സംസാരം, പുതിയത് എന്നൊക്കെയാണ് ഹദീസ് എന്ന പദത്തിന്റെ അർത്ഥം. സാങ്കേതികമായി ഹദീസ് മൂന്ന് വിധമാണ്. പ്രവാചകർ(സ്വ)യുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണ് ഹദീസിന്റെ പരിധിയിൽ വരുന്നത്. ‘സർവ പ്രവൃത്തികളും നിയ്യത്ത് (സദുദ്ദേശ്യം) കൊണ്ടേ സ്വീകാര്യമാകൂ’ എന്നൊരു ഹദീസുണ്ട്. ഇമാം ബുഖാരി(റ)യാണുദ്ധരിച്ചത്. അത് റസൂൽ(സ്വ)യുടെ വാക്കുകളിൽ പെടുന്നു. അതിനാൽ ഹദീസാണ്.
അലി(റ) ഉദ്ധരിച്ചു: ‘പ്രവാചകർ വലിയ അശുദ്ധി ഇല്ലാത്തപ്പോഴൊക്കെ ഖുർആൻ ഓതാറുണ്ട്.’ തിരുനബി(സ്വ)യുടെ പ്രവൃത്തിയാണിത്. അതുകൊണ്ട് ഇതും ഹദീസാണ്.
മൂന്നാമത്തെ വിധം ഹദീസുകൾ മൗനാനുവാദങ്ങളാണ്. എതിർപ്പേതുമില്ലാതെ തിരുദൂതർ അംഗീകരിച്ച വാക്കുകളും പ്രവൃത്തികളുമാണത്. തിരുനബി(സ്വ)ക്ക് ശേഷം നമ്മുടെ സമൂഹത്തിലെ വിശിഷ്ടർ അബൂ ബക്കറും(റ) ഉമറു(റ)മാണെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നുവെന്ന് ഇബ്‌നു ഉമർ(റ) അനുസ്മരിക്കുന്നുണ്ട്. ഇതു കേട്ടിട്ടും തിരുനബി(സ്വ) എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല എന്നത് വ്യക്തം. ഈ വാക്ക് മൗനത്തിലൂടെ അവിടന്ന് അംഗീകരിക്കുകയായിരുന്നു. മറ്റൊരനുഭവം കാണുക: ‘ഞങ്ങളുടെ നിവേദന സംഘം മദീനയിൽ ചെല്ലുകയും പ്രവാചകരുടെ കൈയും കാലും ചുംബിക്കുകയും ചെയ്തു.’ നബിശിഷ്യനായ സാരിഅ(റ)വാണ് ഈ അനുഭവം പങ്കുവെക്കുന്നത്.
ഹദീസിന് ‘സുന്നത്ത്’ എന്നും പറയാറുണ്ട്. ചര്യ എന്നാണർത്ഥം. സാങ്കേതികാർത്ഥത്തിൽ സുന്നത്ത് എന്നത് മൂന്ന് രൂപത്തിൽ ഉപയോഗിക്കാറുണ്ട്. ഖുർആനും സുന്നത്തും എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്ന ‘സുന്നത്ത്’ ആണ് ഹദീസ് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നത്. എന്നാൽ ‘ചെയ്താൽ പ്രതിഫലമുള്ളതും ഉപേക്ഷിച്ചാൽ ശിക്ഷയില്ലാത്തതും’ എന്ന ആശയത്തിനും ‘ഇസ്‌ലാമിൽ തെളിവുള്ള കാര്യം’ എന്നതിനും സുന്നത്ത് എന്നുപയോഗിക്കാറുണ്ട്.
ജീവിതത്തിന്റെ നാനാതുറകളിലും ഹദീസ് മാർഗദർശനവും പരിഹാരവുമാണ്. മനുഷ്യ ജീവിതത്തിന്റെ സമഗ്രമായ ആവിഷ്‌കാരമാണവ സാധ്യമാക്കുന്നത്. മാറിമാറി വരുന്ന കാലങ്ങളോടും സാമൂഹ്യാവസ്ഥകളോടും ഏറ്റവും ക്രിയാത്മകമായി തന്നെ അവ പ്രതികരിക്കുന്നു. ഓരോ കാലത്തിന്റെയും വൈജ്ഞാനിക വികാസങ്ങളുടെയും സാമൂഹ്യ നിർമിതിയുടെയും അടിവേരായി വർത്തിക്കുന്നുണ്ട് അവ.
അനസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണാം: അൻസ്വാറുകളിൽ പെട്ട ഒരാൾ യാചിച്ചുകൊണ്ട് തിരുനബിക്കരികിലെത്തി. അവിടന്ന് ചോദിച്ചു: നിന്റെ വീട്ടിലെന്തെങ്കിലുമുണ്ടോ?
‘ഞങ്ങൾ വിരിപ്പും പുതപ്പുമായി ഉപയോഗിക്കുന്ന ഒരു വസ്ത്രവും വെള്ളം കുടിക്കുന്ന ഒരു പാത്രവുമുണ്ട്.’
അവ കൊണ്ടുവരാൻ തിരുനബി(സ്വ) കൽപിച്ചു.
അദ്ദേഹം അതുമായി വന്നപ്പോൾ തിരുനബി(സ്വ) അവ ലേലത്തിന് വെച്ചു: ഇത് ആരാണു വാങ്ങുക?
ഒരു സ്വഹാബി എഴുന്നേറ്റു നിന്നു പറഞ്ഞു:
‘ഒരു ദിർഹമിന് ഞാൻ വാങ്ങാം’.
അതിനേക്കാൾ കൂടുതൽ കിട്ടണം. രണ്ടോ മൂന്നോ ദിർഹം. ആര് തയ്യാറുണ്ട്?
മറ്റൊരാൾ ഏറ്റെടുത്തു: രണ്ട് ദിർഹമിന് ഞാൻ വാങ്ങാം.
വിറ്റു കിട്ടിയ പണം യാചകനെ ഏൽപിച്ചുകൊണ്ട് നബി(സ്വ) നിർദേശിച്ചു: ഇതിൽ നിന്ന് ഒരു ദിർഹമിന് ഭക്ഷണം വാങ്ങി വീട്ടുകാർക്കെത്തിച്ചു കൊടുക്കുക. രണ്ടാമത്തെ ദിർഹമിന് ഒരു മഴു വാങ്ങി എന്റെയരികിലേക്ക് വരിക.
യാചകൻ അപ്രകാരം ചെയ്തു. തിരുനബി(സ്വ) മഴുവിന് ഒരു പിടുത്തമുണ്ടാക്കിക്കൊടുത്തു പറഞ്ഞു: നീ ഇതുമായി പോയി വിറകുണ്ടാക്കി വിൽക്കുക. പതിനഞ്ചു ദിവസങ്ങൾക്കു ശേഷം ഇങ്ങോട്ടു വരിക.
അങ്ങനെ അദ്ദേഹം വിറകുവെട്ടി വിൽക്കാൻ തുടങ്ങി. പതിനഞ്ചു ദിവസത്തിനു ശേഷം തിരുനബിയെ സന്ദർശിച്ചപ്പോൾ പത്ത് ദിർഹം സമ്പാദിച്ചിട്ടുണ്ട്. കിട്ടിയ പണം കൊണ്ട് വസ്ത്രവും ഭക്ഷണവും വാങ്ങി. ‘യാചന കാരണം അന്ത്യനാളിൽ മുഖത്ത് ന്യൂനത പ്രത്യക്ഷപ്പെട്ടവനായി വരുന്നതിനേക്കാൾ ഉത്തമം നിന്റെ ഈ അധ്വാനമാണ്’- നബി(സ്വ) അരുളി.
ഒരാളെ അന്തസ്സുള്ള ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന തിരുനബി(സ്വ)യെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ഒരാളുടെ കുടുംബത്തെയാകെ ബാധിക്കുന്ന ഉപജീവന പ്രശ്‌നത്തെ എത്ര മനോഹരമായാണ് അവിടന്ന് കൈകാര്യം ചെയ്തത്.
മറ്റൊരു സംഭവമിങ്ങനെ: റാഫിഉ ബിൻ അംറ് അൽഗിഫാരി(റ)യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: കുട്ടിക്കാലത്ത് ഞാൻ അൻസ്വാറുകളുടെ ഈന്തപ്പനകൾക്ക് കല്ലെറിയും. അവരെന്നെ തിരുനബി(സ്വ)യുടെ മുന്നിൽ ഹാജരാക്കി.
മോനേ, നീ എന്തിനാണ് ഈന്തപ്പനക്ക് എറിയുന്നത്? തിരുനബി(സ്വ)യുടെ ചോദ്യം.
‘ഭക്ഷിക്കാനാണ് നബിയേ’
മോനേ, എറിഞ്ഞ് വീഴ്ത്തരുത്. താഴെ വീണത് നിനക്കെടുക്കാം- അവിടന്ന് ഉപദേശിച്ചു.
ശേഷം തല തടവി പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, ഈ കുട്ടിയുടെ വയറ് നീ നിറച്ചുകൊടുക്കണേ…’
ഏറ്റവും ഹൃദ്യമായ ഒരു വാക്കുകൊണ്ട് ഒരു ജീവിതത്തെ സംസ്‌കരിച്ചെടുക്കുകയും മനുഷ്യ ജീവിതത്തിന്റെ സ്വാഭാവികമായ ഇടർച്ചകളിൽ നിന്ന് നന്മയുടെ പാതകളിലേക്ക് അവരെ നയിക്കുകയുമാണ്. ആ തന്ത്രമുപയോഗിച്ചാണ് സ്വഹാബത്തെന്ന ലോകമാതൃകകളെ അവിടന്ന് രൂപപ്പെടുത്തിയത്.
തൊഴിലാളികൾ, വ്യാപാരികൾ, സമ്പന്നർ, ദരിദ്രർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിങ്ങനെ മുഴുവൻ സാമൂഹ്യ വിഭാഗങ്ങളെയും തിരുനബി(സ്വ) സംബോധന ചെയ്തു. അബ്ദുല്ലാഹി ബിൻ ഉമർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ റസൂൽ(സ്വ) പറഞ്ഞു: ‘പണിയെടുത്തവന് വിയർപ്പുണങ്ങും മുമ്പ് വേതനം നൽകുവീൻ’. ഏതെങ്കിലും സാമൂഹ്യ വിഭാഗങ്ങൾ തമ്മിൽ സംഘർഷങ്ങൾക്കും സംഘട്ടനങ്ങൾക്കുമല്ല, അവരെ ചേർത്തുനിർത്തി സുഭദ്രമായൊരു സാമൂഹിക അടിത്തറ പണിയാനാണ് അവിടന്ന് ശ്രമിച്ചത്. ഓരോരുത്തരെയും പരിഗണിക്കാനും അവർക്ക് വേണ്ടത് ചെയ്തുകൊടുക്കാനുമുള്ള ആഹ്വാനങ്ങളായിരുന്നു പല പ്രവാചക ഹദീസുകളുടെയും ഉള്ളടക്കം.
ജാബിർ(റ) പറയുന്നത് നോക്കൂ: തിരുനബി(സ്വ) ഞങ്ങളുടെ അരികിലേക്ക് വന്നു. ഞങ്ങളുടെ കൂട്ടത്തിൽ മുടിയൊതുക്കിവെക്കാത്തയാൾ തിരുദൂതരുടെ ശ്രദ്ധയിൽ പെട്ടു. ഉടനെ ചോദിച്ചു: ഇദ്ദേഹത്തിന് മുടിയൊതുക്കിവെക്കാൻ ഒന്നും കിട്ടിയില്ലേ?
മറ്റൊരാൾ കൂടി അവിടത്തെ ശ്രദ്ധയിൽ പതിഞ്ഞു, മുഷിഞ്ഞ വസ്ത്രം ധരിച്ചയാൾ!
തിരുനബിയുടെ ചോദ്യം: ഇദ്ദേഹത്തിന് വസ്ത്രം അലക്കാനാവശ്യമായ വസ്തു ലഭിച്ചില്ലേ?
ഭൗതിക ലോകത്തെ ആസ്വാദനങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു വരണ്ട ജീവിതം നയിക്കുകയായിരുന്നില്ല അവിടന്ന്. തന്റെ ജീവിതം ലോകം മാതൃകയാക്കുന്നുണ്ടെന്നും അവരെക്കൂടി പരിഗണിച്ചു വേണം ജീവിതം ക്രമീകരിക്കാനെന്നും അവിടന്ന് ഉൾക്കൊണ്ടു. നല്ല സൗന്ദര്യമുണ്ടായിരുന്ന പ്രവാചകർ അതോടൊപ്പം ഉന്നതമായ സൗന്ദര്യബോധവും വെച്ചുപുലർത്തി.
ആഇശ(റ)യിൽ നിന്ന് നിവേദനം. അഞ്ച് വസ്തുക്കൾ തിരുനബി(സ്വ)യുടെ കൂടെയുണ്ടാകാറുണ്ട്. ബ്രഷ്, എണ്ണക്കുപ്പി, സുറുമക്കുപ്പി, ചീർപ്പ്, കണ്ണാടി. അതേസമയം, സൗന്ദര്യത്തിന് ഏതു വഴിയും സ്വീകരിക്കാമെന്ന ധാരണ അവിടന്ന് തിരുത്തി. ഇടുങ്ങിയ വസ്ത്രം ധരിക്കുക, നേർത്ത വസ്ത്രം ധരിക്കുക, മുടി ക്രോപ്പ് ചെയ്യുക തുടങ്ങിയവ അവിടന്ന് വിലക്കി. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: ഒരു കുട്ടിയുടെ തലയിൽ നിന്ന് അൽപം മുടി കളയുകയും ബാക്കിയുള്ളവ കളയാത്തതായും റസൂലിന്റെ ശ്രദ്ധയിൽ പെട്ടു. തിരുനബി ആ വീട്ടുകാരെ അതിൽ നിന്ന് വിലക്കി. എന്നിട്ടു പറഞ്ഞു: ഒന്നുകിൽ മുഴുവൻ കളയുക, അല്ലെങ്കിൽ മുഴുവൻ അവശേഷിപ്പിക്കുക.
അതുപോലെ സുഖങ്ങളിൽ ലയിച്ച് അവർ സ്വന്തം ദൗത്യവും നിലയും മറന്നു പോകാതിരിക്കാൻ പ്രത്യേകം ജാഗ്രത കാണിച്ചു. അബ്ദുല്ലാഹി ബിൻ ബുറൈദ(റ)യിൽ നിന്ന് നിവേദനം. ഫുളാലതു ബ്‌നു ഉബൈദി(റ)നോട് ഒരാൾ ചോദിച്ചുവത്രെ: അങ്ങെന്താണ് ചെരിപ്പ് ധരിക്കാത്തത്? അദ്ദേഹത്തിന്റെ മറുപടി: ഇടക്ക് ചെരുപ്പ് ധരിക്കാതെയും നടക്കണമെന്ന് തിരുനബി(സ്വ) നമ്മോട് കൽപിക്കുമായിരുന്നു.
വിനയാന്വിതനാകാനും എല്ലാ സമയത്തും ഒരുപോലെയായിരിക്കില്ല ജീവിതാവസ്ഥയെന്നും ദാരിദ്ര്യം നേരിടുന്ന സമയത്തു ജീവിതം പ്രയാസമാകാതിരിക്കാനാണ് മുത്ത് നബി ഇങ്ങനെ കൽപ്പിച്ചതെന്നും ഈ ഹദീസ് വിശദീകരിച്ച് പണ്ഡിതന്മാർ പറയുന്നത് കാണാം.
ഖുർആൻ കഴിഞ്ഞാൽ രണ്ടാമത്തെ മതപ്രമാണമാണ് ഹദീസ്. ഹദീസ് പഠനത്തിന് വലിയ സ്ഥാനമാണ് ഇസ്‌ലാം കൽപ്പിക്കുന്നത്. ഖുർആന്റെ ബാഹ്യാർത്ഥവും ആന്തരികാർത്ഥവും ദുർബലമാക്കപ്പെട്ടതും (മൻസൂഖ്) അല്ലാത്തതും മനസ്സിലാകാൻ ഹദീസ് പഠനം അനിവാര്യമാണ്. സുഫ്‌യാനുസ്സൗരി(റ) പറയുന്നു: അല്ലാഹുവിന്റെ തൃപ്തി കാംക്ഷിക്കുന്നവന് ഹദീസ് വിജ്ഞാനത്തെക്കാൾ ശ്രേഷ്ഠമായ ഒന്നും എന്റെ അറിവിലില്ല. പഠനത്തിൽ മാത്രമല്ല ഹദീസിന്റെ പുണ്യത്തിലും അതിന്റെ അധ്യാപനത്തിലും അഥവാ ഹദീസ് കൈമാറ്റത്തിലുമൊക്കെ പവിത്രതയും മഹത്തായ അനുഗ്രഹവുമുണ്ട്.
വിടവാങ്ങൽ ഹജ്ജിന്റെ സമയത്ത് ഹദീസ് കൈമാറുന്നവരെ പ്രവാചകർ(സ്വ) ശ്ലാഘിച്ചു: ‘എന്റെ വാക്കു കേട്ട് അത് കൈമാറ്റം ചെയ്യുന്നവനെ അല്ലാഹു പ്രകാശിപ്പിക്കട്ടെ.’ അബൂസഈദിൽ ഖുദ്‌രി(റ)യാണ് ഇതു പറഞ്ഞത്. എന്റെ പ്രതിനിധികളോട് നീ കൃപ കാട്ടണേ എന്ന് തിരുനബി(സ്വ) മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു. ഏറ്റവും നല്ലൊരു ആശംസ. അപ്പോൾ ശിഷ്യന്മാർ ചോദിച്ചു: ആരാണ് അങ്ങയുടെ പ്രതിനിധികൾ? ‘എന്റെ ഹദീസുകൾ പഠിപ്പിക്കുന്നവർ’ എന്നായിരുന്നു പ്രത്യത്തരം. ഇബ്‌നു അബ്ബാസ്(റ)വാണ് ഈ ഹദീസ് ഉദ്ധരിക്കുന്നത്.
നബി(സ്വ)യുടെ വിയോഗശേഷം ലോകമാകെ കറങ്ങിയ ശിഷ്യന്മാർ ഹദീസനുഭവങ്ങൾ കൊണ്ടാണ് ജനങ്ങളെ സമീപി ച്ചത്. അങ്ങനെ നബിയെ കണ്ടവരെ കാണാനുള്ള ഭാഗ്യം ഒരുവിധം സമൂഹങ്ങൾക്കൊക്കെ കിട്ടി. പ്രവാചകത്വ പൊരുളുകൾ കൊണ്ട് ലോകം ചുറ്റിയവരെ പിന്നീട് അവരുടെ ശിഷ്യന്മാർ പകർത്തി. അവരത് അടുത്ത തലമുറക്ക് പകർന്നു. ലോകമിപ്പോഴും കണ്ണിമുറിയാതെ ഹദീസുകൾ കേട്ടുകൊണ്ടേയിരിക്കുന്നു. നബി(സ്വ) കണ്ടതും കേട്ടതും ചിരിച്ചതും കരഞ്ഞതും ആ മുഖം ദു:ഖിച്ചതും വിരിഞ്ഞതും എന്നു വേണ്ട പ്രവാചകരുടെ ഓരോ രംഗവും പിൽക്കാലം സ്വീകരിക്കുന്നു; പഠിച്ചറിഞ്ഞ് അനുസരണയോടെ ജീവിക്കുന്നു.
അബ്ദുറഹ്‌മാൻ അഹ്‌സനി പെരുവയൽ