സത്യവിശ്വാസികളുടെ അകതാരില്‍ എന്നെന്നും പ്രോജ്വലിച്ചു നില്ക്കുന്ന ഹരിതാഭമായ ഒരു ഭവനമുണ്ട്. റസൂലിന്റെയും പ്രഥമ വിശ്വാസികളുടെയും ആത്മബന്ധത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ബലദുല്‍ അമനിലെ വീട്. കൊച്ചു ഭവനമെങ്കിലും അതായിരുന്നു അന്നവരുടെ അഭയസങ്കേതം. വെളിച്ചത്തിന്റെ വൈതാളികരായ ഖുറൈശികളില്‍ നിന്നും ഒളിഞ്ഞും മറഞ്ഞും പ്രബോധനത്തിന് ആതിഥേയത്വം വഹിച്ച സുന്ദരഭവനം.
അബൂബക്ര്(റ), ഉസ്മാന്(റ), അബ്ദുറഹ്മാനുബ്നു ഔഫ്(റ), അമ്മാര്‍(റ), സഅ്ദ്(റ), ത്വല്‍ഹത്(റ), സുബൈര്‍(റ), അബൂഉബാദ(റ) തുടങ്ങി ചിലര്‍ മാത്രമേ അന്ന് വിശ്വസികളായി ഉള്ളൂ. നന്മയുടെ കൈത്തിരി കെടാതെ കാത്ത് സൂക്ഷിക്കാന്‍ അവര്‍ക്ക് ആശ്വാസത്തിന്റെ തണലും അത്താണിയുമായി ആ സങ്കേതം. ചുരുക്കത്തില്‍ പ്രഥമ വിശ്വാസീ സംഘത്തിന്റെ എല്ലാമെല്ലാമായിരുന്നു ആ വീട്.
വീട്ടുകാരനിലേക്ക് ചേര്‍ത്താണ് വീട് പ്രസിദ്ധമായത്. ദാറുല്‍ അര്‍ഖം. മഖ്സൂമീ ഗോത്രക്കാരനായ അബ്ദു മനാഫ്ബ്നു അസദായിരുന്നു അര്‍ഖമിന്റെ പിതാവ്. ഹാരിസിന്റെ മകള്‍ ഉമൈമ മാതാവും. അര്‍ഖമിന്റെ ജനനത്തോടെ അബുല്‍ അര്‍ഖം എന്ന ഓമനപ്പേരിലാണ് ഇദ്ദേഹം പിന്നീട് അറിയപ്പെട്ടത്. ദീര്‍ഘകാലം ജീവിച്ച ഈ സ്വഹാബി പ്രവാചകരുടെ ഒന്നാം ഉത്തരാധികാരി സിദ്ദീഖുല്‍ അക്ബര്‍(റ) വഫാത്തായ ഹിജ്റ വര്‍ഷം പതിമൂന്ന് ജമാദുല്‍ ഉഖ്റാ ഇരുപത്തിരണ്ടിനാണ് പരലോകം പൂകിയത്.
ഇസ്ലാമിലെ പന്ത്രണ്ടാമത്തെ അംഗമായിരുന്നു അര്‍ഖം എന്നാണ് ചരിത്രം. ഏഴാമനാണെന്നും അഭിപ്രായമുണ്ട്. ഇസ്ലാം ആശ്ലേഷിക്കുന്നതിന്റെ മുമ്പൂതന്നെ മക്കയിലെ പ്രധാനിയായിരുന്ന അര്‍ഖം തന്റെ ഗോത്രത്തെ പ്രതിനിധീകരിച്ച് പല പരിപാടികളിലും സംബന്ധിച്ചിരുന്നു.
തിരുനബി(സ്വ)ക്ക് പ്രവാചകത്വം ലഭ്യമാകുന്നതിന്റ രണ്ടു പതിറ്റാണ്ട് മുമ്പ് അബ്ദുല്ലാഹിബ്നു ജദ്ആന്‍ എന്ന മക്കയിലെ പ്രസിദ്ധനായ ധര്മിഷ്ഠന്റെ ഭവനത്തില്‍ ഖുറൈശികള്‍ ഒരു യോഗം ചേര്‍ന്നു. അബ്ദുല്‍ മുത്തലിബിന്റെ പുത്രനും തിരുനബി(സ്വ)യുടെ മുതിര്‍ന്ന പിതൃവ്യനുമായ സുബൈര്‍(റ) ആയിരുന്നു സംഘാടകന്‍. ഖുറൈശികളിലെ എല്ലാ ഉപഗോത്രങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രസ്തുത യോഗത്തെ അഭിസംബോധനം ചെയ്തു സംസാരിച്ചതും അദ്ദേഹം തന്നെ. സ്വന്തം നാടിന്റെ അഭിമാനവും യശസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ ചല തീരുമാനങ്ങള്‍ കൈക്കൊള്ളാനായിരുന്നു ആ സമ്മേളനം. പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ:
സ്വദേശികളായാലും വിദേശികളായാലും ഒരു വ്യക്തിയും തന്നെ മക്കാ പ്രദേശത്ത് അക്രമത്തിനും അനീതിക്കും വിധേയരാകാന്‍ പാടില്ല. ഈ പ്രദേശത്ത് അക്രമിക്കപ്പെടുന്നവന്റെ സങ്കട നിവൃത്തിക്ക് മക്കാ നിവാസികള്‍ ഒറ്റക്കെട്ടായി നീങ്ങും. അക്രമി ആരായാലും അവനെതിരെ എല്ലാവരും കൈകോര്‍ക്കുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു. ഈ സംഭവം ഹില്ഫുല് ഫുളൂല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതില്‍ മഖ്സൂമി ഉപഗോത്രത്തെ പ്രതിനിധീകരിച്ചെത്തിയവരില്‍ അര്‍ഖമും ഉണ്ടായിരിക്കുന്നു.
സ്വഫയുടെ കിഴക്ക് വശത്തായിരുന്നു പ്രഥമ വിശ്വാസികളുടെ ഒളിത്താവളമായിരുന്ന അര്‍ഖമിന്റെ വീട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പൂവരെ ബാബു അര്‍ഖം എന്ന ഒരു കവാടവും ദാറുല്‍ അര്‍ഖം എന്നു പേരെഴുതിയ കെട്ടിടവും അടച്ചിട്ട ഒരു റൂമും അവിടെ ഉണ്ടായിരുന്നുവത്രെ.
ഉമര്‍(റ) ഇസ്ലാമില്‍ വരുന്നതിനു മുമ്പ് തിരുനബി(സ്വ)യും കുറഞ്ഞ അനുചരന്മാരും അര്‍ഖമിന്റെ വീട്ടില്‍ വെച്ച് രഹസ്യമായാണ് പ്രബോധനം നടത്തിയിരുന്നത്. എന്നാല്‍ ഇരുപത്തിയേഴാം വയസ്സില്‍, നുബുവ്വത്തിന്റെ ആറാം വര്‍ഷം ദുല്‍ഹജ്ജ് മാസം ഉമര്‍(റ) ഇസ്ലാമിലെത്തിയതോടെ പ്രബോധന പ്രവര്‍ത്തനത്തിന് പരസ്യ സ്വഭാവം കൈവന്നു. തിരുദൂതര്‍ക്ക് ചുറ്റുമുണ്ടായിരുന്ന അനുചരന്മാര് അത്യുച്ചത്തില്‍ തക്ബീര്‍ ചൊല്ലി. ഇതുകേട്ട് മക്കക്കാര്‍ അമ്പരന്നു. നാം സത്യത്തില്‍ തന്നെയല്ലേ റസൂലേ? ഉമര്‍(റ) തിരുനബി(സ്വ)യോട് ചോദിച്ചു. “അതേ” എന്ന തിരുദൂതരുടെ പ്രതികരണം കേട്ട ഉമര്‍(റ) പറഞ്ഞു: എങ്കില്‍ നാമെന്തിനു ഒളിച്ചിരിക്കണം? തുടര്‍ന്ന് അവര്‍ രണ്ടു വരികളായി ഒരു പ്രകടനം കാഴ്ചവെച്ചു. ഇതോടെ പ്രബോധനങ്ങള്‍ക്ക് പരസ്യ സ്വഭാവം കൈവന്നു.
ബദ്ര് തുടങ്ങി എല്ലാ യുദ്ധങ്ങളിലും നബി(സ്വ)ക്കൊപ്പം അര്‍ഖം(റ)യും ഉണ്ടായിരുന്നു. തിരുദൂതരുടെ ആദ്യകാല അനുചരന്മാരില് ഉള്‍പ്പെട്ടവരും ഇഷ്ടപ്പെട്ട സ്നേഹിതനുമാകയാല് ബദ്റിലെ പടക്കളത്തില്‍ വെച്ച് തിരുനബി(സ്വ) അര്‍ഖം(റ)ന് ഒരു കരവാള് സമ്മാനിച്ചു. മാത്രമല്ല, ധര്മസമ്പത്തിന്റെ മേലധികാരിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.
തിരുദൂതരുടെ തണലിലും ഇസ്ലാമിന്റെ സേവനപാതയിലുമായി അര്‍ഖം(റ) ദീര്‍ഘകാലം ജീവിച്ചു. പ്രവാചകര്‍ക്കും പീഡിതരായ സത്യസാക്ഷികള്ക്കും അഭയവും താങ്ങും തണലും അത്താണിയുമെല്ലാമായി തന്റെ ഭവനം തന്നെ ഒഴിഞ്ഞുകൊടുത്തു. യുവത്വത്തിന്റെ ആവേശം തുളുമ്പൂന്ന ചുറുചുറുക്കോടെ ദീനിന്റെ കാവല്‍ ഭടനായി പ്രബോധനരംഗത്ത് നിറഞ്ഞുനിന്ന ആ ചെറുപ്പക്കാരന് അന്ന് പത്തൊമ്പതിന്റെ പടിമുറ്റത്തെത്തിയിരുന്നേയുള്ളൂ.
അര്‍ഖം(റ)വും കുടുംബവും മക്കയില്‍ നിന്നും മദീനയിലേക്ക് താമസം മാറ്റിയപ്പോഴും മക്കയില്‍ സത്യവിശ്വാസികള്‍ക്ക് അല്പാശ്വാസത്തിന്റെ ഇടത്താവളമായി തണലേകിയ തങ്ങളുടെ വീട് അവര്‍ കയ്യൊഴിച്ചിരുന്നില്ല. ഏറെ കാലം കാരുണ്യത്തിന്റെ കവാടമായി അതു പരിലസിച്ചു. ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അന്നത്തെ അബ്ബാസിയാ ഖലീഫ അബൂ ജഅ്ഫറുല്‍ മുന്സൂറിന് അര്‍ഖം(റ)ന്റെ പേരക്കുട്ടികള്‍ ആ വീട് വില്ക്കുകയാണുണ്ടായത്.
എണ്‍പത്തിമൂന്ന് വയസ്സ് നീണ്ടുനിന്ന തിളക്കമാര്‍ന്ന ജീവിതം അന്ത്യത്തിലേക്ക് എത്താറായപ്പോള്‍ സഅ്ദുബ്നു അബീ വഖാസ്(റ)നോട് തന്റെ ജനാസ നമസ്കാരത്തിന് നേതൃത്വം നല്കാന് അര്‍ഖം(റ) വസ്വിയ്യത് ചെയ്തു. ഹിജ്റ അമ്പത്തിമൂന്നിലെ ഒരു നാള് പ്രവാചക നഗരിയില്‍ വെച്ച് മഹാന് ഈ ലോകത്തോട് വിടപറയുമ്പോള്‍ ജനാസ നിസ്കാരത്തിന് വസ്വിയ്യത്ത് ചെയ്യപ്പെട്ട കൂട്ടുകാരന് സഅദുബ്നു അബീവഖാസ്(റ) മദീനയിലുണ്ടായിരുന്നില്ല. അദ്ദേഹം അഖീഖിലായിരുന്നു. ഇനിയെന്ത് ചെയ്യും? പലരും ആലോചിച്ചു.
“തിരുദൂതരുടെ സഹചാരിയുടെ ജനാസ സ്ഥലത്തില്ലാത്ത ഒരാള്‍ക്ക് വേണ്ടി മറവു ചെയ്യാന്‍ താമസിപ്പിക്കുന്നത് ശരിയാണോ?” മദീനയിലെ ഉമവിയ്യാ ഭരണാധികാരി മര്‍വാനുബ്നുല്‍ ഹകം ജനാസ നിസ്കാരത്തിനു ധൃതി കൂട്ടിക്കൊണ്ടു പറഞ്ഞു.
എന്നാല്‍ അര്‍ഖം(റ)ന്റെ പുത്രന് അബ്ദുല്ല(റ)യും കുടുംബാംഗങ്ങളും മര്വാന് മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം ഏറ്റെടുക്കുന്നത് വിസമ്മതിക്കുകയും തടയുകയും ചെയ്തു. മഖ്സൂം വംശജന് അര്‍ഖം(റ)ന്റെ പുത്രന് ഉബൈദുല്ല(റ)യോടൊപ്പം ഉറച്ചുനിന്നു. മര്‍വാനും ജനങ്ങളില്‍ ചിലരും ഒരു പക്ഷത്തും. രംഗം പ്രക്ഷുബ്ധമാവാനടുത്തപ്പോഴേക്കും സഅ്ദുബ്നു അബീ വഖാസ്(റ) എത്തിച്ചേര്‍ന്നു. വസ്വിയ്യത്താനുസാരം അദ്ദേഹം അര്‍ഖം(റ)ന്റെ ജനാസ നിസ്കാരത്തിന് നേതൃത്വം നല്കി. അങ്ങനെ ആ പ്രശ്നം പരിഹൃതമായി. തിരുപ്രവാചകരുടെ ആ ഇഷ്ടതോഴനെ ബഖീഇലാണ് മറവു ചെയ്തത്.
(അല്‍ഇസ്വാബ, സുവറുമിന്‍ ഹയാതി സ്വഹാബ).
ടിടിഎ ഫൈസി പൊഴുതന