മറക്കില്ലൊരിക്കലും ആ കറുത്ത ദിനം. ഓരോ വര്‍ഷത്തെയും കലണ്ടര്‍ മറിച്ചിടുമ്പോള്‍ ജനുവരി 10 മുനീറ പ്രത്യേകം അടയാളപ്പെടുത്തുന്നു. അന്നാണ് അവളുടെ ജീവിതം തകിടം മറിഞ്ഞത്.
വര്‍ഷങ്ങളെത്രയാണ് കഴിഞ്ഞുപോയത്. ഷൊര്‍ണൂരിനടുത്തുള്ള ഗ്രാമത്തില്‍ നിന്നും കല്യാണരാത്രിയില്‍ കിലോമീറ്ററുകള്‍ നടന്നാണ് അവളും കൂട്ടുകാരികളും ഭര്‍തൃവീട്ടിലെത്തിയത്. റോഡിലൂടെ, പാടവരമ്പിലൂടെ, ഇടവഴികളിലൂടെ, പുഴയും കടന്ന് പെട്രോണ്‍മാക്സിന്റെ വെളിച്ചത്തില്‍ പാട്ടും പാടി വന്ന ഒരു കാലം. അന്നൊക്കെ അങ്ങനെയായിരുന്നു എല്ലാവരും. കല്യാണം ഒരു സംഭവമാണ്. കൂട്ടുകുടുംബങ്ങള്‍ ദിവസങ്ങള്‍ക്കു മുന്പേ ഒത്തുകൂടി മനസ്സറിഞ്ഞ് സഹകരിച്ച് വിജയിപ്പിച്ചിരുന്ന കാലം.
കൃഷിക്കാരനായിരുന്നു മുനീറയുടെ ബാപ്പ. രാവിലെ മുതല്‍ വൈകുന്നേരം വരെ പാടത്തായിരിക്കും. നെല്‍കൃഷിക്കു പുറമെ ധാരാളം പച്ചക്കറികളും ഉണ്ടാക്കിയിരുന്നു. പച്ചപ്പ് നിറഞ്ഞ പാടം, വഴിയരികില്‍ തോട്, റോഡ് കടന്നാല്‍ പുഴ… മുനീറക്ക് തന്റെ ഗ്രാമത്തെക്കുറിച്ച് ഏറെ പറയാനുണ്ട്.
ഉച്ചക്ക് കഞ്ഞിയുമായി പാടത്തെത്തിയതായിരുന്നു അവള്‍. പുറകിലുണ്ട് ഉമ്മ പാഞ്ഞുവരുന്നു. മുനീറയെ പെണ്ണുകാണാന്‍ ദൂരെ നിന്നൊരാള്‍ വന്നിട്ടുണ്ടെന്നാണ് അവര്‍ കിതച്ചുകൊണ്ട് പറഞ്ഞത്.
ആള് കാണാന്‍ നല്ല ചേലുണ്ടായിരുന്നു. ഐസ് വില്‍പനയാണ് ജോലി. വൈകാതെ പേര്‍ഷ്യയിലേക്കു പോകും. അദ്ദേഹത്തിന്റെ ഉപ്പ പേര്‍ഷ്യയിലാണ്. അന്നൊക്കെ അവളുടെ നാട്ടില്‍ നിന്ന് കുറച്ചുപേരേ ഗള്‍ഫിലെത്തിയിട്ടുള്ളൂ. ഒരു കൈയില്‍ ടേപ്റെക്കോര്‍ഡറും മറുകൈയില്‍ ത്രീഫൈവിന്റെ പാക്കറ്റുമായി, ബെല്‍ബോട്ടണ്‍ പാന്‍റും ധരിച്ചു വന്നിറങ്ങുന്ന ഗള്‍ഫുകാരന്‍ ഗ്രാമീണര്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു. ‘എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ സ്വന്തം ഭാര്യ…’ കത്തുപാട്ടു മൂളാത്തയാളുകള്‍ അന്നുണ്ടായിരുന്നില്ലെന്നു പറയാം.
പതിനെട്ടു തികഞ്ഞിട്ടും, പക്വത വന്നവളായിട്ടും ഒരു നാള്‍ മുനീറ ചതിയില്‍ പെട്ടു. അതു കാരണം ഗള്‍ഫില്‍ പോയ ഭര്‍ത്താവിന് അര്‍ജന്‍റ് ലീവില്‍ നാട്ടില്‍ വരേണ്ടിവന്നു. കേട്ടത് സത്യമാണോന്നറിയാന്‍, ആണെങ്കില്‍ അവളെക്കൊന്ന് ജയിലില്‍ പോകാന്‍…
ജനുവരി പത്തിനാണ് ദുരന്തം വന്നതെന്ന് മുനീറ ശരിക്കും ഓര്‍ക്കുന്നു. മഴ തിമര്‍ത്തു പെയ്യുന്ന ഒരു രാത്രിയായിരുന്നു അത്. അന്ന് ഭര്‍ത്താവിന്റെ ഒരു കൂട്ടുകാരന്‍ വീട്ടില്‍ വന്നു. ഭര്‍ത്താവ് പേര്‍ഷ്യയില്‍ നിന്ന് കൊടുത്തയച്ച ഒരു കൂട്ടം സാധനങ്ങളുമായി. നേരം വൈകിയപ്പോള്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തന്നെയാണ് അന്ന് പോകേണ്ടെന്ന് പറഞ്ഞത്. അമ്പതു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത്, ഈ മഴയത്ത് എങ്ങനെ വീടണയാന്‍….
അതിഥിയെ സല്‍ക്കരിക്കാന്‍ അന്നവര്‍ കോഴിയെ അറുത്തു. തേങ്ങാച്ചോറ് വെച്ചു. മുനീറക്കന്നു പിടിപ്പതു പണിയുണ്ടായിരുന്നു.
അന്നു മഴ തോര്‍ന്നതേയില്ല. രാത്രിയിലെപ്പോഴോ ഞെട്ടിയുണര്‍ന്നപ്പോള്‍ ഒരു നിഴലനക്കം കണ്ടു, അവള്‍ മുറിയില്‍. കരയാനൊരുങ്ങിയപ്പോള്‍ അയാള്‍ വാ പൊത്തിപ്പിടിച്ചു. പിന്നെ എന്താണു സംഭവിച്ചതെന്നോര്‍മയില്ല. കാത്തുസൂക്ഷിച്ച ഒരമൂല്യ നിധി കൈമോശം വരികയാണെന്ന് അറിയുന്നുണ്ടായിരുന്നു.
ദിവസങ്ങള്‍ കടന്നുപോയി. ഭയപ്പാടോടെ അവളൊരു സത്യം തിരിച്ചറിഞ്ഞു. ഉള്ളില്‍ ഒരു ജീവന്റെ തുടിപ്പ് വളര്‍ന്നുവരുന്നുണ്ട്. അവള്‍ക്കു പേടിയായി. സ്വന്തം വീട്ടില്‍ വന്ന്, ഡോക്ടറുടെ അടുത്തുപോയി അരുതാത്തത് ചെയ്തെങ്കിലും വിവരം പുറത്തറിഞ്ഞു.
ചായമക്കാനികളില്‍, അങ്ങാടിയില്‍, നാലാളു കൂടുന്നിടത്തൊക്കെ മുനീറയുടെ പച്ചമാംസം ആളുകള്‍ മത്സരിച്ചു തിന്നാന്‍ തുടങ്ങി. ആ നാട്ടിമ്പുറത്ത് അങ്ങനെയൊരു സംഭവം ആദ്യമായിരുന്നു.
ഭര്‍ത്താവ് പണം മുടക്കിവന്നത് കര്‍ത്താവ് ആരെന്നറിയാനായിരുന്നു. സ്വന്തം വീട്ടിലായിരുന്നു അവള്‍. അരയില്‍ കത്തി ഒരുക്കിവെച്ചാണ് അയാള്‍ മുനീറയെ കാണാന്‍ വന്നത്. മഹല്ലുകമ്മിറ്റിക്ക് കൈമാറാനുള്ള ത്വലാഖിന്റെ രേഖ അയാളുടെ പോക്കറ്റിലുണ്ടായിരുന്നു.
ഒന്നു മാത്രമേ അയാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നുള്ളൂ, നാട്ടുകാര്‍ പറയുന്നത് ശരിയാണോ? എന്റെ ഉപ്പയാണോ പ്രതി, അതോ കൂട്ടുകാരനോ? ആരായാലും എനിക്കവരെ കൊല്ലണം. ജയിലില്‍ പോകണം.
മുടി കുത്തിപ്പിടിച്ച് അയാള്‍ ഭ്യേം ചെയ്തെങ്കിലും അവള്‍ ഒരക്ഷരം മിണ്ടിയില്ല. മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ അവള്‍ തിരിച്ചു ചോദിച്ചതിങ്ങനെ:
‘ആളെപ്പറഞ്ഞാല്‍ നിങ്ങളെന്നെ കൂട്ടിക്കൊണ്ടു പോക്വോ, ഭാര്യയായി സ്വീകരിക്കുമോ?’
അപ്പോഴാണ് അയാള്‍ പിടിവിട്ടത്. അതിനു മാത്രം അയാള്‍ ഒരുക്കമല്ലായിരുന്നു. എങ്കില്‍ എനിക്ക് എന്റെ വഴി, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എന്ന ഭാവമായിരുന്നു മുനീറയുടെ മുഖത്ത്…
വത്സരങ്ങള്‍ പിന്നെയും മാറിവന്നു. മുനീറയുടെ നാട്ടിലുമുണ്ടായി മാറ്റങ്ങള്‍ ഏറെ. പച്ചപ്പു നിറഞ്ഞ പാടം മുക്കാല്‍ ഭാഗവും ഇപ്പോള്‍ അപ്രത്യക്ഷം. അവയൊക്കെ നികത്തി വീടുകള്‍ നിരനിരയായി നില്‍ക്കുന്നു. കൃഷി ഇപ്പോള്‍ പേരിനു മാത്രം. തോട് കാണാനേയില്ല. പുഴ ഒരു ചാലായി മാറിയിരിക്കുന്നു. മണല്‍ ലോറികള്‍ പുഴയില്‍ നിന്ന് കയറിയ നേരമില്ല.
മുനീറയുടെ ഭര്‍ത്താവിന് പുതിയ ഭാര്യയായി. അതില്‍ കുട്ടികളായി. രണ്ടു മക്കളെ കെട്ടിച്ചെന്നും കേട്ടു. മുനീറയുടെ ഉപ്പയും ഉമ്മയും പരലോകം പൂകിയിട്ടു വര്‍ഷങ്ങളായി. അവള്‍ ഇപ്പോള്‍ ആങ്ങളമാരുടെ കൂടെക്കഴിയുന്നു. അവരൊന്നും ഇതുവരെ കറുത്ത മുഖം കാണിക്കാത്തതു കൊണ്ട് വീടുകളില്‍ മാറിമാറി….
വിവാഹമോചനം നടന്ന കാലത്ത്, മുനീറക്ക് ചില മാനസിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു. ജീവിതം തകര്‍ന്നതിന്റെ ഷോക്ക്. ഉറക്കമില്ലാതിരിക്കുക, ഭക്ഷണം വേണ്ടാതിരിക്കുക തുടങ്ങിയ ചെറിയ പ്രശ്നങ്ങളാണെങ്കിലും നാട്ടുകാര്‍ അവളെ സുഖമില്ലാത്ത കുട്ടി എന്നു വിളിച്ചു. അതു കാരണം മറ്റു വിവാഹാലോചനകളൊന്നും അവളുടെ ഏഴയലത്തുപോലും വന്നില്ല.
കുറച്ചു ദിവസമായി മുനീറക്ക് നിലക്കാത്ത വയറുവേദനയാണ്. പരിശോധനയില്‍ ഞെട്ടിക്കുന്ന റിസള്‍ട്ടായിരുന്നു. വയറിനുള്ളില്‍ ഒരു മുഴ വളര്‍ന്നിരിക്കുന്നു. പെട്ടെന്നു നീക്കം ചെയ്തില്ലെങ്കില്‍….
അന്നുരാത്രി അവള്‍ക്കുറങ്ങാനായില്ല. മഴ പെയ്യുന്നുണ്ടായിരുന്നു. ഇതുപോലൊരു രാത്രിയാണ് തന്റെ ജീവിതത്തില്‍ ദുരന്തം പെയ്തത്. അന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍, താന്‍ രക്ഷപ്പെട്ടു പോകുമായിരുന്നല്ലോ റബ്ബേ….
ആ കരവലയത്തില്‍ എന്തിനാണ് താന്‍ സായൂജ്യം കണ്ടെത്തിയത്. ഒരു നിമിഷത്തെ ബലഹീനത കൊണ്ട് തകര്‍ന്നത് ഒരു ജീവിതമാണ്… ഇനിയിപ്പോള്‍ എന്തിനാണ് ഒരു ഓപറേഷന്‍ എന്നാണ് അവള്‍ ചിന്തിക്കുന്നത്….

ഇബ്റാഹിം ടിഎന്‍ പുരം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ