നോമ്പുകാലത്തും അല്ലാത്തപ്പോഴുമെല്ലാം ടൈം മാനേജ്‌മെന്റിൽ വളരെയധികം ശ്രദ്ധപുലർത്തിയിരുന്ന ആളായിരുന്നു മർഹൂം എംഎ ഉസ്താദ്. ദർസ്, സംഘടനാ പ്രവർത്തനം, യാത്ര, മറ്റു സന്ദർശനങ്ങൾ, എഴുത്ത്, വായന എന്നിവയെല്ലാമായി ഉസ്താദിന്റെ സമയമെപ്പോഴും നിജപ്പെടുത്തിയിരിക്കും. അതിനാൽ തന്നെ ഒരാൾക്ക് കാണാൻ വേണ്ടി സമയം നിശ്ചയിച്ചു കൊടുത്ത് അഞ്ചോ പത്തോ മിനുട്ട് കാത്തിട്ടും ആളെത്തിയില്ലെങ്കിൽ പിന്നെ ഉസ്താദ് അടുത്ത തിരക്കുകളിലേക്ക് നീങ്ങും. അയാളെ പിന്നെ കാത്തിരുന്നോളണമെന്നില്ല. അത് എത്ര പ്രമുഖനാണെങ്കിലും അങ്ങനെ തന്നെ. വിദേശത്ത് സഅദിയ്യക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരാൾ പണം കൊണ്ടുവന്നതാണെങ്കിലും ഉസ്താദ് ചെറിയ രൂപത്തിലേ സംസാരിക്കാൻ നിൽക്കൂ. നോമ്പാവുമ്പോൾ സമയ വിനിയോഗത്തിൽ അതിന്റേതായ കരുതൽ കൂടുതലുണ്ടാവും. സമയം വെറുതെ നഷ്ടപ്പെടുത്തുന്നത് കാണാറേ ഇല്ലെന്നതാണ് ഉസ്താദിനെ കുറിച്ചുള്ള ഓർമകളിൽ എപ്പോഴും ആദ്യം തെളിയുക.

ദീനി സേവന സജീവത

നോമ്പിന് ദർസില്ലെങ്കിലും ദീനീ സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായിരിക്കും ഉസ്താദ്. കുറെ കാലം മുമ്പു മുതൽ തന്നെ വിദ്യാഭ്യാസ ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്, പ്രത്യേകിച്ച് മുഅല്ലിം ക്ഷേമനിധി പോലുള്ള പ്രവർത്തനങ്ങളിൽ ഉസ്താദ് സജീവമാകാറുള്ളത് നോമ്പുകാലത്തായിരുന്നു. സമസ്ത പിളർപ്പിന് മുമ്പുള്ള കാലത്തുതന്നെ കണ്ണൂർ, കാസർകോട് ഭാഗത്തുള്ള നേതാക്കളെയും കൂട്ടി ചില ദിവസങ്ങളിൽ ഫണ്ട് സമാഹരിക്കാൻ പോകുമായിരുന്നു. കൂടാതെ റെയിഞ്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കാനും ഉസ്താദ് മുന്നിൽ നിൽക്കും. മയ്യിത്ത് പരിപാലന ക്ലാസുമായി ഉസ്താദ് പൊതുരംഗത്തേക്ക് കടന്നുവന്നതും ഈ സമയത്താണ്.
സഅദിയ്യയിൽ വന്ന ശേഷം സ്ഥാപന പ്രവർത്തനവുമായി ബന്ധപ്പെട്ട് മിക്ക റമളാനുകളിലും ഉസ്താദ് വിദേശത്തായിരിക്കും. അപ്പോഴും റമളാനാണെന്ന പരിഗണയിൽ ഇബാദത്തുകളിൽ സജീവമായി മുഴുകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാവിലെയും വൈകുന്നേരവുമുള്ള പതിവ് ഔറാദുകൾക്ക് പുറമെ കൂടുതൽ സമയം ഖുർആൻ പാരായണം ചെയ്യുന്നതും ഇജാസത്തുള്ള പഴയ പല ഏടുകളും ഓതുന്നതും കാണാം.
എഴുത്തും വായനയും ജീവിതമാകെ കൂടെകൂട്ടിയ ഒരാളെന്ന നിലയിൽ റമളാനിലും അതിനായി പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. അടുത്ത ഒന്നുരണ്ട് മാസത്തേക്കുള്ള എഴുത്തൊക്കെ കുറിച്ചുവെക്കുന്നത് റമളാനിലായിരിക്കും. നേരത്തെ നോക്കാൻ നിശ്ചയിച്ച ചില ഭാഗങ്ങൾ മുത്വാലഅ ചെയ്യാനും ഇക്കാലത്ത് ശ്രദ്ധിക്കും. അപൂർവ കിതാബുകളും ഏടുകളും കണ്ടെത്തുന്നതിനും തേടിപ്പിടിക്കുന്നതിനും അതിനായി യാത്ര ചെയ്യാനും റമളാനിലെ ഇടവേളകൾ നൂറുൽ ഉലമ ഉപയോഗപ്പെടുത്തി.
ആദ്യകാലത്ത് ഉസ്താദിന്റെ നാടായ കൈക്കോട്ടുകടവ് ജുമുഅത്ത് പള്ളിയിലും സഅദിയ്യ പള്ളിയിലും പിന്നീട് സ്വന്തം വീട്ടിൽ വഖ്ഫ് ചെയ്ത പ്രത്യേക റൂമിലും കൂടുതൽ സമയം ഇഅ്തികാഫിരിക്കുന്നത് ഉസ്താദിന്റെ വ്രതകാല പതിവുകളിൽ പെട്ടതാണ്. റമളാൻ അവസാന പത്തിൽ മുഴുസമയവും ഇഅ്തികാഫിലായിരിക്കും. വിദേശത്താകുമ്പോൾ അവസാന പത്തിൽ മക്ക ഹറമിൽ ഇഅ്തികാഫിനെത്താൻ പരമാവധി ശ്രദ്ധിക്കും. സ്ഥാപനത്തിനായി പണം സമാഹരിക്കാൻ വിദേശങ്ങളിൽ പോവുന്ന വർഷങ്ങളിൽ എത്ര ആളുകളെ കാണാനുണ്ടെങ്കിലും അതെത്ര പണം നേടിത്തരുന്നതാണെങ്കിലും റമളാൻ അവസാന പത്തിൽ അത്തരം കാര്യങ്ങളിൽ മുഴുകാറില്ല. പരമാവധി നോമ്പ് 19 വരെയേ ഇക്കാര്യത്തിൽ സമയം ചെലവഴിക്കൂ. അതിനു ശേഷം ഉംറ വിസയെടുത്ത് മക്കത്തേക്കു തിരിക്കും. അല്ലെങ്കിൽ നാട്ടിലേക്കു മടങ്ങി പൂർണമായും ഇബാദത്തിൽ സജീവമാവും.

രാത്രിയിലെ ഇബാദത്തുകൾ

ഇശാ-മഗ്‌രിബിനിടയിൽ പൂർണമായും ഇലാഹീ സ്മരണയിൽ മുഴുകുന്ന ശൈലിയായിരുന്നു ഉസ്താദിന്റേത്. മഗ്‌രിബിന് ശേഷം വീട്ടിലെ ചെറിയ കുട്ടികളെ അടക്കം അടുത്തിരുത്തി ഹദ്ദാദ് ഓതിപ്പിക്കും. ഹദ്ദാദിന്റെ മജ്‌ലിസിൽ കുടുംബത്തിലെ എല്ലാവരും സംബന്ധിക്കണമെന്നത് ഉസ്താദിന് നിർബന്ധമായിരുന്നു. റമളാൻ അല്ലാത്തപ്പോഴും 11 റക്അത്ത് വിത്ർ നിസ്‌കരിക്കുന്നതാണ് പതിവ്.
അവസാന സമയത്തും ശാരീരികമായി ക്ലേശമനുഭവിച്ചപ്പോഴുമെല്ലാം നിന്നുതന്നെ തറാവീഹ് നിസ്‌കരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഉപ്പയുടെ ശാരീരിക അവസ്ഥ മനസ്സിലാക്കി മക്കൾ എത്രതന്നെ വിലക്കിയാലും നിന്ന് നിസ്‌കരിക്കുന്നതായിരുന്നു ഉസ്താദിനിഷ്ടം. തറാവീഹ് കഴിഞ്ഞ് അൽപം ഖുർആൻ ഓതി കിടന്നാൽ പുലർച്ചെ മൂന്നു മണിക്ക് എഴുന്നേൽക്കും. അത്താഴത്തിന് ഉസ്താദ് തന്നെയാണ് വീട്ടിലുള്ളവരെയെല്ലാം വിളിച്ചുണർത്തുക. റമളാനേതര കാലത്തും സ്വുബ്ഹ് വാങ്ക് കൊടുക്കുന്നതിന് രണ്ടര മണിക്കൂർ മുമ്പെങ്കിലും ഉണരും.

വരവേൽപ്പും യാത്രയയപ്പും

ബറാഅത്തിന്റെ അന്ന് കുടുംബങ്ങളിലേക്ക് നേന്ത്രപ്പഴവും മറ്റും കൊടുത്തയച്ചും കുട്ടികളെ നോമ്പെടുക്കാൻ പ്രോത്സാഹിപ്പിച്ചുമെല്ലാമാണ് ഉസ്താദ് നോമ്പിനെ വരവേൽക്കുക. നോമ്പെടുക്കുന്ന കുട്ടികൾക്ക് അവരാവശ്യപ്പെടുന്ന നല്ല സമ്മാനങ്ങൾ വാങ്ങി നൽകും.
റമളാനിൽ കൂടുതൽ സ്വദഖ ചെയ്യുന്നതിൽ ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീട്ടിലെത്തുന്നവരെയെല്ലാം സംതൃപ്തരാക്കി പറഞ്ഞയക്കും. ദൂരെ നിന്ന് ആരെങ്കിലും വീട്ടിൽ വന്നാൽ നോമ്പ് തുറപ്പിക്കാൻ ഉത്സാഹം കാണിക്കുകയും നോമ്പു തുറന്നേ പോകാവൂ എന്ന് നിർബന്ധിക്കുകയും ചെയ്യും.
റമളാൻ കഴിഞ്ഞ് ശവ്വാലിലെ ആറുനോമ്പും നോറ്റ് മകനോടൊപ്പം കണ്ണൂർ സിറ്റിയിലെ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി മഖാമിലും വളപട്ടണം കക്കുളങ്ങര സയ്യിദ് അഹ്‌മദ് ജലാലുദ്ദീൻ(റ)വിന്റെ മഖാമിലും കുടുംബങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറകളിലും സിയാറത്ത് ചെയ്യുന്ന രീതി ഉസ്താദിനുണ്ട്. എല്ലാ വർഷവും ഇത് പതിവാണ്. റമളാനെ അത്യാവേശപൂർവം വരവേൽക്കുകയും ഇബാദത്തുകളാൽ ധന്യമാക്കുകയും ചുറ്റുമുള്ളവരെ ഉത്സുകരാക്കുകയും അദബുകളോടെ റമളാനെ യാത്രയാക്കുകയും ചെയ്യുന്ന ഉസ്താദിന്റെ ചര്യ വ്രതമാസത്തിന്റെ പവിത്രതയും ഗാംഭീര്യവും ഉൾക്കൊള്ളതും മറ്റുള്ളവർക്ക് മാതൃകയേകുന്നതുമായിരുന്നു.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ