പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനുഷ്യ സമൂഹത്തിനുള്ള ജീവിത പദ്ധതിയായാണ് ഇസ്‌ലാം അവതരിപ്പിച്ചിട്ടുള്ളത്. ഹലാലും ഹറാമും (അനുവദനീയമായതും നിഷിദ്ധമായതും) ഉൾക്കൊള്ളുന്നതാണ് ഇസ്‌ലാം. ഇതനുസരിച്ചാണ് സത്യവിശ്വാസി ജീവിതം ക്രമപ്പെടുത്തേണ്ടതെന്നാണ് മതശാസന. സ്വന്തം താൽപര്യത്തിനനുസരിച്ച് നിയമനിർമാണം നടത്താൻ ഒരു സൃഷ്ടിക്കും അധികാരമില്ല. അല്ലാഹുവിന്റെ നിയമ സംഹിതയാണ് ഇസ്‌ലാം. അതിൽ ഒരാൾക്കും കൂട്ടിച്ചേർക്കാനോ വെട്ടിക്കുറക്കാനോ അധികാരമില്ല.

ഹലാൽ; വിശ്വാസിയുടെ ഇഹപര വിജയത്തിന്

ലോകത്തുള്ള ഏതെങ്കിലുമൊരു മതത്തിന്റെ രീതിയല്ല ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്. മതങ്ങളിൽ ചിലത് മനുഷ്യന്റെ ആസ്വാദനങ്ങളെയും താൽപര്യങ്ങളെയും വിലക്കുന്ന നിലപാടാണ് സ്വീകരിച്ചതെങ്കിൽ മറ്റു ചിലത് നിരുപാധികം അതെല്ലാം അനുവദിക്കുന്ന രീതികളാണ് പിന്തുടരുന്നത്. എന്നാൽ ഇസ്‌ലാം ഇതിന് രണ്ടിനും ഇടയ്ക്കുള്ള മധ്യമ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പൗരോഹിത്യം അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് പല കാര്യങ്ങളും മനുഷ്യർക്ക് വിലക്കി.
മനുഷ്യന്റെ മുഴുവൻ ആസ്വാദനങ്ങൾക്കും അലങ്കാരങ്ങൾക്കും അവർ കൂച്ച് വിലങ്ങിട്ടു. പൂർണ നഗ്നരായി മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്ന് അവരിൽ ചിലർ പറഞ്ഞതിനെ ഖുർആൻ നിശിതമായി വിമർശിക്കുന്നുണ്ട്: ‘പ്രവാചകരേ, അവരോടു ചോദിക്കുക: അല്ലാഹു അവന്റെ ദാസന്മാർക്കായി ഉൽപാദിപ്പിച്ച അലങ്കാരങ്ങളെയും ദൈവികദാനമായ ഉത്തമ വിഭവങ്ങളെയും വിലക്കിയവനാര്? പറയുക: ഈ വിഭവങ്ങളെല്ലാം ഭൗതിക ജീവിതത്തിൽ വിശ്വാസികൾക്കുള്ളതാകുന്നു (7:32).
മനുഷ്യർ തങ്ങളുടെ ആവശ്യങ്ങൾക്കായി വളർത്തിയിരുന്ന ചില മൃഗങ്ങളെ അറുത്ത് ഭക്ഷിക്കാനോ സവാരി ചെയ്യാനോ പാടില്ലെന്ന് പറഞ്ഞ് വിലക്കിയതിനെ വിശുദ്ധ ഖുർആൻ ചോദ്യം ചെയ്തു: അവർ പറയുന്നു: ‘ഈ കാലികളും വിളകളും വിലക്കപ്പെട്ടവയാകുന്നു. നാം ഉദ്ദേശിച്ചവർ മാത്രമേ അവ തിന്നാൻ പാടുള്ളൂ.’ എന്നാൽ, അവരുടെ ഈ വ്യവസ്ഥ സ്വയംകൃതമാകുന്നു (6:138).
ചിലർ മനുഷ്യന് അനിയന്ത്രിതമായ സ്വാതന്ത്ര്യം നൽകി. പേർഷ്യയിൽ നിലനിന്നിരുന്ന മസ്ദകിയ്യ വിഭാഗം അത്തരത്തിലുള്ളവരായിരുന്നു. മദ്യപാനവും പലിശയും തുടങ്ങി സകല തിന്മകളും അവർ അനുവദിച്ചു. ഭാര്യമാരെ പരസ്പരം പങ്കുവെക്കുക പോലുമുണ്ടായി.
ഇതിനെയെല്ലാം അപ്രസക്തമാക്കി ഇഹപര വിജയം സാധ്യമാക്കുന്ന മധ്യമ സമീപനമാണ് ഇസ്‌ലാം സ്വീകരിച്ചത്.
സ്രഷ്ടാവായ അല്ലാഹുവാണ് എല്ലാ കാര്യത്തിലും തീർപ്പ് കൽപ്പിക്കേണ്ടത് എന്നും അവന്റെ സൃഷ്ടികളെ അനുവദിക്കാനും വിലക്കാനും സ്വതന്ത്ര അധികാരം മനുഷ്യനില്ലെന്നും ഇസ്‌ലാം പഠിപ്പിച്ചു. അതിൽ അനുവദിക്കപ്പെട്ട കാര്യങ്ങൾ ആത്യന്തികമായി മനുഷ്യന്റെ ഇഹപര നന്മക്കും നിരോധിക്കപ്പെട്ട കാര്യങ്ങൾ ദോഷത്തിനും കാരണമാകുന്നതാണ്. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ലൈംഗിക വികാര ശമനം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ വിവിധ ഘടകങ്ങൾ ഇഹപര ലോകത്ത് അവന് ഗുണകരമായത് മാത്രമേ മതം അനുവദിക്കുകയുള്ളൂ. മോശപ്പെട്ട കാര്യങ്ങളാണ് നിഷിദ്ധമാക്കപ്പെട്ടതെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്: ‘പ്രവാചകരേ, ഇവരോടു പറയുക; ‘എന്റെ റബ്ബ് നിഷിദ്ധമാക്കിയിട്ടുള്ളത് രഹസ്യവും പരസ്യവുമായ മ്ലേച്ഛവൃത്തികൾ, കുറ്റകൃത്യങ്ങൾ, അന്യായമായ അതിക്രമങ്ങൾ എന്നിവയാണ്’ (7:33).
ഇബ്‌നു അബ്ദിസ്സലാം(റ) ഖവാഇദുൽ അഹ്കാമിൽ പറയുന്നു: ‘അല്ലാഹുവിന്റെ ഏതൊരു നിയമവും രണ്ട് ലോകത്തും ഉപകാരപ്പെടുന്നതോ ഏതെങ്കിലും ഒരു ലോകത്തെങ്കിലും ഉപകാരപ്പെടുന്നതോ ആകാം. അപ്രകാരം തന്നെയാണ് നിരോധനങ്ങൾ, നിരോധിക്കപ്പെട്ട കാര്യങ്ങൾ രണ്ടാലൊരു ലോകത്തോ രണ്ടിടത്തും തന്നെയോ ദോഷകരമായിരിക്കും. എന്നാൽ ചില കാര്യങ്ങൾ നിയമമാക്കിയതിന്റെ രഹസ്യം നമുക്കറിയണമെന്നില്ല. അത്തരം കാര്യങ്ങൾ നാം ചെയ്യുന്നത് സ്രഷ്ടാവിനെ അനുസരിക്കുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമായാണ്. അത് പ്രതിഫലാർഹവുമാണ്.’
വിവിധ സ്വഭാവമുള്ള കൽപനകളും നിരോധനങ്ങളുമുണ്ട്. അതാതിന്റെ താൽപര്യ സഹിതം മനസ്സിലാക്കി വേണം ജീവിതം ചിട്ടപ്പെടുത്താൻ. നിർബന്ധ രൂപമുള്ള കൽപനകൾ പ്രാവർത്തികമാക്കലും നിരോധനങ്ങൾ ഒഴിവാക്കലും അനിവാര്യമാണ്. അതുപോലെ ഐച്ഛികമായുള്ളതും ഇത് രണ്ടുമല്ലാതെ ഇഷ്ടം പോലെ പ്രവർത്തിക്കാം എന്ന തരത്തിലും അവയുണ്ട്.
നിർബന്ധമായും വിലക്കപ്പെട്ട ഭക്ഷണമോ വസ്ത്രമോ മറ്റെന്തോ ആണെങ്കിലും വിശ്വാസി അതുപയോഗിക്കാൻ പാടില്ല എന്നതിലപ്പുറം മതപരമായ കർമങ്ങൾ നടത്തിയത് കൊണ്ടോ എന്തെങ്കിലും പ്രത്യേക വസ്തുക്കൾ ചേർക്കപ്പെടുന്നത് കൊണ്ടോ ഉണ്ടാകുന്ന അവസ്ഥയല്ല ‘ഹലാൽ’. മതം പാടില്ല എന്ന് പറഞ്ഞത് കൊണ്ട് ഒഴിവാക്കുകയും മതം അനുവദിച്ചത് (ഹലാലാക്കിയത്) മാത്രം ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഒരു വിശ്വാസിയുടെ ജീവിതവിശുദ്ധിയാണ് സാധ്യമാവുന്നത്. മറിച്ച് മതംകൂട്ടി ഇളക്കിയ ഭക്ഷണം എന്നൊന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നില്ല.
ഇതിൽ തന്നെ കേവല അനുമതി മാത്രമല്ല ഒരു വിശ്വാസി പരിഗണിക്കേണ്ടത്. പകരം, സാഹചര്യങ്ങൾക്കനുസരിച്ച് നിഷിദ്ധമാക്കിയ രൂപത്തിലേക്ക് എത്തുമെന്നുണ്ടെങ്കിൽ അത്തരം അനുവദനീയമായ കാര്യങ്ങൾ വരെ ഉപേക്ഷിക്കേണ്ടി വരും. അതുപോലെ തന്നെ കേവല അനുവാദം ലഭിച്ച കാര്യങ്ങൾ നല്ല ഉദ്ദേശ്യലക്ഷ്യങ്ങൾ കാരണം പ്രതിഫലാർഹമായ ആരാധനകളായേക്കാം. എന്നാൽ നിഷിദ്ധമായ കാര്യങ്ങളെ ഉദ്ദേശ്യം മാറ്റി അനുവദനീയമാക്കാൻ സൂത്രവിദ്യകൊണ്ടാവില്ല. ശാബത്തിന്റെ ദിവസം മീൻ പിടിക്കാൻ സൂത്രവിദ്യ പ്രയോഗിച്ച ജൂതരെ ഖുർആൻ ആ ക്ഷേപിച്ചത് അതുകൊണ്ടാണ്. ഇസ്‌ലാമിക വീക്ഷണ പ്രകാരം ലക്ഷ്യവും മാർഗവും ഒരുപോലെ വിശുദ്ധമാവണം. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നുവെന്നത് ഇസ്‌ലാമിനന്യമായ സിദ്ധാന്തമാണ്, ഇസ്‌ലാമിക പ്രചാരണം ലക്ഷ്യംവെച്ച് തെറ്റായ മാർഗങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന് ഇസ്‌ലാമിക പണ്ഡിതർ പറയുന്നതിന്റെ കാരണമിതാണ്. കള്ളിന്റെ പേര് മാറ്റി ജ്യൂസെന്നോ കൂൾ ഡ്രിംഗ്‌സെന്നോ പറഞ്ഞത് കൊണ്ട് അനുവദനീയമാകില്ല
പ്രതിപാദനത്തിലെ സമഗ്രതയും സമ്പൂർണതയുമാണ് ഇസ്‌ലാമിന്റെ പ്രധാനമായ രണ്ട് സവിശേഷതകൾ. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ മേഖലകളെക്കുറിച്ചും സമ്പൂർണമായ അധ്യാപനം ഇസ്‌ലാമിലുണ്ട്. ഇസ്‌ലാം തുറന്നുവെച്ച പുസ്തകമാണ്. അത് ആർക്കും സ്വീകരിക്കാം. ആരെയും അത് നിർബന്ധിക്കുന്നില്ല. വിശ്വാസപരമായി മതം സ്വീകരിക്കാത്തവർക്കും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയാൽ ഐഹികജീവിതത്തിൽ ഫലമുണ്ടാകും. എന്നാൽ മുസ്‌ലിംകൾ അതിന്റെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. അവരത് പുലർത്തുകയും ചെയ്യും.
ഇസ്‌ലാമിന്റെ നിയമവ്യവസ്ഥകൾ ബാധകമാവുന്നതിന് അഞ്ചു നിബന്ധനകളുണ്ട്. വിശ്വാസമാണ് അതിൽ പ്രധാനം. വിശ്വാസികൾ മാത്രമാണ് ഇസ്‌ലാമിന്റെ നിയമങ്ങൾ ജീവിതത്തിൽ പാലിക്കാൻ അനുശാസിക്കപ്പെട്ടിട്ടുള്ളത്.
ശാരീരികമായും ബൗദ്ധികമായും പ്രായപൂർത്തിയാവുക എന്നതാണ് രണ്ടാമത്തെയും മൂന്നാമത്തെയും വ്യവസ്ഥകൾ. തിരുനബി(സ്വ) പറയുന്നു: ‘കുട്ടികൾ പ്രായപൂർത്തിയാവുന്നത് വരെയും ഉറങ്ങുന്നവർ ഉണരുന്നത് വരെയും ഭ്രാന്തൻ സുഖപ്പെടുന്നത് വരെയും അല്ലാഹുവിന്റെ നിയമം അനുശാസിക്കപ്പെടുന്നവരല്ല.’
മതകൽപനകളെക്കുറിച്ച് പ്രബോധനം ലഭിക്കണമെന്നതാണ് നാലാമത്തെ നിബന്ധന. പ്രവാചകാധ്യാപനങ്ങളെ കുറിച്ച് അറിവ് ലഭിക്കാത്തവർ ശിക്ഷിക്കപ്പെടില്ലെന്നർഥം. ഖുർആൻ പറയുന്നു: ദൂതനെ നിയോഗിക്കുന്നതുവരെ നാം ഒരു സമൂഹത്തെയും ശിക്ഷിക്കുകയില്ല (17: 15).
മതനിയമങ്ങൾ അനുസരിക്കാനുള്ള കഴിവുണ്ടായിരിക്കണമെന്നതാണ് അഞ്ചാമത്തേത്. പ്രകോപനങ്ങളാലോ മറ്റോ നിർബന്ധിക്കപ്പെട്ടവർ നിയമത്തിന് പുറത്താണ്. അപ്രകാരം അശക്തത മൂലം നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്നവരും കുറ്റത്തിൽ നിന്നൊഴിവാകും. അഥവാ, പ്രായപൂർത്തിയും ബുദ്ധിയുമുള്ളതോടൊപ്പം മതകൽപനകളെക്കുറിച്ചുള്ള അറിവും അവ പ്രാവർത്തികമാക്കാനുള്ള കഴിവും ഒത്തുചേർന്ന വിശ്വാസികൾക്ക് മാത്രമേ മതശാസനകൾ ബാധകമാവുന്നുള്ളൂ.
വിശ്വാസിയുടെ വൈയക്തികവും സാമൂഹികവുമായ ജീവിതം ഏത് വിധേ നെയാവണമന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. സൃഷ്ടിജാലങ്ങളെ സംബന്ധിച്ച് ഏറ്റവും വ്യക്തമായറിയുന്നത് സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനാണെന്നതിനാൽ മനുഷ്യന് അനുഗുണമാകുന്ന കൽപനകൾ അവൻ മുന്നോട്ട് വെക്കുന്നു. അന്നപാനീയങ്ങൾ, വസ്ത്രധാരണം തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സർവ്വ കാര്യങ്ങളിലും ഇത്തരം അനുശാസനകൾ കാണാം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഇരുലോക വിജയത്തിന് വിശ്വാസികളെ പ്രാപ്തരാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
മനുഷ്യന് ഉപകാരപ്രദമായവ ഹലാലാവലും ഉപദ്രവമുണ്ടാക്കുന്നവ ഹറാമാകലുമാണ് അടിസ്ഥാന നിയമം. ഇമാം ഗസ്സാലി(റ) വസ്വീത് എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണാം: ‘വസ്തുക്കളെല്ലാം ഹലാലാവുക എന്നതാണ് അടിസ്ഥാനം. പ്രത്യേകമായി പരാമർശിക്കപ്പെട്ടവ ഒഴിച്ച് ഭക്ഷ്യയോഗ്യമായവയെല്ലാം അനുവദനീയമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം’. ഭക്ഷണ സാധനങ്ങളിൽ ചിലത് പിന്നീട് ഹറാമാകുന്നതിന് ഏതാനും കാരണങ്ങൾ ഗസ്സാലി(റ) എണ്ണിപ്പറയുന്നുണ്ട്:
• ഖുർആനിലോ ഹദീസിലോ ഹറാമാണെന്ന് പ്രത്യേകം പരാമർശിക്കപ്പെട്ടവ. പന്നി, കഴുത തുടങ്ങിയവ ഉദാഹരണം.
• തേറ്റ കൊണ്ട് ഇര പിടിക്കുന്ന സിംഹം പോലെയുള്ള മൃഗങ്ങളും നഖം ഉപയോഗിച്ച് ഇര തേടുന്ന പക്ഷികളും.
• വിശുദ്ധ ഹറമിനകത്ത് വെച്ചും പുറത്ത് വെച്ചും കൊല്ലണമെന്ന് പ്രവാചകാധ്യാപനമുള്ള എലി, പാമ്പ്, തേൾ പോലെയുള്ളവ.
• കൊല്ലൽ വിരോധിക്കപ്പെട്ട ഉറുമ്പ്, തേനീച്ച തുടങ്ങിയവ.
• മനുഷ്യർ വെറുക്കുന്ന വണ്ട്, പല്ലി മുതലായവ.
പക്ഷേ, ജീവഹാനി സംഭവിക്കുന്നത് പോലെയുള്ള സാഹചര്യങ്ങളിൽ നിലനിൽപിനായി നിഷിദ്ധമായവയും ഉപയോഗിക്കൽ അനുവദനീയമായിത്തീരും.

ഹലാൽ ഫുഡ്; യാഥാർഥ്യമെന്ത്?

ഭക്ഷ്യവിഭവങ്ങളിലെ ഹലാലിനെയും ഹറാമിനെയും ഇസ്‌ലാമിക ശരീഅത്ത് വ്യക്തമായി വേർതിരിച്ചു പറയുന്നുണ്ട്. ഇത് സംബന്ധിയായ നിരവധി പരാമർശങ്ങൾ വിശുദ്ധ ഖുർആൻ സൂക്തങ്ങളിലും ഹദീസ് വചനങ്ങളിലും കാണാവുന്നതാണ്. ശുദ്ധമാവുക എന്നതാണ് ഭക്ഷണം ഹലാലാകുന്നതിന് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാനദണ്ഡം. ആഹാരവുമായി ബന്ധപ്പെട്ട പരാമർശങ്ങളിലെ ത്വയ്യിബ് എന്ന പദം അർഥമാക്കുന്നത് പ്രസ്തുത വിശുദ്ധിയാണ്. ‘മനുഷ്യരേ, ഭൂമിയിലുള്ളതിൽ നിന്ന് അനുവദനീയവും ശുദ്ധവുമായത് (ത്വയ്യിബ്) നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക’ (2:168).
ശരീരത്തിന് ഗുണകരവും ഇസ്‌ലാം പ്രത്യേകമായി വിലക്കേർപ്പെടുത്താത്തതുമായ എല്ലാ ഭക്ഷണവും മുസ്‌ലിമിന് അനുവദനീയമാണ്. അതേസമയം ഹലാലായ ആഹാരത്തിൽ തന്നെ ധാരാളിത്തം കാണിക്കുന്നത് കുറ്റകരവുമാണ്. വിശുദ്ധ ഖുർആൻ പറഞ്ഞു: ‘മനുഷ്യപുത്രന്മാരേ, എല്ലാ ആരാധനാ സന്ദർഭങ്ങളിലും അലങ്കാരങ്ങളണിഞ്ഞുകൊള്ളുവീൻ. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവീൻ. ധൂർത്തടിക്കരുത്. ധൂർത്ത് കാട്ടുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നില്ല’ (7:31).
ഇസ്‌ലാം അനുവദിച്ച ഭക്ഷണപദാർഥങ്ങൾ കഴിക്കാനുള്ള സ്വാതന്ത്ര്യവും നിരോധിച്ചവ വർജിക്കാനുള്ള ബാധ്യതയും മുസ്‌ലിമിനുണ്ട്. ശരീരത്തിന് ഹാനികരമാകുന്നതോ മ്ലേച്ഛമായതോ ആയ ആഹാരപദാർഥങ്ങൾക്കാണ് മതം വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഭോജനം ഹറാമായ പത്ത് വിഭവങ്ങളെ ഖുർആൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്: ‘രക്തവും പന്നിമാംസവും അല്ലാഹുവല്ലാത്തവരുടെ നാമത്തിൽ അറുക്കപ്പെട്ടതും ശ്വാസംമുട്ടിയോ അടിയേറ്റോ ചത്തതും മുകളിൽനിന്നു താഴോട്ടു വീണു ചത്തുപോയതും തമ്മിൽ കുത്തി ചത്തതും ഹിംസ്രജന്തുക്കൾ പരിക്കേൽപിച്ചതും- അനന്തരം ചാകുന്നതിനു മുമ്പ് നിങ്ങൾ അറുത്തിട്ടുള്ളതൊഴികെ- പ്രതിഷ്ഠകൾക്കു വേണ്ടി ബലിയറുക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (5:3).
ചില പദാർഥങ്ങൾ ഹറാമാകുന്നതിന്റെ കാരണം അതിന്റെ മ്ലേച്ഛതയായിരിക്കും. ശവം, രക്തം, പന്നിമാംസം മുതലായവ ഇക്കൂട്ടത്തിൽ പെടുന്നു. ‘റിജ്‌സ്’ എന്ന പദം കൊണ്ട് ഖുർആൻ അർഥമാക്കുന്നത് പ്രസ്തുത മ്ലേച്ഛതയാണ്. ‘പറയുക: എനിക്ക് ബോധനം നൽകപ്പെട്ടിട്ടുള്ളതിൽ ഭക്ഷിക്കുന്നവന് ഭക്ഷിക്കാൻ പാടില്ലാത്തതായി യാതൊന്നും ഞാൻ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമായതത്രെ’ (6:145).
ഭോജനം ഹലാലായ ജീവികളെ അറവ് നടത്തൽ അനിവാര്യം. മൃഗത്തിന്റെ ജീവൻ നഷ്ടപ്പെടുന്നതിനു മുമ്പ് അതിനെ മുറിപ്പെടുത്തി മാംസം എടുക്കൽ നിഷിദ്ധമാണ്. സ്വാഭാവിക മരണം സംഭവിച്ച ജീവിയുടെ മാംസവും ഹലാലല്ല. അഥവാ, ഹലാലെന്ന് മതം വിധിച്ചവയെ ഇസ്‌ലാമിക നിയമപ്രകാരം അറവ് നടത്തൽ അനിവാര്യമാണ്. അതിനപ്പുറം അറവ് സമയത്ത് മന്ത്രോച്ചാരണം നടത്തൽ നിർബന്ധമില്ല, ഐച്ഛികമാണ്. അറക്കുന്നത് വിശ്വാസിയാവണമെന്നതല്ലാതെ ഭക്ഷണം തയ്യാറാക്കുന്നത് മുസ്‌ലിമാവണമെന്ന നിബന്ധനയും ഇസ്‌ലാമിലില്ല.
ചുരുക്കത്തിൽ, സർവ വിഷയങ്ങളിലുമെന്നതു പോലെ ഭക്ഷണത്തിന്റെ കാര്യത്തിലും ഇസ്‌ലാം ചില നിബന്ധനകൾ വെക്കുന്നുണ്ട്. ആഹാരത്തിന്റെ പരിശുദ്ധിയും മനുഷ്യന്റെ ആരോഗ്യവും ഇരുലോക വിജയവും മുന്നിൽകണ്ടുള്ള നിർദേശങ്ങളാണവ. പ്രസ്തുത നിയമങ്ങൾ അനുസരിക്കേണ്ട ബാധ്യത മുസ്‌ലിംകൾക്കാണുള്ളത്. വർഗീയ വ്യാഖ്യാനങ്ങൾക്കോ വിദ്വേഷ പ്രചരണങ്ങൾക്കോ ഇതിൽ അവസരമില്ലെന്നർഥം.

മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ