തിരുനബി(സ്വ)യെ കുറിച്ചുള്ള പഠനങ്ങൾക്ക് പ്രധാനമായും അവലംബമാക്കുന്നത് ഇൽമുൽ ഹദീസ് എന്നറിയപ്പെടുന്ന ഹദീസ് വിജ്ഞാനശാസ്ത്രവും സീറത്തുന്നബവിയ്യ(നബിചരിതം)യുമാണ്. പ്രവാചകരുടെ വാക്ക്, പ്രവർത്തി, മൗനാനുവാദം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിശാല പഠനമാണ് ഇൽമുൽ ഹദീസ്. വ്യത്യസ്ത വിഷയങ്ങളിലായി നൂറുകണക്കിനു ഇമാമുമാർ ജീവിതം ഉഴിഞ്ഞുവെച്ചൊരു മേഖലയാണിത്. ഇസ്‌ലാമിക ശരീഅത്തിനെ അറിയുക എന്നതാണ് ഹദീസ് വിജ്ഞാനത്തിന്റെ പരമലക്ഷ്യമെന്നതുകൊണ്ടുതന്നെ വൈജ്ഞാനിക ലോകം അത്യധികം പ്രാധാന്യത്തോടെ സമീപിച്ച ഒരു തലമാണിത്.
തിരുനബി(സ്വ)യുടെ വ്യക്തിത്വപഠനമാണ് സീറത്തുന്നബവിയ്യയിലൂടെ ലക്ഷ്യംവെക്കുന്നത്. പ്രവാചകർ(സ്വ)യുടെ ജനനം മുതൽ വിയോഗം വരെയുള്ള ജീവിത രംഗങ്ങളാണ് ഇതിലെ മുഖ്യ വിഷയം. അവിടത്തെ സ്വഭാവ മഹിമകൾ, പ്രവാചകത്വത്തിന്റെ തെളിവുകൾ, യുദ്ധ സമീപനങ്ങൾ, പ്രബോധന മാതൃകകൾ, നയതന്ത്ര ഇടപെടലുകൾ, കുടുംബജീവിതം ഇവയെല്ലാം സീറത്തുന്നബവിയ്യയുടെ പഠന പരിധിയിൽ ഉൾപ്പെടുന്നു.
സീറത്തുന്നബവിയ്യ എന്ന വിശാല തലത്തിൽ അനവധി രചനകൾ നടന്നിട്ടുണ്ട്. ഹിജ്‌റ 92ൽ വഫാത്തായ ഉർവത്തുബ്‌നു സുബൈർ(റ)വാണ് പ്രഥമ രചന നടത്തിയത്. പിന്നീട് അബാനുബ്‌നു ഉസ്മാൻ, വഹബുബ്‌നു മുനബ്ബഹ്, പ്രമുഖ ഹദീസ് പണ്ഡിതൻ ഇബ്‌നു ശിഹാബിസ്സുഹ്‌രി തുടങ്ങിയവർ ശ്രദ്ധേയമായ രചനകൾ നിർവഹിക്കുകയുണ്ടായി. ഹിജ്‌റ 218ൽ വഫാത്തായ ഇമാം ഇബ്‌നു ഹിശാം രചിച്ച അസ്സീറത്തുന്നബവിയ്യ പ്രവാചക ചരിത്രത്തിലെ വിഖ്യാത രചനയാണ്. പ്രസ്തുത ഗ്രന്ഥത്തിന് പദ്യ-ഗദ്യ ശൈലികളിലുള്ള വ്യാഖ്യാനങ്ങൾ പിൽക്കാല പണ്ഡിതർ രചിച്ചിട്ടുണ്ട്. ഇബ്‌നു ഹിശാമിന്റെ രചനക്കു ശേഷം ഹ്രസ്വവും വിശാലവുമായ അനേകം രചനകൾ ഈ വിജ്ഞാന ശാഖയിൽ നടക്കുകയുണ്ടായി. ഇതിൽ ഹാഫിള് ഇറാഖിയുടെ അൽഫിയത്തുസ്സീറ പോലെ പദ്യ രൂപത്തിലുള്ളവയുമുണ്ട്. പിൽക്കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ പ്രൗഢവും വിശാലവുമാണ് ഇമാം സ്വാലിഹിശ്ശാമിയുടെ സുബുലുൽ ഹുദാ വർറശാദ്. അനവധി ആധുനിക പഠനങ്ങളും സീറത്തുന്നബവിയ്യ ഗണത്തിൽ നടന്നിട്ടുണ്ട്.
സീറത്തുന്നബവിയ്യയുടെ വ്യത്യസ്ത പ്രമേയങ്ങൾ ആധാരമാക്കി അനവധി സവിശേഷ പഠനങ്ങളും കാണാം. ആധുനികവും പൗരാണികവുമായ അത്തരം ഗ്രന്ഥങ്ങൾ സീറത്തുന്നബവിയ്യയുടെ ഉപശാഖകളായി ഗണിക്കപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവ ഹ്രസ്വമായി പരിചയപ്പെടാം.

മഗാസി

ഹദീസിലൂടെ മനസ്സിലാക്കിയ തിരുനബി(സ്വ)യുടെ യുദ്ധ സമീപനങ്ങളുടെ വിശാല വായനയാണ് മഗാസികൾ. പ്രവാചകരുടെ യുദ്ധകാല ജീവിതവും ശത്രുക്കളോടുള്ള സമീപനങ്ങളും വളരെ കൃത്യമായി അപഗ്രഥിക്കുന്നവയാണിവ. ഇമാം ഇബ്‌നു ഇസ്ഹാഖ്, ഇമാം വാഖിദി തുടങ്ങിയവരുടെ രചനകൾ സുപ്രധാനങ്ങളാണ്. പൊതുവായ യുദ്ധചരിത്രങ്ങൾക്കു പുറമെ പ്രത്യേക പോരാട്ടങ്ങളെ കുറിച്ചുള്ള പഠനങ്ങളുമുണ്ട്. ദുറൂസുൻ മിൻ ഖസ്‌വതി ഉഹുദ്, ബദ്‌റുൽ കുബ്‌റാ, സുൽഹുൽ ഹുദൈബിയ്യ തുടങ്ങിയവ അതിൽ ചിലതാണ്.

സിയർ

മഗാസികളുടെ അനുബന്ധമായി വരുന്ന ഒന്നാണ് സിയർ. പോരാട്ടങ്ങളിലെ കർമശാസ്ത്ര വിധികളുടെ നിർദ്ധാരണമാണ് ഇവ ഉന്നംവെക്കുന്നത്. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കിതാബുസ്സിയർ എന്ന പ്രത്യേക ഭാഗത്തും ഇത് ചർച്ച ചെയ്യപ്പെടുന്നു. യുദ്ധത്തിന്റെ രീതികൾ, ഗനീമത് സ്വത്തിന്റെ വീതംവെപ്പ്, ജിസ്‌യ തുടങ്ങിയ കർമശാസ്ത്ര സമസ്യകളാണ് ഇവകളിലെ പ്രതിപാദ്യവിഷയം. ഇമാം ഔസാഈ(റ)യുടെ അസ്സിയർ, മുഹമ്മദുബ്‌നു ഹസനുശ്ശൈബാനി(റ)യുടെ സിയറുൽ കബീർ, സിയറുസ്സഗീർ ഈ വിഷയകമായി രചിക്കപ്പെട്ടവയാണ്.

ദലാഇലുന്നുബുവ്വ

പ്രവാചകത്വത്തിന്റെ വ്യത്യസ്ത തെളിവുകൾ കൃത്യമായി സമർത്ഥിക്കുക എന്നതാണ് ഇത്തരം രചനകളുടെ ലക്ഷ്യം. മുഅ്ജിസത്ത്, ഇർഹാസ്വാത്ത് (പ്രവാചകത്വത്തിന് മുമ്പുണ്ടാകുന്ന അത്ഭുത സംഭവങ്ങൾ) തുടങ്ങിയവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിക്കപ്പെടും. തിരുനബിയുടെ രിസാലത്തിന്റെ ആധികാരിക വായനയാണ് ഇതിലൂടെ സാധ്യമാവുക. ഇമാം ബൈഹഖി, ഇമാം അബു നഈമുൽ ഇസ്ഫഹാനി(റ) തുടങ്ങിയവർ രചിച്ച അദ്ദലാഇലുന്നുബുവ്വയടക്കം ഇതേ പേരിലും അല്ലാതെയും ഡസൻകണക്കിന് ഗ്രന്ഥങ്ങൾ പ്രസ്തുത വിഷയത്തിലുണ്ട്.

അൽഖസാഇസ്

അനിവാര്യം, നിഷിദ്ധം, അനുവദനീയം, ശ്രേഷ്ഠതകൾ എന്നിങ്ങനെ അല്ലാഹു റസൂൽ(സ്വ)ക്കു നൽകിയ പ്രത്യേകതകളെ കുറിച്ചുള്ള വിശാലമായ പഠനമാണ് ഖസാഇസുകൾ. വ്യത്യസ്ത വിഷയങ്ങളിലായി പരന്നുകിടക്കുന്നതാണ് ഈ വിഷയത്തിലെ ചർച്ചകൾ. കർമശാസ്ത്ര പണ്ഡിതന്മാർ ആഴത്തിൽ അപഗ്രഥിച്ച ഒരു മേഖല കൂടിയാണിത്. ഇവക്കു പുറമെ അവിടത്തെ ഐഹിക ജീവിതത്തിലെ പ്രത്യേകതകൾ, മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടവ, ഉമ്മത്തുമായി ബന്ധപ്പെട്ടവ എല്ലാം മേൽ ഗ്രന്ഥങ്ങളിലെ ചർച്ചയാണ്. ഇമാം സുയൂത്വി(റ)യുടെ അൽഖസാഇസുൽ കുബ്‌റായാണ് ഈ വിഷയത്തിലെ പ്രൗഢമായ രചന. ഇമാം ഇബ്‌നുൽ മുലഖീൻ, ഇമാം ബുൽഖൈനി, ഇമാം ഇബ്‌നു ത്വൂലൂൻ തുടങ്ങിയ പ്രമുഖരുടേതടക്കം ഖസാഇസുന്നബവിയ്യയിൽ രചനകൾ ഏറെയാണ്.

അശ്ശമാഇൽ

തിരുനബി(സ്വ)യുടെ ശാരീരിക പ്രത്യേകതകളും സ്വഭാവ മഹിമകളും വർണിക്കുന്ന ഗ്രന്ഥങ്ങളാണ് ശമാഇലുകൾ എന്നറിയപ്പെടുന്നത്. തിരുനബിയുടെ വ്യക്തിപ്രഭാവത്തെ അറിയാനുള്ള ആധികാരിക സ്രോതസ്സുകളാണ് ഇവ. അവിടത്തെ ചലന നിശ്ചലനങ്ങളും ആകാരഭംഗിയും സംസാരരീതിയുമെല്ലാം മനോഹരമായി ശമാഇലുകളിൽ പ്രതിപാദിക്കുന്നു. ഇമാം തുർമുദി(റ)യുടെ അശ്ശമാഇലാണ് ഏറെ പ്രസിദ്ധം. ഇമാം ഇബ്‌നു ഹജറുൽ ഹൈതമി(റ)യടക്കം ധാരാളം പണ്ഡിതർ ഇതിന് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഇമാം ബഗവി(റ) അൽഅൻവാർ ഫീ ശമാഇലിന്നബിയ്യിൽ മുഖ്താർ എന്ന പേരിലൊരു ഗ്രന്ഥം എഴുതിയിട്ടുണ്ട്.

ഹുഖൂഖുന്നബവിയ്യ

തിരുദൂതരോടുള്ള സ്‌നേഹവും കടപ്പാടുകളും മുഖ്യമായി പ്രതിപാദിക്കുന്നതാണിത്. ഇമാം ഖാളി ഇയാള്(റ) രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥം അശ്ശിഫായും അതിന്റെ വ്യാഖ്യാനങ്ങളുമാണ് ഈ വിഷയത്തിൽ ഉണ്ടായ പ്രധാന ഗ്രന്ഥങ്ങൾ. പ്രസ്തുത ഗ്രന്ഥത്തിന് വ്യാഖ്യാനങ്ങളും സംക്ഷിപ്തങ്ങളുമായി രചിക്കപ്പെട്ട 25ഓളം ഗ്രന്ഥങ്ങളെ സ്വലാഹുദ്ദീനുൽ മുനജ്ജിദ് പരിചയപ്പെടുത്തിയത് കാണാം.

മൗലിദുന്നബവിയ്യ

പ്രവാചക അപദാനങ്ങൾ പദ്യഗദ്യ രൂപങ്ങളിൽ അവതരിപ്പിക്കുന്ന രചനകളാണ് മൗലിദുകളെങ്കിലും തിരുനബി(സ്വ)യുടെ വ്യക്തിപ്രഭാവത്തെ ആഴത്തിൽ മനസ്സിലാക്കാവുന്ന വലിയ റഫറൻസുകൾ കൂടിയാണ് ഇവ. ജനന സമയത്തെ അത്ഭുതങ്ങൾ പറയുകയെന്ന പരികൽപനയാണ് മൗലിദ് എന്ന പദത്തിനുള്ളതെങ്കിലും പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ മൗലിദുകളിൽ പ്രതിപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. വിവിധ കാലങ്ങളിലായി നൂറുക്കണക്കിന് മൗലിദ് ഗ്രന്ഥങ്ങൾ വിരചിതമാവുകയുണ്ടായി. ഹിജ്‌റ 233ൽ വഫാത്തായ മുഹമ്മദുബ്‌നു ആഇദുൽ ഖുറശിയുടെ മൗലിദ് കിതാബ് മുതൽ സമീപകാലത്ത് രചിക്കപ്പെട്ട മൗലിദുകൾ വരെ പ്രവാചകരുടെ പ്രോജ്വല ജീവിതം മനോഹരമായി ആവിഷ്‌കരിച്ചവയാണ്.

റാഫി അഹ്‌സനി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ