സീനാ പർവതത്തിൽ ഒലീവ് മരമോ?

സീനായ് പ്രദേശം യാതൊരു വിധത്തിലും ഒലീവ് വൃക്ഷങ്ങൾ വളരാൻ യോഗ്യമായ ഇടമല്ല. എന്നാൽ ഖുർആനിൽ ഒലീവിനെ കുറിച്ച് തൂർ സീനയൽ നിന്ന് മുളച്ച് വരുന്ന വൃക്ഷം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അബദ്ധമല്ലേ?

?? ഖുർആനിനെ വിമർശിച്ചുകൊണ്ട് ക്രിസ്ത്യൻ മിഷനറി ഇറക്കിയ ഒരു മലയാള പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. ഖുർആനിനെതിരെ ഏത് കച്ചിത്തുരുമ്പും ആയുധമാക്കുക എന്ന നയമാണ് ചില തീവ്ര ക്രിസ്ത്യാനികളും അവരുടെ പുസ്തകങ്ങൾ ഉപജീവിച്ചു കഴിയുന്ന ഭൗതികവാദികളും സ്വീകരിച്ചിരിക്കുന്നതെന്നതിന് തെളിവാണ് ഇത്തരം ബാലിശമായ ചോദ്യങ്ങൾ.

സീനായ് പർവതത്തിൽ നിറയെ ഒലീവാണെന്നൊന്നും കൃത്യമായി ഖുർആൻ എവിടെയും പറഞ്ഞിട്ടില്ല. ഒലീവ് എന്ന വാക്ക് പോലും പ്രസ്തുത ആയത്തിൽ ഇല്ല. ഒരു വൃക്ഷം എന്ന് മാത്രമേ ഖുർആനിലുള്ളൂ. ആ വൃക്ഷം ഒലീവ് ആണെന്ന് ചില വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട് എന്ന് മാത്രം.

ഇനി ആ വ്യാഖ്യാനങ്ങൾ മുഖവിലക്കെടുത്താൽ തന്നെ, സീനായ് പ്രദേശം എന്നത് ഭൂമിയിൽ നിലവിലുള്ള ഒരു സ്ഥലമാണല്ലോ. അവിടത്തെ പ്രധാന ഫലവൃക്ഷങ്ങളിൽ ഒന്നാണ് ഒലീവ്. പ്രത്യേകിച്ചും സീനാ താഴ്‌വരയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന് താമസമാക്കിയ ജൂതന്മാരുണ്ട്. അവരുടെ ജീവിതം തന്നെ ഒലീവ് മരങ്ങളെ ആശ്രയിച്ചാണ്. അവരുടെ ഒരേയൊരു കൃഷി ഒലീവാണെന്ന് വേണമെങ്കിൽ പറയാം.

ഇനി സീനാ മലയുടെ ‘മുകളിൽ’ ഒലീവ് ഇല്ല എന്നാണ് വാദമെങ്കിൽ അങ്ങനെ ‘സീനാ പർവതത്തിന്റെ ‘മുകളിൽ’ ഒലീവുണ്ട് എന്ന് ഖുർആൻ പറഞ്ഞിട്ടുമില്ല. സൂക്തം ഇങ്ങനെയാണ്: ‘നിങ്ങൾക്ക് സീനാ പർവതത്തിനടുത്ത് വളരുന്ന എണ്ണയും കൂട്ടാനുമുള്ള വൃക്ഷവും അവൻ നൽകി.’

‘മിൻ തൂരി സൈനാ’ എന്നതിലെ ‘മിൻ’ എന്ന അവ്യയം ‘ഇൻദ’ (അടുക്കൽ) എന്ന അർത്ഥത്തിനും വരും. പിന്നെ എല്ലാ കാലത്തെയും സീനാ മലയുടെ ഫലപുഷ്ടതയുടെ ഡാറ്റ വെച്ച് കൊണ്ടൊന്നുമല്ലല്ലോ ഇവർ സംസാരിക്കുന്നത്. ഇപ്പോഴത്തെ സീനായിന്റെ അവസ്ഥ തന്നെ അറിയാത്തവർക്ക് പിന്നെ എന്ത് ചരിത്രം?

മർയം ഹാറൂന്റെ സഹോദരിയോ?

യേശുവിന്റെ മാതാവായ മർയമും അഹരോന്റെ സഹോദരിയായ മർയമും തമ്മിൽ മുഹമ്മദിന് മാറിപ്പോയി. അതുകൊണ്ടാണ് ഖുർആൻ ഈസാ നബിയുടെ ഉമ്മയായ മർയമിനെ കുറിച്ച് ‘അഹറോന്റെ സഹോദരി’ എന്ന് പറയേണ്ടി വന്നത്. യഥാർത്ഥത്തിൽ രണ്ട് മർയമും തമ്മിൽ 1600 വർഷങ്ങളുടെ വ്യത്യാസമുണ്ട്. ഇത് ഖുർആനിന് പിണഞ്ഞ ചരിത്രപരമായ അബദ്ധമല്ലേ?

?? ഈ ചോദ്യത്തിൽ 2 പ്രധാന കളവുകളുണ്ട്.
ഒന്ന്: ഖുർആൻ ഹാറൂൻ നബി(അ)യുടെ സഹോദരി എന്ന് മർയം ബീവി(റ)യെ കുറിച്ച് പറയുന്നു എന്നത് കളവാണ് (ഇതു കൊണ്ട് തന്നെ ഈ ചോദ്യം അപ്രസക്തവുമാണ്).
രണ്ട്: രണ്ട് പേരും ഒരേ കാലക്കാരാണ് എന്ന് തിരുനബി(സ്വ) തെറ്റിദ്ധരിച്ചു എന്നതും വാസ്തവ വിരുദ്ധമാണ്.
മർയമിനെ അഹരോന്റെ സഹോദരിയാണ് എന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നില്ല. പ്രത്യുത, ജനങ്ങളുടെ വിളി ഉദ്ധരിക്കുക മാത്രമാണ് ചെയ്യുന്നത്.

മൂസാ നബി(അ)യുടെ കാലഘട്ടത്തിന് ശേഷം കാലങ്ങളേറെ കഴിഞ്ഞാണ് ഈസാ നബി(അ) വരുന്നതെന്നും മൂസാ നബിയുടെ/ ഹാറൂൻ നബിയുടെ പിതാവും മർയം ബീവിയും ഒന്നല്ലെന്ന് ഖുർആന് അറിയാതെപോയി എന്നുമാണല്ലോ വിമർശനത്തിന്റെ അന്തസത്ത.
ഖുർആൻ ഒരാവർത്തി വായിക്കുന്ന ആർക്കും ഇത് പൊള്ളയായ ആരോപണമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. തൗറാത്ത് ഇറക്കപ്പെട്ട ഫറോവയുടെ അടുക്കലേക്ക് നിയോഗിതരായ ഇസ്‌റാഈലികളുടെ വിവേചകനായ മൂസാ നബി(അ)യുടെ സഹോദരനായ ഹാറൂനി(അ)നെ ഖുർആനിൽ എമ്പാടും കാണാം. എന്നാൽ അവർക്ക് ശേഷം ധാരാളം അമ്പിയാക്കൾ വന്ന് ആ ജനതകളുടെ കാലങ്ങൾക്കൊക്കെ പിറകെയാണ് മർയമിന്റെ മകനായ ഈസാ(അ) വരുന്നതെന്നും ഖുർആനിൽ സുതാരം വ്യക്തമാണ്.
ഒരു സൂക്തം ശ്രദ്ധിക്കൂ: ‘നാം തൗറാത്ത് അവതരിപ്പിച്ചു. അതിൽ നേർമാർഗവും പ്രകാശവുമുണ്ട്. അതനുസരിച്ച് പ്രവാചകന്മാർ ജൂതർക്ക് വിധി കൽപ്പിച്ചുപോന്നു. പുണ്യവാന്മാരും മതപണ്ഡിതരുംതഥൈവ…’
ഈ സൂക്തത്തിന് ശേഷം തൗറാത്തിലുള്ള വിധികളെ കുറിച്ചാണ് ഖുർആൻ സംസാരിക്കുന്നത്. മൂസാ നബി(അ)ക്കാണല്ലോ തൗറാത്ത് അവതീർണമായത്. അതിന് ശേഷം അതനുസരിച്ച് ധാരാളം പ്രവാചകന്മാരും മതപണ്ഡിതരും വിധികൽപിച്ചിരുന്നുവെന്ന് പറഞ്ഞതിൽ നിന്ന് ധാരാളം കാലം കടന്നുപോയി എന്നത് വ്യക്തമാണ്. ശേഷമുള്ള ഈ കാലയളവിലാണ് ഒരു പ്രവാചകൻ -ശംവീൽ നബി(അ)- വരുന്നതും താലൂത്തിനെ രാജാവായി അല്ലാഹു നിയോഗിച്ച കാര്യം ജനതയെ അറിയിക്കുന്നതും (2: 247).
അദ്ദേഹത്തിന്റെ ഭരണത്തിന്റെ അടയാളമായ മൂസാ നബിയുടെ കുടുംബത്തിന്റെ തിരുശേഷിപ്പുകളുള്ള പെട്ടി മലക്കുകൾ കൊണ്ടുവരുന്നത് (2:248). പിന്നീടാണ് ദാവൂദ് നബി(അ) ജാലൂത്തിനെ കൊല്ലുന്നത് (2:251). ശേഷമാണ് സുലൈമാൻ നബി(അ) വരുന്നത് (27:16). ഇങ്ങനെ പല പ്രവാചകന്മാർക്കും ശേഷമാണ് ഈസാ നബി(അ) വരുന്നത്.
ആദ്യം ഉദ്ധരിച്ച ആയത്തിന് ശേഷമുള്ള സൂക്തം ഇങ്ങനെ: ‘ആ പ്രവാചകന്മാരെ തുടർന്ന് അവരുടെ കാൽപാടുകളിലായി മർയമിന്റെ പുത്രൻ ഈസയെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവരായി നാം നിയോഗിച്ചു.’
പല സൂക്തങ്ങളിലായി, തലമുറകളുടെ ഈ വ്യത്യാസം പഠിപ്പിക്കുന്നു. എന്നിട്ടും മൂസാ നബി(അ)യുടെ കാലത്തുള്ളയാളാണ് ഈസാ നബിയുടെ ഉമ്മയെന്ന് ഖുർആൻ തെറ്റിദ്ധരിച്ചുപോയി എന്ന് പറയുന്നത് എത്ര വലിയ വങ്കത്തമാണ്!
നടേ സൂചിപ്പിച്ചത് പോലെ മർയം ഹാറൂന്റെ സഹോദരിയാകുന്നു എന്ന് ഖുർആൻ പറയുന്നില്ല. മറിച്ച് ആ നാട്ടുകാർ മർയമിനെ ‘ഹാറൂന്റെ സഹോദരിയേ’ എന്ന് വിളിച്ചുവെന്നാണ് ഖുർആൻ പറയുന്നത്.
ജനങ്ങൾ എന്ത് കൊണ്ടായിരിക്കും അങ്ങനെ വിളിച്ചത്? ഒന്നുകിൽ, ഹാറൂൻ എന്ന് പേരുള്ള ഒരു സഹോദരൻ മർയമിന് ഉണ്ടായിരിക്കാം. ഇല്ലെന്ന് പറയാൻ ഇവർക്കെന്താണ് രേഖ? മർയമിന് ഒരു സഹോദരനും ഉണ്ടായിട്ടില്ലെന്നോ, സഹോദരന്മാരിലാർക്കും അങ്ങനെ പേരുള്ളവർ ഉണ്ടായിട്ടില്ലെന്നോ തെളിയിക്കാൻ ഇവർക്കാകുമോ?
മൂസാ നബിയുടെ സഹോദരനായ ഹാറൂന്റെ സഹോദരിയായിരുന്നുവെങ്കിൽ മൂസയുടെ സഹോദരൻ എന്ന് പറയുന്നതായിരുന്നില്ലേ കൂടുതൽ ഉചിതം? ഖുർആനിൽ പ്രധാനി ഹാറൂൻ നബിയല്ല; മൂസാ നബിയാണല്ലോ.
മർയമിന് ഹാറൂൻ എന്ന സഹോദരൻ ഉണ്ടായിക്കൂടാ എന്ന് ആർക്കാണിത്ര നിർബന്ധം? ലോകത്ത് ഒരേയൊരു ഹാറൂൻ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് ഇവർക്കെന്താണിത്ര വാശി?
മുൻ കഴിഞ്ഞ മഹാന്മാരുടെ പേരിടുക എന്നത് വിശ്വാസികൾ പാലിച്ചുവരുന്ന ഒരു രീതിയാണ്. ആ ജനതയും അങ്ങനെയായിരിക്കണം. ഒരു ഹദീസിൽ ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്ന സംഭവം കാണാം. നജ്‌റാനിലേക്ക് മുഗീറതുബ്‌നു ശുഅ്ബ പോയപ്പോൾ അവിടത്തെ ക്രിസ്ത്യാനികൾ ചോദിച്ചുവത്രെ! നിങ്ങളെന്താണ് ഹാറൂന്റെ സഹോദരി എന്ന് മർയമിനെ പറയുന്നത്. അവർ തമ്മിൽ എത്രയോ അന്തരമില്ലേ? എനിക്കെന്താണ് പറയേണ്ടതെന്നറിഞ്ഞില്ല. തിരുനബി(സ്വ)യോട് അതിനെ കുറിച്ച് പറഞ്ഞപ്പോൾ അവിടന്ന് പ്രതികരിച്ചു: ‘അവർ അവർക്ക് മുമ്പുള്ള അമ്പിയാക്കളുടെയും സച്ചരിതരുടെയും പേരുകൾ വിളിക്കുന്നത് അവർക്കറിയില്ലേ?’ 14 നൂറ്റാണ്ടുകൾക്ക് മുമ്പ് മറുപടി പറയപ്പെട്ട അതേ ചോദ്യവുമായാണ് ഇപ്പോഴും ചിലർ കറങ്ങിത്തിരിയുന്നത്.

ഇനി, വാദത്തിന് വേണ്ടി അഹറോൻ( ഹാറൂൻ) എന്ന സഹോദരൻ മർയമിന് ഇല്ല എന്ന് സങ്കൽപ്പിക്കുക. എങ്കിൽ തന്നെയും ഈ വിളിയിൽ അക്ഷന്തവ്യമായി എന്തെങ്കിലുമുണ്ടോ? ഇല്ല തന്നെ. കാരണം, ഉഖ്ത് എന്ന പദം രക്തബന്ധത്തിലുള്ള സഹോദരൻ എന്ന അർത്ഥത്തിലല്ലാതെയും ഭാഷയിൽ സർവ സാധാരണയായി ഉപയോഗിക്കാറുണ്ട്. ഖുർആനിൽ തന്നെ അതിന് ഉദാഹരണങ്ങൾ കാണാം. ‘അവർക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിച്ച് കൊടുത്ത് കൊണ്ടിരുന്നു. ഓരോന്നും അവയുടെ സഹോദരിമാരേക്കാൾ വലിയതായിരുന്നു.’
ദൃഷ്ടാന്തങ്ങളുടെ സഹോദരി ആരാണ്? അതിനോട് സദൃശ്യതയുള്ള മറ്റൊരു ദൃഷ്ടാന്തം തന്നെ! സഹോദരി എന്ന വാക്ക് പിതാവിന്റെയും മാതാവിന്റെയും മക്കൾക്ക് മാത്രമല്ല ഉപയോഗിക്കുക എന്നതും ഇതിൽ നിന്നു വ്യക്തമാണല്ലോ.
ഇന്ന വ അഖവാതുഹാ, കാനാ വ അഖ വാതുഹാ എന്നൊക്കെ അറബി വ്യാകരണത്തിന്റെ ബാലപാഠമറിയുന്നവർ പറയാറുള്ളതാണ്. കാനയും സഹോദരിമാരും, ഇന്നയും സഹോദരിമാരും. ഈ സഹോദരിമാരൊക്കെ കാനയുടെ ബാപ്പക്ക് പിറന്നവരാണോ? സദൃശ്യർ എന്നേ അതിനൊക്കെ അർത്ഥമുള്ളൂ. ഈ പ്രയോഗങ്ങൾ അറബിയിൽ മാത്രമൊന്നുമല്ല കാണുന്നത്.
അക്കാലത്ത് നല്ല നടപ്പു ശീലിച്ചവരൊക്കെ ഹാറൂനിലേക്ക് ചേർത്തിപ്പറയുന്ന ഒരു രീതിയുണ്ടെന്നാണ് മനസ്സിലാകുന്നത്. കാരണം സൂക്തത്തിന്റെ ആശയം ആ ജനതയുടെ മനോഗതത്തിൽ ഇങ്ങനെയാവാമല്ലോ: ‘ഹാറൂനെ പോലെ പുണ്യാളയായിട്ടായിരുന്നല്ലോ നടപ്പ്! എല്ലാം നാട്യമായിരുന്നല്ലേ! വീർത്തവയറുമായി വന്നിരിക്കുന്നു. ബാപ്പയും ഉമ്മയുമൊന്നും ഈ പണി ചെയ്തവരായിരുന്നല്ലോ… എന്തു പറ്റി നിനക്ക്?!’

ഇനി, ഹാറൂൻ നബി(അ)യുമായി മർയം ബീവി(റ)ക്ക് ഒരു ബന്ധവുമില്ലെന്നാണ് വാദമെങ്കിൽ അതും ശരിയല്ല. സകരിയ്യ നബിയുടെ ഭാര്യ എലിസബത്ത് ഹാറൂന്റെ സന്താന പരമ്പരയിലാണെന്ന് ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് മനസ്സിലാക്കാം. സക്കരിയ്യ നബിയുടെ ഭാര്യ മർയമിന്റെ സഹോദരിയാണെന്നും അഭിപ്രായമുണ്ടല്ലോ (തഫ്‌സീർ ഖുർത്വുബി).
അപ്പോൾ മർയമും ഹാറൂന്റെ സന്താന പരമ്പരയിൽപ്പെട്ടതാണെന്ന് വരും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഹാറൂനും മർയമും ഒരു പിതാമഹന്റെ മക്കളാണെന്ന് വരും. അഥവാ സഹോദരി സഹോദരന്മാരാണെന്ന്. ആദിന്റെ സഹോദരൻ എന്ന് ഹൂദ് നബിയെ കുറിച്ച് ഖുർആൻ പറഞ്ഞതും ഖുറൈശി / തമീമിന്റെ സഹോദരൻ എന്നൊക്കെ അറബികൾ സാധാരണ പറയാറുള്ളതും ഈ അർത്ഥത്തിലാണ്. ചുരുക്കത്തിൽ, ദൈവിക വചമായ ഖുർആനിൽ ഒരുവിധ ചരിത്രാബദ്ധവുമില്ല.

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ