ഇസ്‌ലാമികാചാരങ്ങളുടെ മഹിമ ഏറെയൊന്നും കുറയാത്ത യമനീ പട്ടണമാണ് തരീം. പൂർവകാല നിഷ്ഠകൾ പലതും അതേപടി ഇന്നും നിലനിന്നു പോകുന്ന സ്ഥലങ്ങളിലൊന്ന്. അവിടെയാണ് പ്രസിദ്ധ ആത്മീയഗുരു ശൈഖ് അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) പിറന്നത്. ഹിജ്‌റ 1044 സഫർ 5 തിങ്കളാഴ്ചയായിരുന്നു ജനനം. യമനിലെ സുപ്രസിദ്ധ നബികുടുംബമാണ് ബാഅലവി. അവരിൽ പ്രധാനിയായ സയ്യിദ് അലവി ഇബ്‌നു മുഹമ്മദ്(റ)യുടെയും ഹബ്ശാ കുടുംബത്തിലെ സൽമാ ബീവി(റ)യുടെയും മകനാണ്. ജനിച്ചപ്പോൾ തന്നെ ഏറെ പരീക്ഷണങ്ങൾക്ക് വിധേയനായി. ജനിച്ച ദിവസം രാത്രി ഏറെ വൈകിയിട്ടും കുട്ടി നിർത്താതെ കരയുകയായിരുന്നു. പ്രഭാതമായപ്പോൾ കണ്ട കാഴ്ച കുടുംബത്തെ സ്തബ്ധരാക്കി. കുട്ടിയെ പൊതിഞ്ഞ പുതപ്പിൽ പതുങ്ങിക്കിന്ന തേൾ കുഞ്ഞുശരീരത്തിൽ 20 ഇടങ്ങളിൽ കുത്തിയതു മൂലം വെളുത്ത ശരീരം ചുവന്നു തുടുത്തിരിക്കുന്നു. പക്ഷേ, അതുമൂലം കുട്ടിക്ക് കാര്യമായൊരു കുഴപ്പവും സംഭവിച്ചില്ല.
നാലാം വയസ്സിൽ കുട്ടിക്ക് വസൂരി ബാധിച്ചു. അതു കാരണം അന്ധത വന്നു. അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ കുടുംബം ക്ഷമിച്ചു. പുറംകാഴ്ച പൂർണമായി നഷ്ടപ്പെട്ടെങ്കിലും അകം കാഴ്ചയിൽ മഹൻ വിപ്ലവം സൃഷ്ടിച്ചു.
ചെറുപ്രായത്തിലേ ഖുർആൻ മന:പാഠമാക്കുകയും അധികസമയവും ആരാധനയിൽ മുഴുകുകയും ചെയ്തു. ളുഹാ സമയത്ത് 200 റക്അത്ത് വരെ സുന്നത്ത് നിസ്‌കരിക്കുമായിരുന്നു. കണ്ണിന്റെ കാഴ്ച നാഥൻ തിരിച്ചെടുത്തെങ്കിലും ബാക്കിയുള്ള അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്താൽ മതിയാവുകയില്ല എന്നായിരുന്നു മഹാന്റെ നിലപാട്.
കൂട്ടുകാരുടെ സഹായത്തോടെയാണ് പഠനങ്ങളും മറ്റു പ്രവർത്തികളും ചെയ്തിരുന്നത്. ആ ജീവിതം കണ്ടുപഠിച്ച് കൂട്ടുകാരും പിൽക്കാലത്ത് അറിയപ്പെട്ട സൂഫികളായി മാറി. അടുത്ത കൂട്ടുകാരിലൊരാൾ അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ബൽഫഖീഹ്(റ)വായിരുന്നു. ഇരുവരും തരീമിലെ ദമ്മുൻ, ഐദീദ് തുടങ്ങിയ മലഞ്ചെരുവുകളിലേക്ക് പോയി ഖുർആൻ പരസ്പരം ഓതിക്കേൾപ്പിച്ച് സംശയങ്ങൾ തീർക്കും. വിനോദത്തിനു മാത്രമല്ല, വിജ്ഞാനത്തിനുമാണെന്ന് തെളിയിച്ചു ഈ സൗഹൃദം. ഖുർആൻ പഠനം കഴിഞ്ഞാൽ രണ്ടുപേരും പള്ളിയിൽ ചെന്ന് സുന്നത്ത് നിസ്‌കാരങ്ങളിലും വിർദുകളിലും മുഴുകും.
മഹാന് താങ്ങായിനിന്ന മറ്റൊരു കൂട്ടുകാരനായിരുന്നു സയ്യിദ് അഹ്‌മദ് ബിൻ ഉമർ അൽഹിൻദുവാൻ(റ). ദിക്‌റിന്റെ മജ്‌ലിസിൽ ഹദ്ദാദ്(റ)വിനോടൊപ്പം ഇദ്ദേഹമാണ് കൂടുതലും ഉണ്ടാവുക. സയ്യിദ് അഹ്‌മദ് ഹാശിം(റ), അലിയ്യുബ്‌നു ഉമർ(റ) എന്നിവരാണ് കിതാബുകൾ വായിച്ചുകൊടുത്തിരുന്നത്.
പഠനം അദ്ദേഹത്തിന് ഹരമായിരുന്നു. നിസ്‌കാരം കഴിഞ്ഞാൽ കിതാബുകൾ മുത്വാലഅ(പാരായണം) ചെയ്യാനാണ് സമയം കൂടുതൽ ചെലവിടുക. പല കിതാബുകളും മന:പാഠമാക്കി. പ്രമുഖ സൂഫീ പണ്ഡിതൻ ഉമർ ബിൻ അബ്ദുറഹ്‌മാൻ അൽഅത്താസ്(റ)വിനോടുള്ള സഹവാസം ആത്മീയ ലോകത്തേക്കു വഴി തുറന്നു. സയ്യിദ് അല്ലാമ അബ്ദുറഹ്‌മാൻ ബിൻ മൗലാ ഐദീദ്(റ), സഹ്‌ലുബ്‌നു അഹ്‌മദ് ബാഹസൻ ബാഅലവി(റ), സയ്യിദ് മുഹമ്മദ് ബിൻ അലവി അസ്സഖാഫ്(റ) എന്നിവർ പ്രധാന ഗുരുക്കന്മാരാണ്.
മഹാന്റെ മുഖത്ത് സദാ ചെറുപുഞ്ചിരി കാണാം. നബി(സ്വ)യുടെ ജീവിതം അതേപടി പകർത്താൻ ശ്രമിച്ചിരുന്നു. അതിഥികളെ സൽക്കരിക്കാൻ മുൻപന്തിയിൽ നിന്നു. പാവങ്ങളുടെ ആശാകേന്ദ്രവും അനാഥരുടെ ആശ്രയവുമായി. ദാനധർമത്തിൽ ഉത്സാഹം കാണിച്ചു. ഭൗതികതക്ക് തീരെ പ്രാധാന്യം നൽകിയിരുന്നില്ല. വിനയം മുഖമുദ്രയായിരുന്നു.
പള്ളികൾ നിർമിച്ചുകൊടുക്കാൻ ഹദ്ദാദ്(റ) വളരെ ഉത്സാഹം കാണിച്ചു. മസ്ജിദുൽ അവ്വാബീൻ, മസ്ജിദുൽ അബ്‌റാർ, മസ്ജിദുൽ ഫത്ഹ്, മസ്ജിദുത്തവ്വാബീൻ എന്നീ പള്ളികൾ തരീമിൽ മഹാൻ നിർമിച്ചതാണ്. മഹാൻ ധാരാളം രചനകൾ നടത്തി. അതിൽ പ്രധാനപ്പെട്ടതാണ് ഹദ്ദാദ് റാത്തീബും വിർദുല്ലത്വീഫും.
ഹദ്ദാദ്(റ) ക്രോഡീകരിച്ച ഹദ്ദാദ് റാത്തീബ് വിശ്വാസിക്ക് ആത്മീയ അനുഭൂതി പ്രദാനിക്കുന്നതാണ്. ഹള്‌റമീ സയ്യിദന്മാരുടെ വരവോടെയാണ് കേരളത്തിൽ ഹദ്ദാദ് പ്രചാരത്തിലാകുന്നത്. റാത്തീബ് രചിക്കാനുള്ള കാരണം ശീഈ വിഭാഗത്തിലെ സൈദിയ്യാക്കൾ ഹിജ്‌റ 1071ൽ ഹളർമൗത്തിൽ വന്ന് നടത്തിയ ഫിത്‌നകളാണ്. അതിൽ നിന്നുള്ള കാവലിനായി ഹദീസുകളിൽ വന്ന ദിക്‌റുകൾ ഒരുമിച്ചുകൂട്ടി ക്രോഡീകരിക്കുകയായിരുന്നു. 1072 റമളാനിലായിരുന്നു ക്രോഡീകരണം. മുഹർറം മാസത്തിലാണ് ഹളർമൗത്തിലെ ഹദ്ദാദ് തങ്ങളുടെ പള്ളിയിൽ പതിവാക്കാനാരംഭിച്ചത്.
ഹദ്ദാദ് റാത്തീബ് പതിവാക്കുന്നവർക്ക് ഒരുപാട് ഗുണങ്ങൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ബിദഈ ചിന്ത മനസ്സിൽ സ്ഥാനം പിടിക്കുന്നതിൽ നിന്ന് കാവൽ ലഭിക്കും. മരണവേളയിൽ ഈമാൻ സുരക്ഷിതമാകും. മനുഷ്യർ, പിശാച്, ഇഴജന്തുക്കൾ എന്നിവരുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ കിട്ടും. ഹദ്ദാദ് കൂട്ടമായിരുന്ന് ചൊല്ലലാണ് ഉത്തമം. ‘റാത്തീബുൽ ഇശാഅ്’ എന്നും ഇതിന് പേരുണ്ട്. ഇശാഇന്റെ സമയത്ത് ചൊല്ലുന്നത് കൊണ്ടാണ് ഈ നാമലബ്ധി.
ഹിജ്‌റ 1132 റമളാനിൽ മഹാൻ കിടപ്പിലായി. രോഗം മൂലം അറിവ് പകർന്നു കൊടുക്കാനോ ആരാധനകൾ പഴയ പോലെ നിർവഹിക്കാനോ സാധിച്ചില്ല. രോഗബാധിതനായി 40 ദിവസം കഴിഞ്ഞ് ദുൽഖഅദ് ഏഴിന് ചൊവ്വാഴ്ച അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി.

 

മുഹമ്മദ് സ്വാലിഹ് വള്ളിത്തോട്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ