ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യൻ. പ്രാതിനിധ്യത്തിന് ദൈവനിഷ്ഠമായ താൽപര്യങ്ങൾ പൂർത്തീകരിക്കുകയാണ് മനുഷ്യന്റെ ജീവിത ധർമം. ഭൂമിയും അതിലെ സർവചരാചരങ്ങളും ഉടമസ്ഥനായ അല്ലാഹുവിന്റെ അമാനത്താണ്. മനുഷ്യന്റെ ജീവിത നിലനിൽപ്പിനാധാരമായ സമ്പത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇസ്‌ലാമിക വിശ്വാസപ്രകാരം അല്ലാഹുവാണ് സമ്പത്തിന്റെ യഥാർഥ ഉടമസ്ഥൻ. മനുഷ്യൻ കൈവശക്കാരനാണ്. അതിനാൽ അവയുടെ സമ്പാദനത്തിലും വിനിയോഗത്തിലും വിനിമയത്തിലും ഉടമസ്ഥൻ ചില നിയമങ്ങളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്. അതിനനുസൃതമായേ മനുഷ്യൻ ക്രയവിക്രയം നടത്താവൂ.
ലോകത്തെ എല്ലാ മനുഷ്യർക്കും ഒരുപോലെയല്ല അല്ലാഹു സമ്പത്ത് നൽകിയത്. അവരിൽ സമ്പന്നനെയും മഹാസമ്പന്നനെയും ദരിദ്രനെയും പരമ ദരിദ്രനെയും കാണാം. സമ്പത്ത് ഒരു വിഭാഗത്തിൽ കെട്ടിക്കിടക്കാതെ കറങ്ങിക്കൊണ്ടിരിക്കുകയും ദരിദ്രരിലേക്ക് എത്തുകയും ചെയ്യുമ്പോഴാണ് ധന വിതരണത്തിൽ സന്തുലിതാവസ്ഥ കൈവരുക. അതിനാണ് ഇസ്‌ലാം ധനികരുടെ സമ്പത്തിൽ ബാധ്യതയായി സകാത്ത് നിശ്ചയിച്ചത്.
സകാത്ത് വ്യവസ്ഥയിൽ പണം പാവപ്പെട്ടവരിൽ നിന്ന് വീണ്ടും ധനികരിലേക്ക് ഒഴുകുന്ന വിരോധാഭാസം സംഭവിക്കുകയില്ല. മറിച്ച്, ധനികരിൽ നിന്ന് പാവപ്പെട്ടവരിലേക്ക് ധനം പ്രവഹിക്കുന്ന മനോഹര കാഴ്ചയാണവിടെ കാണാനാവുക. ദാരിദ്ര്യ നിർമാർജനത്തിനും അശരണരും ആലംബഹീനരുമായ ജനവിഭാഗത്തിന്റെ സംരക്ഷണത്തിനും ഇത്രയേറെ ഗുണകരവും പ്രായോഗികവുമായ മറ്റൊരു സംവിധാനം ഒരു വ്യവസ്ഥിതിയിലും സമൂഹത്തിലുമില്ല.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് സകാത്ത്. വളർച്ച, ശുചിത്വം എന്നൊക്കെയാണ് ഇതിന്റെ ഭാഷാർഥം. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി നിർണയിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് സ്വത്തിൽ നിന്ന് നൽകപ്പെടുന്ന വിഹിതത്തിനാണ് സാങ്കേതികമായി സകാത്ത് എന്നു പറയുന്നത്. ധനം ശുദ്ധമാവണമെങ്കിൽ ധനികൻ നിർബന്ധ ബാധ്യതയായ സകാത്ത് കൊടുത്തിരിക്കണം.

സകാത്ത് വിതരണം

സകാത്ത് അതിന്റെ അവകാശികൾക്കിടയിൽ വിതരണം ചെയ്യാൻ ഇസ്‌ലാം മൂന്ന് രീതികളാണ് പഠിപ്പിച്ചിട്ടുള്ളത്. ഒന്ന്: സകാത്ത് കൊടുക്കുന്നയാൾ അവകാശികളിലേക്ക് നേരിട്ട് എത്തിക്കുക. രണ്ട്: ഇസ്‌ലാമിക ഭരണം നടക്കുന്ന പ്രദേശമാണെങ്കിൽ ഭരണാധികാരിയെ വിഹിതം ഏൽപിക്കുക. മൂന്ന്: സകാത്ത് ദായകൻ തന്റെ വിഹിതം അവകാശികളിലെത്തിക്കാൻ നിബന്ധനകളൊത്ത ഒരു വകീലിനെ ചുമതലപ്പെടുത്തുക. ഈ മൂന്ന് രീതികൾ മാത്രമേ സകാത്ത് വിതരണത്തിൽ അനുവദനീയമായിട്ടുള്ളൂ. പുത്തൻവാദികൾ ഉണ്ടാക്കിയ സകാത്ത് കമ്മിറ്റി വകീലിന്റെ സ്ഥാനത്തല്ല. അവർക്ക് കൊടുത്താൽ ബാധ്യത വീടുകയില്ല. അതിനാൽ കമ്മിറ്റി വഴിയുള്ള സകാത്ത് വിതരണം സാധുവല്ല. ഇബ്‌നു ഹജറുൽ ഹൈതമി(റ) പറയുന്നു: വകീലിന്റെ നിബന്ധന നിശ്ചിത വ്യക്തിയാവണമെന്നതാണ്. കമ്മിറ്റി ഒരിക്കലും നിശ്ചിത വ്യക്തി അല്ലല്ലോ. ആകയാൽ വിതരണത്തിനായി ഇസ്‌ലാം പഠിപ്പിച്ച ഒരു രീതിയിലും സകാത്ത് കമ്മിറ്റി എന്ന സംവിധാനമില്ല.

കച്ചവട സകാത്ത്

സാമൂഹ്യജീവിതത്തിൽ അനിവാര്യമായ ഒന്നാണല്ലോ കച്ചവടം. നിബന്ധനകളൊത്ത എല്ലാ കച്ചവടങ്ങളിലും സകാത്ത് നിർബന്ധമാണ്. അറബിക് കലണ്ടർ പ്രകാരം വർഷം പൂർത്തിയാകുമ്പോൾ വിൽപനക്കുവെച്ച അയാളുടെ ഉടമസ്ഥതയിലുള്ള എല്ലാ സാധനങ്ങളുടെയും സ്റ്റോക്കെടുപ്പ് നടത്തി അന്നത്തെ വിലനിലവാരമനുസരിച്ച് വില കെട്ടുക. സൂക്ഷിച്ചുവെച്ച ലാഭവും കൂട്ടിയിട്ട് ആകെ ലഭിക്കുന്ന തുക 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതിലധികമോ ഉണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം. ലഭിച്ച ലാഭം മറ്റാവശ്യങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അത് ഈ കണക്കിലേക്ക് കൂട്ടുകയില്ല. അതിന് അതിന്റേതായ സകാത്ത് വരുന്നതാണ്. പണമാണ് സകാത്തായി നൽകേണ്ടത്. കച്ചവട വസ്തുക്കൾ വല്ലതും എടുത്തുനൽകുന്നത് ശരിയാവുകയില്ല.
ഇബ്‌നു ഹജർ(റ) തുഹ്ഫയിൽ കുറിച്ചു: ‘ഒരു പ്രതിഫലവും കൂടാതെ ദാനമായി ലഭിച്ച വസ്തുക്കൾ, സ്വന്തമായി വെട്ടി ശേഖരിച്ച വിറകുകൾ, വേട്ടയാടി പിടിച്ച വസ്തുക്കൾ, അനന്തരാവകാശത്തിലൂടെ ലഭിച്ച മുതലുകൾ തുടങ്ങിയവ കച്ചവടച്ചരക്കാണെന്ന് ഉദ്ദേശിച്ചാലും ആ വസ്തുക്കൾക്ക് കച്ചവട സകാത്ത് നിർബന്ധമില്ല. കാരണം, ഈ വസ്തുക്കളൊന്നും തന്നെ ഒരു പ്രതിഫലത്തിന് പകരമായി നേടിയെടുത്തതല്ല. ഒരു പ്രതിഫലവുമില്ലാതെ നേടിയെടുത്ത വസ്തുക്കളെ കച്ചവടച്ചരക്കായി ഗണിക്കുകയില്ല’ (തുഹ്ഫ 3/297).
അനന്തരമായി ലഭിച്ച സ്വത്തിനു സകാത്ത് നിർബന്ധമില്ലെന്ന് പറഞ്ഞത് അനന്തരസ്വത്ത് കച്ചവടത്തിലെ ചരക്കുകൾ ആകാത്തിടത്താണ്. എന്നാൽ, ലഭിച്ച അനന്തരസ്വത്ത് കച്ചവടച്ചരക്കാണെങ്കിൽ അനന്തരാവകാശി ആ ചരക്കുകളിൽ കച്ചവടം എന്ന ഉദ്ദേശ്യത്തോടെ ക്രയവിക്രയങ്ങൾ നടത്തുമ്പോൾ മാത്രമേ വർഷാരംഭമായി കണക്കാക്കൂ.

പള്ളി, മദ്‌റസ

പള്ളികൾ, മദ്‌റസകൾ പോലെയുള്ള ദീനീ സ്ഥാപനങ്ങളുടെ സ്വത്തുക്കൾക്ക് സകാത്ത് നൽകേണ്ടതില്ല. അവ സ്ഥാപനങ്ങൾക്ക് ഉടമസ്ഥാവകാശമുള്ളതാണെങ്കിലും സകാത്ത് നിർബന്ധമില്ല. കാരണം മിൽക്കിയ്യത്ത് അഥവാ ഉടമസ്ഥാവകാശം സകാത്ത് നിർബന്ധമാകാൻ അനിവാര്യമാണ്. പൊതുസ്ഥാപനങ്ങളുടെ സമ്പാദ്യത്തിൽ വ്യക്തികൾ നടത്തിപ്പുകാരാണ്, ഉടമസ്ഥരല്ല.

സ്വർണം, വെള്ളി

മനുഷ്യന്റെ അടിസ്ഥാന ധനമാണ് സ്വർണവും വെള്ളിയും. ആഭരണമല്ലാത്ത സ്വർണം 20 മിസ്‌കാൽ അഥവാ 85 ഗ്രാമും (10 പവനും 5 ഗ്രാമും) വെള്ളി 200 ദിർഹം അഥവാ 595 ഗ്രാമും ഒരു വർഷം സൂക്ഷിപ്പ് സ്വത്തായിരുന്നാൽ രണ്ടര ശതമാനം സകാത്ത് നൽകണം. അനുവദനീയമായ ആഭരണങ്ങൾക്ക് സകാത്തില്ല. സ്വർണത്തിന്റെ സകാത്ത് നൽകുമ്പോൾ സ്വർണം തന്നെ നൽകണം, വില മതിയാവുകയില്ല.

കറൻസി

സ്വർണത്തിലും വെള്ളിയിലും സകാത്ത് നിർബന്ധമായത് സാർവത്രിക വിലയാവുക എന്ന നിലയിലാണ്. ഇപ്പോൾ ആഗോള അടിസ്ഥാനത്തിൽ കറൻസിയാണ് വിനിമയ മാധ്യമം. സ്വർണം, വെള്ളി എന്നിവയുടെ സാർവത്രിക വില സ്വഭാവം ഏതിനു കൈവന്നാലും അതിനെല്ലാം സകാത്ത് നിർബന്ധമാകും. അതിനാൽ കറൻസിക്ക് സകാത്ത് നിർബന്ധമാണ്.

കറൻസിയിൽ സകാത്ത് നിർബന്ധമാകുന്നതിന്റെ അടിസ്ഥാനം വെള്ളിയാണ്. ഇതനുസരിച്ച് വെള്ളിയുടെ നിസ്വാബായ 595 ഗ്രാമിന്റെ വിലയുടെ തുല്യമായ തുകയാണ് കറൻസിയുടെ നിസ്വാബ് (സകാത്ത് നിർബന്ധമാകുന്നതിന്റെ പരിധി). അത്രയും തുക ഒരു വർഷം കൈവശം വെച്ചവർ രണ്ടര ശതമാനം സകാത്ത് നൽകേണ്ടതാണ്.

സ്ത്രീധനം, മഹ്ർ

ഭാര്യാ പിതാവ് മരുമകന് നൽകുന്ന പണം പൂർണമായി ഉടമയാക്കി കൊടുത്തെങ്കിൽ അത് കടമല്ല. അത് പിന്നീട് തിരിച്ച് വരില്ല. അങ്ങനെ ഉടമയാക്കി കൊടുത്തിട്ടില്ലെങ്കിൽ എന്നെങ്കിലും ഭാര്യാപിതാവിലേക്ക് തിരിച്ച് വന്നാൽ 595 ഗ്രാം വെള്ളിയുടെ തുകയുള്ളപക്ഷം അതിന്റെ സകാത്ത് കഴിഞ്ഞ വർഷങ്ങൾ കണക്കാക്കി കൊടുക്കണം. ഒന്നാം വർഷത്തെ സംഖ്യയിലും കുറവായിരിക്കും രണ്ടാം വർഷത്തിന്റെ പേരിലുള്ള സകാത്ത്.
ഇതുപോലെയാണ് മഹ്‌റും. മഹ്‌റായി ലഭിച്ചത് സകാത്ത് നിർബന്ധമാകുന്നഅളവുണ്ടാവുകയും അത് സൂക്ഷിപ്പ് സ്വത്തായി ഒരു വർഷമിരിക്കുകയും ചെയ്താൽ സകാത്ത് നിർബന്ധമാകും. എന്നാൽ മഹ്ർ ആഭരണമാണെങ്കിൽ ആഭരണത്തിന്റെ നിയമമാണ് ബാധകമാകുക.

ഡെപ്പോസിറ്റുകൾ, അഡ്വാൻസുകൾ

ബേങ്കിലും ധനകാര്യ സ്ഥാപനങ്ങളിലും ഡെപ്പോസിറ്റ് ചെയ്താൽ നിക്ഷേപത്തുക സകാത്ത് നിർബന്ധമാകുന്ന നിസ്വാബെത്തുകയും ഒരു വർഷം തികയുകയും ചെയ്താൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം. ഓരോ വർഷത്തിന്റെയും സകാത്ത് അതാത് വർഷം തന്നെ നൽകണം.

കടകൾക്കും മറ്റും നൽകുന്ന അഡ്വാൻസ് തിരിച്ച് നൽകും എന്ന നിബന്ധനയിൽ വാങ്ങിയതാണെങ്കിൽ അത് നൽകിയവർ ഓരോ വർഷം പിന്നിടുമ്പോഴും സകാത്ത് നൽകാൻ ബാധ്യസ്ഥരാണ്. പ്രസ്തുത സംഖ്യ നൽകുന്നവന്റെ ഉടമസ്ഥതയിൽ തന്നെയായതിനാൽ സകാത്ത് നിർബന്ധമാകുന്ന കണക്കുള്ളപക്ഷം വർഷം പൂർത്തിയാവുമ്പോൾ രണ്ടര ശതമാനം സകാത്ത് കൊടുക്കണം.

കുറി

ദിവസത്തിലോ ആഴ്ചയിലോ മാസത്തിലോ അടച്ചുതീർക്കുന്ന രൂപത്തിലുള്ള കുറി സകാത്ത് നിർബന്ധമാകുന്ന നിശ്ചിത തുക (595 ഗ്രാം വെള്ളിക്ക് സമാനമായ തുക) എത്തുകയും ശേഷം ഒരു വർഷം ഉപയോഗിക്കാതെ കിടക്കുകയും ചെയ്താൽ ആ സംഖ്യക്ക് സകാത്ത് നിർബന്ധമാകും.

പ്രോവിഡന്റ് ഫണ്ട്

ഉദ്യോഗസ്ഥരുടെ മാസ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത വിഹിതം മാനേജ്‌മെന്റ് പിടിച്ച് ഫണ്ടായി സൂക്ഷിക്കുന്നു. ആ സംഖ്യ തൊഴിലാളിയുടേതാണ്. ലഭിക്കാൻ വൈകുമെന്നേയുള്ളൂ. ഫണ്ടിലേക്ക് അടച്ചതുക സകാത്ത് നിർബന്ധമാകുന്ന സംഖ്യ എത്തിക്കഴിഞ്ഞു ഒരു വർഷം പിന്നിട്ടാൽ ആ പിഎഫ് വിഹിതത്തിനു സകാത്ത് നൽകണം. ഇപ്പോൾ കൈയിൽ ലഭിക്കാത്തത് കൊണ്ട് കിട്ടുമ്പോൾ കൊടുത്താൽ മതിയെന്നു മാത്രം. ഓരോ വർഷത്തേയും സകാത്ത് സംഖ്യ അവൻ രേഖപ്പെടുത്തിവെക്കണം.

കടം

കടമായി നൽകിയ തുക സകാത്ത് നിർബന്ധമായ സംഖ്യയുണ്ടാവുകയും വാങ്ങിയത് അടച്ചുതീർക്കാൻ പ്രയാസമില്ലാത്തയത്ര സമ്പത്തുള്ളയാളാവുകയും കൊല്ലം തികയുന്ന സമയം അദ്ദേഹത്തോട് ചോദിച്ചാൽ ലഭിക്കുകയും ചെയ്യുമെങ്കിൽ ഉടമ അപ്പോൾ തന്നെ ഓരോ വർഷത്തിനും സകാത്ത് കൊടുക്കണം. എന്നാൽ പാവപ്പെട്ടവന്റെ കൈയിലാണ് കടം കുടുങ്ങിപ്പോയതെങ്കിൽ തിരിച്ചു ലഭിച്ചതിന് ശേഷം കഴിഞ്ഞ ഓരോ വർഷങ്ങൾക്കുമുള്ളത് കൊടുക്കണം. നഷ്ടപ്പെട്ടതോ പിടിച്ചുപറിക്കപ്പെട്ടതോ കളവുപോയതോ ആയവ ലഭിച്ചാൽ മിനിമം കണക്കുണ്ടെങ്കിൽ ഓരോ വർഷത്തിനും സകാത്ത് നൽകണം.

മേൽവാടക

കച്ചവടച്ചരക്കുകൾ രണ്ടിനമുണ്ട്. ഒന്ന്: വസ്തുക്കൾ. രണ്ട്: ഫലങ്ങൾ. ഇത് പ്രകാരം സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടം, വാഹനം തുടങ്ങിയവ വാടകക്ക് കൊടുത്താൽ കച്ചവട സകാത്ത് നിർബന്ധമില്ല. എന്നാൽ വാടകക്ക് നൽകി ലാഭം നേടണമെന്ന ലക്ഷ്യത്തോടെ മറ്റൊരാളിൽ നിന്ന് വാടകക്കെടുത്ത കെട്ടിടം, വാഹനം തുടങ്ങിയവ കച്ചവടച്ചരക്കായി പരിഗണിക്കുകയും അതിൽ കച്ചവട സകാത്ത് നിർബന്ധമാകുന്നതുമാണ്.

റിയൽ എസ്റ്റേറ്റ്, വാഹനക്കച്ചവടം

കച്ചവട ലക്ഷ്യത്തോടെ വാങ്ങുന്ന പറമ്പുകൾ, വാഹനങ്ങൾ എന്നിവ കച്ചവടച്ചരക്കുകളായിത്തീരുമെന്നാണ് ഇസ്‌ലാമിക നിയമം. അതനുസരിച്ച് വർഷം തികയുമ്പോൾ വിൽക്കാനായി നിശ്ചയിച്ച ഭൂമിയുടെ/ വാഹനങ്ങളുടെ കണക്കെടുക്കേണ്ടതും നിശ്ചിത തുക യുണ്ടെങ്കിൽ ആകെയുള്ളതിന്റെ രണ്ടര ശതമാനം സകാത്ത് നൽകേണ്ടതുമാണ്.

ഫാമുകൾ

സകാത്ത് നിർബന്ധമാകുന്നതിന് അനിവാര്യമായ നിബന്ധനയാണ് ഒരു വർഷം പൂർണമായും ഉടമസ്ഥതയിൽ നിലനിൽക്കണമെന്നത്. ജീവികളിൽ സകാത്ത് നിർബന്ധമാകുന്ന ആട്, മാട്, ഒട്ടകങ്ങൾ എന്നിവയുടെ വളർത്തു കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവയിൽ ഇടക്കാലത്ത് വിൽപന നടത്തുകയും പകരം വാങ്ങുകയും ചെയ്യുമ്പോൾ സകാത്ത് നിർബന്ധമാകുന്നതിനുള്ള എണ്ണം തികയുമെങ്കിലും ഒരു വർഷം എന്നത് തികയുന്നില്ല. മാത്രമല്ല, ഭക്ഷണം കൊടുക്കാനും കുടിപ്പിക്കാനും മറ്റും ചെലവുകൾ വഹിക്കുന്നുവെങ്കിൽ സകാത്ത് നിർബന്ധമാകില്ല എന്നാണ് കർമശാസ്ത്ര പണ്ഡിതർ പറയുന്നത്.

എന്നാൽ തീറ്റ കൊടുക്കാനും മറ്റും ചെലവുകളില്ലാതിരിക്കുകയും വർഷങ്ങൾ അവ തന്റെ ഉടമസ്ഥതയിൽ നിലനിൽക്കുകയും നിശ്ചിത എണ്ണം ഉണ്ടാവുകയും ചെയ്താൽ അത്തരം വളർത്തു കേന്ദ്രങ്ങളിലെയും ഫാമുകളിലെയും ആട്, മാട്, ഒട്ടകങ്ങൾക്ക് സകാത്ത് നിർബന്ധമാവും.

അഡ്വാൻസ് സകാത്ത്

സകാത്ത് കൊടുത്തു വീട്ടേണ്ടത് അത് കൊടുക്കൽ നിർബന്ധമാകുന്ന സമയത്താണ്. ആ സമയത്തെയും വിട്ടു കാരണമില്ലാതെ പിന്തിക്കൽ ഹറാമാണ്. അതേസമയം വർഷം പൂർത്തിയാകുന്നതിന് മുമ്പ് കച്ചവടത്തിന്റെ സകാത്ത് മുൻകൂർ നൽകൽ അനുവദനീയമാണ്. പക്ഷേ, ഒന്നിലധികം വർഷങ്ങളുടെ സകാത്ത് മുന്തിക്കൽ അനുവദനീയമല്ല. ഉദാഹരണത്തിന്, റമളാൻ കഴിഞ്ഞ് ആറു മാസത്തിന് ശേഷം വർഷം പൂർത്തിയാകുന്ന കച്ചവടത്തിന്റെ സകാത്ത് റമളാനിൽ അതിന്റെ നിയ്യത്തോടെ കൊടുക്കുന്നത് കൊണ്ട് ബുദ്ധിമുട്ടില്ല. പക്ഷേ ഇമാമീങ്ങൾ പറഞ്ഞ നിബന്ധനകൾ അവിടെ പാലിക്കേണ്ടതുണ്ട്. സകാത്ത് നൽകിയ ഉടമ വർഷാവസാനം വരെ, അഥവാ യഥാർഥത്തിൽ സകാത്ത് നിർബന്ധമാകുന്ന ദിവസം വരെ സകാത്ത് നൽകാൻ അർഹതപ്പെട്ടവനാകണം. മറ്റൊന്ന് സകാത്ത് വാങ്ങിയവൻ വർഷാവസാനം വരെ സകാത്തിന്റെ അവകാശിയായിരിക്കണം. ഈ നിബന്ധനകൾ പാലിക്കപ്പെട്ടില്ലെങ്കിൽ അവൻ മുൻകൂട്ടി കൊടുത്തത് സകാത്തായി പരിഗണിക്കപ്പെടുകയില്ല.

 

ഫിത്വ്ർ സകാത്ത്

ചെറിയ പെരുന്നാൾ രാവിന്റെ സൂര്യാസ്തമയമായാലാണ് ഫിത്വ്ർ സകാത്ത് നിർബന്ധമാകുക. ആ സമയത്ത് ജീവിച്ചിരിക്കുന്നവർക്കെല്ലാവർക്കും വേണ്ടി സകാത്ത് കൊടുക്കണം. തന്റെയും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെയും പെരുന്നാൾ രാത്രിയിലേക്കും പകലിലേക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം, ഭവനം എന്നീ ആവശ്യങ്ങൾ കഴിച്ച് മിച്ചമുള്ള എല്ലാ മുസ്‌ലിമും ഫിത്വ്ർ സകാത്ത് നൽകണം. പലപ്പോഴും ഈ സകാത്ത് വാങ്ങാൻ അർഹനായവർ തന്നെ കൊടുക്കാനും ബാധ്യസ്ഥരാകും.
ഓരോ നാട്ടിലെയും മുഖ്യാഹാരമാണ് ഫിത്വ്ർ സകാത്തായി നൽകേണ്ടത്. ഓരോ വ്യക്തിക്കും ഓരോ സ്വാഅ് (നാല് മുദ്ദാണ് ഒരു സ്വാഅ്. ഒരു മുദ്ദ് 800 മില്ലി ലിറ്റർ, ഒരാളുടെ സകാത്ത് മൂന്നു ലിറ്ററും 200 മില്ലിലിറ്ററും വരും) എന്ന കണക്കിലാണ് കൊടുക്കേണ്ടത്. പ്രായം ചെന്നവരും കുട്ടികളും ഈ അളവിൽ തുല്യരാണ്.
ഫിത്വ്ർ സകാത്ത് പണമായി നൽകുന്നത് സ്വീകാര്യമല്ല. ഇതുകൊണ്ട് സകാത്ത് വീടുകയുമില്ല. പണമായി നൽകുന്നതിന് ഒരടിസ്ഥാനവുമില്ല. ഇമാം നവവി(റ) രേഖപ്പെടുത്തി: ഭക്ഷണസാധനമായ ധാന്യം കൊടുക്കുന്നതിനു പകരം മാവ്, റൊട്ടി തുടങ്ങിയവ കൊടുത്താൽ മതിയാവുകയില്ല. വില നൽകിയാൽ മതിയാവാത്തത് പോലെതന്നെ (റൗള). ഇമാം റംലി(റ) പറയുന്നത് കാണുക: നമ്മുടെ മദ്ഹബിൽ വില കൊടുത്താൽ മതിയാകില്ലെന്നത് ഏകകണ്ഠാഭിപ്രായമാണ് (നിഹായ).
ഗൾഫിലെ സാഹചര്യങ്ങൾ എടുത്തുകാട്ടി ഇവിടെ പണം നൽകലേ മാർഗമുള്ളൂവെന്ന് വാദിക്കുന്ന ചിലരുണ്ട്. അസംബന്ധമാണത്. അവിടങ്ങളിൽ സകാത്ത് വാങ്ങാൻ അർഹരായ ധാരാളം ആളുകളുണ്ട്. അവരെ ഏൽപിക്കാം. ഇനി ഒരു നാട്ടിൽ അർഹരായ ആളുകളില്ലെങ്കിൽ അവകാശികളുള്ള നാടുകളിലേക്ക് പണം അയച്ചുകൊടുത്ത് ധാന്യം വാങ്ങി സകാത്ത് വിതരണം ചെയ്യാൻ ഒരാളെ വകാലത്താക്കണം.

മുസ്ഥഫ സഖാഫി കാടാമ്പുഴ

1 comment
  1. പഠനാർഹമായ ലേഖനം . സകാതിന്റെ വിവിധ ഭാഗങ്ങൾ അനിവാര്യമായി അറിേയേണ്ടവ സ്ഫുടമായ ഭാഷയിൽ വിശകലനം ചെയ്യുന്നു
    ഫാമുകളുെടെ സകാത് . അഡ്വൻസ് സകാത് ഏറെ ശ്രേദ്ദേയം
    സുന്നി വോയ്സസിനും മുസ്തഫ സഖാഫി കാടാമ്പുഴ ക്കും അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…