ഒരിക്കൽ മുഹാജിറുകളായ സ്വഹാബിമാരിലെ ദരിദ്രരായ ചിലർ തിരുനബി(സ്വ)യുടെ സവിധത്തിൽ ചെന്ന് സങ്കടം പറഞ്ഞു: സമ്പന്നർക്ക് ഞങ്ങളെക്കാൾ ഉന്നതമായ പദവികളും പ്രതിഫലങ്ങളും നേടാനാവുന്നുണ്ടല്ലോ. ഞങ്ങളെ പോലെ നോമ്പും നിസ്‌കാരവും നിർവഹിക്കുന്നതിന് പുറമെ അവർക്ക് ഹജ്ജ്-ഉംറകൾ അനുഷ്ഠിക്കാനും ജിഹാദ് ചെയ്യാനും ദാനധർമങ്ങൾക്കുമെല്ലാം അവസരം ലഭിക്കുന്നു. സമ്പത്തില്ലാത്തതിന്റെ പേരിൽ ഞങ്ങൾക്ക് പരലോകത്ത് കുറവുണ്ടാകുമെന്നതായിരുന്നു അവരുടെ സങ്കടത്തിന്റെ മർമം. നബി(സ്വ) പ്രതിവചിച്ചതിങ്ങനെ: നിങ്ങൾക്ക് ഞാൻ ഒരു കാര്യം പറഞ്ഞുതരാം. അത് പ്രാവർത്തികമാക്കിയാൽ നിങ്ങൾക്കും ഉന്നത പദവികളിലേക്കെത്താനാകും. തന്നെയുമല്ല, അത് ചെയ്യുന്നവർക്കല്ലാതെ ആർക്കും നിങ്ങളെ മറികടക്കാനാവുകയുമില്ല. എല്ലാ ഫർള് നിസ്‌കാരങ്ങൾക്ക് ശേഷവും സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നിവ 33 പ്രാവശ്യം നിങ്ങൾ ചൊല്ലുക (ബുഖാരി).
സമ്പന്നരല്ലാത്തവർക്കും സാധിക്കുന്നതും ലളിതമായി നിർവഹിക്കാവുന്നതുമായ സൽകർമത്തിന്റെ ഒന്നാം തരം പാക്കേജ്! അതാണ് നബി(സ്വ) അവർക്ക് പഠിപ്പിച്ചു നൽകിയത്. ഇത്തരം സുകൃതങ്ങൾ ഏറെയുണ്ട്.
ആരാധനകളിൽ വളരെയധികം സവിശേഷതയുള്ളതാണ് ഹജ്ജ്. ശാരീരികാധ്വാനം, ധനവ്യയം, മനസ്സമർപ്പണം ഇവ മൂന്നും മേളിച്ചുനിൽക്കുന്ന കർമമാണത്. അതുകൊണ്ടുതന്നെ അനന്തമായ പ്രതിഫലം ഹജ്ജ് കർമത്തിന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.
നബി(സ്വ) പറഞ്ഞു: ‘മബ്‌റൂറായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. അനാവശ്യവും പാപവും കലരാതെ ഹജ്ജ് നിർവഹിച്ചാൽ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളിൽ നിന്ന് വിമുക്തനാകുന്നതാണ്.’ വിശ്വാസിയുടെ മനം കുളിർക്കുന്ന സന്ദർഭമാണത്. ജീവിതത്തിലെ എല്ലാ സുകൃത വേളകളിലും വിശ്വാസി തിരിയുന്നത് വിശുദ്ധ കഅ്ബയിലേക്കാണ്. ഉണർവിലാകുമ്പോഴും ഉറക്കിലാകുമ്പോഴും മരണത്തിലേക്കടുക്കുമ്പോഴും മരണം ഉറപ്പിച്ചപ്പോഴും ഖബ്‌റിൽ കിടക്കുമ്പോഴും ഖിബ്‌ലയിലേക്കാണ് വിശ്വാസി തിരിയുന്നത്. ആ കഅ്ബ മുന്നിൽ കണ്ട് ചെയ്യുന്ന കർമങ്ങളടക്കം നാലായിരം വർഷം മുമ്പത്തെ ഉജ്വലമായ ചരിത്ര യാഥാർത്ഥ്യങ്ങളെ സ്മരിക്കുന്ന സന്ദർഭം! സത്യവിശ്വാസി നിർവഹിക്കുന്ന ഹജ്ജിന്റെ ഉൾപൊരുളാണ് ഇതെല്ലാം. എന്നാൽ ശരീരവും സമ്പത്തും ഒരുപോലെ ഒരുങ്ങിയാലേ ശരിയായ പ്രതിഫലം എത്തിപ്പിടിക്കാനാവൂ.
വലിയ മഹത്ത്വവുമുള്ള ഹജ്ജ് കർമം പല കാരണങ്ങളാൽ ചെയ്യാൻ പ്രാപ്തിയില്ലാത്ത നിരവധി പേരുണ്ട്. എല്ലാ വർഷവും ഹജ്ജ് ചെയ്യാൻ കഴിയുന്നവർ വളരെ തുച്ഛം. എന്നാൽ ആയിരക്കണക്കിന് ഹജ്ജിന്റെ പ്രതിഫലം സമ്പാദിക്കാനുതകുന്നതും ലളിതമായി ആർക്കും അനുഷ്ഠിക്കാവുന്നതുമായ ചില കർമങ്ങൾ ഇസ്‌ലാം പരിചയപ്പെടുത്തിയതു കാണാം. പ്രസ്തുത കർമങ്ങൾ നിർബന്ധ ഹജ്ജിനു പകരമാകില്ല എന്നത് സ്പഷ്ടമാണ്. അതേസമയം, വലിയ ശാരീരിക-സാമ്പത്തിക-മാനസിക അധ്വാനം ആവശ്യമായ ഹജ്ജിന്റെ സമാന പ്രതിഫലം അവക്ക് ലഭിക്കുന്നത് അല്ലാഹുവിന്റെ അനന്തമായ ദയവായ്പിന്റെ ഭാഗമാണ്. തിരുനബി(സ്വ) അരുളി: റമളാൻ മാസത്തിൽ ഒരു ഉംറ നിർവഹിക്കുന്നത് എന്റെ കൂടെ ഹജ്ജ് ചെയ്യുന്നതിന് സമാനമാണ് (ബുഖാരി, മുസ്‌ലിം).
വിശുദ്ധ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്ന മറ്റൊരു സൽകർമം പരിചയപ്പെടാം. അനസുബ്‌നു മാലിക്(റ)ൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാൾ ജമാഅത്തായി സുബ്ഹി നിസ്‌കരിക്കുകയും പിന്നീട് സൂര്യോദയം വരെ ഖുർആൻ പാരായണത്തിലും ദിക്‌റിലുമായി കഴിയുകയും ശേഷം രണ്ടു റക്അത്ത് നിസ്‌കരിക്കുകയും ചെയ്താൽ പരിപൂർണമായ ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം ലഭിക്കുന്നതാണ് (തിർമുദി).
അശ്രദ്ധയും ആലസ്യവും മൂലം നമുക്ക് നഷ്ടപ്പെട്ടുപോകുന്നൊരു സുകൃതമാണിത്. എല്ലാ ദിവസവും ഹജ്ജിന്റെ അത്യുന്നത പ്രതിഫലം കരസ്ഥമാക്കാനുതകുന്ന ഈ പുണ്യം ആഴ്ചയിലൊരിക്കലെങ്കിലും ചെയ്യാൻ ശ്രമിക്കണം. വീടുകളിൽ വെച്ച് ജമാഅത്തായി നിസ്‌കരിച്ച് സ്ത്രീകൾക്കും ഈ ഉന്നത പ്രതിഫലം കരസ്ഥമാക്കാം.
മറ്റൊരു സുവർണാവസരം കാണുക. തിരുനബി(സ്വ) അരുളി: അറിവ് നേടാനോ അത് പഠിപ്പിച്ചുകൊടുക്കാനോ ഉദ്ദേശിച്ച് പള്ളിയിലേക്ക് പുറപ്പെട്ടവന് പരിപൂർണമായ ഹജ്ജിന്റെ പ്രതിഫലമുണ്ട് (ത്വബ്‌റാനി).
മസ്ജിദുകളിൽ വെച്ച് നടത്തപ്പെടുന്ന വൈജ്ഞാനിക സദസ്സുകളുടെ വലിയ പ്രതിഫലത്തിലേക്ക് വിരൽ ചൂണ്ടുന്ന തിരുവചനമാണിത്. വൈജ്ഞാനിക സദസ്സുകളിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം ഉൾവഹിക്കുന്ന ഒട്ടനവധി ഹദീസുകളുണ്ട്. വിജ്ഞാനവഴിയിൽ പ്രവേശിച്ചവൻ സ്വർഗത്തിലേക്കുള്ള ഏറ്റവും എളുപ്പ വഴിയിലാണെന്നാണല്ലോ. പള്ളിയിൽ വെച്ചാകുമ്പോൾ അതിന്റെ പ്രതിഫലം പതിന്മടങ്ങാവുകയും ഹജ്ജിനോളമെത്തുകയും ചെയ്യുന്നു.
അങ്ങേയറ്റം ലളിതമാണ് ഇനി പറയുന്ന സൽകർമം. അബൂഉമാമ(റ)ൽ നിന്ന് നിവേദനം. നബി(സ്വ) അരുളി: ഫർള് നിസ്‌കാരം ജമാഅത്തായി നിർവഹിക്കുന്നതിനായി ആരെങ്കിലും വീട്ടിൽ നിന്നു ശുദ്ധിയോടെ പുറപ്പെടുന്നുവെങ്കിൽ അവന് ഇഹ്‌റാം ചെയ്ത ഹാജിയുടെ പ്രതിഫലമുണ്ട് (അബൂദാവൂദ്).
പള്ളിയിൽ വെച്ച് എല്ലാ നിസ്‌കാരവും ജമാഅത്തായി നിസ്‌കരിക്കുന്നവന് ഒരു ദിവസം തന്നെ അഞ്ച് ഹജ്ജുകളുടെ പ്രതിഫലം കരസ്ഥമാക്കാനാവുന്ന പുണ്യമാണിത്. ഒരു വർഷം ഏകദേശം ആയിരത്തി എണ്ണൂറ് ഹജ്ജുകളുടെ പ്രതിഫലം ഇങ്ങനെ ലഭിക്കുന്നു!
ഏതൊരു വിശ്വാസിയും ഉൽക്കടമായി ആഗ്രഹിക്കുന്ന ഹജ്ജ് കർമം പല കാരണങ്ങളാൽ പലർക്കും ചെയ്യാനാവാറില്ല. അത്തരക്കാർക്ക് റസൂൽ(സ്വ) നൽകിയ ആശ്വാസമാണ് മേൽവചനങ്ങൾ. കർമങ്ങൾ സ്വീകാര്യയോഗ്യമാകുമ്പോൾ മാത്രമാണ് അവ പ്രതിഫലാർഹമാവുക. സ്വീകാര്യയോഗ്യമാകണമെങ്കിൽ കർമങ്ങളുടെ വിശുദ്ധിക്ക് കോട്ടംവരുത്തുന്ന ഒന്നുമില്ലാതെ ശ്രദ്ധിക്കണം. ഹജ്ജും പള്ളിയിൽ ജമാഅത്തിൽ പങ്കെടുക്കലും സൂര്യോദയം വരെ ഇലാഹീ സ്മരണയിലായി ഇരിക്കലും പൊങ്ങച്ചത്തിനും ഭൗതിക താൽപര്യത്തിനും വേണ്ടിയാകുമ്പോൾ അവ നിഷ്ഫലങ്ങളായി മാറുന്നു. എന്നാൽ ഭയഭക്തിയും കരുത്തും കൂടുമ്പോൾ കർമങ്ങളുടെ മാറ്റ് വർധിക്കുകയും അതവനെ സ്വർഗസ്ഥനാക്കുകയും ചെയ്യും.

 

ഫാറൂഖലി അഹ്‌സനി പെരുവയൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ