0കാലോചിതമായ പഠനപ്രക്രിയകള്‍ക്കും പ്രബോധന വീഥികള്‍ക്കും ചൂട്ടുപിടിച്ച് കേരളക്കരയിലും അതിനപ്പുറത്തും വിപ്ലവനായകത്വം വഹിച്ച പണ്ഡിത കുലപതികളില്‍ പ്രമുഖനാണ് നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്ന സര്‍വരുടെയും ആദരണീയനായ എംഎ ഉസ്താദ്. പ്രായം തൊണ്ണൂറ്റിമൂന്നായെങ്കിലും ആ മഹാ മനീഷിയുടെ ബുദ്ധികൂര്‍മതക്കും തത്ത്വചിന്തകള്‍ക്കും നായകത്വ ശേഷിക്കും ഇന്നുവരെ ന്യൂനതകള്‍ സ്പര്‍ശിച്ചിട്ടില്ലെന്നത് അത്ഭുതാവഹമാണ്. ആത്മാര്‍ത്ഥ ദീനീ സേവന നിരതക്ക് പടച്ചറബ്ബിന്റെ ഔദാര്യമെന്നേ അതേക്കുറിച്ച് വിലയിരുത്താനുള്ളൂ. ഈ സൗഭാഗ്യം നമുക്ക് അല്ലാഹു ഒരുപാട് കാലം നിലനിര്‍ത്തി തരട്ടെയെന്ന പ്രാര്‍ത്ഥനയും.
സാമ്പ്രദായിക ഓത്തുപള്ളി ശൈലിയില്‍ നിന്നും പ്രാഥമിക മതപഠനത്തെ കരിക്കുലം രീതിയിലേക്കും തദനുസൃതമുള്ള പുരോഗമനപ്രവര്‍ത്തനത്തിലേക്കും പറിച്ചുനട്ടതിന്റെ പ്രഥമ ബുദ്ധികേന്ദ്രം മുക്രിക്കാന്‍റവിടെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ എന്ന വലിയ ബുദ്ധിയുടെ ഉടമയായ കുറിയ മനുഷ്യനായിരുന്നു. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ അനുചരന്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരെപ്പോലുള്ള അത്യുന്നത മതപണ്ഡിത ശ്രേഷ്ഠരുടെ ചാരത്ത് അവരുടെ പ്രായത്തോട് അടുക്കാത്ത അദ്ദേഹത്തിന് യുവത്വ കാലത്തു തന്നെ ഇരിക്കാനും ചര്‍ച്ചകളിലും തീരുമാനങ്ങളിലും മറ്റും ബുദ്ധിപരമായി ഇടപെടാനും സാധിച്ചുവെന്ന അത്യപൂര്‍വതയും എംഎ ഉസ്താദിനു സ്വന്തം! ഇദ്ദേഹത്തിന്റെ അകം സമ്പുഷ്ടമാണെന്ന തിരിച്ചറിവായിരുന്നു പേരും പെരുമയും മഹത്ത്വവും കൊണ്ട് നിറഞ്ഞുനിന്ന ആ പണ്ഡിത കുലപതികള്‍ മുശാവറ യോഗങ്ങളിലേക്കടക്കം ഈ യുവ പണ്ഡിതനെ ഇടയ്ക്കിടെ ക്ഷണിച്ചു വരുത്താന്‍ നിദാനം. ഇതൊരു സത്യം മാത്രം.
പണ്ഡിതശ്രേഷ്ഠരുടെ കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ ഒരു ബഹുജന പ്രസ്ഥാനമായി സമസ്ത കേരള സുന്നീ യുവജന സംഘം അഥവാ എസ്ൈെവഎസ് എന്ന ആശയവും അതിന്റെ ഉദ്ഭവവും തൃക്കരിപ്പൂര്‍ സ്വദേശിയായ എംഎ ഉസ്താദിന്റെ ബുദ്ധികൂടി ഉള്‍പ്പെട്ടതിന്റെ പരിണതിയായിരുന്നുവെന്ന വസ്തുതയും വിസ്മരിക്കാവതല്ല.
താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങള്‍ പ്രസിഡന്‍റും മൗലാന എംഎ ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ അന്നത്തെ അവിഭക്ത കണ്ണൂര്‍ ജില്ലാ പണ്ഡിത സഭയുടെ കീഴില്‍ ജില്ലയില്‍ ഒരു സമന്വയ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാധ്യതയും ഇടവും അന്വേഷിക്കുന്നതിനിടയിലാണ് കാസര്‍കോട് താലൂക്കിലെ കളനാട് വില്ലേജില്‍ കീഴൂര്‍ എന്ന സ്ഥലത്ത് പൗരപ്രമുഖനും പ്രമാണിയുമായ കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജി സ്വന്തം വീട്ടില്‍ തന്റെ പൂര്‍ണ ചെലവിലും അധീനതയിലും നടത്തിവന്നിരുന്ന കീഴൂര്‍ മര്‍ഹൂം സഈദ് മുസ്ലിയാരുടെ നാമധേയത്തിലുള്ള സംരംഭം സുന്നീ ആശയ രംഗത്ത് സുഭദ്രമായ ആദര്‍ശബോധവും തന്‍റേടവുമുള്ള ഒരു പണ്ഡിത സമൂഹത്തെ ഏല്‍പിക്കാന്‍ തയ്യാറായി വരുന്നതും ഏഴ് വര്‍ഷത്തിലേറെക്കാലം താന്‍ കൊണ്ടുനടന്ന ഇത് താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും കരങ്ങളിലേക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നത്. ഒപ്പം ദേളി മൊട്ടക്കുന്നില്‍ കാടുകേറിക്കിടന്നിരുന്ന രണ്ടര ഏക്കറും അതിനോട് ചേര്‍ന്ന് രണ്ടര ഏക്കറും കൂടി അഞ്ചേക്കര്‍ സ്ഥലവും കാസര്‍കോട് നഗരത്തില്‍ ഫിര്‍ദൗസ് ബസാറില്‍ അഞ്ച് മുറിപ്പീടികയും തദാവശ്യാര്‍ത്ഥം അദ്ദേഹം ഏല്‍പിച്ചു. കല്ലട്ര അവര്‍കളുടെ ഭൂമി ശേഷം റവന്യൂ വകുപ്പില്‍ നിന്നും വിലകൊടുത്ത് പതിച്ചു വാങ്ങിയത് സഅദിയ്യ കമ്മിറ്റിയായിരുന്നു.
നിലവില്‍ തന്റെ ഈ പാഠശാല നടത്തിവന്നിരുന്ന അന്നത്തെ ഖാസിയുടെ മകനും ശേഷം ഖാസിയുമായ സിഎം അബ്ദുല്ല മൗലവിയെ ഈ കൈമാറ്റ പ്രക്രിയയിലോ മറ്റു കാര്യങ്ങളിലോ കല്ലട്ര ഹാജി സാഹിബ് വേണ്ടരൂപത്തില്‍ പങ്കെടുപ്പിക്കുകയോ ചുമതല ഏല്‍പ്പിക്കുകയോ ചെയ്തില്ലെന്നതും വസ്തുതയാണ്. താന്‍ സ്ഥാപിച്ചു പാകപ്പെടുത്തിയ ഒരു മഹത് സ്ഥാപനത്തെ ഉത്തമ കരങ്ങളില്‍ ഏല്‍പിച്ചു തനിക്ക് സ്വര്‍ഗം നേടണം എന്ന് ഹാജി സാഹിബ് ചിന്തിക്കുമ്പോഴും ആ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളും സ്വന്തം നാട്ടുകാരനും അയല്‍വാസിയും പേരുകേട്ട സാത്വിക പണ്ഡിത ശ്രേഷ്ഠന്റെ മകനുമായായ സിഎം അവര്‍കളെ അദ്ദേഹം വിശ്വാസത്തിലെടുത്തില്ലെന്നതു മാത്രമല്ല ആശ്ചര്യം, മറിച്ച് ഈ അബ്ദുല്ല മൗലവിയെ ഒരു ജോലിക്കാരനായി നിയമിക്കാന്‍ സന്മനസ്സ് കാട്ടണമെന്ന് പണ്ഡിത നേതൃത്വത്തോട് ആവശ്യപ്പെടാനും ഹാജി സാഹിബ് കൂട്ടാക്കിയില്ലെന്നതാണ് ചിന്താശേഷിയുള്ളവരെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന വസ്തുത!
അതേ സമയം സിഎം അബ്ദുല്ല മൗലവിയുടെ സഹപ്രവര്‍ത്തകനും തന്റെ സ്ഥാപനത്തിലെ മറ്റൊരു സ്റ്റാഫുമായ കെ.വി മൊയ്തീന്‍ കുഞ്ഞി മുസ്ലിയാര്‍ എന്ന സാത്വിക പണ്ഡിതന് ഒരു സ്ഥാനം ഹാജി സാഹിബ് പ്രത്യേക താത്പര്യത്തോടെ കമ്മറ്റിയോട് ആവശ്യപ്പെട്ടതനുസരിച്ച് അസിസ്റ്റന്‍റ് മാനേജറും മുദരിസുമാക്കി സഅദിയ്യ കമ്മിറ്റി നിശ്ചയിച്ചുവെന്നതും കെവി അവര്‍കള്‍ പ്രസ്തുത സ്ഥാനങ്ങളിലിരുന്ന് ഉത്തരവാദിത്വ ബോധത്തോടെ നിഷ്കാമ സേവനം നിര്‍വഹിച്ചു കൊണ്ടിരിക്കെ 97ല്‍ വഫാതാവുകയും ചെയ്തുവെന്നതും അവിസ്മരണീയ യാഥാര്‍ത്ഥ്യങ്ങളാണ്.
താന്‍ വഖഫായി സമുദായത്തിനു നല്‍കുന്ന ഈ സംരംഭത്തിന്റെ നോക്കിനടത്തിപ്പുകാരന്‍ (നാളിര്‍) എംഎ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ തന്നെ ആയിരിക്കണമെന്ന നിബന്ധനകൂടി ഹാജിസാഹിബ് ഉന്നയിച്ചതോടുകൂടി സിഎം അബ്ദുല്ല മൗലവി സഅദിയ്യയുടെ ചിത്രത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും പുറത്താവുകയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. മര്‍ഹൂം അബ്ദുല്‍ഖാദര്‍ ഹാജി ഏതൊരു ലക്ഷ്യത്തിന് ആരുടെ കരങ്ങളിലേക്കാണോ സഅദിയ്യയെ ഏല്‍പിച്ചത് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നിഷ്കളങ്ക ഹസ്തങ്ങളില്‍ തന്നെ അത് സുഭദ്രമാണെന്ന സന്തോഷം പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ചരിത്രസത്യം കാസര്‍കോട്ടുകാരുടെ മുമ്പില്‍ മലര്‍ക്കെ വാതായനങ്ങള്‍ തുറന്നിട്ട് പുഞ്ചിരി തൂകി മാടിവിളിക്കുമ്പോള്‍ തെക്ക് നിന്നും കാസര്‍കോട്ടേക്ക് വണ്ടികയറി വന്ന വാടക പ്രസംഗകരും കൂലി എഴുത്തുകാരു മായ ചിലര്‍ ചരിത്രത്തിന്റെ സത്യസന്ധവും സുന്ദരവുമായ സുഗന്ധം വീശുന്ന ആ വാതിലുകള്‍ കൊട്ടിയടക്കാനും അതിന്റെ പരിശുദ്ധ മുഖം വികൃതമാക്കാനും സത്യത്തെ നടുറോഡിലിട്ട് തല്ലിക്കൊല്ലാനും ശ്രമിക്കുന്നത് കാണുമ്പോള്‍ ഈ ബുദ്ധിശൂന്യരോട് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?
സമന്വയ വിദ്യാഭ്യാസമെന്ന ചിന്ത തന്നെ സുന്നീ സമൂഹത്തിനിടയില്‍ ഉടലെടുക്കുന്നത് 1960ന്റെ അന്ത്യത്തോടെ സമസ്ത വഴിയാണ്. അതിന്റെ മുന്‍നിര തേരാളിയാവട്ടെ എംഎ അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുമാണ്. അദ്ദേഹത്തിന്റെ ഇരുപത്തി ആറാം വയസ്സില്‍ തന്നെ മുശാവറയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു വരുത്താനും കൂടിയാലോചിക്കാനും തലയെടുപ്പുള്ള മലയാളക്കരയിലെ പണ്ഡിത ശ്രേഷ്ഠര്‍ തയ്യാറായത് വെറുതെയായിരുന്നില്ലെന്ന് ഇപ്പോള്‍ എംഎ എന്ന പണ്ഡിത കുലപതിക്കും അദ്ദേഹം നട്ടുനനച്ചു വളര്‍ത്തി വടവൃക്ഷത്തിലും അപ്പുറമാക്കി കൊണ്ടു വന്ന സഅദിയ്യക്കും നേരെ നികൃഷ്ട ചരിതം സൃഷ്ടിക്കാന്‍ പെടാപാട് പെടുന്നവര്‍ അറിയണം.
ചുരുക്കത്തില്‍ സുന്നികളാല്‍ സ്ഥാപിതമായി മൗദൂദികളാല്‍ തട്ടിയെടുക്കപ്പെട്ട ഒരു സ്ഥാപനമുള്ള കാസര്‍കോട് താലൂക്കിലെ ചെമ്മനാട് പഞ്ചായത്തില്‍ തന്നെ കെട്ടുറപ്പുള്ളതും വിശ്വാസത്തിന്റെ തായ്വേരാല്‍ ഊട്ടിയുറപ്പിക്കപ്പെട്ടതുമായ ഒരു നേതൃത്വത്തിന്‍ കീഴില്‍ തെന്നിന്ത്യയിലെ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയായി വളര്‍ന്നു പന്തലിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഒരു സാധാരണക്കാരന്‍ ഹാജി സാഹിബ് തന്റെ സ്ഥാപനം വിശ്വസ്ത കരങ്ങളില്‍ ഏല്‍പിച്ചുവെന്നതും ആ ഉന്നത വ്യക്തിയുടെ ആഗ്രഹത്തിനുമപ്പുറം ജാമിഅ സഅദിയ്യ അറബിയ്യ ഇന്ന് വളര്‍ന്നു പന്തലിച്ചുവെന്നതും ഇതിനു പിന്നിലെ ചാലക ശക്തി താജുല്‍ ഉലമയുടെ ആത്മീയവും ഭൗതികവുമായ പിന്‍ബലത്തില്‍ മൗലാന നൂറുല്‍ ഉലമ എംഎ ഉസ്താദിന്റെ അക്ഷീണമുള്ള പ്രവര്‍ത്തനം തന്നെയാണെന്നതും പകല്‍ പോലെ സുവ്യക്തമായ യാഥര്‍ത്ഥ്യമാണ്. സാത്വികരായ ഇവരുടെ പിന്നില്‍ ചിത്താരി കെപി ഹംസ മുസ്ലിയാരെപ്പോലുള്ള മറ്റു പ്രഗത്ഭ പണ്ഡിതരും സേവനങ്ങളര്‍പ്പിച്ചത് സഅദിയ്യയുടെ പുരോ ഗതിയില്‍ വലിയ നാഴികക്കല്ലായി മാറി.
സുന്നി പണ്ഡിതര്‍ ഇംഗ്ലീഷ് ഭാഷാവിരോധികളും അതിന്റെ വഴിമുടക്കികളുമാണെന്ന വ്യാജഭൗതികവാദികളായി വിലസുന്നവരുടെ വായ അടപ്പിച്ചു സിബിഎസ്ഇയുടെ അംഗീകാരം നേടിയെടുത്തുകൊണ്ട് സുന്നീ സംഘകുടുംബത്തിനകത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്ന ബഹുമതിയും സഅദിയ്യക്കും എംഎ ഉസ്താദിനും സ്വന്തം. താന്‍ മുന്‍കയ്യെടുത്ത് രൂപവത്കരിച്ച ഏറ്റവും വലിയ ധാര്‍മിക ബഹുജന പ്രസ്ഥാനമായ സമസ്ത കേരള സുന്നീ യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡന്‍റ് പദവി 1983 മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ കയ്യാളുമ്പോഴും, തന്റെ ധിഷണയില്‍ നിന്ന് ജന്മമെടുത്ത സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അമരത്ത് 89 വരെ നിലയുറപ്പിച്ചപ്പോഴും മറ്റു നിരവധി സംഘടനാ സാരഥ്യമേറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോഴും പക്ഷേ സഅദിയ്യ:യുടെ ഉത്പത്തിക്കു ശേഷവും എല്ലാം ഒന്നിച്ചു നയിച്ചുകൊണ്ടുപോകുന്നതിന് ഈ കുശാഗ്ര ബുദ്ധിയുടെ ഉടമയ്ക്ക് ഒരു പ്രയാസവും വന്നില്ല. തൊണ്ണൂറിന്റെ തുടക്കത്തോടെ പിറവിയെടുത്ത സുന്നീ വിദ്യാഭ്യാസ ബോര്‍ഡിന്റെ അഖിലേന്ത്യാ സാരഥ്യവും ഇപ്പോഴും ഈ എളിയ മനുഷ്യനില്‍ തന്നെ.
മൗലവി ഫാസില്‍ സഅദി ബിരുദവും പി.ജി. കോഴ്സ് നല്‍കുന്നതും അറബി, ഉര്‍ദുഭാഷാ പ്രാവീണ്യം ലഭിക്കുന്നതുമായ ശരീഅത്ത് കോളേജ്, ഇംഗ്ലീഷില്‍ എം.എ ഡിഗ്രിക്കൊപ്പം സഅദി ബിരുദവും നല്‍കുന്ന ദഅ്വ കോളേജ് എന്നിവക്കു പുറമെ ഇപ്പോള്‍ സഅദിയ്യ: ക്യാമ്പസില്‍ ജൂനിയര്‍ ശരീഅത്ത് കോളേജ്, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്, ബോയ്സ് ഓര്‍ഫനേജ്, ഗേള്‍സ് യതീംഖാന, ഹോംകെയര്‍ ഫോര്‍ ഓര്‍ഫന്‍, ബോയ്സ് അഗതിമന്ദിരം, ബോര്‍ഡിംഗ് മദ്റസ, അല്‍മദ്റസത്തുസ്സഅദിയ്യ, ഇംഗ്ലീഷ് മീഡിയം റെസിഡന്‍ഷ്യല്‍ സെക്കന്‍ഡറി സ്കൂള്‍, ഇംഗ്ലീഷ് മീഡിയം ഹോസ്റ്റല്‍, ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, ആര്‍ട്സ് ആന്‍റ് കൊമേഴ്സ് കോളേജ്, അഫ്സലുല്‍ ഉലമ അറബിക് കോളേജ്, വിദ്യാനഗര്‍ സഅദിയ്യ:സ്റ്റഡീ സെന്‍റര്‍, കോളിയടുക്കം സഅദിയ്യ: സ്റ്റഡീ സെന്‍റര്‍, ഇന്‍ഡസ്ട്രിയല്‍ ആന്‍റ് ട്രെയിനിംഗ് സെന്‍റര്‍, കംപ്യൂട്ടര്‍ ട്രെയിനിംഗ് സെന്‍റര്‍, ടൈപ്പ്റൈറ്റിംഗ് സെന്‍റര്‍, ടൈലറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മീഡിയം അപ്പര്‍ പ്രൈമറി സ്കൂള്‍, കന്നട മീഡിയം യു.പി സ്കൂള്‍, നഴ്സറി സ്കൂള്‍, കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍സി പിയുഎല്‍ സ്റ്റഡി സെന്‍റര്‍, മനു സ്റ്റഡി സെന്‍റര്‍, വിവിധോദ്ദേശ്യ സഅദിയ്യ: സെന്‍റര്‍ വിദ്യാനഗര്‍, പി.എ. ഉസ്താദ് മെമ്മോറിയല്‍ കുതുബ്ഖാന, ഇസ്‌ലാമിക് ലൈബ്രറി, ലോഡ്ജ് ആന്‍റ് ഷോപ്പിംഗ് കോംപ്ലക്സ്, മസ്ജിദ് യൂസുഫ് നസ്വ്റുല്ലാഹ്, വിദ്യാനഗര്‍ സഅദിയ്യ:ജുമാ മസ്ജിദ്, കോളിയടുക്കം സഅദിയ്യ:മസ്ജിദ്, സഅദിയ്യ: ആശുപത്രി തുടങ്ങി മുപ്പത്തിയാറോളം സ്ഥാപനങ്ങള്‍ അമ്പതോളം ഏക്കര്‍ ഭൂമിയിലായി പരന്നുകിടക്കുന്നു.
ആറായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഇന്ന് വിവിധങ്ങളായ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടുകയും അഞ്ഞൂറില്‍പരം ജീവനക്കാര്‍ വ്യത്യസ്ത മേഖലകളിലായി സേവനം നടത്തുകയും ചെയ്യുന്നു. ഒരു ദിവസം മൂന്നര ലക്ഷത്തോളം ചെലവ് വരുന്ന ഈ സ്ഥാപനത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ ചെലവുകളും ചാരിറ്റി മേഖലയിലാണെന്ന നേരും നമ്മള്‍ അറിയണം. ഈ നിലയിലെല്ലാമായി ഒരുവര്‍ഷം ഒരു സംരംഭം എന്ന തോതില്‍ വളര്‍ന്നു വന്ന ഈ ക്യാമ്പസ് ഇപ്പോള്‍ സുഗന്ധം പടര്‍ത്തി പുഷ്പിച്ചു നില്‍ക്കുന്നുവെങ്കില്‍ ഇതിന്റെ രഹസ്യം ആത്മാര്‍ത്ഥ മനസ്സും നിസ്വാര്‍ത്ഥ പ്രവര്‍ത്തന സംശുദ്ധിയും മാത്രമാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാനാവും. ഉദാരമതികളും നിഷ്കളങ്കരുമായ സമുദായ സ്നേഹികളുടെയും സ്വദേശത്തും വിദേശത്തുമുള്ള സുന്നീ സംഘ കുടുംബാംഗങ്ങളുടെയും കഠിനാധ്വാനങ്ങളും മാത്രമാണ് ഇതിന്റെ സാമ്പത്തിക സ്രോതസ്സെന്ന സത്യം ആദരവോടെ സ്മരിക്കാതെ വയ്യ.
ഉത്തരദേശത്തുകാര്‍ എന്നും ഭരണാധികാരികളാലും ഉദ്യോഗസ്ഥരാലും അവഗണനമാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരായതിനാല്‍ വിദ്യാഭ്യാസ രംഗത്തടക്കം ഈ പ്രദേശത്തുകാര്‍ പിന്നാക്കം നിന്നിരുന്നിടത്ത് നിന്ന് മാറി ഇപ്പോള്‍ വിദ്യാഭ്യാസ വിപ്ലവത്തിന്റെയും മത സാമൂഹിക സാംസ്കാരിക ഉന്നമനത്തിന്റെയും ധാര്‍മിക ഉച്ചകോടിയുടെയും വീരഗാഥകള്‍ പാടുകയാണ്. ചരിത്രത്താളില്‍ സ്വര്‍ണ്ണലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ട ഈ ഉയിര്‍ത്തെഴുന്നേല്‍പിന് സഅദിയ്യയും അതിനു നേതൃത്വം നല്‍കുന്ന സുന്നീ സംഘകുടുംബവും വഹിച്ച നിര്‍ണായകമായ പങ്ക് ആര്‍ക്കും തമസ്കരിക്കാനോ ചെറുതാക്കി കാണാനോ കഴിയില്ലെന്നതാണ് നേര്. ബ്രഹത്തായ നാല്‍പതോളം വന്‍ സംരംഭങ്ങളോടെ ദൗത്യനിര്‍വഹണം പൂര്‍ത്തിയായെന്നോ ഇനി ഇവിടം വെച്ച് അവസാനിപ്പിക്കുന്നുവെന്നോ നിനയ്ക്കരുത്.
നാല്‍പത്തിനാലാം വാര്‍ഷികം 2014 ഫെബ്രുവരി ഏഴ് മുതല്‍ ഒമ്പതുവരെ ആഘോഷമായി കൊണ്ടാടുമ്പോഴും ആധുനിക ടെക്നോളജി വികാസത്തെ ഏങ്ങനെ ധാര്‍മ്മിക പുരോഗതിക്കും മതപ്രബോധനത്തിനും ഉപയോഗപ്പെടുത്താമെന്ന് ആലോചിച്ച് ഓരോ പദ്ധതിയും നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സഅദിയ്യ നേതൃത്വം. അല്ലാഹു അനുഗ്രഹിക്കട്ടെ.

 

കന്തല്‍ സൂപ്പി മദനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ