ആത്മഹത്യ മഹാപാപമാണല്ലോ. എന്നാൽ ആത്മഹത്യ ചെയ്തയാളുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ വിധിയെന്താണ്. അത്തരമൊരു മയ്യിത്തിന്റെ മേൽ നിസ്‌കരിക്കാതെ തിരുനബി(സ്വ) മാറിനിന്നുവെന്നത് സത്യമാണോ? പ്രാമാണികമായൊരു മറുപടി പ്രതീക്ഷിക്കുന്നു.
റബീഅ് കുന്നത്തുപാലം

അതേ, ആത്മഹത്യ മഹാപാപമാണ്. എന്നാൽ മയ്യിത്ത് കുളിപ്പിക്കുക, ജനാസ നിസ്‌കരിക്കുക തുടങ്ങിയവയിൽ ആത്മഹത്യ ചെയ്ത മുസ്‌ലിം മറ്റു മുസ്‌ലിംകളെ പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ മേൽ മയ്യിത്ത് നിസ്‌കാരം സാമൂഹ്യ ബാധ്യതയാണ്. മഹാപാപം ചെയ്തവനാണെങ്കിലും മുസ്‌ലിമിന്റെ മേൽ മയ്യിത്ത് നിസ്‌കാരം നിർബന്ധമാണെന്ന് ഹദീസിലുണ്ട്. ഭൂരിപക്ഷ ഇമാമുകളും അപ്രകാരം തന്നെയാണ് പറഞ്ഞിട്ടുള്ളതും. ആത്മഹത്യ ചെയ്തവന്റെ മേൽ മയ്യിത്ത് നിസ്‌കരിക്കാതെ നബി(സ്വ) മാറിനിന്നത് സ്വഹീഹ് മുസ്‌ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മറ്റുള്ളവരെ തടയാനും ആത്മഹത്യയുടെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയായിരുന്നുവെന്നും ആ മയ്യിത്തിന്റെ മേൽ സ്വഹാബത്ത് നിസ്‌കരിച്ചിട്ടുണ്ടെന്നും ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫിഈ(റ) അടക്കമുള്ള ഭൂരിപക്ഷ ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട് (തുഹ്ഫ 3/ 192, ശറഹു മുസ്‌ലിം 7/47) കാണുക.

ആത്മഹത്യ ചെയ്ത വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി തഹ്‌ലീൽ, സ്വദഖ പോലുള്ള പുണ്യകർമങ്ങൾ നടത്താമോ. അതവർക്ക് ഉപകരിക്കുമോ?
ആർകെ പാലം

നടത്താവുന്നതാണ്. മുഅ്മിനായി മരിച്ചവരാണെങ്കിൽ അതവർക്ക് ഉപകരിക്കുന്നതുമാണ്. കുളിപ്പിക്കുന്നതിലും മയ്യിത്ത് നിസ്‌കാരം നിർവഹിക്കുന്നതിലും മറ്റുള്ളവയിലും ആത്മഹത്യ ചെയ്ത മുസ്‌ലിം മറ്റു മുസ്‌ലിംകളെ പോലെ തന്നെയാണെന്ന് ഇമാം ഇബ്‌നു ഹജർ(റ) വ്യക്തമാക്കിയിരിക്കുന്നു (തുഹ്ഫ 3/192).

അനുശോചന യോഗം കറാഹത്തോ?

പ്രമുഖ വ്യക്തികളുടെ മേൽ മരണാനന്തരം അനുശോചന യോഗം/ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാറുണ്ടല്ലോ. എന്താണിതിന്റെ മതവിധി. കറാഹത്താണെന്ന് ഒരു ഫതാവയിൽ വായിച്ചു. ശരിയാണോ?
അബ്ദുല്ല പുത്തൂർ

കറാഹത്താണെന്ന് നിരുപാധികം പറഞ്ഞുകൂടാ. അതിൽ വിശദീകരണമുണ്ട്.
മരണപ്പെട്ട വ്യക്തിയുടെ ഗുണങ്ങൾ പദ്യമായോ ഗദ്യമായോ പരാമർശിച്ചുകൊണ്ടുള്ള മർസിയത്ത് കറാഹത്താകുന്നു. അതിന് നിരോധനമുണ്ട്. കറാഹത്താണെന്നത് നിരുപാധികമല്ല. ഹറാമായ നദ്ബ്(വിലാപം) അതിന്റെ കൂടെയുണ്ടെങ്കിൽ ഹറാം തന്നെയാണ്. അതില്ലാതിരിക്കുമ്പോൾ ദു:ഖം പുതുക്കാൻ കാരണമാവുകയോ അല്ലാഹുവിന്റെ വിധിയിൽ മുഷിപ്പ് അറിയിക്കുകയോ അതിനു വേണ്ടിയായി ഉദ്ദേശിക്കപ്പെട്ട സദസ്സുകളിൽ നിർവഹിക്കപ്പെടുകയോ ആണെങ്കിൽ കറാഹത്താകുന്നു. അത്തരം കാര്യങ്ങൡ നിന്നെല്ലാം ഒഴിവാവുകയും പണ്ഡിതനെ പോലെയുള്ളവരിൽ സത്യം മാത്രം പറഞ്ഞുകൊണ്ടുമാണെങ്കിൽ അത് ഹറാമും കറാഹത്തുമില്ല. സൽകർമങ്ങളുടെ വകുപ്പിൽ പെടേണ്ടതാണ് (തുഹ്ഫ 3/ 183 കാണുക).
മരണപ്പെട്ടവനെ കുറിച്ച് അദ്ദേഹം നല്ല പണ്ഡിതനായിരുന്നു, മാന്യനായിരുന്നു എന്നൊക്കെ പറയാറുള്ളത് ഹറാമല്ല. അത് സുന്നത്താണ്. നിങ്ങളിൽ മരിച്ചവരുടെ ഗുണങ്ങൾ പറയുക എന്ന് ഹദീസിലുണ്ട്. ആലിമീങ്ങളെ കുറിച്ച് നിർവഹിക്കപ്പെടാറുള്ള മർസിയതുകൾ ഈ വകുപ്പിൽ പെട്ടതാണ് (ഹാശിയതുൽ ബാജൂരി അലാ ഇബ്‌നി ഖാസിം 1/ 383).
മരണപ്പെട്ട ആലിമീങ്ങൾക്കും സ്വാലിഹീങ്ങൾക്കും പ്രാർഥന നടത്താനുദ്ദേശിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന മജ്‌ലിസുകളിൽ മേൽ പറഞ്ഞിട്ടുള്ള പ്രശ്‌നങ്ങളൊന്നുമില്ലാതെ സത്യസന്ധമായ വിധത്തിൽ അവരുടെ ഗുണങ്ങൾ പറയുന്നത് കറാഹത്തില്ലെന്നും അത് നല്ലതാണെന്നും മേൽ വിശദീകരണങ്ങളിൽ നിന്ന് വ്യക്തമാണ്.

ശാഫിഈയെ തുടർന്ന്
ഹനഫീ സുബ്ഹ് നിസ്‌കരിച്ചാൽ

ഹനഫീ മദ്ഹബുകാരനായ വ്യക്തി ശാഫിഈ മദ്ഹബുകാരനായ ഇമാമിനെ തുടർന്ന് സുബ്ഹ് നിസ്‌കരിക്കുമ്പോൾ ഇമാം ഖുനൂത്ത് ഓതുന്ന സമയത്ത് എന്തു ചെയ്യണം?
മുഹമ്മദ് അലി ചിറ്റൂർ

ശാഫിഈ മദ്ഹബുകാരനായ ഇമാം സുബ്ഹ് നിസ്‌കാരത്തിൽ ഖുനൂത്ത് ഓതുമ്പോൾ അദ്ദേഹത്തെ തുടർന്നു നിസ്‌കരിക്കുന്ന ഹനഫീ മദ്ഹബുകാരൻ ഇരുകൈകളും താഴ്ത്തിയിട്ട് മൗനം പാലിച്ചു നിൽക്കുകയാണ് വേണ്ടതെന്നാണ് ഹനഫീ ഫിഖ്ഹ് ഗ്രന്ഥമായ അദ്ദുർറുൽ മുഖ്താറിൽ പറഞ്ഞിട്ടുള്ളത് (റദ്ദുൽ മുഹ്താർ അലദ്ദുർറിൽ മുഖ്താർ 2/9).

ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ