തിരുനബി(സ്വ) പറഞ്ഞു: ജനങ്ങൾക്കിടയിലെ ജീവിതത്തിൽ പുലർത്തുന്ന സൽസ്വഭാവം, അല്ലാഹു വിലക്കിയ കാര്യങ്ങളിൽ നിന്ന് തടഞ്ഞുനിർത്തുന്ന സൂക്ഷ്മത, വിഡ്ഢിയിൽ നിന്നുണ്ടാവുന്ന വിഡ്ഢിത്തത്തിൽ പ്രകോപിതനാകാത്ത സമാധാനശീലം എന്നീ മൂന്നു കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവൻ പ്രതിഫലം ഉറപ്പിച്ചവനും ഈമാൻ പൂർത്തീകരിച്ചവനുമായി (ബസ്സാർ).
സൽസ്വഭാവം, സൂക്ഷ്മത, സമാധാനശീലം എന്നീ മൂന്ന് ഗുണങ്ങളും ഭൗതിക വീക്ഷണത്തിൽ തന്നെ അംഗീകാരവും സ്വീകാര്യതയുമുള്ളതാണ്. വിശ്വാസിയുടെ വ്യക്തിത്വത്തിന്റെ അടയാളങ്ങളുമാണവ. സമൂഹത്തിലെ ഒരംഗമെന്ന നിലയിൽ വ്യത്യസ്ത സ്വഭാവക്കാരുമായി ഇടപഴകേണ്ടിവരും. മറ്റുള്ളവരോടുള്ള തന്റെ സമീപന രീതി ഗുണമേന്മയുള്ളതാണെങ്കിൽ മതത്തിലും മതേതരത്തിലും അത് സൽസ്വഭാവം എന്നു തന്നെയാണറിയപ്പെടുക. എന്നാൽ സൽസ്വഭാവത്തെ ജീവിതാദർശമായി അംഗീകരിച്ചനുവർത്തിക്കാൻ വിശ്വാസി ബാധ്യസ്ഥനാണ്. സത്യവിശ്വാസത്തിന്റെ തേട്ടവും താൽപര്യവുമാണത്.
സൽസ്വഭാവത്തിന് മന:സാക്ഷി തന്നെ പ്രചോദനമാവാം. മറ്റെന്തെങ്കിലും സ്വാധീനങ്ങളും സൽസ്വഭാവ കാരണമായേക്കാം. തൽഫലമായി ഒരു വ്യക്തിയിൽ നല്ല ശീലങ്ങൾ ഉയിരെടുക്കാം. പക്ഷേ, പ്രസ്തുത കാരണങ്ങളില്ലാതാവുമ്പോൾ അവസ്ഥ മാറുകയും ചെയ്യാം. എന്നാൽ സത്യാദർശമുണ്ടാകുമ്പോൾ സൽസ്വഭാവം കൂടുതൽ പ്രവർത്തനക്ഷമവും ആത്മാർത്ഥവുമായിത്തീരും. കാരണം വിശ്വാസിയിൽ സൽസ്വഭാവത്തിന്റെ പ്രചോദനവും സുരക്ഷയും പ്രസരണവുമെല്ലാം ഈമാനിന്റെ അടിത്തറയിൽ രൂപപ്പെടുന്നതാണ്. അത് മൂലം ഭൗതികമായ ഗുണങ്ങൾക്കൊപ്പം അഭൗതികവും പാരത്രികവുമായ ബഹുമതികളും ഗുണഫലങ്ങളും വിശ്വാസിക്ക് നേടാനാവും.
സത്യാദർശത്തിൽ അടിവേരിറങ്ങിയ മനസ്സും മന:സാക്ഷിയുമാണ് വിശ്വാസിക്കുണ്ടാവുക. അതുകൊണ്ടാണ് സൽസ്വഭാവം, അവനെ ആത്യന്തികമായ വിജയത്തിലേക്കെത്തിക്കുന്ന മഹാഗുണമാകുന്നത്. സൽസ്വഭാവത്തിന്റെ പ്രത്യക്ഷമായ ഫലങ്ങളാണ് നല്ല ബന്ധങ്ങളും സമാധാന ജീവിതവും അനുകമ്പയും അനുതാപവും സാന്ത്വന കാരുണ്യ സേവന പ്രവർത്തനങ്ങളുമെല്ലാം. ഇത്തരം പ്രവർത്തനങ്ങളിലൂടെയും നിലപാടുകളിലൂടെയും പ്രകടമാവുന്ന, സ്വന്തം ജീവിത നിഷ്ഠയും സഹജീവിയുടെ കാര്യത്തിലുള്ള ഗുണകാംക്ഷയും പ്രത്യക്ഷമായ ഫലങ്ങളാണ്. ഫലം എന്നത് പ്രത്യക്ഷവും സ്വാഭാവികവുമാണ്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പ്രശ്നം അതിൽ പ്രധാനമല്ല. എന്നാൽ, പ്രതിഫലം വ്യത്യസ്തമാണ്. സത്യവിശ്വാസമുണ്ടെങ്കിൽ മാത്രമേ അത് ലഭിക്കൂ.
ഇസ്ലാമിക വ്യവസ്ഥയിൽ പ്രതിഫലത്തിന്റെ ലോകം പരലോകമാണ്. പ്രതിഫലം നൽകുന്നതിന് ഈ ലോകവും അതിന്റെ ക്രമവും അനുയോജ്യമല്ലെന്നതാണ് അതിനു കാരണം. എണ്ണിയും തൂക്കിയും അളന്നും തിട്ടപ്പെടുത്തുന്ന ലോകമാണിത്. അങ്ങനെയൊരു പരിധിയിൽ പരിമിതപ്പെടാത്തതാണ് പ്രതിഫലം. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ വിശ്വാസത്തിന്റെയും ആദർശബോധത്തിന്റെയും അടിസ്ഥാനത്തിലുള്ള പ്രതിഫലമാണ് ലഭിക്കേണ്ടത്. സത്യവിശ്വാസിയിലും അല്ലാത്തവരിലും നല്ല സംസ്‌കാരങ്ങളുണ്ടാവും. അതിനുള്ള പ്രതിഫലം രണ്ട് തരത്തിലായി ലഭിക്കുമ്പോൾ, ഭൗതിക ലോകക്രമത്തിന് ഭംഗമുണ്ടാകുമെന്ന് ഏത് മിതബുദ്ധിക്കും ബോധ്യപ്പെടും. അതുകൊണ്ട് തന്നെ സത്യവിശ്വാസത്തിന്റെ നേട്ടമായ പ്രതിഫലത്തിന് വേറെ ലോകവും ക്രമവും രീതിയും നിശ്ചയിച്ചിരിക്കുന്നു. കണക്കില്ലാതെ നൽകുമെന്നാണ് പ്രതിഫലത്തെ കുറിച്ച് ഖുർആനിലും ഹദീസിലുമുള്ള സുവിശേഷം.
സൽസ്വഭാവവും അതിന്റെ സ്വാഭാവികതകളുമെല്ലാം ഇസ്‌ലാമിക ദൃഷ്ട്യാ സ്വന്തമായിത്തന്നെ പ്രതിഫലാർഹമായ കാര്യങ്ങളാണ്. മനുഷ്യന്റെ സൽ പ്രവർത്തനങ്ങൾക്ക് അല്ലാഹു നൽകുന്ന പ്രതിഫലമാണ് സവാബ് (പ്രതിഫലം). നല്ല സ്വഭാവിയായി ജീവിക്കുമ്പോൾ അത് കാരണമായി പരലോകത്ത് നേട്ടങ്ങളുണ്ടാകുന്നു(സവാബ് ലഭിക്കുന്നു)വെന്നർത്ഥം.
സത്യവിശ്വാസത്തിന്റെ പൂർണതയെ കുറിക്കുന്ന അടയാളവുമാണ് സൽസ്വഭാവം. സഹജീവികളോടും പരിസരത്തോടും ഗുണപരമായി ഇടപഴകേണ്ടത് സത്യവിശ്വാസത്തിന്റെ തേട്ടമാണ്. വിശ്വാസിയിൽ നിന്ന് ഏതു ഘട്ടത്തിലും ഗുണങ്ങൾ മാത്രമാണ് പ്രസരിക്കേണ്ടതെന്നു സാരം.
സത്യാദർശവാക്യത്തെ(കലിമതു തൗഹീദ്) അടിവേരുറച്ച്, പടർന്നു പന്തലിച്ച്, നിരന്തരം ഫലം നൽകിക്കൊണ്ടിരിക്കുന്ന, നല്ല വൃക്ഷത്തോടാണ് ഖുർആൻ ഉപമിച്ചത്. സത്യാദർശം സ്വീകരിച്ചവനും അതുപോലെ ഗുണവാനും ഫലങ്ങൾ നൽകുന്നവനുമായിരിക്കണം. നബി(സ്വ) സത്യവിശ്വാസിയെ സദാഫലം നൽകുന്ന വൃക്ഷത്തോടുപമിച്ചത് ഹദീസിലുണ്ട്. ഒരാളിൽ ഈമാൻ ഉൽപാദിപ്പിക്കുന്ന ഫലമാണ് സൽസ്വഭാവം. സൽസ്വഭാവി സൽകർമിയാവുക എന്നത് സ്വാഭാവികമാണ്. യഥാർത്ഥ വിശ്വാസിയുടെ സമ്പർക്കവും സമീപനവും അയൽവാസവുമെല്ലാം ഏതൊരാളും ആഗ്രഹിച്ചുപോകും.
ചില കാര്യങ്ങൾ വർജിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തില്ലെങ്കിൽ അവൻ വിശ്വാസിയാകില്ല (ലാ യുഅ്മിനു) എന്ന പ്രയോഗം ഹദീസുകളിലും ഇസ്‌ലാമിക പാഠങ്ങളിലും കാണാം. അവ സൂചിപ്പിക്കുന്നത് ഈമാനിന്റെ പരിപൂർണതയെയാണ്. ഈമാൻ ന്യൂനമാവുക, പൂർണമാവുക എന്ന അവസ്ഥകളുണ്ടെന്നർത്ഥം. പൂർണമായ വിശ്വാസം ഉണ്ടെന്നറിയിക്കുന്ന അടയാളമാണ് സൽസ്വഭാവം. തന്റെ പരിസരത്തോട് മാന്യമായും ഗുണപരമായും സഹവർത്തിക്കുന്ന വിശ്വാസി സത്യവിശ്വാസത്തിന്റെ പൂർണതയെ ഭദ്രമാക്കുകയും സൗന്ദര്യത്തെ പ്രകാശിപ്പിക്കുകയുമാണ്.
സൽസ്വഭാവമില്ലാതാവുമ്പോൾ ഫലം നൽകാത്ത വൃക്ഷം പോലെയായിത്തീരും. നിരുപദ്രവകാരിയാവൽ സൽസ്വഭാവത്തിന്റെ അടിസ്ഥാനമാണ്. ഉന്നതാവസ്ഥയാണ് പരോപകാരിയാവൽ. ഒരിക്കലും ഉപദ്രവകാരി എന്ന അവസ്ഥയിലേക്ക് അധ:പതിക്കരുത്. ഈമാനിന്റെ ന്യൂനതയെയും ദുർബലതയെയുമാണ് അതടയാളപ്പെടുത്തുന്നത്. ആളുകൾ നമ്മെ ചൂണ്ടി ഒരു കുറവ് ചേർത്തു പറയുന്ന സാഹചര്യം നമ്മളുണ്ടാക്കരുത്. വടി കൊടുത്ത് അടി വാങ്ങരുത്. നമ്മുടെ വാക്കുകൾ, പ്രവർത്തനങ്ങൾ, കുറിവരകൾ, നീക്കുപോക്കുകൾ, സാമ്പത്തിക വിനിമയങ്ങൾ എല്ലാറ്റിലും സത്യസന്ധതയും കൃത്യതയും സുതാര്യതയും കാത്തുസൂക്ഷിക്കണം. ഓരോ വിശ്വാസിയുടെയും പ്രവർത്തനം പ്രബോധനത്തിനും പ്രബോധകർക്കും മുന്നിൽ വിലങ്ങുതടിയാവരുത്. ബഹുമത, ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന വിശ്വാസി പ്രത്യേകിച്ചും സ്വന്തം ജീവിതത്തിലൂടെ തെറ്റായ സന്ദേശങ്ങൾ കൈമാറരുത്.
സൽസ്വഭാവത്തിന് ബഹുമുഖ പ്രാധാന്യമുണ്ട്. ഉയർന്ന നിലവാരത്തിൽ തന്നെ ആ പ്രാധാന്യം ഏറ്റെടുത്തും ഉൾക്കൊണ്ടും ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കുകയെന്നത് നാമേവരുടെയും ഉത്തരവാദിത്തമാണ്. അതിലേക്ക് ഈ ഹദീസ് നമ്മുടെ ശ്രദ്ധയും ജാഗ്രതയും ക്ഷണിക്കുന്നുണ്ട്. സൽസ്വഭാവികളായി, പരോപകാരിയായി, ഗുണകാംക്ഷിയായി ജീവിച്ച് അതിന്റെ ഫലങ്ങളും പ്രതിഫലങ്ങളും ഐഹികമായും പാരത്രികമായും നേടാനും സത്യവിശ്വാസത്തെ അന്യൂനമായി സംരക്ഷിക്കാനും പരിശ്രമിക്കുക.

 

അലവിക്കുട്ടി ഫൈസി എടക്കര

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ