പലര്‍ക്കും ‘തലവേദന’യാണ്. വേദനയില്ലാത്ത തലവേദനകള്‍. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നവര്‍ പറയുന്നു:‘വേണ്ടിയില്ലായിരുന്നു, തലവേദനയുണ്ടാക്കുന്ന ഏര്‍പ്പാടാണിത്. കച്ചവടം തുടങ്ങിയവരും ഇതുതന്നെ പറയുന്നു. വണ്ടി വാങ്ങിയവരും തലവേദനക്കഥ പറയുന്നു. പക്ഷേ, യഥാര്‍ത്ഥ തലവേദനയല്ലിത്. മനസ്സിന്റെ സംഘര്‍ഷം മൂലമുണ്ടാവുന്ന തലവേദന. ഇതിനെന്താണ് മരുന്ന്?
തുടര്‍ച്ചയായ തലവേദന അജ്ഞാതമായ എന്തോ കാരണത്താല്‍ പരിപക്വമാകാത്ത വ്യക്തിത്വത്തിന്റെ ശാരീരിക ചേഷ്ടയാണ്. വ്യക്തി ഛിന്നഭിന്നമായിരിക്കുന്നു എന്നതിന്റെ ബാഹ്യപ്രകടനം. അതോടെ മനസ്സിന് തകര്‍ച്ചയും വിഭജനവും സംഭവിക്കുന്നു. മനസ്സിലെ തകര്‍ന്ന ഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള മത്സരത്തിന്റെ ശാരീരിക വിളംബരമാണ് തലവേദന. വ്യക്തിത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ തലവേദന രൂപപ്പെടുത്തുന്നു. സാധാരണയില്‍ കാണപ്പെടുന്ന ഭീകര തലവേദന പല വിധത്തില്‍ കാണപ്പെടുന്നു. സൂക്ഷ്മപരിശോധന നടത്തിയാല്‍ ഇവ വൈകാരികമായ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാം. നാഡീ ക്ഷീണത്തില്‍ നിന്ന് വരുന്ന തലവേദന അത്തരത്തിലുള്ളതാണ്. ഒന്നും ശരിയല്ലെന്ന തോന്നല്‍, എല്ലാം തെറ്റാണ്, കാണുന്നതെല്ലാം വെറുപ്പ്, സമരോത്സുകത മുന്നിട്ട് നില്‍ക്കും, കാര്യമായ ജോലി ചെയ്തില്ലെങ്കിലും ക്ഷീണം, തളര്‍ച്ച, ജീവിതം മുരടിപ്പ് ബാധിച്ചതും ഭാരവും വിരസവുമായി തോന്നുക തുടങ്ങിയവ ലക്ഷണങ്ങളാണ്. ഫെനിക്കല്‍ എന്ന പ്രശസ്ത മാനസികാരോഗ്യ വിദഗ്ധന്റെ അഭിപ്രായത്തില്‍ ശരിയായ സ്ഖലനം ഇല്ലാത്തതാണ് ഇതിന്റെ കാരണം. അവരുടെ ശരിയായ വ്യക്തിത്വം തടയപ്പെട്ടിരിക്കുന്നു. അവരില്‍ ലൈംഗിക ദാഹവും മോഹവും ഉണ്ട്. പക്ഷേ, പ്രായോഗികതലത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. വിവാഹത്തെ ഭയന്ന് കഴിയുന്നവരും വിവാഹം അപ്രാപ്യമായവരും ദാമ്പത്യ പരാജയം മൂലം പിന്നീട് ലൈംഗിക സുഖം അനുഭവിക്കാന്‍ ആവാത്തവരിലുമാണ് സാധാരണ ഇത് കണ്ടുവരുന്നത്. ഇടുങ്ങിയതും കര്‍ശനവുമായ ചുറ്റുപാടില്‍ വളര്‍ത്തപ്പെട്ടവരും തങ്ങള്‍ മോഹിക്കുന്നതത്രയും തെറ്റാണെന്ന ധാരണ കീഴ്പ്പെടുത്തിയിരിക്കുന്നവരിലുമാണിത് കാണാറുള്ളത്.
മറ്റൊരു തലവേദനയാണ് കൊടിഞ്ഞി എന്ന ചെന്നിക്കുത്ത്. നെറ്റിയുടെ ഒരു ഭാഗത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന തലവേദന. തലയോട് പൊട്ടിപ്പിളരുന്ന അനുഭവം. ചിലപ്പോള്‍ രൂക്ഷം, ബാക്കിയുള്ള സമയം നിസ്സാരം. ഗുളികകള്‍ ഫലം ചെയ്തെന്ന് വരില്ല. സൂര്യപ്രകാശം കണ്ടുകൂടാ. കട്ടിലില്‍ കിടന്ന് ഉറങ്ങിയാല്‍ അല്‍പം ആശ്വാസം ലഭിക്കും. നിസ്സാര സംഭവങ്ങള്‍ മനസ്സിനെ തളര്‍ത്തുകയും ദുഃഖം ഹൃദയത്തിന്റെ ആഴത്തില്‍ പതിയുകയും ചെയ്യുന്നവര്‍ ഈ രോഗത്തിന് അടിമയാവാറുണ്ട്. സ്വന്തം കഴിവിനെ തിരിച്ചറിയാത്തവരും മറ്റുള്ളവരാല്‍ മാനിക്കപ്പെടാത്തവരുമാണ് ഇത്തരക്കാര്‍.
അവരെ മറ്റുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അമിത പ്രാധാന്യം കൊടുക്കും. അതവര്‍ മനസ്സില്‍ ഒതുക്കുകയും ചെയ്യും. പ്രതിഷേധിക്കാന്‍ പ്രാപ്തിയില്ലാതെ മറ്റുള്ളവരെ സംശയത്തോടെ കാണും. നന്മയുടെ പിറകില്‍ തിന്മയെ ദര്‍ശിക്കും. അംഗീകാരം കിട്ടി എന്ന ബോധം ഉണ്ടാവുന്നതോടെ ഒരു പരിധിവിരെ ഇത് സുഖപ്പെടുന്നതാണ്.
ജലദോഷത്തോടൊപ്പം വരുന്ന തലവേദനയാണ് മറ്റൊന്ന്. ചിലപ്പോള്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കും. വിശേഷിച്ച് ഒരു കാരണമൊന്നുമില്ല. ഇടവിട്ട് ഇടവിട്ട് ഉണ്ടാകും. ചെറുപ്പത്തിലെപ്പോഴോ സംഭവിച്ച മറക്കാനാവാത്ത നഷ്ടത്തിന്റെയോ അനീതി നിറഞ്ഞ അനുഭവത്തിന്റെയോ ഉപബോധ ഓര്‍മയായിരിക്കും ഇതിന് കാരണം. മുമ്പ് ജലദോഷവും തലവേദനയും ഉണ്ടായപ്പോള്‍ സ്നേഹവും ലാളനയും ലഭിച്ചിട്ടുണ്ടാകും. പില്‍ക്കാലത്ത് ദുഃഖാനുഭവങ്ങളുണ്ടാവുമ്പോള്‍ പ്രതിവിധിയായി ഉപബോധമനസ്സിലെ അഭിവാഞ്ജനകള്‍ ഈ രൂപത്തില്‍ വരുന്നതാവാം. 4050 വയസ്സിനിടയിലുണ്ടാവുന്ന തലവേദനയാണ് രക്തസമ്മര്‍ദം. ജീവിതരീതിയിലെ മാറ്റമാണിതിന് കാരണം. വിശ്രമരഹിത ജോലി സാധാരണ ഇതുണ്ടാക്കുന്നു. മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ മോഹിച്ചാണ് അവിശ്രമം പണിയെടുക്കുന്നത്. അത് വേണ്ടുവോളം ലഭിക്കാതെ വരുമ്പോള്‍ ആത്മനിന്ദയുണ്ടാവുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യും.

 

അകത്തളം ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ