മുഹമ്മദ് നബി(സ്വ)യെ ജീവിത കാലത്ത് നേരിട്ട് കാണുകയോ തങ്ങളോട് സഹവസിക്കുകയോ ചെയ്തവർക്കാണ് സ്വഹാബികൾ എന്ന് പറയുന്നത് (അൽമവാഹിബു ലദ്ദുന്നിയ്യ: 2/293). നിങ്ങൾ മനുഷ്യസമൂഹത്തിന് വേണ്ടി കൊണ്ടുവരപ്പെട്ട ഏറ്റവും ഉത്തമ സമുദായമാകുന്നുവെന്ന ഖുർആൻ (3/110) ആയത്തിന്റെ പ്രഥമ സംബോധിതരാണ് സ്വഹാബികൾ.
സൃഷ്ടികളിൽ ശ്രേഷ്ഠരായ മുഹമ്മദ് നബി(സ്വ)യോട് കൂടെ ജീവിക്കാൻ അല്ലാഹു തിരഞ്ഞെടുത്തവരുടെ പദവിയുടെ കാര്യത്തിൽ ഒരു വിശ്വാസിയും സംശയിക്കാനിടയില്ല. സ്വഹാബത്ത് ഒഴികെ മറ്റൊരു മുഅ്ജിസത്തും നബി(സ്വ)ക്ക് ഇല്ലെങ്കിൽ പോലും നുബുവ്വത്ത് സ്ഥിരപ്പെടുത്താൻ സ്വഹാബികൾ എന്ന മുഅജിസത്ത് മാത്രം മതിയായതാണ് (ഇമാം ഖറാഫി-അൽഫുറൂഖ്: 4/170). ഇസ്‌ലാമിന്റെ അടിത്തറയാണ് സ്വഹാബികൾ. ശരീഅത്തിന്റെ വാഹകരായാണ് പണ്ഡിതന്മാർ അവരെ പരിചയപ്പെടുത്തുന്നത് (മുഖദ്ദിമതു ഇബ്‌നു സ്വലാഹ്: 301).
സ്വഹാബികളുടെ വിശ്വാസ്യതയെയും മതകാര്യത്തിലെ ആധികാരികതയെയും തകർക്കണമെന്നത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ എക്കാലത്തെയും ദുർമോഹമായിരുന്നു. ഇസ്‌ലാമിക ലോകത്തെ ആദ്യത്തെ അവാന്തര വിഭാഗമായ ഖവാരിജുകളുടെ ലക്ഷ്യം സ്വഹാബികൾക്കെതിരെയുള്ള നീക്കങ്ങളായിരുന്നുവെന്നതാണല്ലോ ചരിത്രം. സ്വഹാബികളെ വഴിപിഴച്ചവരായി അവതരിപ്പിക്കുക എന്നത് ശിഈ വിശ്വാസത്തിന്റെ അടിത്തറയാണെന്നാണ് ഇമാം അബൂഹനീഫ(റ) പറഞ്ഞത് (അസ്സ്വവാഹിഖുൽ മുഹ്‌രിഖ: 1/113).
സ്വഹാബികളെ ആക്ഷേപിക്കുന്നവരെ നബി(സ്വ) അതിശക്തമായി താക്കീത് ചെയ്തു: ‘എന്റെ സ്വഹാബത്തിനെ ആക്ഷേപിക്കരുത്, അല്ലാഹുവാണ് സത്യം, നിങ്ങളിലൊരാൾ ഉഹ്ദ് പർവതത്തിന് സമാനമായ സ്വർണം ദാനം ചെയ്താലും സ്വഹാബികൾ നൽകിയ ഒരു മുദ്ദിനോ (ചെറിയ അളവ് പാത്രം) അതിന്റെ പകുതിക്കോ സമാനമാവുകയില്ല’ (സ്വഹീഹുൽ ബുഖാരി: 3673, സ്വഹീഹ് മുസ്‌ലിം: 2540, സുനനു അബീദാവൂദ്: 4658, സുനനു ഇബ്‌നുമാജ: 161).
‘ഏറ്റവും ഉത്തമമായത് ഞാൻ ജീവിക്കുന്ന കാലഘട്ടമാണ്, പിന്നീട് അതിനോട് അടുത്തവരാണ്, പിന്നീട് അതിനോട് അടുത്തവരാണ് (ബുഖാരി: 2652, മുസ്‌ലിം: 2533). ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്‌നു ഹജർ അസ്ഖലാനി(റ) കുറിച്ചു: അമ്പിയാക്കളുടെയും മലക്കുകളുടെയും ശേഷം അല്ലാഹുവിന്റെ ഏറ്റവും ഉത്കൃഷ്ടരായ സൃഷ്ടികൾ സ്വഹാബികളാണ് എന്നതിൽ മുൻഗാമികളും പിൻഗാമികളുമായ ഭൂരിപക്ഷം പണ്ഡിതരും ഏകോപിച്ചിട്ടുണ്ട് (അൽമവാഹിബു ലദ്ദുന്നിയ്യ: 2/692).
സ്വഹാബികൾ നീതിമാന്മാരാണെന്നാണ് മുസ്‌ലിംലോകത്തിന്റെ ഐകകണ്‌ഠ്യേനെയുള്ള നിലപാട് (മുഖദ്ദിമതു ഇബ്‌നു സ്വലാഹ്: 397, അൽതഖ്‌രീബു വത്തയ്‌സീർ 92, അൽഇസ്വാബ ഫീ തംയീസി സ്വഹാബ: 1/22).
ഇജ്മാഇന് വിരുദ്ധമാണെന്ന് തോന്നിപ്പിക്കുന്ന ആശയം ഹദീസിൽ കണ്ടാൽ പോലും അത് വ്യക്തമായ വിശദീകരണത്തിന് പഴുതുള്ളതാകുമെന്നാണ് അഹ്‌ലുസ്സുന്നയുടെ നിലപാട്.
നബി(സ്വ)യുമായി സുഹ്ബത്തു(സഹവാസം)ണ്ടായിരുന്നുവെന്ന് സ്ഥിരപ്പെട്ടവരാണ് സ്വഹാബികൾ. അവരിലൊരാളെയും ആക്ഷേപിക്കരുതെന്നാണ് ദീനിന്റെ ഖണ്ഡിതാഭിപ്രായം. പരിഗണനീയമായ ഒരു ഭിന്നാഭിപ്രായം പോലും തദ്വിഷയത്തിലില്ല. സ്വഹാബികളെ ആക്ഷേപിക്കുന്നത് ഒന്നുകിൽ ബിദ്അത്തോ, അല്ലെങ്കിൽ കുഫ്‌റോ ആണെന്നാണ് ഇബ്‌നു ഹജർ(റ) പറയുന്നത്.
മുബ്തദിഉകൾ രണ്ടു വിധമുണ്ട്. ഒന്ന്: ബിദ്അത്തുകൊണ്ട് കാഫിറാകുന്നവർ. ആഇശ(റ)യെ ചീത്ത പറയുകയോ അവരുടെ പിതാവ് അബൂബക്കർ സിദ്ദീഖ്(റ)ന്റെ സുഹ്ബത്തിനെ നിഷേധിക്കലോട് കൂടി ആക്ഷേപിക്കുകയോ ചെയ്യുന്നവരാണ് ഒരു വിഭാഗം. രണ്ട്: ബിദ്അത്തുകൊണ്ട് കാഫിറാകാത്ത ബിദ്അത്തുകാർ. സ്വഹാബത്തിനെ ചീത്ത പറയുന്നവർ ഈ ഗണത്തിലാണ് പെടുന്നത് (തുഹ്ഫതുൽ മുഹ്താജ്: 10/235).
കേരള മുസ്‌ലിംകളെ ലക്ഷ്യമിട്ട് ശീഇസം വല വിരിച്ചിട്ട് കാലമേറെയായി. ഉണർന്നിരിക്കുന്ന പണ്ഡിത നേതൃത്വത്തിന്റെ ജാഗ്രതയാണ് അത്തരക്കാരുടെ ശ്രമങ്ങളെ എക്കാലവും വിഫലമാക്കിയത്.
സുന്നി കുപ്പായമണിഞ്ഞ് ശീഈ മാറാപ്പുകളുമായി ചിലർ ത്വരീഖത്തിന്റെ പേരിലാണ് നിലവിൽ കേരളത്തിൽ തലപൊക്കി തുടങ്ങിയിട്ടുള്ളത്. അതത് കാലഘട്ടങ്ങളിൽ മുളച്ചുപൊന്തുന്ന വികല ആശയങ്ങളെ പിഴുതെറിയാൻ ബദ്ധശ്രദ്ധരായ പണ്ഡിതന്മാർ കേരളത്തിലുള്ളത് കൊണ്ട് അവയെല്ലാം വേരോടെ കരിഞ്ഞ് പോകുന്നതാണ് നമ്മുടെ മുന്നിലുള്ള ചരിത്രം.
സയ്യിദ് ജിഫ്രിയുടെ കൻസുൽ ബറാഹീനും ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്‌ലിയാരുടെ ഹിദായത്തുൽ മുതലത്തിഹ് ബി ഗവായത്തിൽ മുതശയ്യിഖ് അടക്കമുള്ള ഫത്‌വാ സമാഹാരങ്ങളും വ്യാജ ആത്മീയതക്കെതിരെയുള്ള കേരളീയ ഉലാമാക്കളുടെ ആദർശ പോരാട്ടത്തിന്റെ നേർസാക്ഷ്യങ്ങളാണ്.
സ്വഹാബി പ്രമുഖരായ മുആവിയ(റ), അബൂസുഫ്‌യാൻ(റ) എന്നിവരെ ലക്ഷ്യവെച്ചാണ് നിലവിൽ ചില കപടന്മാർ സുന്നി ലേബലൊട്ടിച്ച് കളത്തിലിറങ്ങിയിരിക്കുന്നത്. മുആവിയ(റ)വിന്റെ കാര്യത്തിൽ അഹ്‌ലുസ്സുന്നക്ക് അപ്രബലമായ ഒരഭിപ്രായമുണ്ടെന്നാണ് ഇവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. മാത്രമല്ല, ഇത്തരം വികല വാദങ്ങൾ ഉന്നയിക്കുന്നവരാണെന്നത് കൊണ്ട് ആരെയും അഹ്‌ലുസ്സുന്നയുടെ പടിക്ക് പുറത്തു നിർത്തരുതെന്നും അവർ വാദിക്കുന്നു.
മുസ്‌ലിംലോകം സ്വഹാബികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നതിലുള്ള അജ്ഞതയാണ് പലരെയും അപകടത്തിൽ ചാടിച്ചത്. നബിമാർ പാപസുരക്ഷിതരാണ്. എന്നാൽ ഔലിയാക്കളും സ്വഹാബികളും പാപസുരക്ഷിതരായ മഅ്‌സൂമീങ്ങളല്ല. സംഭവിച്ച പിഴവുകളിൽ നിന്നെല്ലാം തൗബ ചെയ്തിട്ടല്ലാതെ മരിക്കില്ലെന്നാണ് അവരുടെ പ്രത്യേകത. സാങ്കേതിക അർഥത്തിൽ മഹ്ഫൂളുകൾ എന്ന് പറയും.
സ്വഹാബികൾക്കിടയിൽ നടന്ന അഭിപ്രായ ഭിന്നതകളിൽ പക്ഷംചേർന്ന് ആക്ഷേപിക്കുന്നതും അത്തരം ചർച്ചകൾ പ്രചരിപ്പിക്കുന്നതും നിഷിദ്ധമാണെന്നതാണ് അഹ്‌ലുസ്സുന്നയുടെ ആദർശം (അസ്സവാഇഖുൽ മുഹ്‌രിഖ: 2/291, അൽആസാലീബുൽ ബദീഅ: 6, തത്ഹീറുൽ ജനാൻ: 110,111).
മുൻഗാമികളുടെ നിലപാടുകൾ പുനർവായനക്ക് വിധേയമാക്കേണ്ട അനിവാര്യ ഘട്ടത്തിലാണ് കേരളത്തിലെ സുന്നി സമൂഹം. വളരെ സൂക്ഷ്മതയോടെയാണ് അവർ ഇത്തരം വിഷയങ്ങളെ സമീപിച്ചത്. നെല്ലും പതിരും വേർതിരിക്കാൻ നമ്മെ പ്രാപ്തമാക്കിയത് അവരാണ്.
അബ്ദുല്ലാഹിബ്‌നു മുബാറക്(റ)വിനോടൊരാൾ ചോദിച്ചു: ഉമറുബ്‌ന് അബ്ദുൽ അസീസ്(റ)വിനാണോ മുആവിയ(റ)വിനാണോ കൂടുതൽ മഹത്ത്വം?
അദ്ദേഹത്തിന്റെ മറുപടി: നബി(സ്വ)യോടു കൂടെയുള്ള സമയത്ത് മുആവിയ(റ)വിന്റെ കുതിരയുടെ മൂക്കിൽ കയറിയ പൊടി പോലും ഉമറുബ്‌നു അബ്ദിൽ അസീസിനേക്കാൾ മഹത്ത്വമുള്ളതാണ് (മിർഖാത്തുൽ മഫാതീഹ്: 1/34 , അസ്സവാഇഖുൽ മുഹ്‌രിഖ: 2/264). ഉമറുബ്‌നു അബ്ദുൽ അസീസിനെ നിന്ദിക്കാനല്ല ഈ വാചകം ഇബ്‌നു മുബാറക്(റ) പറഞ്ഞത്. പ്രത്യുത, നബി(സ്വ)യോട് സഹവസിച്ച മുആവിയ(റ)വിന്റെ മഹത്ത്വം സൂചിപ്പിക്കാനാണ്.
ഇമാം ഗസ്സാലി(റ) പറയുന്നത് കാണുക: സ്വഹാബികൾ പാപസുരക്ഷിതരാണ് എന്ന അതിവാദമുള്ളവരും അവരെ ആക്ഷേപിക്കുന്ന മറ്റൊരു വിഭാഗവും ജനങ്ങളിലുണ്ട്. നീ ഇരു വിഭാഗത്തെയും അനുഗമിക്കാതെ നേരായ മാർഗത്തിലൂടെ നീങ്ങണം (അൽഇഖ്തിസ്വാദ് ഫിൽ ഇഅ്തിഖാദ്: 131).
റസൂൽ(സ്വ)യെ ആദരിക്കുന്നതിന്റെ ഭാഗമാണ് സ്വഹാബികളെ ആദരിക്കലും അവരുടെ മഹത്ത്വം ഉൾക്കൊള്ളലും. അവരെ പിന്തുടരലും അവരെ വാഴ്ത്തലും അവർക്കു വേണ്ടി പൊറുക്കലിനെ തേടലും അവർക്കിടയിലുണ്ടായിട്ടുള്ള അഭിപ്രായ ഭിന്നതകളിൽ കക്ഷിചേരാതിരിക്കലും അവരോട് ശത്രുത പുലർത്തുന്നവരോട് ശത്രുത പുലർത്തലും അറിവില്ലാത്ത നിവേദകന്മാരിൽ നിന്നും ശിയാക്കളിൽ നിന്നും ഉദ്ധരിക്കപ്പെടുന്ന കള്ളക്കഥകളിൽ നിന്ന് പുറംതിരിഞ്ഞ് നിൽക്കലുമെല്ലാം അപ്രകാരം തന്നെ (അശ്ശിഫാ ബി തഅ്‌രീഫി ഹുഖൂഖിൽ മുസ്ത്വഫാ: 2/53).
സ്വഹാബികൾക്കെതിരെയുള്ള ആക്ഷേപം പരിശുദ്ധ ഇസ്‌ലാമിനെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണെന്ന് തിരിച്ചറിഞ്ഞ പണ്ഡിതന്മാർ വിവിധ കാലഘട്ടങ്ങളിലായി എഴുതിയ പ്രൗഢമായ ഗ്രന്ഥങ്ങൾ വിമർശകരുടെ മുതുകു പിളർത്തിയ വജ്രാസ്ത്രങ്ങളായിരുന്നു. അതിൽ നിർബന്ധമായും വായിച്ചിരിക്കേണ്ട ചില ഗ്രന്ഥങ്ങളെ പരിചയപ്പെടാം:
ഇന്ത്യ ഭരിച്ച മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാണ് ഹുമയൂൺ (1508 മാർച്ച് 8-1556 ഫെബ്രുവരി 22). അദ്ദേഹത്തിന്റെ ഭരണ മേഖലയിലുള്ള ചിലർ മുആവിയ(റ)വിനെ ആക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ആ കാലഘട്ടത്തിലെ ശൈഖുൽ ഇസ്‌ലാമായ ഇബ്‌നു ഹജർ ഹൈത്തമി(റ)യോട് ഒരു ഗ്രന്ഥം രചിക്കാൻ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഹുമയൂൺ രാജാവിന് എഴുതി നൽകിയ പ്രൗഢമായ ഗ്രന്ഥമാണ് ‘തത്ഹീറുൽ ജനാനി വല്ലിസാൻ.’ 230 ഓളം പേജുകളിലായി എഴുതപ്പെട്ട ഗ്രന്ഥത്തിൽ മുആവിയ(റ) വിന് എതിരെ റാഫിളിയ്യത്തും ശീഇയ്യത്തും തൊടുത്തുവിട്ട മുഴുവൻ അമ്പുകളുടെയും മുനയൊടിക്കുന്നുണ്ട്.
വിശുദ്ധ മക്കയിൽ റാഫിളിയ്യത്തും ശീഇസവും തലപൊക്കിയ ഹിജ്‌റ 950 കാലത്താണ് ഇബ്‌നു ഹജർ അൽഹൈത്തമി(റ) സ്വവാഹിഖുൽ മുഹ്‌രിഖ എന്ന മറ്റൊരു രചന നടത്തുന്നത്. മസ്ജിദുൽ ഹറാമിൽ റാഫിളീ ആശയത്തിനെതിരെ വലിയൊരു ദർസും ഇബ്‌നു ഹജർ(റ) ആരംഭിച്ചു. നാല് ഖലീഫമാരുടെയും ഭരണത്തെ സവിസ്തരം പ്രതിപാദിക്കുന്നതാണ് അസ്സവാഇഖുൽ മുഹ്‌രിഖയുടെ ഉള്ളടക്കം.
ആമുഖത്തിൽ ഗ്രന്ഥരചനക്ക് പ്രേരണയായ ഹദീസുകൾ ഇബ്‌നു ഹജർ(റ) ഉദ്ധരിക്കുന്നുണ്ട്. ‘ഫിത്‌ന പൊട്ടിപ്പുറപ്പെടുകയും എന്റെ സ്വഹാബികൾ ആക്ഷേപിക്കപ്പെടുകയും ചെയ്താൽ പണ്ഡിതന്മാർ അവരുടെ അറിവ് വ്യക്തമാക്കട്ടെ. പണ്ഡിതർ ആ ദൗത്യം നിർവഹിച്ചിട്ടില്ലെങ്കിൽ അവർക്കുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ ജനങ്ങളുടെയും ശാപമുണ്ടായിരിക്കട്ടെ. അത്തരക്കാരിൽ നിന്നും നിർബന്ധമോ ഐച്ഛികമോ ആയ ഒരു പ്രവർത്തനവും നാഥൻ സ്വീകരിക്കുകയില്ല.’ പ്രസ്തുത ഗ്രന്ഥത്തിന്റെ തുടക്കം മുതൽ ഇസ്‌ലാമിക ലോകത്ത് റാഫിളിയ്യത്തും ശീഇയ്യത്തും പ്രചരിപ്പിക്കുന്ന വിമർശനങ്ങളെയും കളവുകളെയും അക്കമിട്ട് പ്രമാണബദ്ധമായി തകർക്കുകയാണ് ഇബ്‌നു ഹജർ(റ) ചെയ്യുന്നത്.
ശിയാ വിശ്വാസങ്ങൾ അഹ്‌ലുസ്സുന്നയിൽ ചിലരെ സ്വാധീനിച്ചപ്പോൾ യൂസുഫുന്നബ്ഹാനി (വഫാത്ത് ഹിജ്‌റ 1350) എഴുതിയ ഗ്രന്ഥമാണ് ‘അൽആസാലീബുൽ ബദീഅ ഫീ ഫള്‌ലി സ്വഹാബത്തി വ ഇഖ്‌നാഇ ശീഅ’.
ഈ ഗ്രന്ഥരചനയുടെ പിന്നിൽ ചരിത്രപരമായ ഒരു സാഹചര്യമുണ്ട്. അഹ്‌ലുബൈത്തിനോടുള്ള സ്‌നേഹം എന്ന ഓമനപ്പേരിൽ മുആവിയ(റ)നെ എതിർക്കുന്നവരെ കണ്ടപ്പോൾ സുന്നിയായ മഹാപണ്ഡിതൻ തൂലിക ചലിപ്പിപ്പിച്ചു. നാലിൽ ഒരു മദ്ഹബ് വിശ്വസിക്കുന്നവർ തന്നെയാണ് ആക്ഷേപത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ മഹാൻ നാല് മദ്ഹബുകളിലെയും പണ്ഡിതന്മാരുടെ ഉദ്ധരണങ്ങൾ കോർത്തിണക്കിയാണ് രചന നിർവഹിച്ചത്. ഹിജ്‌റ 321ൽ വഫാത്തായ അബൂജഅ്ഫർ അത്തഹാവി അൽഹനഫീ മുതൽ ഹിജ്‌റ 1205ൽ വഫാത്തായ മുഹമ്മദ് മുർതള അസ്സബീദി വരെ നീണ്ടുനിൽക്കുന്ന പന്ത്രണ്ടു പണ്ഡിതന്മാർ ആ കൂട്ടത്തിലുണ്ട്.
ഗ്രന്ഥത്തിന്റെ ആമുഖത്തിൽ രചനാ സാഹചര്യം യൂസുഫുന്നബ്ഹാനി വിശദീകരിക്കുന്നത് ഇങ്ങനെ: ഇരുലോക വിജയത്തിനു വേണ്ടി സ്വഹാബികളുടെ മഹത്ത്വം പറയുന്ന ഒരു ഗ്രന്ഥം രചിക്കാൻ അല്ലാഹു എനിക്കു തോന്നിപ്പിച്ചു.
ഈ രചനക്കുള്ള പ്രേരണ അഹ്‌ലുബൈത്തിനോടുള്ള സ്‌നേഹത്തിന്റെയും കേവല ഇച്ഛയുടെയും മിഥ്യാധാരണകളുടെയും പേരിൽ ബഹുമാനികളായ സ്വഹാബത്തിനോടു ദേഷ്യംവെക്കുന്ന പ്രവണതയിലേക്ക് ചില വിവരദോഷികളെ പിശാച് കൊണ്ടെത്തിച്ചതാണ്. പ്രത്യേകിച്ച് മുആവിയ(റ)വിനോടും അംറുബ്‌നുൽ ആസ്വ്(റ)വിനോടുമുള്ള ദേഷ്യം. ഭരണാധികാരിയോട് പുലർത്തിയ ചില അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണിത്. ഈ രണ്ട് സ്വഹാബികളെയും ആക്ഷേപിക്കുന്നത് അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന വലിയ സൽകർമമാണെന്നും ജീവിതത്തിലും മരണ ശേഷവും ഉപകരിക്കുന്ന മഹാനന്മയാണതെന്നുമാണ് ആ വിവരദോഷികൾ കരുതുന്നത്.
ഈ രണ്ട് സ്വഹാബിമാരുടെയും അവരുടെ കൂടെയുണ്ടായിരുന്ന മറ്റ് സ്വഹാബിമാരുടെയും കാര്യത്തിൽ വ്യക്തമായ മറുപടികൾ അഹ്‌ലുസ്സുന്നയുടെ ഇമാമീങ്ങൾക്ക് ഇല്ലെന്ന് തോന്നിപ്പിക്കുന്നതിലൂടെ ശൈത്വാൻ അവരെ പിഴപ്പിച്ചുകൊണ്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഖുലാഫാഉ റാശിദീങ്ങളെ, പ്രത്യേകിച്ച് ഉസ്മാൻ(റ)വിനെ എതിർക്കുന്ന സാഹചര്യത്തിലേക്ക് വരെ അവർ എത്തിപ്പെട്ടു. മറ്റു ചിലപ്പോൾ അലി(റ)വിന് മറ്റു മൂന്ന് ഖലീഫമാരേക്കാൾ മഹത്ത്വം കൽപിച്ചു.
കേവല ഇച്ഛകളുടെയും ജാഹിലീ കക്ഷിബോധത്തിന്റെയും പേരിൽ മാത്രമായിരുന്നു ഇതെല്ലാം. സത്യം തുറന്നുപറയുന്നതിൽ ആക്ഷേപം ഭയപ്പെടുന്നില്ല എന്ന് അവർ വാദിച്ചെങ്കിലും പരിശുദ്ധ ദീനിൽ അവർ മൃഗതുല്യർ മാത്രമാണ്. സ്വഹാബികളുടെ കാലം മുതൽ ഈ വിഷയത്തിൽ ഉമ്മത്ത് നേരിന്റെ പക്ഷത്തല്ലെന്ന് വൈജ്ഞാനിക അന്ധത മൂലം അവർ കരുതിപ്പോന്നു. നന്മ ചെയ്യുന്നുവെന്ന ധാരണയിൽ വളരെ ഹീനമായ പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഹതഭാഗ്യരാണവർ.
അഹ്‌ലുസ്സുന്നയിൽ തന്നെ പിഴച്ച വിശ്വാസം വെച്ച് പുലർത്തുന്ന ചില ജാഹിലുകളെ അവർ വിശ്വസിക്കുന്നത് കടുത്ത വിഡ്ഢിത്തമാണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയാണ് ഞാൻ ഈ ഗ്രന്ഥം രചിക്കുന്നത്. അവർ സത്യമാർഗത്തിലല്ല, ഉടനെ അതിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നാശം സുനിശ്ചിതം’ (അൽആസാലീബുൽ ബദീഅ: 3,4).
ഖാളി അബൂയഅ്‌ലൽ ഹമ്പലിയുടെ ‘തൻസീഹു ഖാലിൽ മുഅ്മിനീൻ’, ഹിജ്‌റ 1239ൽ മരണപ്പെട്ട അബ്ദുൽ അസീസ് ബ്‌നു അഹ്‌മദ് ബ്‌നു ഹാമിദ് രചിച്ച ‘അന്നാഹിയ അൻ ത്വഅ്‌നി അമീരിൽ മുഅ്മിനീന മുആവിയ’, ഇബ്‌നു ഖുദാമൽ മഖ്ദിസിയുടെ ‘ലംഅത്തുൽ ഇഅ്തിഖാദ്’ എന്നീ ഗ്രന്ഥങ്ങളിലെല്ലാം മുആവിയ(റ)വിലുള്ള അഹ്‌ലുസ്സുന്നയുടെ വിശ്വാസം ശങ്കക്കിടയില്ലാത്ത വിധം വിശദീകരിക്കുന്നുണ്ട്.
സ്വഹാബികളെ ആക്ഷേപിക്കുന്നവൻ വലിയ്യാവുകയില്ല എന്ന് മാത്രമല്ല, കടുത്ത മുബ്തദിഓ ചിലപ്പോൾ കാഫിറോ ആകും എന്ന അഹ്‌ലുസ്സുന്നയുടെ നിലപാട് തുറന്ന് പറയാനുള്ള വൈജ്ഞാനിക സമ്പത്ത് നാം ആർജിക്കേണ്ടതുണ്ട്.
റാഫിളിയ്യത്ത് പത്തിവിടർത്തിയപ്പോഴെല്ലാം അഹ്‌ലുസ്സുന്നയുടെ ആഗോള ഉലമാക്കൾ എക്കാലവും ഉണർന്ന് പ്രവർത്തിച്ചതിന്റെ രേഖകളാണ് ലൈബ്രറികളിൽ നിറഞ്ഞ് നിൽക്കുന്ന ഈ വിഷയത്തിലുള്ള നൂറു കണക്കിന് ഗ്രന്ഥങ്ങൾ.
ആത്മീയതയുടെ പേരിൽ കേരളത്തിൽ ഉയർന്നുവന്ന ശീഈ ചിന്തകളെ വേരോടെ പിഴുതെറിയാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാർ കാണിച്ച നിതാന്ത ജാഗ്രത അഭിമാനകരമാണെന്ന് പറയാതെ വയ്യ.

ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ