സേവനത്തിന്‍റെ പ്രതീകമായ ചിലരുടെ പുഞ്ചിരിക്കുന്ന മുഖം മനോദര്‍പ്പണത്തില്‍ തെളിഞ്ഞുവരുന്നു. റമളാനില്‍ ഉംറ നിര്‍വഹിച്ച് മദീനയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രയിലായിരുന്നു. അത്താഴം കഴിഞ്ഞ് സുബ്ഹി വാങ്കിന്‍റെ കുറച്ച് മുന്പാണ് ബസിലെ യാത്രക്കാരുടെയെല്ലാം മുന്പില്‍ അമീറായ അത്തരമൊരാള്‍ വെള്ളവുമായി വന്നുചേരുന്നത്. എല്ലാവരുടെയും മനം കുളിര്‍ത്തു. അന്നേരം അല്‍പം വെള്ളം കിട്ടുകയെന്നത് എല്ലാവര്‍ക്കും ആശ്വാസമുള്ള കാര്യമാണ്. ജനങ്ങളുടെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവമാണ് അദ്ദേഹം കാണിച്ചത്.
സേവന സന്നദ്ധതയെന്നത് പടച്ചവന്‍ നല്‍കുന്ന വലിയ അനുഗ്രഹമാണ്. സമൂഹത്തിന്‍റെ നേതാവ് സാമൂഹിക സേവകനാണെന്ന പ്രവാചകാധ്യാപനം ശ്രദ്ധേയമത്രെ. ഇസ്ലാമിന്‍റെ രണ്ടാം ഖലീഫ ഉമര്‍(റ)ന്‍റെ ജീവിതത്തില്‍ ഈ സേവനത്വര വളരെക്കൂടുതലായി നമുക്ക് കാണാനാകും. നിശയുടെ നിശ്ശബ്ദതയില്‍ തന്‍റെ പ്രജകളുടെ ദുരിതങ്ങള്‍ നേരിട്ടറിയുന്നതിന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി സഞ്ചരിക്കുക അദ്ദേഹത്തിന്‍റെ പതിവായിരുന്നു.
സേവന നിരതനായി മുന്നേറുന്നതിന് സന്മനസ്സുവേണം. ഏതു തിരക്കിനിടയിലും ഓടിനടന്ന് കാര്യങ്ങള്‍ നോക്കിനടത്തുന്ന നിരവധി പേരുണ്ട് സമൂഹത്തില്‍. വയോജന ക്ലാസും വനിതാക്ലാസും സംഘടിപ്പിക്കുമ്പോള്‍ തന്നെ മഹല്ലിന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവര്‍ സമയം കണ്ടെത്തുന്നു. പാവങ്ങളെ സഹായിക്കുന്നതിനും താല്‍പര്യം കാണിക്കുന്നു. ചിലര്‍ മഹല്ലിന്‍റെ കാര്യത്തിലാണെങ്കില്‍ മറ്റു ചിലര്‍ ദീനീ സംഘടനയുടെയും സ്ഥാപനത്തിന്‍റെയും നിലനില്‍പിനും ഭദ്രതക്കുമായിരിക്കും സ്വന്തം സമയവും അധ്വാനവും ചെലവഴിക്കുക.
എന്നാല്‍ സേവനം ആവശ്യമുള്ള പല മേഖലകളിലും സേവന മനസ്സില്ലാത്തവരാണ് ഇന്നുള്ളത് എന്നത് ഒരു ദുഃഖസത്യമാണ്. ഡോക്ടര്‍മാര്‍, പോലീസുകാര്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാറുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് സേവന മനസ്കത വളരെക്കൂടുതല്‍ ആവശ്യമാണല്ലോ. അര്‍ധരാത്രിയില്‍ ഒരാള്‍ക്ക് രോഗം പിടിപെടുമ്പോള്‍ ഡോക്ടര്‍മാര്‍ കനിഞ്ഞില്ലെങ്കിലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നീതി ലഭിക്കുന്നതിന് വേണ്ടി പോലീസുകാരനെ സമീപിക്കുമ്പോള്‍ ഡിപാര്‍ട്ടുമെന്‍റിന്‍റെ സേവന മനസ്സ് പ്രധാനമാണ്. രാഷ്ട്രീയക്കാരന്‍ ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ക്കു നേരെ അദ്ദേഹം പുറംതിരിഞ്ഞു നിന്നാലുള്ള അവസ്ഥ ദയനീയം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഇങ്ങനെതന്നെ.
ജനങ്ങള്‍ക്ക് സേവനം ലഭിക്കേണ്ട ഈ കേന്ദ്രങ്ങളിലുള്ളവര്‍ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ ആത്മാര്‍ത്ഥമായി മനസ്സുവെച്ചില്ലെങ്കില്‍ എത്ര പ്രയാസം സൃഷ്ടിക്കുമത്. ത്യാഗസന്നദ്ധതയും സേവനമനസ്സുമില്ലാത്തവരാണ് ഈ രംഗങ്ങളിലുള്ളവരെങ്കില്‍ അവര്‍ സമൂഹത്തിന് ശാപമാണ്.
സേവനത്തിന്‍റെ പേരില്‍ പണം തട്ടിയെടുക്കുക മാത്രം ലക്ഷ്യമാക്കുന്നവരും ഉണ്ട്. രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലാണ് ഇത്തരക്കാരെ കൂടുതലായി കാണാനാവുക. പാവങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കും വേണ്ടിയുള്ള ഫണ്ടുകള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് വാങ്ങിക്കൊടുക്കുന്നതിന് പകരം സ്വന്തം കീശയിലേക്ക് എത്തിക്കുന്നതിനാണ് ചിലരുടെ ശ്രമം. മെഡിക്കല്‍ കോളേജു പോലുള്ള ചില സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ഡോക്ടറെ സ്വകാര്യമായി കണ്ടാല്‍ ലഭിക്കുന്ന പരിഗണനയും ചികിത്സയിലെ പുരോഗതിയും കണ്ടില്ലെങ്കിലുള്ള ദുരവസ്ഥയും മിക്കവര്‍ക്കും അനുഭവമാണല്ലോ. ഇവരില്‍ നിന്ന് സമൂഹത്തിന് ആത്മാര്‍ത്ഥ സേവനം കിട്ടുകയില്ല. കര്‍മോത്സുകതയാണ് ഉത്തമ സേവകര്‍ പ്രദര്‍ശിപ്പിക്കേണ്ടത്. അത്തരം സേവകരുടെ ഉണര്‍വ്മൂലം സമൂഹത്തില്‍ പല നന്മയും കൈവരുത്താനാവും.
ബഷീര്‍ അബ്ദുല്‍ കരീം സഖാഫി വാണിയമ്പലം