മുആവിയതുബ്‌നുജാഹിമ(റ) നബി(സ്വ)യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ ധർമസമരത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ അങ്ങയോട് കൂടിയാലോചിക്കാൻ വന്നതാണ്. നബി(സ്വ) ചോദിച്ചു: നിനക്ക് ഉമ്മയുണ്ടോ? അതേയെന്ന് മറുപടി പറഞ്ഞപ്പോൾ റസൂൽ(സ്വ) നിർദേശിച്ചു: എങ്കിൽ നീ അവരോടൊപ്പം കഴിയുക, നിശ്ചയം സ്വർഗം അവരുടെ രണ്ട് കാലുകൾക്ക് കീഴിലാണ് (നസാഈ).
ഉമ്മമാരുടെ ശരീരത്തിനകത്ത് പ്രപഞ്ച നാഥൻ സജ്ജീകരിച്ച ഗർഭപാത്രത്തിലാണ് മനുഷ്യ സന്തതികൾ രൂപപ്പെടുന്നത്. പൊക്കിൾ കൊടിയിലൂടെ ഉമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പോഷകങ്ങൾ പ്രസരിക്കുന്നു. ഗർഭത്തിലും പ്രസവത്തിലും പരിചരണത്തിലും അവർ ഏറെ പ്രയാസങ്ങൾ സഹിക്കുകയും അത്രയേറെ സ്നേഹ വാത്സല്യങ്ങൾ ചൊരിയുകയും ചെയ്യുന്നു. ചിന്തകളെല്ലാം ശിശുവിൽ കേന്ദ്രീകരിച്ച് കുഞ്ഞിന്റെ സുഖസന്തോഷങ്ങൾ മുഖ്യ ലക്ഷ്യമായി കാണുന്നു. സ്നേഹത്തിന്റെ പ്രവാഹമാണവരുടേത്. മക്കൾ അടുത്തായാലും അകലെയായാലും വളർന്നുവലുതായാലും അനുസരിക്കുകയോ ധിക്കരിക്കുകയോ ചെയ്താലും സ്‌നേഹിക്കാനേ അവർക്കറിയൂ. ഇങ്ങനെയായതാണ് അവരുടെ മഹത്ത്വത്തിന്റെ നിദാനവും.
അല്ലാഹു റഹ്‌മാനും റഹീമുമാണ്. അഥവാ കാരുണ്യത്തിന്റെ കേദാരം. എന്നാൽ ഉമ്മ ‘ദീ റഹ്‌മ്’ (ഗർഭപാത്രമുള്ളവൾ) ആണ്. റഹ്‌മാനായ അല്ലാഹുവിന്റെ അടിമയായൊരു കുഞ്ഞിനു വേണ്ടി ഗർഭത്തിന്റെയും പ്രസവത്തിന്റെയും പ്രയാസങ്ങൾ അനുഭവിച്ചാണവൾ ഉമ്മയായതെന്നതിനാൽ നാഥൻ മാതാക്കളെ പ്രത്യേകം പരിഗണിച്ചു. സന്താനങ്ങളോട് അവർക്കു വിധേയപ്പെടാൻ നിർദേശിച്ചു. ഉമ്മയിൽ അവൻ സവിശേഷമായ കാരുണ്യം നിക്ഷേപിച്ചു. അതാണവരിൽ നിന്നു പ്രവഹിക്കുന്നത്. അതിന്റെ പ്രവാഹ ധാരയിലാണ് മനുഷ്യ മക്കൾ അതിജീവനം നേടുന്നത്.
പ്രകൃതിപരമായ അനേകം പ്രയാസങ്ങൾ സഹിച്ചാണ് മാതൃദൗത്യം അവർ കൃത്യമായി നിർവഹിക്കുന്നത്. അവരുടെ മനസ്സും ശരീരവും ആ ദൗത്യപൂർത്തിക്കു വേണ്ടി കൊതിക്കുന്നു. ഭൗതിക ലോകത്തെ സമീപിക്കാനും അതിജയിക്കാനും വായിലൂടെ അന്നം സ്വീകരിക്കാനും കുഞ്ഞിന് പ്രാപ്തിയാകും വരെ അവരതിനെ ഉൾവഹിച്ചു. സമയമായപ്പോൾ വേദന സഹിച്ചു പ്രസവിച്ചു. പിന്നെ സ്വന്തം ശരീരത്തിൽ നിന്നും ജീവാമൃതം നൽകി പരിപാലിച്ചു.
സ്ത്രീയുടെ മഹത്ത്വങ്ങളിൽ സുപ്രധാനമാണ് മാതൃത്വം. മക്കൾക്ക് വേണ്ടി ഉമ്മ അനുഭവിക്കുന്ന, സഹിക്കുന്ന ത്യാഗത്തിനും സമർപണത്തിനുമുള്ള അംഗീകാരമാണ് മാതൃപദവി. പുരുഷന് ഒരുവിധേനയും ഇത് സാധ്യമാകില്ല. ആദ്യ പിതാവ് ആദം(അ) അല്ലാത്തവരെല്ലാം മാതൃത്വത്തിന്റെ സ്‌നേഹാമൃത് നുകർന്നവരാണ്. ബദൽ സംവിധാനം ഇന്ന് ശാസ്ത്രം ആലോചിക്കുന്നുണ്ടെങ്കിലും വിജയമകലെയാണ്. ഒമ്പത് മാസത്തിലധികം സന്തതിയെ ഉദരത്തിൽ വഹിച്ചു നൽകിയ സുരക്ഷയോളം പോന്ന ഏത് സുരക്ഷയാണുള്ളത്? ഒന്നാം വനിതയും മനുഷ്യകുലത്തിന്റെ ഉമ്മയുമായ ഹവ്വാ(റ) മുതൽ തുടങ്ങിയതാണീ ത്യാഗസേവനം. കുഞ്ഞിനെ വഹിക്കാനും പ്രസവിക്കാനും മുലയൂട്ടാനും പരിചരിക്കാനും പാകപ്പെട്ട ശരീരവും പ്രകൃതിയും ഉമ്മക്കാണ് അല്ലാഹു നൽകിയത്. പ്രകൃതിപരമായ ധർമനിർവഹണമാണിതെങ്കിലും വലിയ പുണ്യമായി അതിനെ ഇസ്‌ലാം പരിഗണിക്കുന്നു.
അല്ലാഹു പറഞ്ഞു: മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കാൻ നാം ഉപദേശിച്ചിട്ടുണ്ട്. ക്ലേശങ്ങൾ സഹിച്ചാണ് മാതാവ് മനുഷ്യരെ ഗർഭം ചുമന്നത്. ക്ലേശങ്ങൾ സഹിച്ചാണ് പ്രസവിച്ചത്. ഗർഭ കാലവും മുലകുടി പ്രായവും ചേർത്ത് മുപ്പത് മാസങ്ങളാണ് (അഹ്ഖാഫ് 15).
ഉമ്മ സ്‌നേഹവാത്സല്യമാകുന്നത് അവർ സഹിച്ച ത്യാഗത്തിന്റെ അനുബന്ധമായാണ്. സഹിച്ച വേദനകളുടെയും പ്രയാസങ്ങളുടെയും തുടർച്ചയാണത്. മക്കൾക്ക് വേണ്ടി ഉറക്കമൊഴിക്കാനും പട്ടിണി കിടക്കാനും അവരുടെ വിസർജ്യങ്ങൾ വൃത്തിയാക്കാനും അവർ തയ്യാറാകുന്നതും അതിനാൽ തന്നെ. കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി എന്തു ത്യാഗവും അവർ ചെയ്യും. ദാവൂദ് നബി(അ)ന്റെ അടുക്കൽ ഒരു കുട്ടിയുടെ കാര്യത്തിൽ അവകാശത്തർക്കവുമായി രണ്ട് സ്ത്രീകൾ വന്ന ചരിത്രം നബി(സ്വ) വിവരിച്ചിട്ടുണ്ട്. ദാവൂദ് നബി(അ)ന്റെ തീരുമാനം കേട്ട ശേഷം അവർ സുലൈമാൻ നബി(അ)നെ കണ്ടു. രണ്ടു പേരുടെയും കുഞ്ഞുങ്ങളിൽ ഒരാളെ ചെന്നായ പിടിച്ചിരുന്നു. ശേഷിച്ച കുട്ടിയുടെ കാര്യത്തിലാണ് തർക്കം. ഈ കുഞ്ഞ് തന്റേതാണെന്നാണ് ഇരുവരുടെയും വാദം. സുലൈമാൻ നബി(അ) ഒരു കത്തി കൊണ്ടുവരാനാവശ്യപ്പെട്ടു. ‘ഞാൻ കുട്ടിയെ രണ്ടായി പകുക്കാം. രണ്ടു പേരും ഓരോ പകുതി എടുക്കുക.’ ഈ തീരുമാനം കേട്ടപ്പോൾ കൂട്ടത്തിൽ ചെറിയ സ്ത്രീ പറഞ്ഞു: വേണ്ട, കുട്ടിയെ വലിയവൾക്ക് നൽകുക. കുട്ടി അവളുടേതാണ്. ഇതു കേട്ട സുലൈമാൻ നബി(അ) കുട്ടിയെ ചെറിയവൾക്ക് നൽകി (ബുഖാരി). കുട്ടി യഥാർത്ഥത്തിൽ ചെറിയവളുടേതായിരുന്നു. അതാണ് കുഞ്ഞിന്റെ മേൽ കത്തിവെക്കാൻ അവളനുവദിക്കാതിരുന്നതും. കുട്ടി തനിക്ക് നഷ്ടപ്പെട്ടാലും കൊല്ലപ്പെടരുതെന്നായിരുന്നു മാതൃ നിലപാട്.
ഉമ്മയുടെ കാരുണ്യത്തിന്റെ ആഴമളക്കാവുന്ന അളവു കോലുകളില്ല. കാരുണ്യത്തിന്റെ ധാതുവിൽ നിന്നാണ് റഹിമ്/ റഹ്‌മ് (ഗർഭപാത്രം) എന്ന പദമുണ്ടായത്. മാതാക്കൾക്ക് മക്കളോട് കൂടുതൽ സ്‌നേഹമുണ്ടാകുന്നതിനെക്കുറിച്ച് അരിസ്‌റ്റോട്ടിൽ എഴുതിയതിങ്ങനെ: ‘കൂടുതൽ ത്യാഗം ചെയ്ത് നേടിയതിനോട് മനുഷ്യർ വലിയ ശ്രദ്ധയും പരിഗണനയും കാണിക്കും. പൈതൃകമായി കിട്ടിയ സ്വത്തിനേക്കാൾ സ്വപ്രയത്നം കൊണ്ട് നേടിയ സമ്പത്തിനെ ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യും. മാതാക്കൾക്ക് മക്കളോട് വർധിത സ്നേഹവാത്സല്യങ്ങളുണ്ടാവുന്നത് എന്തുകൊണ്ടാണെന്ന് ഇത് മനസ്സിലാക്കിത്തരുന്നു. സന്താനങ്ങളുടെ കാര്യത്തിൽ അവളെപ്പോലെ ത്യാഗമനുഭവിച്ചവരില്ല. അതിനാൽ സന്താനങ്ങളെ സ്വന്തം ഉടമസ്ഥതയിലുള്ളതാണെന്നവർ തിരിച്ചറിയുന്നു.’
ഉമ്മയുടെ ദൗത്യ നിർവഹണത്തിനനുസരിച്ചുള്ള പരിഗണനയും ആദരവും അവർക്ക് ഇസ്‌ലാം നൽകിയിട്ടുണ്ട്. മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗമെന്ന് നബി(സ്വ) പറയുകയുണ്ടായി. മാതാവിന്റെ കാൽചുവടോളം താഴാൻ മനുഷ്യൻ ബാധ്യസ്ഥനാണെന്നർത്ഥം. ഭൂലോകത്തേക്കുള്ള കടന്നുവരവിന്റെ മുമ്പ് സ്വർഗീയമായ സൗകര്യത്തോടെ മാതാവിന്റെ വയറ്റിലായിരുന്നു നാം. ഇനി ശാശ്വതമായ സ്വർഗീയ ജീവിതത്തിന് അവരുടെ സംതൃപ്തിയും അംഗീകാരവും നിർബന്ധം. അതാണ് ഹദീസിന്റെ സൂചന.
ഉമ്മ എന്ന സ്‌നേഹനിധിയുടെ സ്‌നേഹ സ്പർശത്തിൽ കുളിരണിയാൻ കൊതിക്കാത്തവരാരാണ്. ജീവിതത്തിലെ വിപൽ ഘട്ടങ്ങളിൽ ഉമ്മാ എന്നു വിളിച്ച് സമാധാനം തേടുന്നതും നേടുന്നതും സാർവത്രികം. ആ അക്ഷരങ്ങൾക്ക് ജീവിത കാലത്തും മരണ ശേഷവും സാന്ത്വനമേകാൻ സാധിക്കുന്നു. ഉമ്മാ എന്ന വിളി കേൾക്കാൻ കൊതിക്കാത്ത സ്ത്രീകളുണ്ടാവില്ല. ഒരു കുഞ്ഞിക്കാലു കാണാനുള്ള മോഹത്തിന്റെ ആഴം അളന്നു തിട്ടപ്പെടുത്താനാവുമോ? ത്യാഗം സഹിച്ചാലും വേദന കടിച്ചമർത്തിയാലും നിഷ്‌കളങ്കമായ പുഞ്ചിരിയുമായി തന്നെ നോക്കുന്ന കുഞ്ഞിനായി അവർ അതിയായി ആഗ്രഹിക്കുന്നു.
വിശപ്പും ദാഹവും അവഗണിച്ചാണെങ്കിൽ പോലും മക്കളുടെ വിശപ്പും ദാഹവും ശമിപ്പിക്കാനാണവരാഗ്രഹിക്കുക. മക്കളെത്ര വലുതായാലും ഈ സ്‌നേഹത്തിന്റെ ഊഷ്മളത നഷ്ടപ്പെടില്ല. ജോലിയോ യാത്രയോ കഴിഞ്ഞ് വൈകിയെത്തുന്ന മക്കളെക്കാത്ത് ഉറക്കമിളക്കുന്ന ഉമ്മമാരുടെ ചിത്രം ചേതോഹരമാണ്. മാതൃത്വം എന്ന പദവിയുടെ മഹത്ത്വവും അധികാരവും ഉത്തരവാദിത്വവും വിശുദ്ധ ഇസ്‌ലാം ഉയർത്തിക്കാണിച്ചതു പോലെ മറ്റൊന്നിലും നമുക്ക് കാണാനാവില്ല.
കുടുംബത്തിന്റെ വിളക്ക് കൂടിയാണ് ഉമ്മ. അവരിൽ നിന്ന് വെളിച്ചം സ്വീകരിക്കാൻ കുടുംബാംഗങ്ങൾക്ക് കഴിയണം. ഉമ്മയുടെ ഉത്തരവാദിത്വമെന്തെന്നറിയാൻ ശ്രമിക്കുകയും മാതൃകകളായ ചരിത്ര വനിതകളെ പിന്തുടരുകയും വേണം. ഭർത്താവും മക്കളും മറ്റു കുടുംബാംഗങ്ങളും തന്നിൽ സംതൃപ്തരാകുന്ന വിധം ജീവിതം നയിക്കാൻ ശ്രമിക്കണം. കുടുംബത്തിലെ സമാധാന സംരക്ഷണത്തിലും അച്ചടക്കത്തിലും സംസ്‌കാര സംരക്ഷണത്തിലും അവർക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഉമ്മയുടെ ത്യാഗവും അവരുടെ സ്‌നേഹാമൃതിന്റെ ഗുണവും മധുരവും അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന മക്കൾ മാതൃസംതൃപ്തിക്ക് വേണ്ടി ത്യാഗവും സ്‌നേഹവും കാരുണ്യവും തിരിച്ചുനൽകാൻ ബാധ്യസ്ഥരാണ്.

 

അലവിക്കുട്ടി ഫൈസി എടക്കര

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ