ആ ക്ലാസിഫൈഡ് പരസ്യത്തെ കുറിച്ചോർത്തപ്പോൾ ചിരിച്ചു മണ്ണു കപ്പി. സാധാരണ ഗതിയിൽ ‘വരനെ ആവശ്യമുണ്ട്’/ ‘വധുവിനെ തേടുന്നു’ എന്നിങ്ങനെയൊക്കെയല്ലേ നമ്മൾ കാണാറ്, വായിക്കാറ്. ഇതങ്ങനെയല്ല! കാര്യം ബഹുവിറ്റാണ്. ‘വധുവിനെയോ വരനെയോ രണ്ടുമാകാവുന്നതിനേയോ രണ്ടുമല്ലാത്തതിനെയോ തേടുന്നു. ഇത്ര ഇഞ്ചു നീളമുള്ള, ഇന്ന നിറമുള്ള, ഇമ്മട്ട് യോഗ്യതകളുള്ള, ഇറച്ചിനിർമിതമായ ഒരു പൂതലുണ്ടിവിടെ. ആവശ്യമുള്ളവർ കടന്നുവരീൻ!’

ഇനി അന്വേഷിച്ചു വരുന്നവരുടെ കാര്യമോ എവിടേക്കാ പോവുന്നത്? പെണ്ണുകാണാൻ എന്ന് പറഞ്ഞുകൂടാ, ആണ് കാണാൻ എന്നും പറ്റില്ല. ഈ പോകുന്ന മരക്കണ്ടം ആണാണെന്നോ പെണ്ണാണെന്നോ അതും പറഞ്ഞുകൂടാ. രാവിലെ വീട്ടീന്ന് ഇറങ്ങിയപ്പോൾ ആണായിരുന്നു. ബസ്‌സ്റ്റോപ്പിലെത്തിയപ്പോൾ മനസ്സ് പറയുന്നു; കള്ളീ! നീയൊരു പെണ്ണല്ലേ, സാരി ചുറ്റ്. കണ്ടു ലോഗ്യം പങ്കിടുമ്പോൾ തോന്നുന്നു ഈയുള്ളവൻ ഒരു ആണും പെണ്ണും കെട്ട ദ്രവലിംഗശിരോമണി അല്ലേന്ന്. തിരിച്ച് ഓട്ടോറിക്ഷയിൽ കയറിയപ്പോൾ തോന്നുന്നു ഞാനൊരെന്നാന്തരം പൂവങ്കോഴി ആണല്ലോന്ന്.

മതിലുകൾ പൊളിക്കാം. വേലികൾ തകർക്കാം. സർവേകല്ലുകൾ ഇളക്കിയെറിയാം. പക്ഷേ ഒരുപോലെ ആകണം എന്ന അതിവൈകാരികമായ ഫാന്റസിയെ ഊട്ടാൻ വേണ്ടി മൗലികമായ വ്യത്യസ്തതകളെ ഒരു കാലത്തും ഒരാൾക്കും മാറ്റാനാവില്ല. മാറ്റാനാവാത്തതിനെ പണിപ്പെട്ട് മാറ്റാനിറങ്ങിയാൽ ആപൽകരമായ പ്രത്യാഘാതങ്ങൾ രൂപപ്പെടും, തീർച്ച! പടിഞ്ഞാട്ട് നോക്കിയാൽ മതി കണ്ണുപൊള്ളാൻ.

ആണും പെണ്ണും ചേർന്നാണ് പുതിയ മനുഷ്യൻ ഉണ്ടാകുന്നത്. റോമെറ്റീരിയൽസ് എത്രത്തോളം ശക്തവും ശുദ്ധവും ആകുന്നുവോ അത്രകണ്ട് ഉൽപന്നം ഉത്തമമാകുമെന്നാണ് പ്രൊഡക്ഷനോളജി പ്രവചിക്കുന്നത്. ആണിനെ തച്ചുപരത്തി ചാവാലിപെണ്ണും പെണ്ണിനെ വലിച്ചുനീട്ടി അലവലാതി ആണുമാക്കാൻ നിന്നാൽ പുതുതലമുറ ദ്രവലിംഗികളും ചൊറലിംഗികളും ചൊറിലിംഗികളുമായ സെക്‌സോ സാപിയൻസായി മാറും. ആയതിനാൽ ആണിനെ 916 ആണാക്കാനും പെണ്ണിനെ പത്തരമാറ്റ് പെണ്ണാക്കാനുമാണ് ഉൽപാദന സാക്ഷരതയുള്ളവർ ശ്രദ്ധിക്കേണ്ടത്, വാദിക്കേണ്ടത്.

സിസ്റ്റം തകർന്നുകാണുന്നതിലുളള സാഡിസ്റ്റ് സുഖം ഒരസുഖമാണ്, അംഗീകരിക്കാം. ഓരോരുത്തരിലും അത് വ്യത്യസ്ത വിതാനത്തിൽ ഒളിഞ്ഞിരിക്കും. ശക്തമായ മഴയും മണ്ണിടിച്ചിലുമാണല്ലോ, ഒരാഴ്ച സ്‌കൂൾ അടച്ചിട്ടാലോ എന്ന് പ്രധാനാധ്യാപിക ചോദിക്കുന്നത് കേൾക്കുന്ന കുട്ടികളുടെ മാസസികാവസ്ഥയാണിത്. കൊറോണ കത്തുകയാണ്, ഇനി ആരും കുളിച്ചു മാറ്റേണ്ട, പണിക്ക് പോകേണ്ട എന്ന് ആദ്യമായി കേട്ടപ്പോൾ ഉണ്ടായിരുന്ന ആ ദുർസുഖം ഓർമയില്ലേ.

വേലി പൊട്ടിക്കാൻ, വിലങ്ങു തകർക്കാൻ ആർക്കാണിഷ്ടമില്ലാത്തത്? ടോപ്പ് ഗിയറിൽ കുതറിയൊഴുകാനാണ് കാറോട്ടുന്നവനിഷ്ടം. പക്ഷേ, ചവിട്ടിപ്പിടിച്ച് മുട്ടിയും തട്ടിയും ഇഴയുന്നത് റോഡിൽ അത്രക്ക് കുഴികുണ്ടുകളുണ്ട്/ വളവുതിരിവുകളുണ്ട് എന്ന തിരിച്ചറിവിനാലാണ്. ജിലേബിയും ജ്യൂസും കപ്പയും മന്തിയും അടിച്ചുമാറാൻ ആശയില്ലാഞ്ഞിട്ടല്ല; ശരീരത്തിന്റെ രോഗാത്മകതയെ കുറിച്ച ചൂഴ്‌ബോധമുള്ളതിനാലാണ്.

നമ്മൾ വെറുതെ ചില ക്രൂരമൂല്യങ്ങളെ മാറോട് ചേർത്ത് നരകിച്ചു ജീവിക്കുകയല്ലേ? ഇവിടെ എന്തിനാ മതിലും വേലിയും? ആർക്കും എവിടെയും കയറാം, ഏത് വീട്ടിലും താമസിക്കാം, ഏതു പറമ്പിലും കയറി കായ പറിക്കാം എന്നല്ലേ വേണ്ടത്? അധ്യാപകൻ ക്ലാസിൽ കയറി വാല്യൂസും ഡിസിപ്ലിനും ആണോ പറയേണ്ടത്? ഈ അന്യത്വവും അകൽച്ചയും വെടിയ്, നിങ്ങൾ പരസ്പരം കലർന്നിരിക്ക്, ചേർന്നൊന്നാവ്, പ്രണയിച്ചു പൂക്ക് എന്നു പറഞ്ഞാൽ കലാലയങ്ങളിൽ ആനന്ദപ്പത നുരഞ്ഞുപൊങ്ങില്ലേ?

പക്ഷേ സൂക്ഷ്മമായി നോക്കിയേ! പ്രഥമദൃഷ്ട്യാ ഉള്ള ജന്തുജന്യസ്യൂഡോസുഖം എന്നതിനപ്പുറം നിലനിൽക്കുന്ന അത്തരം സിസ്റ്റങ്ങൾ തകർന്നാൽ വരാൻപോകുന്ന ആപൽസാധ്യതകൾ ആർക്കാണറിഞ്ഞുകൂടാത്തത്? ഇതിന്റെയെല്ലാം പിന്നിലുള്ള മുതലെടുപ്പുകൾ ഏത് പൂച്ചക്കൂട്ടിക്കാണു പിടികിട്ടാത്തത്?

ഒരാൾ ആണാവണമോ പെണ്ണാവണമോ രണ്ടുമല്ലാത്തതാവണമോ എന്ന് നിർണയം ചെയ്യാൻ സ്വന്തം കാര്യത്തിൽ പോലും കഠിന നിരീശ്വരവാദിയാണെങ്കിൽ പോലും ഒരാൾക്കുമാവില്ല, അവസരമില്ല. അതിനാൽ ദൈവസൃഷ്ടികളോട് എങ്ങനെ വർത്തിക്കണമെന്നതിന് കൃത്യമായ ദൈവകൽപ്പനകൾ തന്നെയുണ്ട്. ആൺശരീരത്തിൽ പെണ്ണും പെണ്ണുടലിൽ ആണും തോന്നിപ്പോകുന്ന ഒരു മാനസിക പ്രശ്‌നം ഇവിടെയുണ്ടെന്ന യാഥാർഥ്യം അംഗീകരിക്കുന്നു. അവർക്ക് പിന്തുണ നൽകുകയും വേണം.

ഇവിടെ പക്ഷേ ചുളിവിൽ ഒരു തട്ടിപ്പ് ചുട്ടെടുക്കുകയാണ്. യഥാർഥ കാരണമുള്ള ആളിന്റെ കഴുത്തിൽ തൂങ്ങി ഉഡായിപ്പ് സംഘങ്ങൾ വിലസുകയാണ്. ഒരു വിദ്യാർഥി കാലിടിച്ച് കുഴിയിൽ വീണു. ബാൻഡേജുമായി വൈകിവന്നു. അവനെ ടീച്ചർ ക്ലാസിൽ കയറ്റി. കാരണം റീസൺ റീസണബ്ൾ ആണല്ലോ. അവൻ പറയുന്നു, അടുത്ത ആഴ്ച മുതൽ എനിക്ക് ഒന്നരാടം ഈ കെട്ട് ഡ്രസ് ചെയ്യാൻ പോകേണ്ടതിനാൽ ഇത്തിരി വൈകിയേ വരൂ. മിസ് സമ്മതം മൂളി. കേസ് ജന്യുവിൻ ആണല്ലോ. അടുത്ത ആഴ്ചയുണ്ട് അവന്റെ തോളിൽ തൂങ്ങി മറ്റൊരുത്തൻ വൈകി വരുന്നു. എന്തേ കാര്യം? ഞാൻ ഉറക്കനാണ്, വൈകി വരാൻ അവകാശമുണ്ട്. പിറ്റേ ദിവസമുണ്ട് വേറൊരുത്തൻ 2 മണിക്കൂർ വൈകി വരുന്നു. എന്തുപറ്റി? ഞാൻ അഖില കേരള ക്ലാസുകട്ട് സംഘത്തിന്റെ വൈ.പ്ര.യാണ് വൈകിയേ വരൂ. മൂന്നാം ദിവസമുണ്ട് മറ്റൊരുത്തൻ 3 മണിക്കൂർ വൈകി എത്തുന്നു. എന്താ വൈകിയത്? ഞാൻ മടിയൻ ദ ഗ്രൈറ്റ് ആണ്. ഇനി എന്നും വൈകും. നാലാം ദിവസം വേറൊരു കോന്തൻ നട്ടുച്ച നേരത്ത് കടന്നുവരുന്നു. എവിടെപ്പോയി? ഞാൻ നിമിഷകവിത്വ ഉപദ്രവമുള്ളനാണ്. വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഞാനൊരു പഠിതാവല്ല; പട്ടാളക്കാരനാണ് എന്നു തോന്നി. കടുപ്പത്തിൽ ചായ കുടിച്ചപ്പോൾ എനിക്ക് തോന്നുന്നു ഞാൻ ഈ പള്ളിക്കൂടത്തിലെ വാദ്യാരാണെന്ന്. ഞാൻ ഒരു ഒന്നാന്തരം അനുനിമിഷ തോന്നൽജന്തു ആയിരിക്കുന്നു. ഇനി ഏതു നിമിഷവും എന്റെ ഈ തോന്നലിന് എടുത്തുചാട്ടമുണ്ടാകാം. എന്നെ കയറ്റിയിരുത്ത്!

ഇതിൽ ഒന്നാം കക്ഷിക്ക് മാത്രമേ എക്‌സ്‌ക്യൂസിന് അർഹതയുള്ളൂ. ബാക്കിയുള്ളവർ മാനസിക രോഗികളും ദുർവൃത്തരുമാണ്. സ്‌കൂളുകളിൽ വിചിത്ര സ്വഭാവക്കാർ ഉണ്ടാവുക സാധാരണയാണ്. അവരെ സംസ്‌കരിച്ച് സ്വഭാവസമ്പന്നരാക്കാൻ തന്നെയാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നതും. അതുപോലെ സമൂഹത്തിലും വിവിധതരം മാനസിക വൈകല്യങ്ങളുള്ളവരുണ്ടാകാം. ലൈംഗിക വൈചിത്ര്യങ്ങൾ പ്രകടിപ്പിക്കുന്നവരുണ്ടാകാം. ആ പണിക്ക് അമ്മ വേണമെന്നും ആങ്ങള വേണമെന്നും ശിശു വേണമെന്നും, എന്തിനധികം ശവവും മൃഗവും വേണമെന്നുമൊക്കെ വാദിക്കുന്നവരുണ്ടാകാം. പക്ഷേ, പ്രശ്‌നമെന്താണെന്ന് വെച്ചാൽ, നപുംസകങ്ങളുടെ ചുളുവിൽ പറ്റി പുതിയ എൽജിബിടിഇപ്ലസ് ചിലന്തിക്കുടിൽ തീർക്കുന്ന മാനസികരോഗികളെ വ്യാപകമായി ചികിത്സിക്കുന്ന റിട്ടാർഡേഷൻ സെന്ററുകൾ സ്ഥാപിക്കേണ്ടവർ അവരുടെ മൂച്ചിപ്പിരാന്തിന് കഞ്ചാവു പുകച്ചു കൊടുക്കുന്നത് എവിടത്തെ ഏർപ്പാടപ്പാ?!

ഒരു കാര്യം തുറന്നങ്ങ് പറയാം. എന്തെല്ലാം എങ്ങനെയെല്ലാം പൊത്തിവെച്ചാലും ചിലത് മുഴച്ചു പൊന്തും. മൊത്തം സ്‌കൂൾ കുട്ടികളെ ചെമ്പുനിർമിത ചെമ്പട്ടുകൊണ്ട് ആകെ മൂടി പുതപ്പിച്ച് ചോപ്പിച്ച് സ്‌കൂളിൽ എത്തിച്ചാൽ പോലും പ്രായമാകുമ്പോൾ ആൺകുട്ടികൾക്ക് മീശമുളക്കും, കൂറ്റു പരുക്കും, പെൺകുട്ടികൾക്ക് മാറ് മുഴുക്കും, മാസാമാസം ചോര വരും, ക്ലാസിൽ വെച്ചും അല്ലാതെയും, കൃത്യസമയത്ത്. ഇതൊന്നും ആർക്കും ഒളിപ്പിക്കാനാവില്ല!

ഇവിടെ ആരും ആണിനെതിരല്ല; പെണ്ണിനും. നീതിക്കെതിരല്ല. അവകാശങ്ങൾക്കെതിരല്ല. ജോലിക്കോ പഠിപ്പിനോ ഉദ്യോഗത്തിനോ ഒന്നുമെതിരല്ല. പെണ്ണിനെ വേദനിപ്പിക്കുന്നത്, നാളിന്നോളം വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത് ഭർത്താവ് എന്ന പുരുഷപട്ടവുമായി ചെന്ന് ദുർവാഴ്ച നടത്തുന്ന ചില കോന്തൻമാരാണ്. സ്ത്രീക്ക് സ്‌നേഹവും സംരക്ഷണവും സൗകര്യവും നൽകേണ്ടവൻ തന്നെ അവളെ മർദിക്കുകയും ജീവിതത്തിന്റെ എല്ലാ വസന്തത്തെയും തീയിട്ട് ചുടുകയും ചെയ്യുകയാണ്. അത്തരം ദുഷ്ടമാന്യർ എല്ലാ സമുദായത്തിലുമുണ്ട്. അവരുടെ കെട്ട കരങ്ങളിൽ നിന്ന് മോചനം കിട്ടിയാൽ തന്നെ സ്ത്രീ രക്ഷപ്പെട്ടു. ബാക്കിയുള്ള ബല്യ വർത്താനങ്ങളഖിലവും സെമിനാർ ജീവികൾക്ക് അണ്ടിപ്പരിപ്പ് കൊറിക്കാനുള്ള വക മാത്രമാണ്. ആൺ കാൽസറായിയും പുരുഷബനിയനും ധരിച്ച് തെങ്ങിൽ കയറിയാൽ പെണ്ണേ നീയങ്ങ് ബിലാത്തിയിലെത്തിപ്പോയി എന്ന് പറയുന്ന കപടസമത്വത്തിന്റെ നെഞ്ചു വെട്ടാനാണാളില്ലാത്തത്. തേച്ചുമായ്ച്ചാലൊന്നും മായാത്ത മുഴകളും കുഴികളും തുണി കൊണ്ട്‌നികത്തി ആണിനെയും പെണ്ണിനെയും ഒന്നാക്കിക്കളയാം എന്നൊക്കെ വിചാരിക്കുന്നിടത്തേക്ക് വിഡ്ഢിത്തം ജയിച്ചു കയറിയല്ലോ എന്നോർക്കുമ്പോൾ തൊണ്ടയിൽ കഫം ഇളകിവരുന്നു, ഒന്നു കാർക്കിച്ചു തുപ്പാൻ!

വളരെ വിശ്വാസത്തോടെ, പ്രതീക്ഷയോടെയാണ് ഒരു ജനത ഒരു സർക്കാരിനെ ഭരണസിംഹാസനങ്ങളിൽ ഇരുത്തുന്നത്. രണ്ടിലേറെ ഭരണകാലങ്ങളിൽ ചെയ്തുതീർക്കാൻ കഴിയാത്തത്ര പരാധീനതകളുമായി പൊതുജനം നരകിക്കുകയാണ്. രോഗികളും വൃദ്ധരും ഭവനരഹിതരും തൊഴിൽരഹിതരും എന്ന് തുടങ്ങി പോപ്പുലേഷന്റെ മുന്തിയകൂറും വെന്തു നീറി കഴിയുകയാണ്. നിരന്തരവും വൈവിധ്യമാർന്നതുമായ ജനക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകി പൊതുജനത്തിന്റെ ഹൃദയം കവർന്നെടുക്കേണ്ട സർക്കാർ എവിടെയൊക്കെയോ വെച്ചുകുത്തി വീണുകൊണ്ടിരിക്കുകയാണ്. അണികളും അനുകൂലികളും അഭ്യുദയകാംക്ഷികളും മാത്രമല്ല, കഠിനശത്രുക്കൾ പോലും ‘ഇതാണ് ഭരണം, ഇതാണ് സർക്കാർ’ എന്ന് ഉള്ളം തുറന്ന് സമ്മതിക്കുന്ന മട്ടിൽ ക്രിയാത്മകമായി പ്രവർത്തിക്കേണ്ടതിന് പകരം, ജനങ്ങളെ നിരന്തരമായി വെറുപ്പിക്കുന്ന, വികർഷിപ്പിക്കുന്ന, സമ്മർദത്തിൽ തള്ളുന്ന താണതരം വെറുപ്പിക്കലുകളിൽ മുങ്ങുന്നതു കാണുമ്പോൾ എവിടെയോ എന്തോ കാര്യമായി പിഴച്ചതായുള്ള അവലക്ഷണ സൂചന ഉയരുന്നുണ്ട്. ആലോചിക്കാനും ട്രാക്ക് മാറ്റിപ്പിടിക്കാനും ഇനിയും സമയമുണ്ട്. ഇല്ലേ അടപടലം ഇടിച്ചുതകരും. ഒരിക്കൽ മാത്രമല്ലല്ലോ, എല്ലായ്‌പ്പോഴും എല്ലാം ശരിയാവുകയല്ലേ വേണ്ടത്!

ഫൈസൽ അഹ്‌സനി ഉളിയിൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

കുടുംബ ബന്ധത്തിന്റെ വില; വിലാപവും

സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്.…

● കെഎംഎ റഊഫ് രണ്ടത്താണി

ഖിബ്‌ല മാറ്റം: തിരുനബിയുടെ ഇഷ്ടം പോലെ

ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ…

● അലവിക്കുട്ടി ഫൈസി എടക്കര