അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന കാര്യങ്ങളിൽ പ്രധാനമാണ് സൽസ്വഭാവവും ദാനശീലവും. സൂഫിയുടെ അനിവാര്യ വിശേഷണങ്ങളാണിവ. ദു:സ്വഭാവവും പിശുക്കും നമ്മെ അല്ലാഹുവിൽ നിന്നകറ്റും. ഏറ്റവും ശ്രേഷ്ഠമായ കർമങ്ങൾ ക്ഷമയും ദാനവുമാണെന്ന് തിരുമൊഴികളിലുണ്ട്.
പിശുക്കൻ അല്ലാഹുവിൽ നിന്നും ജനങ്ങളിൽ നിന്നും സ്വർഗത്തിൽ നിന്നും അകന്നവനും നരകത്തോട് അടുത്തവനുമാണ്. ആരാധന ചെയ്യുന്ന പിശുക്കനേക്കാൾ അല്ലാഹുവിനിഷ്ടം ദാനശീലനായ വിഡ്ഢിയെയാണെന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്.
മനുഷ്യകുലത്തെ ആകമാനം ഇരുട്ടിലാക്കാനും ദുരന്തം വിതയ്ക്കാനും കാരണമാകുന്ന ഏറ്റവും അപകടകാരിയായ ദുർഗുണമാണ് ലുബ്ധതയെന്ന് സൂഫികൾ. ആത്മജ്ഞാനത്തിന്റെ തരിമ്പും പിശുക്കന്മാർക്ക് ലഭിക്കില്ല. അല്ലാഹുവിന്റെ തൃപ്തിയേക്കാൾ തരംതാഴ്ന്ന ഭൗതിക വിഭവങ്ങളെ ഉന്നതമായി കാണുന്നതുകൊണ്ടാണ് പിശുക്ക് ഇത്ര മാരകമായ തിന്മയായത്. ഖൽബ് കറുത്തിരുളാനും ഹിദായത്തിന്റെ വെളിച്ചമണയാനും ഈ ദു:സ്വഭാവം കാരണമാകും.
ശരീരവും സമ്പാദ്യവുമെല്ലാം അല്ലാഹുവിന് സമർപ്പിക്കുന്ന സൂഫി എല്ലാം റബ്ബിന്റെ ഉടമസ്ഥാധികാരത്തിന് കീഴിലാണെന്ന് തിരിച്ചറിയുന്നതിനാൽ തന്റേതെല്ലാം ദാനം ചെയ്യാൻ ഇഷ്ടപ്പെടുന്നു. സ്വഹാബത്തിന്റെ സൽഗുണമായി ഖുർആൻ സൂചിപ്പിച്ചതാണിത്. തങ്ങൾക്കാവശ്യമുള്ളതുപോലും റബ്ബിന്റെ തൃപ്തിക്കുവേണ്ടി അവർ പങ്കുവെക്കുന്നു.
മാരകമായ ഹൃദയ രോഗമാണ് പിശുക്ക്. അത് മനുഷ്യ ഹൃദയങ്ങളെ അല്ലാഹുവിൽ നിന്ന് അകറ്റുകയും നരകത്തിലേക്കടുപ്പിക്കുകയും ചെയ്യും. പിശുക്കെന്ന വ്യാധിയിൽ നിന്നു മുക്തി നേടിയാൽ മാത്രമേ പരലോകം വിജയകരമാകുകയുള്ളൂ. പിശുക്കിൽ നിന്നും ഹൃദയം സംരക്ഷിക്കപ്പെട്ടവരാണ് യഥാർഥ വിജയികളെന്ന് ഖുർആൻ ഉണർത്തുന്നുണ്ട്.
പിശുക്ക് കാണിക്കുന്നത് നന്മയാണെന്ന് ആരും ധരിക്കേണ്ട. വലിയ തിന്മയാണത്. അന്ത്യനാളിൽ അവർക്ക് കഠിനമായ ശിക്ഷയുണ്ടെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മനുഷ്യകുലത്തെ ഒന്നടങ്കം നശിപ്പിക്കുന്ന വിനാശകാരിയാണ് പിശുക്ക്. രക്തച്ചൊരിച്ചിലിനും കലാപങ്ങൾക്കും ബന്ധങ്ങൾ തകരാനും കാരണമാണതെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. പിശുക്കനും ദു:സ്വഭാവിയും ധിക്കാരിയും ചതിയനും സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് നബിവചനം.
വിശ്വാസിയുടെ മുഖമുദ്രയാണ് ദാനശീലവും നല്ല പെരുമാറ്റവും. പിശുക്കും ചീത്ത പെരുമാറ്റവും വിശ്വാസിയിൽ സംഗമിക്കില്ലെന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്ത ഹദീസിലുണ്ട്. പിശുക്കെന്ന മഹാരോഗത്തെ തൊട്ട് കാവൽ തേടി നബി(സ്വ) പ്രാർഥന നടത്തിയിരുന്നു. അക്രമം, കളവ്, ഛിദ്രത തുടങ്ങി നിരവധി തിന്മകളുടെ വേരാണ് പിശുക്ക്. പിശുക്കിൽ നിന്നു മോചനം ലഭിച്ചില്ലെങ്കിൽ നാശം ഉറപ്പ്. അല്ലാഹുവിന്റെ കാവലില്ലാതെ ഇത്തരം ഹൃദയരോഗങ്ങളിൽ നിന്നും രക്ഷപ്പെടാനാവില്ല.
ഒരു വ്യക്തിയുടെ ഈമാനിന്റെ നിറം കെടുത്തുന്ന ഏറ്റവും മാരകമായ രോഗങ്ങളാണ് ഭീരുത്വവും പിശുക്കും. പോർക്കളത്തിൽ രക്തത്തിൽ പുരണ്ട് കിടക്കുന്ന മൃതശരീരം കണ്ട് ‘ഭാഗ്യവാനായ രക്തസാക്ഷി’യെന്ന് വാഴ്ത്തിയ സ്വഹാബിയോട് റസൂൽ(സ്വ) പറഞ്ഞത് ‘ഈ കൊല്ലപ്പെട്ടവൻ ശഹീദാണെന്ന് എങ്ങനെ അറിയാം, ഒരുപക്ഷേ, അനാവശ്യ സംസാരമോ പിശുക്കെന്ന ദു:സ്വഭാവമോ അയാൾക്കുണ്ടായിരുന്നെങ്കിലോ എന്നാണ്. ലുബ്ധതയെന്ന മാരക രോഗം നന്മകളെല്ലാം നിഷ്ഫലമാക്കുമെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു.
‘പിശുക്ക് കുഫ്‌റിൽ(അവിശ്വാസം) നിന്നുള്ളതാണ്, കുഫ്‌റ് നരകത്തിലേക്കു’മെന്ന് തിരുമൊഴികളിലുണ്ട്. നരകത്തിലെ ‘സഖൂം’ എന്ന മരമാണ് പിശുക്കിന്റെ കേന്ദ്രം. അതിനാൽ പിശുക്കൻ നരകത്തിലെത്തുമെന്ന് തീർച്ച.
ലുബ്ധന്മാർ ദുൻയാവിലും ആഖിറത്തിലും പരാജിതരായിരിക്കും. ജീവിതത്തിൽ സമാധാനം നഷ്ടപ്പെടും. ധനനഷ്ടം ഭയന്ന് ജീവിക്കുന്ന പിശുക്കൻ എപ്പോഴും അസ്വസ്ഥനായിരിക്കും. സമൂഹത്തിൽ നിന്ദ്യനും. അതിനാൽ ധനമോഹിയും ലുബ്ധനുമായവനെ നേതൃത്വം ഏൽപ്പിക്കാൻ പാടില്ല. പിശുക്കുള്ളവനാണ് ഞങ്ങളുടെ നേതാവെന്ന് പറഞ്ഞ ബനൂലഹ്‌യാൻ ഗോത്രക്കാരോട്, ലുബ്ധതയെക്കാൾ മാരക രോഗമില്ലെന്നും പിശുക്കനെ നേതൃസ്ഥാനത്തു നിന്നു മാറ്റണമെന്നും പ്രവാചകർ(സ്വ) നിർദേശിച്ചത് ഇമാം ഹാകിം(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജീവിതകാലം മുഴുവൻ അറുപിശുക്കനായി ജീവിക്കുകയും അന്ത്യമുറപ്പാകുമ്പോൾ ദാനം ചെയ്യുന്നവർ കപടന്മാരും അല്ലാഹുവിന്റെ കോപം ലഭിച്ച ഭാഗ്യദോഷികളുമാണ്. പിശുക്ക് ഏറ്റവും വലിയ അക്രമമാണെന്നും നബി(സ്വ) ഉണർത്തി.
സകല പാപങ്ങളുടെയും സമാഹാരമാണ് പിശുക്ക്. എല്ലാ നെറികേടിലേക്കും ജനങ്ങളെ വീഴ്ത്തുന്ന കടിഞ്ഞാണുമാണതെന്ന് തിരുവചനങ്ങളിൽ വന്നിട്ടുണ്ട്. ഉമറുബ്‌നു അബ്ദിൽ അസീസ്(റ)വിന്റെ സഹോദരി ഉമ്മുൽ ബനീൻ പറയുന്നു: ‘പിശുക്കന്മാർക്ക് നാശം! പിശുക്കൊരു ഉടുപ്പായിരുന്നെങ്കിൽ ഞാനത് ധരിക്കുകയില്ല. പിശുക്കൊരു നടവഴിയായിരുന്നെങ്കിൽ ഞാനതിൽ പ്രവേശിക്കുകയില്ല.’
പിശുക്കന്റെ മുഖത്ത് നോക്കിയാൽ ഹൃദയം ഇരുണ്ടുപോകും. പിശുക്കന്മാരെ കാണുന്നതുതന്നെ വിശ്വാസികളുടെ ഹൃദയത്തിനേൽക്കുന്ന ദുരന്തമാണെന്ന് ബിശ്ർ(റ) പറഞ്ഞത് ഇതുകൊണ്ടാണ്. പിശുക്കരോട് ലോകർക്ക് മുഴുവൻ വെറുപ്പായിരിക്കും, അവരെത്ര പുണ്യം ചെയ്താലുമെന്ന് സൂഫി പണ്ഡിതർ പറയാറുണ്ട്.
മുഹമ്മദ് ബ്‌നുൽ മുൻകദിർ(റ) പറയുന്നു: ‘ഒരു ജനവിഭാഗത്തെ ശിക്ഷിക്കാൻ അല്ലാഹു തീരുമാനിച്ചാൽ തെമ്മാടികളെ അവരുടെ അധിപന്മാരാക്കുകയും ജീവിത വിഭവങ്ങളെ പിശുക്കന്മാരുടെ കൈകളിൽ നൽകുകയും ചെയ്യും.’
സമ്പാദ്യമുണ്ടായിട്ടും അല്ലാഹുവിനിഷ്ടപ്പെട്ട വഴിയിൽ ദാനം ചെയ്യാത്തവരുടെ ഹൃദയങ്ങൾ ഇരുണ്ടുപോകും. തൽഫലമായി ഹിദായത്തിന്റെ പ്രകാശം അവർക്ക് ലഭിക്കില്ലെന്ന് ഖുർആൻ വ്യാഖ്യാതാവ് ഇമാം ളഹാക്(റ) കുറിച്ചതു കാണാം. ദാനം ചെയ്യുന്നവർക്ക് സൗഭാഗ്യമുണ്ടാകാനും പിശുക്കർക്ക് നാശം ഭവിക്കാനും പ്രാർഥിച്ചുകൊണ്ടേയിരിക്കുന്ന രണ്ട് മലക്കുകളെ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. പിശുക്കെന്നത് ഏറ്റവും അഭിശപ്തമായ ദുർഗുണമായതുകൊണ്ടുതന്നെ, ലുബ്ധന്മാരെ പരിഹസിക്കുന്നത് പോലും പരദൂഷണത്തിന്റെ ഗണത്തിൽ പെടില്ലെന്ന് പണ്ഡിതാഭിപ്രായമുണ്ട്. ഇമാം ബിശ്ർ(റ) ഈ നിലപാടുകാരനാണെന്ന് ഇമാം ഗസാലി(റ) എഴുതിയിട്ടുണ്ട്.
നബി(സ്വ)ക്ക് ഏറ്റവും വെറുപ്പുള്ള ദുർഗുണമായിരുന്നു ലുബ്ധത. ദാനശീലത്തെ പ്രോത്സാഹിപ്പിക്കുകയും ഏറ്റവും ഉന്നതമായ ദാനശീലം ജീവിതത്തിൽ പകർത്തുകയും ചെയ്ത റസൂൽ(സ്വ) പിശുക്കിനെ ഏറ്റവും ദുഷിച്ച തിന്മയായി വിമർശിച്ചിരുന്നു. ധാരാളമായി നിസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് മദ്ഹ് പറയുന്ന സദസ്സിൽ അവർക്ക് പിശുക്കെന്ന ദുർഗുണമുണ്ടെന്നറിഞ്ഞ തിരുനബി(സ്വ) അവളിൽ നന്മയില്ലെന്ന് പറയുകയുണ്ടായി. സർവ നന്മകളെയും തകർക്കുന്ന, സ്വർഗത്തിൽ നിന്നകറ്റുന്ന നരകത്തിലേക്ക് വലിച്ചു കൊണ്ടുപോവുന്ന, വിനാശകാരിയായ ദുശ്ശീലമാണ് പിശുക്കെന്ന് സാരം.

അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ