തിരുദൂതർ(സ്വ)യെ സൃഷ്ടിക്കാൻ ആഗ്രഹമില്ലായിരുന്നുവെങ്കിൽ അല്ലാഹു ലോകത്തെ തന്നെ പടക്കുമായിരുന്നില്ലെന്ന് നിരവധി പണ്ഡിതർ ഉദ്ധരിച്ച ഹദീസിൽ കാണാം. അങ്ങനെ സർവലോകത്തിനും അനുഗ്രഹവും മാർഗദർശനവുമായി ജനിച്ച റസൂൽ(സ്വ)യുടെ ജന്മത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുന്നത് വിശ്വാസികളുടെ ബാധ്യതയാണ്. നന്ദിയുള്ള അടിമയാകണമെന്നാണല്ലോ നമ്മോടുള്ള കൽപന. തിരുനബി(സ്വ)യെ നമ്മിലേക്ക് നിയോഗിക്കുകയും അവിടുത്തെ ഉമ്മത്തിൽ ഉൾപെടാൻ നമുക്ക് അവസരം നൽകുകയും ചെയ്തതിന് നാം അല്ലാഹുവിനോട് എത്ര നന്ദി ചെയ്താലും മതിയാവുകയില്ല. നബി(സ്വ)യുടെ അപദാനങ്ങൾ പാടിപ്പറയുന്ന മൗലിദാഘോഷം പൂർവ കാലം മുതൽ വിശ്വാസികൾ നടത്തിവരുന്നതും ഈ ലക്ഷ്യത്തിലാണ്. ഇസ്ലാമിക ലോകം നിറഞ്ഞ ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് ഓരോ വർഷവും ആ ജന്മദിനത്തെ വരവേൽക്കുന്നത്.
നരകശിക്ഷയിൽ നിന്ന് അനുഗ്രഹ വർഷത്തിന്റെ ശാശ്വത സ്വർഗത്തിലേക്ക് മാനവകുലത്തെ കൈപിടിച്ച് നയിച്ച മഹാനുഭാവന്റെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് തിരുജന്മത്തോളം പാരമ്പര്യമുണ്ട്. അതുപോലെ തന്നെ ആ പുണ്യപിറവിയിൽ അമർഷമുള്ളവരും എക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇത് ചരിത്ര യാഥാർത്ഥ്യമാണ്. അബൂജഹലും മറ്റും തുടങ്ങിവെച്ച നബിവിരോധം പലതരത്തിലുള്ള അനുയായികൾ തുടരുന്നുവെന്നു മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂ. ലോകാവസാനം വരെ ഇതുരണ്ടും മുന്നോട്ടുപോവുകയും ചെയ്യും.
നമുക്ക് മുമ്പിൽ റസൂൽ(സ്വ)യെ കണ്ട രണ്ടു പരമ്പരകളുണ്ട്. അവിടുത്തെ ജന്മത്തിലും നുബുവ്വത്തിലും സന്തോഷിക്കുകയും നന്ദി പ്രകടിപ്പിക്കുകയും അനുധാവനം ചെയ്ത് വിജയികളാവുകകയും ചെയ്ത ഒരു വിഭാഗം. നാലു ഖലീഫമാരുടെയും സ്വഹാബത്തിന്റെയും വഴിയാണിത്. അവർ നക്ഷത്ര സമാനരാണെന്നും അതിലാരെ പിൻപറ്റിയാലും സ്വർഗസ്ഥരാകുമെന്നും നബിതങ്ങൾ പഠിപ്പിച്ചതാണ്. രണ്ടാമത്തേത്, ഈ അനുഗ്രഹത്തോട് പുറംതിരിഞ്ഞ് നിൽക്കുകയും ആ വ്യക്തിത്വത്തെയും ആദർശത്തെയും ഉന്മൂലനം ചെയ്യാൻ ശ്രമിച്ച് ഇരുലോകത്തും പരാജയമടഞ്ഞ ശത്രുക്കളുടെ സരണിയാണ്. ഈ പാതയിലുള്ളവർക്ക് എന്നും നബിദിനാഘോഷം ശിർക്കും ബിദ്അത്തും പാപവുമാണ്.
നബിദിനാഘോഷത്തിന്റെ ഭാഗമായി നമ്മൾ നടത്തുന്നത് എത്ര നല്ല സംഗതികളാണെന്ന് ആലോചിച്ചു നോക്കൂ. ലോകാനുഗ്രഹിയായ ആ മഹാനുഭാവന്റെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നു, അവിടുത്തെ മദ്ഹുകൾ ചൊല്ലിപ്പറയുന്നു, അവിടുത്തെ പിൻതലമുറയായ അഹ്ലുബൈത്തിനോട് സ്നേഹം പ്രകടിപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്നു, അല്ലാഹുവിന് നന്ദി സൂചകമായി അന്നദാനം നടത്തുന്നു. ഇവയെല്ലാം അല്ലാഹുവിനുള്ള ആരാധനകളാണ്. ഈ പറഞ്ഞ ഒന്നിലും മുസ്ലിംകൾ ചെയ്യരുതെന്ന് വിലക്കുള്ള ഒരു സംഗതിയുമില്ല. തന്റെ ജന്മദിനമെന്ന പരിഗണനയോടെ എല്ലാ തിങ്കളാഴ്ചകളിലും തിരുനബി(സ്വ) നോമ്പെടുത്തത് ഹദീസിൽ വന്നതുമാണല്ലോ. പ്രാമാണികമായി സ്ഥിരപ്പെട്ട ഇത്തരം പുണ്യകർമങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുകയും ഇവ മതത്തിന്റെ വൃത്തത്തിന് പുറത്താണെന്ന് ആരോപിക്കുകയും ചെയ്യുന്നവർ ദീനീ പാരമ്പര്യമല്ല പിന്തുടരുന്നതെന്നേ പറയേണ്ടൂ.
മുഹമ്മദ് നബി(സ്വ) അടക്കമുള്ള നബിമാരുടെയും മഹത്തുക്കളായ ഔലിയാക്കളുടെയും അപദാനങ്ങൾ വിശുദ്ധ ഖുർആനിൽ അനേകം സ്ഥലങ്ങളിൽ കാണാം. നബി(സ്വ)യുടെ തിരുവചനങ്ങളിലും അവ ദർശിക്കാം. പ്രവാചകർ(സ്വ)യെ സ്വഹാബികളും സ്വഹാബത്ത് പരസ്പരവും പ്രകീർത്തിച്ചത് പ്രമാണങ്ങളിലുണ്ട്. ബിദഇകൾക്കു സ്വീകാര്യനായ ഇബ്നു കസീർ കുറിച്ചത്, റസൂലെന്ന അനുഗ്രഹത്തെ ആരെങ്കിലും സ്വീകരിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്താൽ അവൻ ഇരുവീട്ടിലും വിജയിച്ചു. ആ അനുഗ്രഹത്തെ അംഗീകരിക്കാതിരിക്കുകയും നിഷേധിക്കുകയും ചെയ്തവൻ പരാജയപ്പെട്ടുവെന്നാണ് (തഫ്സീർ ഇബ്നികസീർ 5/385).
ഇബ്നു ഹജർ(റ) എഴുതി: അല്ലാഹു നബി(സ്വ)യെ കൊണ്ട് വിശ്വാസി, അവിശ്വാസി എന്ന വ്യത്യാസമില്ലാതെ സൃഷ്ടികൾക്കാകമാനം അനുഗ്രഹം ചെയ്തു. ആ അനുഗ്രഹം ഇരട്ടിക്കുകയും ആവർത്തിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് നബിയ്യുർറഹ്മത്ത്’ (അനുഗ്രഹത്തിന്റെ നബി) എന്ന് നാമകരണം ചെയ്തത് (അശ്ഫുൽ വസാഇൽ 534). യൂനുസ് സൂറത്തിന്റെ 58ാം സൂക്തത്തിൽ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ നിർദേശിക്കുകയും ചെയ്തു.
അനുഗ്രഹങ്ങളെ നന്ദിപൂർവം സ്മരിക്കുന്നതും അതിൽ സന്തോഷാഹ്ലാദങ്ങൾ പ്രകടിപ്പിക്കുന്നതും മതപ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുമ്പോൾ വിശ്വാസിക്ക് സംശയിച്ചു മാറിനിൽക്കാൻ പഴുതില്ലെന്നു ചുരുക്കം. ഈ യാഥാർത്ഥ്യം മനസ്സിലാക്കി പൗരാണിക ബിദഈ നേതാക്കൾ മൗലിദാഘോഷത്തെ അംഗീകരിക്കുകയും അത് സുന്നത്തും പുണ്യകർമവുമാണെന്ന് എഴുതുകയും അനുയായികളോട് കൽപിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. എന്നാൽ, പ്രമാണത്തെയും പൂർവിക നേതൃത്വത്തെയും തള്ളി പിൽകാലത്ത് രംഗത്ത് വന്നവരാണ് കുഴപ്പങ്ങളും സന്ദേഹങ്ങളും സൃഷ്ടിച്ചത്. അങ്ങനെ ആ ലോകാനുഗ്രഹി ജനിച്ച സുദിനം ഇവർക്ക് ദുരന്തദിനമായി. ആഘോഷം ബിദ്അത്തും അനാചാരവുമായി. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി അവർ നടത്തുന്ന വിലകുറഞ്ഞ ന്യായങ്ങൾ വിശകലനം ചെയ്താൽ അതിനു മതപരമായി തീരെ പിന്തുണയില്ലെന്ന് എല്ലാവർക്കും ബോധ്യമാകും.
അല്ലാഹുവിനുള്ള പുണ്യകരമായ ഒരു ഇബാദത്താണെന്ന വിശ്വാസത്തോടെയും പ്രതിഫല പ്രതീക്ഷയോടെയുമാകണം മീലാദാഘോഷം. നിയ്യത്തുകൾക്കനുസരിച്ചാണ് പ്രതിഫല ലബ്ധിയെന്ന് പ്രവാചകർ(സ്വ) പഠിപ്പിച്ചതാണ്. നബിസന്ദേശങ്ങൾ പകർന്നും ജീവിതത്തിൽ പകർത്തിയും സ്വലാത്തും മദ്ഹും വർധിപ്പിച്ചുമാകണം നമ്മുടെ സ്നേഹ പ്രകടനങ്ങൾ.
പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ