ചലിക്കുന്ന നോവല്‍, അല്ലെങ്കില്‍ സാഹിത്യത്തിന്‍റെ ദൃശ്യാവിഷ്കാരം എന്നു പറഞ്ഞ് സിനിമയെ ന്യായീകരിക്കുന്നവരുണ്ട്. നല്ല സിനിമ, ചീത്ത സിനിമ എന്നു വര്‍ഗീകരിച്ച് ഒന്നാമത്തേത് ആവാമെന്ന് പറയുന്ന ചിലരുമുണ്ട്. നല്ല ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള നാടകമാകാമെന്ന് പണ്ടുപറഞ്ഞ ജമാഅത്തെ ഇസ്‌ലാമി ഇതേ ഉദ്ദേശ്യത്തോടെ സിനിമ പിടിക്കാമെന്ന വിധത്തിലേക്ക് ഇപ്പോള്‍ വളഞ്ഞുനില്‍ക്കുന്നു.

ഏതായാലും സിനിമയോട്, അതിലെ ആഭാസങ്ങളോട് പണ്ഡിതലോകം അയഞ്ഞ സമീപനമല്ല സ്വീകരിക്കുന്നത്. സിനിമ പ്രചരിച്ചുവരുന്ന കാലത്ത് അതിനെതിരെ പ്രധാനമന്ത്രിക്ക് ഒരു സംഘം കുടുംബിനികള്‍ ഭീമഹരജി സമര്‍പ്പിച്ചത് അക്കാലത്തെ ശ്രദ്ധേയമായൊരു വാര്‍ത്തയായിരുന്നു. ഈ ചരിത്ര വസ്തുതകളിലേക്കും സിനിമ പ്രദാനം ചെയ്യുന്ന സാംസ്കാരിക തകര്‍ച്ചയിലേക്കും വിരല്‍ചൂണ്ടി സുന്നിടൈംസിന്‍റെ 1965 ഫെബ്രുവരി 15 ലക്കത്തില്‍ കെവി അബ്ദുല്‍ അസീസ് മൗലവി കുറിപ്പെഴുതിയതു കാണാം. “സമുദായത്തില്‍ കടന്നുകൂടിയ രാക്ഷസന്‍’ എന്നാണ് ശീര്‍ഷകം. ലേഖനത്തില്‍ നിന്ന്:

“കണ്ടുപിടുത്തങ്ങളില്‍ വെച്ചേറ്റവും പൈശാചികമായതും മനുഷ്യനെ ധാര്‍മികമായും ആരോഗ്യപരമായും അധഃപതിപ്പിക്കുവാനും മൃഗതുല്യരായ ജീവിതം നയിക്കുവാനും പ്രേരിപ്പിക്കുന്ന തുമായ വ്യാധിയാണ് ഇന്നത്തെ സിനിമ. കലയെന്നും മനോവികാസമെന്നും മറ്റും ജല്‍പിച്ചുകൊണ്ട് നാടാകെ ഈ വിനോദം വളര്‍ന്നിരിക്കുകയാണല്ലോ. യുവാക്കളെ, വിശിഷ്യാ വിദ്യാര്‍ത്ഥികളെ അപഥസഞ്ചാരം ചെയ്യിക്കുന്നത് സിനിമ തന്നെയാണ്. പരേതനായ നമ്മുടെ പ്രധാനമന്ത്രി മി. നെഹ്റുവിന്‍റെയടുക്കല്‍ 1955ല്‍ സമര്‍പ്പിക്കപ്പെട്ട ഒരു മെമ്മോറാണ്ടം അതിന് തെളിവാണ്. പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു: ചലചിത്രങ്ങള്‍ കൊണ്ടുള്ള നാശങ്ങള്‍ നിയന്ത്രിച്ചുകിട്ടുവാന്‍ പ്രധാനമന്ത്രി നെഹ്റുവിനോട് ഡല്‍ഹിയിലെ 1300 കുടുംബിനികള്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഭരണഘടനാപരമായി ഗവണ്‍മെന്‍റിന്നധികാരമില്ലെങ്കില്‍ വേണ്ടുന്ന മാറ്റം വരുത്തിയെങ്കിലും പോംവഴി കാണണമെന്ന് അവര്‍ അപേക്ഷിച്ചിരിക്കുന്നു.’

അന്ന് ഇന്നത്തെപ്പോലെ സാക്ഷരരല്ല ജനങ്ങള്‍. പ്രത്യേകിച്ച് വീട്ടമ്മമാര്‍. ആ വസ്തുത വ്യക്തമാകുന്ന തുടര്‍ ഖണ്ഡിക ഇങ്ങനെ വായിക്കാം:

“പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ അക്ഷരജ്ഞാനമുള്ളവര്‍ മാത്രമേ ഒപ്പിട്ടിട്ടുള്ളൂ. ഇതേ ആവശ്യക്കാരായ ആയിരത്തില്‍ പരം നിരക്ഷര കുക്ഷികള്‍ ഇനിയും ബാക്കിയുണ്ടെന്ന് അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സന്താനങ്ങളുടെ സ്വഭാവത്തെയും ആരോഗ്യത്തെയും മലിനപ്പെടുത്തുന്നതില്‍ സിനിമകള്‍ പ്രധാനമായ പങ്കുവഹിക്കുന്നു. ലൈംഗികമായ അരാജകത്വത്തിലേക്ക് ചെറുപ്പക്കാരെ വലിച്ചിഴക്കുന്നത് കൂടുതലും സിനിമാ പ്രദര്‍ശനങ്ങളാണ്. കുട്ടികളില്‍ സിംഹഭാഗവും വിദ്യാലയങ്ങളില്‍ പോകാതെയും പണം മോഷ്ടിച്ചും സിനിമാ പ്രേമം കൊണ്ട് മദോന്മത്തരായി അലഞ്ഞുനടക്കുകയാണ്. ഇതിനെന്ത് പരിഹാരമാണ് കാണേണ്ടതെന്നറിയാതെ വിദ്യാഭ്യാസാധികൃതര്‍ നട്ടം തിരിയുകയാണത്രെ. വിദേശങ്ങളില്‍ നിന്ന് വരുന്ന ഫിലിമുകള്‍ സാഹസങ്ങള്‍ക്കും സമുദായമധ്യേ അസ്വാസ്ഥ്യം വര്‍ധിപ്പിക്കുന്നതിനും കാരണമായവയാണ്. ഇപ്രകാരം സമുദായത്തില്‍ ഒരിത്തിക്കണ്ണിയായി പടര്‍ന്നുപിടിക്കുന്ന ഈ പ്രസ്ഥാനത്തെ എന്തു നടപടിയെടുത്തും നിയന്ത്രിക്കേണ്ടത് ഇന്നൊരടിയന്തിര പ്രശ്നമായിത്തീര്‍ന്നിരിക്കുകയാണ്. മെമ്മോറാണ്ടം തന്‍റെ പരിഗണനയില്‍ പെട്ടിട്ടുണ്ടെന്നും ആലോചനക്ക് വിധേയമായതാണെന്നും പ്രധാനമന്ത്രി കുടുംബിനികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടത്രെ. എന്നിപ്രകാരമാണ് ആ റിപ്പോര്‍ട്ടിന്‍റെ സംക്ഷിപ്ത വിവരണം.

കളവ് ഫലിപ്പിക്കുന്നതിനുള്ള നല്ലൊരു വിദ്യാലയം സിനിമാ തിയേറ്ററുകളാണ്. പരിഷ്കരിച്ച രീതിയിലുള്ള മോഷണങ്ങള്‍, പിടിച്ചുപറികള്‍ മുതലായവ ഇന്ന് യുവാക്കളും കുട്ടികളും സിനിമയില്‍ നിന്ന് പകര്‍ത്തിയെടുത്തതാണെന്നതില്‍ സംശയമില്ല. അറിയാതെ ആനയെ പോലും മോഷ്ടിക്കുവാനുള്ള പല കുയുക്തികളും ഈ മാരണ വിനോദത്തില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. പരസ്ത്രീകളുമായി വ്യഭിചരിക്കുവാനും പ്രേമലേഖനങ്ങള്‍ കൈമാറുവാനുമുള്ള നാനാവിധ യുക്തികളും കുതന്ത്രങ്ങളും ആധുനിക ജനതക്ക് പഠിപ്പിച്ചത് ഇന്നത്തെ സിനിമകളാണ്.’

കുറിപ്പിന്‍റെ വൈകാരികത ഈ വരികളില്‍ വ്യക്തം: “പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലുമുറിയെ പണിയെടുത്ത് വിയര്‍പ്പുതുള്ളികളില്‍ വാര്‍ത്തെടുത്ത ചില്ലറ നയാപൈസകള്‍ ഇതാ ആ തൊഴിലാളി സിനിമാ ടാക്കീസില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നു. ഇതാണ് തൊഴിലാളികളുടെ സ്ഥിതി. അര്‍ധപട്ടിണിയിലും മുഴുപട്ടിണിയിലുമായി എരിപൊരി കൊള്ളുന്ന ഭാര്യാസന്താനങ്ങളും വൃദ്ധന്മാരായ മാതാപിതാക്കളുമതാ പട്ടിണിയും പാരവശ്യവും കടിച്ചിറക്കിക്കൊണ്ട് ബാഷ്പകണങ്ങള്‍ പൊഴിച്ചുകൊണ്ടിരിക്കുന്നു. ഹാ എന്തൊരു കഷ്ടം!

മഗ്രിബ് നിസ്കാരം ഖളാആക്കിയും ഫസ്റ്റ് ഷോക് ടിക്കറ്റ് വാങ്ങാന്‍ 5.30ന് തന്നെ ക്യൂവില്‍ തടിച്ചുകൂടുന്ന മുസ്‌ലിം സുഹൃത്തുക്കളേ, ഐഹികവും പാരത്രികവുമായ നിങ്ങളുടെ ജീവിതം താറുമാറാക്കുന്ന ഒരു ശത്രുവിന്‍റെ കരങ്ങളിലേക്കാണ് നിങ്ങള്‍ ചെന്നു വീഴുന്നതെന്ന് ഓര്‍മിച്ചാല്‍ നന്ന്’ലേഖനം തുടരുകയാണ്.

ഇന്നത്തെ സ്ഥിതി അരനൂറ്റാണ്ടു മുന്പുള്ള ഈ പശ്ചാത്തലവുമായി ഏറെ വ്യത്യസ്തമാണെങ്കിലും സിനിമ എന്ന മാധ്യമത്തിന്‍റെ ദൂഷ്യങ്ങള്‍ സമൂഹത്തില്‍ ഏറെ മാരകമാണ്. സിനിമ യാഥാര്‍ത്ഥ്യമല്ല, ഭാവനയാണെന്ന് ബോധ്യമില്ലാത്ത ചിലരൊക്കെ തിന്മകള്‍ക്കുവേണ്ടി അതനുകരിക്കുന്നു. ബാങ്ക് കൊള്ള നടത്തുന്നു. കൊന്നു തെളിവു നശിപ്പിക്കുന്നു. നന്മയല്ല ഈ മാധ്യമം ഇത്തരം സംഭവങ്ങളിലെങ്കിലും പ്രചോദിപ്പിച്ചിട്ടുള്ളതെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ