ശൈഖ് ജലാലുദ്ദീന്‍ റൂമി(റ)യെപ്പോലെ ആധുനികര്‍ക്കും സ്വീകാര്യനായ മറ്റൊരു വലിയ്യില്ല. ഇസ്‌ലാമിക ലോകത്തു മാത്രമല്ല, പാശ്ചാത്യ ലോകത്തും അദ്ദേഹം പ്രിയങ്കരനാകാന്‍ ചില കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയ മസ്നവി ലോകത്തിലെ മിക്ക ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മഹാനായ ഈ സ്വൂഫി ദാര്‍ശനികന്റെ പാശ്ചാത്യ ലോകത്തെ സ്വീകാര്യതക്ക് ഉദാഹരണമാണ് 2007ല്‍ അമേരിക്കയിലെ ഏറ്റവും ജനപ്രീതിയുള്ള കവിയായി തെരഞ്ഞെടുത്തത്.
എഡി 1215നും 1220നും ഇടക്ക് പിതാവ് ബഹാഉദ്ദീന്‍ വലദും ശിഷ്യന്മാരും ഹജ്ജ് ലക്ഷ്യമാക്കി യാത്രയാരംഭിച്ചപ്പോള്‍ കുടുംബത്തെയും കൂട്ടി. അങ്ങനെ ചെറുപ്പത്തില്‍ തന്നെ റൂമി(റ) യാത്രയാരംഭിച്ചു. കൊച്ചു ദര്‍വീശിന്റെ ആദ്യ സഞ്ചാരം! ഹജ്ജിനു ശേഷവും യാത്ര തുടര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഇന്നത്തെ തുര്‍ക്കിയിലാണ് നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ ആ യാത്ര അവസാനിച്ചത്. ഖറമാന്‍ എന്ന സ്ഥലത്ത് ആ കുടുംബം ഏഴുവര്‍ഷം താമസിച്ചു. അതിനിടെ മൗലാനാ റൂമിയുടെ ഉമ്മയും സഹോദരനും മരണപ്പെട്ടു.
അന്നത്തെ സുല്‍ത്വാന്‍ അലാഉദ്ദീന്‍ ഖയ്കുബാദിന്റെ ക്ഷണപ്രകാരം, ബഹാഉദ്ദീന്‍ വലദ് തുര്‍ക്കിയിലെ അനത്തോലിയുടെ ഭാഗമായ കോനിയയില്‍ സ്ഥിരതാമസമാക്കി. 1228 മെയ് 1ന് ആയിരുന്നു അത്. പിന്നീട് മൗലാനാ റൂമി തന്റെ മരണം വരെ കോനിയയില്‍ തന്നെ താമസിച്ചു.
റൂമിയിലെ പ്രതിഭ പടര്‍ന്നു പന്തലിച്ചതിവിടെയാണ്. ദര്‍വീശിന്റെ ‘മസ്നവി’ അണപൊട്ടിയൊഴുകിയതും ഇവിടെതന്നെ. മഹാ പണ്ഡിതനും സ്വൂഫിയുമായിരുന്ന സ്വപിതാവിനെ കൂടാതെ അദ്ദേഹത്തിനെ സ്വാധീനിച്ചവര്‍ ശൈഖ് ഫരീദുദ്ദീന്‍ അത്താര്‍(റ), സനാഈ, അബൂസഈദ് അബുല്‍ ഖൈര്‍, അബൂയസീദുല്‍ ബിസ്താമി(റ), ശംസ് തിബ്രീസ് തുടങ്ങി മഹാന്മാരാണ്.
അനാത്തോലിയയിലേക്കുള്ള മാര്‍ഗമധ്യേയാണ് ഇറാനിയന്‍ പട്ടണമായ നൈസാപൂരില്‍ വെച്ച് ഫരീദുദ്ദീന്‍ അത്താറുമായി സംഗമിക്കുന്നത്. റൂമി ഒരു കവിതയില്‍ പറയുന്നു:
‘അത്താര്‍ (ഫരീദുദ്ദീന്‍) ആണ് ആത്മാവ്. സനാഇയാവട്ടെ കണ്ണുകളും. ഞങ്ങള്‍ അവരുടെ വാഹനത്തില്‍ വന്നവര്‍.’
മറ്റൊരിടത്ത് മഹാന്‍ അനുസ്മരിക്കുന്നത് കാണുക:
‘ദിവ്യപ്രേമത്തിന്റെ ഏഴു പട്ടണങ്ങളും ശൈഖ് അത്താര്‍ കടന്നുപോയിരിക്കുന്നു. നമ്മളാവട്ടെ, ഒരു തെരുവിന്റെ തിരിവില്‍ മാത്രമെത്തിയവരും.’
പിതാവിന്റെ സുഹൃത്തായിരുന്ന ശൈഖ് ബുര്‍ഹാനുദ്ദീന്‍ മുഹഖിഖ് ഒരിക്കല്‍ റൂമിയെത്തേടി കോനിയയിലെത്തി. അദ്ദേഹം അതിരറ്റ് സന്തോഷിച്ചു. ശൈഖിന്റെ കൈപിടിച്ചു ബൈഅത്ത് ചെയ്തു. ഒമ്പതു വര്‍ഷം ആ ബന്ധം തുടര്‍ന്നു. ഹി. 637ല്‍ ശൈഖ് ബുര്‍ഹാനുദ്ദീന്‍ വഫാത്തായി.
അദ്ദേഹത്തിന്റെ മരണശേഷം റൂമി സിറിയയിലേക്കും അലപ്പോയിലേക്കും മറ്റും ആത്മീയ ബന്ധങ്ങള്‍ തേടി യാത്ര ചെയ്തു. അവിടെ അന്ന് പ്രശസ്തരായ പല സ്വൂഫിവര്യന്മാരെയും അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു. അവര്‍ അദ്ദേഹത്തെ ഏറെ സ്വാധീനിക്കുകയുണ്ടായി. ശൈഖ് മുഹ്യിദ്ദീന്‍ ഇബ്നു അറബി(റ), ശൈഖ് സഅ്ദുദ്ദീന്‍ ഹമവി(റ), ശൈഖ് ഉസ്മാന്‍ റൂമി(റ), ശൈഖ് സ്വദ്റുദ്ദീന്‍ ഖുനവി തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു.
കോനിയയില്‍ തിരിച്ചെത്തിയ റൂമി(റ) തന്റെ പര്‍ണശാല ഉയര്‍ത്തി. ഏറെ വൈകാതെ പഠിതാക്കളെക്കൊണ്ടു പര്‍ണശാല നിറഞ്ഞു കവിഞ്ഞു. ആയിടെ ശൈഖ് ഇബ്നു അറബി(റ) വഫാത്തായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ പലരും വൈകാതെ തന്നെ കോനിയയിലെത്തുകയും വലിയ വിജ്ഞാന കേന്ദ്രങ്ങളിലൊന്നായി അതുമാറുകയും ചെയ്തു. ഹി. 642ല്‍ റൂമിക്കു മുന്നില്‍ മറ്റൊരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ദിവ്യപ്രേമത്തിന്റെയും ഇശ്ഖിന്റെയും സുല്‍ത്താനായ ശൈഖ് ശംസ് തിബ്രീസ്(റ). മഹത്തായൊരു സമാഗമമായിരുന്നു അത്.
ക്രമേണ ശൈഖ് റൂമി(റ)യില്‍ വന്ന ധ്യാനാത്മകമായ അനുഭൂതിയുടെ ഏകാന്തത ഉള്‍ക്കൊള്ളാനാകാതെ ജനങ്ങള്‍ ശൈഖ് തിബ്രീസിനു നേരെ തിരിഞ്ഞു. അവസാനം ശംസ് തിബ്രീസ്(റ) നാടു വിട്ടതും റൂമിയുടെ അഭ്യര്‍ത്ഥന മാനിച്ച് കാലങ്ങള്‍ക്കു ശേഷം തിരിച്ചുവന്നതും ചരിത്രം.
കാലം മുന്നോട്ടു നീങ്ങി. വീണ്ടും ജനങ്ങള്‍ ശംസ് തിബ്രീസിക്കെതിരെ തിരിഞ്ഞപ്പോള്‍ തിരിച്ചുവരാത്ത വിധം മഹാന്‍ കോനിയ വിട്ടിറങ്ങി. റൂമി(റ)യുടെ ഹൃദയം പിടച്ചു. ഗുരുവിരഹത്തില്‍ ദുഃഖിച്ച് അദ്ദേഹം ദിനരാത്രങ്ങള്‍ തള്ളിനീക്കി.
പിന്നീട് റൂമി സ്വയം അനുരാഗത്തിന്റെ വാതില്‍ തുറക്കുകയായി. ദിവ്യപ്രേമത്തിന്റെ അനശ്വര കീര്‍ത്തനങ്ങളായി ആ ഹൃദയതാളം ഒഴുകിത്തുടങ്ങി. തന്റെ നഷ്ടപ്പെട്ട ഗുരുവിനെത്തേടി യാത്രയാരംഭിച്ചു. ശൈഖ് സ്വലാഹുദ്ദീന്‍ സര്‍കോബിയെന്ന പുതിയ ഒരു സുഹൃത്തിനെ ആ യാത്രയില്‍ മഹാന്‍ കണ്ടെത്തി. പത്തു വര്‍ഷങ്ങള്‍ നീണ്ട ആ ആത്മീയ ബന്ധം അദ്ദേഹത്തിന്റെ വഫാത്തോടെ അവസാനിച്ചു.
ഹുസാമുദ്ദീന്‍ ചലാബിയെയായിരുന്നു റൂമി(റ) തന്റെ അധ്യാത്മിക പാതയിലെ പുതിയ ഖലീഫയായി കണ്ടെത്തിയത്. അദ്ദേഹം റൂമിയെ ജീവനു തുല്യം സ്നേഹിച്ചു. എല്ലാം ഗുരുവായ റൂമിക്ക് അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു, മസ്നവി ക്രോഡീകരിച്ചു.
റൂമിയുടെ വിയോഗാനന്തരം 11 വര്‍ഷം അദ്ദേഹം ജീവിച്ചിരുന്നു. മൗലവിയ്യ ത്വരീഖത്ത് പ്രചരിപ്പിച്ചും പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയും കഴിച്ചുകൂട്ടി. റൂമിയുടെ സ്നേഹപ്രപഞ്ചം ലോകമറിഞ്ഞത് ഇത്തരം ഖലീഫമാരിലൂടെയാണ്.
ഒരിക്കല്‍ ഹുസാമുദ്ദീന്‍(റ) ശൈഖിനോട് ചോദിച്ചത്രെ: അത്താറിനെയും സനാഇയെയും പോലെ താങ്കള്‍ക്കും തൂലിക ചലിപ്പിച്ചുകൂടെ? നിമിഷങ്ങള്‍ക്കകം അദ്ദേഹം ഒരു കഷ്ണം കടലാസെടുത്തു നീട്ടി. മനോഹരമായി കോര്‍ത്ത 18 വരി കവിത! രണ്ടുപേരെയും വെല്ലുന്ന അവതരണം. മസ്നവി ചെപ്പ് തുറന്നതിങ്ങനെയായിരുന്നു.
ശൈഖ് റൂമി(റ) ലോകത്തോട് വിടപറയുമ്പോള്‍, ഏതാണ്ട് 3500 സങ്കീര്‍ത്തനങ്ങളും 2000 ശ്ലോകങ്ങളും ഉണ്ടായിരുന്നു. അതാണ് പിന്നീട് മസ്നവിയായി അറിയപ്പെട്ടത്. ശൈഖവര്‍കളുടെ ചില ഈരടികള്‍:
മഴത്തുള്ളി
മുത്താവും മുമ്പ്
ചിപ്പിത്തോട് പൊട്ടിക്കരുത്
* * *
ദേഹത്തിലല്ല,
ഹൃദയത്തിലാണ്
കസ്തൂരി പൂശേണ്ടത്.
കസ്തൂരി
ദയാനിധിയായ നാഥന്റെ
നാമമല്ലാതെ മറ്റൊന്നുമല്ല.
* * *
പാകമാകാത്ത പഴം
മരത്തിന്റെ ശാഖകളോട്
ചേര്‍ന്നു നില്‍ക്കും.
* * *
മുള്‍ച്ചെടി നട്ടവനെ
പനിനീര്‍പ്പൂവാടിയിലന്വേഷിക്കരുത്!
* * *
ദൈവകാരുണ്യം
മനുഷ്യകാരുണ്യത്തിനുള്ള
അവസരം തേടലാണ്.
മൗലാനയുടെ ഏറ്റവും പ്രശസ്തമായ ഈരടികളാണ് മസ്നവി. മറ്റു ശ്രദ്ധേയമായ കൃതികള്‍ ദിവാനെ ശംസ് തിബ്രീസ്, ഫീഹി മാ ഫീഹി തുടങ്ങിയവയാണ്.
മസ്നവിയിലെ ചില ദര്‍ശനങ്ങള്‍ ഇങ്ങനെ:
ഏറ്റവും വലിയ മനോഹാരിത
ഹൃദയ മനോഹാരിതയാണ്.
ഇതിന്റെ അധരങ്ങള്‍
ജീവജലം പാനം ചെയ്യുന്നു.
* * *
നിന്റെ വിചിന്തനം
ഒരു പനിനീര്‍പ്പൂവെങ്കില്‍
നീ ഒരു പനിനീര്‍പ്പൂവാടി
ഒരു മുള്ളെങ്കില്‍,
നീ വെറും വിറക്.
* * *
ഹൃദയവിശുദ്ധിക്കുള്ള ഏക മാര്‍ഗം,
ഭൗതിക അഭിലാഷങ്ങളോട്
വിടപറയലാണ്.
* * *
ഇശ്ഖ്
മാറാരോഗങ്ങളുടെ ശമനം,
തീരാ വേദനകള്‍ക്കാശ്വാസം.
ഇശ്ഖില്ലാത്ത ഹൃദയം
ചവറ്റുകൊട്ടക്ക് സമാനമാണ്.
ഇശ്ഖുണ്ടെങ്കില്‍ ജീവിതവും
മരണവും സമാനം.
വിജനമാം ഭൂമിക്ക് നികുതിയില്ലായെങ്കില്‍
ഇശ്ഖില്ലാത്ത മര്‍ത്ത്യന് സത്തയില്ല.
യൂസുഫാകാന്‍ നിനക്കുസാധ്യമെങ്കില്‍
യഅ്ഖൂബിന്റെ നാളം കൈയില്‍ പകരുക.
അവരെപ്പോല്‍ ശാന്തനായ് കണ്ണീര്‍ വാര്‍ക്കുക.
ലൈലയാവാന്‍ വിധി പറ്റിയില്ലെങ്കില്‍
മജ്നുവാകാന്‍ മറക്കാതിരിക്കുക.
(ദിവ്യസ്നേഹം ആര്‍ജിക്കാനായില്ലെങ്കിലും അവനെ സ്നേഹിക്കാന്‍ ശ്രമിക്കുക).
ഹഖ് തേടിയുള്ള നിരന്തര യാത്ര. കാലം ആറു പതിറ്റാണ്ടിലേറെയായി. റൂമി(റ)ക്ക് 66 വയസ്സ് കഴിഞ്ഞു. ആ ശരീരം നന്നേ ശോഷിച്ചു. ആരോഗ്യനില ക്ഷയിച്ചു തുടങ്ങി. പ്രഭാപൂരിതമായ വസന്തരാവുകള്‍ക്കറുതിയായി.
ആയിടെ മൗലാനാ സ്വദ്റുദ്ദീന്‍ ദര്‍വീശുമാരുമൊത്ത് രോഗശയ്യയിലായ ഗുരുവിനെ സന്ദര്‍ശിക്കാനെത്തി. ‘നാഥാ, ഗുരുവിന് നീ എത്രയും പെട്ടെന്ന് ശമനം നല്‍കണേ. പരിപൂര്‍ണ ആരോഗ്യം നല്‍കണേ.’
അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന കേട്ട് റൂമി(റ) പ്രതിവചിച്ചു: ‘ശമനം നിനക്കു തന്നെയിരിക്കട്ടെ. ഇന്ന് ആശിഖും മഅ്ശൂഖും സംഗമിക്കുവാന്‍ പോവുകയാണ്. രണ്ടു പ്രകാശങ്ങളും അടുത്തെത്തിക്കഴിഞ്ഞു.’
തുടര്‍ന്നു ചിന്തോദ്ദ്വീപകമായ വരികള്‍ മഹാനവര്‍കള്‍ മൊഴിഞ്ഞു:
നീ മുഅ്മിനാണോ
നിന്റെ മരണവും മുഅ്മിനാണ്.
നീ കാഫിറാണോ
നിന്റെ മരണവും കാഫിറാണ്.
മഹാനവര്‍കളുടെ ജനാസ കാണാനെത്തിയവരില്‍ ജൂതരും ക്രൈസ്തവരും അടക്കം നാനാജാതി മതസ്ഥരുണ്ടായിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പട്ടാളം പാടുപെട്ടു. സന്ധ്യയോടെ ആ വിശുദ്ധ മേനി കോനിയയുടെ മണ്ണ് ഏറ്റുവാങ്ങി.

ത്വബീബ് മുഹമ്മദ് കൊച്ചി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ