മുസ്‌ലിം പെൺകുട്ടികളുടെ തട്ടത്തിൽ തുടങ്ങി മുസ്‌ലിം സ്ത്രീകളുടെ വേഷത്തിലൂടെ വികസിച്ച് ഇസ്‌ലാമിന്റെ പുരോഗമനപരതയിൽ എത്തിനിൽക്കുകയാണ് ഉഡുപ്പി പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ഹിജാബ് വിവാദം. മുസ്‌ലിം സ്വത്വപ്രകാശനങ്ങൾ രാജ്യത്ത് അനുവദിക്കില്ല എന്ന ശാഠ്യത്തോടെ സംഘപരിവാറും മുസ്‌ലിംകൾ ‘കാലത്തിനൊത്ത്’ പുരോഗമിക്കുന്നില്ല എന്ന പരിഭവവുമായി ഇടതുപക്ഷ-ലിബറൽ ഗ്രൂപ്പുകളും രംഗത്തുണ്ട്. രണ്ടു പക്ഷവും രണ്ടു തരത്തിലാണ് നിലപാട് പറയുന്നതെങ്കിലും ഫലത്തിൽ രണ്ടും ഒന്നുതന്നെയാണ്. പൗരന് മതം പ്രകാശിപ്പിച്ചുകൊണ്ടുതന്നെ ജീവിക്കാനുള്ള അവകാശം നിലനിൽക്കുന്ന ഒരു രാജ്യത്ത് മുസ്‌ലിമിന്റെ മതാത്മകജീവിതവും അതിന്റെ തന്നെ ഭാഗമായുള്ള വേഷങ്ങളും ഇത്രമേൽ ചർച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടാകാം? എന്താണതിന്റെ സാംഗത്യവും രാഷ്ട്രീയവും? വിവാദകാലത്ത് ഒളിച്ചുകടത്തുന്ന അതിവാദങ്ങൾ എന്തൊക്കെയാണ്? മേൽ ചോദ്യങ്ങളുടെ ഉത്തരത്തിലേക്കുള്ള വഴികളിലൊന്ന് കർണാടകയിലെ ഹിജാബ് വിവാദമാണ്. അവിടെ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ടു തുടങ്ങാം.

ഹിജാബിലെ ഭരണഘടനാ പ്രശ്‌നം

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ കുന്ദാപുര പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം പെൺകുട്ടികളെ ക്ലാസിലിരുത്തില്ല എന്ന് കോളേജ് അധികൃതർ നിലപാടെടുക്കുന്നതോടെയാണ് വിവാദം ക്യാമ്പസിന്റെ മതിൽക്കെട്ടിനു വെളിയിലേക്ക് ചാടുന്നത്. അതൊരു പുതിയ വിവാദമല്ല എന്നതാണ് മുഖ്യമായ കാര്യം. മുസ്‌ലിംകളുടെ മതനിഷ്ഠജീവിതത്തോട് വെറുപ്പ് പങ്കിടുന്ന ഹിന്ദുത്വ, ലിബറൽ ഗ്രൂപ്പുകൾ കാലങ്ങളായി നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളുടെ തുടർച്ചയാണ്, തുടർച്ച മാത്രമാണ് ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് വിലക്കായും പിന്നെ പ്രതിഷേധമായും ആളിപ്പടർന്നത്. അത് അവിടെ മാത്രം അവസാനിക്കുന്നതുമല്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വ ഗ്രൂപ്പിന്റെ മുഖവുമായ യോഗി ആദിത്യനാഥിന്റെ പ്രതികരണം അതിലേക്കുള്ള സൂചകമാണ്. ഇവിടെ ശരീഅത്ത് നിയമങ്ങൾ അനുസരിച്ചല്ല, ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് രാജ്യം പ്രവർത്തിക്കുക എന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഉഡുപ്പിയിലെ പെൺകുട്ടികളുടെ ആവശ്യം ശരീഅത്ത് നിയമം ഇന്ത്യയിൽ നടപ്പാക്കണമെന്നല്ല. അത് നമുക്കറിയാം, ബിജെപിക്കുമറിയാം. എന്നിട്ടും ആ തരത്തിലേക്ക് വിവാദത്തെ വഴിതിരിച്ചുവിടാനുള്ള കുടിലബുദ്ധിയാണ് യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയായി വന്നത്.
സന്യാസിയുടെ കാഷായവേഷം ധരിക്കാൻ ആദിത്യനാഥിന് അവകാശം വകവെച്ചുനൽകുന്ന അതേ ഭരണഘടനയുടെ അനുച്ഛേദപ്രകാരം തന്നെ തങ്ങൾക്ക് തല മറക്കാനും അവകാശമുണ്ട്, അത് നിഷേധിക്കരുത് എന്നാണ് പിയു കോളേജിലെ വിദ്യാർഥിനികളുടെ ആവശ്യം. പൗരന് ഭരണഘടന നൽകുന്ന അവകാശത്തെപ്രതി വികസിച്ചുവരേണ്ട ഒരു ചർച്ചയെ മുസ്‌ലിംകളുടെ സവിശേഷാവകാശ സമരമാക്കി ചിത്രീകരിച്ചുകൊണ്ട് കുളം കലക്കുകയാണ് ഹിന്ദുത്വവാദികൾ. ഊന്നി വായിക്കേണ്ടതാണ് മേൽ വാചകങ്ങളിലെ ചില വാക്കുകൾ. പൗരൻ, ഭരണഘടന, അവകാശം ഒറ്റ വായനയിൽ തെളിയാത്ത ചിലത് ഈ വാക്കുകളുടെ രണ്ടാം വായനയിൽ തെളിഞ്ഞുകിട്ടും. ശരീഅത്ത് നിയമപ്രകാരമുള്ള, എല്ലാ നിബന്ധനകളുമൊത്ത മുസ്‌ലിംവേഷം ധരിക്കാൻ അനുമതി നൽകണം, കോളേജിലെ ഡ്രസ്‌കോഡ് ഞങ്ങൾക്ക് ബാധകമല്ല എന്ന വാദം ഒരു ഘട്ടത്തിലും ഉഡുപ്പിയിലെ പെൺകുട്ടികൾ ഉയർത്തിയിട്ടില്ല. വിശ്വാസിജീവിതത്തിന്റെ പ്രകാശനമായ ഹിജാബ് ധരിക്കാൻ (ഹിജാബ് എന്ന അറബിവാക്കിനെ ശിരോവസ്ത്രം എന്ന് നേർക്കുനേർ അർഥപ്പെടുത്തുന്നത് ഭാഷാപരമായി ശരിയാകില്ല. എങ്കിലും പൊതുമണ്ഡലത്തിൽ ഹിജാബ് എന്ന വാക്കാണ് ഉള്ളതെന്നതിനാൽ ശിരോവസ്ത്രത്തെ സൂചിപ്പിക്കാൻ അങ്ങനെതന്നെ ഉപയോഗിക്കുന്നു എന്നേയുള്ളൂ) ഭരണഘടന വകവെച്ചുനൽകിയ അവകാശം ഹനിക്കാൻ കോളേജ് അധികൃതർക്കോ ഭരണകൂടത്തിനോ അവകാശമുണ്ടോ എന്ന ഭരണഘടനാ പ്രശ്‌നമാണ് ഉഡുപ്പിയിൽ ഉന്നയിക്കപ്പെടുന്നത്.
ഹൈന്ദവ സമുദായത്തിൽ നിന്നുള്ള വിദ്യാർഥികൾ നെറ്റിയിൽ പൊട്ട് തൊടുന്നു, വിവാഹിതകൾ സിന്ദൂരമണിയുന്നു, ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള വിദ്യാർഥികൾ കുരിശ് ധരിക്കുന്നു, സിഖ് മതവിശ്വാസികൾ തലപ്പാവ് കെട്ടുന്നു, മുസ്‌ലിം പെൺകുട്ടികൾ തല മറക്കുന്നു. ഇതൊക്കെ മതവിശ്വാസത്തിന്റെ ഭാഗമായി പുലർത്തുന്ന നിഷ്ഠകളാണ്. അതിൽ മുസ്‌ലിം പെൺകുട്ടികളുടെ ശിരോവസ്ത്രം മാത്രം ചിലർക്ക് അലോസരമാകുന്നത് എന്തുകൊണ്ടാണ്? അതിൽ വംശീയ വിദ്വേഷമുണ്ട് എന്നതാണ് ഒറ്റശ്വാസത്തിൽ പറയാവുന്ന മറുപടി. അതു മാത്രമല്ലെന്നതാണ് വസ്തുത. തോറ്റ ഭരണകൂടത്തിന്റെ പിടച്ചിലും പൊള്ളലുമാണ് ഈ വിവാദമെന്നതാണ് മറ്റൊരുത്തരം.
ഹിജാബ് എന്താണ്, നിഖാബ് എന്താണ്? പർദയും ബുർഖയും തമ്മിലെന്താണ്? എന്നതിനെക്കുറിച്ചൊന്നും സാമാന്യ ധാരണ പോലുമില്ലാതെയാണ് ചാനലുകളിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. ഒരാധികാരികതയുമില്ലാതെ വായിൽ തോന്നിയത് മതമായും മതവിമർശമായും വിളിച്ചുകൂവുകയാണ് ചിലർ. മതവിഷയങ്ങളിൽ തീർപ്പ് പറയാനുള്ള പണികൂടി ചാനൽ അവതാരകരും രാഷ്ട്രീയ നേതാക്കളും ഏറ്റെടുത്ത നാളുകളാണു കഴിഞ്ഞുപോയത്. ഹിജാബ് നിഖാബായും പർദ ബുർഖയായും മാറിയതങ്ങനെയാണ്.

വസ്ത്രമുരിയുന്ന വർഗീയത

നെറ്റിയിൽ പൊട്ടുകുത്തിയ മേലധികാരി ഗേറ്റിൽ നിലയുറപ്പിച്ച് തലയിൽ തട്ടമിട്ട പെൺകുട്ടികളെയും അധ്യാപികമാരെയും തടഞ്ഞുവെക്കുകയോ തിരിച്ചയക്കുകയോ ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട് സമൂഹമാധ്യമങ്ങളിൽ. കോളേജിൽ നിന്ന് സ്‌കൂളിലേക്കും ഉഡുപ്പിയിൽ നിന്ന് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും ഹിജാബിനെ വലിച്ചുനീട്ടുകയാണ് സംഘപരിവാർ. അധികാരമുള്ളിടത്തെല്ലാം അവരത് പ്രയോഗിക്കുന്നു. അവർക്ക് ഇതൊരു ‘സുവർണാവസര’മാണ്. മറ്റു മതസമൂഹങ്ങളുടെ അടയാളങ്ങൾക്കൊന്നുമില്ലാത്ത അസ്പൃശ്യത മുസ്‌ലിം പെൺകുട്ടികളുടെ ശിരോവസ്ത്രത്തോട് സംഘപരിവാറിനുണ്ടാകുന്നു! മറ്റൊരു വർഗീയ ധ്രുവീകരണത്തിന് ഹിജാബിനെ മറയാക്കുകയാണ് അവർ. വികസന നേട്ടങ്ങളൊന്നും ജനങ്ങളോട് പറയാനില്ലാത്ത ബിജെപി ഭരണകൂടങ്ങൾക്ക് തിരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാൻ പച്ചയ്ക്ക് വർഗീയത പറയണം, ജനങ്ങളെ സാമുദായികമായി പിളർത്തണം! തലയിലെ തട്ടത്തിന്റെ മാത്രം പ്രശ്‌നമല്ലിത്. മുസ്‌ലിംകൾക്ക് അൽപം വിട്ടുവീഴ്ച ചെയ്താലെന്താണ് എന്ന് ചോദിക്കുന്നവർക്ക് ഇപ്പോഴും പ്രശ്‌നത്തിന്റെ മർമം മനസ്സിലായിട്ടില്ല.
ബാബരി മസ്ജിദായിരുന്നു ദീർഘകാലം ബിജെപിയുടെ രാഷ്ട്രീയ തുറുപ്പുചീട്ട്. ഹിന്ദുത്വർക്ക് ക്ഷേത്രം നിർമിക്കാൻ ബാബരിപ്പള്ളിയുടെ ഭൂമി സുപ്രീംകോടതി വിട്ടുനൽകിയതോടെ ആ തുറുപ്പുചീട്ട് ഇനി ഇറക്കാൻ കഴിയില്ലെന്നായി. അപ്പോൾപിന്നെ ഏതിലും വർഗീയത കണ്ടെത്തിയെങ്കിലേ നിലനിൽക്കാൻ കഴിയൂ എന്ന നിലയിലായി ബിജെപി കേന്ദ്രങ്ങൾ. യുപിയിലെ തിരഞ്ഞെടുപ്പ് വേദികളിൽ മുഖ്യമന്ത്രി ആദിത്യനാഥ് ആവർത്തിച്ച പ്രസ്താവന, സംസ്ഥാനത്തെ മത്സരം 80 ശതമാനവും 20 ശതമാനവും തമ്മിലാണെന്നാണ്. യുപി ജനസംഖ്യയിൽ 20 ശതമാനമാണ് മുസ്‌ലിംകൾ എന്നറിയുമ്പോൾ ആ കണക്കിലെ കളി പിടികിട്ടും. മുസ്‌ലിംകളും ഹിന്ദുക്കളും തമ്മിലാണ് മത്സരമെന്ന് പറയാൻ തിരഞ്ഞെടുപ്പ് ചട്ടം അനുവദിക്കില്ല എന്നതിനാൽ 80 ശതമാനം വികസനവാദികളും 20 ശതമാനം വികസനവിരുദ്ധരും എന്നതാണ് ആദിത്യനാഥിന്റെ അവതരണരീതി! കർണാടകയിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പാർട്ടിയിലെ പടലപ്പിണക്കങ്ങളും ജാതീയമായ മൂപ്പിളമ തർക്കങ്ങളും ബിജെപിയെ ജനങ്ങളിൽ നിന്നകറ്റിയിരിക്കുന്നു. അവർക്കിനി ഒരൂഴം കൂടി വോട്ടർമാർ നിലവിലെ സ്ഥിതിയിൽ അനുവദിക്കാനിടയില്ല. അതുകൊണ്ട് മുസ്‌ലിം പെൺകുട്ടിയുടെ തലയിലെ തട്ടം മാത്രമല്ല, പള്ളിപ്പറമ്പിലെ മയ്യിത്തുകളെ പോലും ജനങ്ങളെ വർഗീയമായി പിളർത്താൻ അവരുപയോഗിക്കും.

ലിബറൽ അതിവാദങ്ങൾ

ഇസ്‌ലാം ഒരു വിശ്വാസപ്രമാണമാണ്. അത് യുക്തികൊണ്ട് സ്ഥിരപ്പെടണമെന്നോ ശാസ്ത്രീയമായി സമർഥിക്കപ്പെടണമെന്നോ ഒരു വിശ്വാസിയും നിർബന്ധം പിടിക്കില്ല. യുക്തിക്കും ശാസ്ത്രത്തിനും നിരക്കുന്നുണ്ടോ എന്നത് ഇസ്‌ലാം പ്രാക്ടീസ് ചെയ്യുന്ന ഒരാളുടെ ആധിയേ ആകുന്നില്ല. യുക്തിയോടോ ശാസ്ത്രത്തോടോ ‘ഏറ്റുമുട്ടേണ്ടി’ വരുന്നുവെന്നു തെറ്റിദ്ധരിക്കുന്ന സന്ദർഭങ്ങളിൽ പോലും മതബോധ്യങ്ങളോട് ചേർന്നുനിൽക്കുക എന്നതാണ് വിശ്വാസിയുടെ ശീലം. മതം യുക്തിഭദ്രവും ശാസ്ത്രീയവുമാകണമെന്ന നിർബന്ധം മതവിശ്വാസിയുടേതല്ല, ലിബറലിസത്തിന്റേതാണ്. ആ നിർബന്ധം ഒട്ടും നിഷ്‌കളങ്കമല്ല. ഹിജാബ് വിലക്കിയതിനോടും അനുബന്ധമായി മനഃപൂർവം സൃഷ്ടിച്ചെടുത്ത സ്ത്രീ വേഷത്തിലെ ചർച്ചകളോടും ലിബറലിസ്റ്റുകൾ കൈക്കൊണ്ട നിലപാടുകളിൽ അത് വ്യക്തമാകുന്നുണ്ട്. ഇവരുടെ അതിവാദങ്ങൾ ഓരോന്നായി പരിശോധിക്കാം.
1. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം ധരിക്കണമെന്ന് മുസ്‌ലിംകൾ വാശി പിടിക്കുന്നു.
കർണാടകയിൽ ഹിജാബ് വിലക്കപ്പെട്ട വിദ്യാർഥിനികളോ ഏതെങ്കിലും മുസ്‌ലിം സംഘടനയോ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഭരണഘടന ഉറപ്പുനൽകിയ സ്വത്വപ്രകാശന സ്വാതന്ത്ര്യം നിഷേധിക്കരുത് എന്നതാണ് ആവശ്യം. മുസ്‌ലിംവേഷം അഴിച്ചുവെക്കൂ എന്ന് പറയുന്നവർ നിങ്ങളുടെ സ്വാതന്ത്ര്യത്തെ അടിയറവ് വെക്കൂ എന്നുതന്നെയല്ലേ പറയുന്നത്. സ്ത്രീകൾ തല മറക്കുക എന്നത് മുസ്‌ലിം സംസ്‌കാരമാണ്. സ്ത്രീകൾ തല തുറന്നിടുകയെന്നതാണ് ഹൈന്ദവ സമുദായത്തിലെ പുതിയ രീതി. ക്രിസ്ത്യൻ സമുദായത്തിൽ കന്യാസ്ത്രീകളൊഴികെയുള്ളവരും തല തുറന്നിടുകയാണ് ചെയ്യാറുള്ളത്. അത് അവരുടെ സംസ്‌കാരമാണ്, അതിനുള്ള അവരുടെ അവകാശം സംരക്ഷിക്കപ്പെടണം എന്നതുപോലെ പ്രധാനമാണ് മുസ്‌ലിം സ്ത്രീകളുടെ തല മറക്കാനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്നതും. ഹിജാബിനെതിരായ നിലപാടെടുക്കുന്നവർ മുസ്‌ലിം സ്ത്രീകളോട് പരോക്ഷമായി പറയുന്നത് നിങ്ങൾ മറ്റു മതങ്ങളിലെ സ്ത്രീകളെ പോലെ ആകൂ എന്നാണ്. നിങ്ങൾ തലമറക്കൂ എന്ന് മറ്റു മതങ്ങളിലെ സ്ത്രീകളെ നിർബന്ധിക്കുന്നതുപോലെ ജനാധിപത്യ വിരുദ്ധമാണ് നിങ്ങൾ തല തുറന്നിട്ട് മറ്റുള്ളവരെ പോലെയാകൂ എന്ന് മുസ്‌ലിം സ്ത്രീകളെ ഉപദേശിക്കുന്നത്. ഓരോരുത്തർക്കും അവരവരായിരിക്കാനും അതു പ്രകാരമുള്ള ചിട്ടകൾ ജീവിതത്തിൽ അനുവർത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയുമാണ് ലിബറലുകൾ കൊഞ്ഞനം കുത്തുന്നത്.
2. പർദ ഒരു അറബ് വേഷമാണ്. അത് ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണ്.
വാദത്തിന് വേണ്ടി അതംഗീകരിക്കാം. ഇറക്കുമതി ചെയ്യപ്പെട്ട വേഷം ഇത് മാത്രമാണോ? പാന്റും ജീൻസും ടീ ഷർട്ടും മുതൽ ടൈയും ഷൂവും വരെ ഇറക്കുമതി അല്ലേ? നമ്മുടേതെന്നു പറയാൻ എന്താണുള്ളത്? ഇന്ദിരാഗാന്ധി മുതൽ നിർമല സീതാരാമൻ വരെയുള്ളവർ ധരിച്ചതും/ ധരിക്കുന്നതും ഇന്ത്യൻ സ്ത്രീകൾക്കിടയിൽ വളരെ പ്രചാരമുള്ളതുമായ സാരി തന്നെയും ഒരു വിദേശവനിതയുടെ കണ്ടുപിടുത്തമാണ് (ജെ ദേവികയുടെ ‘കുലസ്ത്രീയും ചന്തപ്പെണ്ണും’ വായിക്കുക). ഇറക്കുമതി വസ്ത്രങ്ങൾ മുഴുവൻ ബഹിഷ്‌കരിക്കാൻ തുടങ്ങിയാൽ നമുക്ക് അണിയാൻ ഏറെയൊന്നും വസ്ത്രങ്ങൾ ഉണ്ടാകില്ല.
3. മുസ്‌ലിം സ്ത്രീകൾക്കിടയിൽ പർദ പോലുള്ള വേഷങ്ങൾ വ്യാപകമായിട്ട് രണ്ടു മൂന്ന് പതിറ്റാണ്ടേ ആയിട്ടുള്ളൂ.
പർദ പ്രചരിച്ചതിന്റെ കാലം നിർണയിക്കുന്നതിലെ മാത്രം അപാകമല്ല ഈ വാദത്തിൽ മുഴച്ചുനിൽക്കുന്നത്, മുസ്‌ലിം ജീവിതത്തോടുള്ള അപരിചിതത്വവും മുൻവിധികളും കൂടിയാണ്. പൊതുഇടങ്ങളിൽ മുസ്‌ലിം സ്ത്രീകളുടെ വർധിത സാന്നിധ്യം കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടിൽ പ്രകടമാണ്. അതിനർഥം പർദ അതിന് മുമ്പ് ഇല്ലായിരുന്നു എന്നല്ല. അതു വാങ്ങിക്കാൻ സാമ്പത്തികശേഷി മുസ്‌ലിംകൾ അന്ന് ആർജിച്ചിരുന്നില്ല എന്നുമുണ്ട് ഒരു വായന.
ഇനി ഇവർ പറയുന്നതുപ്രകാരം മുൻകാലങ്ങളിൽ പർദ തന്നെ ഉണ്ടായിരുന്നില്ല എന്ന് കരുതുക. എന്നാലെന്താണ്? വേഷത്തിലെ ഈ മാറ്റം മുസ്‌ലിംകളിൽ മാത്രമാണോ സംഭവിച്ചത്? കേരളത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട സ്ത്രീകൾ ഒരുപോലെ ഉപയോഗിക്കുന്ന മാക്‌സി (നൈറ്റി) പ്രചാരത്തിലായിട്ട് ഏറെയൊന്നും കാലമായിട്ടില്ല. ചുരിദാർ സർവവ്യാപിയായിട്ട് നാല് പതിറ്റാണ്ട് ആകുന്നതേയുള്ളൂ. അതിനു മുമ്പ് സ്‌കൂളുകളിൽ പെൺകുട്ടികൾ എത്തിയിരുന്നത് പാവാടയും കുപ്പായവും ധരിച്ചാണ്. മുണ്ടും ചട്ടയും ധരിക്കുന്ന എത്ര പേർ പുതുതലമുറ ക്രിസ്ത്യൻ സ്ത്രീകളിലുണ്ട്. ലുങ്കിയും ബ്ലൗസും ധരിക്കുന്ന വൃദ്ധകളെ ഏതെങ്കിലും ഉൾനാടൻ ഗ്രാമങ്ങളിൽ കണ്ടുകിട്ടിയാലായി. ആദ്യകാലങ്ങളിൽ യൗവനയുക്തകൾ പോലും ആ വേഷം ധരിച്ചവരായിരുന്നു. മറ്റു സമുദായങ്ങളിലെ വേഷമാറ്റങ്ങൾ കാലോചിത വികാസമായി സ്വീകരിക്കപ്പെടുകയും മുസ്‌ലിം സമുദായത്തിലേത് പിന്തിരിപ്പനായി ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നതിന് ഒരു യുക്തിയും ആവശ്യമില്ല എന്നിടത്താണ് ലിബറലിസ്റ്റുകൾ എത്തിച്ചേർന്നിരിക്കുന്നത്!
4. മുസ്‌ലിംകൾ കൂടുതൽക്കൂടുതൽ മതാത്മകമാകുന്നതിന്റെ ഭാഗമാണ് വേഷങ്ങളിലെ കാർക്കശ്യം. കുട്ടികളെപ്പോലും ഹിജാബ് ധരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.
മതാത്മകമാവുക എന്നത് ഒരു കുറ്റമല്ല. ചെറുപ്രായത്തിലേ സംസ്‌കാരം അനുശീലിപ്പിക്കുക എന്നതും തെറ്റല്ല. മതമൂല്യങ്ങൾ അനുശീലിക്കുന്നതിലൂടെ നല്ല മനുഷ്യനാകാൻ ഒരാൾ പാകപ്പെടുകയാണ്. മതം മനുഷ്യനെ വിഴുങ്ങുകയോ മയക്കുകയോ അല്ല, അവനെ/അവളെ സംസ്‌കരിക്കുകയാണ്. മുസ്‌ലിംകൾ എക്കാലവും മതാത്മകമായിതന്നെയാണ് ജീവിച്ചത്. മുമ്പ് അതൊരു സ്വാഭാവികതയായിരുന്നു. ഇപ്പോഴതിൽ ആർക്കെങ്കിലും അസ്വാഭാവികത അനുഭവപ്പെടുന്നെങ്കിൽ അതിനർഥം അവരിപ്പോൾ മുസ്‌ലിം ജീവിതങ്ങളിലേക്ക് മുമ്പൊന്നുമില്ലാത്ത ‘ഉത്സാഹത്തോടെ’ ടോർച്ചടിച്ചു നോക്കുന്നുവെന്നാണ്. ആ നോട്ടം ഒട്ടും സൗഹൃദപരമല്ല എന്നതുകൊണ്ടാണ് മുസ്‌ലിംകളുടെ മതാത്മകത ഒരു പ്രശ്‌നമായി ഇടതു-ലിബറൽ ഗ്രൂപ്പുകൾക്ക് അനുഭവപ്പെടുന്നത്.
ഒരു മറുവായന കൂടി ഇവിടെ സാധ്യമാണ്: മതജീവിതത്തിനുമേൽ രാഷ്ട്രീയാധികാരം പ്രതികാരബുദ്ധിയോടെ ഇടപെടുമ്പോൾ അതിനിരയാകുന്ന സമൂഹം വിശ്വാസപ്രകാശനത്തിനുള്ള അവസരങ്ങൾ കൂടുതലായി കണ്ടെത്തും. അതൊരു രാഷ്ട്രീയ പ്രതിപ്രവർത്തനമാണ്. ഇന്ത്യയിൽ അങ്ങനെ സംഭവിച്ചിരിക്കുന്നു എന്നല്ല, അങ്ങനെ സംഭവിക്കാനുള്ള രാഷ്ട്രീയസാഹചര്യം ഉരുത്തിരിയുന്നുണ്ട് എന്നുന്നയിക്കുകയാണ്. സമരക്കാരെ വേഷംകൊണ്ട് തിരിച്ചറിയാമെന്ന് പ്രസംഗിച്ച ഒരു ഭരണാധികാരിയുള്ള രാജ്യത്ത് വേഷം രാഷ്ട്രീയ പ്രമേയമാകുന്നതിൽ എന്തുണ്ട് അതിശയിക്കാൻ? അതിനെ ജനാധിപത്യ സ്പിരിറ്റോടെ അഭിവാദ്യം ചെയ്യാൻ സ്വാതന്ത്ര്യവാദികൾ എന്നും ജനാധിപത്യ പോരാളികൾ എന്നും അവകാശപ്പെടുന്നവർക്ക് കഴിയേണ്ടതാണ്.
പക്ഷേ സംഭവിക്കുന്നതെന്താണ്? ലിബറലിസത്തിന്റെ ചെരുപ്പിനൊപ്പിച്ച് ഇസ്‌ലാമിന്റെ കാല് മുറിക്കാനുള്ള ക്രൂരമായ അജണ്ട നടത്തിയെടുക്കാനുള്ള അവസരമായി ഹിജാബ് വിവാദത്തെ കാണുകയാണ് ഉദാരതാവാദികൾ. അതിനുവേണ്ടി ഫാസിസത്തിന് കൈ കൊടുക്കാനും മടിക്കില്ലെന്ന് പറയാതെ പറഞ്ഞുവെക്കുന്നുണ്ടവർ.
മുസ്‌ലിം സമുദായം കരുതലോടെ കാലു വെക്കേണ്ട കാലമാണിത്. വാക്കിലോ പ്രവൃത്തിയിലോ ചുവടൊന്നു പിഴച്ചാൽ അതിനു പിഴയൊടുക്കണ്ടിവരുന്നത് ദീർഘകാലത്തേക്കാകും. വിവാദങ്ങളിൽ മുസ്‌ലിം സമുദായത്തെ തളച്ചിടുന്നവർക്ക് പലതാണ് ലക്ഷ്യം. ഹിജാബിൽ തുടങ്ങിയ വിവാദം ഹിജാബിൽ അവസാനിക്കില്ല എന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞല്ലോ. ഭരണഘടനയെ മുൻനിറുത്തി സംസാരിക്കാനും ജനാധിപത്യ മണ്ഡലവുമായി സംവാദങ്ങളിലേർപ്പെടാനും സന്നദ്ധമാവുക മാത്രമാണ് ഇത്തരം വിവാദകാലങ്ങളിൽ മുസ്‌ലിംകൾക്ക് സംഗതമായിട്ടുള്ളത്. ഈ വക പരീക്ഷണങ്ങളെ അതിജയിക്കാനുള്ള ദൃഢത ഇസ്‌ലാമിനുണ്ട് എന്ന പരമമായ സത്യം ഉൾക്കൊണ്ട് ഈ കാലത്തെയും വിശ്വാസിമുസ്‌ലിംകൾ കടന്നുപോവുക തന്നെ ചെയ്യും.

മുഹമ്മദലി കിനാലൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ