സംസ്കാരങ്ങളിലേക്കും ജീവിത ശൈലികളിലേക്കും ബന്ധങ്ങളിലേക്കും ഉള്‍ക്കാഴ്ച നല്‍കുന്നു ഓരോ യാത്രയും. യാത്രകള്‍ ചിലത് അനുഭവിപ്പിക്കുന്നു, ചിലതു പഠിപ്പിക്കുന്നു. പഠിച്ചുവെച്ച ചിലത് തെറ്റെന്ന് തെളിയിക്കുന്നു. നിരന്തരമായ യാത്രയിലാണ് മനുഷ്യന്‍. അനന്തവും അനശ്വരവുമായ അനുഭൂതി നല്‍കി യാത്രകള്‍ അവനെ അറിവിന്റെ അപൂര്‍ണതയില്‍ നിന്ന് സമ്പൂര്‍ണതയിലേക്ക് എത്തിക്കുന്നു. ആദിപിതാവ് സ്വര്‍ഗീയാരാമത്തില്‍ നിന്നു തുടക്കമിട്ട പ്രയാണം ആ ഗേഹം തിരിച്ചുപിടിക്കലിന്റെ ഊര്‍ജതന്തുവായി ബുദ്ധിമാനായ മനുഷ്യനില്‍ എന്നും പ്രകമ്പനമുണ്ടാക്കിക്കൊണ്ടിരിക്കും. പഠനമായും പര്യവേഷണമായും വിനോദമായും ആത്മീയാനുഭൂതിയായും പലായനങ്ങളും രൂപംപ്രാപിക്കുന്നു. ജ്ഞാനത്തിനും ചിന്തക്കും സഞ്ചാരങ്ങള്‍ നൂതന വിതാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകത്ത് ജ്ഞാനവിസ്മയം തീര്‍ത്ത അതുല്യ പ്രതിഭകളില്‍ മിക്കരും യാത്രയുടെ സാഹസികത മതിവരുവോളം നുകര്‍ന്നവരാണ്. വിശുദ്ധ ഖുര്‍ആന്‍ മൂസാനബി(അ)യുടെ ജ്ഞാനാന്വേഷണ തൃഷ്ണ പ്രതിപാദിച്ചു കാണാം. പണ്ഡിതശ്രേഷ്ഠരെല്ലാം അറിവു സന്പാദനത്തിന് ദേശങ്ങള്‍ താണ്ടിയത് ഇതിന്റെ തുടര്‍ച്ച കൂടിയായി കരുതാം.
ചരിത്രം തേടിയുള്ള തീര്‍ത്ഥയാത്ര മനുഷ്യനില്‍ ശക്തിയും വെളിച്ചവും പ്രദാനം ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുകയും പൂര്‍വികരുടെ കാല്‍പാടുകളെ മനസ്സിലാക്കുകയും ചെയ്യുക.’ ജ്ഞാനാന്വേഷണത്തിന്റെ വിശാലതയിലേക്കാണ് ഈ ആയത്ത് സൂചന നല്‍കുന്നത്. സങ്കുചിതമായ വീക്ഷണ വൈകൃതങ്ങളില്‍ നിന്നു രക്ഷപ്പെടാനും ഉള്‍ക്കൊള്ളലിന്റെ വിശാലതയിലേക്കിറങ്ങാനും യാത്രകള്‍ അനിവാര്യമാണ്.
അറിവുതേടി തീര്‍ത്ഥാടനങ്ങള്‍
വിവേകശാലി പ്രയാസങ്ങളെ തൃണവല്‍ക്കരിച്ച് അറിവു നുകരാന്‍ അത്യാര്‍ത്തനായിരിക്കും. അറിവുനേടാന്‍ യാത്ര പുറപ്പെട്ട മൂസാനബി(അ) അല്ലാഹു നിര്‍ദേശിച്ച ജ്ഞാനിയോട് തേടുന്നത് ഇതാണ്: ‘നന്മയുടെ വഴിയില്‍ എത്തിച്ചേരാന്‍ പര്യാപ്തമായ അറിവ് സ്വീകരിക്കാന്‍ താങ്കളോടൊപ്പം കൂടാന്‍ എനിക്ക് അനുവാദമേകുമോ?’ (സൂറതുല്‍ കഹ്ഫ്/66). അറിവുതേടിയുള്ള തീര്‍ത്ഥയാത്ര സ്വര്‍ഗത്തിലേക്കുള്ള പ്രയാണം കൂടിയാണ്. നബി(സ്വ) പറഞ്ഞു: ‘അറിവിന്റെ മാര്‍ഗത്തില്‍ പ്രവേശിച്ചവന് അല്ലാഹു സ്വര്‍ഗീയപാത എളുപ്പമാക്കിക്കൊടുക്കും’ (മുസ്ലിം). പറുദീസ കരസ്ഥമാക്കാന്‍ കര്‍മവും, അതിന്റെ സമ്പൂര്‍ണതക്ക് അറിവും അനിവാര്യമാണ്.
അറിവുതേടിയുള്ള യാത്ര സുന്നത്തായ കര്‍മമാണ്. യാത്രക്കു ശേഷമല്ലാതെ പൂര്‍ണതയോ പലായനത്തിനു ശേഷമല്ലാതെ ലക്ഷ്യസ്ഥാനമോ ഒരാളും പ്രാപിച്ചിട്ടില്ലായെന്ന് മഹാത്മാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യാത്ര ഒരാളെ അടിമുടി പരിഷ്കരിക്കുകയും ബൗദ്ധികമായി സജ്ജമാക്കുകയും ചെയ്യുന്നു. ഇമാം ഖുര്‍തുബി(റ) പറയുന്നു: ‘ക്ലേശകരമായ യാത്രകളിലൂടെയാണ് അവര്‍ ഉന്നതിയും വിജയവും നേടിയത്’ (ജാമിഉല്‍ അഹ്കാം).
മതത്തിന്റെയും സാംസ്കാരിക ബോധത്തിന്റെയും ഈടുവെപ്പിന് അറിവുള്ളവരുടെ സാന്നിധ്യം അനിവാര്യമാണ്. ഒരു വിഭാഗം എപ്പോഴും ജ്ഞാനപ്പുരയില്‍ വേണമെന്ന് ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നത് അതുകൊണ്ടാണ് (തൗബ/122). മദീനാ പള്ളിച്ചെരുവില്‍ പ്രവാചകരോടൊത്ത് ജീവിച്ച അഹ്ലുസ്സ്വുഫ്ഫ ഈ ദൗത്യമാണ് നിര്‍വഹിച്ചിരുന്നത്.
ഒരു ഹദീസിനു വേണ്ടി മാത്രമാണ് ജാബിറുബ്നു അബ്ദുല്ലാഹി(റ) ഒരു മാസം സഞ്ചരിച്ച് അബ്ദുല്ലാഹിബ്നു ഖൈസി(റ)നെ സമീപിച്ചത്. മറ്റൊരു സ്വഹാബി മദീനയില്‍ നിന്നു ഫുളാലതുബ്നു ഉസൈദിനെ അന്വേഷിച്ച് ഈജിപ്തിലേക്ക് തിരിച്ചതും ഇതേ ആവശ്യത്തിനു തന്നെ. ഉബൈദുല്ലാഹിബ്നു അദിയ്യ് അലി(റ)ന്റെ പക്കല്‍ മാത്രമുള്ള ഒരു ഹദീസ് ലഭിക്കാന്‍ ഇറാഖിലേക്കു ചെന്നു. നമ്മെ അത്ഭുതസ്തബ്ധരാക്കുന്ന ഇത്തരം ധാരാളം സംഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ് മുസ്ലിം പണ്ഡിതലോകം. കണ്‍മുന്നിലെ വിജ്ഞാനമുത്തുകളെ നിസ്സാരവല്‍ക്കരിക്കുന്ന സമൂഹത്തില്‍ ഇത്തരം ത്യാഗസ്മരണകള്‍ക്ക് പ്രസക്തിയേറെയുണ്ട്. നബി(സ്വ) പറയുന്നു: ‘ഒരാള്‍ അറിവന്വേഷിച്ച് ഇറങ്ങിയാല്‍ തിരിച്ചുവരുന്നതുവരെ അല്ലാഹുവിന്റെ വഴിയിലാണ്.’
ശത്രുവുമായുള്ള പോരാട്ടത്തോടാണ് അറിവുതേടിയുള്ള തീര്‍ത്ഥയാത്രയെ അവിടുന്ന് തുലനപ്പെടുത്തിയത്. പ്രവാചകരുടെ അനന്തരാവകാശി എന്ന സാക്ഷ്യവും ജ്ഞാനികള്‍ക്ക് പ്രവാചകര്‍(സ്വ) പതിച്ചുനല്‍കി. പ്രശസ്തരായ മിക്ക പണ്ഡിതരുടെ ജീവിതത്തിലും ധാരാളം സാഹസിക യാത്രകള്‍ ദര്‍ശിക്കാന്‍ കഴിയും. യാത്രകള്‍ അവരുടെ ജീവിതത്തിന്റെ തന്നെ അനുബന്ധമായിരുന്നു. അത്തരം ചില മഹാജ്ഞാനികളുടെ അറിവന്വേഷണത്തിന്റെ വഴിയെ നമുക്കും ചെന്നുനോക്കാം.
ഇമാം ശാഫിഈ(റ)
അദ്ദേഹത്തിന്റെ ആദ്യയാത്ര ഇമാം മാലിക്(റ)നെ തേടി മദീനയിലേക്ക് നടത്തിയതായിരുന്നു. മുവത്വ ഹൃദിസ്ഥമാക്കിയ ശാഫിഈ (റ)നെ പിന്നീട് മാലിക്(റ) തന്റെ ദര്‍സ് ഏല്‍പ്പിച്ചു. 18 മാസമായി അവിടെ താമസിച്ചുകൊണ്ടിരിക്കെയാണ് ഒരു രാത്രി റൗളയുടെയും മിമ്പറിന്റെയും ഇടയില്‍വെച്ച്, ഇറാഖില്‍നിന്നുള്ള യാത്രാസംഘത്തില്‍ പെട്ട കൂഫക്കാരനായ ഒരു യുവാവിനെ പരിചയപ്പെടുന്നത്. വിജ്ഞാന ദാഹിയായ ഇമാം അവിടെ പണ്ഡിതന്മാരുണ്ടോ എന്നയാളോടന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ‘അബൂഹനീഫ ഇമാമിന്റെ സഹചാരികളായ മുഹമ്മദുബ്നു ഹസനും അബൂയൂസുഫുമുണ്ട്.’ ഇക്കാര്യം ഉസ്താദിനോട് ഉണര്‍ത്തി യാത്രാനുമതി തേടി. മാലിക്(റ) ആശീര്‍വദിച്ചു: ‘അറിവ് വലിയ ഉപകാരപ്രദമായ കാര്യമാണ്. പഠിതാവിന് മലക്കുകള്‍ അരുമയോടെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുമെന്നു നിനക്ക് അറിയില്ലേ.’ ശേഷം പാല്‍ക്കട്ടി, യവം, ഈത്തപ്പഴം തുടങ്ങിയവ നല്‍കി ശിഷ്യനെ യാത്രാക്കി.
അന്നു പ്രഭാതസമയത്ത് കൂഫക്കാരനായ ആ യുവാവ് ഉറക്കെ വിളിച്ചുപറയുന്നതു കേട്ടു: ആരാണ് കൂഫയിലേക്ക് ഒരു വാഹനം വാടകക്ക് കൊടുക്കുക?
ഇമാമദ്ദേഹത്തോടു ചോദിച്ചു: എന്റെയും നിങ്ങളുടെയും കൈയില്‍ ഒന്നുമില്ലാതെ നിങ്ങളെങ്ങനെയാണ് വാടകക്കു വാങ്ങുക?
ആ ചെറുപ്പക്കാരന്‍ പറഞ്ഞു: ഇന്നലെ രാത്രി ഞാന്‍ നിങ്ങളെ കണ്ടു പിരിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു. തുറന്നുനോക്കിയപ്പോള്‍ അബ്ദുറഹ്മാനുല്‍ മിസ്രിയാണ്. അദ്ദേഹം 100 മിസ്ഖാല്‍ നാണയം എനിക്കു ഹദ്യയായി നല്‍കി. അതില്‍ പകുതി ഞാന്‍ നിങ്ങള്‍ക്കു നല്‍കുകയാണ്.’ അറിവിന്റെ തീര്‍ത്ഥം തേടുന്ന പഥികന് ലഭിക്കുന്ന സഹായഹസ്തം.
24 ദിവസത്തെ യാത്രക്കു ശേഷം ശാഫിഈ(റ) കൂഫയിലെത്തി. അബൂയൂസുഫ്, മുഹമ്മദ്(റ) എന്നിവരെ സമീപിക്കുകയും ധാരാളം വൈജ്ഞാനിക ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടുകയും ചെയ്തു. ശേഷം പേര്‍ഷ്യയും റോമും ഫലസ്തീനുമെല്ലാം കറങ്ങി മദീനയില്‍ തന്നെ തിരിച്ചെത്തി. പിന്നെ മാലിക്(റ)ന്റെ വഫാതിനുശേഷം യമനിലേക്കു പോയി. ജദീദ്, ഖദീമ് എന്നീ രണ്ടു നിലപാടുകള്‍ ശാഫിഈ മദ്ഹബില്‍ രൂപപ്പെടുന്നത് ഇമാമിന്റെ ബഗ്ദാദ്, മിസ്ര്‍ യാത്രകളെ അടിസ്ഥാനമാക്കിയാണ്. ഹിജ്റ 199ല്‍ മിസ്റിലേക്ക് വന്ന ഇമാം 204ല്‍ വഫാതായി. ഈ യാത്രകളില്‍ ധാരാളം പണ്ഡിതരെ സമീപിച്ച് തന്റെ വൈജ്ഞാനിക ചക്രവാളം വികസിപ്പിക്കുകയും പലരും ശിഷ്യരായെത്തി ഇമാമില്‍ നിന്നു പഠിക്കുകയും പകര്‍ത്തുകയും ചെയ്തു.
അബൂഹനീഫ(റ)
നാലു സ്വഹാബികളെ നേരിട്ടുകാണാന്‍ സാധിച്ചു എന്ന അപൂര്‍വഭാഗ്യം ലഭിച്ചു അബൂഹനീഫ(റ)ന്. ഇമാം യാഫിഈ(റ) പറയുന്നു: അദ്ദേഹം നാലു സ്വഹാബികളെ കണ്ടുമുട്ടിയിട്ടുണ്ട്. ബസ്വറയില്‍ വെച്ച് അനുസ്ബ്നു മാലിക്(റ), കൂഫയില്‍ അബ്ദുല്ലാഹിബ്നു ഉബയ്യ്(റ), മദീനയില്‍ സഹ്ല്‍(റ), മക്കയില്‍ അബൂത്വുഫൈല്‍(റ) എന്നിവരെ കണ്ടുമുട്ടി. നാലായിരം ഗുരുനാഥന്മാരുണ്ട് അദ്ദേഹത്തിന്. മസ്മൂഖ്(റ) പറഞ്ഞു: ഞാന്‍ നബി(സ്വ)യുടെ അനുചരരെ പരിശോധിച്ചപ്പോള്‍ അവരുടെ അറിവ് ആറാളില്‍ കേന്ദ്രീകരിക്കുന്നതായി മനസ്സിലായി. ഈ ആറാളുകളെ ശ്രദ്ധിച്ചപ്പോള്‍ അവരുടെ ജ്ഞാനം അലി, ഇബ്നുമസ്ഊദ് (റ) എന്നിവരിലേക്ക് എത്തുന്നതായി ബോധ്യപ്പെട്ടു. ഇവരുടെ അനുയായികളില്‍ നിന്നാണ് ഇമാം അറിവ് സ്വീകരിച്ചത്.’
അഹ്മദുബ്നു ഹമ്പല്‍(റ)
ബഗ്ദാദിലെ പ്രാഥമിക പഠനത്തിനു ശേഷം കൂഫ, ബസ്വറ, മക്ക, മദീന, യമന്‍, ശാം തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു പണ്ഡിതന്മാരില്‍ നിന്നു ഇമാം അഹ്മദ്(റ) അറിവുകള്‍ ശേഖരിച്ചു. അറിവു നേടാനുള്ള യാത്രയില്‍ എന്തു ത്യാഗം സഹിക്കാനും അദ്ദേഹത്തിനു പ്രയാസമില്ലായിരുന്നു. ഇമാമിന്റെ മകന്‍ അബ്ദുല്ലാഹി വിവരിക്കുന്നു: ‘എന്റെ പിതാവും യഹ്യബ്നു മഊനും ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയില്‍ പോകാന്‍ തീരുമാനിച്ചു. പിതാവ് യഹ്യയോട് പറഞ്ഞു: ഹജ്ജ് നിര്‍വഹിച്ച് തിരിച്ചുവരുമ്പോള്‍ സ്വന്‍ആഇല്‍ ചെന്ന് അബ്ദുറസാഖ്(റ)നെ കണ്ട് നമുക്ക് ഹദീസുകള്‍ സ്വീകരിക്കാം. അങ്ങനെ രണ്ടുപേരും മക്കയിലെത്തി. ത്വവാഫിനിടെ യഹ്യ അബ്ദുറസാഖി(റ)നെ കണ്ടു. രണ്ടുപേരും മഖാം ഇബ്റാഹീമിനു പിന്നില്‍ നിന്നു രണ്ടു റക്ത്ത് നിസ്കരിച്ചു അബ്ദുറസാഖി(റ)ന്റെ സമീപത്തു ചെന്നു. യഹ്യ പറഞ്ഞു: ഇതാണ് അഹ്മദുബ്നു ഹമ്പല്‍. അദ്ദേഹം പറഞ്ഞു: അല്ലാഹു ഇദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ. ഇദ്ദേഹത്തെക്കുറിച്ച് നല്ലതുമാത്രമാണ് ഞാന്‍ കേട്ടത്. യഹ്യ തുടര്‍ന്നു: ഞങ്ങള്‍ നാളെ താങ്കളുടെ അടുത്തേക്ക് ഹദീസുകേള്‍ക്കാന്‍ വരാം. അബ്ദുറസാഖ്(റ) തിരിച്ചുപോയപ്പോള്‍ എന്റെ പിതാവ് യഹ്യയോടു ചോദിച്ചു: നീ എന്തിനാണ് ശൈഖിനോടു നാളെ വരാം എന്നു പറഞ്ഞത്? യഹ്യ പറഞ്ഞു: നമുക്ക് ഇവിടെ നിന്ന് ഹദീസ് കേട്ടാല്‍ സ്വന്‍ആഇലേക്കുള്ള ഒരു മാസത്തെ യാത്രയും ഒരു മാസത്തെ മടക്കവും അതിനുള്ള ചെലവും ലാഭമല്ലേ. അപ്പോള്‍ പിതാവ് പറഞ്ഞു: അതിനുവേണ്ടി നാം നേരത്തെ മനസ്സില്‍ ഉദ്ദേശിച്ചത് മാറ്റേണ്ടിവരില്ലേ. നമുക്ക് സ്വന്‍ആനില്‍ പോയിതന്നെ അദ്ദേഹത്തില്‍ നിന്ന് ഹദീസ് പഠിക്കാം.’
ആത്മാര്‍ത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും നേര്‍ചിത്രമാണ് ഈ സംഭവം. ഇത് ഉദ്ധരിച്ച് ശൈഖ് ഖലീല്‍ പറയുന്നു: ഇമാം ഇപ്രകാരം ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാരെ തേടി പ്രയാസങ്ങള്‍ സഹിച്ച് ധാരാളം സഞ്ചരിച്ചിട്ടുണ്ട്. പ്രയാസങ്ങള്‍ സഹിച്ച് അറിവ് നേടുന്നതാണ് എളുപ്പത്തില്‍ ലഭിക്കുന്ന അറിവിനേക്കാള്‍ മഹത്തരമായി അദ്ദേഹം കണ്ടിരുന്നത്.
ഇമാമിന്റെ മകന്‍ പറയുന്നു: ഒരാള്‍ എന്റെ പിതാവിന്റെയടുത്തു എഴുത്തുമഷി കണ്ടപ്പോള്‍ ചോദിച്ചു: നിങ്ങള്‍ ഇത്രയും വലിയ സ്ഥാനത്തെത്തിയിട്ട് എന്തിനാണ് പ്രയാസങ്ങള്‍ സഹിച്ച് അറിവുതേടിക്കൊണ്ടിരിക്കുന്നത്? അപ്പോള്‍ പിതാവ് പറഞ്ഞു: ഞാന്‍ ഖബറിലെത്തുന്നതുവരെ അറിവുതേടിയുള്ള യാത്ര തുടരും.
ഗുരുവായ അബ്ദുറസാഖ് സന്‍ആഇ(റ) പറയുന്നു: ‘എന്റെ അടുക്കല്‍ വന്നവരില്‍ അഹ്മദിനേക്കാള്‍ ഫഖീഹും സൂക്ഷ്മതയുമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല.’ ക്ലേശകരമായ യാത്രകളിലൂടെ ഇമാം നേടിയെടുത്ത അതുല്യമായ ബഹുമതിയാണിത്.
ഇമാം ബുഖാരി(റ)
ജ്ഞാനം തിരക്കി ധാരാളം യാത്ര ചെയ്ത മഹാനാണ് ഇമാം ബുഖാരി(റ). അദ്ദേഹം തന്നെ പറയുന്നു: ‘ഞാന്‍ ഹിജാസ്, ഇറാഖ്, ശാം, മിസ്ര്‍ തുടങ്ങിയ നാടുകളില്‍ നിന്ന് ആയിരത്തിലധികം പണ്ഡിതന്മാരെ പലപ്രാവശ്യം കണ്ടിട്ടുണ്ട്. ജസീറയിലുള്ളവരെ രണ്ടു പ്രാവശ്യവും ബസ്വറക്കാരെ നാലു പ്രാവശ്യവും കണ്ടിട്ടുണ്ട്. കൂഫയിലും ബഗ്ദാദിലും എത്ര തവണ പോയിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല. യാത്രകളില്‍ ഇമാം പഠിച്ചതൊന്നും എഴുതിവെക്കാത്തതു കണ്ട്കൂടെയുള്ളവര്‍ പരാതിപ്പെട്ടപ്പോള്‍ മഹാന്‍ കേട്ട എല്ലാ ഹദീസുകളും കാണാതെ അവരെ ഓതിക്കേള്‍പ്പിച്ചു. ബഗ്ദാദില്‍ വച്ച് നൂറു പണ്ഡിതന്മാര്‍ പരമ്പരയും ഹദീസ് വാക്യവും കൂട്ടിക്കുഴച്ച് പരീക്ഷിച്ചപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയ സംഭവം പ്രസിദ്ധമാണ്. സമര്‍ഖന്ദില്‍വെച്ചും ഇങ്ങനെയുണ്ടായിട്ടുണ്ട്.
ഇമാം ഗസ്സാലി(റ)
പ്രാഥമിക പഠനത്തിനു ശേഷം ജുര്‍ജാനില്‍ ചെന്നു ഇമാം അബൂനസ്ര്‍ ഇസ്മാഈലിന്റെ സമീപത്തുനിന്ന് അദ്ദേഹം പഠനം നടത്തി. പിന്നീട് ത്വൂസിലേക്കു പോയി. യാത്രാവേളയില്‍ ഒരു സംഭവമുണ്ടായി. അബൂനസ്റില്‍ നിന്ന് കേട്ട കാര്യങ്ങള്‍ കുറിപ്പുകളാക്കി കൈയില്‍പിടിച്ചിരുന്നു. യാത്രാമധ്യേ കവര്‍ച്ചക്കാര്‍ മഹാന്റെ പക്കലുള്ള എല്ലാ സാധനങ്ങളും പിടിച്ചുപറിച്ചു. കുറിപ്പ് നഷ്ടപ്പെട്ടതില്‍ വ്യസനിച്ച ഇമാം അതുമാത്രം തിരിച്ചുതരാന്‍ കൊള്ളത്തലവനോടു കേണപേക്ഷിച്ചു. ‘ഞാന്‍ പഠിച്ച കാര്യങ്ങള്‍ എഴുതിവെച്ച പേപ്പറുകളാണ്, അതു നിങ്ങള്‍ക്ക് ഉപകരിക്കില്ലെന്ന് പറഞ്ഞപ്പോള്‍ കൊള്ളത്തലവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: നീ പഠിച്ചെന്നു പറയുന്നു, പക്ഷേ, ഞങ്ങള്‍ കുറിപ്പുകളെടുത്ത ശേഷം നീ വിവരമില്ലാത്തവനായി. കൊള്ളത്തലവന്‍ പരിഹസിച്ചു. ഒടുവില്‍ അയാള്‍ തന്റെ കൂട്ടാളികളോട് അതു തിരിച്ചുനല്‍കാന്‍ പറഞ്ഞു. ഇമാം ഗസ്സാലി(റ) പറയുന്നു: ‘ഈ സംഭവം അല്ലാഹു എനിക്ക് എന്റെ കാര്യത്തില്‍ ഒരു മാര്‍ഗനിര്‍ദേശം നല്‍കിയതാണ്. ഞാന്‍ ത്വൂസിലെത്തിയ ശേഷം ആ കുറിപ്പുകളെല്ലാം പൂര്‍ണമായും ഹൃദിസ്ഥമാക്കി. ഇനി ആരെങ്കിലും കവര്‍ച്ച ചെയ്താല്‍ ഞാന്‍ വിവരമില്ലാത്തവനാവില്ല.’
ധാരാളം യാത്ര ചെയ്യുക
ലോകചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച പണ്ഡിത പ്രതിഭകളുടെയെല്ലാം പഠനകാലം ത്യാഗപൂര്‍ണമായിരുന്നു. എങ്കിലും യാത്രകളില്‍ നേരിടുന്ന ദുരിതങ്ങളും പട്ടിണിയുമൊന്നും അവരെ തളര്‍ത്തിയില്ല. ജ്ഞാനമെന്ന വലിയ ലക്ഷ്യത്തിനുമുന്നില്‍ എല്ലാ ക്ലേശങ്ങളും നിഷ്പ്രഭമായി. ശൈഖ് മുഹ്യിദ്ദീന്‍(റ) ഹലാലായ ഭക്ഷണം ലഭിക്കാത്തതിനാല്‍ നിരവധി ദിവസങ്ങള്‍ പട്ടിണി കിടന്നു. ഭക്ഷണം തേടി കിസ്റയിലെ പുരാതന അരമന സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ എഴുപതു യാചകര്‍ അവിടെ ഭക്ഷണത്തിനുവേണ്ടി തിരക്കുകൂട്ടുന്നതു കണ്ട് അവിടെ നില്‍ക്കാതെ റയ്യാഹീന്‍ തെരുവിലൂടെ നടന്ന് തളര്‍ന്നവശനായി അവിടുത്തെ പള്ളിയിലെത്തിയപ്പോള്‍ വിദേശിയായ ഒരു ചെറുപ്പക്കാരന്‍ ഭക്ഷണപ്പൊതി അഴിക്കുന്നതു കണ്ടു. ശൈഖിനെ അദ്ദേഹം കൂടെ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷണമധ്യേ യുവാവ്, അബ്ദുല്‍ഖാദിറെന്ന ആബിദായ ചെറുപ്പക്കാരനെ അറിയുമോ എന്നു ചോദിച്ചു. അതു ഞാനാണെന്ന് പറഞ്ഞപ്പോള്‍ വിദേശി പറഞ്ഞു: ‘നിങ്ങള്‍ സുഭിക്ഷമായി കഴിച്ചോളൂ, ഇത് നിങ്ങളുടെ അവകാശമാണ്.’ യുവാവ് വിശദീകരിച്ചു: ഞാനിങ്ങോട്ട് യാത്ര പുറപ്പെട്ടപ്പോള്‍ നിങ്ങളുടെ മാതാവ് നിങ്ങള്‍ക്കു നല്‍കാന്‍ കുറച്ച് പണം നല്‍കിയിരുന്നു. ഞാന്‍ നിങ്ങളെ ഒരുപാട് അന്വേഷിച്ചു. എന്റെ കൈയിലുള്ള പണം മുഴുവന്‍ തീര്‍ന്നു. ബാധ്യത നിറവേറ്റാനാവാതെ തിരിച്ചുപോകാനും എനിക്കു തോന്നിയില്ല. മറ്റൊരു മാര്‍ഗവുമില്ലാതെ വന്നപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കുള്ള പണത്തില്‍ നിന്നു അല്‍പമെടുത്തു വാങ്ങിയ ഭക്ഷണമാണിത്.’
ഇങ്ങനെ നാടും വീടും വിട്ട് അറിവുതേടിയ ജ്ഞാനദാഹികള്‍ സഹിച്ച ത്യാഗങ്ങളും അവസാനം അല്ലാഹു അവര്‍ക്കു നല്‍കിയ വലിയ പ്രതിഫലങ്ങളും പുതിയ പഠിതാക്കള്‍ക്ക് പ്രചോദനമാകേണ്ടതുണ്ട്.
മരണംവരെ പഠനത്തിന്റെ തിരക്കിലായിരുന്നു ഇരുപതാം വയസ്സില്‍ യാത്രയാരംഭിച്ച ഇബ്നു ഖല്‍ദൂന്‍. 1407ല്‍ തന്റെ 75ാം വയസ്സില്‍ മരണത്തിന്റെ രണ്ടു ദിവസം മുമ്പ് നാടോടി അറബികളെ സമീപിച്ച് നാടോടി കവിതകളെക്കുറിച്ച് അദ്ദേഹം പഠിച്ചിരുന്നുവത്രെ. ഇബ്നു ഖല്‍ദൂന്റെ യാത്രാ വിവരങ്ങളടങ്ങിയ ‘മുഖദ്ദിമ’ ചരിത്രഗ്രന്ഥം കൂടിയാണ്. കേരളത്തില്‍ നിന്ന് ആദ്യമായി ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് പഠനയാത്ര നടത്തിയത് വലിയ സൈനുദ്ദീന്‍ മഖ്ദൂമാണ്. മലബാറിലെ ഇബ്നു ഖല്ലിഖാന്‍ എന്നറിയപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഹറമില്‍ ചെന്നു പഠിച്ചതും ശേഷം അഞ്ചുവര്‍ഷം അവിടെ ദര്‍സ് നടത്തിയതും ചരിത്രം.
ഇരുപത്തൊന്നാം വയസ്സില്‍ യാത്രയാരംഭിച്ച് 29 വര്‍ഷം ലോകം കറങ്ങിയ ഇബ്നു ബത്തൂത്തയുടെ ലക്ഷ്യം വെറും നാടുകാണലായിരുന്നില്ല. അറേബ്യ, പൂര്‍വാഫ്രിക്ക, ഇന്ത്യ, ചൈന, തെക്കന്‍ റഷ്യ, ഫലസ്തീന്‍, ഈജിപ്ത്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലായി 1,17,000 കിലോമീറ്റര്‍ അദ്ദേഹം സഞ്ചരിച്ചു വിജ്ഞാനം സന്പാദിച്ചു. 13251354 കാലയളവിലായിരുന്നു അത്. ‘ഇബ്നു ബത്തൂത്ത കണ്ട ഇന്ത്യ’ പ്രശസ്ത കൃതിയാണ്. എഡി 141382ല്‍ ജീവിച്ച അബ്ദുറസാഖ് സമര്‍ഖന്ദിയും ജീവിതം പഠനയാത്രക്കുവേണ്ടി നീക്കിവെച്ചു. ‘പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ യാത്രാവിവരണം ശ്രദ്ധേയം.
യാത്രകളിലെ അതിസാഹസികത
‘സ്നേഹത്തിന്റെ മണലാരണ്യത്തില്‍ നിന്ന്/രക്ഷപ്പെട്ടു ജന്മനാട്ടില്‍ തിരിച്ചെത്തിയാല്‍/ഒരു രാജാവിന്റെ കൂടെയാണെങ്കില്‍ പോലും/ഇനിയൊരു സമുദ്രയാത്ര ചെയ്യുകില്ല ഞാന്‍’ അറബിക്കവിയുടെ ആത്മഗതം.
ഓരോ യാത്രികന്റെയും പാദരേണുക്കളില്‍ സാഹസികതയുടെയും ഇച്ഛാശക്തിയുടെയും ശക്തമായ പാടുകള്‍ കാണാം. കാരണം യാത്രകള്‍ ദുരിതപൂര്‍ണമായ നിമിഷങ്ങളാണ്. ക്രിസ്റ്റഫര്‍ കൊളംബസ് തന്റെ യാത്ര വിവരിച്ച് സ്പെയിനിലെ രാജാവിനെഴുതിയ കുറിപ്പില്‍ 88 ദിവസം നീണ്ട പ്രകൃതിക്ഷോഭത്തില്‍ കപ്പല്‍ തകര്‍ന്ന ഭീതിജനകമായ സാഹചര്യം കോറിയിട്ടിട്ടുണ്ട്. ജര്‍മന്‍ ചിന്തകനായ മുറാദ് ഹോഫ്മാന്‍ തന്റെ ‘മക്കയിലേക്കുള്ള യാത്ര’യില്‍ 1980ല്‍ മക്കയിലേക്കുള്ള വഴിമധ്യേ അഭിമുഖീകരിച്ച കഷ്ടപ്പാടുകളുടെ ചിത്രങ്ങള്‍ നല്‍കുന്നു. ഓരോ യാത്രയും ദുരിതങ്ങളുടെ വിശാലമായ തീരത്തിലൂടെയുള്ള വേച്ചുനടത്തമാണെന്നു ചുരുക്കം. സര്‍ റിച്ചാര്‍ഡ് ഫ്രാന്‍സിന്റെ മക്കമദീനയിലേക്കുള്ള തീര്‍ത്ഥാടകര്‍ എന്ന കൃതിയില്‍ യാത്രാദുരിതം ഈ വാക്കുകളില്‍ അനാച്ഛിദം:
വ്യര്‍ത്ഥമല്ലാക്കാഴ്ച മടുപ്പിക്കും പശ്ചാത്തലം/ആശ്വാസത്തിനായി വണങ്ങി/ഉയര്‍ന്ന ഉഷ്ണപ്രവാഹങ്ങള്‍/വേദനയുടെ തീക്ഷ്ണ പ്രതിബിംബങ്ങള്‍.
ഇത്തം അനുഭവങ്ങള്‍ പൂര്‍വികര്‍ നടത്തിയ യാത്രകളെ ഉല്‍ക്കൃഷ്ടവും മാതൃകാപരവുമാക്കി മാറ്റിയിരിക്കുന്നു. മൂസാ നബി(അ) യില്‍ ഈ ഇച്ഛാശക്തിയുടെ പാരമ്യത ദര്‍ശിക്കാനാവും. ‘മൂസാ തന്റെ യുവ സഹോദരന്‍ യൂശഇനോട് പറഞ്ഞ സന്ദര്‍ഭം, ആ രണ്ടു പര്‍വത സമാഗമത്തില്‍ എത്തുന്നതുവരെ ഞാന്‍ ഒരിക്കലും യാത്ര ഉപേക്ഷിക്കില്ല, എഴുപതോ എണ്‍പതോ വര്‍ഷം വേണ്ടിവന്നാലും എന്തു ത്യാഗം ഏല്‍ക്കേണ്ടി വന്നാലും’ (അല്‍കഹ്ഫ്/60).
ആസഫ് സഖാഫി വരപ്പാറ