3മാനുഷികതയുടെ ഉന്നതഭാവം പുലര്‍ത്തുന്ന ഒരു ആരാധനയാണ് സകാത്ത്. സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യമാണെന്നും അത് ഉള്ളവനും ഇല്ലാത്തവനും അനുഭവിക്കേണ്ടതാണെന്നും ഓര്‍മപ്പെടുത്തുക മാത്രമല്ല; വിശ്വാസികളെക്കൊണ്ട് കര്‍മരംഗത്ത് അത് തെളിയിക്കുക കൂടിയാണ് ഇതുവഴി.
ആരും ജനിച്ചുവീഴുന്നത് സമ്പത്തുമായല്ല. അവരല്ലാത്ത മറ്റൊരാള്‍ ഉണ്ടാക്കിവെച്ചത് അനുഭവിക്കാനും അവകാശമാക്കാനും സൗകര്യമുള്ള വിധമായിരിക്കും ചിലരുടെ ആഗമം. സമ്പന്നരായ മാതാപിതാക്കളുടെ മക്കളാവാന്‍ ഭാഗ്യമുണ്ടായവരാണ് ഈ ഗണം. ഇത് ശരിക്കും ഭാഗ്യമോ യാദൃച്ഛികതയോ ആണ്. ഒരിക്കലും യോഗ്യതയല്ല. എന്തുകൊണ്ടെന്നാല്‍ സമ്പന്ന കുടുംബത്തില്‍ പിറക്കാന്‍ ഒരു ശിശുവും ആഗ്രഹിച്ചിരുന്നില്ല. അതിനൊരവസരവുമില്ല. എന്നു മാത്രമല്ല, തന്റെ ലിംഗമോ രാജ്യമോ പ്രസവദിനമോ ഒന്നും തീരുമാനിക്കാന്‍ ആര്‍ക്കും അധികാരവുമില്ല. അതുകൊണ്ടാണ് ജന്മാവകാശം വെറും ഒത്തുകിട്ടലാണെന്ന് പറയുന്നത്.
മരണഘട്ടവും സമാനമാണ്. ഒരു സമ്പത്തുമെടുക്കാതെ, ഭൗതികമായി എത്രമേല്‍ സൗകര്യങ്ങളുണ്ടെങ്കിലും അതിലൊന്നുപോലും കൂടെ കരുതാതെ തീര്‍ത്തും ദരിദ്രനായാണു യാത്ര. ശേഷം അനന്തരാവകാശികള്‍ പരേതന്റെ അധ്വാനഫലം മുഴുവന്‍ വീതിച്ചെടുക്കുന്നു. അല്‍പകാല ജീവിതത്തില്‍ ഇടക്കു ഉപയോഗപ്പെടുത്താന്‍ മാത്രം അവകാശം ലഭിച്ച ഒരു ഇനമാണ് ധനമെന്ന് സാരം. അതുകൊണ്ട് തന്നെ സമ്പന്നനും ദരിദ്രനും അതിന്റെ ഉപകാരം ലഭിക്കണം. ദാരിദ്ര്യം മൂലം ആര്‍ക്കും ജീവിതമാര്‍ഗങ്ങള്‍ വഴിമുട്ടിപ്പോവരുത്. ഇസ്ലാം സമ്പന്നന്റെ കയ്യിലിരിപ്പ് സ്വത്തില്‍ സകാത്തു നിര്‍ദേശിക്കുന്നത് ഈ ആവശ്യാര്‍ത്ഥമാണ്.
ഭൗതിക ജീവിതം നശ്വരമാണെന്നും പരലോകമാണ് മനുഷ്യന്റെ യഥാര്‍ത്ഥ സങ്കേതമെന്നും മതം സിദ്ധാന്തിക്കുന്നു. പ്രവാചകര്‍(സ്വ)യുടെ ഭാഷയില്‍ മരണാനന്തര ജീവിതത്തില്‍ ഉപയോഗിക്കാനുള്ള വിഭവങ്ങള്‍ തയ്യാര്‍ ചെയ്യേണ്ട കൃഷിഭൂമിയാണിത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അതിനനുക്രമമായ രീതിയില്‍ സംവിധാനിക്കാനുള്ള നിയമങ്ങളാണ് ഒരര്‍ത്ഥത്തില്‍ മതം. കൃഷി സ്ഥലത്ത് പാലിക്കേണ്ട ചില രീതികളുണ്ട്. പാടില്ലാത്ത പലതുമുണ്ട്. അതൊന്നും പരിഗണിക്കാതെ വന്നാല്‍, അധ്വാനം വെറുതെയാവും. പരലോക കൃഷിയിടത്തിലും ഇത്തരം നിയമനിര്‍ദേശങ്ങള്‍ സ്വാഭാവികം. കഠിന നിയന്ത്രണങ്ങള്‍ ആവശ്യവും. നിര്‍ബന്ധം, ഐച്ഛികം, പുണ്യകരം, നിഷിദ്ധം, അനുവദനീയം എന്നിങ്ങനെ അവ ശ്രേണിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സകാത്ത്. തോട്ടങ്ങളില്‍ നിന്ന് കളപറിച്ചുകളയും പ്രകാരം സ്വത്തില്‍ നിന്ന് സകാത്ത് പറിച്ചെടുത്ത് വിതരണം ചെയ്യണം. വിശ്വാസിയുടെ സമ്പത്തും ചലനങ്ങളും ജീവിതം മുഴുക്കെയും ആഖിറത്തിനുള്ള തയ്യാറെടുപ്പാകയാല്‍ അവന്‍ സദാ ധര്‍മനിഷ്ഠ പുലര്‍ത്തുവാന്‍ ബദ്ധശ്രദ്ധനാവുക തന്നെ ചെയ്യും.
ഇങ്ങനെയാവുമ്പോള്‍ തന്നെ ഭൗതിക ലോകവുമായി സന്പൂര്‍ണ വിരക്തി ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് ഭൗതിക ലോകത്തും പരലോകത്തും നന്മ നേടാനാണ് അതിന്റെ കല്‍പന. ഈ വിരുദ്ധ ദ്വന്ദങ്ങളുടെ സംഗമത്തിനായി പ്രാര്‍ത്ഥിക്കുന്നവരെ ഖുര്‍ആന്‍ പുകഴ്ത്തുന്നുണ്ട്. പൂര്‍വിക പണ്ഡിത ശ്രേഷ്ഠരിലും സ്വഹാബിതാബിഈ പ്രമുഖരിലും വലിയ സമ്പന്നരുണ്ടായിരുന്നു. ഉസ്മാന്‍(റ), അബ്ദുറഹ്മാനുബ്നു ഔഫ്(റ), ഇമാം മാലിക്(റ) പോലുള്ളവര്‍ ഉദാഹരണം. സമ്പന്നത കൊണ്ട് സ്വര്‍ഗം വാങ്ങിയവര്‍ പോലും കൂട്ടത്തിലുണ്ട്. ആത്മീയതക്കൊപ്പം ഭൗതിക വിഭവങ്ങള്‍ക്കും സ്വരൂപണത്തിനും മാനുഷികതാല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മതം പ്രോത്സാഹനം നടത്തിയതാണിത്. കച്ചവടക്കാരന്‍ ദൈവിക മാര്‍ഗത്തിലെ പോരാളിയാണ്, ഏറ്റവും മികച്ച അന്നം സ്വകരങ്ങളാല്‍ അധ്വാനിച്ചുണ്ടാക്കുന്നതാണ്. ദാരിദ്ര്യം അവിശ്വാസത്തിലേക്ക് നയിക്കും, യാചന നടത്തുന്ന താഴെയുള്ള കൈകളേക്കാള്‍ ദാനം നല്‍കുന്ന മുകളിലെ കൈയാണ് അല്ലാഹുവിനിഷ്ടം പോലുള്ള പ്രവാചകസൂക്തികള്‍ സ്വന്തം കാലില്‍ നില്‍ക്കാനും അതിനാവശ്യമായ വിഭവങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ശക്തമായാവശ്യപ്പെടുന്നു. ഇത്തരം സൂചനകളിലൊതുക്കാതെ മതം നിലനിര്‍ത്താന്‍ തന്നെ പണം ആവശ്യമായി വരുമെന്ന് അവിടുന്ന് തുറന്നുപറഞ്ഞതും കാണാം (ഇര്‍ശാദ്). അതായത്, വിശുദ്ധ മതം സമ്പത്ത് നേടുന്നതിനെ നിരുത്സാഹപ്പെടുത്തില്ലെന്നു മാത്രമല്ല, അതുകൊണ്ട് ആത്മികഭൗതിക വിജയം നേടിയെടുക്കാനാവുമെന്ന് സമൂഹത്തെ ബോധിപ്പിക്കുകയാണ് ചെയ്യുന്നത്.
സന്പൂര്‍ണ ഭൗതിക വിരക്തി വിജയമാര്‍ഗമായി പഠിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് വിരുദ്ധമായ കാഴ്ചപ്പാടാണിത്. സമ്പത്തു മാത്രമല്ല, ഇണയും സന്താനങ്ങളും വേണ്ടെന്നുവെച്ച് ജീവിക്കുന്ന ബ്രഹ്മചര്യവും യാചനകൊണ്ടു മാത്രം അന്നം നേടാന്‍ പ്രേരിപ്പിക്കുന്ന ബുദ്ധ ഭിക്ഷാടന സംസ്കാരവും മാനവിക വിരുദ്ധമാണെന്നതു കൊണ്ടുതന്നെ മനുഷ്യപ്പറ്റുള്ള ഇസ്ലാം അത് കല്‍പിക്കുന്നില്ല. വ്യത്യസ്തമല്ല ക്രൈസ്തവ ദര്‍ശനവും. നിത്യജീവനെ പ്രാപിക്കാന്‍ എന്തു നന്മ ചെയ്യണം എന്നു ചോദിച്ച യുവാവിനോട് യേശു പറഞ്ഞതിങ്ങനെയാണ്: സല്‍ഗുണ പൂര്‍ണനാകുവാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും. യൗവനക്കാരന്‍ വളരെ സമ്പത്തുള്ളവനാകയാല്‍ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പോയ്ക്കളഞ്ഞു. യേശു ശിഷ്യന്മാരോട്: ധനവാന്‍ സ്വര്‍ഗത്തില്‍ കടക്കുന്നത് പ്രയാസം തന്നേ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അതിനേക്കാള്‍ ഒട്ടകം സൂചികക്കുഴിയിലൂടെ കടക്കുന്നത് എളുപ്പം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു (മത്തായി 192125).
സമ്പത്ത് പരലോക വിജയത്തിന് വിഘാതമാവുമെന്നതിന്റെ തുറന്നു പറച്ചിലാണിത്. ഇതുപക്ഷേ, ഇസ്ലാമിന് ചേരില്ല. ഉപരിസൂചിപ്പിച്ചതുപോലെ ഈ ലോകത്തെ സന്തോഷവും സത്യമതം പരിഗണിക്കുന്നു, വില കല്‍പ്പിക്കുന്നു. പരിധിപോലും പഠിപ്പിക്കാതെ ആവുന്നത്ര സ്വരൂപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മറ്റൊരു ചിന്തക്കും പ്രസക്തിയുണ്ട്. പണക്കാരന് പണം വര്‍ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ കാണും. എല്ലാവര്‍ക്കും സമ്പത്ത് കൈകാര്യം ചെയ്യാന്‍ പോലുമാവണമെന്നില്ല. ഒപ്പം, എല്ലാവരും ഒരേ വിധത്തില്‍ സമ്പത്തുള്ളവരോ, ദരിദ്രരോ ആയാല്‍ ലോകം താറുമാറാവും. എല്ലാവരും ഒരേ നിലവാരത്തില്‍ ജീവിക്കാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ലല്ലോ. ഡോക്ടറും എഞ്ചിനീയറും മാത്രം പോര. കോണ്‍ക്രീറ്റ് പണിക്കാരനും തൂപ്പുജോലിക്കാരനും നഴ്സും ഫാര്‍മസിസ്റ്റും മീന്‍ കച്ചവടക്കാരനുമൊക്കെ വേണം. സമൂഹം ശ്രേണീബദ്ധമാവുന്നത് അനിവാര്യം തന്നെയാണ്. എന്നുവെച്ച് ആര്‍ക്കും ജീവിതം ദുസ്സഹമാവരുത്. ഒരേ നിലവാരത്തിലല്ലെങ്കിലും പ്രതിസന്ധികളില്ലാതെ ജീവിക്കാനാവണം. ഇതൊക്കെ പരിഗണിച്ചു നോക്കുമ്പോള്‍ സകാത്ത് സമ്പന്നന്റെ ഔദാര്യമല്ല; ദരിദ്രന്റെ അവകാശം തന്നെയാണെന്ന് ബോധ്യമാവും. എന്നു മാത്രമല്ല, ദായകനടങ്ങുന്ന ഉപരി വര്‍ഗത്തിന്റെ നിലനില്‍പുപോലും അവകാശികളാകുന്ന താഴെകിടക്കാരുടെ നിലനില്‍പ്പിനെ ആശ്രയിച്ചാവുമ്പോള്‍, അവരുടെ സുഖം, സൗകര്യം, ആരോഗ്യം എല്ലാം സമ്പന്നരുടെ കൂടി ആവശ്യമായി വരുന്നു.
മനുഷ്യനെ അറിയാനും പരിഗണിക്കാനും സകാത്ത് വഴി സാധ്യമാവുന്നു. അവനെ സേവിക്കാനും എല്ലാവര്‍ക്കുമാവാത്ത സമ്പത്ത് നേടലിനു സഹായിക്കാനും ഇതുവഴി കഴിയും. ഈ സംതൃപ്തിക്കു പുറമെ സ്വര്‍ഗീയ ലോകം കാത്തിരിക്കുകയും ചെയ്യുന്നു. ഇവിടെയാണ് സകാത്ത് ജനസേവനത്തിന്റെ സ്വര്‍ഗീയ സന്പാദ്യമായിത്തീരുന്നത്.
പരലോകത്ത് നന്മകള്‍ക്ക് മതം പ്രഖ്യാപിച്ച ഗുണങ്ങളും നിഷിദ്ധങ്ങള്‍ക്കുള്ള കഠിന ശിക്ഷയുമൊന്നും ലഭിക്കില്ലെന്നു വെറുതെ സങ്കല്‍പിച്ചാലും അവ കാരണം വിശ്വാസിക്ക് ഒരു നഷ്ടവും ഈ ലോകത്തുതന്നെയും സംഭവിക്കുന്നില്ലെന്നതാണ് മതകല്‍പനകളുടെ ഒരു ഗുണം. മദ്യപാനിക്കുള്ള ശിക്ഷ വെറുതെ പറഞ്ഞതാണെന്നു സങ്കല്‍പ്പിച്ചാല്‍പോലും അതുപേക്ഷിച്ചതു കൊണ്ട് ഒരു നഷ്ടവും വരില്ലെന്നു വ്യക്തം. സമ്പത്ത്, ആരോഗ്യം, കുടുംബ ബന്ധം പോലുള്ള ധാരാളം ഗുണങ്ങള്‍ കിട്ടാനുണ്ടുതാനും. ഈ പൊതു ഗുണം സകാത്തിനുമുണ്ട്. സമൂഹത്തെ സംരക്ഷിച്ചതിന്റെ, സഹജീവിക്ക് അത്താണിയായതിന്റെ സംതൃപ്തി. അതു കാരണമായുള്ള മാനസികശാരീരിക ആരോഗ്യവും.
അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക മതം ഇസ്ലാമാകുന്നു (319).

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ