പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കിഴക്കൻ പിന്നാക്ക, മലയോര പ്രദേശങ്ങൾ സന്ദർശിച്ച് അവിടങ്ങളിലെ ദഅ്‌വ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയെന്ന ലക്ഷ്യത്തോടെയാണ് ബാവ ദാരിമിയും സുഹൃത്ത് റഫീഖ് സാഹിബുമൊത്ത് ഈയിടെ ഇടുക്കി, കോട്ടയം ജില്ലകളിലെ ഹൈറേഞ്ച് മേഖലകളിലൂടെ സഞ്ചരിച്ചത്. ദയനീയവും പ്രബോധകരുടെ സജീവമായ ഇടപെടലുകൾ നിരന്തരം ആവശ്യവുമുള്ള പ്രദേശങ്ങളുമാണ് അവയെന്ന് നേരിൽ ബോധ്യപ്പെട്ടു. ഷാജഹാൻ മുഈനി, നജീബ് സഖാഫി, മുസ്തഫ അഹ്‌സനി ഉൾപ്പടെയുള്ള പ്രബോധകരുടെ കൂടെയായിരുന്നു ഇടുക്കിയിലെ സഞ്ചാരം. കോട്ടയത്ത് ലിയാഖത് സഖാഫി, അനസ് മദനി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
പണ്ട് ‘കിളിമലക്ക് താഴെ ഇസ്‌ലാം കേട്ടു കേൾവി’ എന്നൊരു കുറിപ്പെഴുതിയിരുന്നു. ഹൈറേഞ്ച് മേഖലയുടെ സമകാല കാഴ്ചകൾ പങ്കുവെക്കുന്നതും വ്യത്യസ്ത അനുഭവമല്ല. മുസ്‌ലിംകളുണ്ടെങ്കിലും ഇസ്‌ലാമിക അറിവുകളുമായോ സംസ്‌കാരവുമായോ അടുത്തിടപഴകാൻ അവസരം ലഭിക്കാത്ത സാധാരണക്കാരാണ് ഏറെയും. കൃഷിയും കൂലിപ്പണിയുമൊക്കെയായി ജീവിതം കഴിച്ചുകൂട്ടുന്നു. മറ്റുള്ളതിലേക്കൊന്നും ശ്രദ്ധിക്കാൻ അവർക്ക് സമയമില്ല, അങ്ങനെ ശ്രദ്ധിക്കണമെന്ന അവബോധവുമില്ല. അതുകൊണ്ട് തന്നെ വ്യവസ്ഥാപിത മദ്‌റസാ പഠനമില്ല, വഖ്ത്തുകളിലെ നിസ്‌കാരങ്ങളില്ല, ദീനിയ്യായ യാതൊരുവിധ ചിഹ്നങ്ങളുമില്ല.
ഇക്കഴിഞ്ഞ റമളാനിലുണ്ടായ ഒരനുഭവം ഷാജഹാൻ മുഈനി വിവരിച്ചു തന്നു. അദ്ദേഹത്തിന്റെ ഉസ്താദ് സുബൈർ അഹ്‌സനിയുടെ നേതൃത്വത്തിലുള്ള ദഅ്‌വാ സംഘം ഇടുക്കിയിലെ ഒരു പ്രദേശത്തു കൂടെ വീടുകൾ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഉച്ചക്ക് ശേഷം അവർ ഒരു വീട്ടിലെത്തിയപ്പോൾ ആദരപൂർവം ഉസ്താദുമാരെ സ്വീകരിക്കുകയും ഉച്ച ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയുമുണ്ടായി! ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളിൽ കുടുംബത്തോടൊപ്പം തന്നെ ഇസ്‌ലാമിൽ നിന്നും മറ്റു മതങ്ങളിലേക്ക് പരിവർത്തനം നടത്തുന്ന വാർത്തകളും ഈ യാത്രയിൽ ഞങ്ങൾക്ക് കേൾക്കേണ്ടിവന്നു. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നാല് മുതൽ പത്തു കുടുംബങ്ങൾ വരെ ഇങ്ങനെ മതപരിവർത്തനം ചെയ്‌തെന്ന് കേട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.

വെള്ളിയാഴ്ച പള്ളികൾ

ഞങ്ങൾ സന്ദർശിച്ച പ്രദേശങ്ങളിൽ ചില പള്ളികൾ പറ്റേ അടഞ്ഞു കിടപ്പാണ്. കോവിഡ് മൂലമുള്ള അടച്ചിടലല്ല ഇത്. ഒരു ഇമാമിനെ നിർത്താനുള്ള ശേഷിയില്ലാത്തതു കാരണം പൂട്ടിയതാണ് ചിലത്. മറ്റു ചിലത് അങ്ങനെ ഒരവബോധം ഇല്ലാത്തതിനാലും. ചില പള്ളികളിൽ വെള്ളിയാഴ്ചക്ക് മാത്രമായി ഒരാളെ നിശ്ചയിച്ചിട്ടുണ്ട്. അദ്ദേഹം വന്ന് ഖുതുബ നിർവഹിച്ചു നിസ്‌കാരത്തിനു നേതൃത്വം നൽകി തിരിച്ചുപോകും. മറ്റുള്ള വഖ്ത്തുകളിൽ ആരെങ്കിലും വന്നു നിസ്‌കരിച്ചെങ്കിലായി. അങ്ങനെ വെള്ളിയാഴ്ചപ്പള്ളികളായി അവ പരിണമിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ഇത്തരം പള്ളികൾ പ്രബോധകർക്കായി കേഴുകയാണ്. കൃത്യമായ വാങ്ക് വിളികൾ നടക്കാതെ, ജമാഅത്ത് നിസ്‌കാരങ്ങളില്ലാതെ വിശ്വാസികളെ കാത്തുകിടക്കുന്ന പള്ളികൾ.

മദ്‌റസാ പഠനമില്ലാത്ത ഗ്രാമങ്ങൾ

ഇത്തരം ഗ്രാമങ്ങളിൽ പലതിലും മദ്‌റസാ പഠനവും നടക്കുന്നില്ലെന്നതാണ് ദു:ഖകരം. അതുകൊണ്ടു തന്നെ വളർന്നുവരുന്ന തലമുറകളെ ദീനിൽ നിലനിർത്താനോ അവർക്ക് ഇസ്‌ലാമിക സംസ്‌കാരം പകർന്നു കൊടുക്കാനോ കഴിയുന്നില്ല. ഫലമോ ദീനറിയാത്ത, അല്ലാഹുവിനെ അറിയാത്ത തിരുനബിയെ കുറിച്ചറിയാത്ത, പേര് കൊണ്ട് മാത്രം മുസ്‌ലിമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയാണ്. അതും എല്ലാം കൊണ്ടും നൂറുമേനി തികഞ്ഞുവെന്ന് നാം അഭിമാനിക്കുന്ന നമ്മുടെ സുന്ദര കേരളത്തിൽ!
കേരളത്തിൽ ഇസ്‌ലാമിക സംസ്‌കാരം സന്നിവേശിപ്പിച്ചതിൽ മദ്‌റസകൾ വഹിച്ച പങ്ക് അനിഷേധ്യമാണ്. തലമുറകൾക്ക് ദീനീ സംസ്‌കാരം പഠിപ്പിച്ച് അവരെ വളർത്തിയെടുക്കുന്നതിൽ അതുല്യമായ പങ്കു വഹിച്ചത് മദ്‌റസകളാണ്. അപ്പോൾ മദ്‌റസകളില്ലാത്ത ഗ്രാമങ്ങളിൽ വളരുന്ന മുസ്‌ലിം കുട്ടികളെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ.

ചേലാകർമം ചെയ്യാത്തവർ

പര്യടനത്തിനിടെ ഒരു കോളനിയിൽ വെച്ച് ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. അദ്ദേഹത്തിന് രണ്ട് ആൺകുട്ടികളാണ്. മൂത്തയാൾക്ക് പതിനാലും രണ്ടാമന് പത്തും വയസ്സ്. ഇരുവരും മദ്‌റസയിൽ പോകുന്നില്ല. കാരണം തിരക്കിയപ്പോൾ സുന്നത്ത് കഴിഞ്ഞിട്ടില്ലെന്ന് മറുപടി. എന്തുകൊണ്ട് സുന്നത്ത് കഴിച്ചില്ലെന്നാരാഞ്ഞപ്പോൾ ‘അതിന് രണ്ടായിരം രൂപയൊക്കെ വേണ്ടേ, അത്രയും കാശ് ഒപ്പിക്കാൻ സാധിച്ചില്ലെന്ന്’ ഉത്തരം. കൂടുതൽ അന്വേഷിച്ചപ്പോൾ മുതിർന്ന ഇരുപതിലധികം കുട്ടികൾ ആ ഗ്രാമത്തിൽ മാത്രം ചേലാകർമം കഴിക്കാത്തവരുണ്ടെന്നു ബോധ്യമായി. ഇവർക്കായി ഒരു സുന്നത്ത് ക്യാമ്പ് നടത്താനുള്ള പദ്ധതിയിട്ടാണ് അവിടെ നിന്നു മടങ്ങിയത്.

നികാഹില്ലാത്ത കല്യാണങ്ങളും

ഒരേ വീട്ടിൽ തന്നെ ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം പുതിയാപ്പിളമാരുള്ള മുസ്‌ലിം വീടുകളെ കുറിച്ചും കേട്ടു. അത്തരത്തിലുള്ള ഒരു വീട് സന്ദർശിക്കാനുമായി. ദീനിയ്യായി നിരക്ഷരരായ ഒരു സമൂഹത്തെ കുറ്റപ്പെടുത്തിയിട്ട് എന്തു പ്രയോജനം? നമ്മുടെ ബാധ്യത വേണ്ട രൂപത്തിൽ നിർവഹിക്കാത്തതല്ലേ അടിസ്ഥാന കാരണം. ഇക്കാര്യത്തിൽ ഞാനും നിങ്ങളും അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടില്ലേ?!

മതംമാറ്റത്തിന് കോപ്പുകൂട്ടി മിഷനറികൾ

ദാരിദ്ര്യവും മതബോധമില്ലായ്മയും വേട്ടയാടുന്ന ഇത്തരം ഗ്രാമങ്ങളെ ലക്ഷ്യംവെച്ചു മിഷനറിമാർ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതത്രെ. ഹൈറേഞ്ചിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടാണ് ജനവാസമുള്ളത്. അതിൽ മുസ്‌ലിംകൾ തുലോം കുറവും. രണ്ടും മൂന്നും കുടുംബങ്ങൾ മാത്രം ജീവിക്കുന്ന പ്രദേശങ്ങളുണ്ട്. അവർക്ക് നിസ്‌കരിക്കാൻ പള്ളിയിലേക്ക് വരണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം. ഇത്തരം പ്രദേശങ്ങളെ മിഷനറിമാർ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നു. സാമ്പത്തിക, വിഭവ സഹായങ്ങൾ നൽകി കുരിശു പടർത്തുന്നു.

ദാഇകളെ തരുമോ?

കിഴക്കൻ പ്രദേശത്തെ ഒരു പള്ളി പ്രസിഡന്റുമായി സംസാരിച്ചു. പള്ളിയിലേക്ക് ആരും വരുന്നില്ല, ചെറുപ്പക്കാരെ തീരെ കിട്ടുന്നില്ല. മദ്‌റസയും സൗകര്യവുമൊക്കെയുണ്ടായിട്ടും പത്താം ക്ലാസിൽ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ഖുർആൻ പാരായണം ചെയ്യാനോ നിസ്‌കരിക്കാനോ അറിയില്ലത്രെ. ‘നിങ്ങൾക്ക് ഇടക്കിടെ ഇവിടേക്ക് വരാമോ? വീടുകൾ സന്ദർശിച്ച് ദീനിന്റെ സംസ്‌കാരവും സന്ദേശവും എത്തിച്ചാൽ ഈ മനോഭാവം തീർച്ചയായും മാറും. താമസ സൗകര്യങ്ങൾ ഞങ്ങൾ ഒരുക്കിത്തരാം.’ നമ്മുടെ ദഅ്‌വാ കോളേജുകൾ ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുമോ? കുറേയധികം ഹൃദയങ്ങളിൽ സത്യപ്രകാശം പരത്താൻ അവർക്കെങ്കിലും കഴിയില്ലേ.

ലഹരിയുടെ പിടിയിൽ

ഇവിടെയൊരു ഗ്രാമത്തിൽ മുമ്പൊരു ഉസ്താദ് പ്രബോധന പ്രവർത്തനങ്ങളുമായി വന്നു. അവിടെയുള്ള മുസ്‌ലിംകളെയൊക്കെ പള്ളിയിൽ ഒരുമിച്ചുകൂട്ടി. വന്നുചേർന്ന മിക്കവരും മൂക്കറ്റം മദ്യപിച്ചിരുന്നുവത്രെ. അദ്ദേഹം ശാന്തനായി പറഞ്ഞു: നാളെയും നമുക്ക് ചേരണം. നാളത്തേക്ക് മാത്രം നിങ്ങളൊന്ന് മദ്യം കഴിക്കാതെ വരുമോ? എല്ലാവരും സമ്മതിച്ചു പിരിഞ്ഞു. പിറ്റേന്ന് എല്ലാവരുമെത്തി. അതിൽ ഒരാൾ മാത്രമേ മദ്യപിക്കാത്തതുണ്ടായിരുന്നുള്ളൂ. എങ്കിലും അതൊരു നല്ല ലക്ഷണം തന്നെയായിരുന്നു. മതപരമായി ഒന്നുമറിയാത്ത, മദ്യം അടിമയാക്കിക്കളഞ്ഞ സമൂഹത്തിൽ നിന്നും ഒരാളെങ്കിലും മദ്യപിക്കാതെ വന്നല്ലോ.
മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി മാറുന്ന യുവത്വം, ഇസ്‌ലാമിക സംസ്‌കാരം എന്തെന്ന് തിരിച്ചറിയാത്ത സഹോദരിമാർ, മതത്തിന്റെ ബാലപാഠമറിയാത്ത കുട്ടികൾ… നമ്മുടെ മൂക്കിന് താഴെ ഇങ്ങനെയും സാമൂഹികാവസ്ഥകളുണ്ടെന്നു തിരിച്ചറിയാതെ വയ്യ. അവരെ അഭിസംബോധന ചെയ്യാൻ നമുക്കാവുന്നില്ലെങ്കിൽ അത് വലിയൊരു പരാജയം തന്നെ. വിശുദ്ധ മതത്തിൽ ജനിച്ചു വളരുന്ന ഒരു സമൂഹത്തിനു ഇസ്‌ലാം കേട്ടുകേൾവി മാത്രമായിത്തീരുന്നുവെന്നത് ഗുരുതരമല്ലേ.

നമുക്കെന്ത് ചെയ്യാൻ കഴിയും?

പരിശുദ്ധ ഇസ്‌ലാമിനെ നെഞ്ചേറ്റാനും ദീനീ സംസ്‌കാരത്തിൽ ജീവിക്കാനും നമുക്ക് ഭാഗ്യം ലഭിച്ചു. എന്നാൽ ഇതൊന്നുമറിയാതെ ജീവിക്കുന്ന നമ്മുടെ സഹോദരങ്ങളിലേക്ക് ദീൻ പകർന്നുകൊടുക്കാൻ നമുക്ക് ബാധ്യതയുണ്ട്. തീർച്ചയായും ഇതേ കുറിച്ച് നമ്മോട് മഹ്ശറിൽ ചോദ്യമുണ്ടാവും. ഒരാളെയെങ്കിലും ഇസ്‌ലാമിക ജീവിതം പരിശീലിപ്പിക്കാനായാൽ, നിസ്‌കരിപ്പിക്കാനായാൽ, നമ്മുടെ ഇടപെടൽ കൊണ്ട് ഒരു മദ്യപാനി സംസ്‌കൃതനായാൽ, ഒരു സഹോദരി ഇസ്‌ലാമിക ജീവിതം ശീലമാക്കിയാൽ ആഖിറത്തിലേക്കുള്ള വലിയ മുതൽക്കൂട്ടായി അതു മാറും.
വലിയ ബഹളങ്ങളും ആക്രോശങ്ങളുമല്ല; സ്‌നേഹം നിറഞ്ഞ, ആത്മാർത്ഥതയുള്ള പ്രവർത്തിയാണ് വേണ്ടത്. അതിന്, ഈ ആയുസ്സിൽ ഒരാൾക്കെങ്കിലും ദീനിന്റെ മഹിത സംസ്‌കാരം എത്തിക്കണമെന്ന ആഗ്രഹമുണ്ടായാൽ മാത്രം മതി. അഹങ്കാരത്തിന്റെ സർവ ജാഢകളും അഴിച്ചുവെച്ച്, നിന്നുതിരിയാൻ സമയമില്ലാത്ത തിരക്കുകൾക്ക് തൽക്കാലം അവധി കൊടുത്ത് സമൂഹത്തിലേക്കിറങ്ങാൻ നിങ്ങൾക്ക് കഴിയുമോ? ഒന്ന് പുഞ്ചിരിക്കാൻ, ചേർത്തു പിടിക്കാൻ, കൂടെ കൂടാൻ സാധിക്കുമോ?
ഓരോ മുസ്‌ലിമിലും ഉണ്ടായിരിക്കേണ്ട വിശുദ്ധ വെളിച്ചമാണ് ഹൃദയത്തിലാകെയും വ്യാപിച്ചു കിടക്കുന്ന തെളിഞ്ഞ വിശ്വാസം. ഈ വിശ്വാസമാണ് ഇസ്‌ലാമിന്റെ ജീവനാഡി. അത് തന്നെയാണതിന്റെ ശ്വസനവായുവും ജീവിതോപാധിയും. ഈ വിശ്വാസത്തിനു കോട്ടം വരാതെ സംശുദ്ധമായി നിലനിർത്താൻ, അല്ലാഹുവിന്റെ കൽപനകൾക്ക് വഴിപ്പെട്ട് ജീവിക്കാൻ കൽപിക്കപ്പെട്ടവരാണല്ലോ മുസ്‌ലിംകൾ. നാം മാത്രമല്ല, നമ്മുടെ കൂടെയുള്ളവരും മുസ്‌ലിംകളായി ജനിച്ചവരെല്ലാം ഇവ്വിധമാണെന്ന് ഉറപ്പ് വരുത്താൻ ഓരോ പ്രബോധകനും ബാധ്യതയില്ലേ. അത്തരമൊരു തലത്തിലേക്ക് നമ്മുടെ പ്രബോധന പ്രവർത്തനങ്ങൾ എത്തുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അല്ലാഹുവിലേക്കുള്ള ക്ഷണം മാത്രമല്ല ദഅ്‌വത്. ഞാൻ മുസ്‌ലിമാണെന്നുള്ള ആത്മപ്രഖ്യാപനം കൂടിയാണത്. ഖുർആൻ പറയുന്നു: ‘അല്ലാഹുവിന്റെ പാന്ഥാവിലേക്കുള്ള ക്ഷണം നിർവഹിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ഞാൻ മുസ്‌ലിം തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവനേക്കാൾ ഉത്തമഭാഷിയായി മറ്റാരുണ്ട്’ (ഫുസ്സിലത്: 33).
നാമോരോരുത്തരും ദാഇകളാവുക എന്നതാണ് പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത്. പിന്നാക്ക പ്രദേശങ്ങൾ തേടി നമ്മുടെ ഖാഫിലകൾ യാത്രയാവട്ടെ. സ്റ്റേജ് ദഅ്‌വയും പേജ് ദഅ്‌വയുമൊക്കെ വേണ്ടത്ര ഇപ്പോഴുണ്ട്. ഫീൽഡ് ദഅ്‌വക്ക് നാം തയ്യാറാവുക. മാസത്തിൽ നിശ്ചിത ദിവസമെങ്കിലും ദഅ്‌വാ സന്ദേശവുമായി നമുക്ക് പുറപ്പെട്ടുകൂടേ. ദീനീ സന്ദേശവുമായി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാം. സ്‌നേഹത്തോടെ അവരെ നമുക്ക് ചേർത്തു നിർത്താം. അവരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊടുക്കാം. അങ്ങനെ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാം.
ഇത്തരം പ്രദേശങ്ങളിലെ യുവതലമുറയിലേക്ക് ഇസ്‌ലാമിക വിദ്യാഭ്യാസമെത്തിക്കുക എന്നതാണ് മറ്റൊന്ന്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യമായ വിദ്യാഭ്യാസം നൽകി ദീനീ സാക്ഷരത ഉള്ളവരാക്കുക. അങ്ങനെ തലമുറകളുടെ നിർമാണത്തിനാവശ്യമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുക. തലമുറകൾക്ക് ദീനീ ചൈതന്യം പകർന്നു നൽകുക എന്നതാണ് ഇത്തരം പ്രദേശങ്ങളിൽ കരണീയം.
പിന്നാക്ക പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിച്ചും താമസിച്ചും അവിടത്തെ നാഡീമിടിപ്പുകൾ മനസ്സിലാക്കി ആവശ്യമായ പ്രത്യേക ദഅ്‌വാ പാക്കേജുകൾക്ക് രൂപം കൊടുക്കുക. അല്ലാഹുവിന്റെ ദീനിനോടുള്ള മഹബ്ബത്തും ദഅ്‌വാ പ്രവർത്തനത്തോടുള്ള അഭിനിവേശവുമുള്ള മുഴുസമയ ദാഇകളെ നിയമിക്കാനാകണം. വെള്ളിയാഴ്ച പള്ളികളിലേക്ക് ആവശ്യമായ ഉസ്താദുമാരെ നിയമിച്ചു അവർക്കുള്ള വേതനം നാം തന്നെ നേരിട്ട് നൽകണം. മദ്‌റസാ വിദ്യാഭ്യാസത്തിനു അവിടത്തെ സാഹചര്യം മനസ്സിലാക്കിയുള്ള നടപടികളുണ്ടാവണം. ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി മദ്‌റസാ പഠനത്തിനാവശ്യമായതു ചെയ്യേണ്ടതുണ്ട്. ഇതിനെല്ലാം ഭാരിച്ചൊരു ഫണ്ട് അത്യാവശ്യമാണ്. പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ഖാഫില പ്രവർത്തനത്തിന്റെ ഭാഗം തന്നെയാണീ യാത്രകളും. അതിനാൽ നമുക്കൊരുമിച്ചു യാത്ര തുടരാം. പദ്ധതികൾ കൂടുതൽ വ്യവസ്ഥാപിതവും പ്രയോജനപ്രദവുമാക്കാം. അങ്ങനെ ഈ വെളിച്ചത്തോട് പുറം തിരിഞ്ഞു നിൽക്കുന്നവരെയും നമുക്ക് ശുഭ്രതയിലേക്ക് വലിച്ചടുപ്പിക്കാം.

ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ