മണ്ണിനെയും മരങ്ങളെയും അറിയുന്ന, നന്മയുള്ള മനുഷ്യരെ സൃഷ്ടിക്കാൻ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഒരു യുവസംഘത്തിന്റെ വിജയഗാഥ…
***

നോക്കെത്താ ദൂരത്തോളം പച്ചപ്പട്ടു വിരിച്ച് സ്വർണക്കതിർ നിറഞ്ഞ നെൽപാടങ്ങൾ, വിളഞ്ഞുനിൽക്കുന്ന പച്ചക്കറിത്തോട്ടങ്ങൾ, വാഴയും മരച്ചീനിയും തെങ്ങും കമുകും റബറുമെല്ലാം ഇടതിങ്ങി നിൽക്കുന്ന കാഴ്ചകൾ കേരളത്തിന്റെ മനോഹാരിതയുടെയും പ്രതീക്ഷയുടെയും മുഖമുദ്രയാണ്. കാലാന്തരത്തിൽ കൃഷിയോടുള്ള വിമുഖതയും തൊഴിലാളികൾ ലഭ്യമല്ലാത്തതും സാമ്പത്തിക നഷ്ടവുമെല്ലാം കാരണം നെൽപാടങ്ങൾ പലതും തരിശിട്ടു. ഉൽപന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാത്തതിനാൽ മറ്റു കൃഷികളും കർഷകർ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ഇതോടെ കേരളത്തിന്റെ വയർ നിറക്കാൻ അതിർത്തിക്കപ്പുറത്തു നിന്ന് ലോറികളെത്തേണ്ടി വന്നു. വിഷമടിച്ച ഭക്ഷ്യോൽപന്നങ്ങൾ കനത്ത വില നൽകി മലയാളിയുടെ തീൻമേശയിലേക്കെത്തി. തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കർണാടകയിലെയും വയലുകൾ കേരളമെന്ന വിശാല മാർക്കറ്റ് ലക്ഷ്യമാക്കി വൻ ഉൽപാദനം നടത്തി. വിളവ് വർധിപ്പിക്കാൻ മാരകമായ വിഷം തളിച്ചുകൊണ്ടേയിരിക്കുന്നു. പണം കൊടുത്ത് വിഷം വാങ്ങിക്കഴിക്കുന്ന ജനതയായി മലയാളികൾ മാറിയിട്ട് വർഷങ്ങളായി. ഇതിനൊരു ശരിയായ പോംവഴി കണ്ടെത്താൻ സർക്കാറുകൾക്ക് പോലും ഇനിയും സാധ്യമായിട്ടില്ല. മലയാളികളെ മണ്ണിലിറങ്ങാൻ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇതിനുള്ള ആദ്യ പരിഹാരം. കൃഷിയും ഒരു ഉപജീവന മാർഗമാണെന്നും ശാസ്ത്രീയമായ രീതിയിലൂടെ അതിൽ വിജയം നേടാമെന്നും അവരെ ബോധ്യപ്പെടുത്തുകയാണ് പ്രാഥമികമായി വേണ്ടത്. അത്തരം മാതൃകകൾ ചൂണ്ടിക്കാണിച്ചു കൊടുക്കാനും സാധിക്കേണ്ടതുണ്ട്. ഈയൊരു ദൗത്യമാണ് എസ്‌വൈഎസ് ഏറ്റെടുത്തിരിക്കുന്നത്. കൃഷിയെ ഒരു സംസ്‌കാരമാക്കി മാറ്റുകയും അതിലൂടെ നഷ്ടമായ കേരളത്തിന്റെ ജൈവികത തിരിച്ചുപിടിക്കാനുമുള്ള ഒരു മഹാ പ്രയത്‌നത്തിലേക്കുള്ള കാൽവെപ്പാണിത്. ജൈവകൃഷിയിലൂടെ പുതിയൊരു കാർഷിക രീതി പകർന്നുനൽകുകയാണ് പ്രസ്ഥാനം. ഇതോടെ കേരളത്തിന്റെ ഗ്രാമങ്ങൾ കൂടുതൽ ഹരിതാഭമാകും. തരിശു നിലങ്ങളിൽ പ്രത്യാശയുടെ പച്ചപ്പു തെളിയും. സ്വന്തം കുടുംബത്തെ വിഷപദാർഥങ്ങളടങ്ങിയ ഉൽപന്നങ്ങളിൽ നിന്ന് മോചിപ്പിക്കുക വഴി ആരോഗ്യകരമായ ജീവിതം സാധ്യമാകും. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെ പ്രവർത്തകർ ഏറ്റെടുത്തു നടത്തി കൃഷിയെ ജീവിത ദൗത്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംഘകൃഷിക്ക് എസ്‌വൈഎസ് കോവിഡ് കാലത്തുതന്നെ തുടക്കമിട്ടിരുന്നു. ലോക്ഡൗണിൽ വീടുകളിൽ തന്നെ ഇരിക്കേണ്ടി വന്നപ്പോൾ പലരും വ്യാപകമായി ചെറുതും വലുതുമായ കൃഷി ചെയ്യാൻ മുന്നോട്ടു വരികയുണ്ടായി. പലർക്കും അതൊരു പുതിയ അനുഭവമായിരുന്നു. അതിനെ തുടർന്ന് ഇന്നും കൃഷി തുടരുന്നവരുണ്ട്. പതിവു തിരക്കുകളിലേക്ക് മാറിയതോടെ കൃഷി ഉപേക്ഷിച്ചവരും ധാരാളം. ഇവരെ വീണ്ടും കൃഷിയിലേക്ക് കൊണ്ടുവരണം. കൂടാതെ യുവാക്കളെ കൂടുതലായി കൃഷിക്ക് പ്രേരിപ്പിക്കുകയും വേണം. ഈ ഉത്തരവാദിത്വമാണ് എസ്‌വൈഎസ് സംസ്ഥാന സാമൂഹികം ഡയറക്ടറേറ്റ് നിർവഹിക്കുന്നത്.
മറ്റു ജോലികളിൽ ഏർപ്പെടുന്നവർക്കും കൃഷി ചെയ്യാനുള്ള പ്രോത്സാഹനവും പിന്തുണയും നൽകുന്നതിലൂടെ സ്വന്തം അടുക്കളയിലേക്കാവശ്യമായ പച്ചക്കറികൾ വീടുകളിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കും. അടുക്കളത്തോട്ടങ്ങൾ നിർമിച്ച് അടുക്കളയിലെ വേസ്റ്റുകൾ ജൈവ വളമായി ഉപയോഗിക്കുകയും ചെയ്യാം. നാട്ടിൻപുറങ്ങളിൽ ചെറിയ കൂട്ടായ്മകളുണ്ടാക്കിയോ സംഘടനയുടെ അടുത്തടുത്ത യൂണിറ്റുകൾ ചേർന്നോ കൃഷിയിലേക്കിറങ്ങാം. അതുവഴി ശുദ്ധമായ ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാം.

സംഘകൃഷിയുടെ വിജയഗാഥകൾ

കോവിഡ് കാലത്ത് മണ്ണിലിറങ്ങിയ എസ്‌വൈഎസ് പ്രവർത്തകർ പുതിയൊരു കാർഷിക സംസ്‌കാരമാണ് കേരളത്തിന് സമ്മാനിച്ചത്. അതിജീവനത്തിന്റെ വേറിട്ട മാതൃകയായി ഇതിനെ കാണാവുന്നതാണ്. സംഘകൃഷിയെന്ന പേരിൽ നിരവധി പ്രദേശങ്ങളിൽ ഇതിനകം എസ്‌വൈഎസ് വിജയഗാഥ രചിച്ചു കഴിഞ്ഞു. മലപ്പുറം വെസ്റ്റ് ജില്ല സാമൂഹികം ഡയറക്ടറേറ്റിന് കീഴിൽ ചെട്ടിയാംകിണർ പെരുമണ്ണയിൽ രണ്ടര ഏക്കർ ഭൂമിയിലാണ് ജൈവ പച്ചക്കറി കൃഷി നടത്തിയത്. കൃഷിയുടെ പ്രാഥമിക ഘട്ടങ്ങൾ സോണുകൾക്കു വീതിച്ചു നൽകി. നിലമൊരുക്കൽ, കള പറിക്കൽ, വിത്തിടൽ എന്നിവയെല്ലാം വ്യത്യസ്ത സോണുകളിലെ സാമൂഹികം ഡയറക്ടറേറ്റുകളാണ് നടത്തിയത്.
തുടർന്നുള്ള പരിചരണങ്ങളും നനയും വിളവെടുപ്പുമെല്ലാം ജില്ല ഡയറക്ടറേറ്റ് നിർവഹിച്ചു. പച്ചക്കറിക്കൊപ്പം വാഴ, കപ്പ എന്നിവയും കൃഷി ചെയ്തു. സംസ്ഥാന കൃഷി വകുപ്പിന്റെ പൂർണ പിന്തുണയും ലഭിച്ചു. സബ്‌സിഡിയായി 29000 രൂപ ലഭിച്ചത് കൂടുതൽ സഹായകമായി. കൃഷിയിൽ നിന്നുള്ള ലാഭം ലക്ഷ്യമായിരുന്നില്ല, എന്നിട്ടും നന്നായി വിളവെടുക്കാൻ സാധിച്ചു. ഉൽപന്നങ്ങൾ വിപണിയിലെത്തിക്കേണ്ടി വന്നില്ല. നേരിട്ടുള്ള വിൽപനയും കാർഷിക ചന്തകൾ നടത്തിയുമാണ് ആവശ്യക്കാരിലെത്തിച്ചത്. ഇതിന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പൂർണ സഹകരണമുണ്ടായി. പ്രവർത്തകരിലേക്ക് പുതിയൊരു കാർഷിക സംസ്‌കാരം കൊണ്ടുവരിക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. അത് നേടിയെടുക്കാനായെന്നതാണ് പദ്ധതിയുടെ വിജയം. യുവാക്കൾ കൂടുതലായി കൃഷിയോട് താൽപര്യം കാണിക്കുകയും ചെറിയ കൂട്ടായ്മകളുണ്ടാക്കി കൃഷിയിലേക്കിറങ്ങുകയും അടുക്കളതോട്ടങ്ങൾ സജീവമാകുകയും ചെയ്തു. അതോടെ വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായുണ്ടാക്കി ഭക്ഷിക്കുന്ന സാഹചര്യം സംജാതമായി. ശുദ്ധമായ ഭക്ഷണത്തിലൂടെ ആരോഗ്യപരമായ ജീവിതം കൈവരിക്കുക എന്ന നേട്ടത്തിലേക്ക് ഇപ്പോൾ അവർക്ക് എത്തിച്ചേരാനാകുന്നുണ്ട്.

വേങ്ങരയിലെ വിപ്ലവം

നാട് കോവിഡിന്റെ പിടിയിലമർന്ന 2020 മെയ് മാസത്തിലാണ് അതിജീവനത്തിന്റെ സന്ദേശവുമായി മലപ്പുറം ജില്ലയിലെ വേങ്ങര കോട്ടുമലയിലെ സാന്ത്വനം ക്ലബ് പ്രവർത്തകർ കൃഷിയിലേക്കിറങ്ങുന്നത്. ഇതിനകം രണ്ടു തവണ വിളവെടുത്തു. മൂന്നാംഘട്ട കൃഷിയിലാണിപ്പോൾ അവർ. ആദ്യഘട്ടത്തിൽ വേങ്ങര സോൺ കമ്മിറ്റിയും യൂണിറ്റ് കമ്മിറ്റിയും സംയുക്തമായാണ് കൃഷിയിറക്കിയത്. ഇത്തവണ രണ്ടര ഏക്കർ തരിശു നിലമാണിവർ ഹരിതാഭമാക്കി മാറ്റിയിരിക്കുന്നത്. നെല്ലാണ് പ്രധാന വിള. വിളവെടുപ്പിന് പാകമായിരിക്കുന്നത് പട്ടാമ്പിയിൽ നിന്ന് എത്തിച്ച അത്യുൽപാദന ശേഷിയുള്ള അരശു എന്ന ഇനം നെല്ലാണ്. മൂന്നു മാസംകൊണ്ട് വിളവെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കരനെൽ കൃഷിയായതിനാൽ നനക്കേണ്ടതില്ല. നെല്ല്, റാഗി, ചോളം, പച്ചക്കറികൾ, കപ്പ, കിഴങ്ങു വർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയെല്ലാമുണ്ട്. വൻ വിജയമായതോടെ കൃഷിയിൽ നിന്ന് പിന്മാറാൻ ഇവർ തയ്യാറല്ല. ഊരകം കൃഷി ഓഫീസറായിരുന്ന മെഹറുന്നീസ എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. മുപ്പതിനായിരം രൂപ സാമ്പത്തിക സഹായവും ലഭിച്ചു. ഉൽപാദിപ്പിച്ച നെല്ല് അവിലാക്കിയായിരുന്നു വിപണനം. പച്ചക്കറികൾ ജനകീയ ചന്ത വഴിയും തോട്ടത്തിലെത്തുന്നവർക്കു വിറ്റും ചെലവഴിച്ചു. പയറിന്റെ ഇല വരെ വിറ്റഴിച്ചു.
ചാണകവും ചാരവുമായിരുന്നു പ്രധാന വളം. വെള്ളി, ഞായർ അവധി ദിവസങ്ങളിൽ രാവിലെ കൃഷിക്കിറങ്ങും. മുൻപരിചയമുള്ളവരായിരുന്നില്ല അധിക പേരും. കുട്ടികൾ മുതൽ വൃദ്ധർ വരെ കൃഷിയിൽ സജീവമായി. ഇതിലൂടെ വലിയൊരു വിപ്ലവമാണ് ഇവർ സാധ്യമാക്കിയത്. താൽപര്യവും പ്രയത്‌നവുമുണ്ടെങ്കിൽ ഏതൊരാൾക്കും കൃഷിയിൽ നേട്ടം കൊയ്യാനാകുമെന്ന് ഇവർ തെളിയിച്ചു. വിത്തിറക്കലും വിളവെടുപ്പുമെല്ലാം നാടിന്റെ ആഘോഷമായി മാറി. അതോടെ നാട്ടിൽ പുതിയൊരു കാർഷിക സംസ്‌കാരം രൂപപ്പെട്ടതായി എസ്‌വൈഎസ് യൂണിറ്റ് സാന്ത്വനം ക്ലബ് ചെയർമാൻ മുസ്തഫ ഹാജി പറയുന്നു. യുവാക്കളും കൃഷിയിൽ തൽപരരായി. വീടുകളിൽ കൃഷിയാരംഭിച്ചു. വൈകാതെ രാഷ്ട്രീയ യുവജന സംഘടനകളും ഈ മാതൃക പിന്തുടർന്നു. ഈ ഗ്രാമത്തിലെ മിക്ക വീടുകളിലും ഇപ്പോൾ അടുക്കളതോട്ടങ്ങൾ കാണാം. വരുമാനത്തേക്കാൾ ഇത്തരം മുന്നേറ്റങ്ങളാണ് പ്രതീക്ഷയെന്ന് അദ്ദേഹം. കഴിഞ്ഞ മന്ത്രിസഭയിലെ കൃഷിമന്ത്രി വിഎസ് സുനിൽകുമാർ ഈ കാർഷിക കൂട്ടായ്മയെ അഭിനന്ദിച്ച് സന്ദേശമയച്ചത് ഇവർക്ക് വലിയ പ്രചോദനമായി. കൂടാതെ, പ്രാസ്ഥാനിക നേതാക്കളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പലരും കൃഷി സന്ദർശിക്കാനായെത്തുകയുണ്ടായി. സമീപത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ കൃഷിയെ അടുത്തറിയാൻ ഈ ഗ്രാമത്തിലെത്തുന്നു. ഇത്തവണ വിത്തിടലിനെത്തിയത് മന്ത്രി അഹമ്മദ് ദേവർകോവിലാണ്. കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള എസ്‌വൈഎസിന്റെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.

പച്ചമണ്ണിന്റെ ഗന്ധമറിയാം

എസ്‌വൈഎസ് സാമൂഹികം ഡയറക്ടറേറ്റാണ് നിലവിൽ പരിസ്ഥിതി, കാർഷിക മേഖലകളുടെ പദ്ധതികൾ തയ്യാറാക്കുന്നതും മേൽനോട്ടം വഹിക്കുന്നതും. നേരത്തെ ഇത് സാന്ത്വനത്തിന് കീഴിലായിരുന്നു. മഴക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മണ്ണിന്റെ രാഷ്ട്രീയം പറയുക എന്ന സന്ദേശമാണ് ഇത്തവണത്തേത്. ഹരിത മുറ്റം, പോഷക തോട്ടം, ഗ്രീൻ ഗിഫ്റ്റ് തുടങ്ങിയവയാണ് ആസൂത്രണം ചെയ്ത പദ്ധതികൾ. യൂണിറ്റുകളിലെ മുഴുവൻ പ്രവർത്തകരും നിത്യജീവിതത്തിനാവശ്യമായ പച്ചക്കറികളും ഫലങ്ങളും സ്വയം കൃഷി ചെയ്യുകയും ലഭ്യമായ വിത്തുകളും തൈകളും പരസ്പരം പങ്കുവെക്കുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. കൂടാതെ വീട്ടുവളപ്പിൽ കറിവേപ്പ്, മുരിങ്ങ, പപ്പായ പോലുള്ള എല്ലാ കാലത്തും വിളവ് ലഭിക്കുന്ന പോഷക തൈകളും നട്ടുപിടിപ്പിക്കുന്നു. പ്രവർത്തകരുടെ വീടുകളിൽ ചെടികളും വൃക്ഷത്തൈകളും വെച്ചുപിടിപ്പിക്കുന്ന ഹരിത മുറ്റം പദ്ധതിയും നടപ്പാക്കുന്നു. ഉൽപന്നങ്ങൾ വിറ്റഴിക്കുന്നത് കാർഷിക ചന്തകളിലൂടെയാണ്.
വേങ്ങര സോൺ കമ്മിറ്റിക്ക് കീഴിൽ പപ്പായ, മുളക്, മുരിങ്ങ എന്നിവ നടുന്നത് ചിങ്ങത്തിലാണ്. മണ്ണിനെയും മരങ്ങളെയും അറിഞ്ഞ് കൊടുക്കൽ വാങ്ങലുകളിലൂടെ നന്മയുള്ള മനുഷ്യരെ സൃഷ്ടിക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ യുവസംഘം.

ജലീൽ കല്ലേങ്ങൽപടി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ