ഒരു വീട്ടിലെ മാതാവിന്റെ/ഭാര്യയുടെ ജോലി ഇങ്ങനെ: മുറ്റവും പുരയും അടിച്ചുവാരുക, അടുക്കളയില്‍ കയറിയാല്‍ വീട്ടിലുള്ളവരുടെ രുചിഭേദങ്ങള്‍ക്കൊപ്പിച്ച് ആഹാരം ഉണ്ടാക്കുക, കുട്ടികളെ കുളിപ്പിക്കുക, അവര്‍ക്കും ഭര്‍ത്താവിനും ആഹാരം നല്‍കുക, കുട്ടികളെ സ്കൂളിലേക്കും ഭര്‍ത്താവിനെ ജോലിക്കും അയക്കുക, പാത്രം കഴുകുക, അടുത്ത നേരത്തിനുള്ള ആഹാരം തയ്യാറാക്കുക, ഇങ്ങനെ നീണ്ടുപോകുന്നു പ്രവര്‍ത്തികള്‍. ഉച്ചഭക്ഷണം കഴിഞ്ഞ് പാത്രം കഴുകിയാലും വിശ്രമമില്ല. അലക്ക്, കുളി, തേപ്പ്, വൈകുന്നേരത്തെ ചായയ്ക്കും പിന്നെ അത്താഴത്തിനുമുള്ള ഒരുക്കങ്ങള്‍. കുട്ടികളുടെ പഠനകാര്യങ്ങളിലുള്ള ശ്രദ്ധ പുറമെയും. നേരം വെളുക്കുമ്പോള്‍ മുതല്‍ ഇരുട്ടുന്നതുവരെ പണിയാണ്. വിശ്രമമില്ലാത്ത ജോലി തന്നെ. ഇത് സ്ത്രീയുടെ ശാരീരിക മാനസിക ഉന്മേഷത്തെ അല്‍പമെങ്കിലും പ്രയാസപ്പെടുത്തും.
ശരിയായ വീട് ഭരണം രാജ്യഭരണം പോലെയാണ്. ആഹാരം പാകം ചെയ്തു ഒരുക്കിവെച്ച് കഴിഞ്ഞാല്‍ അല്‍പം ആശ്വാസം. പിന്നെയും ജോലി തുടരുന്നു. ഇത്രയേറെ ഭാരം സഹിക്കുന്ന സ്ത്രീയുടെ നാലിലൊന്ന് ഭര്‍ത്താവോ കുട്ടികളോ ചെയ്യുന്നില്ല എന്നാണു സത്യം. പക്ഷേ, എന്തെങ്കിലുമൊന്നില്‍ പിഴവ് സംഭവിച്ചാല്‍ കുറ്റം പറച്ചിലുകള്‍ മാത്രവും.
സ്വന്തം വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് പറിച്ച് നടുന്ന സ്ത്രീയുടെ മനസ്സ് പല ചിന്തകളിലായിരിക്കും. അവളുടെ ചിന്തകള്‍ വഴിതിരിയുന്നു. സ്വന്തം സഹോദരി സഹോദരന്മാരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വിട്ടുപിരിഞ്ഞിരിക്കുന്നു. സുഖദുഃഖങ്ങള്‍ പങ്കുവെക്കാന്‍ സ്വന്തക്കാരായി ആരുമില്ല. പുതിയ അന്തരീക്ഷത്തില്‍ കുറ്റവും കുറവുകളും നോക്കി പറയാന്‍ കാത്തിരിക്കുന്നു പലരും. ഒരുപക്ഷേ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും സ്നേഹം സ്ത്രീക്ക് കിട്ടാതെ വരുന്നു. അവള്‍ ദുഃഖത്താല്‍ തലചായ്ക്കുന്നു. എല്ലാം നഷ്ടപ്പെട്ട് ഞാന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന ചിന്ത വരുന്നു. അതവളുടെ മനസ്സിനെ തളര്‍ത്തും.
വിവാഹ ദിവസം മുതല്‍ സങ്കല്‍പങ്ങളുടെ ചിന്തകള്‍ വളര്‍ന്ന് തുടങ്ങുന്നു. പലപ്പോഴും ഒരിടത്തുനിന്ന് നീങ്ങാമ്പോലും കഴിയാത്ത അവസ്ഥ പുതിയ കുടുംബത്തിലെത്തിയ സ്ത്രീക്ക് ഉണ്ടാവുന്നു. പോരെങ്കില്‍ സംശയങ്ങളുടെ ഘോഷയാത്രയും. തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം വഴക്കും കുറ്റവും. ചിലപ്പോള്‍ പുറത്തു പറഞ്ഞില്ലെങ്കിലും മനസ്സില്‍ തിടംവെച്ചു കിടക്കുന്നു. ശാന്തിയും സമാധാനവുമില്ലാത്ത അന്തരീക്ഷത്തില്‍ ആടിയുലഞ്ഞ നൗകയായി മാറുകയാണു സ്ത്രീ.
ഇതാണവസ്ഥയെങ്കിലും സ്വന്തം ആരോഗ്യം നിലനിര്‍ത്താന്‍ സ്ത്രീ ശ്രമിക്കുക.ആരോഗ്യത്തിന് ദിനചര്യയും ആഹാരവും വിശ്രമവും കൂടിയേതീരൂ. എല്ലാം മക്കള്‍ക്കും ഭര്‍ത്താവിനും നല്‍കി പട്ടിണി കിടക്കരുത്. ജോലിക്കിടയില്‍ വിശ്രമം ഉണ്ടാവണം. ചിട്ടയോടെ ജീവിതം നയിച്ചാല്‍ സമയം ലാഭിക്കാന്‍ കഴിയും. സ്വയം ചെയ്ത് തീര്‍ക്കേണ്ടവ വേഗം നിര്‍വഹിക്കുക. അയല്‍ക്കാരുടെ സന്ദര്‍ശനം അമിതമാവുകയും ശല്യമായിത്തീരുകയും ചെയ്യുന്നുവെങ്കില്‍ നിരുത്സാഹപ്പെടുത്തണം. വീട്ടില്‍ നിര്‍വഹിക്കേണ്ടതിനു ടൈംടേബിള്‍ തയ്യാറാക്കുക. സ്കൂള്‍ കുട്ടികള്‍ക്ക് മാത്രമല്ല ടൈംടേബിള്‍.ഓരോ ദിവസവും ആഴ്ചയിലും ചെയ്യേണ്ടതിന് നീക്കിവെക്കുക. എല്ലാ ദിവസവും അലക്കലും മറ്റും ഒഴിവാക്കി പ്രത്യേക ദിവസങ്ങളിലേക്ക് നീക്കിവെക്കുക. അതാതു ദിവസത്തേത് ഉച്ചയ്ക്ക് മുമ്പ് ചെയ്തു തീര്‍ക്കുക. ഉച്ചയ്ക്ക് വിശ്രമം. ഉറക്കം, വായന തുടങ്ങിയവ. ഒരു നല്ല വീട്ടുമ്മ എപ്പോഴും ഒരു കണ്ണും കാതും അടച്ച് വെക്കുക. എല്ലാത്തിനും പ്രക്ഷുബ്ധയാവരുത്.
പൂന്തോട്ട പരിപാലനവും ആടുമാടുകളെ നോക്കിനടത്തലും ടെന്‍ഷന്‍ കുറക്കുന്ന ജോലികളാണ്. മനുഷ്യരിലെ ആത്മസംഘര്‍ഷങ്ങള്‍ക്കും ഉത്കണ്ഠക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് വിദഗ്ധര്‍ നടത്തിയ പഠനങ്ങള്‍ ഏറക്കുറെ വിജയം കണ്ടെത്തിയിട്ടുണ്ട്. പിരിമുറുക്കവും ആത്മസംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ ഗൃഹജോലികള്‍ക്കു കഴിയുമെന്നാണ് സ്കോട്ടിഷ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇവര്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങള്‍ പരിപാലിക്കുന്നതിലൂടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുവാന്‍ കഴിയുമെന്നും മാനസികോല്ലാസം വര്‍ധിക്കുമെന്നും മാര്‍ക്ഹാമറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. വിരിഞ്ഞുനില്‍ക്കുന്ന പൂക്കളും അവയുടെ സൗരഭ്യവും മാനസികോല്ലാസം വര്‍ധിപ്പിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പൂന്തോട്ടങ്ങളിലെ ഹരിതാലങ്കാരം കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്നതാണ്.
കൊളംബിയ യൂനിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടത് സുഗന്ധങ്ങള്‍ക്ക് ടെന്‍ഷന്‍ മാറ്റാനുള്ള കഴിവുണ്ടെന്നാണ്. ഡോ. മെഹ്ത് ഓസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതു കണ്ടെത്തിയത്. തലച്ചോറിലെ വികാരങ്ങളുടെ കേന്ദ്രമായ അമിഗ്ഡലയില്‍ സുഗന്ധം നേരിട്ടെത്തിയാല്‍ ആശ്വാസം കിട്ടുമത്രെ.
ഇനി കഠിനമായ ജോലികളിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ അത് ആരോഗ്യത്തിനു ഗുണം ചെയ്യും. കഠിന ജോലികള്‍ സ്ത്രീകളില്‍ ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല, സ്തനാര്‍ബുദം വരാനുള്ള സാധ്യത മൂന്നിലൊന്നായി കുറക്കാനും ഇതുമൂലം സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അമേരിക്കയിലെ നാഷനല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മിഖായേല്‍ എഫ് ലീസ്മേനും സംഘവുമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. മുപ്പതിനായിരത്തിലധികം സ്ത്രീകളിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. തറതുടക്കല്‍, വിറക് കീറല്‍, ജനാല കഴുകല്‍ എന്നിവയാണ് സ്ത്രീകള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ജോലികള്‍. മാനസിക സംഘര്‍ഷം കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഗാര്‍ഹിക ജോലികളേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്നില്ല. ഇക്കാര്യം വീട്ടുമ്മമാര്‍ മനസ്സിലാക്കണം.

അകത്തളം
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

2 comments
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…