വാനഭൂവനങ്ങളും അവയിലുള്ള സര്‍വവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വിജ്ഞാനം, കര്‍മം എന്നീ രണ്ടു ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചാണ്. ഖുര്‍ആന്‍ പറയുന്നു: ‘ഏഴ് ആകാശങ്ങളെയും ഏഴ് ഭൂമികളെയും പടച്ചവനാണല്ലാഹു. അവയ്ക്കിടയില്‍ അവന്റെ ആജ്ഞകള്‍ അവതരിക്കുന്നു. അല്ലാഹു എല്ലാറ്റിനും ആവതുറ്റവനാണെന്നു നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇത്. തീര്‍ച്ച, അല്ലാഹുവിന്റെ ജ്ഞാനം എല്ലാ വസ്തുക്കളുമായും ബന്ധപ്പെട്ടിരിക്കുന്നു.’
അറിവിന്റെയും അറിവ് സമ്പാദനത്തിന്റെയും മഹത്ത്വത്തിന് രേഖയായി ഈ ഒരു വാക്യം മതി. ഇല്‍മുത്തൗഹീദിനെ (ഏകദൈവ വിശ്വാസം) പ്രത്യേകമായി പരാമര്‍ശിക്കുന്ന വാക്യമാണിത്. മറ്റൊരു സൂക്തമിങ്ങനെ: മനുഷ്യജിന്ന് വര്‍ഗത്തെ എനിക്ക് ആരാധിക്കാനല്ലാതെ ഞാന്‍ പടച്ചിട്ടില്ല.’ ഇബാദത്തിന്റെ പ്രാധാന്യത്തിനു മികച്ച പ്രമാണമാണ് ഈ വചനം. അറിവും അനുഷ്ഠാനവുമാണ് ഈ ലോകത്തിന്റെ ആകെത്തുക. ഒരു അടിമക്ക് ഇവയില്‍ വ്യാപൃതനാകലും നിലകൊള്ളലും നിര്‍ബന്ധമാണ്.
ഇബാദത്തിന് അറിവ് അത്യന്താപേക്ഷിതമാണ്. ഇബാദത്തും ഇല്‍മും സമരസപ്പെട്ടു പോകണം. അല്ലാത്തപക്ഷം ഇല്‍മ് ഫലശൂന്യമായിത്തീരും.
ഇബാദത്തിനെക്കാള്‍ ഇല്‍മിന് മുന്‍ഗണന കൊടുക്കാന്‍ രണ്ടു ന്യായങ്ങളുണ്ട്. ഇബാദത്ത് അന്യൂനവും സ്വീകാര്യവുമാവാന്‍ ഇല്‍മ് കൂടിയേ തീരൂ എന്നത് ഒരു ന്യായം. ഫലവത്തായ അറിവുണ്ടെങ്കിലേ മനസ്സാന്തരത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള ഭയഭക്തി വരൂ എന്നത് ദ്വിതീയം. ഭയവും ഭക്തിയുമാണ് മനുഷ്യനെ തെറ്റില്‍ നിന്ന് തടയുന്നത്, അല്ലാഹുവിന്റെ അനുസരണത്തില്‍ നിലനിര്‍ത്തുന്നത്. ആരാധന കൊണ്ട് ഇവ രണ്ടുമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. അതുകൊണ്ട് ഉപകാരപ്രദമായ അറിവ് നിര്‍ബന്ധമായും നേടിയിരിക്കണം.
ആദ്യമായി അനിവാര്യമാവുന്നത് ആരാധ്യനെ അറിയലും അവനെ ആരാധിക്കലുമാണ്. നാമവും വിശേഷണും അപരിചിതനായ ഒരുത്തനെ ആരാധിക്കുന്നതില്‍ അര്‍ത്ഥമില്ല. തീര്‍ത്തും അജ്ഞാതമായ ഒരുവനെ എങ്ങനെയാണ് വണങ്ങുക. നിന്റെ അറിവില്ലായ്മ അവനില്‍ അനുഗുണമല്ലാത്ത വിശേഷങ്ങള്‍ ആരോപിക്കുന്നതിനു കാരണമായേക്കാം. അങ്ങനെ സംഭവിച്ചാല്‍ നിന്റെ ഇബാദത്ത് അര്‍ത്ഥശൂന്യമാകും!
നിനക്കനിവാര്യമായിട്ടുള്ള രണ്ടാം സംഗതി മതപരമായ നിര്‍ബന്ധങ്ങളും നിഷിദ്ധങ്ങളും പഠിക്കലാണ്.
ഒരു പക്വമതിക്ക് അനിവാര്യമായ അറിവുകള്‍ മൂന്നാണ്. ഒന്ന്: ഇല്‍മുത്തൗഹീദ്. മതം അനുശാസിക്കുന്ന അടിസ്ഥാന വിശ്വാസ കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഈ ബാധ്യത വീടും. രണ്ടാമത്തേത് ആത്മജ്ഞാനങ്ങളാകുന്നു. മനസ്സുമായി ബന്ധപ്പെട്ട വിധിവിലക്കുകളാണിതുകൊണ്ട് ഉദ്ദേശ്യം. മൂന്നാമത്തേത് അനുഷ്ഠാനപരമാണ്. ശാരീരികവും സാമ്പത്തികവുമായ ബാധ്യതകളെ കുറിച്ചുള്ള ജ്ഞാനമാണ് ഇതുകൊണ്ടുള്ള താല്‍പര്യം.
അനുഷ്ഠിക്കലും അകറ്റിനിര്‍ത്തും അനിവാര്യമായ കാര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ സുകൃതവാനാകാം. സൂക്ഷ്മജ്ഞാനികളില്‍ ഇടം നേടാം.
മഅ്രിഫത്
മനസ്സുമായി ബന്ധപ്പെടുന്ന മഹത്തായ ആശയവും അംഗങ്ങളെ വരെ സ്വാധീനിക്കുന്ന ഒരു വൈജ്ഞാനിക അനുഭവവമത്രെ മഅ്രിഫത്. ഭാഷാപരമായി മഅ്രിഫത് അര്‍ത്ഥമാക്കുന്നത് സംശയത്തിന് പഴുതില്ലാത്ത വിജ്ഞാനമാണ്. പുതുതായി ലഭ്യമാകുന്ന ജ്ഞാനത്തിന് മഅ്രിഫതെന്ന് ഉപയോഗിക്കാം. ഇല്‍മ് അഗ്നിയെ ദര്‍ശിക്കലാണെങ്കില്‍ മഅ്രിഫത് അഗ്നി കൊളുത്തി എടുക്കലാണെന്ന് ഉദാഹരിച്ചവരുമുണ്ട്.
സ്വൂഫീ വീക്ഷണത്തില്‍ മഅ്രിഫതെന്നാല്‍ അല്ലാഹുവിന്റെ ദാത്ത് സ്വിഫാത്തുകളെ പറ്റിയുള്ള അചഞ്ചല അറിവാകുന്നു. അല്ലാഹു ഉള്ളവനും ഏകനും നിരാശ്രയനും ഒന്നിനോടും തുല്യതയില്ലാത്തവനും സ്വതന്ത്രനും മഹത്ത്വമുറ്റവനുമാണെന്നതാണ് അല്ലാഹുവിന്റെ ദാതിനെ കുറിച്ചുള്ള ജ്ഞാനത്തിന്റെ പൊരുള്‍. അവന്റെ സ്വിഫത് കൊണ്ടുളള മഅ്രിഫതിന്റെ അര്‍ത്ഥം അവന്‍ എന്നും ജീവിച്ചിരിക്കുന്നവനും എല്ലാം അറിയുന്നവനും എല്ലാത്തിനും കഴിവുള്ളവനും കാണുന്നവനും കേള്‍ക്കുന്നവനുമാണെന്നും തുടങ്ങിയുള്ള ജ്ഞാനങ്ങളാകുന്നു.
മഅ്രിഫതിന്റെ രഹസ്യവും ആത്മാവുമാണ് തൗഹീദ്. അല്ലാഹുവിന്റെ കാഴ്ച, കേള്‍വി, കഴിവ്, ഉദ്ദേശ്യം, ജീവന്‍, അറിവ്, സംസാരം തുടങ്ങിയവ സൃഷ്ടി വിശേഷണങ്ങളോട് തുല്യമല്ലെന്നും അവനെപ്പോലെ യാതൊന്നുമില്ലെന്നും ഉറച്ചു വിശ്വസിക്കലാണ് തൗഹീദ്.
അല്ലാഹുവില്‍ മനസ്സ് സജീവമാവല്‍ മഅ്രിഫത് സിദ്ധമായതിന്റെ ലക്ഷണമായി ഗണിക്കാം. ദാവൂദ് നബി(അ)യോട് അല്ലാഹു ചോദിച്ചു: മഅ്രിഫത് എന്താണെന്ന് താങ്കള്‍ക്കറിയുമോ? നബി പറഞ്ഞു: ‘ഇല്ല തമ്പുരാനേ.’ അപ്പോള്‍ അല്ലാഹു പറഞ്ഞു; എന്നെ കാണുന്നതിലെ ഹൃദയ സജീവതയാണ് മഅ്രിഫത്.
മനസ്സിന്റെ ഉള്ളു കൊണ്ട് ഇലാഹിനെ ദര്‍ശിക്കുമ്പോഴാണ് മഅ്രിഫത് പുലരുക. ആ ഘട്ടത്തില്‍ പല മറകളും തടസ്സങ്ങളും ഉയര്‍ന്നുവരും. അതോടെ മറക്കപ്പുറത്തുള്ള അവന്റെ ദാതിസ്വിഫാതി പ്രഭകള്‍ പ്രത്യക്ഷമായിത്തുടങ്ങും. എന്നാല്‍ പൂര്‍ണാര്‍ത്ഥത്തില്‍ ആര്‍ക്കും മറനീങ്ങി കിട്ടുന്നതല്ല. അങ്ങനെ നീങ്ങിയാല്‍ അത് ദര്‍ശിക്കാനാകാതെ മനുഷ്യന്‍ പ്രജ്ഞയറ്റുവീണുപോകും.
ഗാംഭീര്യത വെളിപ്പെടുന്നേടത്ത് പേടിയും ഭയവുമാണുണ്ടാവുക. എന്നാല്‍ ഭംഗിയും സൗന്ദര്യവും വെളിപ്പെടുന്നേടത്ത് പ്രേമവും അനുരാഗവുമേ ഉണ്ടാകൂ. അല്ലാഹുവിന്റെ ഗുണവിശേഷങ്ങള്‍ (സ്വിഫത്) പ്രതിനിധീകരിക്കുന്നത് സ്നേഹത്തെയാണ്. അവന്റെ ദാത്ത് തൗഹീദിനെയും.
ഒരു തത്ത്വജ്ഞാനി പറഞ്ഞു: ‘ദുന്‍യാവിനെ മാത്രം ലക്ഷ്യമാക്കുന്നവന്റെ മനസ്സ് അന്ധകാരം നിറഞ്ഞതും കര്‍മം ഫലശൂന്യവുമായിരിക്കും. അല്ലാഹു പ്രപഞ്ചത്തെ പടച്ചത് ഇരുള്‍നിറച്ചു കൊണ്ടാണ്. ശേഷം പ്രഭ ചൊരിയാന്‍ യുക്തമായി സൂര്യനെ അവന്‍ സംവിധാനിച്ചു. അതുപോലെ മനസ്സുകളെയും ഇരുള്‍ നിറഞ്ഞതായാണ് അവന്‍ പടച്ചത്. അതില്‍ പ്രഭ ചൊരിയാന്‍ മഅ്രിഫതിനെ അവന്‍ ഏര്‍പ്പാടാക്കി. മാനം മേഘാവൃതമായാല്‍ സൂര്യകിരണം മങ്ങിമറയും. ഇതുപോലെ ഭൗതിക പ്രേമം പ്രകടമായാല്‍ ഹൃദയപ്രകാശവും മങ്ങും.’
ഒരു സത്യവിശ്വാസിയുടെ മനോമുകുരത്തില്‍ ചൊരിക്കപ്പെടുന്ന പ്രഭയാണ് മഅ്രിഫത്. മഅ്രിഫതിനെക്കാള്‍ വീര്യമുള്ള മറ്റൊന്നും ആത്മീയ മണ്ഡലത്തിലില്ല. ഒരു ആരിഫിന്റെ മനസ്സിലെ സൂര്യന്‍ പ്രപഞ്ച സൂര്യനെ വെല്ലുന്ന പ്രഭ നിറഞ്ഞതായിരിക്കും. യഥാര്‍ത്ഥ സൂര്യന് ഗ്രഹണവും അസ്തമയവുമുണ്ട്. എന്നാല്‍ ആധ്യാത്മ സൂര്യനു ഇതൊന്നുമില്ല.
ദുന്നൂറുല്‍ മിസ്രി(റ) പറഞ്ഞു: ‘മഅ്രിഫതെന്നു പറഞ്ഞാല്‍ അധ്യാത്മ പ്രഭ മൂലം അന്തരാളങ്ങളില്‍ പ്രകടമാകുന്ന ഇലാഹി വെളിപാടാകുന്നു.
മനസ്സില്‍ അല്ലാഹുവിനല്ലാതെ മറ്റൊന്നിനും ഇടമില്ലാത്ത അവസ്ഥ വന്നാല്‍ മഅ്രിഫത് കിട്ടിയതായി ഉറപ്പിക്കാമെന്ന് തത്ത്വജ്ഞാനികള്‍ പറയുന്നു. മഅ്രിഫതിന്റെ പൊരുള്‍ ഒരു മാധ്യമവും രൂപവും ഭാവവുമില്ലാതെ അല്ലാഹുവിനെ മനസ്സിലാക്കലാണെന്ന് ചിലര്‍ വിശദീകരിച്ചു.
അലി(റ)നോട് ഒരാള്‍ ചോദിച്ചു: അമീറുല്‍ മുഅ്മിനീന്‍, നിങ്ങള്‍ ആരാധിക്കുന്നത് കാണുന്നവനെയോ കാണാത്തവനെയോ?
മഹാന്‍ പറഞ്ഞു: ‘കാണുന്നവനെ തന്നെ. പക്ഷേ, കണ്ണുകള്‍ കൊണ്ട് കാണുന്നവനെയല്ല. മനസ്സ് കൊണ്ട് കാണുന്നവനെ.’
ജഅ്ഫര്‍ സ്വാദിഖ്(റ)നോട് ചോദ്യം: നിങ്ങള്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ?
മഹാന്‍ തിരിച്ചു ചോദിച്ചു: ഞാന്‍ ഒരിക്കലും കാണാത്തവനെയാണ് ആരാധിക്കുന്നതെന്നാണോ നീ കരുതിയിരിക്കുന്നത്?
ഇതുകേട്ട് ചോദ്യകര്‍ത്താവ് അദ്ഭുതപ്പെട്ടു. ‘എങ്ങനെയാണ് നിങ്ങള്‍ അവനെ കാണുക. കണ്ണുകള്‍ക്ക് അവനെ പ്രാപിക്കാനാകില്ലെന്നല്ലേ പ്രമാണം.’
‘നീ പറഞ്ഞത് ശരിയാണ്, കണ്ണുകള്‍ നേര്‍ക്കുനേരെ അവനെ കാണില്ല. പക്ഷേ, ഈമാനിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാല്‍ മനസ്സുകൊണ്ട് അവനെ കാണാന്‍/അറിയാന്‍ കഴിയും.’
അല്ലാഹു പഞ്ചേന്ദ്രിയങ്ങള്‍ക്ക് വഴങ്ങുന്നവനല്ല. മനുഷ്യനോട് തുല്യപ്പെടുത്തി അവനെ മനസ്സിലാക്കാനും പറ്റില്ല. മഅ്രിഫതിനെ പറ്റി ചോദിച്ചതിന് ഒരു തത്ത്വജ്ഞാനിയുടെ മറുപടി ഇതായിരുന്നു: ‘ഉദ്ദേശ്യങ്ങളും പതിവു താല്‍പര്യങ്ങളും മാറ്റി മനസ്സിനെ വെടിപ്പാക്കലും യാതൊരു ബാഹ്യബന്ധങ്ങളുമില്ലാതെ ഹൃദയം കൊണ്ട് അല്ലാഹുവിലേക്കടങ്ങലും മറ്റുള്ളവയില്‍ നിന്നെല്ലാം ദൃഷ്ടി അറുത്തുമാറ്റലുമാകുന്നു.
പ്രയാണം ചെയ്യുന്ന മനസ്സ്
മനുഷ്യ സൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിലേക്കുള്ള യാത്രയാണല്ലോ. പ്രസ്തുത യാത്രയില്‍ ആവശ്യമായ വാഹനവും സാമഗ്രികളും വേണം. മനുഷ്യ മനസ്സാണിവിടെ യാത്രക്കാരന്‍. ആ മനസ്സിന്റെ വാഹനമാണ് ശരീരം. ഭക്ഷണം അറിവും അനുഷ്ഠാനവുമാകുന്നു. ശരീരം നിയന്ത്രണ വിധേയമായാലല്ലാതെ അടിമക്ക് അല്ലാഹുവിലേക്കെത്താന്‍ സാധിക്കില്ല. അവനിലേക്കെത്തണമെങ്കില്‍ ദുന്‍യാവ് വിട്ടുകടക്കണം. അതുപോലെ ആവശ്യമായ അന്നവും മറ്റും നല്‍കി ശരീരത്തെ പോറ്റലും വിഷമങ്ങളില്‍ നിന്ന് സംരക്ഷിക്കലും അനിവാര്യം തന്നെ.
ശരീരത്തെ നാശപ്പെടുത്തുന്ന കാര്യങ്ങള്‍ പലതുമുണ്ട്. ശാരീരിക പോഷണത്തിന് ആന്തരികവും ബാഹ്യവുമായ രണ്ട് സൈനിക നിരകള്‍ വേണം. ഇച്ഛയാണ് ആന്തരിക സൈന്യം. അവയവങ്ങള്‍ ബാഹ്യസൈന്യവും. ഇച്ഛയുടെ അവസാന കേന്ദ്രം മനസ്സാണ്. ആവശ്യമായ താല്‍പര്യങ്ങള്‍ രൂപപ്പെടുന്നത് മനസ്സിലും. അംഗങ്ങള്‍ ഇച്ഛകള്‍ പ്രകടമാക്കാനുള്ള ഉപാധികള്‍ മാത്രമാണ്. പ്രതിരോധത്തിന് ബാഹ്യവും ആന്തരികവുമായ രണ്ടു സൈന്യങ്ങള്‍ വേറെയുണ്ട്. ദേശ്യമാണ് ആന്തരിക സൈന്യം. ആക്രമണങ്ങള്‍ നടത്തുന്നതും ശത്രുക്കളെ പിടികൂടി കൈകാര്യം ചെയ്യുന്നതും ദ്യേം നമ്മില്‍ കുടികൊള്ളുന്നിനാലാണ്. കൈകാലുകളാണ് പ്രതിരോധ രംഗത്തെ ബാഹ്യസൈന്യം. സ്വന്തമായും ആയുധങ്ങളേന്തിയും ഇവ പ്രതിരോധിക്കുന്നു. ഇവയുടെ പ്രവര്‍ത്തനക്ഷമതക്ക് ആന്തരികവും ബാഹ്യവുമായ സൈനിക നിരകള്‍ പിന്നെയും വേണം. കാഴ്ച, കേള്‍വി, രുചി, വാസന, സ്പര്‍ശനം എന്നീ പഞ്ചേന്ദ്രിയങ്ങളാണ് പ്രസ്തുത ആന്തരിക വ്യൂഹം. കണ്ണ്, ചെവി, മൂക്ക് തുടങ്ങിയവ ബാഹ്യ വ്യൂഹങ്ങളുമാണ്. അറിവും ബോധവുമില്ലാതെ പ്രതികാര പ്രതിരോധങ്ങള്‍ നടക്കില്ല. പഞ്ചേന്ദ്രിയ പ്രവര്‍ത്തനങ്ങള്‍ അറിവിന്റെ ആകെത്തുകയാണ്.
(തുടരും)

 

എസ്എസ് ബുഖാരി

ഇമാം ഗസ്സാലി(റ)യുടെ റൗളതുത്വാലിബീന്റെ ആശയാവിഷ്കാരം
ആത്മാന്വേഷികളുടെ പറുദീസ ഈ ലക്കം മുതല്‍ ആരംഭിക്കുന്നു

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ