ഇസ്‌ലാമിക പ്രമാണങ്ങളിൽ ദ്വിതീയ സ്ഥാനമാണ് ഹദീസുകൾക്കുള്ളത്. നിയമനിർമാണങ്ങളിൽ ഹദീസ് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഖുർആൻ പോലെ തന്നെ ഹദീസ് വിജ്ഞാനീയങ്ങളും പിൽക്കാലക്കാർക്ക് കൈമാറാൻ കഠിനാധ്വാനം ചെയ്ത പ്രഥമ സമൂഹം പ്രവാചക ശിഷ്യരായ സ്വഹാബികളായിരുന്നു.
തിരുനബി(സ്വ)യിൽ നിന്ന് ആർജിച്ചെടുത്ത മതപാഠങ്ങൾ മാനവകുലത്തിന് പകർന്നുനൽകാൻ അവർ യാത്ര തിരിച്ചു. എത്തിപ്പെട്ട ദിക്കുകളിൽ പ്രബോധനം നടത്തി ശിഷ്ടകാലം ജീവിച്ചു. ഒപ്പം മറ്റുള്ളവരിൽ നിന്ന് ഹദീസ് പഠിക്കാനും അവർ ദീർഘ യാത്രകൾ നടത്തുകയുണ്ടായി. നബി(സ്വ)യിൽ നിന്ന് കേട്ടവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ ചുണ്ടുകളിൽ നിന്ന് നേരിട്ടു കേൾക്കാൻ സ്വഹാബത്തിന്റെ കാലത്തുതന്നെ ഹദീസുകൾ അന്വേഷിച്ചുകൊണ്ടുള്ള സഞ്ചാരങ്ങൾക്ക് തുടക്കമിട്ടുണ്ട്. അവർക്ക് ശേഷം ഉദയം ചെയ്ത പണ്ഡിത ശ്രേഷ്ഠർ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്തുകൊണ്ട് ഹദീസന്വേഷണങ്ങൾക്കായി ദേശസഞ്ചാരങ്ങൾ നടത്തിയവരാണ്. വാഹന സൗകര്യങ്ങൾ കുറഞ്ഞ അക്കാലങ്ങളിൽ ആഴ്ചകളും മാസങ്ങളും നടന്നും അല്ലാതെയുമായാണ് അവർ കാതങ്ങൾ താണ്ടി ഹദീസുകൾ തേടിപ്പിടിച്ചത്. അങ്ങനെ ശേഖരിച്ച മഹാജ്ഞാനങ്ങളാണ് ഇന്ന് നമുക്ക് മുമ്പിലുള്ളത്. നബിചര്യയുടെ സംരക്ഷണത്തിലും വ്യാപനത്തിലും ഇത്തരം യാത്രകളുടെ സ്വാധീനം വിലമതിക്കാത്തതാണ്.
ഇവ്വിധം ഹദീസിനു വേണ്ടി പണ്ഡിതർ നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ഫലമായി പിൽക്കാലത്ത് അതൊരു വലിയ വിജ്ഞാന ശാഖയായി മാറുകയും ധാരാളം പഠനങ്ങൾ നടക്കുകയും ചെയ്തു. നിരവധി ഗ്രന്ഥങ്ങൾ പിറവികൊണ്ടു. ഹദീസന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വേണ്ടി മാത്രം ഗവേഷണ കേന്ദ്രങ്ങൾ ഉയർന്നു. ഹദീസ് പഠന വളർച്ചയിൽ ഈ അന്വേഷണ യാത്രകൾ വലിയ പങ്ക് വഹിച്ചതായി കാണാൻ സാധിക്കും. സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം തുടങ്ങി സാധാരണക്കാർക്കും സുപരിചിതമായ പേരുകൾക്കപ്പുറം വിശ്രുതവും അല്ലാത്തതുമായ വിശാല ഗ്രന്ഥലോകം തന്നെ നിലവിലുണ്ട്.
സ്വഹാബത്തിന്റെ യാത്രകൾ
റസൂൽ(സ്വ)യെ നേരിട്ട് അനുഭവിച്ച സ്വഹാബത്ത് തന്നെ തങ്ങളുടെ കൈവശമില്ലാത്ത ഹദീസുകൾ തേടി ദീർഘ യാത്രകൾ നടത്തുകയുണ്ടായി. രണ്ടു രൂപത്തിൽ സ്വഹാബിമാർ യാത്ര നടത്തിയിട്ടുണ്ട്. അതിലൊന്ന് തങ്ങൾക്ക് ലഭിക്കാത്ത ഹദീസുകൾ പഠിച്ച ദൂരദേശങ്ങളിൽ താമസിക്കുന്ന സ്വഹാബത്തിൽ നിന്ന് നേരിട്ട് കേൾക്കാൻ വേണ്ടി നടത്തിയതാണ്. മറ്റൊന്ന് നബിയോടൊപ്പം കുറച്ചുകാലം താമസിക്കാൻ കഴിഞ്ഞവർ കൂടുതൽ നബിപാഠങ്ങൾക്കായി നടത്തിയ യാത്രകളാണ്.
നബി(സ്വ)യുടെ വഫാത്തിന് ശേഷം അബീഹുറൈറ(റ)വിന്റെ ഹദീസ് പഠന സദസ്സിൽ മാത്രം എണ്ണൂറിലധികം പഠിതാക്കൾ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ ഹദീസ് നിവേദനം നടത്തിയ സ്വഹാബിയാണ് അബീഹുറൈറ(റ). 5374 ഹദീസാണ് മഹാൻ ഉദ്ധരിച്ചത്.
ഹദീസ് അന്വേഷിച്ചുകൊണ്ടുള്ള സ്വഹാബിമാരുടെ യാത്രകൾക്ക് അനേകം ഉദാഹരണങ്ങളുണ്ട്. അത്വാഅ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ), അഹ്‌മദ്(റ), ത്വബ്‌റാനി(റ) തുടങ്ങിയവരെല്ലാം നിവേദനം ചെയ്ത ഒരു ഹദീസ് കാണുക: സ്വഹാബീ പ്രമുഖനായ അബൂഅയ്യൂബിൽ അൻസ്വാരി(റ) ഒരിക്കൽ മദീനയിൽ നിന്നും മിസ്‌റിലുള്ള ഉഖ്ബത് ബിൻ ആമിർ(റ)വിന്റെ അരികിലേക്ക് യാത്രതിരിച്ചു. അവിടത്തെ ഗവർണറായ മസ്‌ലമത്തുബിൻ മഖ്‌ലദിൽ അൻസ്വാരിയുടെ ഭവനത്തിലെത്തിയപ്പോൾ അദ്ദേഹം ആഗമനോദ്ദേശ്യം ആരാഞ്ഞു. അബൂഅയ്യൂബിൽ അൻസ്വാരി(റ) പറഞ്ഞു: നബി(സ്വ)യിൽ നിന്ന് ഒരു ഹദീസ് ശ്രവിച്ചവരിൽ ഞാനും ഉഖ്ബയും മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. അത് ഉഖ്ബയിൽ നിന്ന് കേൾക്കാൻ വേണ്ടിയാണ് ഞാൻ വന്നത്. അങ്ങനെ ഉഖ്ബ(റ)വിന്റെ സവിധത്തിലെത്തി പ്രസ്തുത ഹദീസ് ശ്രവിച്ച് മഹാൻ മദീനയിലേക്കു തന്നെ മടങ്ങിപ്പോയി.
ഇമാം ബുഖാരി(റ) അദബുൽ മുഫ്‌റദിൽ ഉദ്ധരിക്കുന്ന മറ്റൊരു സംഭവം. ജാബിർ ബിൻ അബ്ദുല്ല(റ) പറയുന്നു: നബി(സ്വ)യിൽ നിന്ന് ഒരു ഹദീസ് കേട്ടിട്ടുള്ള ഒരാളെ കുറിച്ച് എനിക്ക് വിവരം ലഭിച്ചു. ഉടനെ ഞാൻ ഒട്ടകത്തെ വാങ്ങി യാത്രാ സന്നാഹങ്ങളൊരുക്കി ഒരു മാസത്തോളം യാത്ര ചെയ്തു ശാമിലെത്തി. അവിടെ എത്തിയപ്പോളാണ് ഞാൻ തേടിച്ചെന്നത് അബ്ദുല്ലാഹിബിൻ ഉനൈസ്(റ)വിനെയാണ് എന്ന് മനസ്സിലായത്. പടിവാതിൽക്കൽ നിൽക്കുന്ന കാവൽക്കാരനോട് ഞാൻ പറഞ്ഞു: പുറത്ത് ജാബിർ വന്നുനിൽക്കുന്നു എന്ന് പോയി പറയുക. കാവൽക്കാരൻ അപ്രകാരം അറിയിച്ചപ്പോൾ അത്ഭുത പരതന്ത്രനായി മഹാൻ ചോദിച്ചു: അബ്ദുല്ലയുടെ മകനായ ജാബിർ ആണോ? ഞാൻ പറഞ്ഞു: അതേ. ഉടനെ അബ്ദുല്ലാഹിബ്‌നു ഉനൈസ്(റ) പുറത്തേക്ക് വരികയും എന്നെ ആശ്ലേഷിച്ച് സ്വീകരിക്കുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു: ‘തിരുനബി(സ്വ)യിൽ നിന്നും കേട്ട ഒരു വചനം താങ്കളുടെ പക്കലുണ്ടെന്നറിഞ്ഞു വന്നതാണ്. അത് കേൾക്കുന്നതിന് മുമ്പ് മരണപ്പെട്ടാലോ എന്ന ഭയമാണ് എന്നെ ഇപ്പോൾ ഇവിടെയെത്തിച്ചത്.’ അങ്ങനെ അദ്ദേഹം ആ ഹദീസ് ചൊല്ലിക്കൊടുത്തു (അദബുൽ മുഫ്‌റദ്). ഒരൊറ്റ ഹദീസ് കേൾക്കാൻ വേണ്ടി മാത്രമാണ് ഒരു മാസം യാത്ര ചെയ്തു ജാബിർ(റ) ശാമിലേക്ക് പോയതെന്നോർക്കണം.
കസീറുബ്‌നു ഖൈസ്(റ) ദമസ്‌കസ് പള്ളിയിലുള്ള അബുദ്ദർദാഅ്(റ)വിനെ അന്വേഷിച്ച് മദീനയിൽ നിന്നു തിരിച്ചതും ഹദീസ് കരസ്ഥമാക്കാൻ വേണ്ടിയാണ്. ഇങ്ങനെ അനവധി സ്വഹാബിമാർ ഹദീസന്വേഷിച്ച് മഹായാത്രകൾ ചെയ്തിട്ടുണ്ട്.
താബിഈങ്ങളുടെ സഞ്ചാരം
തിരുനബി(സ്വ)യുടെ സന്തതസഹചാരികളായ സ്വഹാബത്തിൽ നിന്ന് വിദ്യ നുകർന്നവരാണ് താബിഈങ്ങൾ. അവരും ഹദീസ് തേടി ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. താബിഈ പ്രമുഖനായ അബുൽ ആലിയ(റ) പറയുന്നു: ആരെങ്കിലും സ്വഹാബിമാരിൽ നിന്ന് ഒരു ഹദീസ് നിവേദനം ചെയ്താൽ ഞങ്ങൾ അതിൽ മാത്രം സംതൃപ്തരാവാതെ നേരിട്ട് കേൾക്കാൻ വേണ്ടി ആ സ്വഹാബിയുടെ അടുക്കലേക്ക് പോകുന്നത് പതിവായിരുന്നു. ഇബ്‌നു അബ്ദുൽ ബർറ്(റ) രേഖപ്പെടുത്ത: പ്രമുഖ താബിഈ പണ്ഡിതൻ സഈദ് ബിൻ മുസയ്യബ്(റ) പറയുന്നു: ഒരൊറ്റ ഹദീസിന്റെ അന്വേഷണത്തിന് വേണ്ടി ഞാൻ രാപ്പകലുകൾ യാത്ര ചെയ്തിട്ടുണ്ട്. മസ്‌റൂഖ്(റ)വും അബൂസഈദ്(റ)വും ഒരു ഹർഫ് അന്വേഷിച്ചു യാത്ര പോയ സംഭവവുമുണ്ട്. ഒരാളുടെ വശം ഒരു ഹദീസുണ്ടെന്നു കേട്ടപ്പോൾ അത് സ്വായത്തമാക്കാൻ വേണ്ടി മാത്രം അബൂ ഖിലാബ(റ) അയാളെ കണ്ടുമുട്ടും വരെ മദീനയിൽ തങ്ങുകയുണ്ടായി.
ഇങ്ങനെ വേറെയും പ്രമുഖർ ഹദീസുകളുടെ സംരക്ഷണത്തിനും അന്വേഷണത്തിനും വേണ്ടി നിരന്തരമായി യാത്ര ചെയ്തു. പ്രമുഖ പണ്ഡിതൻ മുഹമ്മദ് ബിൻ ഇദ്‌രീസ് ബിൻ മുൻദിർ അൽറാസി വളരെ ചെറുപ്രായത്തിൽ തന്നെ ഹദീസിന്റെ ലോകത്തേക്ക് തിരിഞ്ഞ മഹാനാണ്. 14 വയസ്സ് മാത്രമുള്ളപ്പോൾ ഹദീസ് എഴുത്ത് ആരംഭിച്ച അദ്ദേഹം പതിനെട്ടാം വയസ്സിലാണ് ഹദീസ് തേടിയുള്ള ആദ്യയാത്രക്ക് തുടക്കമിടുന്നത്. ഏഴു വർഷം നീണ്ടുനിന്ന പ്രയാണമായിരുന്നു അത്. നാൽപ്പത്തിരണ്ടാം വയസ്സിൽ മറ്റൊരു യാത്ര കൂടി അദ്ദേഹം നടത്തി. ധാരാളം പ്രതിസന്ധികളും കഷ്ടതകളും ആ യാത്രയിൽ സഹിക്കേണ്ടി വന്നു. ആദ്യയാത്ര കാൽനടയായായിരുന്നു. തുടക്കത്തിൽ യാത്രയിൽ പിന്നിടുന്ന വഴിദൂരങ്ങൾ അദ്ദേഹം കുറിച്ചുവെച്ചിരുന്നു. ആവേശത്തോടെയുള്ള യാത്ര നാലുമാസം പിന്നിടും വരെ എണ്ണിത്തിട്ടപ്പെടുത്തി. അതിനു ശേഷം വഴിദൂരം എണ്ണിട്ടില്ല. അതിന് അസാധ്യമായത്രയും ദൂരം ഹദീസന്വേഷിച്ച് സഞ്ചരിച്ചതാണ് കാരണം. ലോകസഞ്ചാരി, അറിവിൻ സാഗരം എന്നൊക്കെയാണ് അദ്ദേഹത്തെ ഹാഫിള് ദഹബി വിശേഷിപ്പിച്ചത്. അഹ്‌മദ് ബിൻ സലമ നൈസാബൂരി(റ) പറയുന്നു: അബൂ ഹാത്തിം(റ)നെക്കാൾ ഹദീസ് മനഃപാഠമുള്ള ഒരാളെ ഇസ്ഹാഖ് ബിൻ റാഹവൈഹി, മുഹമ്മദ് ബിൻ യഹ്‌യ എന്നിവർക്ക് ശേഷം ഞാൻ കണ്ടിട്ടില്ല. അത്രയേറെ ഹദീസുകൾ അന്വേഷിച്ചു കണ്ടെത്തി പഠിച്ച മഹാത്മാവാണദ്ദേഹം.
ഇമാമുമാരുടെ ഹദീസ് യാത്രകൾ
സച്ചിതരായ സ്വഹാബത്തിനും താബിഈങ്ങൾക്കും ശേഷം അറിവിൻ സാഗരങ്ങളായി ഉദയം ചെയ്ത മദ്ഹബിന്റെ ഇമാമുമാരും മുഹദ്ദിസുകളും ഹദീസന്വേഷണങ്ങൾക്ക് വേണ്ടി ഏറെ യാത്രകൾ നടത്തിയിട്ടുണ്ട്. ഇമാം അബൂഹനീഫ(റ) ഏതാനും സ്വഹാബിമാരെ കണ്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അനസ് ബിൻ മാലിക്(റ), ജാബിർ ബിൻ അബ്ദുല്ല(റ) അടക്കം ഏഴ് സ്വഹാബിമാരിൽ നിന്ന് ഹദീസ് ഉദ്ധരിച്ചതായി ഇമാം സുയൂഥി(റ) പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമ്പോൾ താബിഈ പണ്ഡിതരുടെ ഹദീസ് അന്വേഷണത്തിൽ ഇമാം അബൂഹനീഫ(റ)യും ഉൾപ്പെടും. അനസ് ബിൻ മാലിക്(റ)വിന്റെ അടുക്കൽചെന്ന് പലതവണ ഹദീസ് സ്വീകരിച്ചതായി ചരിത്ര പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഹജറുൽ ഹൈതമി(റ) എഴുതി: നാലായിരം ശൈഖുമാരിൽ നിന്ന് ഹദീസ് സ്വീകരിച്ച വ്യക്തിയാണ് ഇമാം അബൂ ഹനീഫ(റ). അതിനർത്ഥം അത്രയും പേരിൽ നിന്ന് ഹദീസ് പഠിക്കാൻ മഹാൻ യാത്ര ചെയ്തുവെന്ന് തന്നെയാണ്.
മദീനയെ ഹൃദയത്തോട് ചേർത്തുവെച്ച പണ്ഡിതനാണ് രണ്ടാം മദ്ഹബിന്റെ ഇമാമായ മാലിക് ബിൻ അനസ്(റ). ഹദീസിൽ ശ്രദ്ധേയ ഗ്രന്ഥമായ മുവത്വ അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ്. ഒരൊറ്റ ഹദീസ് തേടി ധാരാളം രാപ്പകലുകൾ മഹാൻ സഞ്ചരിച്ചു. ഇമാം ശാഫിഈ(റ), അഹ്‌മദ് ബ്‌നു ഹമ്പൽ(റ) പോലുള്ളവരും ഹദീസ് ശേഖരണത്തിനായി കഠിനാധ്വാനം ചെയ്തു. ഇമാം ബുഖാരി(റ) പറയുന്നു: ഹദീസുകൾ അന്വേഷിച്ചുകൊണ്ട് മിസ്‌റിലേക്കും ശാമിലേക്കും രണ്ടു തവണ വീതം ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ബസ്വറയിലേക്ക് നാല് തവണയും. ബഗ്ദാദിലെയും കൂഫയിലെയും ഹദീസ് പണ്ഡിതന്മാരെ എത്ര തവണ സമീപിച്ചുവെന്ന് എനിക്ക് നിശ്ചയമില്ല. പതിനാറാം വയസ്സിൽ വീടുവിട്ടിറങ്ങിയാണ് ആദ്യ യാത്ര നടത്തുന്നത്.
ഈ സുവർണ കാലഘട്ടത്തിൽ ജീവിച്ച മറ്റൊരു ഹദീസ് വിശാരദനാണ് ഇമാം മുസ്‌ലിം(റ). പതിനഞ്ചാം വയസ്സിലാണ് അദ്ദേഹം ഹദീസ് പഠനത്തിന് തുടക്കമിടുന്നത്. അക്കാലത്തെ എല്ലാ ഹദീസ് ഗുരുക്കൻമാരിലേക്കും മഹാൻ യാത്ര ചെയ്തിട്ടുണ്ട്. ഇറാഖ്, ഹിജാസ്, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനം. പതിമൂന്നാം വയസ്സിൽ ഹദീസ് പഠനം തുടങ്ങിയ ഇമാം ത്വബ്‌റാനി(റ) ഈജിപ്ത്, യമൻ, ഖുദ്‌സ്, ഖൈസാരിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ദേശങ്ങളിലേക്ക് ഹദീസ് അന്വേഷിച്ച് യാത്ര ചെയ്തു. 30 വർഷത്തോളം ഹദീസ് പഠനത്തിനായി വിനിയോഗിച്ച മഹാൻ നൂറിലധികം ഗുരുക്കന്മാരിൽ നിന്ന് ഹദീസ് പഠിച്ചു. ഹിജ്‌റ 290ൽ ആദ്യം അഫ്ഗാനിലെത്തിയ ഇമാം പിന്നീട് പലതവണ അവിടെ സന്ദർശിക്കുകയും ഒടുവിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
15-20 വയസ്സിനിടയിലാണ് ഇബ്‌നുമാജ(റ) ഹദീസ് പഠനത്തിന് തുടക്കം കുറിക്കുന്നത്. ഹി. 230 മുതൽ അദ്ദേഹം പ്രയാണമാരംഭിച്ചു. ഖുറാസാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയയിടങ്ങളിലേക്കും മഹാൻ ഹദീസ് തേടി യാത്രകൾ നടത്തിയിട്ടുണ്ട്. ഇമാം നസാഈ(റ)വും ഹദീസ് പഠനത്തിന് പതിനഞ്ചാം വയസ്സിലാണ് യാത്രയാരംഭിച്ചത്. ഇറാഖ്, ശാം, മിസ്വ്ർ, ഹിജാസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള വിശ്രുത പണ്ഡിതരിൽ നിന്ന് ഹദീസ് ശേഖരിക്കുകയും ചെയ്തു.
പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം തുർമുദി(റ) ഹി. 235 മുതൽക്കാണ് ഹദീസ് യാത്ര തുടങ്ങുന്നത്. ഹി 250 ആയപ്പോഴേക്കും വിവിധ നാടുകളിൽ സഞ്ചരിച്ച് ഹദീസ് ശേഖരിച്ച് സ്വന്തം നാടായ ഖുറാസാനിലേക്ക് മടങ്ങിയെത്തി. ശേഷം തനിക്ക് ലഭിച്ച ഹദീസുകൾ ഉപയോഗിച്ച് ഗ്രന്ഥരചനയിലേക്ക് തിരിഞ്ഞു. മറ്റൊരു ഹദീസ് പണ്ഡിതനായ ഇമാം അബൂദാവൂദ്(റ) ചെറുപ്രായത്തിൽ തന്നെ ഹദീസ് പഠനത്തിൽ ശ്രദ്ധചെലുത്തുകയും കൗമാരത്തിൽ തന്നെ ഹദീസ് യാത്ര ആരംഭിക്കുകയും ചെയ്തു. ഖുറാസാൻ, റയ്യ്, ഹിറാത്ത്, കൂഫ, ബഗ്ദാദ്, തർസൂസ്, ഡമസ്‌കസ്, ഈജിപ്ത്, ബസ്വറ തുടങ്ങിയ നാടുകളിൽ സഞ്ചരിച്ച് അവിടെയുള്ള ഹദീസ് പണ്ഡിതന്മാരിൽ നിന്നും നബിവചനങ്ങൾ ശേഖരിച്ചു. തർസൂസിൽ മാത്രം 20 വർഷം ചെലവഴിച്ചു. മുന്നൂറിലധികം ഉസ്താദുമാർ അദ്ദേഹത്തിനുണ്ടെന്ന് ഹാഫിള് അസ്ഖലാനി(റ). വിശ്വ പ്രസിദ്ധ ഹദീസ് പണ്ഡിതന്മാരായ നസാഈ(റ), തുർമുദി(റ) എന്നിവരുടെ ഗുരുനാഥൻ കൂടിയാണല്ലോ അബൂദാവൂദ്(റ).
ഹദീസന്വേഷിച്ച് കണ്ടെത്തുന്നതിനായി നിരന്തര അന്വേഷണ യാത്രകൾ നടത്തിയ ചരിത്രത്തിലെ ചില പ്രമുഖ വ്യക്തിത്വങ്ങളെയാണ് പരിചയപ്പെടുത്തിയത്. അവരുടെ കഠിന പരിശ്രമം തന്നെയാണ് തിരുവചനങ്ങൾ ഇന്നും സംരക്ഷിക്കപ്പെടാനും രേഖപ്പെടുത്തിവെക്കാനും സാഹചര്യമൊരുക്കിയത്. ഇവിടെ പരാമർശിക്കപ്പെടാത്ത ധാരാളം പേർ ചരിത്രത്തിലുണ്ട്. സ്വന്തം നാടും വീടും വിട്ട് കഷ്ടതകളും യാതനകളും അനുഭവിച്ചു വിജ്ഞാനത്തിന്റെ മഹാമേരുവിന് കാവൽ നിൽക്കുകയായിരുന്നു അവരെല്ലാം.
മുനീർ അഹ്‌സനി ഒമ്മല