‘കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്.
പരീക്ഷിച്ച്, നിരീക്ഷിച്ച്
നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണർന്ന്
പുകഞ്ഞു പുകഞ്ഞ്
തനിയെ സ്റ്റാർട്ടാകുന്ന
കരി പുരണ്ട് കേടുവന്ന
ഒരു മെഷീൻ അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉൽപാദിപ്പിക്കുന്നുണ്ടെന്ന്.’
സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ച ഒരു പെൺകുട്ടിയുടെ കുറുങ്കവിത സോഷ്യൽ മീഡിയകളിൽ ഉയർത്തിവിട്ട കുറേ ചോദ്യങ്ങൾ ലിംഗസമത്വ വാദക്കാലത്ത് വളരെ പ്രസക്തമാണെന്ന് തോന്നുന്നു.
ഒരു വീട്ടിലെ ഒരുപാട് അംഗങ്ങളിൽ സ്ത്രീജനത മാത്രം കരിപുരണ്ട് തനിയെ സ്റ്റാർട്ടാവുന്ന പുകഞ്ഞ മെഷീനായി മാറുന്നതിനുള്ള കാരണമെന്താണ്? വീട്ടിനകത്തിരിക്കുന്ന പുരുഷൻമാർ എന്ത് കൊണ്ട് ഉപ്പ് ഉൽപാദിപ്പിക്കുന്ന യന്ത്രങ്ങളായി മാറുന്നില്ല? കാലങ്ങളായി നടന്നു വരുന്ന രീതിയാണെന്ന് ഉത്തരം നൽകുമ്പോഴും എന്ത് കൊണ്ട് എല്ലാ മതങ്ങളിലും ഇസങ്ങളിലും പുരുഷമേധാവിത്വം സംജാതമായി? ഇത് ഏതെങ്കിലും ഒരു മതത്തിലെ പണ്ഡിതൻമാർ പറഞ്ഞതനുസരിച്ച് എല്ലാവരും സ്വീകരിച്ചതാണോ, അല്ലെങ്കിൽ പ്രകൃതിപരമായി സ്ത്രീ-പുരുഷ വ്യത്യാസമുണ്ടോ?
പുതിയകാല ചർച്ചകളും സംവാദങ്ങളും കേൾക്കുമ്പോൾ ഇസ്‌ലാമും മുസ്‌ലിം പണ്ഡിതരും സ്ത്രീകളെ പിന്നാക്കം പായിക്കാനായി ഉണ്ടാക്കി തീർത്ത നിയമങ്ങളുടെ ഫലമാണ് എല്ലാ മതങ്ങളുടെയും ആശയത്തിലെയും, ലോകമെമ്പാടുമുള്ള സ്ത്രീകൾ കുടുംബം നോക്കുകയും അടുക്കള കാര്യങ്ങൾ ചെയ്യുകയും പ്രസവിക്കുകയും കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുകയും ചെയ്യുന്നതെന്ന് തോന്നും.
കാര്യങ്ങൾ ചെയ്യാനും ഏറ്റെടുത്ത സമയബന്ധിതമായി പൂർത്തിയാക്കാനും സ്ത്രീകൾക്കുള്ള മിടുക്ക് കുറച്ച് കാണാൻ കഴിയില്ല. പഠനപ്രവർത്തനം മുതൽ ഈ മികവ് നന്നായി തെളിയിക്കുന്നതാണ് ഇവർ നേടിയെടുക്കുന്ന മികവുകൾ. പക്ഷേ ഇതുകൊണ്ട് മാത്രം സ്ത്രീകൾ പുരുഷ സമാനരാണെന്നോ ഏത് മേഖലയിലും അവർക്ക് പൂർണ വിജയം കഴിയുമെന്നോ ഉള്ള അവകാശവാദം വെറുതെയാണെന്ന് മനസ്സിലാക്കാം.
ചെറിയ ചെറിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സ്ത്രീകളിൽ എത്ര പേർ അതി സങ്കീർമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. പുതിയ മാറ്റത്തിന്റെ സൂചകങ്ങളായി എടുത്തു കാണിക്കുന്നത് ഡ്രൈവിംഗ് സീറ്റിൽ ചില സ്ത്രീകൾ വന്നു എന്നതാണ്. അപ്പോഴും ചോദ്യം ബാക്കിയുണ്ട്. സങ്കീർണതകൾ നിറഞ്ഞ ഡ്രൈവിംഗ് സീറ്റിൽ എത്ര സ്ത്രീകളെ കാണാൻ കഴിയുന്നുണ്ട്? ആംബുലൻസ് പോലത്തെ വാഹനങ്ങളുടെ ഡ്രൈവിംഗ് സീറ്റിൽ എത്ര സ്ത്രീകളെ കാണാനാവുന്നുണ്ട്? ദീർഘ ദൂരങ്ങൾ താണ്ടുന്ന, പ്രയാസകരമായ റോഡുകളിൽ സാഹസികത കാണിക്കുന്ന എത്ര വനിതാ ഡ്രൈവർമാർ ഉണ്ട്? തലങ്ങും വിലങ്ങും ഗിയർലെസ് മിനി ബൈക്കുകളിൽ സ്ത്രീകൾ സഞ്ചരിച്ചിട്ടും റോയൽ എൻഫീൽഡ് ബുള്ളറ്റ് പോവട്ടെ ഒരു സാധാ പൾസറിൽ പോലും അവരെ കാണാത്തതെന്തുകൊണ്ടാണ്?
വനിതാ ഡ്രൈവർമാർ കുറവെന്നോ ഇല്ലെന്നോ പറയുമ്പോൾ തന്നെ മറ്റ് ഉത്തരങ്ങളും നമുക്ക് കിട്ടുന്നുണ്ട്. സമത്വ വാദം ഉറപ്പിക്കാൻ പുരുഷൻമാരായ സാഹസിക ഡ്രൈവർമാർക്കൊപ്പം കാർ റേസിംഗിന് ഇറങ്ങിയ ഒരു വനിതയുടെ പെടാപ്പാട് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നതും അത് കൊണ്ട് തന്നെയല്ലേ. അപകടങ്ങളിൽപെടുമ്പോൾ പുറത്ത് ഇറങ്ങാൻ കൂടി വയ്യാതെ തളർന്നിരുന്നു പോകുന്നതും വൈകാരിക സമത്വം കൈവരിക്കാൻ കഴിയാത്തത് ഏത് യാഥാസ്ഥിതികർ ആഹ്വാനം ചെയ്തത് കൊണ്ടാവും? കായിക മത്സരങ്ങളിലും സാഹസിക പ്രകടനങ്ങളിലും ഒന്നിച്ച് മത്സരിക്കുന്നതിന് പകരം ആൺ-പെൺ മത്സരങ്ങൾ വെവ്വേറെ സംഘടിപ്പിക്കുന്നത് സംഘാടകരുടെ ഇടയിൽ യാഥാസ്ഥിതിക ചിന്തകൾ ഉള്ളത് കൊണ്ടാണെന്ന് വിശ്വസിക്കണോ അതോ സ്ത്രീ-പുരുഷ വ്യത്യാസം പ്രകൃതിപരമായി ബോധ്യപ്പെട്ടത് കൊണ്ടോ?
സാഹസിക യാത്രകളിൽ ഏതെങ്കിലും സ്ത്രീ ഉൾപ്പെടുമ്പോൾ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത് ഈ രംഗത്ത് ഇപ്പോഴും സ്ത്രീകൾക്ക് ഇറങ്ങി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന വസ്തുതകൊണ്ടുകൂടിയാണെന്ന് മനസ്സിലാക്കാം. ഒരു സുനിത വില്യംസ് കൊണ്ടാടപ്പെട്ടത് സാഹസിക മനസുള്ള മറ്റ് വനിതകൾ ഇല്ലാത്തത് കൊണ്ടും പുരുഷൻമാർ ആഘോഷിക്കപ്പെടാത്തത് പുരുഷൻമാർ ധാരാളമുള്ളതു കൊണ്ടാണെന്നുമുള്ള നിരീക്ഷണം ശരിയല്ലേ!
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകണമെന്നതിലോ അവർ സാമൂഹികമായി മുന്നേറണമെന്നതിലോ ഇസ്‌ലാമിൽ എതിരഭിപ്രായമില്ല. മാത്രമല്ല ഇസ്‌ലാമിക ചരിത്രത്തിലെ പ്രഗത്ഭ പണ്ഡിതകളായ ആഇശ(റ)യും സൈനബുൽ ഗസ്സാലിയും മറ്റും അതിന് സാക്ഷ്യമാണ്. ഉമർ(റ)നോട് പോലും തങ്ങളുടെ അവകാശങ്ങൾ ചോദിക്കാൻ സ്ത്രീകൾക്കുള്ള തന്റേടം നൽകിയത് ഇസ്‌ലാമാണെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.
സ്വൂഫിസത്തിന്റെ ഉത്തുംഗതയിലെത്തിയ റാബിഅതുൽ അദവിയ്യ(റ)യും നഫീസതുൽ മിസ്‌രിയ്യ(റ)യും പറയുന്ന ചരിത്രം ഇസ്‌ലാം വനിതകളെ ആത്മീയമായും സാമൂഹ്യമായും എത്രമാത്രം പ്രചോദിപ്പിച്ചുവെന്നതിന്റെ നിദർശനമാണെന്നതിൽ പുരോഗമനവാദികൾ പോലും സംശയിക്കില്ല.
പ്രകൃതിയുടെ മതമായ ഇസ്‌ലാം ആണിനും പെണ്ണിനും അർഹമായ പരിഗണനയാണ് കൊടുത്തതെന്ന് കാണാം. ഒരു വേള പുരുഷനേക്കാൾ കൂടുതൽ മഹത്ത്വം സ്ത്രീകൾക്കാണ് കൊടുത്തതെന്നും മനസ്സിലാക്കാം. മാതാവിന് കൊടുത്തതിന്റെ മൂന്നിലൊന്ന് സ്ഥാനമാണ് പിതാവിന് മതം കൊടുത്തത്. ആരാധനകളിൽ പോലും സ്ത്രീയുടെ പ്രകൃതിയറിഞ്ഞുള്ള ക്രമപ്പെടുത്തലുകൾ മറ്റൊരു മതത്തിലും ഇസത്തിലും കണ്ടെത്താൻ കഴിയില്ല. പ്രകൃത്യായുള്ള സ്‌ത്രൈണ പ്രത്യേകതകൾ കാരണം വീടകങ്ങൾവരെ വിലക്കുന്ന മാനസിക പീഡനം ഇസ്‌ലാമിൽ കേട്ടുകേൾവി പോലുമില്ലെന്നുള്ളത് ചിന്തനീയം.
പാതിരി സ്ത്രീകളും ശാന്തിനിമാരും അത്യപൂർവമായി കാണുന്നത് നേതൃത്വമെന്ന അതിസാഹസികതയെ നേരിടാനുള്ള മനസ്സുറപ്പ് വനിതകൾക്ക് കുറവാണെന്ന തിരിച്ചറിവിൽ നിന്നാണ്. വനിതകൾ നേതൃത്വം നൽകുകയോ അധികാരം നേടുകയോ ചെയ്തിടത്ത് മിക്കപ്പോഴും പിൻസീറ്റ് ഡ്രൈവിംഗ് കാണുന്നത് സ്വന്തമായി നയിക്കാനുള്ള ശേഷിക്കുറവ് കൊണ്ടാണെന്നുള്ള ചർച്ച സംവരണ കാലത്ത് സജീവമാകുന്നു. രാഷ്ട്രീയ പാർട്ടികൾ വനിതാ ഘടകമുണ്ടാക്കി വേദിയും പേജും സമ്മേളനങ്ങളും പ്രസ്താവനകളും പുരുഷരെ കൊണ്ട് നിറക്കുന്നത് ആൺ മേധാവിത്വംമൂലം മാത്രമാണോ?
പൊതു ഇടങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും അവരെ ഇറക്കി കൊണ്ടുവരാൻ മെനക്കെടുന്ന നൂതനാശയക്കാർ മൂത്രം മണക്കുന്ന ഇടവഴിയിൽ ‘സ്ത്രീകൾക്കുള്ള വഴി’ എന്നെഴുതിയതിനപ്പുറം സമൂഹത്തിൽ എന്ത് മാറ്റം സാധ്യമാക്കി എന്നത് ചർച്ച ചെയ്യപ്പെടണം. ശൂറയിൽ ഒരു സ്ത്രീ സാന്നിധ്യമുണ്ടായതു കൊണ്ട് മാത്രം വനിതകളുടെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരമായി എന്ന് വാദിക്കുന്നത് വങ്കത്തമാണ്.
കാലിക്കറ്റ് സർവകലാശാലയിലെ അഞ്ഞൂറിലധികം വരുന്ന വിദ്യാർഥിനികൾ സുരക്ഷിതത്വമാവശ്യപ്പെട്ട് ചാൻസലറായ ഗവർണർക്ക് കത്ത് നൽകുമ്പോൾ ഏറ്റവും സുരക്ഷിതമാവേണ്ട വിദ്യാലയങ്ങളും കലാലയങ്ങളും അതിക്രമങ്ങളുടെ ഇടങ്ങളായി എന്നാണതിനർത്ഥം. ഇത് പുരുഷ മേധാവിത്വം കൊണ്ട് മാത്രമാണോ? സർവകലാശാലകളിൽ വിദ്യാർഥിനികളും ഗവേഷകളും ലൈംഗിക അതിക്രമത്തിന് ഇരയാവുന്നു എന്ന വനിതാ കമ്മീഷൻ കണ്ടെത്തലുകൾ ഇസ്‌ലാം നിഷ്‌കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സ്ത്രീകൾക്ക് ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്.
സമത്വമെന്ന വാദം എഴുന്നള്ളിച്ച് എല്ലായിടങ്ങളിലും സ്ത്രീകളെ കൊണ്ടുവരുമ്പോൾ മാന്യമായ അതിർവരമ്പുകൾ ആവശ്യമാണെന്ന വാദത്തിന് കൂടി പ്രസക്തി നൽകേണ്ടതുണ്ട്. അല്ലാത്തിടങ്ങളിൽ അരാജകത്വ സാധ്യത കൂടുതലാണെന്ന് ആനുകാലിക സമരാഭാസങ്ങൾ നമ്മോട് വിളിച്ച് പറയുന്നു.
സ്ത്രീകൾക്ക് മാത്രം സാധ്യമാവുന്ന ഗർഭവും പ്രസവവും മക്കളെ നോക്കി വളർത്തലും വെറുക്കപ്പെടേണ്ട ഒന്നാണെന്ന മിഥ്യാധാരണ സൃഷ്ടിച്ച് ഈ വാദമുന്നയിക്കുന്നവരെ പിന്തിരിപ്പന്മാരാക്കാനുള്ള ശ്രമങ്ങൾ വീറോടെ ഉയരുമ്പോൾ തൊഴിലിടങ്ങളിലും കലാലയങ്ങളിലും യാത്രകളിലും ഒറ്റപ്പെടുന്ന സ്ഥലങ്ങളിലും അവൾ അനുഭവിക്കുന്ന മാനസിക-ശാരീരിക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ഓഫീസിലിരുന്ന് സ്ത്രീ-പുരുഷ സമത്വത്തിന്റെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യുന്ന പുരോഗമന വാദിയും വീട്ടിലെത്തിയാൽ തനിക്കൊപ്പം ജോലി കഴിഞ്ഞെത്തിയ ഉദ്യോഗസ്ഥയായ ഭാര്യയോട് ചായ തരാൻ വൈകിയതിന് ദേഷ്യപ്പെടുമ്പോൾ ഇവിടെ സമത്വം ആവശ്യമില്ലേ എന്ന സംശയം ബാക്കിയാവുകയാണ്. ബസ്സിൽ സൈഡ് കർട്ടന്റെ ക്ലിപ്പ് ഇടുന്നതു മുതൽ ഒരു കൈ സഹായം പുരുഷ മുഖത്ത് നോക്കി ആവശ്യപ്പെടുന്ന ഒരു വലിയ സമൂഹം കായികമായും ബുദ്ധിപരമായും പുരുഷനെ കിട പിടിക്കുന്ന മത്സരങ്ങൾ കാഴ്ച വെക്കുന്നുവെന്നു വാദിച്ചാലും വൈകാരിക തലങ്ങളിൽ സ്ത്രീകൾ എത്ര മാത്രം ശക്തരായി എന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്. വേദനകൾ നൽകുന്ന പ്രശ്‌ന സങ്കീർണമായ ഇടങ്ങളിൽ പിടിച്ച് നിൽക്കാനുള്ള മനഃശക്തിയുടെ കുറവ് തന്നെയാണ് സ്ത്രീ-പുരുഷ സമത്വ ചർച്ചകളിൽ മുഴച്ച് നിൽക്കുന്ന പ്രധാന പ്രശ്‌നം. ദുരന്ത നിവാരണ രംഗത്തും ദുരന്തമുഖങ്ങളിലും സ്ത്രീ സാന്നിധ്യവും സ്ത്രീ മുന്നേറ്റവും സാധ്യമായെന്ന് പറയുന്ന പുതിയ കാലത്ത് പോലും അത് എത്രത്തോളമെന്ന് കൂടി പഠിക്കണം. എന്നിട്ടു സമത്വ സംവാദങ്ങളിൽ മുന്നേറാം.
ഈ വസ്തുത താൻ പഠിച്ച മതദർശനങ്ങളുടെ അടിസ്ഥാനത്തിൽ ഉറക്കെ പറഞ്ഞതിനാണ് കാന്തപുരം ഉസ്താദിനെതിരെ ചിലർ വാളെടുത്തത്. വസ്തുതാപരമായി വിലയിരുത്തുമ്പോൾ വിവാദമാക്കേണ്ടതല്ല അതെന്നും ഉസ്താദ് പറഞ്ഞിടത്താണു കാതലെന്ന് ബോധ്യപ്പെടുകയും ചെയ്യും.
അബ്ദുല്ല പുത്തൂർ