മനസ്സിനെ വിമലീകരിച്ചും പുണ്യകർമങ്ങൾ അനുഷ്ഠിച്ചും സ്രഷ്ടാവായ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയവരാണ് സൂഫികൾ. ചിട്ടയൊത്ത നിർബന്ധ കർമങ്ങൾക്കു പുറമേ ഐച്ഛികമായ സൽകർമങ്ങളിലൂടെയുള്ള സഞ്ചാരമാണ് അതിനവരെ സഹായിച്ചത്. അല്ലാഹു പ്രസ്താവിച്ച ഒരു വിശുദ്ധ വചനത്തിന്റെ ആശയമിങ്ങനെ: ഞാൻ നിർബന്ധമാക്കിയവ ഒഴിവാക്കി അതിനേക്കാൾ എനിക്കിഷ്ടപ്പെട്ട ഒരു കർമം കൊണ്ട് ഒരടിമയും എന്റെ സാമീപ്യം നേടിയിട്ടില്ല. എന്റെ ദാസൻ ഐച്ഛിക കർമങ്ങൾ നിരന്തരം നിർവഹിച്ച് എന്നിലേക്കടുക്കുകയും അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെടുകയും ചെയ്യും. അവസാനം അവൻ കേൾക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന കാലും സിദ്ധി കൈവരിച്ചവയാകും. അവനെന്നോട് വല്ലതും ചോദിച്ചാൽ ഞാനതു നൽകുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ ഞാൻ അഭയം നൽകും (ബുഖാരി).
ഉപരി സൂചിത സ്ഥാനലബ്ധിക്ക് സൂഫികൾ വിവിധ മാർഗങ്ങളാണ് അവലംബിച്ചിരുന്നത്. ചിലർ ജനങ്ങളിൽ നിന്നകന്ന് ആരാധനകളിൽ മുഴുകി. മറ്റു ചിലർ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് സേവനങ്ങൾ നടത്തി. സാമൂഹ്യ സേവനങ്ങളും ജീവരക്ഷാ പ്രവർത്തനങ്ങളും അവർ സജീവമാക്കി. ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) എഴുതി: അവരിൽ ഓരോരുത്തർക്കും ഓരോ വഴിയുണ്ട്. ആ വഴി തിരഞ്ഞെടുത്ത് അവർ പ്രയാണം നടത്തുകയും നാഥനിലേക്ക് എത്തിച്ചേരുകയും ചെയ്യും. സംസ്‌കരണ പ്രവർത്തനങ്ങളിൽ മുഴുകി ജനങ്ങൾക്കിടയിൽ കഴിയുന്നതാണ് ചിലരുടെ രീതി. സുന്നത്തു നോമ്പ്, നിസ്‌കാരം തുടങ്ങിയ പതിവ് ചിട്ടകൾ വർധിപ്പിക്കുകയാണ് ചിലരുടെ മാർഗം. ചിലരാകട്ടെ ജനസേവനത്തിൽ നിരതരായി കഴിയുന്നു. മറ്റു ചിലർ വിറകു വെട്ടി വിറ്റ് അതിന്റെ വരുമാനം ദാനം ചെയ്തു പുണ്യം നേടുന്നു (ഹിദായതുൽ അദ്കിയ).
ജനസേവനവും ദാനധർമവും വളരെ പ്രതിഫലാർഹമായ പുണ്യങ്ങളാണ്. പലപ്പോഴും അവ നിർബന്ധ കർമങ്ങളായിത്തീരാറുമുണ്ട്. ഹജ്ജ് യാത്രക്ക് പുറപ്പെടാനൊരുങ്ങിയ ഒരാൾ യാത്ര പറയാൻ ബിശ്‌റുബ്‌നുൽ ഹാരിസി(റ)നെ സമീപിച്ചു. ആഗതൻ ഒന്നിലധികം ഹജ്ജുകൾ നിർവഹിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ ബിശ്ർ(റ) പറഞ്ഞു: താങ്കൾ യാത്രക്കു വേണ്ടി സ്വരൂപിച്ച രണ്ടായിരം ദിർഹം പത്താളുകൾക്കു ദാനം ചെയ്യുക; കടബാധ്യതയുള്ളവൻ അതുപയോഗിച്ച് കടം വീട്ടട്ടെ, ദരിദ്രൻ അവന്റെ ദുരിതമകറ്റട്ടെ, കുടുംബനാഥൻ ആശ്രിതർക്ക് ഐശ്വര്യം പകരട്ടെ, അനാഥയെ സംരക്ഷിക്കുന്നവൻ അതുകൊണ്ട് അവരെ സന്തോഷിപ്പിക്കട്ടെ. അതു മുഴുവൻ ഒരാൾക്ക് നൽകാൻ നിന്റെ മനസ്സ് ഒരുക്കമാണെങ്കിൽ അങ്ങനെ ചെയ്യുക. കാരണം ഒരു വിശ്വാസിയുടെ മനസ്സിൽ സന്തോഷം പകർന്നു കൊടുക്കുന്നതും ദുർബലനെ സഹായിക്കുന്നതും പ്രയാസങ്ങളകറ്റുന്നതും നിർബന്ധ ഹജ്ജ് ഒഴിച്ചുനിർത്തിയുള്ള നൂറു ഹജ്ജ് കർമത്തെക്കാൾ ഉത്തമമാണ് (ഇഹ്‌യാ ഉലൂമിദ്ദീൻ).
സൃഷ്ടികൾക്ക് സേവനം ചെയ്യുന്നത് സ്രഷ്ടാവിലേക്ക് അടുക്കാനുള്ള ഉത്തമ വഴിയാണ്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) താൻ ഉന്നത പദവിയിൽ എത്തിച്ചേർന്നത് സംബന്ധിച്ച് പറഞ്ഞതിങ്ങനെ: ‘പകൽ നോമ്പനുഷ്ഠിച്ചും രാത്രി നിസ്‌കരിച്ചും മാത്രമല്ല ഞാൻ അല്ലാഹുവിലേക്ക് എത്തിച്ചേർന്നത്. ഔദാര്യം, വിനയം, ഹൃദയസൗഖ്യം എന്നീ ഗുണങ്ങളാലാണ്.’
‘ഒരു വിശ്വാസിയുടെ ഐഹിക പ്രയാസം നീക്കി സന്തോഷം പകർന്നാൽ പുനരുത്ഥാന നാളിൽ അല്ലാഹു അവന്റെ പ്രയാസങ്ങൾ അകറ്റിക്കൊടുക്കും, വിശ്വാസി തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്നിടത്തോളം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും’ എന്ന നബിവചനം നെഞ്ചേറ്റിയാണ് സൂഫികൾ സേവന സന്നദ്ധരായത്.
സഹജീവികൾക്ക് സദാസമയവും എന്തു സേവനത്തിനും സന്നദ്ധരായിരുന്നു ആത്മജ്ഞാനികൾ. ജീവകാരുണ്യ പ്രവർത്തനങ്ങൾ അവർക്ക് ഹരമാണ്, ഇബാദത്തും. മനസ്സിൽ മാലിന്യം കലരാതെ ജനങ്ങളുമായി ഇടപഴകി ജീവിക്കാൻ സമ്പൂർണ പദവിയിലെത്തിയ സാത്വികർക്കേ സാധിക്കൂ. സ്വദേഹത്തിന്റെ ന്യൂനതകളെയും ദുർവികാരങ്ങളെയും സംബന്ധിച്ച് പൂർണജ്ഞാനവും അകക്കാഴ്ചയും ലഭിച്ചവർക്ക് മാത്രം. ദുരഭിമാനവും പ്രശസ്തിമോഹവും മനസ്സിനെ ദുഷിപ്പിക്കാനും ദീനിനെ നശിപ്പിക്കാനും ഏറെ സാധ്യതയുള്ളവയാണ്. ദുരാഗ്രഹങ്ങളെ നിർവീര്യമാക്കി പൂർണത കൈവരിച്ച സൂഫികൾ സാമൂഹ്യ സേവനത്തിൽ നിരതരാകേണ്ടതുണ്ട്. അത്രമേൽ പുണ്യദായകമാണിത്.
അത്വാഅ്(റ) പറയുന്നു: ഒരാൾ വർഷങ്ങളുടെ ശ്രമഫലമായി ഉയർന്ന പദവി നേടിയെടുത്തു. ലോകമാന്യം അതിനയാൾക്ക് കൂട്ടുണ്ടായിരുന്നു. എന്നാൽ പ്രസ്തുത പദവി ഒരു സത്യവിശ്വാസിക്ക് സേവനം ചെയ്യാൻ അയാൾക്ക് സഹായകമാവുകയാണെങ്കിൽ അതാണ് അയാളെ കൂടുതൽ ധന്യനാക്കുക. പരലോകരക്ഷക്കു വേണ്ടി ഏകാന്തനായി ആത്മാർത്ഥതയോടെ സൽകർമങ്ങൾ ചെയ്യുന്നതിനേക്കാൾ അതാണ് ഗുണം ചെയ്യുക (അവാരിഫുൽ മആരിഫ്).
അതിസങ്കീർണമായ ഈ ദുർഘട പാതയിൽ വിവരവും ഉൾക്കാഴ്ചയുമില്ലാത്തവർ ഇടറി വീണുപോകും. സദുദ്ദേശ്യത്തിനും ആത്മീയതക്കും പരിക്കു പറ്റാതെ തിരിച്ചുകയറാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. മനസ്സിലിരുപ്പുകൾ സൂക്ഷ്മമായി വീക്ഷിക്കുന്ന അല്ലാഹുവിനെ കുറിച്ച് വ്യക്തമായ ബോധ്യവും ബോധവുമുള്ള ആത്മജ്ഞാനികൾക്ക് അത് നിഷ്പ്രയാസം സാധിക്കും. അതിനവർക്ക് പണവും പദവിയും ആവശ്യമില്ല. അത്തരം മോഹങ്ങൾ അവരെ ആവേശിക്കുകയുമില്ല.
ഭൂമുഖത്തുള്ള സർവ ഭരണാധികാരികളും തങ്ങൾക്ക് പാദസേവ ചെയ്യാൻ വന്നാൽ പോലും ആ സൂഫിവര്യന്മാരിൽ ഒരു ഭാവവ്യത്യാസവുമുണ്ടാകില്ല. മനസ്സിൽ യാതൊരു കുളിരും അതു കോരിയിടുകയില്ല. പ്രശംസകൾ കേട്ട് സ്വയം ഉയരുകയോ ആത്മപുളകം കൊള്ളുകയോ ഇല്ല. പരിഹാസങ്ങളിൽ പരിഭവപ്പെടുകയുമില്ല. പുച്ഛിക്കുന്നവരെ പേടിച്ച് പിന്മാറുകയുമില്ല. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ഇച്ഛാശക്തിയോടെ എല്ലാം നേരിടും. അവർക്കു ലഭ്യമായ ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിൽ കതിരും പതിരും കൃത്യമായി വേർതിരിച്ചറിയാം.
ജീവിച്ചിരിക്കെ തന്നെ സ്വയം വിചാരണക്കു വിധേയരാകുന്നവരാണവർ. സാമൂഹ്യ സേവനത്തിനിറങ്ങുന്ന സൂഫിവര്യന്മാർ ഈ സൽഗുണങ്ങൾ സ്വായത്തമാക്കിയവരായിരിക്കും. അവർക്ക് സൽകർമങ്ങളനുഷ്ഠിക്കാൻ സമയക്കുറവനുഭവപ്പെടുകയില്ല. സമയത്തിന് അവരുടെ കർമങ്ങളെ കീഴടക്കാൻ കഴിയില്ല. കർമങ്ങൾക്കായി കാലം അവർക്ക് വഴിമാറിക്കൊടുക്കും.
അബൂഉസ്മാനിൽ ഹിയരീ(റ) പറയുന്നു: നാലു കാര്യങ്ങൾ ഒരാളുടെ മനസ്സിൽ സമമാകുന്നതു വരെ അവൻ സമ്പൂർണനാവുകയില്ല; നിഷേധിക്കപ്പെടുക, നൽകപ്പെടുക, പ്രതാപം, നിന്ദ്യത. ഈയൊരു മാനസികാവസ്ഥയിലേക്കുയർന്ന സാമൂഹിക സേവകരാണ് സൂഫികൾ.
മൂന്ന് ഗുണങ്ങൾ മേളിക്കാത്ത ഒരാളും നേതൃപദവിക്ക് അർഹനല്ലെന്ന് അബ്ദുല്ലാഹിൽ മുബാറക്(റ). തന്റെ അറിവില്ലായ്മക്കും അവിവേകങ്ങൾക്കും ജനങ്ങളെ ഇരയാക്കാതിരിക്കുക, അവരിൽ നിന്നുണ്ടാകുന്ന അവിവേകങ്ങൾ സഹിക്കാനും പൊറുക്കാനും സജ്ജനാവുക, അപരനിൽ നിന്ന് ഒന്നും മോഹിക്കാതിരിക്കുകയും തന്റെ കൈവശമുള്ളത് അവർക്കു നൽകുകയും ചെയ്യുക എന്നിവയാണവ.
സഹജീവികളെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്തതിന്റെ ഉത്തമ മാതൃകയാണ് ശൈഖ് അഹ്‌മദുൽ കബീർ അർരിഫാഈ(റ). അബലരും കുട്ടികളും പക്ഷികളും മൃഗങ്ങളുമെല്ലാം മഹാന്റെ ദയക്കും കരുതലിനും പാത്രമായിട്ടുണ്ട്. ശൈഖ് പാവങ്ങളെ പരിഗണിച്ചു. രോഗികളെ പരിചരിച്ചു. അനാഥകളെ താലോലിച്ചു. കുഷ്ഠരോഗികളെയും മറ്റും കണ്ടെത്തി ശുശ്രൂഷിച്ചു. അവരുടെ കൂടെയിരിക്കുകയും ഭക്ഷണം നൽകുകയും ചെയ്യും. ഒപ്പം അദ്ദേഹവും കഴിക്കും. അവരുടെ വസ്ത്രം കഴുകി വൃത്തിയാക്കിക്കൊടുക്കും. സമീപ പ്രദേശങ്ങളിൽ രോഗിയുണ്ടെന്നറിഞ്ഞാൽ എത്ര പ്രയാസപ്പെട്ടും സന്ദർശിക്കും. അദ്ദേഹത്തിന്റെ സദസ്സിൽ ഒരു അനാഥ ബാലൻ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. അവൻ ആവശ്യപ്പെടുന്നതെല്ലാം ശൈഖ് സാധിപ്പിച്ചു കൊടുക്കും. സൃഷ്ടികളോട് കാണിക്കുന്ന കലർപ്പില്ലാത്ത ഈ അലിവും ആത്മസമർപ്പണവുമാണ് അദ്ദേഹത്തെ ഇത്ര ഉയരങ്ങളിലെത്തിച്ചതെന്ന് സമകാലീന ജ്ഞാനികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
‘ജനങ്ങൾക്ക് ഏറ്റവും ഉപകാരം ചെയ്യുന്ന വ്യക്തിയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവൻ, ഒരു വിശ്വാസിക്ക് സന്തോഷം പകരലും അവന്റെ പ്രയാസമകറ്റലുമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കർമം’- ഈ ഹദീസിന്റെ സാക്ഷാത്കാരമായിരുന്നു രിഫാഈ(റ)യുടെ ജീവിതം.
ഒരിക്കൽ ശിഷ്യഗണങ്ങളുടെ കൂടെയിരിക്കുമ്പോൾ അദ്ദേഹത്തെ അറിയാവുന്ന ഒരു ബാലൻ വന്ന് ഒരു കളിപ്പാട്ടം ആവശ്യപ്പെട്ടു. ‘മോനേ, ഇവിടെ അൽപം കാരക്കയും റൊട്ടിയും മാത്രമാണുള്ളത്. അവ യഥേഷ്ടം കഴിച്ചോളൂ’ എന്ന് ശൈഖ് പറഞ്ഞതു കേട്ട് സങ്കടപ്പെട്ട് ആ കുട്ടി കരയാൻ തുടങ്ങി. മനസ്സലിഞ്ഞ ശൈഖ് ശിഷ്യന്മാരെ വിട്ട് അങ്ങാടിയിൽ നിന്ന് കളിപ്പാട്ടം വരുത്തി അവനു കൈമാറി സന്തോഷിപ്പിച്ചു.
മറ്റുള്ളവർക്ക് ആനന്ദം പകരുകയും അവരുടെ ആഹ്ലാദത്തിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നത് രിഫാഈ(റ) ജീവിത ലക്ഷ്യമാക്കി മാറ്റിയിരുന്നു. ‘എന്തു ചെയ്യാനാണ് താങ്കൾക്ക് ഏറ്റവും ഇഷ്ടം?’ എന്ന മുഹമ്മദുബ്‌നു മുൻകദിറി(റ)ന്റെ ചോദ്യത്തിന് ‘വിശ്വാസികൾക്ക് സന്തോഷം പകരുക’ എന്നായിരുന്നു ശൈഖിന്റെ മറുപടി. ‘സൃഷ്ടികളോടുള്ള സ്‌നേഹവും അനുകമ്പയും സ്രഷ്ടാവിലേക്ക് അടുപ്പിക്കു’മെന്ന് അദ്ദേഹം ശിഷ്യഗണങ്ങളെ ഉപദേശിക്കുമായിരുന്നു.
രോഗം ബാധിച്ച പട്ടിയെ ശൈഖ് രിഫാഈ(റ) പരിചരിച്ചത് പ്രസിദ്ധമാണ്. ഉമ്മു അബീദ ഗ്രാമത്തിലായിരുന്നു സംഭവം. വ്രണങ്ങൾ നിറഞ്ഞ് ദുർഗന്ധം വമിക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്ത തെരുവു നായയെ ചിലർ വലിച്ചിഴച്ച് ഗ്രാമത്തിനു പുറത്തു കടത്തി. മിണ്ടാപ്രാണിയോടുള്ള ചെയ്തിയിൽ നൊമ്പരപ്പെട്ട അദ്ദേഹം 40 ദിവസത്തോളം അതിനു തീറ്റ കൊടുത്തു. മരുന്ന് വെച്ചു കെട്ടി. കൂടൊരുക്കി പാർപ്പിച്ചു. നായക്ക് ആരോഗ്യം തിരിച്ചുകിട്ടിയ ശേഷം കുളിപ്പിച്ചു വൃത്തിയാക്കിയാണ് അദ്ദേഹം അതിന്റെ വഴിക്കു വിട്ടത്.
സ്വതന്ത്രമായി പറന്നു ജീവിക്കേണ്ട പക്ഷികളെ കൂട്ടിലടക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു. ഒരിക്കൽ തന്റെയൊരു ശിഷ്യൻ കുരുവിയുമായി വന്നു. അതിന്റെ കാലുകൾ ചരടുകൊണ്ട് കെട്ടിയിട്ടുണ്ട്. ശൈഖ് അതിനെ അഴിച്ചുവിടാനാവശ്യപ്പെട്ടു. ശിഷ്യൻ സമ്മതിച്ചില്ല. വേണമെങ്കിൽ ഉസ്താദിന് ഇതിനെ വാങ്ങി സ്വതന്ത്രമാക്കാം എന്നായിരുന്നു ശിഷ്യന്റെ മറുപടി. എന്തു വില വേണം എന്നായി ശൈഖ്. ‘എനിക്കു സ്വർഗലോകത്ത് താങ്കളുടെ സന്തതസഹചാരിയാകണം, അതുപോലെ സ്വിറാത്വ് വിട്ടുകടക്കാനും സാധിക്കണം. ഈ ഉറപ്പ് താങ്കൾ നൽകുക’- ഇതായിരുന്നു ശിഷ്യൻ ആവശ്യപ്പെട്ട പ്രതിഫലം. ആ പക്ഷിയുടെ മോചനത്തിന് മറ്റു മാർഗങ്ങളില്ലെന്നു മനസ്സിലാക്കി അദ്ദേഹം ആ കരാർ ചെയ്തു.
ഒരു വെള്ളിയാഴ്ച ദിവസം ശൈഖ് അൽപമൊന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ തന്റെ കുപ്പായക്കൈക്കു മുകളിൽ ഒരു പൂച്ച കിടന്നുറങ്ങുന്നത് അദ്ദേഹം കണ്ടു. പൂച്ചയുടെ നിദ്രക്ക് ഭംഗം വരുത്തുന്നത് ഇഷ്ടപ്പെടാതിരുന്ന ശൈഖ് കത്രികയെടുത്ത് കുപ്പായക്കൈ കഷ്ണിച്ചു. ആ മുറിക്കൈ കുപ്പായം ധരിച്ചാണ് അന്നദ്ദേഹം പള്ളിയിൽ പോയത്. തിരിച്ചു വന്നപ്പോൾ പൂച്ച വിശ്രമം കഴിഞ്ഞ് മടങ്ങിയിരിക്കുന്നു. നിലത്തു കിടന്നിരുന്ന കുപ്പായക്കൈ അദ്ദേഹം യഥാവിധി തുന്നിപ്പിടിപ്പിച്ചു.
ഒരിക്കൽ അംഗശുദ്ധി വരുത്തുന്നതിനിടയിൽ ഒരു കൊതുകു പാറി വന്ന് അദ്ദേഹത്തിന്റെ കൈയിലിരുന്ന് രക്തം കുടിക്കാൻ തുടങ്ങി. അതിനെ ആട്ടാനുള്ള വൈമനസ്യം കാരണം ദീർഘനേരം അദ്ദേഹം കൈ നീട്ടിപ്പിടിച്ച് നിന്നു. ചുരുക്കത്തിൽ, ശൈഖ് രിഫാഈ(റ)യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു യഥാർത്ഥ സൂഫിവര്യന്റെ ജീവിതദർശനമാണ് അടയാളപ്പെടുത്തുന്നത്.

 

അലി സഖാഫി പുൽപറ്റ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ