തെറ്റിദ്ധാരണയുടെ പേരിൽ നടന്ന ജമൽ യുദ്ധത്തിനു പരിസമാപ്തിയായി. അലി(റ)യുടെ പക്ഷം വിജയിക്കുകയും തെറ്റിദ്ധരിച്ചവർ തൗബ ചെയ്തു മടങ്ങുകയുമുണ്ടായി. ഏതാനും ദിവസങ്ങൾക്കു ശേഷം ഉമ്മുൽ മുഅ്മിനീൻ ആഇശ ബീവി(റ)യെ ബസ്വറയിലെയും കൂഫയിലെയും പ്രമുഖ കുടുംബത്തിൽപെട്ട സ്ത്രീകളുടെ അകമ്പടിയോടെ സൈന്യത്തിന്റെ സംരക്ഷണത്തിൽ അലി(റ) മദീനയിലേക്ക് സ്‌നേഹാദരങ്ങളോടെ യാത്രയാക്കി.
യുദ്ധാനന്തരം ബസ്വറക്കാരിൽ ഭൂരിപക്ഷവും ഖലീഫയായി അലി(റ)നെ അംഗീകരിച്ചു. ബസ്വറയുടെ പുതിയ ഗവർണറായി അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)നെ തീരുമാനിക്കുകയും ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. ബസ്വറ ശാന്തമായതോടെ ഖലീഫ കൂഫയിലേക്കു തിരിച്ചു. കൂഫക്കാരോട് കാര്യങ്ങളുടെ ഗൗരവം ബോധിപ്പിച്ചു. എന്നിട്ടു പറഞ്ഞു: ‘ഇസ്‌ലാമിക സാമ്രാജ്യത്തിൽ അനുയോജ്യമായ ധാരാളം പ്രദേശങ്ങളുണ്ടെങ്കിലും ഖിലാഫത്തിന്റെ പുതിയ ആസ്ഥാനമായി ഞാൻ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ നാടിനെയാണ്. അല്ലാഹു എന്നിൽ ഏൽപ്പിച്ച ഈ ദൗത്യം പൂർണാർത്ഥത്തിൽ നടപ്പിൽവരുത്താൻ നിങ്ങളെല്ലാവരുടെയും സഹായ സഹകരണങ്ങളുണ്ടാകണം.’ കൂഫ രാജ്യ തലസ്ഥാനമാക്കുകയെന്നത് മുൻ നിശ്ചയപ്രകാരമുള്ള തീരുമാനമായിരുന്നില്ല. ശാമുകാർ ഖിലാഫത്ത് അംഗീകരിക്കാത്തതിനാൽ ആവശ്യമെങ്കിൽ അവർക്കെതിരെ സൈനിക നീക്കം നടത്താനുള്ള സൗകര്യം കൂടി മാനിച്ചാണ് കൂഫയെ തലസ്ഥാനമാക്കാൻ അലി(റ) തീരുമാനിച്ചത്. ജമൽ യുദ്ധത്തിനു ശേഷം വഫാത്തു വരെ അഞ്ചുവർഷം അലി(റ) ഖിലാഫത്തിനു നേതൃത്വം നൽകിയത് കൂഫയിൽ നിന്നാണ്. അതോടെ മുസ്‌ലിം രാഷ്ട്ര തലസ്ഥാനമെന്ന പദവി മദീനക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. നബി(സ്വ) പറഞ്ഞതായി കാണാം: മദീനക്കു മുസ്ലിം ലോകത്തിന്റെ തലസ്ഥാന പദവി നഷ്ടപ്പെട്ടാൽ അന്ത്യനാൾ വരെ ഒരിക്കലും അതു തിരിച്ചുകിട്ടില്ല.

ഖലീഫ ശാമിലേക്ക്

അപ്രതീക്ഷിതമായാണ് ബസ്വറയിലേക്ക് സൈന്യത്തെ അയക്കേണ്ടി വന്നത്. അവിടം ശാന്തമായപ്പോൾ ശാമിലേക്ക് പുറപ്പെടാൻ ഖലീഫ സൈന്യത്തോടുത്തരവിട്ടു. പക്ഷേ, അവർ മൂന്നു ചേരിയായി മാറി. ഒരു വിഭാഗം ഖലീഫ എന്തു പറഞ്ഞാലും അനുസരിക്കാൻ തയ്യാറായിരുന്നു. മറ്റൊരു വിഭാഗം ഖലീഫയുടെ നയത്തിൽ അമർഷം പൂണ്ട് കടുത്ത വിമർശകരായി. മൂന്നാമത്തെ വിഭാഗം രണ്ടു വിഭാഗത്തിനൊപ്പവും ചേരാതെ നിഷ്പക്ഷത പാലിച്ചു. അലി(റ)വിന്റെ പക്ഷത്തും മുആവിയ(റ)യുടെ പക്ഷത്തും നിലകൊണ്ട പ്രമുഖരായ സ്വഹാബികളും താബിഉകളുമൊന്നും രക്തം ചിന്തുന്നതും സമുദായം പരസ്പരം ഏറ്റുമുട്ടുന്നതും ഇഷ്ടപ്പെട്ടില്ല.
എന്നാൽ അലി(റ) തീരുമാനത്തിൽ നിന്നു പിന്മാറിയില്ല. മഹാനും ഇബ്‌നു അബ്ബാസ്(റ)വും കാര്യങ്ങളുടെ ഗൗരവാവസ്ഥ നിരന്തരമായി സൈനികരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഭൂരിപക്ഷം പേരും ഖലീഫയെ പിന്തുണക്കുകയും ശാമിലേക്കു പുറപ്പെടാൻ തയ്യാറാവുകയും ചെയ്തു. ഇതറിഞ്ഞ മുആവിയ(റ) ഖലീഫയുടെ സൈന്യത്തെ അതിർത്തിയിൽ തടയാൻ ഉത്തരവിട്ടു. ഉടനെ തന്നെ നഹ്‌റുവാൻ നദീ തീരത്ത് ഗവർണറുടെ വലിയൊരു സൈന്യം തമ്പടിച്ചു. ഈ വിവരം ലഭിച്ചപ്പോൾ സൈന്യത്തോട് ഉടനെ പുറപ്പെടാൻ ഖലീഫ ആജ്ഞാപിച്ചു. ഈ സമയത്തെല്ലാം മുസ്‌ലിംകൾ പരസ്പരം പോരടിച്ച് രക്തച്ചൊരിച്ചിലുണ്ടാക്കുന്നതിൽ നിന്ന് ഖലീഫയെ തന്റെ മക്കൾ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പ്രതികരിച്ചത് സൂറത്തുൽ ഹുജറാത്ത് എട്ടാം സൂക്തം ഓതിക്കൊണ്ടാണ്. ‘മുസ്‌ലിംകൾക്കിടയിൽ ഭിന്നത രൂപപ്പെട്ടാൽ നിങ്ങളെ പോലുള്ള കൈകാര്യകർത്താക്കൾ പ്രശ്‌നം പരിഹരിക്കണം. മധ്യസ്ഥതക്ക് അവർ ഒരുക്കമല്ലാതിരിക്കുകയും തെറ്റിന്റെ പക്ഷം ചേർന്നുള്ള നിൽപ്പു തുടരുകയും സത്യത്തിന്റെ പക്ഷത്തു നിൽക്കുന്നവരോടു മത്സരത്തിനു വരികയും ചെയ്താൽ സത്യത്തിനൊപ്പം ചേരുന്നതു വരെ യുദ്ധം ചെയ്യൽ വിശ്വാസിയുടെ ബാധ്യതയാണ്.’ ഇതാണ് ആയത്തിന്റെ സാരം. ഇതൊന്നും സ്വന്തം നേട്ടത്തിനോ ദുരഭിമാന സംരക്ഷണത്തിനോ അല്ല, പരിശുദ്ധ ഖുർആന്റെ ശാസന അനുസരിക്കുക മാത്രമാണെന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തുകയുണ്ടായി.

സ്വിഫ്ഫീൻ പടയോട്ടം

അമ്മാറുബ്‌നു യാസിർ(റ)ന്റെ നേതൃത്വത്തിൽ ഖലീഫയുടെ സൈന്യം നഹ്‌റുവാൻ ലക്ഷ്യമാക്കി പുറപ്പെട്ടു. നെഹ്‌റുവാനിലെത്തിയ സൈന്യത്തിനു വെള്ളത്തിനായി ഏക ആശ്രയം ഒരു കിണറായിരുന്നു. ഇതാകട്ടെ ശാം സൈന്യത്തിന്റെ നിയന്ത്രണത്തിലും. ചർച്ചയിലൂടെ ശാമുകാർക്ക് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ വന്ന സൈന്യത്തിനു വെള്ളം നിഷേധിക്കാൻ പാടില്ലെന്നു ഖലീഫയുടെ സൈനിക ദൂതർ ശാം സൈന്യത്തോടുണർത്തിയപ്പോൾ അവരുടെ ഉപദേഷ്ടാക്കൾ പറഞ്ഞു: ‘വെള്ളം കിട്ടാതിരുന്നാൽ അവർ സ്വയം മടങ്ങിക്കോളും.’ ദൂതന്മാർ നിരാശയോടെ തിരിച്ചുവന്നപ്പോൾ ഖലീഫയുടെ കുറച്ചു പടയാളികൾ കിണർ പിടിച്ചെടുക്കാൻ നീക്കം നടത്തി. അതിലവർ വിജയിച്ചു. ഉടനെ ഖലീഫ അലി(റ) ഉത്തരവിട്ടു: ‘കിണറിന്റെ അവകാശം നമുക്കാണെങ്കിലും വെള്ളമെടുക്കുന്നതിൽ നിന്ന് ആരെയും തടയാൻ പാടില്ല. തെറ്റിദ്ധാരണയുടെ പേരിലാണ് വിശ്വാസികളും സഹോദരങ്ങളുമായ അവർ നമ്മെ വിലക്കിയത്.’
അതോടെ കിണറ്റിൽ നിന്ന് ഇരു സൈന്യവും യഥേഷ്ടം വെള്ളമെടുക്കുകയും കുളിക്കാനും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയുമുണ്ടായി. ഇരുപക്ഷവും പോരാട്ട സജ്ജരായിരുന്നുവെങ്കിലും തമ്മിൽ ഒരുവിധ പ്രശ്‌നവും ഉടലെടുത്തില്ല. ഇടക്കിടെ ഖലീഫയുടെ ദൂതന്മാർ മുആവിയ(റ)യുമായി ചർച്ചകൾ നടത്തുകയുമുണ്ടായി. പക്ഷേ, എല്ലാം അന്തിമ തീരുമാനത്തിലെത്താതെ പിരിഞ്ഞു. ചിലപ്പോഴൊക്കെ ഗവർണറുടെ ദൂതർ ഖലീഫയുടെ സംഘത്തോടും ചർച്ചകൾ നടത്തി. അതും തീരുമാനമാകാതെ പിരിഞ്ഞു. മാസങ്ങളോളം ഈ നില തുടർന്നെങ്കിലും ശാമുകാർ തങ്ങളുടെ നിലപാടിൽ നിന്നു മാറിയില്ല.
അനിശ്ചിതാവസ്ഥക്കൊടുവിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. സുബ്ഹി മുതൽ മഗ്‌രിബ് വരെ ഇരുസൈന്യവും ഒരു നേതാവിന്റെ നേതൃത്വത്തിൽ ഏറ്റുമുട്ടും. മഗ്‌രിബായാൽ യുദ്ധം നിർത്താനും വ്യവസ്ഥയായി. പിന്നെ സുബ്ഹി വരെ സംഘട്ടനമുണ്ടാകില്ല. മറുപക്ഷത്ത് ബന്ധുക്കളുള്ളവർ രാത്രി സമയങ്ങളിൽ അവരെ സന്ദർശിക്കുമായിരുന്നു.
പോരാട്ടത്തിൽ ആർക്കെങ്കിലും പരിക്കു പറ്റിയാൽ അവരെ കൊലപ്പെടുത്തരുത്, പിന്തിരിഞ്ഞോടുന്നവരെ പിന്തുടരരുത്, ഗനീമത്തായി മറുപക്ഷത്തിന്റെ സ്വത്ത് പിടിച്ചെടുക്കരുത്, സ്ത്രീകളെയും കുട്ടികളെയും അക്രമിക്കരുത് എന്നെല്ലാം സൈന്യത്തോട് അലി(റ) പ്രത്യേക നിർദേശിച്ചിരുന്നു. മറുഭാഗത്തുള്ളത് ശത്രുക്കളല്ല എന്നതിനാലാണ് ഇങ്ങനെ നിർദേശിച്ചത്. അക്രമിക്കാൻ വരുന്നവരെയാണ് പ്രതിരോധിക്കേണ്ടത്. പരിക്കു പറ്റിയവർ പിന്നെ അക്രമിക്കാൻ വരില്ലല്ലോ. അപ്പോൾ അവരെ വധിച്ചാൽ മുഅ്മിനിനെ കൊന്നതു പോലെയാണ്. എന്നാൽ പ്രതിരോധത്തിനിടയിൽ കൊല്ലപ്പെടുന്നത് ഇതിൽ പെടില്ല. കൊല്ലപ്പെട്ടവരുടെ പേരിലുള്ള മയ്യിത്ത് നിസ്‌കാരത്തിന് ഇരുപക്ഷവും പങ്കെടുക്കും. മുതിർന്നവരോടും ആദരിക്കാൻ കടപ്പെട്ടവരോടുമുള്ള ബഹുമാനത്തിൽ ഒരു വിവേചനവും ആരും കാണിച്ചിരുന്നില്ല. വല്ല മസ്അലകളിലും സന്ദേഹമുണ്ടായാൽ ദൂതൻ മുഖേന അലി(റ)നെ സമീപിച്ച് മുആവിയ(റ) നിവാരണം തേടുകയും ചെയ്യുമായിരുന്നു.

അമ്മാർ(റ) യുദ്ധക്കളത്തിലേക്ക്

മാസങ്ങൾ കടന്നുപോയി. മുഹർറത്തിൽ തുടങ്ങിയതാണ്. ഇപ്പോൾ ജമാദുൽ ഉഖ്‌റയായി. അഞ്ചു മാസം പിന്നിട്ടിട്ടും തീരുമാനമായിട്ടില്ല. ഓരോ ദിവസവും ഓരോ അമീറിന്റെ നേതൃത്വത്തിലായിരുന്നു യുദ്ധം. അന്ന് പോരാട്ടത്തിനു നേതൃത്വം നൽകിയത് അമ്മാറുബ്‌നു യാസിർ(റ)വാണ്. അടർക്കളത്തിലിറങ്ങുന്ന സമയത്ത് അൽപ്പം പാൽ കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതു കുടിച്ച ശേഷം മഹാൻ പറഞ്ഞു: ‘നബി(സ്വ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഞാൻ മരിക്കുന്നതിന്റെ തൊട്ടുമുമ്പ് അവസാനമായി കഴിക്കുന്നതു പാലായിരിക്കും. എന്നെ വധിക്കുന്നത് തെറ്റിന്റെ പക്ഷക്കാരായിരിക്കും.’ അങ്ങനെ അമ്മാർ(റ)വിന്റെ നേതൃത്വത്തിൽ സൈന്യം യുദ്ധക്കളത്തിലേക്കിറങ്ങി.
ശക്തമായ യുദ്ധത്തിനിടയിൽ അമ്മാർ(റ) വധിക്കപ്പെട്ടു. അതോടെ ഇരുപക്ഷത്തുമുള്ള സ്വഹാബികൾക്ക് വസ്തുത ബോധ്യമായി. സത്യത്തിന്റെ പക്ഷത്ത് ഖലീഫ അലി(റ) തന്നെയാണെന്ന് ശാമിന്റെ പക്ഷത്തുള്ള സ്വഹാബികൾക്ക് ബോധ്യപ്പെട്ടു. അലി(റ)വിന്റെ പക്ഷത്തുള്ളവർക്ക് തങ്ങളാണ് ശരിയുടെ കൂടെയെന്ന് കൂടുതൽ ഉറപ്പായി. അവർക്കത് ആത്മവീര്യം കൂട്ടുകയും ചെയ്തു.
അമ്മാർ(റ) വധിക്കപ്പെട്ടതോടെ മുആവിയ പക്ഷത്തിന്റെ മനോധൈര്യത്തിൽ വിള്ളൽ വീണു. സ്വഹാബികൾ യുദ്ധമുഖത്തു നിന്നു പിന്മാറി. ശാമുകാർ ഒന്നടങ്കം യുദ്ധത്തിൽ നിന്നും പിന്മാറുമെന്നു മനസ്സിലാക്കിയ രാഷ്ട്രീയ പ്രമുഖർ വിഷയത്തെ ന്യായീകരിക്കാൻ ശ്രമിച്ചു: ‘അമ്മാർ(റ) കൊല്ലപ്പെടാൻ കാരണം സ്വസ്ഥമായി ജീവിക്കുന്ന നാട്ടിൽ നിന്ന് അദ്ദേഹത്തെ യുദ്ധമുന്നണിയിലേക്കു നിർബന്ധിച്ചു കൊണ്ടുവന്നതുകൊണ്ടാണ്. അത് ചെയ്തവരാണ് യഥാർത്ഥത്തിൽ തെറ്റിന്റെ പക്ഷത്ത്.’
അതേസമയം, മുആവിയ പക്ഷത്തുണ്ടായിരുന്ന അംറുബ്‌നുൽ ആസ്വ്(റ)യുടെ മകൻ അബ്ദുല്ല(റ) പ്രഖ്യാപിച്ചു: ‘അമ്മാറിനെ കൊന്നതോടെ നമ്മൾ തെറ്റിന്റെ ആളുകളാണെന്നും സത്യത്തിന്റെ ആളുകൾ ഖലീഫ അലി(റ)വാണെന്നും തെളിഞ്ഞിരിക്കുന്നു.’ ഇക്കാര്യം പൊതുജനങ്ങൾക്കിടയിലും സൈനികർക്കിടയിലും പരസ്യമായി പ്രചരിപ്പിച്ചു അദ്ദേഹം. ഇതറിഞ്ഞ മുആവിയ(റ) ഈജിപ്ത് ഗവർണറും തന്റെ മുഖ്യ ഉപദേഷ്ടാവുമായ അബ്ദുല്ലയുടെ പിതാവ് അംർ(റ)നെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. അദ്ദേഹം മകനെ വിളിച്ചിരുത്തി പറഞ്ഞു: മോനേ, ഉപ്പ പറയുന്നത് കേൾക്കൽ നിനക്ക് നിർബന്ധമാണല്ലോ. എനിക്ക് ഉപദേശമായി നിന്നോടു പറയാനുള്ളത് ഇക്കാര്യം ഇനി പരസ്യമായി പറഞ്ഞു നടക്കരുതെന്നാണ്.
അബ്ദുല്ല(റ) പറഞ്ഞു: ‘ഞാനെന്റെ കടമ വീട്ടി. ഇനി പറയുന്നില്ല. അലിയാർക്കെതിരെ യുദ്ധത്തിന് ഇനി എന്നെ കിട്ടില്ല. ഉപ്പക്ക് ഇഷ്ടമില്ലെങ്കിൽ അലി(റ)യുടെ കൂടെ ഞാൻ കൂടുന്നില്ല. ഇനിയുള്ള കാലം ആരാധനകളിലായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നു.’
സ്വിഫ്ഫീൻ സംഭവത്തിൽ കൊല്ലപ്പെട്ട അമ്മാറി(റ)നെക്കുറിച്ച് തിരുനബി(സ്വ) നടത്തിയ പ്രവചനം ചരിത്രം രേഖപ്പെടുത്തുന്നതിങ്ങനെ: മദീനാ പള്ളി നിർമിക്കുന്ന സമയം. ഓരോരുത്തരും ഓരോ കട്ട വീതം ചുമക്കുമ്പോൾ അമ്മാറുബ്‌നു യാസിർ(റ) രണ്ടു കട്ടയായിരുന്നു ചുമന്നിരുന്നത്. ഇതു കണ്ട റസൂൽ(സ്വ) വാത്സല്യത്തോടെ അദ്ദേഹത്തിന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു: എല്ലാവരും ഒരു കട്ടയാണല്ലോ ചുമക്കുന്നത്. നീ എന്തിനാണു രണ്ടുകട്ട എടുക്കുന്നത്?
അപ്പോൾ തമാശയായി അമ്മാർ(റ) പറഞ്ഞു: റസൂലേ, എനിക്കിവർ രണ്ടു കട്ടയാണ് എടുത്തുതരുന്നത്. അവർ എന്നെ കൊല്ലുമെന്നാണ് തോന്നുന്നത്!
ഉടൻ നബി(സ്വ) പറഞ്ഞു: ‘അവരല്ല താങ്കളെ കൊലപ്പെടുത്തുക. ഫിഗതുൽ ബാഗിയയുടെ (സത്യത്തിനെതിരെ യുദ്ധം ചെയ്യുന്നവർ) ആളുകളാണ് നിങ്ങളെ വധിക്കുക.’ അവിടന്ന് തുടർന്നു: ‘പാവമാണ് അമ്മാർ(റ), അദ്ദേഹം തെറ്റിന്റെ പക്ഷത്തുള്ളവരെ സ്വർഗത്തിലേക്കു ക്ഷണിക്കുമ്പോൾ അവർ അമ്മാറിനെ നരകത്തിലേക്കു വിളിക്കും.’
പ്രവാചകർ(സ്വ)യുടെ ഈ പ്രവചനം വ്യക്തമാക്കുന്നത് തെറ്റിന്റെ പക്ഷത്ത് ശാമുകാരാണെന്നാണ്. ജമൽ യുദ്ധത്തിൽ അലി(റ)യുടെ എതിർപക്ഷത്തായിരുന്ന സുബൈർ(റ)വിനോട് നബി(സ്വ) മുൻകൂട്ടി പറഞ്ഞതും ഈ സംഭവവും ഖലീഫ അലി(റ)യാണ് സത്യത്തിന്റെ പക്ഷത്തെന്നു വ്യക്തമാക്കുന്നു.
റജബ് തുടങ്ങി. ഇനിയും പോർമുഖം നീട്ടിക്കൊണ്ടുപോകുന്നതു ശരിയല്ല. ഇതിനൊരന്ത്യം വേണം. അന്തിമ പോരാട്ടത്തിനായി ഖലീഫ ഉത്തരവിട്ടു. തങ്ങളാണ് സത്യത്തോടൊപ്പമെന്ന് അമ്മാർ(റ)ന്റെ ശഹാദത്തോടെ കൂടുതൽ ബോധ്യപ്പെട്ടത് അലി(റ)യുടെ പക്ഷത്തുള്ളവർക്ക് വീര്യമേറ്റുകയും ശാമുകാരുടെ മനോവീര്യം ചോരുകയും ചെയ്തു.
അന്തിമ പോരാട്ടത്തിനായി അലി(റ)യുടെ സൈന്യം സർവ സന്നാഹങ്ങളോടെയും കളത്തിലിറങ്ങി. അതോടെ യുദ്ധത്തിന്റെ ഗതിമാറി. ശക്തമായ പോരാട്ടം. നിസ്‌കാരങ്ങൾ പേടിച്ചോടുന്നവൻ നിർവഹിക്കുന്ന രൂപത്തിൽ ആംഗ്യത്തിലായി മാറി. രണ്ടു ഭാഗത്തും പതിനായിരങ്ങളാണ് ഒരുമിച്ചു പടവെട്ടുന്നത്. പാതിരാത്രിയായിട്ടും യുദ്ധം അവസാനിച്ചില്ല. പിറ്റേന്നത്തെ സുബ്ഹിയും പേടിച്ചവന്റെ നിസ്‌കാരം പോലെ നിർവഹിച്ചു. സൂര്യൻ ഉദിച്ചുയർന്ന് ളുഹായുടെ സമയമായപ്പോൾ യുദ്ധഗതിയിൽ നേരിയ മാറ്റമുണ്ടായി. ശാമുകാർ കുറച്ച് പിന്നോട്ടടിച്ചു. ഖലീഫയുടെ സൈന്യത്തോട് പിടിച്ചു നിൽക്കാനാവില്ലെന്നവർക്കു ബോധ്യപ്പെട്ടു. ഇതേ നില തുടർന്നാൽ കുറഞ്ഞ സമയം കൊണ്ട് അലി(റ)യുടെ പക്ഷം വിജയക്കൊടി പാറിക്കുമെന്നു മനസ്സിലാക്കിയ ശാം സൈന്യം നയതന്ത്ര നീക്കത്തിലൂടെ യുദ്ധം നിർത്തിക്കാൻ തീരുമാനിച്ചു. വിശുദ്ധ ഖുർആൻ കുന്തത്തിൽ വെച്ച് ഉയർത്തിപിടിച്ച് അവർ പറഞ്ഞു: എന്തിനാണ് നമ്മളിങ്ങനെ യുദ്ധം ചെയ്യുന്നത്? വിശ്വാസികളല്ലേ ഇരുപക്ഷത്തും മരണപ്പെടുന്നത്. നമ്മുടെ രാജ്യം സംരക്ഷിക്കാനും ഇസ്‌ലാമിന്റെ ശത്രുക്കളോടു പടപൊരുതാനും ഇനി ആരാണുണ്ടാവുക? ഖുർആനിലേക്കു വരൂ. അതു നമുക്കിടയിൽ വിധിക്കട്ടെ.’
ഇതു കേട്ട അലി(റ) പറഞ്ഞു: ‘പറഞ്ഞ കാര്യം വസ്തുത തന്നെ. പക്ഷേ, നിങ്ങൾക്കു ദുരുദേശ്യമാണ്. ഖുർആൻ പറഞ്ഞതു പ്രകാരമാണ് ഞങ്ങൾ നിങ്ങളോടു യുദ്ധത്തിനു വന്നത്. യുദ്ധം നിർത്താനായിട്ടില്ല. തുടരുക.’ പക്ഷേ, അലി(റ)ന്റെ പക്ഷത്തുള്ള ഭൂരിപക്ഷവും ഇറാഖികളായിരുന്നു. അവർ പറഞ്ഞു: ഖുർആനിലേക്കു വിളിച്ചിട്ടും യുദ്ധം നിർത്താത്തവൻ വിശ്വാസിയാണോ. ഇപ്പോൾ തന്നെ യുദ്ധം നിർത്തണം.
അലി(റ) വീണ്ടും പറഞ്ഞു. ‘ഖുർആനനുസരിച്ചാണ് നമ്മൾ ഇതുവരെ ചെയ്തതെല്ലാം. നമ്മൾ അവരെ ഖുർആനിലേക്കാണു ക്ഷണിക്കുന്നത്. യുദ്ധം നിർത്താനല്ല.’ ഇറാഖികൾ അലി(റ)യുടെ ഉപദേശം മുഖവിലക്കെടുത്തില്ല. രണ്ടാമതും ഖലീഫ യുദ്ധം തുടരണമെന്നു പറഞ്ഞപ്പോൾ ഇറാഖികൾ (കൂഫ, ബസ്വറ എന്നിവിടങ്ങിൽ നിന്നുള്ളവർ) പറഞ്ഞു: ‘യുദ്ധം നിർത്തിയില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കെതിരെ യുദ്ധം ചെയ്യും’.
ഗത്യന്തരമില്ലാതെ യുദ്ധം നിർത്തേണ്ടി വന്നു. ശാം പക്ഷത്തുകാർക്കെതിരെ മുന്നേറിക്കൊണ്ടിരിക്കുന്ന അശ്തറിനെ അടിയന്തിരമായി തിരിച്ചുവിളിക്കാൻ അവർ ആവശ്യപ്പെട്ടു. മനമില്ലാ മനസ്സോടെ ഖലീഫ അവരെ തിരിച്ചുവിളിച്ചു.
അശ്തർ പറഞ്ഞു. ‘വിജയത്തിന്റെ വക്കിലെത്തിയിരിക്കെയുള്ള തിരിച്ചുവിളി അന്യായമാണ്.’
അലി(റ)ന്റെ നിലപാട് ഉറച്ചതായിരുന്നു: ‘ഞാൻ ഖലീഫയാണ്. ഞാനാണ് പറഞ്ഞത് യുദ്ധം നിർത്താൻ, ഇപ്പോൾ തന്നെ അവസാനിപ്പിക്കുക.’ അതോടെ യുദ്ധം അവസാനിപ്പിച്ചു. ഈ രാത്രിക്ക് ലൈലതുൽ ഹരീര് എന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നത്.

ഇറാഖികളുടെ സ്വഭാവം

ശാമിൽ ഖിലാഫത്തിന്റെ വെന്നിക്കൊടി പാറേണ്ട അവസാന നിമിഷത്തിൽ യുദ്ധം നിർത്താൻ ഖലീഫക്കു ഉത്തരവിടേണ്ടി വന്നത് ഇറാഖികളുടെ ദു:ശാഠ്യം കൊണ്ടാണ്. സൗദി അറേബ്യയുടെ കിഴക്കു ഭാഗത്തുള്ള നജ്ദിന്റെ മുഖ്യഭാഗവും ഇറാഖിലാണ്. ഫിത്‌നയുടെയും പ്രശ്‌നങ്ങളുടെയും നാടാണ് ഇതെന്ന് നബി(സ്വ) പ്രവചിച്ചിരുന്നു. മൂന്നു പ്രാവശ്യം ശാമിനും യമനിനും വേണ്ടി പ്രാർത്ഥന നടത്തിയപ്പോഴും അവിടന്ന് നജ്ദിനു വേണ്ടി പ്രാർത്ഥിച്ചില്ല.
ഇന്നത്തെ ശീഇസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണത്. വഞ്ചന, നേതൃത്വത്തെ പൂർണമായി അംഗീകാതിരിക്കൽ, ഭരണകൂടത്തെ അനുസരിക്കാതിരിക്കുക തുടങ്ങിയവ ഇവരുടെ സ്വഭാവമാണ്. സൗമ്യനായ ഒരാൾക്ക് ഈ നാട് ഭരിക്കാനാകില്ല. അതുകൊണ്ടാണ് കടുത്ത തീരുമാനങ്ങളെടുക്കുന്ന ഉബൈദുല്ലാഹി ബ്‌നു സിയാദ്, ഹജ്ജാജുബ്‌നു യൂസുഫ് തുടങ്ങിയവരെ ഉമവി രാജാക്കന്മാർ ഈ നാടിന്റെ അമീറാക്കിയത്. ഇറാഖികൾ അവർക്കു പറ്റുന്നവരെ മാത്രം ഗവർണറായി സ്വീകരിക്കും. മറ്റുള്ളവർ ഗവർണറാക്കപ്പെട്ടാൽ പുറത്തുചാടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ശാമിനെ കുറിച്ചുള്ള പ്രശംസകളും ഇറാഖികൾക്ക് പിടിക്കില്ല. ഒരിക്കൽ ഇറാഖികളായ ചിലർ ശാമിനെ ശപിച്ച് പ്രാർത്ഥന നടത്തിയപ്പോൾ അലി(റ) പറഞ്ഞു: ശപിക്കരുത്. അല്ലാഹുവിന്റെ അബ്ദാലുകളുടെ നാടാണത്.
സ്വിഫീൻ യുദ്ധം തീർന്നെങ്കിലും പ്രശ്‌നത്തിനു പരിഹാരമായില്ല. അതിനായി അവർ മറ്റൊരു രീതി കണ്ടെത്തി. (തുടരും)

 

സുലൈമാൻ ഫൈസി കിഴിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ