സത്യവിശ്വാസിയുടെ ജീവിതലക്ഷ്യമായ പരലോക വിജയത്തിലേക്ക് ചുവടുവെക്കാനുള്ള സുവർണാവസരമാണ് വിശുദ്ധ റമളാൻ. തിന്നും കുടിച്ചും സുകൃതങ്ങളിൽ ശ്രദ്ധചെലുത്താൻ സാധിക്കാത്തവർക്കു പോലും ആരാധനകളിൽ മുഴുകി ഇലാഹീ സാമീപ്യം കരഗതമാക്കാനുള്ള മാർഗമാണ് റമളാൻ ഒരുക്കിത്തരുന്നത്. പാപങ്ങൾ പൊറുപ്പിക്കാനും ഹൃദയം വിമലീകരിക്കാനുമുതകുന്ന വിശുദ്ധാവസരം.
റമളാൻ ആരാധനകൾ കൊണ്ട് നിരതമാകേണ്ടതുണ്ട്. പാരത്രിക പ്രതിഫലം ലഭിക്കുന്ന നന്മകളെല്ലാം പുണ്യങ്ങൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന റമളാനിൽ വിശ്വാസികൾ വർധിപ്പിക്കണം. സൽമാനുൽ ഫാരിസി(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബി(സ്വ) പറയുന്നു: നിങ്ങൾ റമളാനിൽ നാലു കാര്യങ്ങൾ വർധിപ്പിക്കുക. അതിൽ രണ്ടു കാര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് അല്ലാഹുവിനെ തൃപ്തിപ്പെടുത്താവുന്നതാണ്. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന പ്രഖ്യാപനവും പാപമോചനാർത്ഥനയുമാണവ. മറ്റു രണ്ടു കാര്യങ്ങൾ നിങ്ങൾക്ക് ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതുമാണ്. സ്വർഗത്തെ ചോദിക്കലും നരകത്തിൽ നിന്ന് അഭയം തേടലുമാണവ (ഇബ്‌നു ഖുസൈമ / 1887). റമളാനിലുടനീളം അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാ… എന്നു തുടങ്ങുന്ന പ്രാർത്ഥന വിശ്വാസികൾ വർധിപ്പിക്കുന്നത് ഇതു മൂലമാണ്. ഹദീസിൽ പരാമർശിച്ച നാലു കാര്യങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
പുണ്യങ്ങൾ വാരിവിതറുന്ന വിശുദ്ധ മാസത്തിൽ അനാവശ്യ കാര്യങ്ങളിലേർപ്പെട്ട് സമയം തുലക്കുന്നതിന് പകരം ലഭിച്ച സൗഭാഗ്യത്തെ പൂർണമായും ഉപയോഗപ്പെടുത്താൻ നാം സന്ദർഭം കണ്ടെത്തണം. ആരാധനകൾ കൊണ്ട് റമളാനിനെ സക്രിയമാക്കുമ്പോഴാണ് വിശുദ്ധ റമളാൻ നമുക്ക് ശിപാർശകനായി പാരത്രിക ലോകത്ത് വരുന്നത്. ചിട്ടയോടെയുള്ള ആരാധനകൾ വർധിപ്പിക്കാനുള്ള പ്രചോദനമായി റമളാൻ മാറുകതന്നെ വേണം.

ഖുർആൻ പാരായണം
ആരാധനകൾ കൊണ്ട് ധന്യമാകേണ്ട റമളാനിൽ ഏറ്റവുമധികം വർധിപ്പിക്കേണ്ട കർമമാണ് വിശുദ്ധ ഖുർആൻ പാരായണം. ഖുർആൻ പാരായണത്തിന്റെ അസംഖ്യം സവിശേഷതകളിൽ ചിലത് താഴെ കൊടുക്കുന്നു:
ഒന്ന്, ഖുർആൻ അധ്യയനവും അധ്യാപനവും പുണ്യകർമങ്ങളിൽ ഏറ്റവും മഹത്തരമാണ്. നബി(സ്വ) പറയുന്നു: നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് (സ്വഹീഹുൽ ബുഖാരി 4739).
രണ്ട്, കഷ്ടപ്പെട്ട് ഖുർആൻ ഓതുന്നവർക്ക് രണ്ട് പ്രതിഫലമുണ്ട്. ഒന്ന് ഓത്തിനും മറ്റേത് കഷ്ടപ്പാടിനും. നബി(സ്വ) പറയുന്നു: വളരെ പ്രയാസപ്പെട്ട്, തപ്പിത്തടഞ്ഞ് ഖുർആൻ ഓതുന്നവർക്ക് രണ്ട് പ്രതിഫലമുണ്ട് (സ്വഹീഹ് മുസ്‌ലിം 1898).
മൂന്ന്, ഖുർആൻ ഓതുന്ന വിശ്വാസി സുഗന്ധവും രുചിയുമുള്ള ഫലത്തെപ്പോലെയാണ്. തിരുനബി(സ്വ) അരുളി: ഖുർആൻ പാരായണം ചെയ്യുന്ന വിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന്റെ രുചിയും മണവും ആകർഷകമാണ്. ഖുർആൻ ഓതാത്ത വിശ്വാസി കാരക്ക പോലെയാണ്. അതിന് മണമില്ല. രുചി മധുരമാണ് (മുസ്‌ലിം 1896). ഹൃദയത്തെ ബാധിക്കുന്ന രോങ്ങൾ സുഖപ്പെടാൻ ഖുർആൻ പാരായണമാണ് മഹാന്മാർ പഠിപ്പിക്കുന്നത്.

തറാവീഹ് നിസ്‌കാരം
വിശുദ്ധ റമളാനിൽ സത്യവിശ്വാസികൾക്ക് നന്മകൾ വാരിക്കൂട്ടാൻ നിദാനമായ സുകൃതമാണ് തറാവീഹ് നിസ്‌കാരം, അഥവാ ഖിയാമു റമളാൻ. നബി(സ്വ) പറയുന്നു: വല്ലവനും റമളാനിൽ സത്യവിശ്വാസത്തോടെയും പ്രതിഫല പ്രതീക്ഷയോടെയും തറാവീഹ് നിസ്‌കരിച്ചാൽ അവന്റെ ഗതകാല പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ് (ബുഖാരി).
മറ്റുചില ഹദീസുകൾ കാണുക: റമളാനിലെ നോമ്പ് അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കി. പ്രസ്തുത മാസത്തിലെ തറാവീഹ് നിസ്‌കാരം ഞാൻ നിങ്ങൾക്ക് സുന്നത്തുമാക്കിയിരിക്കുന്നു (ബസ്സാർ 939).
ദിക്ർ, ദുആകൾ
പ്രപഞ്ചനാഥനുമായി കൂടുതൽ അടുക്കുന്നതിനുള്ള ദിക്ർ, ദുആകൾ വളരെയധികം വർധിപ്പിക്കാനുള്ള അവസരം കൂടിയാണ് റമളാൻ. ദിക്ർ ഹൃദയത്തിന്റെ ഭക്ഷണവും ജീവിത വിജയത്തിന്റെ നിദാനവുമാണ്. വിശുദ്ധ ഖുർആനിലെ നിരവധി സൂക്തങ്ങൾ ദിക്‌റിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്. നിങ്ങൾ എന്നെ സ്മരിക്കുക, എങ്കിൽ നിങ്ങളെ നാമും സ്മരിക്കും. നിങ്ങൾ എന്നോട് കൃതജ്ഞത കാണിക്കുക. നിങ്ങൾ കൃതഘ്‌നത കാണിക്കുന്നവരാകരുത് (2/152).
സത്യവിശ്വാസികളേ, നിങ്ങൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയും പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രകീർത്തിക്കുകയും ചെയ്യുക (33/41). അത്യന്തം വിനയത്തോടെയും ഭക്തിയോടെയും ബഹളമില്ലാതെയും പ്രഭാതത്തിലും പ്രദോഷത്തിലും താങ്കളുടെ നാഥനെ സ്മരിക്കുക (7/205). നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനെ സ്മരിക്കുന്നവരും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുന്നവരുമാണ് അവർ. ഞങ്ങളുടെ നാഥാ, നീ ഇത് വെറുതെ സൃഷ്ടിച്ചതല്ല. നീ എത്ര പരിശുദ്ധൻ. അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുകൊള്ളണേ (എന്ന് അവർ പറയും) (3/191).
ദിക്‌റ് ചൊല്ലാത്തവരെ മൃതശരീരത്തോടാണ് നബി(സ്വ) ഉപമിച്ചത്. അബൂമൂസൽ അശ്അരി(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബി(സ്വ) പറയുന്നു: ഇലാഹീ സ്മരണ നടത്തുന്നവരുടെ ഉപമ ജീവിച്ചിരിക്കുന്നവരുടേതും ദിക്ർ ചൊല്ലാത്തവരുടെ ഉപമ മൃതശരീരത്തിന്റേതുമാണ് (ബുഖാരി 6044).
ദിക്ർ ചൊല്ലുന്നവർക്ക് സ്രഷ്ടാവിന്റെ സാമീപ്യം വാഗ്ദാനം ചെയ്യുന്ന നിരവധി ഹദീസുകളുമുണ്ട്. അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അല്ലാഹു ഇപ്രകാരം പറയുന്നതായി കാണാം: ഒരാൾ എന്നെ ഓർമിക്കുകയും ദിക്‌റ് കൊണ്ട് ചുണ്ടുകൾ ചലിപ്പിക്കുകയും ചെയ്യുമ്പോഴെല്ലാം എന്റെ കാരുണ്യം അവനോടൊപ്പമുണ്ടാകും (ബുഖാരി).
ദുആകളും പതിവിലധികം വർധിപ്പിക്കേണ്ട സമയമാണ് റമളാൻ. നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം (വിശുദ്ധ ഖുർആൻ 40/60) എന്നതാണ് സ്രഷ്ടാവിന്റെ പ്രഖ്യാപനം. പ്രാർത്ഥന വിശ്വാസിയുടെ രക്ഷാകവചമാണെന്നാണ് ഹദീസ് ഭാഷ്യം. സർവലോക രക്ഷിതാവിന്റെ മുമ്പിൽ ശിരസ്സും മനസ്സും നമ്രമാവുന്നത് വിശ്വാസിയുടെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്ന കാര്യം തന്നെയാണ്. നബി(സ്വ) പറയുന്നു: ഏതൊരു മുസ്‌ലിമും അല്ലാഹുവിനോട് വല്ല കാര്യത്തിലും പ്രാർത്ഥിച്ചാൽ അല്ലാഹു അതു തന്നെ നൽകുകയോ അത്രയും ആപത്ത് അയാളിൽ നിന്ന് നീക്കിക്കളയുകയോ ചെയ്യാതിരിക്കില്ല. കുറ്റകരമോ കുടുംബബന്ധം തകർക്കുന്നതോ ആയ കാര്യത്തിനു വേണ്ടിയല്ല അയാൾ പ്രാർത്ഥിക്കുന്നതെങ്കിൽ (അഹ്‌മദ് 11149). നിശ്ചയം നിങ്ങളുടെ രക്ഷിതാവ് ലജ്ജയുള്ളവനും മാന്യനുമാണ്. ഇരുകരങ്ങൾ ഉയർത്തി പ്രാർത്ഥിക്കുന്ന കൈകളെ വെറുതെ മടക്കാൻ അവൻ ലജ്ജിക്കുന്നു (അബൂദാവൂദ് 1490).

തഹജ്ജുദ് നിസ്‌കാരം
തഹജ്ജുദ് നിസ്‌കാരം റമളാനിനെ ആരാധനാനിരതമാക്കുന്നതിൽ പ്രധാനമാണ്. അത്താഴത്തിന് എഴുന്നേൽക്കുമ്പോൾ ഒരൽപം ശ്രദ്ധകൊടുത്താൽ അനായാസം ആർക്കും നിർവഹിക്കാവുന്നതാണ് ഇത്. രാത്രിയിലെ ആരാധന ആത്മാവിന് കൂടുതൽ ഏകാഗ്രത നൽകുന്നതാണെന്ന് ഖുർആൻ പറയുന്നുണ്ട്. നിശ്ചയം രാത്രിയിൽ എഴുന്നേറ്റ് നിസ്‌കരിക്കുന്നത് കൂടുതൽ ഹൃദയ സാന്നിധ്യം നൽകുന്നതും വാക്കിൽ ഏറ്റവും നേരായതുമാണ്. തീർച്ച, നിങ്ങൾക്ക് പകൽ സമയത്ത് ദീർഘമായ ജോലിത്തിരക്കുണ്ട് (73/6, 7).
തിരുനബി(സ്വ)ക്ക് അല്ലാഹു പരലോകത്ത് നൽകുന്ന അത്യുന്നത സ്ഥാനമാണ് മഖാം മഹ്‌മൂദ്. ഇത് ലഭിക്കുന്നതിനു സഹായകമായി അല്ലാഹു നിശ്ചയിച്ചത് തഹജ്ജുദ് നിസ്‌കാരമാണ്. രാത്രിയിൽ നിന്ന് അൽപം സമയം ഖുർആൻ പാരായണം ചെയ്തുകൊണ്ട് താങ്കൾ തഹജ്ജുദ് നിസ്‌കരിക്കുക. അത് താങ്കൾക്ക് കൂടുതലായുള്ള ഒരു പുണ്യകർമമാണ്. താങ്കളുടെ നാഥൻ താങ്കളെ മഖാം മഹ്‌മൂദിൽ നിയോഗിച്ചേക്കാം (ഖുർആൻ 17/79).
തഹജ്ജുദ് നിസ്‌കാരം നിർവഹിക്കുന്ന വിശ്വാസികളെ വിശുദ്ധ ഖുർആൻ പലയിടങ്ങളിലും പ്രശംസിക്കുന്നുണ്ട്. ഭയത്തോടെയും പ്രത്യാശയോടെയും തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കാനായി കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. ആകയാൽ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സുകൃതങ്ങൾക്കു പകരമായിട്ട് അവർക്കു രഹസ്യമാക്കിവെച്ചിട്ടുള്ള കൺകുളിർപ്പിക്കുന്ന പ്രതിഫലങ്ങൾ ആരും (നേരാംവണ്ണം) അറിയില്ല. (32/16, 17). തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവർ സ്വർഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവർക്ക് അവരുടെ രക്ഷിതാവ് നൽകിയത് ഏറ്റുവാങ്ങിക്കൊണ്ട് അവർ സദ്‌വൃത്തരായിത്തീരുന്നു. രാത്രിയിൽ നിന്ന് അൽപ ഭാഗമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു (511 / 15-18).
തഹജ്ജുദ് നിസ്‌കരിക്കാതെ നേരം പുലരുവോളം ഉറങ്ങുന്നവരിൽ പിശാച് ക്ഷുദ്രക്രിയ നടത്തുമെന്നും ഹദീസിലുണ്ട്. നിങ്ങളിലൊരാൾ ഉറങ്ങിയാൽ അവന്റെ പിരടിയിൽ പിശാച് മൂന്ന് കെട്ടുകൾ കെട്ടി ഓരോന്നിലും അടിച്ചുകൊണ്ട് പറയും: ദീർഘരാത്രിയാണ് നിനക്കുള്ളത്. അതുകൊണ്ട് നീ കൂടുതലായി ഉറങ്ങുക. എന്നാൽ അവർ എഴുന്നേറ്റ് അല്ലാഹുവിനെ പ്രകീർത്തിച്ചാൽ ഒരു കെട്ട് അഴിഞ്ഞുപോകും. വുളൂഅ് എടുത്താൽ രണ്ടാമത്തെ കെട്ടും അഴിയും. നിസ്‌കരിച്ചാൽ മൂന്നാമത്തേതും അഴിയും. അങ്ങനെ അവൻ ശുദ്ധ മനസ്‌കനും ഉന്മേഷവാനുമായി നേരം പുലരുന്നു. അല്ലെങ്കിൽ ദുഷ്ടമനസ്‌കനും അലസനുമായി നേരം പുലരുന്നു (ബുഖാരി 1142).
സൂഫികളിൽ പ്രധാനിയായ ജുനൈദുൽ ബഗ്ദാദിയുടെ മരണശേഷം മുഹമ്മദ് ബ്‌നു ഇബ്‌റാഹീം മഹാനവർകളെ സ്വപ്‌നത്തിൽ ദർശിച്ചു. എങ്ങനെയുണ്ടായിരുന്നു അല്ലാഹുവിന്റെയടുത്ത് എന്ന് മുഹമ്മദ് ബ്‌നു ഇബ്‌റാഹീം ചോദിച്ചപ്പോൾ ജുനൈദുൽ ബഗ്ദാദി(റ) പ്രതിവചിച്ചു: ഞാൻ മറ്റുള്ളവർക്ക് നൽകിയ നിർദേശങ്ങളും ഉപദേശങ്ങളുമെല്ലാം അപ്രത്യക്ഷമായി. ശിഷ്യർക്കു നൽകിയ വിജ്ഞാനങ്ങളും ജീവിതക്രമങ്ങളും കാണാതായി. രാത്രിയുടെ അന്ത്യയാമങ്ങളിൽ നാം നിർവഹിച്ച ഏതാനും റക്അത്ത് നിസ്‌കാരങ്ങളല്ലാത്ത ഒന്നും ഉപകാരപ്പെട്ടില്ല (ഹിൽയതുൽ ഔലിയ 10/257). നിസ്‌കാരത്തിന്റെ പ്രതിഫലനത്തിനു മുന്നിൽ മറ്റുള്ളവയുടെ പ്രതിഫലങ്ങൾ അപ്രസക്തമാണെന്ന് ചുരുക്കം.
ദാനധർമം
പട്ടിണിയുടെ ദുരവസ്ഥ മുഴുവൻ ജനങ്ങളും അനുഭവിച്ചറിയുന്ന മാസം കൂടിയാണല്ലോ റമളാൻ. അതുകൊണ്ട് വ്രതത്തിൽ നിന്ന് പാഠമുൾക്കൊണ്ട് അവശ ജനതയെ ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം. ദാനധർമം മുസ്‌ലിമിന്റെ മുഖമുദ്രയാണെന്നോർക്കണം. തിരുനബി(സ്വ) ഏറ്റവും കൂടുതൽ ദാനം ചെയ്തിരുന്നത് റമളാനിലായിരുന്നുവെന്ന ഹദീസ് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്.
ദാനത്തിന് നിരവധി പ്രയോജനങ്ങളുണ്ട്. ചിലത് പറയാം: ഒന്ന്, ദാതാവിന്റെ പദവി വർധിക്കുന്നു. ഇബ്‌നു ഉമർ(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ നബി(സ്വ) പറഞ്ഞു: കർമങ്ങളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു വിശ്വാസിയുടെ വിശപ്പകറ്റുകയോ കടം വീട്ടുകയോ പ്രയാസം തീർക്കുകയോ ചെയ്ത് അയാളുടെ ഹൃദയത്തിൽ സന്തോഷം പകരലാണ് (ഇമാം സുയൂത്വി-റ. അൽ ജാമിഉൽ കബീർ 705).
രണ്ട്, വിപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും മോചനം. സ്വദഖ ആപത്തുകൾ തടയും, സ്വദഖ കൊണ്ട് നിങ്ങൾ രോഗികളെ ചികിത്സിക്കുക തുടങ്ങിയ നബിവചനങ്ങൾ ദാനത്തിന്റെ ഇത്തരം ഫലങ്ങളാണ് വ്യക്തമാക്കുന്നത്.
മൂന്ന്, പാപങ്ങൾ പൊറുക്കാൻ കാരണമാകുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങൾ ഒരു കാരക്കയെങ്കിലും സ്വദഖ നൽകുക. വിശക്കുന്നവന് ഒരാശ്വാസമാണത്. വെള്ളം അഗ്നിയെ കെടുത്തിക്കളയുന്നതുപോലെ സ്വദഖ പാപങ്ങളെ കെടുത്തിക്കളയും (കൻസുൽ ഉമ്മാൽ 15941).
നാല്, ബറകത്ത് വർധിക്കും. നബി(സ്വ) പറയുന്നു: ദാനധർമത്തിന്റെയോ കുടുംബബന്ധം ചേർക്കുന്നതിന്റെയോ കവാടം തുറന്ന ആർക്കും അല്ലാഹു ബറകത്ത് വർധിപ്പിക്കാതിരുന്നിട്ടില്ല (കൻസുൽ ഉമ്മാൽ 16072).
അഞ്ച്, റബ്ബിന്റെ കോപത്തെ അണക്കും. നബി(സ്വ) പറയുന്നു: സ്വദഖ സ്രഷ്ടാവിന്റെ കോപത്തെ കെടുത്തിക്കളയുകയും അന്ത്യം മോശമായ മരണത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും (സ്വഹീഹ് ബ്‌നു ഹിബ്ബാൻ 3309).
ഇഅ്തികാഫ്
നോമ്പുകാരന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സഫലീകരിക്കാൻ ഏറെ സഹായകമായ പുണ്യകർമമാണ് ഇഅ്തികാഫ്. തിരുനബി(സ്വ) റമളാനിൽ ഇഅ്തികാഫിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. അനസ്(റ)വിൽ നിന്ന് നിവദേനം. അദ്ദേഹം പറയുന്നു: റമളാനിലെ അവസാനത്തെ പത്ത് തുടങ്ങിയാൽ നബി(സ്വ) ഉടുതുണി മുറുക്കിക്കെട്ടുകയും രാത്രി ഉറക്കമൊഴിച്ച് സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു. നബി(സ്വ) റമളാനിലെ 10 ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. വഫാതായ വർഷത്തിൽ ഇരുപത് ദിവസമാണ് അവിടന്ന് ഇഅ്തികാഫിരുന്നത് (സ്വഹീഹുൽ ബുഖാരി).
അല്ലാഹുവിന്റെ ഭവനത്തിലിരിക്കുന്നതുകൊണ്ട് ഇലാഹീ സാമീപ്യം കരഗതമാക്കാമെന്നതും നിസ്‌കാരങ്ങൾ കൃത്യമായി അതിന്റെ നിർണിത സമയങ്ങളിൽ തന്നെ ജമാഅത്തായി നിർവഹിക്കാമെന്നതും ഇഅ്തികാഫിന്റെ സവിശേഷതകളാണ്. കാര്യമായ അധ്വാനമില്ലാതെ മഹത്തായ പ്രതിഫലം ലഭിക്കുന്ന ഒരു ആരാധനകൂടിയാണിത്. റമളാൻ അല്ലാത്തപ്പോൾ പോലും ഇതു ശ്രദ്ധിക്കാൻ വിശ്വാസിക്ക് കഴിയണം.
റമളാൻ പേരു പോലെത്തന്നെ നമ്മുടെ പാപങ്ങൾ കരിച്ചുകളയുന്നതാകണം. വിചാരപ്പെടലിന്റെ നല്ല നാളുകൾ തന്നെയാവണം. റമളാനിലെ രാപ്പകലുകൾ പ്രായപൂർത്തിയായത് മുതൽ ചെയ്ത മുഴുവൻ പാപങ്ങളിൽനിന്നും ഞാൻ മുക്തനായോ എന്നും ഇന്നലെ എനിക്ക് ചെയ്യാൻ കഴിയാത്ത വല്ല പുണ്യവും ഇന്ന് ചെയ്യാൻ കഴിഞ്ഞോ എന്ന സ്വയം വിചാരണയും നോമ്പുകാരനെ ആവേശഭരിതനാക്കണം. പാപങ്ങളെല്ലാം കഴുകിയും ആരാധനകൾ വർധിപ്പിച്ചും അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുമ്പോൾ മാത്രമാണ് നാം ലക്ഷ്യത്തിലെത്തുന്നത്.

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ