിവ്. ഉമ്മയുടെയും മാതാമഹന്റെയും മതപരമായ ശിക്ഷണത്തിൽ എല്ലാ നന്മകളും പരിശീലിച്ചുകൊണ്ടും തിന്മകളിൽ നിന്ന് അകലം പാലിച്ചുകൊണ്ടും കുഞ്ഞ് വളർന്നു. പത്താം വയസ്സിൽ നാട്ടിലെ മതപാഠശാലയിൽ പഠനമാരംഭിച്ചു. പഠനത്തിലും ജീവിതത്തിലും വേറിട്ടുനിന്ന കുട്ടിക്ക് മറ്റു വിദ്യാർത്ഥികൾക്ക് ലഭിക്കാത്ത പരിഗണന ലഭിച്ചു.

ദേശാടനം

ജീലാൻ ഒരു കർഷക ഗ്രാമമായിരുന്നു. ശൈഖ് ഇടക്ക് കൃഷിയിലും ഏർപെട്ടിരുന്നു. അങ്ങനെയിരിക്കെ കൂടുതൽ വിജ്ഞാനമാർജിക്കാൻ നാട് വിട്ടുപോകാൻ തീരുമാനിച്ചു. ഉമ്മയോട് കൂടിയാലോചിച്ചു. മകനെ ജ്ഞാനവഴിയിൽ സമർപിക്കാൻ ആ മാതാവ് വലിയ താൽപര്യം കാണിച്ചു. അങ്ങനെ തന്റെ പതിനെട്ടാം വയസ്സിൽ ഹി. 488ലാണ് ശൈഖ് ബഗ്ദാദിലേക്ക് ദേശാടനം ചെയ്യുന്നത്. മാതാവ് വസ്ത്രത്തിനടിയിൽ സ്വർണ നാണയങ്ങൾ തുന്നിപ്പിടിപ്പിച്ചതും വഴിയിൽ കൊള്ളക്കാർ ചോദിച്ചപ്പോൾ നാണയങ്ങൾ എടുത്തുകൊടുത്ത് കൊള്ളക്കാരെ മനംമാറ്റിയതും സുവിദിതമാണല്ലോ.
ബഗ്ദാദ് അന്ന് ഇസ്‌ലാമിക ഖിലാഫത്തിന്റെ തലസ്ഥാനമാണ്. എല്ലാ വിജ്ഞാനീയങ്ങളുടെയും കൈമാറ്റ കേന്ദ്രമായി ജ്വലിച്ചുനിൽക്കുന്ന ഘട്ടത്തിലാണ് ശൈഖ് ബഗ്ദാദിലെത്തുന്നത്. ഇക്കാലത്തു തന്നെയാണ് മഹാപണ്ഡിതനും തത്ത്വജ്ഞാനിയുമായ ഹുജ്ജതുൽ ഇസ്‌ലാം അബൂഹാമിദ് അൽഗസ്സാലി(റ)വും ബഗ്ദാദിലെത്തുന്നത്.
പിന്നീട് മരണം വരെ നീണ്ട 73 വർഷം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) ജീവിക്കുന്നത് ഇവിടെയാണ്. പഠനകാലത്ത് പട്ടിണി നന്നായി അനുഭവിച്ച അദ്ദേഹത്തിന് വെള്ളവും ഇലകളും മാത്രം കഴിച്ച് വിശപ്പടക്കേണ്ട സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അസാധാരണ പ്രതിഭയായ വിദ്യാർത്ഥി എന്ന നിലയിൽ അന്നേ വിശ്രുതനായതു കൊണ്ട് പലപ്പോഴും പേര് വെളിപ്പെടുത്താതെ ജീലാനുകാരായ വിദ്യാർത്ഥി എന്നായിരുന്നു പലയിടത്തും പരിചയപ്പെടുത്തിയിരുന്നത്.
അക്കാലത്തെ വിശ്രുത പണ്ഡിതന്മാരായ അബൂസഈദ് അൽമുബാറക്(റ), അബൂ വഫാഇബ്‌നു അഖീൽ(റ), അബൂസകരിയ്യാ തിബ്‌രീസി(റ), മുഹമ്മദ് ബിൻ ഹസൻ അൽബാഖില്ലാനി(റ), അബൂമുഹമ്മദ് ബിൻ ജഅ്ഫർ(റ) തുടങ്ങി ധാരാളം ഉന്നതരിൽ നിന്ന് അറിവു നുകർന്നു. ഫിഖ്ഹ്, ഹദീസ്, ഉലൂമുൽ ഖുർആൻ, ഇൽമുൽ ബലാഗ മുതലായ ജ്ഞാനശാസ്ത്രങ്ങളിൽ വ്യുൽപത്തി നേടി. ഗുരുക്കന്മാർ അധികവും ഹമ്പലീ കർമശാസ്ത്ര സരണി സ്വീകരിച്ചവരായിരുന്നു. അക്കാലത്തെ മുഴുവൻ ആത്മീയ പുരുഷന്മാരുടെയും ഗുരുവായി അറിയപ്പെട്ടിരുന്ന ശൈഖ് അബ്ദുൽ ഖൈർ ഹമ്മാദ് ബിൻ മുസ്‌ലിമു ദബ്ബാസ്(റ)വിന്റെ ശിഷ്യത്വം സ്വീകരിച്ചതോടെ എല്ലാ അർത്ഥത്തിലും ആത്മീയദർശനങ്ങൾക്ക് ചൈതന്യം നൽകാൻ ഒരു ചരിത്ര പുരുഷൻ പിറവി കൊള്ളുകയായിരുന്നു. ആ അർത്ഥത്തിലാണ് ശൈഖ് മുഹ്‌യിദ്ദീൻ (മതദർശനങ്ങൾക്ക് ജീവൻ നൽകിയവൻ) എന്ന സ്ഥാനപ്പേരിന് അർഹനാകുന്നത്.

പ്രബോധകൻ

ജ്ഞാനാന്വേഷണത്തിന്റെ നൈരന്തര്യങ്ങൾക്കിടയിൽ രൂപപ്പെട്ട ആ മഹാസാഗരത്തിൽ നിന്ന് പിന്നീട് ഒരൊഴുക്കായിരുന്നു. ശരീഅത്തും ത്വരീഖത്തും ഹഖീഖത്തും സമം ചേർത്തുകൊണ്ടുള്ള സുന്ദരമായ ഇസ്‌ലാമിനെ ലോകത്തിന് മുമ്പിൽ മഹാഗുരു ജീവിച്ചുകാണിച്ചു. പ്രഭാഷണവും രചനയും പ്രബോധനോപാധികളായി സ്വീകരിച്ചിരുന്നുവെങ്കിലും കേൾക്കുക, വായിക്കുക എന്നതിനപ്പുറം ഗുരുവിനെ അനുഭവിക്കുക എന്ന തലത്തിലായിരുന്നു ആശയവിനിമയം. സ്ഫടിക സമാനമായ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ ശ്രോതാവിന്റെ ഹൃദയത്തിൽ ചെന്നു തറക്കും വിധമായിരുന്നു.
ഹിജ്‌റ 521ലാണ് ശൈഖിന്റെ പ്രഭാഷണ പരമ്പരയുടെ തുടക്കം. ഞായർ, ചൊവ്വ, വെള്ളി, ദിവസങ്ങളിലായിരുന്നു പ്രസംഗങ്ങൾ. മുക്കാൽ ലക്ഷത്തോളം പേർ ഒരോ സദസ്സിലും തടിച്ചുകൂടി. പ്രസംഗം അവസാനിക്കും വരെ സദസ്സ് വിങ്ങിപ്പൊട്ടും. പലർക്കും ബോധക്ഷയം സംഭവിക്കും. വ്യത്യസ്ത തുറകളിൽപെട്ട ധാരാളം പേർക്ക് മാനാസാന്തരമുണ്ടാക്കാൻ ഈ പ്രഭാഷണങ്ങൾക്കായി. അഞ്ച് ലക്ഷത്തോളം പേരാണ് പ്രഭാഷണങ്ങൾ കേട്ട് ഇസ്‌ലാമിന്റെ ശാദ്വല തീരത്തണഞ്ഞത്.
മതാധ്യാപനവും ശൈഖിന്റെ പ്രധാന സേവനമായിരുന്നു. തന്റെ ഗുരു അബൂസഅദുൽ മുഖ്‌റമി(റ) സ്ഥാപിച്ച ബാബുൽ അസജ്ജിലെ മദ്‌റസയായിരുന്നു മഹാൻ അധ്യാപന കേന്ദ്രമായി തിരഞ്ഞെടുത്തത്. അബൂസഅദുൽ മുഖ്‌റമി(റ)യുടെ ജീവിത കാലത്ത് തന്നെ ശൈഖ് ദർസാരംഭിക്കുകയുണ്ടായി. ഹി. 521 മുതൽ 42 വർഷം മതാധ്യാപനം തുടർന്നു. ഫിഖ്ഹ്, തഫ്‌സീർ, ഹദീസ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായിരുന്നു അധ്യാപനം. ഹമ്പലീ, ശാഫിഈ മദ്ഹബുകളിൽ ഫത്വ്‌വകൾ നൽകി. ധാരാളം ശിഷ്യരെ വാർത്തെടുത്തു. പ്രധാന ശിഷ്യന്മാർ ഇവരാണ്: അബ്ദുല്ലാഹിബ്‌നു ഖുദാമ, തഖിയ്യുദ്ദീൻ അബ്ദുൽ ഗനിയ്യ്, മുഹമ്മദ് ബിൻ ലൈസ്, അബ്ദുല്ലത്വീഫ് ബിൻ മുഹമ്മദ്, അക്മൽ ബിൻ മസ്അൂദ്, ശൈഖ് അലി ബിൻ ഇദ്‌രീസ്.

ആത്മീയ വഴിയിൽ

ശൈഖ് ബഗ്ദാദിലെത്തിയ കാലത്ത് സാമൂഹ്യ ദുരാചാരങ്ങളോടൊപ്പം ബിദ്അത്തിന്റെ കടന്നുകയറ്റവും വ്യാപകമായിരുന്നു. ബാത്വിനികളായിരുന്നു പ്രധാനമായും രംഗത്തുണ്ടായിരുന്നത്. അത്തരം മതവിരുദ്ധ ശക്തികൾക്കെതിരെ ആശയ പ്രതിരോധം സൃഷ്ടിക്കാനും അവരെ പിഴുതുമാറ്റാനും ശൈഖ് ജീലാനി(റ)യുടെ പ്രബോധന പ്രവർത്തനങ്ങൾ കാരണമായി.
പർവതസമാനമായ വിജ്ഞാനങ്ങൾക്കുടമയായിരുന്നെങ്കിലും വളരെ വിനയാന്വിതനായി പൊതുജനങ്ങൾക്കിടയിൽ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങളിലും മഹാൻ സജീവമായിരുന്നു. ദരിദ്രർക്കും അഗതികൾക്കുമൊപ്പമിരിക്കും. അവർക്ക് ഭക്ഷണങ്ങൾ സംഘടിപ്പിച്ചു നൽകും. അവരുടെ വസ്ത്രം അലക്കിക്കൊടുക്കും. രാജാക്കന്മാരുടെയും ധനികരുടേയും വാതിലുകൾ തേടി ചെന്നതേയില്ല. രാജാക്കന്മാരെ പ്രത്യേകമായി ആദരിച്ചില്ല. തന്നെ സന്ദർശിക്കാൻ രാത്രി സമയത്ത് വന്ന രാജാവിന് സുബ്ഹി നിസ്‌കാരം കഴിയും വരെ കാത്തിരിക്കേണ്ട അനുഭവമുണ്ടായിട്ടുണ്ട്. അധികാരക്കസേരകളിലിരിക്കുന്നവരെ അനിവാര്യ ഘട്ടങ്ങളിൽ ധൈര്യ സമേതം തിരുത്താൻ തയ്യാറായി. ഖലീഫ മുഖ്തഫിൽ അംരില്ല ക്രൂരനായൊരാളെ ഖാളിയായി നിയമിച്ചപ്പോൾ ജീലാനി(റ) ചോദ്യം ചെയ്യുകയും രാജാവിന് തീരുമാനം തിരുത്തേണ്ടി വരികയും ചെയ്തു. അകാലത്ത് ഭരണം നടത്തിയ മിക്ക അധികാരികളും ഗുരുവിന്റെ മഹത്ത്വം ഉൾകൊണ്ടവരായിരുന്നു.
ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ഗുരു പലപ്പോഴും മരുഭൂമികളിലേക്ക് തനിച്ചു യാത്ര ചെയ്യും. അവിടെ ധ്യാനനിമഗ്നനായി കഴിച്ചുകൂട്ടി തിരിച്ചുവരും. ഇതുവഴി ആത്മാവിനെ ചിട്ടപ്പെടുത്തുകയും ആത്മീയോർജം കൈവരിക്കുകയും ചെയ്തു. പ്രപഞ്ചസത്യങ്ങളെ കുറിച്ച് ആലോചിച്ച് നിദ്രാവിഹീനനായി. അത്തരം സമയങ്ങളിൽ തല മണ്ണിൽ ചേർത്തുവെച്ചാണ് വിശ്രമിച്ചിരുന്നത്. കമ്പിളി വസ്ത്രവും തലപ്പാവുമാണ് കൂടുതലും ധരിച്ചത്. പകൽ ജ്ഞാന മാർഗത്തിൽ ചെലവഴിക്കുന്ന ശൈഖ് രാത്രി സിംഹഭാഗവും ആരാധനകളിൽ മുഴുകി. ദീർഘനേരം സൂജൂദിൽ മുഴുകും. നിസ്‌കാരത്തിൽ പാരായണം ചെയ്ത് ഖുർആൻ ഖത്മുകൾ പൂർത്തീകരിക്കും.
ഖുതുബുൽ അഖ്താബ് എന്ന ആത്മീയ വിലാസത്തിലാണ് ഗുരു വിശ്രുതനായത്. സൂഫി പണ്ഡിതന്മാർക്കിടയിൽ ഇതിൽ പക്ഷാന്തരമില്ല. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)വിലേക്ക് ചേർക്കപ്പെടുന്ന സൂഫി സരണിയാണ് ഖാദിരിയ്യ ത്വരീഖത്ത്. ഗുരു പതിവാക്കിവന്ന വിർദുകളും ദുആകളും ജീവിതചര്യകളും ക്രോഡീകരിച്ച് ശിഷ്യന്മാർ വഴി കൈമാറിയ ത്വരീഖത്തിൽ അനേക ലക്ഷം സാധകന്മാർ കണ്ണിചേർന്നിട്ടുണ്ട്. ഇന്നും ആ സരണി ലോകമാകെ ദീനീ പ്രഭ വിതറുന്നു.

കുടുംബം

നാലു ഭാര്യമാരിലായി 49 മക്കൾ ജനിച്ചു. 35 പേരും ശൈശവത്തിൽ തന്നെ മരണപ്പെട്ടു. പതിമൂന്ന് ആൺമക്കളും ഒരു മകളുമാണ് ശേഷിച്ചത്. അബ്ദുൽ വഹാബ്(റ), അബ്ദുറസാഖ്(റ), മൂസാ(റ) എന്നീ മക്കൾ തന്റെ പ്രധാന ശിഷ്യന്മാർ കൂടിയാണ്.

രചനകൾ
ഗദ്യ-പദ്യ രൂപങ്ങളിലായി ധാരാളം രചനകൾ നിർവഹിച്ചു. അവസാന അബ്ബാസിയ്യ ഖലീഫ മുഅ്തസമിന്റെ കാലത്ത് നടന്ന താർത്താരികളുടെ ആക്രമണത്തിൽ ബഗ്ദാദിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പതിനായിരക്കണക്കിന് പേർ കൊല്ലപ്പെട്ട കലാപത്തിൽ പണ്ഡിതന്മാരെയും ഖാളിമാരെയും തിരഞ്ഞുപിടിച്ചു കൊന്നൊടുക്കി. ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കി. ലൈബ്രറികൾ തകർത്തു. കൂട്ടത്തിൽ ശൈഖ് ജീലാനി(റ)യുടെ അമൂല്യ കൃതികളും അഗ്നിക്കിരയായി. അതിനെ അതിജീവിച്ച ഏതാനും കൃതികൾ ആധ്യാത്മിക ദർശനത്തിന്റെ അകക്കാമ്പ് തൊട്ട രചനകളായി പണ്ഡിതലോകം സ്വീകരിച്ചു. കിതാബുൽ ഗുൻയ, അൽഫത്ഹു റബ്ബാനി വൽ ഫയ്‌ളു റഹ്‌മാനി, ഫുതൂഹുൽ ഗൈ്വബ്, അൽഫുയൂളാതു റബ്ബാനിയ്യ്, ബശാഇറുൽ ഖൈറാത് എന്നിവയാണ് പ്രധാന രചനകൾ. പതിറ്റാണ്ടുകളായി നടത്തിയ പ്രഭാഷണങ്ങളെ ശിഷ്യൻ അഫീഫുദ്ദീൻ ബിൻ മുബാറക്(റ) ക്രോഡീകരിച്ചതാണ് അൽഫത്ഹു റബ്ബാനി വൽഫയ്‌ളു റഹ്‌മാനി. മകനും ശിഷ്യനുമായ ശൈഖ് അബ്ദുറസാഖ്(റ) ക്രോഡീകരിച്ച ഗുരുവിന്റെ ലേഖനങ്ങളാണ് ഫുതൂഹുൽ ഗൈ്വബ്. ശൈഖ് പതിവാക്കിയിരുന്ന വിർദുകളം പ്രാർത്ഥനകളും ക്രോഡീകരിച്ചതാണ് അൽഫുയൂളാതു റബ്ബാനിയ്യ്.

വിയോഗം

ഹി 561 റബീഉൽ ആഖർ പത്തിനാണ് ശൈഖ് വഫാതാകുന്നത്. തൊണ്ണൂറ് വയസ്സാണ് പ്രായം. നാലു പതിറ്റാണ്ട് തന്റെ പ്രബോധന പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന ബാബുൽ അസജ്ജിലെ മദ്‌റസയുടെ മുറ്റത്തു തന്നെയാണ് ഖബർ. ഇന്ന് ലോകത്തെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളിലൊന്നാണ് ഇത്.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്കിടയിൽ ഏറ്റവും കൂടുതൽ അസാധാരണ സംഭവങ്ങൾ (കറാമത്തുകൾ) ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് ശൈഖ് ജീലാനി(റ)യിൽ നിന്നായിരിക്കും. വ്യാപകമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ആത്മീയസഹായങ്ങൾ വഴി ഇന്നും ശൈഖ് ജീവിക്കുകയാണ്. ഖാളി മുഹമ്മദി(ന.മ)ന്റെ മുഹ്‌യിദ്ദീൻ മാല മലയാളികൾക്കിടയിൽ ഗുരുവിനെ ലളിതമായി പരിചയപ്പെടുത്തി ജനകീയത നേടിയ ശ്രദ്ധേയ കാവ്യമാണ്.

ഗുരുവിന്റെ വചനാമൃതങ്ങൾ

ധനികരോടൊപ്പം പ്രൗഢിയിലും ദരിദ്രരോട് എളിമയിലും സഹവസിക്കുക. ആത്മാർത്ഥതയും വിനയവും കൈമുതലാക്കുക. നാഥൻ കൂടെയുണ്ട്.

ദുർബലനോട് നേരിടുന്നത് നിന്റെ ദൗർബല്യമാണ്. നിന്നെക്കാൾ മികച്ചവരോട് ഏറ്റുമുട്ടുന്നത് അഹങ്കാരവും. സമന്മാരെ നേരിടുന്നത് സ്വഭാവ ദൂഷ്യവുമത്രെ.

ഇഹത്തിൽ നീ ഫഖീറന്മാരുടെ കൂട്ടുകാരനാവുക. എല്ലാത്തിനും അല്ലാഹുവിനെ ആവശ്യമുള്ളവരത്രെ ഫഖീർ.

നിന്റെ ചലന നിശ്ചലനങ്ങൾ വിചാരണ ചെയ്യപ്പെടും. ഓരോ നിമിഷവും പരത്തിൽ നിനക്ക് ഏറ്റവും ഉപകാരപ്പെടും വിധം വിനിയോഗിക്കുക.

ശത്രുക്കൾ ഏറ്റവും നല്ല ഉപദേശികളത്രെ. അവർ നമ്മുടെ കുറവുകൾ കാട്ടിത്തരുന്നു.

കോപിഷ്ഠനായിരിക്കുമ്പോൾ ഒന്നും ചെയ്യരുത്. കൊടുങ്കാറ്റിൽ കപ്പൽ പായ ഉയർത്തരുതല്ലോ.

നീ ഹലാൽ തിന്നണം, അറിയാത്തത് അറിയുന്നവരോട് ചോദിച്ചു പഠിക്കണം, അല്ലാഹുവിനെ കുറിച്ച് ലജ്ജ വേണം.

നശ്വരമായ ദുൻയാവിന്റെ ഉടയാടകൾ നീ ഊരിയെറിയൂ, ഒരിക്കലും നുരുമ്പാത്ത വസ്ത്രങ്ങൾ നിന്നെ ഞാൻ ധരിപ്പിക്കാം.

നിശാദ് സ്വിദ്ദീഖി രണ്ടത്താണി

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ